17/04/2026

കല്യാണിക്കുട്ടി : അവസാന ഭാഗം

രചന – അളകനന്ദ

മുട്ട്കുത്തി ആ വെറും മണ്ണിലേക്ക് പടഞ്ഞിരിക്കുമ്പോഴും നോവേറുന്ന മുഖത്തോടെ നോക്കുന്ന അരുണേട്ടനെ കണ്ടിരുന്നു. ആരൊക്കയോ ചേർന്നു ബലം പ്രയോഗിച്ചു പപ്പേട്ടനെ അതുവഴി വന്ന ടാക്സിയിൽ കയറ്റുമ്പോൾ തളർച്ച വന്നു എഴുന്നേറ്റു നിൽക്കാൻ പോലും ആവാതില്ലാതെ കണ്ണീർ വാർത്തുകൊണ്ട് അവിടെ തന്നെ ഇരുന്നുപോയി ഞാൻ…. മുന്നിലേക്ക് നടക്കും തോറും കാലുകൾക്ക് ബലമില്ലാത്തത് പോലെ… വഴിയിലോട്ടിറങ്ങും മുൻപ് കണ്ടു കുഞ്ഞികൃഷ്ണന്റെ ലോക്കറ്റ്. പിടിക്കും വലിക്കും ഇടയിൽ പോയതാവും. കുറച്ചു മാറി അതിന്റെ ചെയിനും കിടക്കുന്നു. കയ്യിലെടുത്ത് പൊടി തട്ടി കളഞ്ഞു.

വീട്ടിലെക്ക് പോകാൻ തോന്നുന്നുണ്ടായിരുന്നില്ല. അവിടെ ചെന്നു എന്ത് പറയുമെന്നോ എങ്ങനെ പറയണമെന്നോ അറിയില്ല… എല്ലാം കേട്ടുകഴിയുമ്പോൾ അച്ഛന്റെ പ്രതികരണമോർത്ത് നന്നേ പേടി തോന്നി. അച്ഛൻ പപ്പേട്ടനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നെനിക്ക് നന്നായറിയാം. അമ്മയുമതേ…. അപ്പച്ചിയായിട്ടല്ല…. സ്വന്തം അമ്മയെപ്പോലെ തന്നെ സ്നേഹവും കരുതലും കൊടുത്തു വളർത്തിയതാണ്. ഇങ്ങനെയൊരു അവസ്ഥ വന്നപ്പോഴും എല്ലാരും ചെയ്യുന്ന പോലെ ഭ്രാന്താശുപത്രിയിൽ കൊണ്ട് തള്ളാതെ പൊന്നു പോലെ നോക്കി. ഞാൻ കുറച്ചു കൂടെ ശ്രദ്ധിക്കേണ്ടതായിരുന്നു…..

നടന്നു നടന്നു തിരികെയാ അമ്പലമുറ്റത്ത്‌ എത്തിയതറിഞ്ഞില്ല. കൈകൂപ്പി കണ്ണടച്ച് നിൽക്കുമ്പോഴും കൺപീലികൾക്കിടയിലൂടെ തടയണ പൊട്ടിച്ചു വെള്ളം കുത്തി ഒലിച്ചു. ഏറെ നേരം അങ്ങനെ അവിടെ തന്നെ നിന്നു.ഒരു വ്യതിചലനം പോലുമുണ്ടാകാതെ… തിരിച്ചു വീട്ടിലേക്കെത്തുമ്പോൾ ദൂരെ നിന്നേ കണ്ടു ആരെയോ കാത്തെന്നപോലെ കോലായിൽ നിക്കുന്ന അമ്മയെയും അച്ഛനെയും. ഇതിനോടകം വിവരങ്ങൾ ഇവിടെ അറിഞ്ഞുകാണുമെന്ന് മനസിലായി. പ്രതികൂട്ടിൽ നിൽക്കുന്ന കുറ്റവാളിയെ പോലെ തലകുനിഞ്ഞു പോയി. കണ്ണുനീർ കവിളിണകളെ നനച്ചുകൊണ്ടിരുന്നു.

