രചന – മിത്ര
“അമ്മായി, ഉണ്ണിയേട്ടൻ എന്തിയെ “.. ഓടിക്കിതച്ചു അടുക്കളയിലേക്ക് വന്നവളെ കണ്ടു ശാരദക്ക് ചിരി വന്നു.. “ആ വന്നോ, അല്ലാ ഇന്നലെ രാത്രി ഉറങ്ങിയോ പാറൂ നീയ് “.. ചുണ്ടു കൂർപ്പിച്ചു പരിഭവം നടിച്ചെങ്കിലും ചുറ്റും കണ്ണുകൾ പാഞ്ഞു.. ചൂണ്ടു വിരൽ കടിച്ചു കൊണ്ടു, അടുക്കള വാതിൽക്കൽ ചെന്നു നിന്നു പുറത്തേക്കു എത്തിക്കുത്തി തൊഴുത്തിന്റെ സൈഡിലേക്കൊന്നു നോക്കി.. അവിടെയും ഇല്ലെന്നറിഞ്ഞപ്പോ പതിയെ അകത്തേക്ക് വന്നു.. “അല്ലേലും ഉണ്ണിയേട്ടന് എന്നോടൊരു സ്നേഹോം ഇല്ലാലോ.. രാത്രി വന്നതല്ലേ, എന്നെ ഒന്ന് കാണണം ന്ന് പോലും ഇല്ല”. പരിഭവം പറയുന്നവളെ നോക്കി ശാരദ ചിരിച്ചു.. “ന്റെ പൊന്നു പാറൂട്ടിയെ ഇനി ഇതും പറഞ്ഞു കണ്ണ് നിറക്കേണ്ട നീയ്.. അവനാ തൊടിയിൽ കാണും.. ” കേൾക്കേണ്ട താമസം പുറത്തേക്കു ഓടിയിരുന്നവൾ..
“പാറൂട്ടിയെ വല്ലതും കഴിച്ചിരുന്നുവോ നീയ്, ഇല്ലെങ്കിൽ കഴിച്ചിട്ട് പോ മോളേ “.. “ഞാൻ ഉണ്ണിയേട്ടനെ കണ്ടിട്ട് വന്നു കഴിച്ചോളാ അമ്മായി.. പോണു ട്ടോ “.. “ഈ പെണ്ണിന്റെ ഒരു കാര്യം, ഇനി അവളുടെ ഉണ്ണിയേട്ടനെ കാണാതെ പച്ച വെള്ളം കുടിക്കില്ല പെണ്ണ് “… പറഞ്ഞു കൊണ്ടു ചൂട് ചായ ഗ്ലാസ്സിലേക്ക് പകർന്നു, സാരി തുമ്പുകൊണ്ട് ഒന്ന് ഗ്ലാസിന്റെ പുറം തുടച്ചു.. എടുത്തുകൊണ്ട് വരാന്തയിലേക്ക് ഇറങ്ങി തൊഴുത്തിനടുത്തേക്ക് ചെന്നു .. അച്യുതൻ അവിടെ പശുവിനുള്ള കച്ചി വാരി തൊഴുത്തിലേക്കു ഇടുന്നുണ്ടായിരുന്നു.. “അതേ അച്യുതെട്ടാ, ഉണ്ണിയുടെ കല്യാണക്കാര്യം ഒന്നാലോചിക്കണം.. പാറുവിന്റെ വിഷമം കാണാൻ വയ്യാത്തോണ്ടാ എനിക്ക്.. അവര് തമ്മിൽ ഇഷ്ടായ സ്ഥിതിക്ക്, പെട്ടെന്ന് നടത്തുന്നതല്ലേ നല്ലത്.. ഏട്ടൻ പെങ്ങളോട് ഒന്ന് ചോദിക്ക്..”.. കൈ പൈപ്പിൻ ചോട്ടിൽ കഴുകി തോർത്തിൽ തുടച്ചു, ശാരദ കൊടുത്ത ചായ വാങ്ങി ഒരിറുക്കു കുടിച്ചയാൾ “ഞാനും അതാലോചിക്കാതെയിരുന്നില്ല ശാരദേ.. അവൻ ഇപ്പോ ഡോക്ടർ ആയില്ലേ, നല്ല ശമ്പളവും ഉണ്ട്..
