Karimizhi

The World of Malayalam Stories

തുടർക്കഥകൾ

നിയോഗം : ഭാഗം 02

രചന – അഹം

പെട്ടെന്ന് കാറ്റുപോലെ എന്തോ ഒന്ന് തന്റെ മേലേക്ക് വീഴുന്നത് കണ്ട് സൗപർണിക കണ്ണ് മിഴിച്ചു പോയി…..
വിച്ചുവാണെന്നു കണ്ടതും നല്ല തട്ട് കൊടുത്തു പെണ്ണിന്റെ പുറത്ത്….. എവുടെ ഉടുമ്പ് പിടിച്ചപോലെ ചുറ്റി പിടിച്ചിരിക്കുവാ…. കൂടെ കിതക്കുന്നുമുണ്ട്…..

“” ഡി ചേച്ചി നീ അറിഞ്ഞോ നിന്റെ കല്യാണം തീരുമാനിച്ചു…… “”
💫💫💫💫💫💫💫💫💫💫💫💫💫

തന്റെ മുൻപിലിരിക്കുന്ന ആളെ ഉറ്റു നോക്കി മനു…. കാഷായ വസ്ത്രം ധരിച്ച് രുദ്രാക്ഷ മാലയും ഏലസ്സും ജപിച്ചു കെട്ടിയ ചരടുകളും തേജസുറ്റ മുഖവുമുള്ള തന്ത്രി മേല്പത്തൂർ വസുദേവൻ നമ്പൂതിരി…… അദ്ദേഹം അനുഭവിക്കുന്ന സമ്മർദ്ദം ആ മുഖത്ത് വ്യക്തമായി തെളിഞ്ഞു കാണുന്നുണ്ട്…… എന്തോ സംസാരിക്കാൻ തുടക്കമിടുന്നത് പോലെ…….

“”മനു…. എനിക്ക് അറിയാം നീ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ….. ആരെയും ഒന്നിലേക്കും നിർബന്ധിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല…. വിവാഹം ഓരോരുത്തരുടെയും താല്പര്യമാണ്…. തീർച്ചയായും അതിൽ ബന്ധിക്കുന്ന രണ്ടുപേർക്കും പൂർണസമ്മതവും ഉണ്ടായിരിക്കണം…..അതുകൊണ്ടുതന്നെ വിവേകിനോടും ദീപികയോടും ആദ്യം തന്നെ എല്ലാം ഞാൻ പറഞ്ഞിരുന്നു…. അവർക്ക് പൂർണസമ്മതവും പരസ്പരം ഇഷ്ടവുമായിരുന്നു…. പക്ഷെ ആ ഇഷ്ടം വെല്ലാടങ്ങു കൂടിപ്പോയി അവർ എല്ലാവരെയും ചതിക്കുമെന്ന് കരുതിയില്ല……… ഒന്നും അറിയിക്കാതെ രഹസ്യമായി വെച്ചിരുന്നു അവർ പക്ഷെ കവടി പലകയിൽ എല്ലാം തെളിഞ്ഞു കണ്ടു ഞാൻ……. ഇനി അവരുടെ വിവാഹം നടത്തിയാലും ശപമോക്ഷം നേടാനാവില്ല നിങ്ങളുടെ തറവാടുകൾക്ക്…. വിവാഹ ശേഷവും നാൽപതൊന്ന് ദിവസത്തെ യാഗം കഴിയും വരെ അവർ കന്യകരായിരിക്കണം… പക്ഷെ രണ്ടുപേരും വിവാഹത്തിന് മുൻപ് തന്നെ എല്ലാ രീതിയിലും ഭാര്യ ഭർത്താക്കന്മാരായി…. ഈ പൂജയും യാഗവുമൊക്കെ വെറുതെ ആയി… ആയിരങ്ങളുടെ പ്രാർത്ഥന വിഫലമായി…….