“മോളെ…… “ന്നു പറഞ്ഞു അമ്മ വന്നു വാരി പുണരുമ്പോൾ നിശ്ചലയായി ഞാൻ നിന്നു. “അരുൺ വിളിച്ചു.രവി തരകന്റെ അടുക്കലേക്കാണ് കൊണ്ട് പോയത്. വിധി പോലെ എല്ലാം നടക്കൂ .. ചിലപ്പോ ഇതു നല്ലതിനാവാം. ” കൺകോണിൽ പടർന്ന നനവ് തോളിൽ കിടന്ന തോർത്തിനാൽ ഒപ്പി,,, എന്റെ തലയിൽ ഒന്ന് തലോടി അച്ഛൻ അകത്തെക്ക് പോയി. സ്നേഹംകൊണ്ടെന്നെയിവർ തോൽപ്പിക്കയാണല്ലോ ഈശ്വരാ.. കണ്ണീർ തുടച്ചു തന്നു കേറി വരാൻ അമ്മ പറഞ്ഞു. “അമ്മ നടന്നോ ഞാനിപ്പോ വരാന്ന്…” പറഞ്ഞു തൊടിയിലേക്ക് നടന്നു. അമ്പഴത്തിന്റെ ചുവട്ടിൽ പോയിരുന്നു. കിളികൾ ചിലക്കുന്ന ശബ്ദം മാത്രം. അവിടെ നിന്നെഴുക്കാൻ തോന്നിയില്ല.

പപ്പേട്ടൻ മാത്രമായിരുന്നു മനസ്സിൽ. ഇപ്പൊ അവിടെ എത്തിയിട്ടുണ്ടാകുമോ….? വാശി പിടിച്ചു ബഹളം വക്കുകയാവുമോ? ഓരോ ചോദ്യങ്ങളും എനിക്കു ചുറ്റും വട്ടമിട്ടു പറന്നു. ഉച്ചക്ക് അമ്മ വന്നു ഊണിനു വിളിച്ചെങ്കിലും പോയില്ല. കഴിക്കാൻ തോന്നിയില്ല. പപ്പേട്ടൻ കഴിച്ചു കാണുമോ? അമ്മ പോയി ഏറെ നേരത്തിനുശേഷം പതുക്കെ എണീറ്റു നടന്നു. അത് ചെന്നവസാനിച്ചത് അസ്ഥിത്തറക്ക് മുന്നിലാണ്. “ദേവിയമ്മേ.. “അങ്ങനെ വിളിക്കാനാണ് തോന്നിയത്. എന്തൊക്കെയോ പറയണമെന്ന് വച്ച് വന്നു. പക്ഷേ, വാക്കുകൾ ഗദ്ഗദങ്ങളായി തൊണ്ടക്കുഴിയിൽ വീണു മരിച്ചു. പറയാതെ എല്ലാം അമ്മ മനസിലാക്കുമെന്ന് പറഞ്ഞു പഠിപ്പിച്ചു.

കിളികളെല്ലാം കൂട്ടിലെക്ക് ചെക്കേറാൻ തുടങ്ങിയിരിക്കുന്നു. ആകാശത്ത് ചുവപ്പ് പടർന്നു. തോളിൽ ഒരു സ്പർശം അറിഞ്ഞപ്പോഴാണ് തിരിഞ്ഞു നോക്കിയത്. “അരുണേട്ടാ…. ” ആ നെഞ്ചിൽ വീണു ആർത്തലച്ചു കരഞ്ഞു. ആ കൈകൾ എന്റെ തലമുടികൾക്കിടയിലൂടെ ആശ്വാസത്തിനായ് തഴുകി നടന്നു. “പപ്പേട്ടൻ..? “അതിൽ കൂടുതൽ ഒരക്ഷരവും വായിൽ നിന്നും വീഴുന്നില്ല. “രവി ഡോക്ടന്റെ അടുക്കൽ….. പ്രാർത്ഥിക്കാം അവനെ പഴേ പപ്പനാക്കി കിട്ടാൻ…. ഈ അവസ്ഥയിലായ കൊണ്ട് നിന്നെ അവിടെ നിർത്താൻ പറ്റില്ലടാ… ഒരു പക്ഷെ,,, ” ഏട്ടന്റെ കണ്ണുകളിൽ നിന്ന് തന്നെ മനസിലായി.കേൾക്കാൻ ഒട്ടും ആഗ്രഹിക്കാത്ത എന്തോ ഒന്നാണെന്നു. “ഇനി ഞാൻ പറയുന്ന ന്റെ കല്ലൂട്ടി ശ്രദ്ധിച്ചു കേക്കണം. കേട്ടാൽ മാത്രം പോരാ അനുസരിക്കണം. ” അതൊരു അപേക്ഷ സ്വരമായിരുന്നു.

