19/04/2026

പാർവതി പരിണയം : ഭാഗം 16

രചന – മിത്ര

“മോളേ അത്താഴം എടുത്തു വെച്ചിട്ടുണ്ട്.. വന്നു കഴിച്ചേ “… രേവതിയുടെ മറുപടി ഒന്നും ഇല്ലാതെ വന്നപ്പോളാണ് ലക്ഷ്മി അവളുടെ മുറിയിലേക്ക് ചെന്നത്… മുറിയിലാകെ ഇരുട്ടായിരുന്നു.. ഒരൂഹം വെച്ചു ഭിത്തിയിൽ തപ്പിത്തടഞ്ഞു, അവർ സ്വിച്ച് കണ്ടുപിടിച്ചു ലൈറ്റ് ഇട്ടു.. കട്ടിലിന്റെ ഒരുമൂലയിൽ തല കാൽമുട്ടിലേക്കു ഊന്നി ചുരുണ്ടുകൂടിയിരിപ്പുണ്ട്… “മോളേ എന്തൊരിരിപ്പാ ഇത്.. എന്താ പറ്റിയെ നിനക്ക് “… തലയിൽ ആരോ തടവിയ പോലെ തോന്നിയത് കൊണ്ടു രേവതി മുഖമുയർത്തി.. കരഞ്ഞു തടിച്ചു വീർത്ത മുഖവും, ചോര തോട്ടെടുക്കാൻ പാകത്തിൽ ചുവന്നു കലങ്ങിയ കണ്ണുകളും… ലക്ഷ്മി നെഞ്ചത്ത് കൈവെച്ചു പോയി.. “വന്ന അന്ന് തൊട്ട് ഞാൻ ശ്രദ്ധിക്കുവാ, എന്തോ വിഷമം ഉണ്ടെന്റെ കുഞ്ഞിന്.. എന്താന്ന് വെച്ചാൽ അമ്മയോട് പറ മോളേ “… ആധിയോടെയുള്ള അമ്മയുടെ തേങ്ങലുകൾ അവളുടെ ചെവിയിൽ വന്നു പതിച്ചു… “ഒന്നൂല്യ അമ്മേ.. ഞാൻ വെറുതെ ഓരോന്ന്”.. പകുതിക്കു വെച്ചു നിർത്തി വാക്കുകൾ.. വീണ്ടും കണ്ണീര് ചാലിട്ട് ഒഴുകാൻ തുടങ്ങിയപ്പോൾ, അവൾ വീണ്ടും മുഖം കുനിച്ചിരുന്നു…

“മോളേ, നീയും കൂടെ എന്നെ തീ തീറ്റിക്കരുത്.. എന്താണേലും അമ്മയോട് പറയ് “…. ലക്ഷ്മിയുടെ മടിയിലേക്കവൾ തല വെച്ചു കിടന്നു.. കരച്ചിലിന്റെ നേർത്ത ചീളുകൾ പുറത്തേക്കു വരുന്നുണ്ടായിരുന്നു.. കണ്ണീര് കൊണ്ടു ലക്ഷ്മിയുടെ സാരി നനഞ്ഞു… “നീയിങ്ങനെ മനസ്സിലിട്ടു നീറ്റല്ലേ പെണ്ണേ.. പറയ് മോളേ “… നെറുകയിൽ തലോടിക്കൊണ്ടിരുന്നവർ.. “അമ്മേ.. അന.. അനന്തേട്ടന് “… എങ്ങലടിയിൽ രേവതിയുടെ വാക്കുകൾ മുറിഞ്ഞുപോയിരുന്നു… “എന്ത് പറ്റി ആ കുട്ടിക്ക് “… അനന്തനോടുള്ള രേവതിയുടെ പ്രണയം ലക്ഷ്മിക്ക് അറിയാമായിരുന്നു.. “അതു.. അനന്തേട്ടന് എന്നെ ഇഷ്ടല്ലമ്മേ “… വിങ്ങിപൊട്ടിയുള്ള അവളുടെ കരച്ചിൽ അവർക്കു സഹിക്കാനായില്ല.. കുഞ്ഞിലേ മുതൽ സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല അവൾ.. ജീവിതത്തിൽ ഒന്നും ആശിച്ചിട്ടില്ല, അനന്തനെയൊഴിച്ചു.. ദുഃഖങ്ങളെല്ലാം ഉള്ളിലൊതുക്കിയാണ് അവൾക്കു പണ്ടേ ശീലം.. “മോളേ, ഞാനെന്താ ഇപ്പോ പറയുക.. ഇഷ്ടം എന്നൊക്കെ പറയുന്നത്, അറിഞ്ഞു തരേണ്ടതല്ലേ.. നമ്മുക്ക് പോയി ഇരന്നു വാങ്ങാൻ പറ്റില്ലല്ലോ.. നിനക്ക് വിധിച്ചിട്ടില്ലിതു.. മറന്നേക്ക് “… കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ട പോലെ രേവതി അലമുറയിട്ട് കരഞ്ഞു…

