18/04/2026

പാർവതി പരിണയം : ഭാഗം 14

രചന – മിത്ര

രാവിലെ തൊഴുത്തിലുള്ള പശുക്കൾക്ക് കച്ചി, തുറുവിൽ നിന്നെടുത്തു കൊടുക്കുകയായിരുന്നു അച്യുതൻ… സഹായിക്കാൻ കൂടെ സീതയുമുണ്ട്.. മൊത്തത്തിൽ അഞ്ചു പശുക്കളുണ്ട്, അതിൽ രണ്ടെണ്ണം കുട്ടികളും… “സീതേ, ഇനി നീ അകത്തേക്ക് പൊക്കോ.. കുറെ നേരമായില്ലേ.. ഇനി ബാക്കിയൊക്കെ ഞാൻ ചെയ്തോളാം “… കൂട്ടി ക്ടാവിനു ഒരു പിടി വൈക്കോലെടുത്തു വായിൽ വെച്ചു കൊടുത്തു അച്യുതൻ.. “സാരല്യേട്ടാ, ഇതുങ്ങളെ കുളിപ്പിച്ചൂടെ കഴിഞ്ഞാൽ പണി തീരില്ലേ..”… പശുക്കളെ കുളിപ്പിക്കാൻ വേണ്ടി, തൊഴുത്തിന്റെ അടുത്തുള്ള ടാപ്പിന്റെ അറ്റത്തു നിന്നും നീളമുള്ള പൈപ്പ് പിടിപ്പിച്ചു കൂടിനകത്തേക്ക് കൊണ്ടിട്ടു… അതിൽ നിന്നും വരുന്ന വെള്ളത്തിൽ പശുക്കളെ കുളിപ്പിച്ചെടുത്തു, തൊഴുത്തും വൃത്തിയായി കഴുകിയവർ.. “ഏട്ടാ, ഞാനിനി ഒന്ന് കുളിച്ചേച് വരാം “… പശുവിനെ കറന്നോണ്ടിരുന്ന അച്യുതൻ സീതയെ നോക്കി സമ്മത ഭാവത്തിൽ തലയാട്ടി.. അവർ വീടിനുള്ളിലേക്ക് പോയി.. “അച്ഛാ, കഴിഞ്ഞില്ലേ ഇതുവരെ.. ഇത് സൊസൈറ്റിയിൽ കൊടുത്തിട്ട് വേണം എനിക്ക് പാടത്തേക്കിറങ്ങാൻ “… അങ്ങോട്ടേക്ക് ചെന്ന അനന്തൻ, തൊഴുത്തിലേക്കു തലയിട്ടൊന്നു നോക്കി.. “ഇതിപ്പോ കഴിയും മോനെ, നീ പോയി കട്ടൻ കുടിച്ചേച്ചും വായോ “… രാവിലെ നല്ല തണുപ്പാണ്, മഞ്ഞു ചെറുതായിട്ട് പെയ്യുന്നുണ്ട്..

അവൻ രണ്ടും കൈവെള്ളയും കൂട്ടിത്തിരുമ്മി.. “ഇന്നാ മോനെ കാപ്പി, ചൂടോടെ കുടിക്കു “.. കുപ്പിഗ്ലാസിൽ ആവി പറക്കുന്ന കട്ടൻ സീത അവനായിട്ട് നീട്ടി.. അതു കയ്യിൽ വാങ്ങി ഒരിറുക്ക് ഊതി കുടിച്ചവൻ…. “മോനെ, പാറു ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് രണ്ടു ദിവസമായില്ലേ.. അവൾക്കു കോവിലിൽ പോകണമെന്ന് പറയുന്നു.. നീ എന്താണേലും ആ വഴിക്കല്ലേ.. അവളെയും കൂടെ കൊണ്ടുപോട “…. “അതിനു അവൾക്കു ഭേദായോ അമ്മേ.. രണ്ടു ദിവസം കൂടെ കഴിഞ്ഞിട്ട് പോയാൽ പോരെ അവൾക്കു “… അനന്തൻ അവന്റെ മനസ്സിലുള്ളത് പറഞ്ഞു.. “അവള് ഇന്നലെ തൊട്ടേ നിർബന്ധം പിടിക്കുവാ മോനെ.. ഇനി നീയായിട്ട് അതിനെ വിഷമിപ്പിക്കേണ്ട.. “.. നിറഞ്ഞ കണ്ണുകൾ സാരിയുടെ തുമ്പുകൊണ്ട് തുടക്കുന്ന സീതയെകണ്ടു അവന്റെ നെഞ്ചു വിങ്ങി… “ശരി, എങ്കിലവളോട്‌ ഒരുങ്ങാൻ പറയ് “…. കാപ്പി മുഴുവൻ എന്തോ ആലോചിച്ചു കൊണ്ട് മൊത്തികുടിച്ചവൻ….

