25/05/2026

സായൂജ്യം : ഭാഗം 04

രചന – അഞ്ജു തങ്കച്ചൻ

സത്യനാഥ്‌ അയാൾക്ക്‌ നേരെ പാഞ്ഞടുത്തു.

എടോ ദ്രോഹി… നീയെന്താ ചെയ്തത് എന്റെ ഉമയെ?
അയാളുടെ ചുമലിൽ അതിശക്തമായി പിടിച്ചുലച്ചു കൊണ്ടയാൾ ചോദിച്ചു.

എന്താ…. നീയീ പറയുന്നത് എനിക്ക് മനസിലാകുന്നില്ല.

സത്യനാഥ്‌ അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു. തനിക്കു മനസിലായില്ല അല്ലേ?

നിങ്ങളുടെ അലമാരയിൽ എന്റെ ഉമയുടെ സാരിയും, ഫോട്ടോയും എങ്ങനെ വന്നു?
എന്തൊരു മനുഷ്യനാടോ താൻ, അനിയത്തിയായി കരുതേണ്ടതല്ലേ അവളെ. എന്നിട്ട്…

മോനേ എനിക്കൊന്നും അറിയില്ല.

സത്യം പറ.നിങ്ങൾ അവളെ എന്ത് ചെയ്‌തു. അവൾ ജീവനോടെയുണ്ടോ, അതോ താൻ അവളെ ഇല്ലാതാക്കിയോടോ???

നീയെന്തൊക്കെയാടാ ഈ പറയുന്നത്?
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെടാ. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഇല്ല ഞാൻ വിശ്വസിക്കില്ല.

നോക്ക്..എന്റെ പതിമൂന്നാമത്തെ വയസിൽ അച്ഛൻ എന്റെ കൈയിൽ വച്ചു തന്ന ചോരക്കുഞ്ഞാ നീ.
അന്ന് അച്ഛൻ പറഞ്ഞത് നിനക്കൊരു കുഞ്ഞനുജൻ പിറന്നു,നീ നല്ലോണം അവനെ നോക്കിക്കോളാണം എന്നാ.
പതിമൂന്ന് വയസ്സിന്റെ വിത്യാസം ഉള്ളത് കൊണ്ട് നിന്നെ ഞാൻ എന്റെ അനുജൻ മാത്രമായല്ല,ന്റെ മകൻ പോലെയാ എനിക്ക് നീ.
അങ്ങനെയുള്ള നിന്റെ പെണ്ണിനെ ഒരു മോശം കണ്ണോടെ ഒന്ന് നോക്കാൻ പോലും എനിക്ക് പറ്റില്ലെടാ, അയാളുടെ മുഖം ചുവന്നു വിങ്ങി.

ഞാനൊരു വിവാഹം പോലും കഴിക്കാത്തത്, അച്ഛൻ സമ്പാദിച്ച നമ്മുടെ ഈ മണ്ണും വീടും ഒക്കെ നിനക്ക് മാത്രം കിട്ടാൻ വേണ്ടിയാ, എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ട്ടവാ, എനിക്ക് നീയുണ്ട് ,നീ മാത്രം മതി, എന്നാ ഞാൻ എപ്പോഴും ചിന്തിക്കുന്നത്.
അങ്ങനെയുള്ള എനിക്ക് ഉമ എന്റെ മോളല്ലേടാ….
കരഞ്ഞുകൊണ്ടായാൾ നിലത്തേക്ക് ഇരുന്നു.

എന്താ എന്താ ഇവിടെ ഒച്ചയും ബഹളവും എന്താ പറ്റിയത്? ഭാമ അകത്തേക്ക് വന്നു.

അപ്പോഴാണ് മാധവൻ സർവ്വവും നഷ്ടപ്പെട്ടവനെപ്പോലെ നിലത്തിരുന്ന് കരയുന്നത് അവൾ കണ്ടത്.

അയ്യോ… മാധവേട്ടാ, എന്താ പറ്റിയെ?

എന്താ സത്യാ എന്താ ഇവിടെ സംഭവിച്ചത്.

അല്ല ഉമയുടെ സാരിയും ഫോട്ടോയും കണ്ടപ്പോൾ ഞാൻ കരുതി…

സത്യ എന്ത് കരുതി?

അല്ല ഉമയെ കാണാതായതിനു പിന്നിൽ ഏട്ടനാണെന്ന് കരുതി.