“എനിക്ക്.. എനിക്ക് പറ്റില്ലമ്മേ.. അത്രക്കിഷ്ടാ.. അത്രക്കിഷ്ടായിട്ടാ.. അറിയാതെ ഇഷ്ട്ടായിപോയതാ.. എനിക്ക്.. എനിക്ക് മറക്കാൻ പറ്റാഞ്ഞിട്ടാ അമ്മേ.. ഞാൻ കാരണാ.. എല്ലാം ഞാൻ കാരണാ.. ഒരു നിമിഷം ഞാൻ അവിശ്വസിച്ചു പോയി “… പറഞ്ഞു കൊണ്ടു എണീറ്റിരുന്നു കൈകൾ തലയിലടിച്ചു കരയുന്നവളെ അവർ സംശയത്തോടെ നെറ്റി ചുളിച്ചു നോക്കി .. “എന്താ, എന്താ നീയിപ്പോ പറഞ്ഞേ “… കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ഓരോന്നും പറയുന്ന രേവതിയെ ലക്ഷ്മി ഞെട്ടലോടെ നോക്കി …പാറുവിന്റെ കിഡ്നാപ്പും ഉണ്ണിയുടെ ആക്സിഡന്റ്റും രേവതിക്കു അനന്തന്റെ മേലുള്ള തെറ്റിദ്ധാരണയുമെല്ലാം ഒന്നൊഴിയാതെയവൾ പറഞ്ഞുതീർത്തു …കുറെ നേരം എന്ത് പറയണമെന്നറിയാതെ ലക്ഷ്മി മിഴിച്ചിരുന്നു.. “ഇതിൽ നീ അവനെ തെറ്റിദ്ധരിച്ചതിനു കാരണം ഉണ്ടല്ലോ മോളേ.. അതു നിന്റെ തെറ്റ് എങ്ങനെയാവും.. നിന്റെ സംശയത്തെ ഊട്ടിയുറപ്പിക്കുന്ന രീതിയിൽ ആയിരുന്നില്ലേ അവന്റെ പെരുമാറ്റവും.. “. അവളെ ചേർത്തു പിടിച്ചുകൊണ്ടവർ നെടുവീർപ്പെട്ടു..

