16/04/2026

നിഴലായ് : ഭാഗം 44

രചന – ശരണ്യ

ആനീ… എബിയുടെ നെഞ്ചിൽ നിന്ന് മുഖം ഉയർത്താതെ അവൾ വെറുതെ മൂളി…. എന്റെ കല്ല്യണം ഉറപ്പിച്ചെന്ന് പറഞ്ഞപ്പോൾ നീ എന്തിനാ കിടന്ന് കരഞ്ഞു ബഹളം വയ്ച്ചത്…? നിന്നോട് ഞാൻ പറഞ്ഞിട്ട് പോയത് നീ മറന്നോ…?? പെട്ടെന്ന് ഇച്ചായൻ അങ്ങനെ പറഞ്ഞപ്പോൾ….എനിക്ക്… എന്റെ ജീവിതത്തിൽ ഞാൻ ഒരു പെണ്ണിനെ മാത്രമേ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളൂ..അവളെ തന്നെ കെട്ടുകയും ചെയ്തു…ഇനി മറ്റൊരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല..എനിക്ക് ദേ ഈ ആനിക്കൊച്ച് മാത്രം മതി… ആനി അവനെ നോക്കി ചിരിച്ചു.. കുറെ നേരമായി.. വാ..അവർ നമ്മളെ നോക്കി ഇരിക്കുവായിരിക്കും… ഇച്ചായന് വിച്ചേട്ടനേ നേരത്തെ അറിയാമായിരുന്നോ….? നേരിട്ട് അറിയില്ലെങ്കിലും ആതിര പറഞ്ഞ് വൈശാഖിനെ എനിക്ക് അറിയാം..അവൾ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്..പിന്നെ ഇന്ന് ഉച്ചയ്ക്ക് എന്നെ വിളിച്ചപ്പോൾ ഞങ്ങൾ പരിചയപ്പെട്ടു….

മ്മ്… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…?? നീ ചോദിക്ക്… മദറിനെ കോടതിയിൽ കൊണ്ട് വന്നത് ഇച്ചായൻ ആണോ…?? പിന്നെ ലക്ഷ്മിയെ വഴിയിൽ വയ്ച്ച് ആരോ ഉപദ്രവിക്കാൻ നോക്കിയതും…രാജീവന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പിന്നിലും ഒക്കെ ഇച്ചായൻ അല്ലേ…??? അന്ന് ഞങ്ങളെ വഴിയിൽ തടഞ്ഞു നിർത്തിയ ആളുകളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചത് ഇച്ചായൻ അയച്ച ആളുകൾ അല്ലേ…അല്ലേ ഇച്ചായാ… ആനിയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി എബി അവളെ നോക്കി ചിരിച്ചു.. എനിക്ക് ആദ്യമേ സംശയം തോന്നിയിരുന്നു…അവർക്ക് ആക്സിഡന്റ് പറ്റിയ കാര്യം കേട്ടപ്പോൾ അത് കുറച്ചു കൂടി ബലപ്പെട്ടു…പക്ഷെ എങ്ങനെ എന്ന് മാത്രം പിടികിട്ടിയില്ല… ഇച്ചായൻ എങ്ങനെ അതൊക്കെ….?? മോളെ ആനീ…ഇനി ഒരുപാട് കാലം മുന്നോട്ട് കിടക്കുവല്ലേ…എല്ലാം ഇപ്പോഴേ പറഞ്ഞു തീർത്താൽ എങ്ങനെയാ…?? സമയം പോലെ ഞാൻ എല്ലാം എന്റെ കൊച്ചിന് പറഞ്ഞു തരാം…

ആഹ് പിന്നെ ഒരു കാര്യം…ഞാൻ നിന്റെ ജോസഫ് സാറിനെ വിളിച്ചു തരാം.. നീ സംസാരിക്ക്.. അപ്പച്ചൻ എന്റെ ഒപ്പം വരാൻ നിന്നതാ.. ഇപ്പോൾ ഹെൽത്ത് ഒരു അല്പം മോശമായത് കൊണ്ട് ഡോക്ടർ സമ്മതിച്ചില്ല… അയ്യോ..സാറിന് എന്ത് പറ്റി…? അതൊക്കെ നീ തന്നെ ചോദിച്ചോ… അപ്പച്ചൻ മാത്രമല്ല അമ്മച്ചിയും മേഴ്സിയമ്മയും ഒക്കെ നിന്നെ കാണാൻ കാത്തിരിക്കുവാ… എബി അപ്പച്ചന്റെ നമ്പറിലേക്ക് വിളിച്ചു… റിംഗ് പോകുന്നുണ്ട്…ദാ.. ഇച്ചായൻ എവിടെ പോകുന്നു… ഞാൻ പുറത്ത് ഉണ്ടാകും… നിങ്ങൾക്കിടയിൽ ഞാൻ എന്തിനാ…നീ ടെൻഷൻ അടിക്കേണ്ട…സംസാരിക്ക്… ഫോൺ ആനിയുടെ കൈയ്യിൽ കൊടുത്തിട്ട് എബി ഡോർ തുറന്ന് പുറത്തേക്ക് പോയി…പോകുമ്പോൾ ഡോർ ക്ലോസ് ചെയ്യാൻ അവൻ മറന്നില്ല…