എന്നെ കാണാതായെന്നോ? ഞാനല്ലേ മുന്നിൽ നിൽക്കുന്നത്. സത്യക്ക് എന്താ പറ്റിയത്?
പാവം ഏട്ടനെ പോലും ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കുവാ.

അല്ല നീയല്ലേ പറഞ്ഞത് ഏട്ടൻ കുഞ്ഞിനെ എടുക്കുന്നത് ഇഷ്ട്ടമല്ല എന്നൊക്കെ…എല്ലാം കൂടെ ചേർത്തുവായിച്ചപ്പോൾ…

കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഭാമ എടുത്തു.

ഏട്ടാ… എനിക്ക് ഭയമാണ്. ഞാനും സത്യയും അല്ലാതെ കുഞ്ഞിനെ ആരെങ്കിലും എടുത്താൽ എനിക്ക് മനസിനാകെ ഒരു പിടച്ചിൽ വരും… എന്തൊക്കെയോ പേടിപ്പെടുത്തുന്ന ചിന്തകൾ ഉള്ളിൽ നിറയും.

സത്യ കഴിഞ്ഞാൽ പിന്നെ ഈ ലോകത്തിൽ എന്നെ മനസിലാവുന്ന ഒരേ ഒരാൾ മാധവേട്ടനാണ്.
നമ്മുടെ കുഞ്ഞിനെ, സ്വന്തം ജീവൻ കൊടുത്തും ഏട്ടൻ സംരക്ഷിക്കുമെന്നും അറിയാം സത്യാ,പക്ഷെ…. എനിക്കറിയില്ല, എന്റെ കുഞ്ഞിനെ ആരോ വന്ന് എടുക്കുന്നതും…. പിന്നെ….അവളുടെ എടുത്തുയർത്തുന്നതും മനസ്സിൽ തെളിഞ്ഞു വരും

ആരാ അത്?

എനിക്കറിയില്ല… എനിക്കറിയില്ല ഒന്നും.

അവൾ കുഞ്ഞിനെ മാധവേട്ടന്റെ കൈകളിൽ കൊടുത്തു.

സത്യാ… എനിക്ക് വേറൊരുകൂട്ടം പറയാനുണ്ട്. ഇങ്ങ് വന്നേ.

അവൾ അയാളുടെ കൈകളിൽ പിടിച്ച്‌ മുറിയിലേക്ക് നടന്നു.

എന്താ… എന്താ ഭാമേ…?

ഭാമയോ? ഇപ്പോൾ കുറേ തവണയായി പറയുന്നല്ലോ ഈ പേര്,ആരാ അത്?

അത്… അത്…എന്റെ സുഹൃത്താ. ഓഫീസിൽ വിളിച്ചു ശീലിച്ചത് നാവിൽ നിന്നും പോണില്ല.

അതെന്തേലും ആവട്ടെ. സത്യാ ഇത് കണ്ടോ എന്റെ ഫോൺ ,ഇതിൽ നോക്കിക്കേ എന്റെ കൂടെ വേറൊരു ആളുടെ ഫോട്ടോ.

നോക്ക് എന്റെ വാട്സാപ്പ് പിക്ചർ വരെ അയാളുടെയും എന്റെയുംമുഖങ്ങൾ ചേർന്നിരിക്കുന്നതാണ്.

ഇയാളെ നീ അറിയില്ലേ?

കണ്ടിട്ടുള്ളത് പോലെ തോന്നുന്നു സത്യാ. പക്ഷെ ആരാണെന്ന് ഓർമ്മ വരുന്നില്ല.

ഇത് ഇവിടെ മതിൽ പണിയാൻ വന്ന മുരളി അല്ലേ?

എങ്കിലും ഞാനും ഒന്നിച്ചുള്ള ഈ ഫോട്ടോ എങ്ങനെ എന്റെ ഫോണിൽ വന്നു.അതാ മനസിലാകാത്തത് സത്യാ.

ഇത് വ്യാജമായി നിർമ്മിച്ചതായിരിക്കും.

ആര് നിർമിക്കാൻ?

അത് ചിലപ്പോൾ അയാൾ വെറുതെ നീ വളയുമോ എന്നറിയാൻ നോക്കിയതായിരിക്കും.

