23/04/2026

നിയോഗം : ഭാഗം 06

രചന – അഹം

” ഇവിടെ ഇരിക്ക്…. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്… ഇന്നലെ പറയാൻ വന്നിട്ട് അവസാനം ഉടക്കി പിരിഞ്ഞു…. ഇന്ന് പിണക്കങ്ങളോ ദേഷ്യമോ ഇല്ലാതെ ഒരു തീരുമാനത്തിൽ എത്തണം നമുക്ക് “‘

ബെഡിനൊരുവശത്തേക്ക് നീങ്ങി കൊണ്ട് അടുത്തിരിക്കാൻ കൈ നീട്ടി വിളിച്ചു അവൻ……

ബെഡിലിരുന്ന് പരസ്പരം നോക്കുമ്പോഴും എന്തൊക്കെ പറയണമെന്നുള്ള തീരുമാനങ്ങളെടുക്കുകയായിരുന്നു ഇരുവരുടെയും ഉള്ളം…….

💫💫💫💫💫💫💫💫💫💫💫💫💫

കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം മനു തന്നെ അത് ഭേദിച്ചു കൊണ്ട് സംസാരത്തിന് തുടക്കമിട്ടു…..

“” നമ്മൾ രണ്ടുപേരും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇന്ന് നമ്മുടെ ജീവിതത്തിൽ നടന്നത്….. ഒരു വിവാഹമൊന്നും ഇപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല…. പ്രായവും ആയി വരുന്നേ ഉള്ളൂ…. കുറച്ചുകൂടി കാലം ബാച്‌ലർ ലൈഫ് എൻജോയ് ചെയ്ത് നടക്കണം .. എന്റെ ഡ്രീംസൊക്കെ അച്ചിവ് ചെയ്യണം……എല്ലാത്തിനുമവസാനം ഞാൻ കണ്ടെത്തുന്ന ഒരു കുട്ടിയെ വിവാഹം ചെയ്യണം ഇതൊക്കെ ആയിരുന്നു ഉള്ളിൽ…. ബട്ട്‌ എല്ലാം മാറിമറിഞ്ഞു….. ഇപ്പൊ ആകെ കൺഫ്യൂസ്ഡ് ആണ്….. വിധിയെ അക്‌സെപ്റ് ചെയ്യാൻ മനസ്സോരുക്കമല്ലാത്തപോലെ…… ഒന്നിച്ചു മുൻപോട്ട് പോകാൻ പറ്റില്ല എന്ന് തോന്നുന്നു…. എന്റെ കോൺസെപ്റ്റിലുള്ള ഒരാളെ അല്ല സൗപർണിക…. അതുകൊണ്ട് തന്നെ ഞാൻ ഒത്തിരി സ്‌ട്രെസ്സ്ഡ് ആണ്……ഇനി താൻ തന്നെ ഇതിൽ ഒരു തീരുമാനം എടുക്കൂ……..””

മനുവിൽ നിന്ന് ഉതിരുന്ന ഓരോ വാക്കുകൾക്കും കാതോർതിരിക്കുവായിരുന്നു സച്ചു….
മനു പറയുന്ന ഓരോ വാക്കുകളും അവളുടെ ഉള്ളിലും ചിന്തകളെ ഉണർത്തുണ്ടായിരുന്നു…. ഇതുപോലെ കുറെ ആഗ്രഹങ്ങൾ അവളും ഉള്ളിൽ കൂട്ടിവെച്ചിട്ടുണ്ടായിരുന്നു…. അതൊക്കെ മറ്റുള്ളവർക്ക് വേണ്ടി ഉപേക്ഷിച്ചതാണ്…..

സച്ചുവിൽ നിന്നൊരു മറുപടിക്കായി അവളെ തന്നെ നോക്കിയിരിക്കുന്ന മനുവിനെ അവളും ശ്രദ്ധിച്ചു…..

