രചന – മിത്ര
“അപ്പൊ എങ്ങനെയാ ടീച്ചറെ.. ടീച്ചർ പറയുന്നോ, അതോ ഞാൻ പറയിപ്പിക്കണോ”.. രേവതി ഒന്ന് ഞെട്ടി.. ചുവരിൽ ചാരി നിൽക്കുകയാണവൾ.. പേടി കൊണ്ടു വിറക്കുന്നുണ്ടായിരുന്നു.. എങ്ങനെ രക്ഷപെടും എന്നാലോചിച്ചു കണ്ണുകൾ ചുറ്റും ഒന്നുഴറി.. ” അതു, അതുപിന്നെ.. എനിക്കറിയില്ല അനന്തു.. ഞാൻ കണ്ടിട്ടില്ല.. എടുത്തിട്ടും ഇല്ല”… വിറച്ചു കൊണ്ട് എങ്ങനെയൊക്കെയോ പറഞ്ഞവൾ.. തൊട്ടു മുന്നിൽ ഒരു കസേരയിൽ അനന്തു ഇരിപ്പുണ്ട്, കാലിന്മേൽ കാല് കയറ്റി വെച്ചുകൊണ്ട്.. ദേഷ്യത്തോടെയുള്ള നോട്ടം കാണാൻ വയ്യാതെ അവൾ തല കുനിച്ചു നിന്നു.. “അങ്ങനെ പറഞ്ഞൊഴിയാൻ നീ നോക്കേണ്ട”.. അവന്റെ ശബ്ദം ആ വീട്ടിൽ മുഴങ്ങി… “എനിക്ക്.. എനിക്കൊന്നും അറിയില്ല “… “അപ്പൊ ടീച്ചറിന് കള്ളം പറയാനും അറിയാം അല്ലേ “.. കണ്ണുകൾ ഇറുക്കിയടച്ചു വീണ്ടും ചുമരിലേക്ക് ചാരി നിന്നു.. ഒരു താങ്ങിനായിട്ട്… “എന്റെ മുറിയിൽ നിന്നും കളഞ്ഞു പോയ ഡയറി എവിടെയാണെന്ന് നിനക്കല്ലാതെ ആർക്കാ അറിയാവുന്നത് “.. അവൾ ആലില പോലെ വിറച്ചു..
ആ ഡയറി എടുത്തോണ്ട് വന്ന സമയത്തെ അവൾ മനസ്സാ ശപിച്ചു.. അതൊന്നു തുറന്നു വായിച്ചത് പോലും ഇല്ല.. എന്നാലും ഞാനാ എടുത്തതെന്നു ഈ കാലമാടന് എങ്ങനെ മനസ്സിലായി എന്തോ.. രക്ഷപ്പെടാൻ ഒരു വഴിയും കാണുന്നില്ല.. പുറത്തേക്കുള്ള വാതിൽ ഈ രാക്ഷസൻ അടച്ചു കുറ്റിയും ഇട്ട്, അതിനു മുന്നിലല്ലേ ഇരിക്കുന്നത്… “നീ തരുന്നോ, അതോ ഞാൻ എടുക്കണോ “.. കസേരയിൽ നിന്നും അനന്തു എണിറ്റു, അവൾക്കഭിമുഖമായി വന്നു നിന്നു.. ഒരു വിരൽ അകലത്തിൽ തൊട്ടു തൊട്ടില്ല എന്ന പോൽ നിന്ന അനന്തുവിനെ അവൾ മുഖം ഉയർത്തി നോക്കാൻ പേടിച്ചു.. “നിന്നോടാ രേവതി “… അവൻ ആക്രോശിച്ചു.. പേടികൊണ്ടവളുടെ കണ്ണുകൾ പെയ്തു.. തൊണ്ടകുഴിയിൽ നിന്നും എങ്ങലടികൾ പുറത്തേക്കു ചാടി.. വിറച്ചു വിറച്ചു താൻ ഇപ്പോൾ ചാവുമെന്ന് അവൾക്കു തോന്നി.. ഹൃദയമിടിപ്പ് മാത്രം ഉച്ചത്തിൽ കേൾക്കാൻ പറ്റുന്നുണ്ട്… അറിയാതെ അവന്റെ മുന്നിൽ കൈകൾ കൂപ്പിയവൾ… “പറഞ്ഞാൽ അനുസരിക്കാത്തവരെ എനിക്ക് പണ്ടേ ഇഷ്ടല്ല.. നിന്നെ എങ്ങനെ അനുസരിപ്പിക്കാം എന്നെനിക്കറിയാം. “. അവളുടെ കഴുത്തിൽ കൈകൾ ചേർത്തവൻ.