“പപ്പന്റെ മനസ്സിൽ പണ്ടത്തെ കാര്യങ്ങളൊക്കെ ഓർമയിൽ വന്നതിന്റെയാ അവിടെ കണ്ടത്. രവി ഡോക്ടർ പറഞ്ഞത് അവന്റെ ഓർമ്മകൾ തിരികെ കൊണ്ടുവന്നാൽ അവൻ നോർമൽ ആകുമെന്നാ.മനസിനെ പാകപ്പെടുത്തിക്കഴിഞ്ഞു എല്ലാം അറിയുമ്പോൾ അവൻ അതിനെ ഉൾക്കൊള്ളാൻ പ്രാപ്തി നേടുമെന്നും. ” കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി പക്ഷേ, പിന്നീട് ഏട്ടൻ പറയുന്ന കേട്ടു ഭൂമി പിളർന്നു താഴേക്കു പോയിരുന്നെങ്കിലെന്നു ആഗ്രഹിച്ചു. “ആ ഓർമ്മകൾ വരുമ്പോൾ ചിലപ്പോ അതിനു ശേഷം,, അതായത് അവന്റെ മാനസിക നിലയിൽ മോശം വന്ന ശേഷമുള്ള കാര്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന്.

” അപ്പൊ എന്നെ മറക്കുമോ? എന്നെ മറക്കാൻ പറ്റോ? ഇല്ല ഒരിക്കലുമില്ല… അങ്ങനെ വിശ്വസിക്കാൻ ആണ് ഇഷ്ടം. “അതുകൊണ്ട് കാത്തിരിക്കണം. പിന്നെ,,, എന്ത് തന്നെ വന്നാലും അതിനെ അംഗീകരിക്കാൻ എന്റെ കുട്ടി തയ്യാറാവണം. ” നിസ്സംഗതയോടെ എല്ലാം കേട്ടു നിന്നു.കൈ പിടിച്ചു വീട്ടിലേക്ക് നടത്തുമ്പോൾ കടലിരമ്പുകയായിരുന്നു മനസ്സിൽ. ആ ഇരമ്പലിൽ ഓളം തട്ടി ഒരു ജീവച്ചവമാകുമോ ഞാനെന്ന് ഭയന്നു. പിന്നെയും ദിവസങ്ങൾ കടന്നു പോയി. പപ്പേട്ടനെക്കുറിച്ചു മാത്രമേ എനിക്കു ചിന്തിക്കാൻ ഉണ്ടായിരുന്നുള്ളൂ. അവിടെ പോയി കാണാൻ പറ്റുമെന്ന് അറിഞ്ഞപ്പോ അച്ഛൻ പോയി.

അമ്മക്ക് യാത്ര ചെയ്യാൻ വയ്യാണ്ടായിരുന്നു. അവിടെ വരെ ചെല്ലാൻ അരുണേട്ടൻ എന്നെയും വിളിച്ചപ്പോൾ ഇല്ലന്ന് തലയാട്ടി. അവിടെ ചെല്ലുമ്പോൾ എന്നെ അറിയില്ലെന്ന് പപ്പേട്ടൻ പറഞ്ഞാൽ അത് എന്നെ ജീവനോടെ കൊല്ലുന്നതിന് തുല്യമാകും. ഇവിടെ വരുമ്പോൾ ആണ് പറയുന്നതെങ്കിൽ വാല്യക്കാരി ആണെന്ന് പറഞ്ഞെങ്കിലും പിടിച്ചു നിൽക്കാം. എന്നും കണ്ടോണ്ട് ഇരിക്കാല്ലോ… പിന്നീടുള്ള ദിനങ്ങളിൽ പപ്പേട്ടന്റെ ഓർമ്മകളെ മനസ്സിൽ താലോലിച്ചു ഒറ്റക്ക് ഇരിക്കുന്നത് പതിവായി. കുഞ്ഞികൃഷ്ണന്റെ ലോക്കറ്റും പിടിച്ചു ഒത്തിരി നേരം വർത്താനം പറയും. അത് കാണുമ്പോൾ പപ്പേട്ടനെ ആദ്യമായി കണ്ട അന്ന് മതി മറന്ന് നോക്കി നിന്നത് ഓർമ വരും… കുളക്കടവിൽ ചെന്നിരുന്നു മുട്ടിൽ തല വച്ച് സാരീ മറച്ച കാൽ പാദങ്ങൾ പുറത്തേക്കു നീട്ടി പാദസരത്തിന്റെ കിലുക്കത്തെ അനക്കി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.