ആളുടെ രൂപത്തിന് താൻ ചേരില്ലെന്നു തനിക്ക് തന്നെ അറിയാം …. ബാഹ്യ സൗന്ദര്യം മാത്രം നോക്കിയാണോ മനു എന്നെ വേണ്ടെന്ന് പറയുന്നത്…. അങ്ങനെ ഉപേക്ഷിക്കേണ്ടതാണോ വിവാഹ ബന്ധം….മനസ്സിന്റെ സൗന്ദര്യത്തിന് ഇവിടെ യാതൊരു വിലയും ഇല്ലേ……

ബന്ധം മുൻപോട്ട് കൊണ്ടുപോകാൻ പറ്റുമോ എന്ന് ഒന്ന് ശ്രമിച്ചു നോക്കുകകൂടി ചെയ്യാതെ ഇത് പറ്റില്ലെന്ന് പറഞ്ഞ മനുവിന്റെ വാക്കുകളിൽ അവൾക്കുള്ളിൽ തീർത്തും ദേഷ്യം നിറച്ചിരുന്നു….. അങ്ങനെ ഉള്ള ഒരാളുടെ കൂടെ മുന്നോട് ജീവിച്ചിട്ട് യാതൊരു കാര്യവുമില്ലെന്ന് അവൾക്ക് തോന്നി….. കഴുത്തിൽ കിടക്കുന്ന താലിയെ നോക്കുംതോറും അവളുടെ മിഴികൾ നിറഞ്ഞു…..

“” മനു പറഞ്ഞതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്…. പക്ഷെ ഇപ്പൊ പെട്ടെന്നൊരു തീരുമാനം എടുക്കാൻ പറഞ്ഞാൽ എന്നെകൊണ്ട് പറ്റില്ല…. കുറച്ച് നാൾ എന്തായാലും ഈ ദാമ്പത്യം തുടരേണ്ടി വരും… ഇവിടത്തെ പ്രശ്ന പരിഹാരം കഴിയണ വരെ ബന്ധം പിരിയാൻ പറ്റില്ലലോ… വിവാഹം കഴിഞ്ഞ് ആറ് മാസം കഴിയാതെ ഡിവോഴ്സ് മൂവ് ചെയ്യാനും പറ്റില്ല…. അത് വരെ ഇങ്ങനെ പോകട്ടെ…. മൂന്ന് ദിവസം കഴിഞ്ഞാൽ ഞാൻ എന്റെ വീട്ടിലേക്ക് പോകും… നെക്സ്റ്റ് വീക്ക്‌ ജോബിന് ജോയിൻ ചെയ്യണം…. അപ്പൊ പിന്നെ ഇങ്ങനെ പരസ്പരം കാണേണ്ടല്ലോ…. ബാക്കി കാര്യങ്ങൾ എന്താന്ന് വെച്ചാൽ മനു തന്നെ തീരുമാനിച്ചോളൂ…””

ഇതിൽ കൂടുതൽ ഒരു തീരുമാനം എടുക്കാൻ അവളെ കൊണ്ട് ആവില്ലായിരുന്നു…. ഇഷ്ടപ്പെടാതെ നടന്ന വിവാഹമാണേലും താലി കഴുത്തിലണിഞ്ഞു മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും അത് അറുത്ത് മാറ്റാനുള്ള തീരുമാനവും കൈകൊള്ളുമ്പോൾ അവളുടെ ഉള്ളം പിടയുന്നുണ്ടായിരുന്നു…..

താലി എന്നും ഏതൊരു സ്ത്രീക്കും പ്രിയപ്പെട്ടതാണെന്നു ആ സമയം അവളും അറിഞ്ഞു…..

സച്ചു ഇത്രയും പറഞ്ഞിട്ടും മനു ആകെ ശ്രദ്ധിച്ചത് അവളുടെ മനു എന്ന വിളി മാത്രമാ…..