ഇനി മനുവിനും സൗപർണികയ്ക്കും മാത്രമേ രണ്ടു തറവാട്ടുകാരെയും നാശത്തിൽ നിന്ന് രക്ഷിക്കാനാകൂ…….. മൂന്ന് മാസങ്ങൾക്ക് മുൻപ് ഞാൻ നാലപ്പാട്ട് തറവാട്ടിലെ അവിവാഹിതരായ പുരുഷമാരുടെയും മേടത്തറയിൽ കന്യകമാരുടെയും ജാതകങ്ങൾ നോക്കിയിരുന്നു….വിശാഖം നക്ഷത്ര ജാതനായ പുരുഷനും രോഹിണി നക്ഷത്ര ജാതയായ സ്ത്രീയുമാണ് വിവാഹിതരാവേണ്ടത്….നിങ്ങൾ നാലുപേര് മാത്രമേ ഉണ്ടായിരുന്നുള്ളു ചേർച്ചയുള്ള നക്ഷത്രക്കാർ…. വിവേകും ദീപികയും തറവാട്ടിൽ തന്നെ താമസിക്കുന്നവരായതുകൊണ്ട് തറവാടുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ പ്രശ്നങ്ങളും അവർക്കറിയാവുന്നതുകൊണ്ടാണ് അവരെ തിരഞ്ഞെടുത്തത്… പക്ഷെ അവർ………..

അദ്ദേഹം ഒന്ന് നിർത്തി വീണ്ടും തുടർന്നു

ഇനി മനുവിനും സൗപർണികയ്ക്കും മാത്രമേ ഈ പ്രേശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളു….. “”

ഒന്ന് നിശ്വസിച്ചുകൊണ്ട് അദ്ദേഹം മനുവിനെ നോക്കി…… ആ നോട്ടത്തിൽ പ്രതീക്ഷയുണ്ടായിരുന്നു…….

മനുവിന് പക്ഷെ കാര്യങ്ങൾ ഒന്നും തന്നെ വ്യക്തമാകുന്നുണ്ടായിരുന്നില്ല…

“” കാര്യങ്ങൾ വ്യക്തമായി അറിയാതെ ഞാൻ എങ്ങനെയാ തീരുമാനം എടുക്കുവാ…. എന്താണ് ദോഷം…. എന്താണ് ശാപം ….. പറയുന്നതല്ലാതെ എന്താണെന്ന് വ്യക്തമാക്കുന്നില്ലലോ….. “”

അല്പം നീരസം കലർത്തി തന്നെ മനു പറഞ്ഞു…..

“” തീർച്ചയായും….. ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് മനു എല്ലാം അറിഞ്ഞിരിക്കണം…. പക്ഷെ അവസാനം ശുഭകരമായ തീരുമാനം തന്നെ എടുക്കണം… ഇത് ഒരു അപേക്ഷയാണ്…. ഇനി ഇതുപോലൊരു മുഹൂർത്തം ലഭിക്കില്ല കർമങ്ങൾ ചെയ്യാൻ…. അതുകൊണ്ട് തന്നെ നാളെ ഈ വിവാഹം നടന്നില്ലെങ്കിൽ മേലെപ്പാട്ട് തറവാടിന്റെ സർവനാശം കാണേണ്ടി വരും എല്ലാവരും….. മനുവിന് അറിയേണ്ടതെല്ലാം ഞാൻ തന്നെ ചുരുക്കി പറഞ്ഞു തരാം….. “‘

അദ്ദേഹത്തിന്റെ വാക്കുകൾക്ക് വല്ലാത്ത ഉറപ്പ് ഉണ്ടായിരുന്നു….

ഇനി അറിയാൻ പോകുന്ന കാര്യങ്ങൾ തന്റെ ഇപ്പോഴത്തെ ആശംഘ മാറ്റി ഒരു തീരുമാനമെടുക്കാൻ സാധിക്കുന്നതായിരിക്കുമെന്ന് മനുവിന് തോന്നി

“”മനുവിന്റെ പൂർവികരുടെ കാലത്ത് മേലെപ്പാട്ടുകാർ ഈ നാട്ടിലെ ജന്മികൾ ആയിരുന്നു… അവരുടെ ആശ്രിതരായിരുന്നു മേടത്തറകാർ…… മേലെപ്പാട്ടുകാർക്ക് വേണ്ടി എന്തും ചെയ്യാൻ തെയ്യാറായവർ….