“എന്തോ അങ്ങനെ എനിക്ക് തോന്നുന്നില്ല അമ്മേ ഇപ്പോ. “.. “അതെന്തേ “… “അതു പാറു എന്നെ വിളിച്ചിരുന്നു ഇന്നലെ “.. “എന്തിനു “. “അതു ഞാൻ ആരോടും പറയാതെയാ ലീവ് എടുത്തു ഇങ്ങോട്ട് പോന്നത് “.. കുറ്റബോധത്തോടെ കുനിഞ്ഞിരുന്നവൾ.. പാറുവിൽ നിന്നുമറിഞ്ഞ അനന്തന്റെയും ഭാമയുടെയും പ്രണയ കഥ കൂടെ രേവതിയിൽ നിന്നും കേട്ടപ്പോൾ ലക്ഷ്മിക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പു മനസ്സിലായി… “അനന്തൻ നിന്നെ മനപ്പൂർവം അവഗണിച്ചു അകറ്റിയതാണെന്ന് എനിക്ക് തോന്നുന്നു മോളേ.. കാരണം അവന്റെ മനസ്സിലെ ഭാമക്കു ഇന്നും മരണമില്ലായിരിക്കും “.. മ്മ് എന്ന മൂളലിൽ അവൾ മറുപടിയൊതുക്കി.. “നിന്നോടവന് ദേഷ്യമുണ്ടാവാം മോളേ.. പക്ഷെ വെറുപ്പ് ഉണ്ടാവില്ല.. ‘.. ലക്ഷ്മിയുടെ വാക്കുകൾ ചെറിയ ഒരാശ്വാസം ഉണ്ടാക്കിയെങ്കിലും, നെഞ്ചിലപ്പോഴും ഒരു വേദനയായിരുന്നു… “അമ്മേ.. ഞാൻ..ഞാനിനി എന്ത് ചെയ്യണം “… കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ ഭാവം ആയിരുന്നപ്പോൾ അവളുടെ മുഖത്തിന്‌.. “ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നിന്നോട് “.. “മ്മ് “… “എത്രകഷ്ടപ്പെട്ടിട്ട നിനക്കൊരു ജോലി ഉണ്ടായത് “.. വേദനയോടെ അവൾ അമ്മയെ നോക്കി..

“പറ മോളേ “… ശരിയാണ്, പട്ടിണി കിടന്നു നരകിച്ച ഒരു ബാല്യം തനിക്കും ഉണ്ടായിരുന്നു.. കൂലിപ്പണി ചെയ്തു കൊണ്ടുവരുന്ന കാശ്ശെല്ലാം കുടിച്ചു തീർക്കാനേ അച്ഛന് അറിയുള്ളൂ അന്നും ഇന്നും… എന്തെങ്കിലും ആവശ്യങ്ങൾക്ക് കാശ് ചോദിച്ചാൽ ഉപദ്രവിക്കുമായിരുന്നു.. അമ്മ വേറെ വീടുകളിൽ പോയി അടുക്കളപ്പണി ചെയ്തും ഒക്കെയാണ് തന്നെയും അനിയത്തി ചിപ്പി മോളെയും വളർത്തിയത്… കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചും തയ്യ്ക്കാൻ പോയീമാണ് കോളേജ് എന്ന കടമ്പ താൻ കടന്നു കൂടിയത്.. നന്നായിട്ട് പഠിക്കുന്ന കാരണം ടീച്ചറുമ്മാർക്കും തന്നോടൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു.. കഷ്ടപ്പെട്ടു ഉറക്കമിളച്ചിരുന്നു പഠിച്ച എത്രയോ രാത്രികൾ.. തന്റെ സ്വപ്നമായിരുന്നു ടീച്ചറാവുക എന്നത്.. ഒടുവിൽ സ്വപ്നം കണ്ട ഉദ്യോഗം തന്റെ കൈകളിൽ വന്നു ചേർന്നപ്പോൾ എത്ര സന്തോഷമായിരുന്നെന്നോ.. അതും അനന്തേട്ടന്റെ നാട്ടിൽ കിട്ടിയപ്പോൾ കുറച്ചു നല്ല പോലെ അഹങ്കാരിച്ചു..