കാണാൻ നാടനാണേലും നാവ് നാട്ടിൻ പുറമല്ല…. സാധാരണ എല്ലാവരും ഭർത്താവിനെ ഏട്ടാ എന്നല്ലേ വിളിക്കുവാ… പിന്നെ ഇവൾക്കൊന്ന് വിളിച്ചാൽ എന്താ…. അവളുടെ ഒരു കൊനു………

പിരിയാം എന്ന് പറയുമ്പോൾ ഒരു സങ്കടം പോലും ഇല്ലല്ലോ അവൾക്ക്…. ഓഹ് എങ്ങനെ ഉണ്ടാകാനാ ഇന്നലെ അവൾ പറഞ്ഞല്ലോ എന്നെ പോലെ ഒരാളെ അല്ല അവൾക്ക് വേണ്ടതെന്നു….. എന്നാലും പിരിയേണ്ട കാര്യം പറയുമ്പോൾ അല്പം സങ്കടം ആ മുഖത്ത് താൻ പ്രതീക്ഷിച്ചോ….

ഹേയ് ഇല്ല…. എന്തിന്….. അവളോട് ഇതുവരെ ഒരു അടുപ്പവും തോന്നിയിട്ടില്ല…. ഇവളെക്കാൾ ബെസ്റ്റ് എനിക്ക് കിട്ടും…. ഇത് വെറുമൊരു ഒരു പട്ടിക്കാട്….

പുച്ഛത്താൽ ചുണ്ടുകൾ കോട്ടി അവൻ…..

“” ഹ്മ്മ് താൻ എന്നാൽ കിടന്നോ…. കുറച്ച് കാലം ഇങ്ങനെ പോട്ടെ…. സമയമാകുമ്പോൾ പിരിയാം…. ഡിവോഴ്സ് ഒന്നും ഫയൽ ചെയേണ്ടി വരില്ല… നമ്മൾ രജിസ്റ്റർ ചെയ്തിട്ടില്ലാല്ലോ…. തല്ക്കാലം ഇപ്പോൾ അറിയുന്നവരല്ലാതെ തന്റെ നാട്ടിലൊന്നും ആരോടും വിവാഹം കഴിഞ്ഞത് പറയണ്ട…. “‘

തലയാട്ടി മനുവിന് ഉത്തരം കൊടുക്കുമ്പോഴും എവിടെ കിടക്കുമെന്നായിരുന്നു സച്ചുവിന്റെ ചിന്ത….

സാധാരണ കഥയിലൊക്കെ ഇത്തരം സിറ്റുവേഷനിൽ ഒരു സോഫയോ പായയോ ഒക്കെ ഉണ്ടാകാറുണ്ട്…. ഇവിടെ അതൊന്നും കാണുന്നില്ലാലോ…. ദൈവമേ ഇനി നിലത്ത് ഷീറ്റ് വിരിച് കിടക്കേണ്ടി വരുമോ…..

സച്ചുവിന്റെ കണ്ണുകൾ റൂമാകമാനം പാഞ്ഞു നടക്കുന്നത് മനു കാണുന്നുണ്ടായിരുന്നു…..

“”സൗപർണികക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ നമുക്ക് ഈ ബെഡ് ഷെയർ ചെയാം…. ദാ ഈ സൈഡ് എന്റെ ആ സൈഡ് തന്റെ …. ഞാൻ അങ്ങോട്ടേക്കും വരില്ല…. താൻ ഇങ്ങോട്ടും വരരുത്…. ഓക്കേ “‘

സത്യം പറഞ്ഞാൽ ആ ഓപ്ഷൻ കേട്ടപ്പോൾ ശെരിക്കും സന്തോഷമാ തോന്നിയെ… നിലത്ത് കിടക്കാൻ എന്തായാലും തന്നെ കൊണ്ട് പറ്റില്ല…. ഇവിടെ ഇപ്പോ എല്ലാവർക്കും അറിയാം റൂമിൽ ഒരുമിച്ച് ആണേലും ഒന്നും നടക്കില്ലെന്നു…. സൊ ആരും തെറ്റിദ്ധരിക്കില്ല…. സച്ചു വേഗം തന്നെ ചാടി കടന്ന് അവൾക്ക് അലോട്ട് ചെയ്ത സ്ഥലത്ത് പുതപ്പും പുതച്ച് കിടന്നു….