ഹാളിൽ എല്ലാവരും അവരെ നോക്കി ഇരിക്കുവായിരുന്നു….എബി വന്നപ്പോൾ വൈശാഖ് എബിക്ക് നേരെ ഒരു കപ്പ്‌ ചായ നീട്ടി…അവൻ ചിരിയോടെ അത് മേടിച്ചു… എബീ..ആനി എവിടെ..? അപ്പച്ചനോട് സംസാരിക്കുവാ… ആതിര എബിയെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.. എന്താ ആതീ…?? നിന്റെ ചിരിയിൽ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്… ഹോ..ഒന്നുമില്ലേ… എന്താ വർഷ..? ഇവൾക്ക് എന്ത് പറ്റി..?? ഏയ് ഒന്നുമില്ല..അത് വിട്..എന്തായി നിങ്ങളുടെ കാര്യം..? ഓക്കേ ആയോ… എല്ലാം ഓക്കേ ആയി… ഹോ അത് അറിഞ്ഞാൽ മതി… ആഹാ..ആനി വന്നല്ലോ… വൈശാഖ് പറഞ്ഞത് കേട്ട് എബി പുറകിലേക്ക് നോക്കി…അവൾ എബിയുടെ കൈയ്യിൽ ഫോൺ തിരികെ കൊടുത്തു… അവൻ ആനിയെ പിടിച്ച് തന്റെ അടുത്ത് ഇരുത്തി… എന്ത് പറഞ്ഞു നിന്റെ ജോസഫ് സാർ..? ഇനി മുതൽ സാർ അല്ല..അപ്പച്ചൻ എന്ന് വിളിക്കാൻ പറഞ്ഞു… എബി അവളെ ചേർത്തു പിടിച്ചു…ആ കാഴ്ച്ച എല്ലാവരിലും സന്തോഷമുണ്ടാക്കി…

ഒരുപാട് സമയം ഒന്നിച്ച് ചിലവഴിച്ചിട്ടാണ് അവർ പിരിഞ്ഞത്….എബി വൈശാഖിന്റെ ഒപ്പം ഫ്ലാറ്റിൽ തന്നെയാണ് നിൽക്കുന്നത്… അവരെ മൂന്നുപേരെയും വീട്ടിൽ കൊണ്ടാക്കിയ ശേഷം ഇന്ന് എബിയുടെയും വൈശാഖിന്റെയും ഒപ്പമാണെന്ന് പറഞ്ഞ് ആദർശും അവിടേക്ക് തിരികെ വന്നു… ആനി വളരെ സന്തോഷത്തിൽ ആയിരുന്നു…വീട്ടിൽ എത്തിയതും വർഷയും ആതിരയും അവളെ ചേർത്ത് പിടിച്ചു…കിസ്സിന്റെ കാര്യം പറഞ്ഞ് ആതിര അവളെ കളിയാക്കിയപ്പോൾ കണ്ണിറുക്കി കാണിച്ചിട്ട് ആനി റൂമിലേക്ക് ഓടി…. ആനി മദറിനെ വിളിച്ച് കാര്യങ്ങൾ ഒക്കെ പറഞ്ഞു..മദർ അവളോട് ഒന്നും പറയാത്തതിൽ ആനിയ്ക്ക് നല്ല പരിഭവം ഉണ്ടായിരുന്നു…

അതെല്ലാം എബി പറഞ്ഞിട്ടായിരുന്നുവെന്ന് മദർ പറഞ്ഞപ്പോൾ അവൾ ചിരിക്കുക മാത്രം ചെയ്തു..അവൾ എത്ര മാത്രം സന്തോഷത്തിലാണ് എന്ന് അവളുടെ വാക്കുകളിലൂടെ തന്നെ മദറിന് വ്യക്തമായി….എല്ലാ പ്രശ്നങ്ങളും അവസാനിച്ച് അവർ രണ്ടുപേരും ഒന്നിച്ചതിൽ മദർ കർത്താവിനോട് നന്ദി പറഞ്ഞു… അന്ന് രാത്രി ആനിയ്ക്ക് ഉറക്കം വന്നില്ല.. പക്ഷേ ഇത്തവണ സന്തോഷം കൊണ്ടായിരുന്നവെന്ന് മാത്രം…എബിയുടെ ശബ്ദം കേൾക്കാൻ അവൾക്ക് ആഗ്രഹം തോന്നി…പക്ഷെ അവന്റെ നമ്പർ പോലും കൈയ്യിൽ ഇല്ലല്ലോ എന്ന് ഓർത്തപ്പോൾ അവൾക്ക് സങ്കടമായി.. ശേ…നമ്പർ മേടിക്കേണ്ടത് ആയിരുന്നു… ഇനി ഇപ്പോൾ എങ്ങനെ വിളിക്കും… ആതിരയോട് ചോദിച്ചാലോ…?? ആനി അടുത്ത കിടക്കുന്ന ആതിരയെ നോക്കി…അവൾ നല്ല ഉറക്കമായിരുന്നു… വിളിച്ചു ശല്ല്യപ്പെടുത്താൻ ആനിയ്ക്ക് തോന്നിയില്ല…