ഇങ്ങനൊക്കെ ചെയ്യുന്നത് തെറ്റല്ലേ, ഞാൻ ഉറപ്പായിട്ടും അയാളുടെ പേരിൽ കേസ് കൊടുക്കും. പെണ്ണുങ്ങൾ പാവങ്ങൾ ആണെന്ന് കരുതി ഒരോരുത്തന്മാർ ഇറങ്ങും.
ഇവനെയൊക്കെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

അയാൾക്ക്‌ വേണ്ടതൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്.

അപ്പോൾ സത്യ ഈ ഫോട്ടോ ഒക്കെ നേരത്തെ കണ്ടായിരുന്നോ?

ഉം..

ഹൊ.. ഞാൻ ഇപ്പോഴാ കാണുന്നത്. കുഞ്ഞിനെ നോക്കുന്നതിനിടയിൽ ഞാൻ ഫോൺ എടുക്കാറേ ഇല്ല. ചിലപ്പോൾ ചാർജ് പോലും ചെയ്യില്ല.അതല്ലേ സത്യ വിളിക്കുമ്പോൾ കിട്ടില്ലാത്തത്.

കുഞ്ഞ് ജനിച്ചതോടെ എന്റെ ലോകം അവൾ മാത്രമായി പോയി.

ആട്ടെ അവന് നല്ലത് കൊടുത്തോ..

ഉം.

അയാളുടെ കൈകൾ രണ്ടും തല്ലി ഒടിക്കാൻ മേലാരുന്നോ.ഇനി ഇങ്ങനൊന്നും അയാൾ ചെയ്യരുത്.

ഒടിഞ്ഞെന്നാ തോന്നുന്നത്.

ഉം…അതാണ് എന്റെ കെട്ടിയോൻ. അവൾ അയാളുടെ മുഖത്തമർത്തി ചുംബിച്ചു.

ഞാൻ മാധവേട്ടന് ചായ ഇട്ട് കൊടുത്തിട്ട് വരാം കേട്ടോ. ഇടക്ക് ചായ കുടിച്ചില്ലെങ്കിൽ ഒരു രസോം ഇല്ലെന്ന് പറയും. ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ

സത്യനാഥ്‌ ആലോചനയോടെ മുറിയിലൂടെ നടന്നു.

പോലീസ് സിറ്റിയിലെ സിസി ടിവി ക്യാമറ പരിശോധിച്ചപ്പോൾ ഉമ ഒരു പുരുഷനോടൊപ്പം നടന്നു പോകുന്നത് വ്യക്തമായി കാണുകയും.

ആ പുരുഷൻ വീട്ടിൽ മതിൽ പണിക്കായി വന്ന മുരളിയാണെന്ന് മാധവേട്ടൻ തിരിച്ചറിയുകയും ചെയ്തതാണ്.

കൂടാതെ മുരളിയുടെ വീട്ടിൽ അന്വേഷിച്ചപ്പോൾ മുരളി വീട്ടിൽ ഇല്ലെന്നും ഏതോ പെണ്ണുമായി പ്രണയത്തിൽ ആണെന്നും, അവളോടൊപ്പം നാട് വിടുകയാണെന്നും പറഞ്ഞുവെന്ന് പോലിസ് അന്വേഷണത്തിൽ തെളിഞ്ഞതാണ്.
അതും കൂടാതെ ഉമ ഫോൺ വിളിച്ച് സത്യാ എന്നോട് ക്ഷമിക്കണം എന്നും പറഞ്ഞു.

എല്ലാം കൂടെ കൂട്ടിവായിച്ചപ്പോൾ ഉമ അയാളോടൊപ്പം പോയെന്ന് കരുതി.

എന്താണ് സത്യം? ഉമക്ക് എന്താണ് സംഭവിച്ചത്?

സത്യനാഥ്‌ നെറ്റിയിൽ കൈ അമർത്തി, വയ്യ ആലോചിക്കുമ്പോൾ തല പൊട്ടിപ്പിളരും പോലെ.

തന്റെ ഉമ ഒരിക്കലും തന്നെയും, കുഞ്ഞിനേയും വിട്ട് പോകില്ലെന്ന് മനസ് പറയുമ്പോഴും. അത് വിശ്വസിക്കാതെ താനവളെ സംശയിച്ചു പോയത് എത്ര വലിയ തെറ്റാണ്.

എങ്ങനെ… എങ്ങനെ ഞാൻ അവളെ കണ്ടുപിടിക്കും.

************

ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന മാധവന്റെ അടുത്തേക്ക് സത്യനാഥ്‌ ചെന്നു.