അവളുടെ കട്ടായങ്ങളൊക്കെ കണ്ട് കണ്ണൊന്നു മിഴിച്ചു മനു………

💫💫💫💫💫💫💫💫💫💫💫💫💫

രാവിലെ എഴുന്നേൽക്കുമ്പോൾ മുറിയിൽ അവൾ ഉണ്ടായിരുന്നില്ല…. ഫ്രഷ് ആയി താഴെ ചെല്ലുമ്പോൾ ഡൈനിംഗ് ടേബിളിൽ അച്ഛനും അമ്മയ്‌ക്കുമൊപ്പം എന്നെയും കാത്ത് ഇരിക്കുന്നുണ്ട്…..

അമ്മയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്…. കൂടെ ഇടയ്ക്ക് അച്ഛനും കൂടുന്നത് നടന്ന് വരുന്നതിനിടയിൽ കാണുന്നുണ്ടായിരുന്നു….

മനു ഇരുന്നപ്പോൾ എല്ലാവരും ഫുഡ്‌ കഴിക്കാൻ തുടങ്ങി….

കുറച്ച് സമയം കൊണ്ട് തന്നെ ഉഷയ്ക്ക് സച്ചുവിനെ പിടിച്ചമട്ടാണ്….

അവളെ ചുറ്റിപറ്റി തന്നെ ആയിരുന്നു ഉഷ…. ഒരു മോളെ ലഭിച്ച സന്തോഷം ആ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്…..

“”മനു……..””

ശിവശങ്കരന്റെ ശബ്ദം കേട്ടപ്പോഴാണ് അമ്മയുടെ മുഖത്ത് നിന്ന് മനു കണ്ണുകളെടുത്തത്…..

“” എന്താ അച്ഛാ…… “‘

“” ബ്രെക്ഫാസ്റ്റ് കഴിഞ്ഞ് രണ്ടുപേരും വേഗം റെഡി ആയി വരണം…. വിവാഹം രജിസ്റ്റർ ചെയ്യാൻ പഞ്ചായത്തിൽ പോകണം…. കാവിലെ രജിസ്റ്ററിൽ സൈൻ ചെയ്തതുകൊണ്ട് തന്നെ പഞ്ചായത്തിൽ അത് കൊടുത്താൽ മതി…. ഒരാഴ്ചക്കുള്ളിൽ സർട്ടിഫിക്കറ്റ് കിട്ടും…. ഞാൻ പഞ്ചായത്തിലെ സുനിയോട് വിളിച് പറഞ്ഞിട്ടുണ്ട്… അവനെല്ലാം ശെരിയാക്കി കോളും…. പിന്നെ മോളും ഫാമിലിയും നാളെ കൂടി അല്ലെ ഇവിടെ ഉള്ളൂ…. അതുകൊണ്ട് എല്ലാം വേഗം ചെയ്യണം…. നീയും മറ്റെന്നാൾ എറണാകുളം പോകില്ലേ….. “”

മനുവിന്റെ വായിൽ വെച്ച ഇഡ്ഡലി വയറിനെ സ്വീകരിക്കാനാവാതെ ടേബിളിൽ തല തല്ലി വീണു………

മനുവിന്റെ മുഖഭാവം കണ്ടു പൊട്ടിവന്ന ചിരി കടിച്ചമർത്താനാവാതെ ചുണ്ടുകൾ കൂട്ടിപിടിച്ച് കൈകൊണ്ടു വാ അമർത്തി പിടിച്ചു സച്ചു…. ആരും കാണാതിരിക്കാൻ ചിരിടക്കിപിടിച്ചതുകൊണ്ട് തന്നെ സച്ചുവിന്റെ ദേഹമാകെ ചെറുതായി കുലുങ്ങി കണ്ണുകൾ നിറഞ്ഞു വന്നു…