അന്ന് പപ്പേട്ടന്റെ വിരൽ തൊട്ടപ്പോളുണ്ടായ തണുപ്പ് വീണ്ടും കാലിൽ പടരുന്നതറിഞ്ഞു. തൊടിയിലൂടെ നടന്നു വീട്ടിലോട്ടു കേറും വഴി തെക്കേ മുറ്റത്തെ ഊഞ്ഞാലിൽ കണ്ണുകളുടക്കി. ഞങ്ങൾ ഒന്നിച്ചിരുന്നു ആടുന്ന ചിത്രം മനസ്സിൽ വീണ്ടും കോറിയിട്ടു. പപ്പേട്ടനു എന്നെ കാണാൻ തോന്നുന്നുണ്ടാവുമോ? റൂമിൽ ചെന്നപ്പോൾ അവിടമാകെ ചന്ദന ഗന്ധം നിറഞ്ഞു നിൽക്കുന്നു. ഓരോ രാത്രിയും ആ ചന്ദന ഗന്ധം പേറുന്ന തലയണയെയും ചുറ്റി പിടിച്ചു കിടന്നുറങ്ങി എണീറ്റു. ഒരു മാസം കടന്നു പോയിരിക്കുന്നു…… അരുണേട്ടനോട്‌ അവിടുത്തെ കാര്യങ്ങൾ തിരക്കുമായിരുന്നു. പഴേ പത്മനാഭനെ തിരിച്ചു കിട്ടിയെന്ന് പറയുമ്പോൾ ഏട്ടന്റെ ആഹ്ലാദം ആ വാക്കുകളിലും ശബ്‌ദത്തിലും എടുത്തു നിന്നു.

ഞായറാഴ്ച പപ്പേട്ടൻ വരുന്നു എന്നറിഞ്ഞപ്പോ സന്തോഷ തിമിർപ്പിൽ തുള്ളിച്ചാടാൻ തോന്നി. പക്ഷേ,,, വീണ്ടും അരുണേട്ടന്റെ വാക്കുകൾ എന്റെ ഹൃദയത്തെ തച്ചുടക്കാൻ എത്തി. “അവൻ വരുമ്പോൾ നിന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഏട്ടന്റെ കുട്ടി തളരരുത്. മനസിനെ പാകപ്പെടുത്തണം. ” താലി കയ്യിലെടുത്ത് ചുണ്ടോടു ചേർത്തു. പപ്പേട്ടൻ എന്നെ തിരിച്ചറിയും… അങ്ങനെ തന്നെ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. അമ്മക്ക് വയ്യെങ്കിൽ കൂടി പപ്പേട്ടൻ വരുന്നതിന്റെ സന്തോഷത്തിൽ എല്ലാ വിഭവങ്ങളും ഒരുക്കി വക്കാൻ തിടുക്കം കൂട്ടുന്നുണ്ട്. എല്ലാത്തിനും ഒരു കൈ സഹായത്തിനു ഒപ്പം ഞാനും നിന്നു.മനസ് മുഴുവൻ വേറേതോ ലോകത്തും. മുറ്റത്തു കാർ വന്നു നിന്നപ്പോ ഹൃദയം പെരുംമ്പറമുഴക്കി തുടങ്ങി.

അമ്മയും അച്ഛനും ഉമ്മറത്തേക്ക് ഇറങ്ങി നിന്നു, ഞാൻ വാതിലിന്റെ മറവിലും. അരുണേട്ടനാണ് ആദ്യം ഇറങ്ങിയത്. പിന്നാലെ പപ്പേട്ടനും….. അല്പം തടിച്ചു. താടിയുടെയും മുടിയുടെയും നീളം കുറഞ്ഞു. ഒന്നിന് മാത്രം ഇപ്പഴും അണുവിട മാറ്റമില്ല. സദാസമയവും നിറഞ്ഞു നിക്കുന്ന മുഖത്തെ പുഞ്ചിരി…. കവിളിൽ തെളിഞ്ഞു കാണുന്ന ഗർത്തം…. ഓടി ചെന്ന് മുഖം മൊത്തം മുത്തങ്ങൾ കൊണ്ട് മൂടാൻ തോന്നി. അറിയാതെ മുന്നിലേക്ക് നീങ്ങിയ കാലിനെ പിന്നിലേക്ക് വലിച്ചു. അമ്മ ഓടിപ്പോയി കെട്ടി പിടിച്ചപ്പോൾ അച്ഛനും കൂടെ നിന്ന് തലയിലൂടെ വിരലോടിക്കുന്ന കണ്ടു. പപ്പേട്ടന്റെ കണ്ണുകൾ എന്നെ തിരക്കി പായുന്നുണ്ടോ? ഒരു മാത്ര എന്നെ പറ്റി ചോദിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു. “”കല്യാണിക്കുട്ടി..” എന്ന് വിളിക്കുന്ന കേൾക്കാൻ കൊതി തോന്നി. അകത്തു കയറിയപ്പോ വാതിലിന്റെ ഞരക്കം കേട്ടു എല്ലാരുടെയും കണ്ണുകൾ എന്നിലേക്കായി.

