രചന – വൈദേഹി വൈഗ
“മീരാ .. താൻ ഇവിടെ .. ” മാധവ് അത് ചോദിച്ചതും വെറുപ്പോടെ ഞാൻ മുഖം തിരിച്ചു… മാധവിന്റെ മുഖം വിളറി വെളുത്തിട്ടുണ്ട്… ഞാൻ അയാള് പറയുന്നത് ശ്രദ്ധിക്കാതെ ക്ലാസ്സിലേക്ക് നടന്നു. ആദ്യത്തെ ക്ലാസ്സ് ആയതു കൊണ്ടും മാധവിനെ കണ്ട നീരസം കൊണ്ടും എന്തോ ക്ലാസ്സ് എടുക്കാൻ തോന്നിയില്ല… കുട്ടികളോട് മിണ്ടിയും പറഞ്ഞും സമയം തള്ളി നീക്കി… ആ ഹവർ കഴിയും മുന്നേ ഞാൻ സ്റ്റാഫ് റൂമിലേക്ക് ചെന്നു…. എനിക്ക് എതിരെ ഉള്ള ചെയറിൽ മാധവ് ഇരിക്കുന്നുണ്ടയിരുന്നു.. ആ മുഖത്ത് നോക്കാൻ വയ്യാതെ ഞാൻ ടേബിളിൽ തലവച്ചു കിടന്നു….. “മീരാ.. മീരാ… ” സ്നേഹ ആയിരുന്നു വിളിച്ചത്… ഞാൻ അവളെ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കി… “എന്ത് പറ്റിയെടോ.. അവർ കഴിയും മുന്നേ ഇങ് വന്നല്ലോ… ന്താ സുഖം ഇല്ലേ… ” “ഇല്ല.. വല്ലത്തൊരു തലവേദന… ” മാധവിന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ ആയിരുന്നു ഞാൻ അത് പറഞ്ഞത് …
അപ്പൊത്തന്നെ അയാള് ബുക്സ് എടുത്തു അവിടെ നിന്നും പോയി.. അടുത്ത ഹവർ അയാളുടേത് ആയിരിക്കണം ക്ലാസ്സ്… “താൻ എന്നാൽ ഹാഫ് ഡേ ലീവ് എടുക്ക്… ” “ആദ്യത്തെ ദിവസം തന്നെ ലീവ്…. ” “അതൊന്നും സാരില്ല.. വയ്യാത്തത് കൊണ്ടല്ലേ… എച് ഓ ഡി ആളൊരു പാവം ആണ്.. പറഞ്ഞാൽ മനസിലാകും… ” “എന്നാൽ ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ.. ” കുറച്ചു സമയം കൂടെ അവിടെ കിടന്നു…. ഓരോന്ന് ചിന്തിച്ചപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു… മാധവിൽ നിന്നും ഉള്ള ഒളിച്ചോട്ടം ആയിരുന്നു ഒരു കണക്കിന് ഇവിടേക്കുള്ള വരവ് തന്നെ.. എന്നിട്ടിപ്പോ വന്നു പെട്ടത് അയാളുടെ കണ്മുന്നിലും… വയ്യ… ചിന്തകൾ കാട് കയറും മുന്നേ ഞാൻ അവിടെ നിന്നും എണീറ്റു… ലീവ് വാങ്ങി ഡിപ്പാർട്മെന്റിൽ നിന്നും ഇറങ്ങി….
“മീരാ… ഒന്ന് നിന്നേ…. ” “എന്താ സ്നേഹ? ” “താൻ ഇന്നലെ സ്റ്റേ ടെ കാര്യം പറഞ്ഞിരുന്നില്ലേ.. അത് ഒക്കെ ആണ്… ഞാൻ ഇപ്പോൾ ഉള്ള വിമൻസ് ഹോസ്റ്റലിൽ… ” “താങ്ക്സ്” “ബുദ്ധിമുട്ടില്ലെങ്കിൽ വൈകീട്ട് ഞാൻ ഹോസ്റ്റലിലേക്ക് വരാം.. ഒന്നിച്ചു പോവാം… ” “എങ്കിൽ അങ്ങനെ ആവാം… ഞാൻ ഇറങ്ങട്ടെ എന്നാൽ…. ” അവളോട് പറഞ്ഞു കോളേജിൽ നിന്നും ഇറങ്ങി… ഡ്രൈവ് ചെയ്യുമ്പോഴും എന്റെ മനസ് എവിടെയോ ആയിരുന്നു…. ഹോസ്റ്റലിൽ എത്തി കട്ടിലിലേക്ക് വീഴുമ്പോഴും മനസ്സിൽ ഇന്ന് കണ്ട മാധവിന്റെ മുഖം ആയിരുന്നു… അയാളിൽ നിന്നും അകലാൻ ശ്രമിക്കുംതോറും അയാൾ എന്നിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു… എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാൻ തുടങ്ങി…. മനസ്സിനെ എത്ര പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും പറ്റിയില്ല… അത് പഴയ ഓർമകളിലേക്ക് പോകാൻ തുടങ്ങിയിരുന്നു.