മനു നോക്കുമ്പോൾ കാണുന്നത് കൈകൊണ്ട് കരച്ചിലടക്കി ആരും കാണാതേ വിതുമ്പുന്ന സച്ചുവിനെ ആണ്…….
അത് അവനിലും സങ്കടം നിറച്ചു….

പാവം അവൾക്കും അത് കേട്ടപ്പോൾ വിഷമമായെന്നു തോനുന്നു…..

“”ഇപ്പൊ രജിസ്ട്രേഷനൊക്കെ വേണോ അച്ഛാ….. ഇന്ന് ഞങ്ങൾക്ക് പൂജയിലൊക്കെ പങ്കെടുക്കണ്ടേ…. പിന്നീടൊരു ദിവസം ചെയ്യാമിതൊക്കെ…..”‘

അച്ഛന്റെ തീരുമാനം മാറ്റാനൊരു പരിശ്രമം നടത്തി അവൻ….

“” ഞാൻ വാസുദേവൻ നമ്പൂതിരിയോട് ചോദിച്ചിട്ടുണ്ടായിരുന്നു…. അദ്ദേഹം പോയി രജിസ്റ്റർ ചെയ്തോളാനാണ് പറഞ്ഞേ…. അതൊക്കെ കഴിയുമ്പോഴേക്കേ നിങ്ങളുടെ ആവശ്യം അവിടെ ഉണ്ടാകൂ…. വർത്തമാനം പറഞ്ഞിരിക്കാതെ വേഗം റെഡിആകൂ രണ്ടുപേരും… സച്ചുവിന്റെ വീട്ടുകാര് ഇപ്പൊ എത്തും…””

ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ മനു വേഗം പോയി റെഡി ആയി വന്നു…. അവൻ റൂമിനു വെളിയിലേക്ക് വന്ന ഉടനെ സച്ചു വേഗം റൂമിലേക്ക് കയറി….

പീകോക്ക് കളറിൽ രണ്ടു സൈഡും ഗോൾഡൻ കളർ ഉള്ള ഒരു സാരി ധരിച്ചു താഴേക്ക് വരുമ്പോഴേക്കും അവളുടെ വീട്ടുകാരും എത്തിയിരുന്നു….

അച്ഛനോടും അമ്മയോടും വിച്ചുവിനോടുമൊക്കെ മനുവിന്റെ വളരെ സൗഹാർദ്ദപരമായ പെരുമാറ്റം സച്ചുവിന്റെ ഉള്ളം നിറച്ചു…..

സച്ചുവിനെ കണ്ടപ്പോൾ തന്നെ വിചുവും കനകയും ഓടിവന്നു കെട്ടിപിടിച്ചു…. ഒരു രാത്രി അവളെ പിരിഞ്ഞിരുന്ന വേദന കണ്ണീരാലും ചുംബനങ്ങളാലും അവരോഴുക്കി തീർത്തു….

അവളുടെ കണ്ണുകളും നിറഞ്ഞു…..

നേരെ പഞ്ചായത്ത്‌ ഓഫീസിലേക്ക് ആയിരുന്നു എല്ലാവരും പോയത്……

രെജിസ്ട്രേഷൻ പ്രോസിജിയേഴ്‌സൊക്കെ കഴിഞ്ഞ ശേഷം എല്ലാവരും കൂടി പൂജയിൽ പങ്കെടുക്കാനായി കാവിലേക്ക് നീങ്ങി….

തുടരും

With love അഹം 💜