16/04/2026

നിഴലായ് : ഭാഗം 38

രചന – ശരണ്യ

ദിവസങ്ങൾ പലത് കടന്നു പോയി… എബിക്ക് അന്ന് ഓഫ് ഡേ ആയിരുന്നു.. പക്ഷെ ഉച്ചയായപ്പോൾ എന്തോ അർജെന്റ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് ഓഫിസിൽ നിന്ന് ഫോൺ വന്നു…എബി പോയി കുറച്ചു സമയം കഴിഞ്ഞതും ജോസഫ് വീട്ടിൽ എത്തി…അയാളുടെ മുഖം വല്ലാതിരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് ലില്ലിക്ക് മനസ്സിലായി.. എബി എവിടെ ?? റൂമിൽ ഉണ്ടോ ?? ഇല്ല.. അവൻ ഓഫീസിൽ പോയി… പെട്ടെന്ന് എന്തോ മീറ്റിംഗ് ഉണ്ടെന്ന് ഫോൺ വന്നു..അങ്ങനെ പോയതാ… മ്മ്.. മറുപടിയായി ഒന്ന് മൂളിയ ശേഷം അയാൾ റൂമിലേക്ക് നടന്നു….. വീട്ടിൽ നിന്ന് തുടരെ തുടരെ ലില്ലിയുടെയും മേഴ്‌സിയുടെയും കോളുകൾ എബിയുടെ ഫോണിലേക്ക് വന്നുകൊണ്ടേയിരുന്നു… അവർ രണ്ട് പേരും അവനെ മാറി മാറി വിളിച്ചുനോക്കിയെങ്കിലും അവൻ കോൾ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല..

പുതിയ പ്രോജെക്ടിനെ കുറിച്ചുള്ള മീറ്റിംഗിൽ ആയിരുന്നു എബി…അതിനാൽ തന്നെ മീറ്റിംഗ് തുടങ്ങും മുൻപ് അവൻ ഫോൺ സൈലന്റ് മോഡിൽ ആക്കിയിരുന്നു…മീറ്റിംഗ് കഴിയാൻ ഒത്തിരി സമയമെടുത്തു….ഫോൺ എടുത്തപാടെ വീട്ടിൽ നിന്നുള്ള ഒരുപാട് മിസ്സ്കോളുകൾ കണ്ട് അവന് ആകെ ടെൻഷനായി.. ലില്ലിയെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ അവൻ മേഴ്സിയുടെ നമ്പറിൽ വിളിച്ചു.. മറുവശത്ത് നിന്ന് അറിഞ്ഞ കാര്യങ്ങൾ കേട്ട് എബി വേഗം ബാഗും എടുത്ത് പുറത്തേക്ക് ഓടി…ബസ്സിന് കാത്ത് നിൽക്കാതെ ആദ്യം വന്ന ഓട്ടോയ്ക്ക് തന്നെ അവൻ കൈ കാണിച്ചു.. എങ്ങോട്ടേക്കാ സാർ..? കാരിത്താസ് ഹോസ്പിറ്റൽ… ഹോസ്പിറ്റലിൽ എത്തിയതും ഓട്ടോക്കാരന് കാശ് കൊടുത്ത ശേഷം അവൻ നേരെ കാർഡിയാക്ക് ഐ.സി.യു വിന് അടുത്തേക്ക് ഓടി…