ജ്യോതികൃഷ്ണ കോളേജ്… റാഗിങ്ങിലും രാഷ്ട്രീയത്തിലും എന്ന് വേണ്ട എല്ലാറ്റിലും പേര് കേട്ട കോളേജ്… ഒരു തനി നാട്ടിൻ പുറത്തുകാരി പെണ്കുട്ടിക്ക് പേടിക്കാനും മാത്രം ഇതിൽ കൂടുതൽ എന്ത് വേണം… ആദ്യ ദിവസം ആ കോളേജിലേക്ക് കയറി ചെല്ലുമ്പോൾ നെഞ്ചിന്റെ ഉള്ളിൽ പഞ്ചാരി മേളം ആയിരുന്നു …. “ഡി…. ” പുറകിൽ ഒരു പെൺശബ്ദം കെട്ടായിരുന്നു ഞാൻ തിരിഞ്ഞു നോക്കിയത്… ഒന്നല്ല ആറു പേര് ഉണ്ടായിരുന്നു അവർ… സീനിയേഴ്സ് ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് മനസിലായി… “നിന്റെ പേരെന്താടി… ” കൂട്ടത്തിൽ ലീഡർ എന്ന തോന്നുന്ന ചേച്ചി ആണ് ചോദിച്ചത്… “മീ… മീര… ” “ഇവിടെ എന്തിനാ വന്നേ…” “അത് പഠിക്കാൻ.. ” “എന്ത് പഠിക്കാൻ.. ഇതു നൃത്തം പഠിപ്പിക്കുന്ന കോളേജ് അല്ല.. ” ഞാൻ അവരെ ഒന്നും മനസിലാവാതെ തുറിച്ചു നോക്കി…
എന്റെ അന്ധാളിച്ചുള്ള നിൽപ്പ് കണ്ടിട്ട് ആവണം അവരൊക്കെയും ആർത്തു ചിരിച്ചത്… “എടി.. നി പട്ട് പാവടയൊക്കെ ഒക്കെ ഇട്ടിട്ടു വന്നപ്പോൾ ഞങ്ങള് കരുതി നി ഇവിടെ വഴി മാറി കയറിയത് ആണെന്ന്… ” “ചേച്ചിമാരെ ഞാൻ ക്ലാസ്സിലോട്ട് ചെല്ലട്ടെ… ” “ആഹാ.. നിനക്കെന്താ പഠിക്കാൻ അത്രക്ക് തിരക്കായോ… എന്നാ വാ ചേച്ചിമാര് മോളേ പഠിപ്പിക്കാം… ” ഇതും പറഞ്ഞു അവരെന്റെ കൈയിൽ കയറി പിടിച്ചു .. സിനിമകളിൽ മാത്രമേ പെൺകുട്ടികൾ ഒക്കെ റാഗ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുള്ളു… ഞാൻ നന്നായി പേടിച്ചു… ന്റെ കൃഷ്‌ണാ.. നി കാത്തോണേ… അപ്പോഴേക്കും ഞാൻ കാരച്ചലിന്റെ വക്കോളം എത്തിയിരുന്നു. അവരുടെ കൂടെ നടക്കാനെ എനിക്കായുള്ളു… കരച്ചിൽ കടിച്ചു പിടിച്ചു കൊണ്ട് ഞാൻ അവർക്കൊപ്പം നടന്നു…
കോളേജ് വരാന്തയുടെ അവസാനം ഉള്ള കോണി പടിക്കു താഴെ ഉള്ള ഒരു മുറിയിലേക്കാണ് അവര് എന്നേം കൊണ്ട് പോയത്… ആ ആറു പേർക്കും നടുവിൽ സിംഹത്തിന്റെ മുന്നിൽ പെട്ട മാനിനെ പോലെ ആയി എന്റെ അവസ്ഥ… ശിവാനി ചേച്ചി എന്റെ ഷോള്ഡറില് കൈ വച്ചു… ഞാൻ പേടിച്ചു കരയാൻ തുടങ്ങി… “ഹ നീയിങ്ങനെ കരഞ്ഞാൽ എങ്ങനെയാ കൊച്ചേ ചേച്ചിമാര് നിന്നെ കണക്കു പഠിപ്പിക്കുന്നെ…” “എന്നേ ഉപദ്രവിക്കരുത്… നിക്ക്.. നിക്ക് പോണം.. ” “എല്ലാവർക്കും പോണം… നിനക്കും പെട്ടന്ന് പോവാം.. പക്ഷെ ചേച്ചിമാര് പറയുന്നത് മോള് അനുസരിക്കണം..” “എ.. എന്താ.. ” എന്റെ കൃഷ്ണാ.. എന്നേ ഇങ്ങനെ പരീക്ഷിക്കല്ലേ… “നിന്നെ കാണാൻ എന്ത് ഭംഗിയാടി… കരിമ്പച്ച ധാവണിയും മുല്ലപ്പൂവും തുളസി കതിരും… ഓഹ്… തനി നാടൻ പെണ്ണ്… ” “ഇവിടുത്തെ ആൺപിള്ളേരെ ഒക്കെ മയക്കി കൈയ്യിൽ എടുക്കാൻ ആണോ ഇങ്ങനെ കൊലം കെട്ടിയുള്ള നിന്റെ ഈ എഴുന്നള്ളത്.. ” ശിവാനി ചേച്ചി വല്ലാതെ പൊട്ടിത്തെറിച്ചു…