മേലെപാട്ടെ അന്നത്തെ കാരണവരുടെ മൂത്ത പുത്രനായ ആദികേശവനും ആശ്രിതരായ മേടത്തറ തറവാട്ടിലെ പെൺകുട്ടിയായ അഹല്യയും പ്രണയത്തിലായിരുന്നു….. ഈ ബന്ധം വീട്ടുകാർ സമ്മതിക്കില്ലെന്നു അറിയാവുന്ന ഇരുവരും മേലെപ്പാട്ടെ തറവാട്ടുകാവിൽ വെച്ച് രഹസ്യ വിവാഹം ചെയ്തു…. ആദികേശവൻ സിലോണിലേക്ക് ജോലിക്ക് ശ്രമിക്കുന്നുണ്ടായിരുന്നു…. ജോലി റെഡിയായാൽ ആരുമറിയാതെ നാടുവിടാൻ ഇരുവരും തീരുമാനിച്ചു…. അതുവരെ ഈ വിവരം മൂന്നാമതൊരാൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു….പക്ഷെ എങ്ങനെയോ ഈ വിവരം മേലെപ്പാട്ട് കാരണവർ അറിഞ്ഞു…. അവരെ പിരിക്കാനായി കൈയാളൻമാരെ ഏർപ്പാടാക്കി….

ഒരുനാൾ ആരും അറിയാതെ ആദികേശവനും അഹല്യയും കാവിന് പുറകിൽ ഉള്ള കൽത്തറയിൽ വെച്ച് പരസ്പരം പ്രണയം കൈമാറുമ്പോൾ കാരണവരുടെ കൈയാളന്മാർ അവരെ കൈയോടെ പിടികൂടുകയും ആദിധികേശവനെയും അഹല്യയെയും മർദ്ധിക്കുകയും അഹല്യയെ തല കാവിലെ കൽഭിത്തിയിൽ ഇടിക്കുകയും ചെയ്തു…. ഇതെല്ലാം കണ്ട് നോക്കുത്തിയെ പോലെ നിൽക്കാനേ ആശ്രിതരായ മേടത്തറക്കാർ സാധിച്ചുള്ളൂ ….

തങ്ങളെക്കാൾ ഉയർന്ന ജാതിയും സമ്പത്തും ഉള്ള ആളെ പ്രണയവലയിൽ കുരുക്കിയതിനുള്ള ശിക്ഷയായി ചോരവാർന്നുകൊണ്ടിരിക്കുന്ന അഹല്യയെ അവിടെ ഉപേക്ഷിക്കുകയും ആദികേശവനെ പിടിച്ചുകൊണ്ടുപോയി മുറിയിൽ പൂട്ടിയിടുകയും ചെയ്തു…. ഒന്നിലും ഇടപെടാതെ കാരണവരുടെ തീരുമാനങ്ങൾ ശിരസ്സാവഹിച്ച് മേടത്തറക്കാരും……

പിറ്റേന്ന് നേരം പുലർന്നത് ആദിയുടെയും അഹല്യയുടെ മരണവാർത്ത അറിഞ്ഞുകൊണ്ടായിരുന്നു….. കാവിൽ ചോരവാർന്നു മരിച്ച അഹല്യയും തൊട്ടടുത്തു തന്നെ തൂങ്ങി മരിച്ച ആദികേശവനും……

കാവിലെ മരണത്തിൽ ഉഗ്രമൂർത്തിയായ ദേവി കോപിച്ചു….. അശുശുദ്ധമായ കാവ് ശുദ്ധി വരുത്താൻ ശ്രമിച്ചെങ്കിലും ദേവി ഉണരാതിരുന്നു…. പിന്നീട് പൂജകൾ ഒന്നും നടക്കാതെ കാവ് അടഞ്ഞു തന്നെ കിടന്നു….. മേലെപ്പാട്ട് തറവാട്ടുകാർക്ക് പുറമെ മേടത്തറക്കാരെയും അനിഷ്ടങ്ങൾ പിന്തുടർന്നു…. രക്ഷിക്കാൻ സാധിക്കുമായിരുന്നിട്ടും തങ്ങളുടെ രക്തത്തെ ഉപദ്രവിക്കുമ്പോൾ കഴിച്ചക്കാരായി നോക്കി നിന്ന മേടത്തറക്കാരോടും അഹല്യക്ക് പക ഉണ്ടായി…..