ചുവന്നു കുറുകിയ അവന്റെ കണ്ണുകൾ വല്ലാത്ത ഭീതി പരത്തിയവളിൽ.. “ഞാൻ.. ഞാനറിയാതെ എടുത്തതാ.. തിരിച്ചു തരാം.. എന്നെ ഒന്നും ചെയ്യല്ലേ.. പ്ലീസ് “.. ഉച്ചത്തിൽ അലറികരയുന്നവളെ കണ്ണുരുട്ടി നോക്കിയവൻ.. പേടികൊണ്ട് വിറക്കുന്നയവളെ കണ്ടവൻ പൊട്ടിച്ചിരിച്ചു.. “പൊയി എടുത്തോണ്ട് വാടി വേഗം.. നിന്റെ കണ്ണീര് കണ്ടോണ്ടിരിക്കാൻ എനിക്ക് നേരം ഇല്ലിവിടെ “. സമ്മതപൂർവ്വം തല ഒന്ന് ആട്ടി കൊണ്ടു പതുക്കെ അകത്തെ മുറിയിലേക്ക് നടന്നു.. പുറകെ അവനും ഉണ്ടായിരുന്നു.. മേശമേൽ വെച്ചിരുന്ന ഡയറി എടുത്തു അവന്റെ നേർക്കു നീട്ടിയവൾ.. തട്ടി പറിക്കുന്നത് പോലെ അവളുടെ കയ്യിൽ നിന്നും അവനതു വാങ്ങി.. പിന്നേ, ഒന്ന് തുറന്നു നോക്കി എല്ലാം ഉണ്ടോയെന്നു തിട്ടപ്പെടുത്തി.. “നീയിതു വായിച്ചോടി “.. വീണ്ടും ഉച്ചത്തിലുള്ള ചോദ്യം.. “ഇല്ല, ഞാൻ ഒന്നും വായിച്ചില്ല “.. “അതു കള്ളം അല്ലേ ടീച്ചറെ… ഒന്നും വായിക്കാതെ ഒരാളുടെ ഡയറി ആരും കൊണ്ടുവരില്ലല്ലോ ഇത്രയും രഹസ്യമായി.മ്മ്” പുരികം ഒന്ന് ചുളിച്ചു രേവതിയെ നോക്കിയവൻ..
“ഇല്ല, സത്യം… സത്യായിട്ടും ഞാൻ വായിച്ചില്ല”. “എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല ടീച്ചറെ”. എന്ത് പറഞ്ഞു അവനെ വിശ്വസിപ്പിക്കണം എന്നറിയാതെ അവൾ കുഴങ്ങി.. നിസ്സഹായയായി അവനെ നോക്കി.. അപ്പോഴും കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.. “അതെന്താ മോളേ നീ വായിക്കാഞ്ഞേ.. ഇത്രയും താല്പര്യത്തോടെ ഒരു സാധനം മോഷ്ടിച്ചു കൊണ്ടു വരുമ്പോൾ, ആ സ്പോട്ടിൽ തന്നെ മുഴുവൻ വായിക്കേണ്ടതാണല്ലോ “.. നീട്ടി കുറുക്കിയുള്ള ചോദ്യം… കളിയാക്കിയതാണ് എന്നറിഞ്ഞിട്ടും പേടികൊണ്ട് അവൾ ഒന്നും മിണ്ടിയില്ല.. “പറ ടീച്ചറെ, ഞാൻ ചോദിച്ചത് കേട്ടില്ല എന്നുണ്ടോ “.. “ഞാൻ വായിച്ചില്ല.. എനിക്ക് സമയം കിട്ടിയില്ല, അതാ വായിക്കാഞ്ഞേ “… ഇടറി കൊണ്ട് ഇത്രയും പറഞ്ഞൊപ്പിച്ചു.. അപ്പു മാഷ് ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിച്ചു..