ഐ.സി.യു വിന് മുന്നിൽ കരഞ്ഞു തളർന്നിരിക്കുന്ന ലില്ലിയെ കണ്ട് എബിയുടെ നെഞ്ച് വിങ്ങി… തൊട്ട് അടുത്തായി തന്നെ മേഴ്‌സിയും ഇരിപ്പുണ്ടായിരുന്നു….എബിയെ കണ്ടതും മോനെ എന്ന് വിളിച്ച് ലില്ലി കരയാൻ തുടങ്ങി…അവൻ അടുത്ത് പോയി അമ്മച്ചിയെ സമാധാനിപ്പിച്ചു… എബീ… അമൽ..നീ എങ്ങനെ ഇവിടെ….? നീ വാ..ഞാൻ പറയാം… അവർ കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു… എടാ.. നിന്നെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ നിന്റെ അമ്മച്ചി എന്നെ വിളിച്ചായിരുന്നു..ഇന്ന് മോൾക്ക് ഇൻജെക്ഷൻ എടുക്കേണ്ട ദിവസമായിരുന്നു..ഹോസ്പിറ്റലിൽ നിന്ന് വന്ന് ജസ്റ്റ് ഒന്ന് കിടന്നതും ഉറങ്ങി പോയി… നിന്റെ അമ്മച്ചിയുടെ ഫോൺ വന്നപ്പോഴാ ഞാൻ ഉണർന്നത്..ഉടനെ ഞാനും ഇവിടേക്ക് വന്നു…

എന്നാലും..അപ്പച്ചന് പെട്ടെന്ന് ഇങ്ങനെ… അങ്കിൾ വീട്ടിൽ വന്ന ഉടനെ നിന്നെ തിരക്കിയിരുന്നു…അപ്പോഴേ ആളുടെ മുഖം ഒക്കെ വല്ലാതിരിക്കുവായിരുന്നു എന്നാ ആന്റി പറഞ്ഞത്…നീ ഓഫീസിൽ പോയെന്ന് ആന്റി പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി…കഴിക്കാൻ വിളിച്ചിട്ട് ചെന്നില്ല..ഇടയ്ക്ക് എപ്പോഴോ ആന്റിയെ വിളിക്കുന്ന പോലെ തോന്നി റൂമിലേക്ക് ചെന്നപ്പോഴാണ് അങ്കിൾ നെഞ്ചിൽ കൈ വയ്ച്ച് ബെഡിൽ കിടന്ന് പുളയുന്നത് കണ്ടത്…ഉടൻ തന്നെ നിങ്ങളുടെ കാര്യസ്ഥനെ വിളിച്ചു കാർ എടുക്കാൻ പറഞ്ഞു…നേരെ ഇങ്ങോട്ട് കൊണ്ടു വന്നു..നിന്നെ കുറെ തവണ വിളിച്ചതാ..പക്ഷെ നീ ഫോൺ എടുത്തില്ല.. എടാ.. ഞാൻ മീറ്റിംഗിൽ ആയിരുന്നു..

അത് കൊണ്ട് ഫോൺ സൈലന്റ് ആക്കി വയ്ച്ചു….ഡോക്ടർ എന്താടാ പറഞ്ഞത്…?? മൈനർ അറ്റാക്ക് ആണ്…പേടിക്കാൻ ഒന്നുമില്ല…എങ്കിലും നാല്പത്തിയെട്ട് മണിക്കൂർ ഒബ്സർവഷൻ വേണമെന്നാ ഡോക്ടർ പറഞ്ഞത്…അത് വരെ ഐ.സി.യു വിൽ തന്നെയായിരിക്കും… ഇവിടെ എത്തുന്ന വരെയും അങ്കിൾ നിന്നെ തിരക്കുന്നുണ്ടായിരുന്നു… ഹമ്… എബി സങ്കടത്തോടെ ലില്ലിയുടെ അടുത്ത് ചെന്നിരുന്നു..രാത്രി ആയപ്പോൾ അവൻ അമലിനെ വീട്ടിലേക്ക് പറഞ്ഞു വിട്ടു… ലില്ലിയും മേഴ്‌സിയും ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല..അവസാനം എബി ഒരുപാട് നിർബന്ധിച്ചപ്പോൾ അവർ എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി… വീട്ടിൽ വല്ല്യമ്മച്ചി ഒറ്റയ്ക്ക് ആണെന്ന് പറഞ്ഞ് അവരെ വീട്ടിലേക്ക് അയക്കാൻ അവൻ ഒരുപാട് ശ്രമിച്ചുവെങ്കിലും അവർ രണ്ടുപേരും പോകാൻ കൂട്ടാക്കിയില്ല..