എന്ത് ചെയ്യും…? നാളെ എന്തായാലും നമ്പർ മേടിക്കണം…എന്റെ നമ്പർ കൈയ്യിൽ ഉണ്ടാകില്ലേ..ഒന്ന് ഇങ്ങോട്ട് വിളിച്ചാൽ എന്താ…??? അവൾ സ്വയം പരാതി പറഞ്ഞു കൊണ്ട് വെറുതെ കണ്ണ് അടയ്ച്ചു കിടന്നു… വൈശാഖിന്റെ ഫ്ലാറ്റിൽ എബിയും ഉറക്കമില്ലാതെ കിടക്കുവായിരുന്നു… അവൻ ആനിയുടെ വാട്ട്സാപ്പ് പ്രൊഫൈൽ പിക്ച്ചറിൽ തന്നെ നോക്കി കിടന്നു… രാവിലെ തന്നെ വൈശാഖ് രാമചന്ദ്രനെ വിളിച്ച് ആനിയുടെ കാര്യം പറഞ്ഞു… ആനിയുടെ ജീവിതത്തിലെ കാർമേഘങ്ങൾ എല്ലാം നീങ്ങിയത് അറിഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി…രാമചന്ദ്രന് മാത്രമല്ല സിന്ധുവിനും വിജിക്കും ഒക്കെ അത് കേട്ട് സന്തോഷമായി…അവർ ആനിയെ വിളിച്ച് സംസാരിച്ചു…അമ്മുവിനോട് സംസാരിച്ചപ്പോൾ ആനി അവിടുന്ന് ഇറങ്ങും മുൻപേ ചോദിച്ച ചോദ്യം അവൾ ഒന്ന് കൂടി ആനിയോട് ചോദിച്ചു… ഇനി വരുമ്പോൾ ഒറ്റയ്ക്ക് ആയിരിക്കുമോ..?? അതോ എബി ചേട്ടനും കൂടെ ഉണ്ടാകുമോ ?? തീർച്ചയായും ഇച്ചായൻ കൂടെ ഉണ്ടാകും മോളെ…

ഓഫിസിൽ വയ്ച്ച് എബി തിരിച്ചു പോകുന്ന കാര്യം വൈശാഖ് ആനിയോട് പറഞ്ഞു… എന്താ വിച്ചേട്ടാ ഇത്…?? പെട്ടെന്ന് തിരിച്ചു പോകുന്നത് എന്തിനാ…?? എന്റെ ആനീ… അവന് ലീവ് ഇല്ല… ഇതിപ്പോൾ അവൻ അപ്പച്ചന് വേണ്ടിയെന്ന് പറഞ്ഞാ ലീവ് എടുത്തേക്കുന്നത്…?? ലീവ്…?? എന്തൊക്കെയാ വിച്ചേട്ടാ..?? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല… നീ അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ട്… അവൻ ഇപ്പോൾ പഴയ പോലെ അല്ല… ഒരു കമ്പനിയിലെ എംപ്ലോയീ ആണ്…നീ ഇപ്പോൾ കൂടുതൽ ഒന്നും ആലോചിച്ച് വട്ട് പിടിക്കണ്ട…അവൻ തന്നെ എല്ലാം പറഞ്ഞു തന്നോളും..ഇപ്പോൾ എന്റെ അനിയത്തി ഇത്ര മാത്രം അറിഞ്ഞാൽ മതി…ഹാ പിന്നെ പെർമനെന്റ് സ്റ്റാഫ് അല്ല അവൻ…ഇപ്പോൾ ട്രെയിനിങ് പീരീഡ് ആണ്..അത് കഴിഞ്ഞ് മാനേജ്മെന്റ് തീരുമാനിക്കും…നീ വിഷമിക്കണ്ട…അവന് ഓക്കേ ആണെങ്കിൽ അവനെ ഇവിടെ നമ്മുടെ ഒപ്പം കൂട്ടാമെഡി… ഇച്ചായൻ എപ്പോൾ പോകും…? രാത്രി പത്ത് മണിക്ക് ആണ് ഫ്ലൈറ്റ്… പോകും മുൻപേ നിന്നെ കാണാൻ അവൻ വരും… മ്മ്.. വിച്ചേട്ടാ…എനിക്ക് ഇച്ചായന്റെ നമ്പർ ഒന്ന് തരുമോ…?? വൈശാഖ് അത്ഭുതത്തോടെ ആനിയെ നോക്കി…