പക്ഷെ ഇപ്പോ എല്ലാം കൈവെള്ളയിൽ നിന്നൂർന്നു പോയ മണതരികൾ പോലെയായി… തുടങ്ങിയിടത്തു തന്നെ അവസാനിച്ചപോലെ. “രേവതി, നിന്നോടാ ചോദിച്ചത് “… ലക്ഷ്മിയുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാനാവാതെ അവൾ മുഖം കുനിച്ചു.. “ഒരു പ്രണയത്തിനു വേണ്ടി ഇല്ലാതാക്കേണ്ടതാണോ ജീവിതം.. കഷ്ടപ്പെട്ട് നേടിയ ജീവിതം വലിച്ചെറിയാൻ ആയിരുന്നെങ്കിൽ, ഇത്രയും നാൾ ഞാനീ കഷ്ടപ്പെട്ടതിനു നീ എന്ത് വിലയാണ് കല്പിച്ചിരിക്കുന്നത് “… ദയനീയമായവൾ അമ്മയെ നോക്കി.. കുറ്റബോധം അവളിൽ ഉരുണ്ടു കൂടി… “നിനക്ക് താഴെ ഒരു പെൺകുട്ടി കൂടി വളർന്നു വരുന്നുണ്ട്.. ജോലി ഉപേക്ഷിച്ചു ഇവിടെ വന്നു കരഞ്ഞിരിക്കുന്നതിനു എന്തർത്ഥമാണുള്ളത്.. നീയിത്രയും ഭീരുവായിരുന്നോ മോളേ “… കണ്ണിറുക്കിയടച്ചവൾ.. ചോദ്യശരങ്ങൾ നെഞ്ചു തുളച്ചിറങ്ങുന്നുണ്ട്.. അനന്തേട്ടനെ മറക്കാൻ തനിക്കാവുമോ.. ആ സ്ഥാനത്തു വേറെയൊരാളെ…. ഇല്ല, ഒരിക്കലും സാധിക്കില്ല… പക്ഷെ, ഭാമയുടെ സ്ഥാനത്തു തനിക്കൊരിക്കലും കടന്നു ചെല്ലാനും പറ്റില്ല .. ഒരിക്കലും… മനസ്സിൽ അനന്തനെ മറക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പോളും കൂടുതൽ മിഴിവോടെ അവൻ തെളിഞ്ഞു നിന്നു…

“മോളേ, നിനക്കുള്ളതാണെങ്കിൽ, അവൻ നിന്നിലേക്ക് തന്നെ വരും.. ഇനി അവനെ തേടി നീ പോകരുത്.. ഒളിച്ചു പാത്തു ഇങ്ങനെ ജീവിക്കാതെ, ധൈര്യത്തോടെ അവന്റെ മുന്നിൽ ജീവിക്കാൻ പഠിക്കു.. മനസ്സിലാവുന്നുണ്ടോ എന്റെ കുഞ്ഞിന് “… ഒരു കുഞ്ഞി കൂട്ടി കേൾക്കുന്നതുപോലെ തലയാട്ടിയവൾ.. അമ്മ പറയുന്നതിലും കാര്യമില്ലേ.. താൻ എന്തിനാണ് ഒളിച്ചോടുന്നത്.. ലീവ് ക്യാൻസൽ ആക്കി ജോലിക്ക് പോണം ഉടനെ തന്നെ.. തന്റെ കുടുംബത്തിന് താൻ അല്ലാതെ വേറെ ആരും ഇല്ല താങ്ങാവാൻ.. ചിപ്പി മോളേ പഠിപ്പിക്കണം, അവൾക്കൊരു ജീവിതം ഉണ്ടാവണം.. കണ്ണുകൾ തുടച്ചു അമ്മയെ നോക്കി പുഞ്ചിരിച്ചവൾ.. “എണിറ്റു വാ, വന്നു കഴിച്ചിട്ട് കിടന്നോ.. ” പറഞ്ഞുകൊണ്ട് നെറുകളിൽ അവളെയൊന്നു മുത്തിയിട്ട് ലക്ഷ്മി മുറിക്കു പുറത്തേക്കു പോയി.. രേവതിക്കു വല്ലാത്ത ആശ്വാസം തോന്നിയിരുന്നു അപ്പോൾ ..