ഒടുവിൽ എബി പറഞ്ഞത് അനുസരിച്ച് കാര്യസ്ഥനും അയാളുടെ ഭാര്യയും മറിയാമ്മയ്ക്ക് കൂട്ടായി തറവാട്ടിൽ നിന്നു.. ജോസഫ് ബാത്റൂമിൽ കാൽ വഴുതി വീണുവെന്നായിരുന്നു മേഴ്സി മറിയാമ്മയോട് പറഞ്ഞിരുന്നത്… അമ്മച്ചീ… ഞാൻ മുകളിൽ റൂം എടുത്തിട്ടുണ്ട്….ഇവിടെ ഞാൻ ഇരുന്നോളാം..നിങ്ങൾ രണ്ടാളും റൂമിലേക്ക് പൊയ്ക്കോ.. ഇങ്ങനെ ഉറക്കം കളഞ്ഞ് ഇവിടെ ഇരിക്കണ്ട… വേണ്ട…ഞാൻ ഇവിടെ ഇരുന്നോളാം.. അമ്മച്ചീ…പറയുന്നത് കേൾക്ക്. വേണ്ട മോനെ… രാത്രി മുഴുവൻ അവർ മൂന്ന് പേരും ഐ.സി.യു വിന് മുന്നിൽ തന്നെയിരുന്നു.. ഇടയ്ക്ക് ആരോ ഡോർ തുറന്ന ശബ്ദം കേട്ട് ലില്ലി ഞെട്ടി ഉണർന്നു.. എന്താ അമ്മച്ചീ ? എന്ത് പറ്റി..? ഏയ്..ഒന്നുമില്ല.. മോനെ എബീ…അപ്പച്ചനോട് ഇനിയും നീ പിണങ്ങി നടക്കല്ലേ മോനെ…മതി വഴക്കും പിണക്കവുമൊക്കെ..

ഇച്ചായൻ ഹോസ്പിറ്റലിൽ നിന്ന് ഒന്ന് വീട്ടിലേക്ക് വന്നോട്ടെ…അമ്മച്ചി എങ്ങനെയെങ്കിലും നിന്റെയും ആനിയുടെയും കാര്യം അപ്പച്ചനോട് പറഞ്ഞു സമ്മതിപ്പിക്കാം.. അപ്പച്ചനെ കൊണ്ട് തന്നെ ആനിയെ തിരികെ വിളിപ്പിക്കാം…. എബി ഒന്നും പറഞ്ഞില്ല…അവന്റെ കണ്ണ് നിറഞ്ഞിരുന്നു…അമ്മച്ചിയെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ അവരുടെ കയ്യിൽ മെല്ലെ തലോടി…അവർ എബിയുടെ തോളിലേക്ക് ചാഞ്ഞു….. എബിയുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു..അപ്പച്ചന്റെ ഈ അവസ്ഥയ്ക്ക് താനും കാരണക്കാരനാണല്ലോ എന്ന ചിന്ത അവന്റെ മനസ്സിനെ കൂടുതൽ വിഷമിപ്പിച്ചു…. രാവിലെ അമൽ വന്നപ്പോൾ അവന്റെ ഒപ്പം ലില്ലിയെയും മേഴ്‌സിയേയും എബി വീട്ടിലേക്ക് പറഞ്ഞു വിട്ടു…

വീട്ടിൽ നിന്ന് അത്യാവശ്യ സാധങ്ങളും എബിക്ക് വേണ്ട ഡ്രസ്സും ഒക്കെ എടുത്ത് അവർ ഉടനെ തിരികെ വന്നു..ജോസഫിനെ ഒന്ന് കാണാൻ കഴിയുമോ എന്ന് എബി ഒരുപാട് വട്ടം ഡോക്ടറോട് ചോദിച്ചു നോക്കി… അടുത്ത ദിവസം റൂമിലേക്ക് മാറ്റും..അത് വരെ ആരെയും കാണാൻ അനുവദിക്കില്ലെന്ന് ആയിരുന്നു ഡോക്ടറുടെ മറുപടി.. എബി ഓഫീസിൽ വിളിച്ച് കാര്യം പറഞ്ഞു…അവരുടെ ടീം ലീഡർ ഒരു നല്ല മനുഷ്യൻ ആയിരുന്നത് കൊണ്ട് കാര്യം പറഞ്ഞപ്പോൾ തന്നെ കൂടുതൽ ഒന്നും ചോദിക്കാതെ അയാൾ അവന് ലീവ് കൊടുത്തു… പിറ്റേന്ന് വൈകുന്നേരത്തോടെ ജോസഫിനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.. അപ്പച്ചനെ ഫേസ് ചെയ്യാൻ എബിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു…