അപ്പോൾ അവന്റെ നമ്പർ നിന്റെ കൈയ്യിൽ ഇല്ലേ.. ഇല്ല… ഓഹ്..നീ എവിടുത്തെ ഭാര്യയാടി…?? ഒരു കാര്യം ചെയ്യ്…നീ തന്നെ അവന്റെ കൈയ്യിൽ നിന്ന് നമ്പർ മേടിച്ചോ…ഞാൻ പറഞ്ഞു തരില്ല… ഓഫിസിൽ ഇരിക്കുന്ന സമയം മുഴുവൻ എബിയെ കുറിച്ചായിരുന്നു ആനിയുടെ ചിന്ത…വൈകുന്നേരം ഓഫീസിന് മുന്നിൽ അവൻ ഉണ്ടാകുമെന്ന് അവൾ ഒരുപാട് പ്രതീക്ഷിച്ചു…പക്ഷെ എബി വന്നില്ല… അവൾ നിരാശയോടെ വീട്ടിലേക്ക് പോയി… രാത്രി എബിയുടെ വരവ് പ്രതീക്ഷിച്ച് അവൾ കുറെ നേരം പുറത്ത് നിന്നു… ഇനി അവൻ തന്നെ കാണാതെ എങ്ങാനും തിരികെ പോകുമോ എന്ന് അവൾക്ക് പേടി തോന്നി..ഇടയ്ക്ക് ഇടയ്ക്ക് അവൾ പുറത്ത് പോയി നോക്കുന്നതും പ്രതീക്ഷയോടെ എബിയെ കാത്തിരിക്കുന്നതും കണ്ട് ആതിരയ്ക്ക് പാവം തോന്നി…

ആതിര എബിയെ വിളിച്ചിട്ടും അവൻ കോൾ എടുത്തില്ല…കുറെ നേരം നോക്കിയിരുന്ന് അവനെ കാണാതെ വന്നപ്പോൾ ആനി തിരികെ റൂമിലേക്ക് പോയി.. കുറച്ചു കഴിഞ്ഞപ്പോൾ എബിയും വൈശാഖും വന്നു.. ആനി എവിടെ ?? ആഹാ..നല്ല ചോദ്യം…ചേട്ടായി ഇന്ന് പോകുവാണെന്ന് പറഞ്ഞപ്പോഴേ അവൾക്ക് നല്ല സങ്കടമായി…വൈകിട്ട് ഓഫീസിന് മുന്നിൽ കാണുമെന്ന് കരുതി അവൾ കുറെ നോക്കി…ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു..പുറത്ത് പോയി നോക്കുന്നു..ഇവിടെ വന്നിരിക്കുന്നു… വീണ്ടും നോക്കുന്നു..തിരികെ വരുന്നു.. ഇത് തന്നെയായിരുന്നു പരിപാടി…അല്പം മുൻപ് റൂമിലേക്ക് പോയി… എന്നാൽ ഞാൻ പോയി ഒന്ന് നോക്കട്ടെ…. പൊയ്ക്കോ..പൊയ്ക്കോ…ഹാ ഇന്ന് ഇനി എന്തൊക്കെ നടക്കുമോ എന്തോ..?? ആതിരയെ നോക്കി ചിരിച്ചുകൊണ്ട് എബി റൂമിലേക്ക് പോയി…റൂമിലേക്ക് വന്ന എബിയെ കണ്ടതും ആനി പിണങ്ങി തിരിഞ്ഞ് നിന്നു… അയ്യോ… ഇച്ചായന്റെ ആനി മോൾ പിണങ്ങിയോ…?? അവൻ പുറകിലൂടെ ചെന്ന് അവളെ വട്ടം പിടിച്ചു…

ആനി ഒന്ന് ഞെട്ടി….അവൾ അവന്റെ കൈ മാറ്റാൻ ശ്രമിച്ചു…. വേണ്ട…പോകുന്നു എന്ന് പറയാൻ വന്നത് അല്ലേ… എന്നോട് വിച്ചേട്ടൻ പറഞ്ഞായിരുന്നു…പൊയ്ക്കൊ… എബി ചിരിക്കുന്നത് കേട്ട് ആനിയ്ക്ക് ദേഷ്യം വന്നു… അല്ല ഇപ്പോൾ ഞാൻ ഒന്ന് നാട്ടിലേക്ക് തിരികെ പോകുന്നതിൽ ഇത്ര സങ്കടം കാണിക്കുന്ന നീയാണോ എന്നെ വിട്ട് ഇവിടേക്ക് വന്നത്…?? അതോ ഇനി ഇത് എല്ലാം അഭിനയമാണോ…?? ഇച്ചായന് എന്താ തോന്നുന്നത്…??അഭിനയമാണെന്ന് ആണോ… ശരിയാ മനസ്സിലുള്ള ഇഷ്ടം തുറന്ന് പറയാതെ ഞാൻ മൂടി വയ്ച്ചു…എന്നിട്ട് തുറന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ ഇച്ചായനെ പറ്റിച്ച് ഞാൻ ഇവിടേയ്ക്ക് വന്നു…പക്ഷെ അതൊക്കെ ചെയ്യാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് ഇച്ചായന് അറിയുന്നത് അല്ലേ…ഇവിടേക്ക് വന്നപ്പോൾ ഞാൻ അനുഭവിച്ച സങ്കടം എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ… ഇവിടെ എല്ലാവരുടെയും ഒപ്പം കളിച്ചു ചിരിച്ചു നിന്നെങ്കിലും ഇച്ചായനെ പറ്റി ഓർത്ത് കരയാത്ത ഒരു രാത്രി പോലും ഇല്ല..അന്ന് ഇച്ചായൻ എന്റെ കഴുത്തിൽ നിന്ന് മിന്ന് അഴിച്ചു കൊണ്ട് പോയ ആ ദിവസം..എങ്ങനെ ആ വിഷമം ഞാൻ സഹിച്ചുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല… അവൾ കരയുവാണെന്ന് എബിക്ക് മനസ്സിലായി…