പപ്പേട്ടന്റെ മിഴികളുമായി കോർത്തപ്പോ ഹൃദയഭാരമേറി. ശ്വാസം വിലങ്ങും പോലെ… പെട്ടന്ന് തന്നെ നോട്ടം മാറ്റി. “ഞാൻ.. ഇവിടെ..” തപ്പി പെറുക്കി പറയാൻ നോക്കുന്ന എന്റെ നേർക്ക് അമ്മയും അച്ഛനും ദയനീയമായി നോട്ടമെയ്തു. “അപ്പച്ചിയമ്മേ…. കുറച്ചു ചൂടുവെള്ളം മുകളിലേക്ക് തരുവോ.. ഒന്ന് ഫ്രഷായിട്ട് വരാം… “അതും പറഞ്ഞു അപ്പൊ തന്നെ പപ്പേട്ടൻ മുകളിലോട്ട് കയറി. ഞാൻ എന്ന വ്യക്തിയെ ഗൗനിക്കാതെ പോകുന്ന കണ്ടപ്പോൾ ഹൃദയം പിളർന്ന നോവ് അനുഭവപ്പെട്ടു. എന്നെ മറന്നോ? തൊണ്ടയിൽ വന്ന ഗദ്ഗദം അവയെ തടഞ്ഞു. “വയ്യാത്ത കാലും വച്ച് അമ്മ പോവണ്ട… ഞാൻ കൊടുക്കാം… ” എല്ലാരേം നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. പക്ഷേ,, പറ്റുന്നുണ്ടായിരുന്നോ?? ചൂടുവെള്ളം ചെരുവത്തിൽ നിന്ന് ബക്കറ്റിൽ ആക്കി സ്റ്റെപ് കയറി മുറിയിൽ ചെന്നപ്പോ ആളവിടെ ഇല്ല. ഒരുകണക്കിന് നന്നായി. ബാത്‌റൂമിൽ കൊണ്ട് വെള്ളം വച്ച് ഇറങ്ങിയപ്പോൾ മുന്നിൽ പപ്പേട്ടൻ. “ഞാൻ… വെള്ളം കൊണ്ട് വക്കാൻ… “തല കുനിച്ചു നിന്നാണ് പറഞ്ഞത്.

വേഗം തന്നെ വാതിൽക്കലേക്ക് നടന്നു പെട്ടന്നാണ് കയ്യിൽ പിടി വീണത്. കട്ടിലിലേക്കിരുന്നു എന്നെ വലിച്ചു മടിയിലേക്കിട്ടു. ഒന്ന് ഞെട്ടി കുതറി മാറുന്നതിന് മുൻപ് ആ ശബ്‌ദം വന്നെന്റെ കാതിൽ പതിച്ചു. “എന്റെ പെണ്ണിന് എന്തോരു ജാടയാ….. ഞാൻ വരുമ്പോ ഉമ്മറത്തിണ്ണയിലെന്നെ കാത്തുനിക്കുമെന്നും,,, കണ്ട മാത്രയിൽ ഓടി വന്നു മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടുമെന്നും…. ഹാ… അങ്ങനെ എന്തൊക്കെ സ്വപ്‌നങ്ങളായിരുന്നു. ” ഒരു നെടുവീർപ്പോടെ കുറുമ്പ് ഒളിപ്പിച്ചു പറയുന്ന പപ്പേട്ടനെ ആശ്ചര്യത്താൽ നോക്കി. “അപ്പൊ എന്നെ… ” “മറന്നിട്ടില്ലല്ലേന്നാണോ? ” ആണെന്നോ അല്ലെന്നോ പറയാതെ ആ മുഖം മുഴുവൻ കണ്ണോടിച്ചു. “അങ്ങനെ എനിക്ക് നിന്നെ മറക്കാൻ പറ്റ്വോ? നീ എന്റെ പ്രാണൻ അല്ലെ… പക്ഷേ, മുൻപ് വരെ കണ്ടത് ചെറിയൊരു മധുരപ്രതികാരം. ഇത്രയും നാളിൽ ഒരിക്കെ പോലും എന്നെ ഒന്ന് കാണാൻ വന്നില്ലല്ലോ…? അവിടെ ചെന്ന് എല്ലാം ബേധമായ ശേഷം എനിക്ക് ചുറ്റും നീയായിരുന്നു.