ലില്ലിയും മേഴ്‌സിയും ജോസഫിനോട് സംസാരിച്ചെങ്കിലും എബി മാത്രം ഒന്നും മിണ്ടാതെ മാറി നിന്നു… മോനെ എബീ… അപ്പച്ചാ.. എനിക്ക് മോനോട് സംസാരിക്കാൻ ഉണ്ട്… അപ്പച്ചൻ ഇപ്പോൾ റെസ്റ്റ് എടുക്ക്… അധികം സംസാരിപ്പിക്കരുത് എന്നാ ഡോക്ടർ പറഞ്ഞത്…നമുക്ക് എല്ലാം പിന്നീട് സംസാരിക്കാം… മോനെ…ഇവിടുന്ന് വീട്ടിലേക്ക് പോകുന്നത് എപ്പോഴാ..? എനിക്ക് ആകെ ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു…നമുക്ക് വീട്ടിൽ പോകാം…. നാല് അഞ്ച് ദിവസം ഇവിടെ തന്നെ കിടക്കേണ്ടി വരുമെന്നാ ഡോക്ടർ പറഞ്ഞത്…ഞാൻ ഡോക്ടറോട് സംസാരിക്കാം… ・o・・o・・o・・o・ എബി ഡോക്ടറെ കാണാനായി അയാളുടെ ക്യാബിനിലേക്ക് ചെന്നു…

ജോസഫിന്റെ ഹെൽത്ത് കണ്ടീഷനെ പറ്റി ചോദിച്ചറിഞ്ഞ ശേഷം ഉടനെ ഡിസ്ചാർജ് ചെയ്യുമോ എന്ന് അവൻ ഡോക്ടറോട് ചോദിച്ചു… നോക്കൂ മിസ്റ്റർ എബീ… താൻ എഡ്യൂക്കേറ്റഡ് അല്ലേ..എന്നിട്ടാണോ ഇങ്ങനെ ഒരു കാര്യം എന്നോട് ചോദിക്കുന്നത്….?? മൈനർ അറ്റാക്ക് ആണെന്ന് പറഞ്ഞതിന്റെ അർത്ഥം അത് സീരിയസ് ആയി എടുക്കേണ്ട എന്ന് അല്ല… പുള്ളിക്കാരന്റെ ബോഡി വളരെ വീക്ക് ആണ്..സോ ഞങ്ങൾക്ക് റിസ്ക് എടുക്കാൻ കഴിയില്ല…മിനിമം നാല് ദിവസം കഴിയാതെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കില്ല.. ഡോക്ടർ പറഞ്ഞ കാര്യം എബി അത് പോലെ തന്നെ അപ്പച്ചനോട് പറഞ്ഞു… നാല് ദിവസം എന്നത് നാല് മാസം പോലെയായിരുന്നു ജോസഫിന് തോന്നിയത്…ഹോസ്പിറ്റലിൽ കഴിയുന്ന ഓരോ ദിവസവും അയാൾക്ക് വളരെ പ്രയാസകരമായിരുന്നു…