ഈ ദുഷ്ടന്റെ കയ്യിൽ നിന്നും എങ്ങനെ രക്ഷപെടും എന്നായിരുന്നു അപ്പോൾ അവൾ ആലോചിച്ചത്.. “വായിച്ചാലും വായിച്ചില്ലെങ്കിലും, ഈ അനന്തുവിന് ഒരു ചുക്കും ഇല്ല.. പിന്നേ അറിഞ്ഞ കാര്യങ്ങൾ വല്ലോരോടും വിളമ്പാൻ വല്ല പ്ലാന്നും ഉണ്ടെങ്കിൽ… മോള് വിവരം അറിയും.. അറിയാല്ലോ എന്നെ നല്ലോണം..ഇനിയെന്നെ കൊണ്ടു ഒരു വരവ് കൂടെ വരുത്തരുത് “.. അവളുടെ കവിളിൽ ഒന്ന് തട്ടി മുറിക്കു പുറത്തേക്കു നടന്നവൻ.. നെഞ്ചിൽ കൈ വെച്ചു ശ്വാസം ഒന്ന് ആഞ്ഞെടുത്തവൾ.. പുറത്ത് കാർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ട് അവൻ പോയെന്നു മനസ്സിലാക്കിയതും, ഓടി പൊയി വാതിൽ അടച്ചു കുറ്റിയിട്ടവൾ.. എന്നിട്ട് വാതിലിൽ ചാരിയിരുന്നു ഒച്ചയില്ലാതെ കരഞ്ഞു.. നിസ്സഹായയായി…
“അമ്മായി, നന്ദുവേട്ടൻ ഇതുവരേം വന്നില്ല.. ഇങ്ങനെ വൈകുന്നതല്ലല്ലോ..”.. ആവലാതിയോടെ ഉമ്മറത്തെ പടിയിലിരുന്നു പുറത്തേക്കു തന്നെ നോക്കിയിരിക്കാണ് പാറു..
ഇടയ്ക്കിടയ്ക്ക് കയ്യിലെ നഖവും തിന്നുന്നുണ്ട്.. “എന്റെ പാറുവേ, അവനിങ്ങു വന്നോളും.. നീയാ കയ്യിലെ നഖം മുഴുവൻ ഇങ്ങനെ തിന്നരുത് കെട്ടോ “. ശാരദയുടെ പറച്ചിൽ കേട്ട് അവള് കോക്രി കാട്ടി.. ഉണ്ണി ഉമ്മറകോലായിൽ തൂണിന്മേൽ ചാരി ഇരിപ്പുണ്ട്.. കൈ വയ്യാത്തത് കൊണ്ടു സ്ലിംഗിൽ തൂക്കിയിട്ടുണ്ട്.. പാറുവിനെ നോക്കിയാണ് ഇരിപ്പ്.. അടുത്തായിട്ട് ചാരുകസേരയിൽ എന്തോ വായിച്ചു കൊണ്ട് അച്യുതനും ഉണ്ട്.. “ഉണ്ണിയേട്ടാ, ഒന്ന് ഫോൺ ചെയ്യ് “.. അവന്റെ അടുത്ത് വന്നിരുന്നു കൊണ്ടവൾ പറഞ്ഞു.. പാറുവിന്റെ വെപ്രാളം കണ്ടു ചിരിച്ചു കൊണ്ടവൻ വെളിയിലേക്ക് നോക്കിയിരുന്നു.. “ഉണ്ണിയേട്ടാ.. എന്തേ… ഒന്ന് ചെയ്തൂടെ ഫോൺ”… അപ്പോഴേക്കും പെണ്ണ് വിതുമ്പിയിരുന്നു.. അവൻ കാണുകയായിരുന്നു അനന്തനോടുള്ള അവളുടെ കറ കളഞ്ഞ സഹോദര സ്നേഹം.. “ഏട്ടൻ ഇപ്പോ ഇങ്ങു വരൂവെടി പെണ്ണേ “… “നന്ദേട്ടൻ ഇങ്ങനെ ഒരിക്കലും വൈകിയിട്ടില്ല.. എവിടെപ്പോയാലും ഏഴു മണിക്ക് മുന്നേ വീടെത്തുന്നയാള.. ഇപ്പോ മണി 9 ആയി.. ഇത് വരെയും വന്നില്ലല്ലോ “.. കണ്ണുകൾ നിറഞ്ഞു തൂവിയവളുടെ.. ഒരു കയ്യാൽ ഉണ്ണിയവളെ ചേർത്തു പിടിച്ചു…