നിന്റെ പപ്പേട്ടാന്നുള്ള വിളിയും നിന്റെ ഗന്ധവും ഒക്കെ ആയിരുന്നു. ഉറക്കത്തിൽ പല തവണ കല്യാണിക്കുട്ടിന്നു വിളിച്ചു ഞെട്ടി എണീക്കും. അപ്പോഴും കണ്ട സ്വപ്നങ്ങളിൽ നിന്റെ മുഖവും വ്യക്തമായി കാണുമായിരുന്നു. രവി ഡോക്ടറോട് ഇതിനെപ്പറ്റി പറയുമ്പോ ആൾടെ മുഖത്ത് ഭയങ്കര എക്സൈറ്റ്മെന്റ് ആരുന്നു. പിന്നെ സത്യങ്ങളെല്ലാം അറിഞ്ഞപ്പോൾ നീ എന്നെ എന്തുകൊണ്ട് ഒരുവട്ടം കൂടി കാണാൻ വന്നില്ലാന്ന് തോന്നി.അരുണിനോട്‌ ചോദിച്ചപ്പോ അത് എന്നോടുള്ള എന്റെ പെണ്ണിന്റെ ഇഷ്ടക്കൂടുതൽ കൊണ്ടായിരിന്നുവെന്ന് മനസിലായി. നിന്നെ കുറിച്ച് അവർ ഇങ്ങോട്ട് പറയാഞ്ഞത് ഞാൻ അത് അംഗീകരിക്കുമോന്നു പേടിച്ചാരുന്നത്രേ….. ” ഒരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിൽ മുഖമമർത്തുമ്പോൾ നെറുകയിൽ നൽകിയ പപ്പേട്ടന്റെ ചുംബനത്തിനു എല്ലാ വേദനകളെയും മായിക്കാനുള്ള കെൽപ്പുണ്ടായിരുന്നു.

സന്തോഷം കൊണ്ട് ആ മുഖം മുഴുവൻ ചുണ്ടുകളോടിക്കുമ്പോൾ വീണ്ടും കണ്ണുകളുടക്കിയത് തെളിഞ്ഞു നിൽക്കുന്ന കവിളിലെ എനിക്ക് പ്രിയപ്പെട്ട ഒറ്റമന്ദാരത്തിലായിരുന്നു. അങ്ങോട്ട് മുഖമെത്തും മുന്നേ എന്റെ അധരങ്ങളെ പപ്പേട്ടൻ കവർന്നെടുത്തിരുന്നു. അവ തമ്മിൽ ഗാഡമായി പുൽകുമ്പോ കൂമ്പി അടയുന്ന കണ്ണുകളെ അതിനനുവദിക്കാതെ അതിന്റെ ഇണയുമായി കൊരുത്തിട്ടു. “കല്യാണിക്കുട്ടി… ” കാതരുകിൽ അത്രയും മൃദുവായ സ്വരം. ” മ്മം. “ഒന്ന് മൂളുക മാത്രം ചെയ്തു. ആർദ്രമായ ആ സ്വരമാധുര്യം എന്നെ തളച്ചിട്ടു. “നമുക്ക് ജീവിക്കണ്ടേ പെണ്ണേ…. ഭ്രാന്ത് ഒക്കെ മാറീലെ… ഇനി പപ്പന്റെ കല്യാണിക്കുട്ടി ആയീലോ. ” വീണ്ടും അതേ കുസൃതി… താടിക്കിടയിലെ ഗർത്തത്തിൽ പല്ലുകളെ ആഴ്ത്തിയിക്കി മറുപടി നൽകുമ്പോൾ ഇതിലും വലുത് നിനക്ക് ഞാൻ തരുമടി പെണ്ണേന്നു പപ്പേട്ടൻ പറയുന്നുണ്ടായിരുന്നു.