അവൻ ആനിയുടെ തോളിൽ താടിയൂന്നിക്കൊണ്ട് കഴുത്തിൽ മെല്ലെ ഊതി…അവൾ ഒന്ന് വിറച്ചു.. ആനീ… സങ്കടായോ…?? എനിക്ക് അറിയാലോ എന്റെ പെണ്ണിനെ… ഞാൻ ചുമ്മാ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ… അവൾ ഒന്നും മിണ്ടിയില്ല… എബിയുടെ നിശ്വാസം കഴുത്തിൽ പതിച്ചപ്പോൾ ആനിയുടെ കണ്ണുകൾ താനെ അടഞ്ഞു..അവളുടെ കഴുത്തിൽ അവൻ പതിയെ ചുണ്ട് ചേർത്തു…ആനി ഒന്ന് പിടഞ്ഞു…അവൾ എബിയുടെ കൈയ്യിൽ മുറുകെ പിടിച്ചു.. ആനീ.. മ്മ്… അവൾ കണ്ണ് തുറക്കാതെ മൂളി… എബി കുസൃതിയോടെ അവളുടെ കഴുത്തിൽ മുഖം അമർത്തി… പതിയെ പതിയെ അവളെ ചുറ്റി പിടിച്ചിരുന്ന കൈകൾ അയഞ്ഞു വന്നു…കാര്യം അറിയാനായി അവൾ പതിയെ കണ്ണ് തുറന്നതും എബി അവളെ പിടിച്ച്‌ അവന് അഭിമുഖമായി നിർത്തി…ആനി പെട്ടെന്ന് കണ്ണ് അടയ്ച്ചു..നാണം കൊണ്ട് ചുവന്ന അവളുടെ കവിളുകൾ കണ്ടപ്പോൾ എബിയുടെ കണ്ണുകളിൽ വീണ്ടും കുസൃതി നിറഞ്ഞു…

എബി അവളുടെ താടിയിൽ പിടിച്ച് പതിയെ ഉയർത്തി…അവളുടെ മുഖത്തേക്ക് മെല്ലേ ഊതി..ആനിയുടെ ശരീരം ഒന്ന് പിടഞ്ഞു… നെറ്റിയിലേക്ക് വീണ് കിടന്ന ചെമ്പൻ മുടിയിഴകളെ അവൻ ചെവിയുടെ പിന്നിലേക്ക് ഒതുക്കി വയ്ച്ചു…ആനി ഒന്ന് മന്ദഹസിച്ചു…അവൾ അവനോട് കൂടുതൽ ചേർന്ന് നിന്നു…എബിയുടെ കണ്ണുകൾ അവളുടെ വിറയ്ക്കുന്ന ചുവന്ന അധരങ്ങളിൽ പതിഞ്ഞു..എബിയുടെ ചുണ്ടുകൾ അതിന്റെ ഇണയെ തേടി പോയി…അവളുടെ കൈ വിരലുകൾ എബിയുടെ മുടിയിൽ കോർത്ത് വലിച്ചു..അവൾ കണ്ണുകൾ ഒന്ന് കൂടി ഇറുക്കി അടയ്ച്ചു… ചുംബനത്തിന്റെ ലഹരിയിൽ അവർ സ്വയം മറന്നു…ഇടയ്ക്ക് എപ്പോഴോ രക്തത്തിന്റെ രുചി അറിഞ്ഞപ്പോൾ എബി അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു..ശ്വാസം എടുക്കാൻ ആനി നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…എബി അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് പൊട്ടിയ ചുണ്ടിൽ പതിയെ തഴുകി… അവൾ പെട്ടെന്ന് വേദന കൊണ്ട് എരിവ് വലിച്ചു…