പാറുവിനെയും വണ്ടിയുടെ പുറകിൽ വെച്ചു കൊണ്ടു പോവുകയായിരുന്നു അനന്തൻ.. സമയം ആറു മണിയോടടുത്തിരുന്നു.. അവളുടെ കയ്യിലും, വണ്ടിയുടെ സൈഡിലെ ക്ലിപ്പിലും പാലിന്റെ പാത്രം തൂങ്ങിക്കിടന്നു… സൊസൈറ്റി ആയപ്പോൾ പാറു വണ്ടിയിൽ നിന്നിറങ്ങി.. അവളുടെ കയ്യിൽ നിന്നും പാല് വാങ്ങി അനന്തൻ സൊസൈറ്റിയിൽ കൊടുത്തു.. റീഡിങ് നോക്കി ബുക്കിൽ എഴുതി മേടിപ്പിച്ചു… “അനന്ത, കേസൊക്കെ കഴിഞ്ഞോ മോനെ “… കേശുവേട്ടനാണ്, വീടിനു തൊട്ടടുത്തു താമസിക്കുന്നയാൾ… പാല് കൊടുക്കാൻ വന്നതാണ്… “അത് കഴിഞ്ഞു കേശുവേട്ട.. “.. “നമ്മടെ ഉണ്ണി മിടുക്കനാ അല്ലേ “… ചിരിയോടെ കുശലം പറയുന്ന അയാളെ നോക്കി അനന്തൻ പുഞ്ചിരിച്ചു.. അടുത്തുനിന്ന പാറുവിന്റെ ചുണ്ടിലും ഒരു ചെറു ചിരി മൊട്ടിട്ടു.. “കൃഷ്ണേട്ടാ (സോസൈറ്റി ഓണർ )പാത്രം ഇവിടെ വെച്ചേക്കുവാണേ, ഞങ്ങളൊന്നു അമ്പലത്തിൽ പോവ്വാ, തിരിച്ചു വന്നിട്ടെടുത്തോളാo “… “അതിനെന്താ അനന്താ, നീ പോയിട്ട് വാടാ മോനെ “… കൃഷ്ണേട്ടനെ നോക്കി തലയാട്ടി കൊണ്ടു അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. പുറകിൽ പാറുവിനെയും കേറ്റി കൊണ്ടു, അമ്പലം ലക്ഷ്യമാക്കി വണ്ടി ഒടിച്ചു… “രേവതി ടീച്ചർ ഉണ്ടാരുന്നേൽ, അവരുടെ കൂടെ പോയേനെ ഞാൻ “… പാറുവിന്റെ പറച്ചിലിൽ അവൻ നെറ്റി ചുളിച്ചു..

രേവതിക്കെന്തു പറ്റി എന്ന ആലോചന അവനിൽ ഉണർന്നു…. “ടീച്ചറു നാട്ടിൽ പോയി , ലോങ്ങ്‌ ലീവ് ആണെന്ന അപ്പു മാഷ് പറഞ്ഞത്.. കാര്യമെന്താണെന്ന് അറിയില്ലത്രേ.. ചിലപ്പോൾ ജോലി രാജി വെക്കും എന്ന പറഞ്ഞു കേട്ടത് “… പാറുവിന്റെ വാക്കുകൾ കൂരമ്പുകളായി അവന്റെ നെഞ്ചിൽ തറച്ചു.. രേവതി എന്തിനു നാട്ടിൽ പോയി, രാജി വെക്കാനും മാത്രം എന്ത് പ്രശ്നമാണ് അവൾക്കുണ്ടായത്.. ഇനി താൻ ആണോ കാരണക്കാരൻ, തന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചുവോ.. പല വിധ ആലോചനകളാൽ അവൻ പുകഞ്ഞു.. “ഏട്ടാ, നന്ദേട്ടാ.. എന്തേ ആലോചിക്കുന്നേ “… അവന്റെ തോളിൽ ചെറുതായി തട്ടിയവൾ.. അവന്റെ മുഖത്തെ ഭാവം മാറുന്നത് മിററിലൂടെ കണ്ടവൾ… “ഏയ്, ഒന്നൂല്യ മോളേ.. നിനക്ക് തോന്നിയതാ “… തന്റെ മാറ്റം പാറു അറിയാതെയിരിക്കാൻ അവനൊന്നു ചിരിച്ചു… “അല്ല ഏട്ടാ, ടീച്ചർ നാട്ടിൽ പോകുന്ന കാര്യം വല്ലതും പറഞ്ഞിരുന്നോ “… പാറുവിന് നല്ല വിഷമം ഉണ്ടെന്നു അനന്തന് മനസ്സിലായി.. “അവര് കുറെ നാളായില്ലേ മോളേ ഇവിടെ വന്നിട്ട്.. വീടും വീട്ടുകാരുമൊക്കെ ഓർമ്മ വന്നുകാണും.. കുറച്ചു ദിവസം കഴിയുമ്പോൾ അവരിങ്ങെത്തിക്കോളും ന്നേ.. അതിനു നീയിനി വിഷമിക്കേണ്ട ട്ടോ “… അവളവന്റെ തോളിലേക്ക് ചാരിയിരുന്നു.. എന്നാലും എന്തിനാരിക്കും ടീച്ചറു ആരോടും പറയാതെ, ലോങ്ങ്‌ ലീവ് എടുത്തു നാട്ടിൽ പോയത്.. അവളുടെ ആലോചനകൾ കാട് കയറി….