“പാറുട്ടിയെ നീയിങ്ങനെ സങ്കടപ്പെടാതെ.. അവനിങ്ങു വരും “.. ഉണ്ണി ഫോൺ ചെയ്യാൻ വേണ്ടി കയ്യിലെടുത്തതും അനന്തുവിന്റെ കാറ് വീടിന്റെ മുറ്റത്തേക്ക് എത്തിയിരുന്നു.. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയവനെ കണ്ടു പാറു ഓടി ചെന്നു.. “നന്ദേട്ടൻ എവിടെ പോയതാ.. അതും ഇങ്ങനെ വൈകി എവിടെയും പോകാറില്ലല്ലോ “.. കുറുമ്പോടെ ചോദിക്കുന്നവളെ ചേർത്തു നിർത്തിയവൻ.. കൈയിലിരുന്ന ഡയറി അവൾ കാണാതെ പുറകിലേക്ക് ഒരു കൈകൊണ്ട് മറച്ചു പിടിച്ചു . “ഇത്തിരി പണി ഉണ്ടായിരുന്നു മോളേ, അതല്ലേ ഏട്ടൻ താമസിച്ചത്.. അതിനു നീയെന്തിനാ മോളുസേ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് “.. അവളെ ചേർത്തു പിടിച്ചു കൊണ്ടു തന്നെ അവൻ ഉമ്മറത്തേക്ക് കയറി.. “പിന്നേ, എന്റെ ഏട്ടൻ വരാൻ താമസിച്ചാൽ എനിക്ക് ടെൻഷൻ ആവില്ലേ “.. കണ്ണു കൂർപ്പിച്ചു നോക്കി കൊണ്ട് കീഴ്ച്ചുണ്ട് പുറത്തേക്കുന്തി.. “എന്റെ പാറു, അവനിങ്ങു വന്നില്ലേ.. ഇനിയെന്താ “.. ഉണ്ണിയുടെ ചോദ്യത്തിൽ പാറു സൈലന്റ് ആയി.. ” അനന്തു, നീ എവിടെ പോയതാ.. വരാൻ എന്താ താമസിച്ചത് “.. അച്ചുതന്റെ മുന്നിൽ അവനൊന്നു പരുങ്ങി.. “വായന ശാലയുടെ പണി നടക്കുവല്ലേ അച്ഛേ.. അതിന്റെ കണക്കൊക്കെ നോക്കിയപ്പോഴേക്കും വൈകിപ്പോയി “.. “ഇനി ഇതും പറഞ്ഞു നിൽക്കാതെ അകത്തേക്ക് വായോ.. ഭക്ഷണം എടുത്തു വെക്കാം ഞാൻ “… ശാരദയുടെ പുറകെ പാറൂട്ടിയും അകത്തേക്ക് കയറി.. ആ സമയം അനന്തുവിന്റ കണ്ണുകൾ ഉണ്ണിയെ തേടി പോയിരുന്നു .. അനന്തു മറച്ചു പിടിച്ച ഡയറി, ഉണ്ണി അപ്പോഴേക്കും കണ്ടു കഴിഞ്ഞിരുന്നു.. (തുടരും ) Nb: കുഞ്ഞി part ആണ്.. ഇന്നത്തേന് ഒന്ന് ക്ഷമിക്കാവോ.. 😒

by