അഹല്യയുടെയും ആദിയുടെയും ശാപവും ദേവിയുടെ കോപവും കാരണം ഇരു തറവാട്ടിൽ അഞ്ചു തലമുറയായി അനർത്ഥങ്ങൾ മാത്രമാണ് നടക്കുന്നത്…. അതിനൊക്കെയുള്ള പരിഹാരമായാണ് ഈ വിവാഹവും കാവ് പുനരുദ്ധാരണവും പൂജയും യാഗവുമെല്ലാം…… അതിനൊക്കെ ശേഷം മാത്രമേ ആ ആത്മക്കൾക്ക് നിത്യശാന്തി ലഭിക്കൂ…. ഇന്നും കാവിനുള്ളിൽ അലഞ്ഞു തിരിയുവാണ് ആദിയും അഹല്യയും…..

നാല് തലമുറകൾ കാത്തിരുന്നാണ് യോജിച്ച സ്ത്രീ പുരുഷ ജാതകക്കാരെ കിട്ടുന്നത്…. ഓരോ തവണ ശ്രമിക്കുമ്പോഴും ഓരോ തടസ്സങ്ങൾ വന്നു കൊണ്ടിരുന്നു…. ഇപ്പോൾ തന്നെ കണ്ടില്ലേ വിവേകും ദീപികയും അനുഷ്ടാനങ്ങൾ തെറ്റിച്ചത്….. ഇപ്പോൾ തോന്നുന്നു അതിനുള്ള നിയോഗം ദേവി നൽകിയിരിക്കുന്നത് മനുവിനും സൗപർണികയ്ക്കുമാണെന്ന്….. അതായിരിക്കാം ഇങ്ങനെയൊക്കെ സംഭവിച്ചത്……””

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഒരു തീരുമാനം എടുക്കാനാവാതെ മനു ഉഴറി…… തന്റെ മറുപടിക്കായി കാത്തിരിക്കുന്ന ഒരായിരം കണ്ണുകൾ……

ഇതൊക്കെ നടന്നതായിരിക്കുമോ അതോ കെട്ടുകഥകളോ…….. മറ്റുള്ളവർക്ക് വേണ്ടി തന്റെ ആഗ്രഹങ്ങൾ മാറ്റിവെക്കണോ….. മനസ്സിൽ മോട്ടിട്ടുതുടങ്ങിയ പ്രണയം വിടരും മുൻപേ തള്ളിക്കൊഴിക്കണോ……

ഇനി ഇവർ പറയുന്നതൊക്കെ സത്യമാണെങ്കിൽ ……. ആദികേശവനും അഹല്യയും മനസ്സിൽ ഒരു വിങ്ങൽ ആണ്….. ദുഷ്ടമനസ്സുകൾ കാരണം പൊലിഞ്ഞു പോയ രണ്ട് ജീവൻ…..അവരുടെ മോക്ഷത്തിന് വേണ്ടി തന്നെകൊണ്ട് ആവുന്നത് ചെയ്യണം….

ആദികേശവനും അഹല്യക്കും ശാന്തി ലഭിക്കാൻ ….. ദേവി കോപം അടങ്ങാൻ….. തറവാട്ടിനു ശാപമുക്തി നൽകാൻ….. ആ നിയോഗം തനിക്കായിരിക്കുമോ ദേവി നൽകിയത്……

ചിന്തകൾക്കൊടുവിൽ തല ഉയർത്തി നോക്കുമ്പോൾ ചുറ്റുമുള്ള എല്ലാ കണ്ണുകളും തനിക്ക് നേർക്ക് ആയിരുന്നു…. ഒരായിരം അപേക്ഷകൾ നിറഞ്ഞ കുറെ ജോഡി കണ്ണുകൾ……

ഒന്ന് ദീർഘമായി നിശ്വസിച്ചു മനു…..