“ഉണ്ണി, കല്യാണത്തിന് ഇനി കൂടിവന്നാൽ രണ്ടാഴ്ച കൂടെയുള്ളൂ.. ബന്ധുക്കളെ ഒക്കെ ഏകദേശം വിളിച്ചു കഴിഞ്ഞു.. ഇനി നിന്റെ കൂട്ടുകാരെ ഒക്കെ വിളിക്കണേ ആവാം.. എത്ര പേരു വരുമെന്നൊരു കണക്കു നീയെനിക്ക് തരണം കെട്ടോ “… അച്യുതൻ കല്യാണത്തിന് വിളിക്കേണ്ടവരുടെ ലിസ്റ്റ് എഴുതുകയായിരുന്നു… അടുത്ത് തന്നെ അനന്തനും ഇരിപ്പുണ്ട്.. “ശരിയച്ച.. കൂടി വന്നാൽ ഒരു മുപ്പത് പേരുണ്ടാവുമെന്ന തോന്നുന്നേ “… മനസ്സിൽ ഒരു ഏകദേശ കണക്കു കൂട്ടിയവൻ.. “ആ പിന്നെ, ആ രേവതി മോളേ ഒന്ന് വിളിക്കണം കെട്ടോ.. ഫോണിൽ കൂടി വേണ്ട.. അവരുടെ വീട്ടിൽ ചെന്നു വിളിച്ചാൽ മതി “… രേവതിയുടെ പേരു കേട്ടപ്പോൾ തന്നെ എന്തോ ഒരു വേദന തോന്നി അനന്തന്… എങ്കിലുമവനത് പുറത്ത് കാട്ടിയില്ല…. “അതു പിന്നെ അച്ഛാ, ടീച്ചറിന്റെ അഡ്രസ് അപ്പുവിന് അറിയാരിക്കും.. ഞാനൊന്നു ചോദിച്ചു നോക്കട്ടെ “… അച്യുതൻ വീണ്ടും കണക്കും കാര്യങ്ങളിലേക്കും തിരിഞ്ഞു..

കൂടെയിരിക്കുന്ന അനന്തനോട് എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്… “അച്ഛാ, ഇവിടെ ടൗണിലുള്ള GV ഗ്രൂപ്പിന്റെ ഹോസ്പിറ്റലിൽ ഒരു ഇന്റർവ്യൂ ഉണ്ട്‌ നാളെ.. കിട്ടിയാൽ നല്ലതായിരുന്നു “… ഫോണിൽ എന്തോ തിരഞ്ഞു കൊണ്ട് ഉണ്ണി പറഞ്ഞു… “നിനക്ക് ജോലി കിട്ടിയാൽ ഉടനെ പോകേണ്ടി വരുമോടാ.. കല്യാണം ഇങ്ങടുത്തില്ലേ “… അനന്തന്റെ വാക്കുകളിൽ ആശങ്ക നിറഞ്ഞിരുന്നു.. “അതൊന്നും സാരല്യേട്ടാ.. കാര്യങ്ങൾ ഒക്കെ നോക്കാൻ നിങ്ങളൊക്കെയില്ലേ.. പിന്നെ ലീവ് ചോദിച്ചാൽ തരുമായിരിക്കും..”. “അങ്ങനെയാണെങ്കിൽ രേവതിയുടെ വീട്ടിൽ കല്യാണം വിളിക്കാൻ ആര് പോകും.. ഇവിടുന്നു നല്ല ദൂരമുണ്ട് ആ കുട്ടിയുടെ നാട്ടിലേക്ക് “.. ആലോചനയോടെ അച്യുതൻ ഉണ്ണിയെ നോക്കി… “അതിനെന്താ അച്ഛാ, അപ്പുവിന്റെ കൂടെ അനന്തേട്ടൻ പൊയ്ക്കോളും, ഞാനില്ലെങ്കിലും “.. പറഞ്ഞുകൊണ്ട് ഉണ്ണി അനന്തനെ ഇടം കണ്ണിട്ട് നോക്കി.. പ്രതേകിച്ചു ഭവമാറ്റം ഒന്നും ഇല്ല.. എങ്കിലും എന്തോ ഒരതൃപ്തി മുഖത്ത് കാണാനായി…