വെറുതെ ലീവ് എടുക്കേണ്ടെന്ന് പറഞ്ഞ് ലില്ലി എബിയെ ഓഫീസിലേക്ക് പറഞ്ഞ് അയച്ചു..മനസ്സില്ലാ മനസ്സോടെ അവൻ വീണ്ടും ഓഫീസിൽ പോകാൻ തുടങ്ങി… എങ്കിലും രാവിലെ ഹോസ്പിറ്റലിൽ വന്ന് അപ്പച്ചനെ കണ്ടിട്ടേ അവൻ ഓഫിസിൽ പോകുമായിരുന്നുള്ളൂ..വൈകുന്നേരം വീട്ടിൽ എത്തി എല്ലാവർക്കുമുള്ള ആഹാരവുമായി അവൻ ഹോസ്പിറ്റലിലേക്ക് വരും..രണ്ടുപേരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.. എങ്കിലും എബി എത്താൻ വൈകിയാൽ ജോസഫിന് ഉണ്ടാകുന്ന മനപ്രയാസം ലില്ലി തിരിച്ചറിയുന്നുണ്ടായിരുന്നു.. ഇടയ്ക്ക് അമലും ഫാത്തിമയും കുഞ്ഞും കൂടി ഹോസ്പിറ്റലിലേക്ക് വന്നു.. കുഞ്ഞിന്റെ കളി ചിരികൾ കണ്ട് ജോസഫിന് സന്തോഷമായി….അപ്പോഴും അയാളുടെ മനസ്സ് മുഴുവൻ മകനെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു…

ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയപ്പോഴാണ് ജോസഫിന്റെ മുഖം ഒന്ന് തെളിഞ്ഞത്….പല പ്രാവശ്യം അയാൾ എബിയോട് സംസാരിക്കണമെന്ന് പറഞ്ഞെങ്കിലും എബി സമ്മതിച്ചില്ല… അപ്പച്ചാ..കുറച്ചു ദിവസം കൂടി കഴിയട്ടെ… എനിക്ക് അപ്പച്ചനോട് ദേഷ്യം ഒന്നുമില്ല… എന്റെ കാര്യം ഓർത്ത് വെറുതെ മനസ്സ് വിഷമിപ്പിക്കരുത്…എല്ലാം നമുക്ക് സംസാരിക്കാം…ഇപ്പോൾ അപ്പച്ചൻ റെസ്റ്റ് എടുക്ക്…അറിയാലോ ഡോക്ടർ പറഞ്ഞത്… എന്നാലും മോനെ…. ഒരു എന്നാലും ഇല്ല… അമലുമായി ഫോണിൽ സംസാരിച്ച് നിൽക്കുവായിരുന്നു എബി…നിഹ മോളുടെ ഓരോ കുഞ്ഞു കുഞ്ഞു കുസൃതികൾ അമൽ പറയുന്നത് കേട്ട് അവൻ മനസ്സറിഞ്ഞ് ചിരിച്ചു… എബീ..അപ്പച്ചന് ഇപ്പോൾ എങ്ങനെയുണ്ട് ? കുഴപ്പമൊന്നുമില്ല… എങ്കിലും വീട്ടിൽ ഇരുന്ന് ശീലമില്ലാത്തത് അല്ലേ…ഇത്രയും ദിവസം ഇവിടെ കഴിഞ്ഞത് തന്നെ വളരെ ബുദ്ധിമുട്ടിയാണ്..സ്കൂളിൽ പോകണം എന്ന് പറഞ്ഞ് കുറെ ബഹളമുണ്ടാക്കി..