“ഉണ്ണിയേട്ടാ, ഉണ്ണിയേട്ടോയ് “… തൊടിയിലെ മാവിഞ്ചുവട്ടിൽ ഉണ്ണിയുടെ മടിയിൽ കിടക്കുവാണ് പാറു.. അവനാണെങ്കിൽ ഫോണിൽ എന്തോ കാര്യമായിട്ട് പണിയാണ്.. “എന്തെടി കുഞ്ഞേ “… ഫോണിൽനിന്നും തലയുയർത്താതെ ചോദിച്ചു.. പാറുവിന് ദേഷ്യം തോന്നി.. അവൾ എണീറ്റിരുന്നു ഉണ്ണിയെ കൂർപ്പിച്ചു നോക്കി… “ദേ ഉണ്ണിയേട്ടാ, ഞാൻ ഒരു സീരിയസ് ആയിട്ടുള്ള കാര്യം പറയാൻ വരുമ്പോ, ഫോണിൽ തോണ്ടുന്നത് എനിക്കിഷ്ടല്ല കെട്ടോ “.. കൈ കെട്ടി അവന്റെ എതിർവശത്തായിട്ടിരുന്നു. കാറ്റിനനുസരിച്ചു മുഖത്തേക്ക് വീണ മുടിയിഴകൾ അവൾ ഇടയ്ക്കിടയ്ക്ക് വിരൽ കൊണ്ടു ചെവിക്കു പിറകിലേക്ക് കോതി വെച്ചു.. “ഇനി പറ മോളേ, എന്താ ഇത്രക്ക് സീരിയസ് കാര്യം “.. ഫോൺ ലോക്ക് ചെയ്തു പാന്റിന്റെ പോക്കറ്റിലേക്കിട്ട്, അവളെ കേൾക്കാനായി അവനിരുന്നു… “അതു പിന്നേ, ഏട്ടാ.. നമ്മുടെ ടീച്ചറില്ലേ “… “ടീച്ചറുണ്ട് “… “ശ്ശൊ, അതല്ല ഏട്ടാ.. ടീച്ചറു നാട്ടിൽ പോയിരിക്കുവാ “… “അതിനെന്താ പാറു.. അവർക്കു നാട്ടിൽ പൊയ്ക്കൂടേ “… ഇവളിതെന്തു കൊക്കനട്ടാണ് പറയുന്നതെന്നോർത്തു, ഉണ്ണി ഒരു നിമിഷം തലയിൽ കൈവെച്ചു പോയി… “ദേ ഏട്ടാ, പറയുന്നത് മുഴുവൻ കേൾക്കു.. തോക്കിൽ കേറി വെടി വെക്കാതെ.. ടീച്ചറു ലോങ്ങ്‌ ലീവ് എടുത്താണ് നാട്ടിൽ പോയത്.. ചിലപ്പോൾ ജോലി രാജി വെക്കും ന്നു.. പോയ കാര്യം ആരോടും പറഞ്ഞിട്ടില്ല, എന്നോട് പോലും “… ഉണ്ണിയുടെ മുഖം സംശയത്താൽ ചുളുങ്ങി..