ഉണ്ണിയുടെ മുറി അടുക്കിപ്പെറുക്കുകയായിരുന്നു പാറു.. ഇടയ്ക്കു ഏതോ പാട്ടിന്റെ വരികൾ മൂളുന്നുണ്ട്.. നനക്കാനുള്ള അവന്റെ തുണികളെല്ലാമെടുത്തു ബിന്നിലേക്കിട്ടു .. കിടക്കയിലുള്ള മുഷിഞ്ഞ വിരിയും പില്ലോ കവറും മാറ്റിയിട്ടു.. .. അപ്പോഴാണ് ഉണ്ണി അങ്ങോട്ടേക്ക് കയറിവന്നത്, കയ്യിലൊരു ഡയറിയും ഉണ്ടായിരുന്നു.. “ഇതെന്താ ഉണ്ണിയേട്ടാ കയ്യിലു “… അവന്റെ കയ്യിലിരിക്കുന്ന ഡയറിയിലേക്ക് പാറുവിന്റെ നോട്ടം പോയി.. “ഇതോ, ഇതെന്റെ ഡയറി അല്ലേടി.. അനന്തേട്ടന്റെ മുറിയിലായിരുന്നു..”… അവനതു മേശമേലേക്കു വെച്ചു.. എന്നിട്ട് കട്ടിലിലേക്ക് കയറി കമന്നു കിടന്നു… “ഇതെന്താ ഏട്ടാ, ഈ വിളക്ക് വെക്കുന്ന സമയം ആരെങ്കിലും ഉറങ്ങോ “.. പുച്ഛിച്ചു കൊണ്ട് ഉണ്ണിയെ കളിയാക്കി പെണ്ണ്.. മുറിയെല്ലാം വൃത്തിയാക്കി പോകാനിറങ്ങിയപ്പോ, എന്തുകൊണ്ടോ അവൾക്കാ ഡയറി തുറന്നു നോക്കാൻ തോന്നി… മേശക്കരികിലേക്ക് നടന്നു ചെന്നത് കയ്യിലെടുത്തു.. ആദ്യത്തെ പേജ് തുറന്നപ്പോൾ തന്നെ കണ്ടു 💞എന്റെ പാറൂട്ടിക്ക് 💞എന്നെഴുതിയിരിക്കുന്നത്..

അറിയാതെ തന്നെ നാണം മോട്ടിട്ടവളിൽ.. ഏറു കണ്ണിട്ടു ഉണ്ണിയെ നോക്കി.. തന്നെയും നോക്കി കിടക്കുന്ന ഉണ്ണിയെ കണ്ടു നാണത്താൽ മിഴികൾ കൂമ്പിയവൾ.. ചുണ്ടുകൾ കോട്ടി ഉമ്മ കൊടുത്തവൻ. പൊടുന്നനെ അതിൽ നിന്നുമൊരു ഫോട്ടോ താഴെക്ക് വീണു… പാറു കുനിഞ്ഞു ഫോട്ടോ കയ്യിലെടുത്തു നോക്കി… ഉണ്ണിയുടെയൊരു ഫോട്ടോ.. അതിൽ ചുവന്ന എന്തോ കൊണ്ടു ക്രോസ്സ് മാർക്ക്‌ ചെയ്തിട്ടുണ്ട്.. ഒരലർച്ചയോടെ അവളതു താഴെക്കിട്ട്.. ഭയന്നു പോയിരുന്നു പെണ്ണ്… കരച്ചിൽ കേട്ടു ഉണ്ണിയവളുടെ അരികിലേക്ക് ഓടിയെത്തി.. “എന്താടി, എന്ത് പറ്റി “.. പേടിച്ചു വിറച്ചവനെ ഇറുക്കെപുണർന്നവൾ.. താഴെ കിടക്കുന്ന ഫോട്ടോക്ക് നേരെ വിരൽ ചൂണ്ടി കാണിച്ചു.. അവളെ വിട്ട്, അവനതു എടുത്തു നോക്കി.. പിന്നെയത് ചുരുട്ടി കൂട്ടി ഡസ്റ്റ് ബിന്നിലേക്കേറിഞ്ഞു… ഡയറി നോക്കാതെ മേശമേൽ വെച്ച സമയത്തെ അവൻ ശപിച്ചു… വിരൽ കൊണ്ടു നെറ്റിയിൽ അമർത്തി പിടിച്ചു… “ഇത് കണ്ടിട്ടാണോ കുഞ്ഞാ നീ പേടിച്ചത്. മ്മ് “.. വിറച്ചു കൊണ്ടു ചുവരിൽ ചാരി നിന്നവളെ ഉണ്ണി അലിവോടെ നോക്കി.. അടുത്തേക്ക് ചെന്നു, നെഞ്ചോട് ചേർത്തുപിടിച്ചു…