അപ്പച്ചൻ ഇല്ലെങ്കിൽ ഒന്നും കറക്റ്റ് ആയി നടക്കിലെന്നാ പറയുന്നത്…ഇപ്പോൾ ഞാനും അവിടേക്ക് ഒന്നും പോകുന്നില്ലല്ലോ… ആഹ്..നിന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്..?? സംസാരിച്ചോ നിങ്ങൾ ??? ഇല്ല ടാ..ആദ്യം അപ്പച്ചന്റെ ഹെൽത്ത് ഒന്ന് ഓക്കേ ആകട്ടെ…എന്നിട്ട് സംസാരിക്കാമെന്ന് ഞാൻ പറഞ്ഞു.. പുറകിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ട് എബി പെട്ടെന്ന് തിരിഞ്ഞ് നോക്കി… അപ്പച്ചൻ.. അമലിനോട് തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് അവൻ വേഗം ഫോൺ കട്ട് ചെയ്തു.. അപ്പച്ചൻ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്…?? വയ്യാതെ ഈ സ്റ്റെയർ കയറി ഇങ്ങ് വരണമായിരുന്നോ ?? വിളിച്ചാൽ ഞാൻ താഴേക്ക് വരുമായിരുന്നില്ലേ… നീ തിരക്കിലാണോ മോനെ ?? അല്ല അപ്പച്ചാ… എത്ര ദിവസമായി ഞാൻ നിന്നോട് ഒന്ന് സംസാരിക്കണമെന്ന് പറയുന്നു..നിന്നോട് സംസാരിക്കാതെ എനിക്ക് മനസമാധാനം കിട്ടില്ല എബീ.. നിനക്ക് എന്നോട് ഇപ്പോഴും ദേഷ്യമാണോ ? അത് കൊണ്ടാണോ നീ എന്നോട് സംസാരിക്കാതെ ഒഴിഞ്ഞു മാറുന്നത്…?? നിന്നെ കുറ്റം പറയാനും പറ്റില്ല..

ഞാൻ നിന്നോട് പെരുമാറിയത് അങ്ങനെയൊക്കെ ആണല്ലോ…സ്നേഹിച്ച പെണ്ണിനെ നിന്നിൽ നിന്ന് അകറ്റിയത് ഞാൻ അല്ലേ.. എനിക്ക് ദേഷ്യമുണ്ടായിരുന്നു അപ്പച്ചാ… പക്ഷെ അപ്പച്ചന് ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ ഒരു വയ്യായ്ക ഉണ്ടായതിന് ഞാനും കാരണക്കാരനല്ലേ…അപ്പച്ചന്റെ മനസ്സ് ഞാൻ വിഷമിപ്പിച്ചത് കൊണ്ട് അല്ലേ..? അല്ലെടാ.. ഇത് ഞാൻ സ്വയം വരുത്തി വയ്ച്ചതാ… അതൊക്കെ പോട്ടെ…നിന്റെ ജോലി എങ്ങനെ പോകുന്നു..?? ആദ്യം ഇച്ചിരി ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. ബട്ട് ഇപ്പോൾ അങ്ങനെയൊന്നുമില്ല..

പഠിച്ച കാര്യങ്ങൾ ആയത് കൊണ്ട് ഇന്റെറെസ്റ്റിങ് ആണ്.. നിനക്ക് ഇതാണ് ഇഷ്ടമെങ്കിൽ പിന്നെ സ്വന്തമായി ഒരു കമ്പനി സ്റ്റാർട്ട് ചെയ്തുകൂടെ..?? അയ്യോ..അത് എങ്ങനെ പെട്ടെന്ന്… ഞാൻ ഇപ്പോൾ ജോലിക്ക് കയറിയത് അല്ലേ ഉള്ളു..ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട്..അതിനേക്കാൾ ഉപരി സ്വന്തമായി ഒരു കമ്പനി സ്റ്റാർട്ട് ചെയ്യാൻ മാത്രം ഫണ്ട് ഒന്നും എന്റെ കൈയ്യിൽ ഇല്ലല്ലോ… ഒരൊറ്റ വീക്ക് വയ്ച്ചു തന്നാൽ ഉണ്ടല്ലോ… പിന്നെ ഞാൻ ഈ ഉണ്ടാക്കുന്നതും ഇവിടെ ഉള്ളതും ഒക്കെ ആർക്ക് ഉള്ളതാടാ.. എനിക്ക് കുഴിയിലേക്ക് പോകുമ്പോൾ കൂടെ കൊണ്ട് പോകാനോ..?? അപ്പച്ചാ.. വയ്യാതെ ഇരിക്കുവല്ലേ.. നമുക്ക് പിന്നെ സംസാരിക്കാം…വാ റൂമിലേക്ക് പോകാം.. പറ്റില്ല…പറ്റില്ല…പറ്റില്ല… എനിക്ക് ഒരു കുഴപ്പവുമില്ല… എനിക്ക് നിന്നോട് ഇപ്പോൾ തന്നെ സംസാരിക്കണം..