“” ആ പെൺകുട്ടിയെ എനിക്ക് ഒന്ന് കാണണം…. അതിന് ശേഷം എന്റെ തീരുമാനം അറിയിക്കാം “‘

💫💫💫💫💫💫💫💫💫💫💫💫

“”മോളെന്താ ഒന്നും പറയാത്തത് …. അച്ഛൻ അവരോടൊക്കെ എന്താ മറുപടി കൊടുക്കേണ്ടത്….. കാര്യങ്ങളൊക്കെ മോളോട് എല്ലാവരും പറഞ്ഞു തന്നല്ലോ….. മോൾക്ക് വേറെ വല്ല ഇഷ്ടവുമുണ്ടോ മനസ്സിൽ …. എന്ത് തന്നെ ആയാലും തുറന്ന് പറഞ്ഞോ…. അച്ഛൻ മോളുടെ ഇഷ്ടത്തിനനുസരിച്ചേ തീരുമാനമെടുക്കൂ….””

അരവിന്ദൻ സൗപർണികയുടെ മറുപടിക്കായി കാത്തു നിന്നു…..

“” അമ്മാവനും അച്ഛമ്മയും പറഞ്ഞു തന്നതൊക്കെ മനസ്സിലായി…. ചിലപ്പോ ഈ നിയോഗം എനിക്ക് ആയിരിക്കാം….. പക്ഷെ അച്ഛാ….. അയാളെ കുറിച്ച് നമുക്ക് ഒന്നും അറിയില്ലാലോ…. നല്ലവനാണോ…അല്ലയോ…. ജോലിയുണ്ടോ…?? സ്വഭാവം എങ്ങനെയാ… വീട് എവിടെയാ…. അങ്ങനെ ഒന്നും…. എങ്ങനെയാ അച്ഛാ ഒന്നും അറിയാതെ ഒരാളെ വിവാഹം കഴിക്കുന്നത്….””

അറിയാതൊരാളുമായി പെട്ടെന്നൊരു ബന്ധം തുടരുന്നതിന്റെ എല്ലാ ആകുലതകളുമുണ്ടായിരുന്നു സൗപർണികയ്ക്ക്

“”അച്ഛൻ ആ കുട്ടിയെ കുറിച്ച് അന്വേഷിക്കാതിരിക്കുമോ മോളെ…. പേര് മനു ശങ്കർ എന്നാ…. മേലെപ്പാട്ട് ശ്രീധരൻ സാറിന്റെ മൂത്തമകൻ ശിവശങ്കരന്റെ മകൻ…. അവർക്ക് ടെക്സ്റ്റൈൽസും കൺസ്ട്രക്ഷൻ കമ്പനിയുമൊക്കെയുണ്ട്…. എറണാകുളത്തുള്ള അവരുടെ ബ്രാഞ്ച് നോക്കി നടത്തുന്നത് മനു ആണ്…. അന്വേഷണത്തിൽ നല്ല സ്വഭാവമാണെന്നാ അവരെ പരിചയമുള്ളവർ പറഞ്ഞത്…. പിന്നെ മേലെപ്പാട്ട്കാരെ ഇവിടെ എല്ലാവർക്കും അറിയാം…….. മോള് ആലോചിച്ച് ഒരു തീരുമാനമെടുക്ക്…. അച്ഛനും അമ്മയും എന്തിനും കൂടെ ഉണ്ടാകും….. “‘

“” എനിക്ക് ആളെ ഒന്ന് കാണണം അച്ഛാ…. ചില കാര്യങ്ങൾ നേരിട്ട് അറിയണം…. അതിന് ശേഷം പറയാം എന്റെ തീരുമാനം….. “”

തുടരും……..

 

LEAVE A RESPONSE