“അന്ന് എനിക്ക് ആക്‌സിഡന്റ് ആയില്ലേ.. ഓർക്കുന്നുണ്ടോ നീയ് “… “മ്മ് “… നെഞ്ചിൽ പതുങ്ങി നിന്നവളൊന്നു മൂളി.. “അലക്സ് അന്നെന്നെ കൊല്ലാൻ ഒരു ശ്രമം നടത്തിയതാ “… ഉണ്ണിയുടെ ഷർട്ടിന്റെ കോളറിൽ മുറുകുന്ന വിരലുകൾ അവളിലെ ഭയത്തിന്റെ തീവ്രത എടുത്തു കാട്ടി… “ബൈക്കിൽ നിന്നും പാടത്തേക്ക് വീണു നെറ്റി പൊട്ടി ചോരയോഴുകി കിടന്നപ്പോ, മരിച്ചെന്നു കരുതി കാണും അയാൾ.. ഫോട്ടോയിൽ രക്തം കൊണ്ടു വരച്ചു എന്റെ പോക്കറ്റിൽ വെച്ചിട്ട് പോയി “… വിശ്വാസം വരാത്ത രീതിയിൽ പാറു അവനെ നോക്കി.. “സത്യാടി മോളേ, അനന്തേട്ടൻ അന്നവിടെ ഉണ്ടായിരുന്നത് ഭാഗ്യം.. എന്നെ ഹോസ്പിറ്റലിൽ കൊണ്ടോയതും ഏട്ടനാണ്.. അങ്ങനെ ഏട്ടന്റെ കയ്യിൽ കിട്ടിയ ഫോട്ടോയാണത്.. “… പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒന്നും മിണ്ടാതെ അവന്റെ കൈക്കുള്ളിൽ പതുങ്ങി നിന്നു… “ഇനിയതൊന്നും എന്റെ പൊന്നൂട്ടി ആലോചിക്കക്കേണ്ട ട്ടോ.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ “… പിന്നെയും പേടിയോടെ നിൽക്കുന്നവളെ കണ്ടു അലിവ് തോന്നി.. “പാറൂട്ടിയെ “… “മ്മ് “.. “ഒരുമ്മരോ “… നൊടിയിടയിൽ മുഖത്തെ ഭാവം മാറി, കവിളുകളിൽ നാണത്തിൻ ചെഞ്ചോപ്പ് വിരിഞ്ഞു പെണ്ണിൽ … “താടി മോളേ “… ഇല്ലെയെന്നു തലയാട്ടി പെണ്ണ്.. അപ്പോഴേക്കും അവന്റെ ചുണ്ടുകൾ, അവളുടെ ചെഞ്ചോടികളെ മുഴുവനായും പൊതിഞ്ഞിരുന്നു… (തുടരും )