എബി അവളുടെ ചുണ്ടിൽ വീണ്ടും ചുണ്ട് ചേർത്തു… സാരമില്ല…ഇത് ഇരിക്കട്ടെ ഓർമ്മയ്ക്കായി… ആനി എബിയെ നോക്കാതെ മുഖം താഴ്ത്തി നിന്നു… എബി പോക്കറ്റിൽ നിന്ന് മിന്ന് മാല കൈയ്യിൽ എടുത്തു…അവൻ അത് വീണ്ടും ആനിയുടെ കഴുത്തിൽ ചാർത്തി…. രണ്ടുപേരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു… അവളുടെ നെറുകയിൽ മുത്തിയ ശേഷം എബി പറഞ്ഞു… ഞാൻ പോകട്ടെ… നിന്നെ കൊണ്ട് പോകാൻ വരാം….. പിന്നെ നിന്റെ ഫോണിലേക്ക് ഇപ്പോൾ ഒരു മിസ്സ് കോൾ വരും…അത് എന്റെ നമ്പർ ആണ്..സേവ് ചെയ്തേക്ക്.. ഞാൻ വിളിക്കാം.. അവളുടെ കവിളിൽ മെല്ലെ തട്ടിയ ശേഷം അവൻ ഡോർ തുറന്ന് പുറത്തേക്ക് പോയി…അവന്റെ പുറകെ ആനിയും ഹാളിലേക്ക് ചെന്നു..എബി എല്ലാവരോടും ബൈ പറഞ്ഞ് വൈശാഖിന്റെ ഒപ്പം കാറിൽ കയറി..അവൻ ആനിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു…അവൻ പോകുന്നതും നോക്കി അവൾ ആ മുറ്റത്ത് നിന്നു…

കുറച്ചു മുൻപേ നടന്നത് ഓർത്ത് ആനിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…അവൾ തന്റെ മിന്നിലേക്ക് തന്നെ അല്പ നേരം നോക്കി നിന്നു… ചിരിയോടെ അകത്തേക്ക് കയറാൻ പോയ ആനി അവളെ തന്നെ നോക്കി നിൽക്കുന്ന ആതിരയെയും വർഷയെയും കണ്ട് പെട്ടെന്ന് തലകുനിച്ചു…..അവരെ ഫേസ് ചെയ്യാൻ അവൾക്ക് എന്തോ നാണം തോന്നി…അവരെ കടന്ന് പോകാൻ പോയ ആനിയെ വർഷയും ആതിരയും പൊതിഞ്ഞു…അവർ രണ്ടാളും ചേർന്ന് അവളെ ഒരുപാട് കളിയാക്കി.. വെളുപ്പിനാണ് എബി വീട്ടിൽ എത്തിയത്… ഇപ്പോൾ വിളിച്ചാലോ…?? അല്ലെങ്കിൽ വേണ്ട.. വെറുതെ എന്തിനാ അവളുടെ ഉറക്കം കളയുന്നത്… മെസ്സേജ്‌ അയക്കാം… വീട്ടിൽ എത്തിയ വിവരം അവൻ ആനിയ്ക്ക് മെസ്സേജ് അയച്ചു… യാത്ര ക്ഷീണത്താൽ എബി നന്നായി ഉറങ്ങി…രാവിലെ ആനിയുടെ ഫോൺ കോൾ ആണ് അവനെ ഉണർത്തിയത്…

ഗുഡ് മോർണിംഗ്… എബി ഉറക്കച്ചടവോടെ പറഞ്ഞു… മോർണിംഗ് ഇച്ചായാ… മെസ്സേജ്‌ ഞാൻ കണ്ടിരുന്നു..വിളിച്ചത് ബുദ്ധിമുട്ടായോ…? ഏയ്..അത് സാരമില്ല…എന്തായാലും ഇന്ന് ഓഫീസിൽ പോകാൻ ഉള്ളത് അല്ലേ… അലാറം വയ്ച്ചിട്ടാ കിടന്നത്…ഒരു പത്ത് മിനിറ്റ് കൂടി കഴിഞ്ഞാൽ അലാറം അടിച്ചേനെ… ഇന്ന് ഓഫിസിൽ പോകുന്നുണ്ടോ…?? ഒരു പുതിയ വർക്ക് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്… സോ പോയെ പറ്റൂ…ഞാൻ എഴുന്നേൽക്കട്ടെ… അപ്പോൾ ശരി….ഫ്രീ ആകുമ്പോൾ വിളിക്കാം… നീ കട്ട് ചെയ്യണ്ട…നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞ രണ്ടു മൂന്ന് പേരുണ്ട്…ഞാൻ ഫോൺ കൊടുക്കാം… എബി ഫോണുമായി താഴേക്ക് ചെന്നു… മേഴ്‌സിയും ലില്ലിയും കിച്ചനിൽ തിരക്കിട്ട പണികളിൽ ആയിരുന്നു…അവൻ ഫോൺ ലില്ലിയുടെ കൈയ്യിൽ കൊടുത്തു… ആരാ മോനെ…?? അമ്മച്ചി സംസാരിക്ക്…രണ്ടുപേർക്കും ഞാൻ റെഡിയായി വരുന്ന വരെ സമയമുണ്ട്..സംസാരിച്ചോ… അവൻ തിരികെ റൂമിലേക്ക് പോയി…