അറിഞ്ഞത് സത്യം ആണെങ്കിൽ പാറു ചോദിച്ച ചോദ്യത്തിൽ കാര്യമുണ്ട്.. “അല്ല മോളേ, ഇത് നീയെങ്ങനെ അറിഞ്ഞു “.. “അപ്പുവേട്ടൻ പറഞ്ഞതാ “.. ഉണ്ണി ഒന്ന് മൂളി അതിനു.. പാറുവിനോട് പോലും പറയാതെ രേവതി പോണമെങ്കിൽ എന്തെങ്കിലും സീരിയസ് ആയിട്ടുള്ള കാര്യം കാണും… ഒരു പക്ഷെ, വീട്ടിലുള്ളവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെങ്കിലോ.. ഒരു വേള അങ്ങനെ ചിന്തിച്ചുപോയവൻ.. അങ്ങനെയെങ്കിൽ അപ്പുവിനോടെങ്കിലും പറയാതെ ടീച്ചർ പോവില്ലല്ലോ.. “ഏട്ടാ, “… “ന്താടി “.. “എനിക്കൊരു സംശയം “.. “എന്ത് സംശയം “.. “അതൊരു സംശയം മാത്രാണ്.. “.. “എന്താണേലും പറയെടി “… “രേവതി ടീച്ചറിന് അനന്തേട്ടനെ ഇഷ്ടാണ് “.. “ങേ, എന്താ നീ പറഞ്ഞേ “.. “അതേ ഏട്ടാ.. പണ്ട് കോളേജിൽ നന്ദേട്ടന്റെ പുറകെ ഒരു പെണ്ണ് നടന്നില്ലേ “.. “മ്മ് “… “അതു ഈ ടീച്ചറാ “… പാറുവിന്റെ വാക്കു കേട്ടു ഉണ്ണിയൊന്നു ഞെട്ടി… “ഇതൊക്കെ നിനക്ക് എങ്ങനെയറിയാം “.. “അപ്പുവേട്ടൻ പറഞ്ഞതാ എന്നോട് “.. “അതൊക്കെ ശരി, ഇപ്പോ രേവതി വീട്ടിൽ പോയതിനും ഈ കാര്യത്തിനും തമ്മിൽ എന്താ ബന്ധം “.. വീണ്ടും ഉണ്ണി സംശയത്തോടെ തിരക്കി…

“അതു പിന്നേ, നന്ദേട്ടനും ഈ ടീച്ചറും തമ്മിൽ അത്ര വല്യ രസത്തിലല്ലെന്ന എന്റെ ബലമായ സംശയം “… താടിയിൽ കൈവെച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി പിറുപിറുക്കുന്ന പെണ്ണിനെ നോക്കി ഉണ്ണിക്കു ചിരി വന്നു.. “അതെന്താ നിനക്ക് അങ്ങനെ തോന്നാൻ “… “അതുണ്ടല്ലോ ഏട്ടാ.. കഴിഞ്ഞ ദിവസം ടീച്ചർ എന്നെ കാണാൻ വന്നിരുന്നു… മുറിയിലേക്ക് വന്ന നന്ദേട്ടൻ ടീച്ചറിനെ മനഃപൂർവം അവഗണിക്കുന്ന പോലെയായിരുന്നു പെരുമാറ്റം.. ആ ടീച്ചറു കരഞ്ഞോണ്ടാ എന്റെ മുറിയിൽ നിന്നും ഇറങ്ങിപോയത് “.. ഉണ്ണി അവൾ പറയുന്നതെല്ലാം മൂളി കേട്ടു.. “രാവിലെ ടീച്ചറിന്റെ കാര്യം ഞാൻ നന്ദേട്ടനോട് സംസാരിച്ചപ്പോഴും, ഏട്ടന്റെ മുഖഭാവം മാറിയത് ഞാൻ ശ്രദ്ധിച്ചു “… ” ഇത് നീയായിട്ട് ആരോടും പറയണ്ട കെട്ടോ.. അങ്ങനെ ഒരു കാര്യം ഉണ്ടെങ്കിൽ നമ്മുക്ക് നോക്കാം ന്നേ “… അവളെ വലിച്ചു തന്നോട് ചേർത്തിയിരുത്തി.. “എന്നാലും എന്റെ പെണ്ണേ, തലയിടിച്ചപ്പോഴേക്കും നിനക്കിത്രേം ബുദ്ധി വന്നല്ലോ… ഹോ, അപാരം “.. അവളുടെ പൊട്ടിച്ചിരികൾ അവന്റെ മുഖത്ത് പ്രതിഫലിച്ചു.. ഉണ്ണിയുടെ മനസ്സ് നിറഞ്ഞിരുന്നു… (തുടരും )