ഏട്ടന്റെ കാലുകളിൽ അമർത്തി പിടിച്ചു മാപ്പ് പറയുമ്പോൾ ആ പാദങ്ങളിൽ അയാളുടെ കണ്ണുനീർ തുള്ളികൾ ഇറ്റ് വീഴുന്നുണ്ടായിരുന്നു.

അയ്യോ… എന്താടാ ഇത്. അയാൾ ബലമായി അവനെ പിടിച്ചെഴുന്നേൽപ്പിച്ചു.

സാരമില്ലടാ.. എനിക്കറിയാം നിന്റെ വേദന.

ഞാൻ ഒന്ന് മാത്രം പറയാം മോനേ. ഈ കഴിഞ്ഞ മൂന്ന് മാസവും ഞാൻ കരുതിയത് ഉമ മുരളിയോടൊപ്പം പോയെന്ന് തന്നെയാണ്. പക്ഷെ ഇപ്പോൾ എനിക്കുറപ്പുണ്ട് ആരോ അവളെ അപകടപ്പെടുത്തിയതാണ്.
അതും നമ്മളെ ശരിക്കും അറിയാവുന്ന ആരോ ആണ്.
അല്ലെങ്കിൽ പിന്നെ ഒരാന്വേഷണം വന്നാലും അത് എന്റെ നേരെ തിരിയാൻ പാകത്തിന് ആരായിരിക്കും എന്റെ അലമാരയിൽ ഫോട്ടോയും സാരിയും കൊണ്ട് വച്ചത്?
അപ്പോൾ ആരായാലും ഇവിടം നന്നായി അറിയുന്ന ആരോ ആയിരിക്കും.

നമ്മൾ എന്ത് ചെയ്യും ഏട്ടാ…?

അത് നീ അവളോട്‌ തന്നെ ചോദിക്കണം. ഉമയാണെന്ന് പറഞ്ഞു വന്ന ആ കുട്ടിയില്ലേ അവളോട്‌ ചോദിക്കണം.

ആ കുട്ടിക്ക് മറ്റൊന്നും അറിയില്ല ഏട്ടാ . ഇപ്പോൾ അവൾ ഉമയാണ് അതല്ലാതെ ഒന്നും അവൾക്ക് അറിയില്ല.

നീ പഴയതൊക്കെ പറഞ്ഞ് അവളുടെ മനസ് ആ ദിവസത്തിൽ എത്തിക്കണം. കൃത്യമായി പറഞ്ഞാൽ മൂന്നുമാസം മുൻപുള്ള ആ പതിനാലാം തിയതി. അന്നത്തെ കാര്യങ്ങൾ അവൾക്ക് ഓർത്തെടുക്കാൻ കഴിയും.

സത്യനാഥ്‌ അൽപ്പനേരം എന്തോ ആലോചിച്ചിരുന്നു.

ശരിയാണ് ഏട്ടാ. ചിലപ്പോൾ ഭാമയുടെ അച്ഛൻ അവളെ നാളെത്തന്നെ സൈക്യാട്രിസ്റ്റിനെ കാണിക്കും ഒരുപക്ഷെ, അവൾ ഭാമ മാത്രം ആയി മാറിയേക്കാം. അതിനു മുൻപ് ഞാൻ ചോദിക്കാം ഏട്ടാ അവളോട്‌.

മുറിയിലേക്ക് പോകാൻ ആഞ്ഞാ സത്യനാഥിന്റെ കൈയിൽ അയാൾ പെട്ടന്ന് പിടിച്ചു.

എന്താ ഏട്ടാ…?

എടാ…. ഉമ ജീവനോടെ ഉണ്ടാകും എന്ന അമിത പ്രതീക്ഷ വയ്ക്കരുത് എന്റെ കുട്ടി, ഒരുപക്ഷെ അവൾക്ക് സംഭവിച്ചത് എന്തെന്നറിയിക്കാൻ ഭാമയുടെ ശരീരത്തിലൂടെ അവൾ ശ്രെമിക്കുന്നതാവും.

ഏട്ടാ…

വേണ്ട മോനേ… അമിത പ്രതീക്ഷ തകർന്നാൽ നീയത് താങ്ങില്ല. കുഞ്ഞിന് അവളുടെ അച്ഛനെ എങ്കിലും വേണം. അതുകൊണ്ടാ പറയുന്നത്. എന്തും താങ്ങാൻ നിനക്ക് കഴിയണം.

ഉം…..

അയാൾ പതിയെ മുറിയിലേക്ക് നടന്നു.

********

തുടരും.