എനിക്ക് പേടിച്ചിട്ടു കയ്യും കാലും വിറക്കാൻ തുടങ്ങി .. “ചേച്ചി.. ഞാൻ… ” “ചേച്ചിയോ.. ആരുടെ ചേച്ചിയാടി…. അഴിച്ചോണം.. എല്ലാം…ഇപ്പോ ഇവിടെ വച്ചു അഴിക്കണം നിന്റെ ഈ കൊലം ” “എന്താ… ” കേട്ടത് വിശ്വസിക്കാൻ പറ്റാതെ ഞാൻ അവരെ നോക്കി .. “നിനക്കെന്താ മലയാളം പറഞ്ഞാ മനസിലാവില്ലേ… നിന്റെയി കഥകളി വേഷം അഴിച്ചു വച്ചിട്ട് ഞങ്ങള് തരുന്ന വേഷം ഇട്ടോണ്ട് നി ക്ലാസ്സിൽ പോയാൽ മതി ” ഇതും പറഞ്ഞു എന്റെ നേർക്ക് അവര് ഒരു ജോഡി ഡ്രസ്സ് എടുത്തു എറിഞ്ഞു… ജീൻസും ഷർട്ടും…. “നിന്നപോലെ ഒന്ന് രണ്ടു എണ്ണത്തിനെ ഞങ്ങള് എല്ലാ കൊല്ലവും ഇവിടെ പ്രതീക്ഷിക്കാറുണ്ട്… അത് കൊണ്ട് മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്നു… ” “എനിക്ക്.. എനിക്കിതൊന്നും ഇട്ടു ശീലം ഇല്ല.. ഞാൻ.. ഞാനിടില്ല… ” “മര്യാധയ്ക്ക് ഞങ്ങള് പറഞ്ഞു.. ഇതൊക്കെ അഴിച്ചു ഈ ജീൻസ് ഇടാൻ.. വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കരുത് .. ” “നിങ്ങള് എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിനു സമ്മതിക്കില്ല… ” എന്റെ കരണം പുകച്ചു ഒരടി ആയിരുന്നു അവരുടെ മറുപടി…
സങ്കടം സഹിക്കാൻ പറ്റാതെ ഞാൻ പൊട്ടി കരഞ്ഞു… “ഇത് ഞാൻ കംപ്ലയിന്റ് ചെയ്യും.. ” ഞാൻ അവരോടു പറഞ്ഞു…. “ഹഹഹ .. എന്നാ പോയി ചെയ്യടി… ഈ കോളേജിന്റെ മാനേജരുടെ മോളേ ഏതവനാ തൊടുന്നെ എന്ന് കാണാല്ലോ… ” ഇതും പറഞ്ഞു അവര് എന്റെ നേർക്ക് വന്നു .. എന്റെ ഷാളിൽ കയറി പിടിച്ചു വലിച്ചു… ഷാൾ അഴിയാൻ തുടങ്ങിയതും ഞാൻ അത് അവരുടെ കൈയ്യിൽ നിന്നും പിടിച്ചു അവരെ പിറകിലേക്ക് തള്ളിയിട്ടു മുറിയിൽ നിന്നും ഇറങ്ങി ഓടി…. പിറകിലേക്ക് നോക്കി വരാന്തയിൽ കൂടെ ഞാൻ ഓടി… പെട്ടന്നായിരുന്നു രണ്ടു കരങ്ങൾ എന്നെ പിടിച്ചു നിർത്തിയത്… ആരാ എന്താ എന്ന് പോലും എനിക്കറിയില്ല.. ഒരാണിന്റെ കൈകൾ ആണെന്ന് മാത്രം അറിയാം… ഞാൻ ആ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു… എന്റെ പിറകെ വരുന്നവർക്ക് നേരെ കൈ ചൂണ്ടി … ആ കൈകൾ എന്നെ പിറകിലേക്ക് മാറ്റി നിർത്തി …. പിന്നെ കരണം പൊട്ടുന്ന ഒരടി ആയിരുന്നു ഞാൻ കേട്ടത്…. “കുഞ്ഞേട്ടാ…. ഞാൻ…. ” “മിണ്ടരുത് ശിവാ നി…. ” ശിവാനി ചേച്ചീടേം എന്നെ പിടിച്ചു നിർത്തിയ ആ ഏട്ടന്റെയും സംസാരം ഞാൻ കേട്ടു… ബോധം മറയും മുന്നെ അവസാനമായി കേട്ടതും അതായിരുന്നു…. ****** മേശയിൽ വച്ചിരുന്ന ഫോൺ ശബ്‌ദിച്ചത് ഇതുവരെ ഉള്ള ഓർമ്മകൾ വിരാമം ഇട്ടുകൊണ്ടായിരുന്നു തുടരും

by