മറുവശത്ത് ആനിയാണെന്ന് അറിഞ്ഞപ്പോൾ മേഴ്സിയ്ക്കും ലില്ലിയ്ക്കും സന്തോഷമായി…നേരിൽ കാണുമ്പൊൾ അവളോട് പറയാൻ മനസ്സിൽ കരുതി വയ്ച്ചിരുന്നത് എല്ലാം ലില്ലി ഫോണിലൂടെ പറഞ്ഞു..സംസാരിച്ച് സംസാരിച്ച് അവസാനം രണ്ടുപേരും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു… മേഴ്സിയുടെ കൈയ്യിൽ ഫോൺ കിട്ടിയതും അവർ ഫോണുമായി റൂമിലേക്ക് പോയി… മോളെ…ആരാന്ന് മനസ്സിലായോ നിനക്ക്…?? മ്മ്… മനസ്സിലായി… ആരാണെന്ന് പറഞ്ഞു പരിച്ചയപ്പെടുത്തണമെന്ന് എനിക്ക് അറിയില്ല…എബിയുടെ ആന്റിയെന്ന് പറയണോ…അതോ നിന്റെ അപ്പന്റെ…. ആനി ഒന്നും മിണ്ടിയില്ല… മോൾക്ക് എന്നോട് ദേഷ്യമാണോ…?? അയ്യോ..ദേഷ്യം ഒന്നുമില്ല….അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ മേഴ്സിയമ്മയോട് ദേഷ്യം കാണിക്കുന്നത്…നമ്മുടെ ഒക്കെ ജീവിതം എങ്ങനെയാണെന്ന് തീരുമാനിക്കുന്നത് നമ്മൾ ആരും അല്ലല്ലോ…എന്റെ ജീവിതം ഇങ്ങനെയായിരിക്കണം എന്നാകും കർത്താവ് തീരുമാനിച്ചിട്ടുള്ളത്…

എനിക്ക് അതിൽ ആരോടും ഒരു പരാതിയും ഇല്ല… എല്ലാ കാര്യങ്ങളും എനിക്ക് അറിയാം മോളെ…പലപ്പോഴും ഞാൻ നിന്നെ ഒരുപാട് കുറ്റപ്പെടുത്തിയിട്ടുണ്ട്‌..പക്ഷെ എല്ലാം അറിഞ്ഞപ്പോൾ…..ഇവിടുത്തെ കാര്യങ്ങൾ എബി നിന്നോട് പറഞ്ഞിട്ട് ഉണ്ടാകുമല്ലോ… ഇപ്പോൾ അദ്ദേഹം ഇവിടെ ഇല്ല…എന്റെ ഭർത്താവ് നിന്നോടും നിന്റെ അമ്മയോടും ചെയ്ത തെറ്റുകൾ പൊറുക്കാൻ കഴിയാത്തത് ആണെന്ന് എനിക്ക് അറിയാം..അദ്ദേഹത്തിന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുവാ മോളെ.. എന്തിനാ മേഴ്‌സിയമ്മേ…?? എന്റെ ഒരു മനസമാധാനന്തിന് വേണ്ടിയാ മോളെ….സ്വന്തം എന്ന് പറയാൻ ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം…അത് പറഞ്ഞാൽ മനസ്സിലാകില്ല…നീ അദ്ദേഹത്തിന്റെ മകളാണെന്ന് എന്നോട് പറഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ എന്റെ മോളായി സ്വീകരിച്ചേനെ… വളർത്തിയേനെ.. ഒരുപാട് വൈകിയെന്ന് അറിയാം..എങ്കിലും ചോദിക്കുവാ…നിനക്ക് എന്നെ അമ്മയായി കാണാൻ കഴിയുമോ മോളെ…?? മേഴ്സി കരഞ്ഞു പോയിരുന്നു…

അവരുടെ കരച്ചിൽ കേട്ട് മറുവശത്ത് ആനിയുടെ കണ്ണുകളും നിറഞ്ഞൊഴുകി… പറ്റില്ലല്ലേ…സാരമില്ല മോളെ…എനിക്ക് നീ എന്റെ മോളാണ്..അങ്ങനെ ഞാൻ കണ്ടു കഴിഞ്ഞു..അദ്ദേഹത്തിന് ചെയ്ത് പോയ തെറ്റുകളെ ഓർത്ത് നല്ല വിഷമമുണ്ട്… ഒരുപാട് തവണ എന്നോട് ക്ഷമ ചോദിച്ചു.. പക്ഷെ ക്ഷമ ചോദിക്കേണ്ടത് എന്നോട് അല്ലല്ലോ..ക്ഷമിക്കേണ്ടത് ദേവിയല്ലേ… ദേവി ഇപ്പോൾ ജീവനോടെ ഇല്ലാത്ത സ്ഥിതിക്ക് അദ്ദേഹം ക്ഷമ ചോദിക്കേണ്ടത് മകളായ നിന്നോട് അല്ലേ…നീ ക്ഷമിച്ചാൽ മാത്രം ഇനി ഇങ്ങോട്ട് വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു… എനിക്ക് അറിയാം നിനക്ക് അദ്ദേഹത്തോട് വെറുപ്പ് ആണെന്ന്..നിന്റെ അമ്മയോട് ചെയ്ത തെറ്റ് തിരുത്താൻ ഒരുപാട് അവസരം ഉണ്ടായിട്ടും അതൊന്നും ചെയ്യാതെ നിന്നെ ഒരു അനാഥയാക്കിയിട്ട് ഇനി നിന്നോട് ക്ഷമ ചോദിക്കുന്നിൽ യാതൊരു അർത്ഥവും ഇല്ലെന്ന് എനിക്ക് നന്നായി അറിയാം…എങ്കിലും നിന്നെ കാണാൻ അദ്ദേഹം വരും..നിന്റെ ഭാഗത്തു നിന്ന് എങ്ങനെയുള്ള പ്രതികരണമായിരിക്കും ഉണ്ടാകുന്നതെന്ന് എനിക്ക് അറിയില്ല..

നിന്റെ മനസ്സിൽ എന്താണോ അത് പോലെ ചെയ്യ് മോളെ…നിന്റെ പ്രതികരണം എങ്ങനെയാലും എനിക്ക് നിന്നോട് ദേഷ്യമൊന്നും തോന്നുന്നില്ല… നിനക്ക് അദ്ദേഹത്തെ അപ്പനായി കാണാൻ കഴിയില്ലായിരിക്കും..എന്ന് കരുതി എന്നോട് ദേഷ്യം തോന്നല്ലേ മോളെ…അമ്മേ എന്നുള്ള നിന്റെ വിളിക്കായി ഞാൻ കാത്തിരിക്കുന്നുണ്ടാകും…എന്നെങ്കിലും നിനക്ക് അങ്ങനെ വിളിക്കാൻ തോന്നിയാലോ… മ്മ്.. ശരി മേഴ്സിയമ്മേ…ഞാൻ പിന്നെ വിളിക്കാം… ആനി വേഗം ഫോൺ കട്ട് ചെയ്തു…മേഴ്‌സി കണ്ണ് തുടയ്ച്ചുകൊണ്ട് കിച്ചനിലേക്ക് പോയി… രാത്രി എബി വിളിച്ചപ്പോൾ മേഴ്സി പറഞ്ഞ കാര്യങ്ങൾ എല്ലാം അവൾ എബിയോട് പറഞ്ഞു… അന്റോച്ചനോട് ക്ഷമിക്കാൻ ഞാൻ നിന്നോട് പറയില്ല…മേഴ്സിയമ്മ എനിക്ക് വേണ്ടപ്പെട്ടത് തന്നെയാണ്…അത് പോലെ തന്നെയാണ് നീയും..നിന്റെ മനഃസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് നീ ചെയ്യ്..അത് എന്തായാലും ഞാൻ നിന്റെ കൂടെ ഉണ്ടാകും….

ശരി ഇച്ചായാ.. ആനിയും എബിയും ഫോണിലൂടെ പ്രണയിച്ചുകൊണ്ടേ ഇരുന്നു…അധികം ഫോൺ വിളികളോ മെസ്സേജുകളോ മണിക്കൂറുകൾ നീണ്ട സംസാരമോ ഒന്നും അവർക്ക് ഇടയിൽ ഉണ്ടായിരുന്നില്ല.. പരസ്പരം ശബ്ദം കേൾക്കുന്നത് പോലും അവർക്ക് വളരെ പ്രിയങ്കമായിരുന്നു… ജോസഫിനോടും ലില്ലിയോടും മേഴ്സിയോടുമെല്ലാം ആനി സംസാരിക്കുമായിരുന്നു…പിന്നീട് ഒരിക്കലും അന്റണിയെ പറ്റി മേഴ്‌സിയോ ആനിയോ സംസാരിച്ചില്ല…എങ്കിലും മേഴ്സിയുടെ ഉള്ളം ആന്റണിയെ ഓർത്ത് വേദനിച്ചിരുന്നു..പാറക്കുന്നേൽ തറവാട്ടിലെ മറ്റാരോട് ഉള്ളതിനേക്കാളും അവൾക്ക് അടുപ്പം തോന്നിയത് മറിയാമ്മയോട് ആയിരുന്നു..

ഇടയ്ക്ക് ഇടയ്ക്ക് അവർ എബിയോട് ആനിയെ വിളിച്ച് തരാൻ ആവശ്യപ്പെടും…ആനിയ്ക്ക് അവളുടെ അമ്മമ്മയെ പോലെ തന്നെയായിരുന്നു മറിയാമ്മയും… എല്ലാ ദിവസവും മുടങ്ങാതെ അവൾ ചെറുവയ്ക്കലിലേക്ക് വിളിക്കും…ആനി വിളിച്ചില്ലെങ്കിൽ അമ്മുവോ രാമചന്ദ്രനോ അവളെ അങ്ങോട്ട് വിളിക്കും… അമ്മുവാണ് വിളിക്കുന്നതെങ്കിൽ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല… കർത്താവ് അവളെ ഒരുപാട് വേദനിപ്പിച്ചതിന് പകരമാകാം ഇപ്പോൾ എല്ലാവരുടെയും സ്നേഹം ഒരുമിച്ച് തനിക്ക് ലഭിക്കുന്നതെന്ന് ആനിയ്ക്ക് തോന്നി… തുടരും…