ഇനി വെച്ചു താമസിപ്പിക്കുന്നത് നല്ലതല്ല.. സീതയോടു ഞാൻ പറഞ്ഞോളാം.. “. “പറഞ്ഞോളാം എന്നല്ല ഏട്ടാ, അച്ഛനില്ലാത്ത കുട്ടിയ പാറു.. നമ്മൾ വേണം മുന്നിൽ നിന്നു നടത്താൻ, അവള് നമ്മടെ കുട്ടിയല്ലേ.. സീത എത്രന്നു വെച്ച ഓടി നടക്കുന്നെ “.. ഓരോന്നോർത്തു വിഷമിക്കുന്ന ശാരദയെ അയാൾ സ്നേഹപൂർവ്വം നോക്കി..നാത്തൂൻ ആയിട്ട് ഇന്ന് വരെ അവൾ സീതയെ കണ്ടിട്ടില്ല.. സ്വന്തം കൂടെപ്പിറപ്പാണെന്ന എപ്പോഴും പറയാറ്.. പാറുവിനെ ഉണ്ണിയെ കൊണ്ടു കെട്ടിക്കണം ന്ന് അവൾക്കായിരുന്നു നിർബന്ധവും.. “നീ വെപ്രാളം കാട്ടേണ്ട ശരദേ, അവര് രണ്ടും നമ്മടെ മക്കളാ.. നമ്മുക്ക് നോക്കാടി.”.. ചിരിച്ചു കൊണ്ടു പറയുന്ന അച്യുതനെ നോക്കി അവർ പുഞ്ചിരിച്ചു.. “അച്ചുവേട്ടാ, അനന്തു എവിടെ.. കണ്ടില്ലല്ലോ “.. “അവൻ പാടത്തു എന്തോ പണിയുണ്ടെന്നു പറഞ്ഞു വെളുപ്പിനെ പോയതാ.. ഇത് വരേം വന്നില്ലേ “.. “വന്നെങ്കിൽ ഞാൻ ചോദിക്കോ, അവൻ പഠിത്തം കളഞ്ഞു പാടോം കൃഷി ന്ന് പറഞ്ഞു നടന്നോട്ടെ.. എത്ര ആലോചനകൾ നോക്കിയതാ.. ഒറ്റ ഒരാളെയും അവനിഷ്ടപ്പെടുന്നില്ല.. അവൻ നിൽക്കുമ്പോ ഉണ്ണിയെ പിടിച്ചു കെട്ടിക്കാനും തോന്നുന്നില്ല “..
“അതു അവൻ കല്യാണം കഴിക്കില്ലെന്നു പറഞ്ഞു ഒറ്റക്കാലിൽ തപസ്സ് ചെയ്യുവല്ലേ.. അങ്ങനെ ഉള്ളവനെ ബലമായിട്ട് പിടിച്ചു കെട്ടിക്കാൻ പറ്റോ എന്റെ കെട്ടിയോളെ “.. പറഞ്ഞു കൊണ്ടു ശാരദയുടെ തലയിൽ ഒരു കൊട്ട് കൊടുത്തു ചായയും കുടിച്ചോണ്ട് അച്യുതൻ വീട്ടിലേക്കു കയറി.. 💞💞💞💞💞 എങ്ങനെയും ഒരു നോക്കു കാണാനുള്ള കൊതി കൊണ്ടു പാറു വെക്കം തൊടിയിലേക്ക് പാഞ്ഞു.. അവിടെ മൂവാണ്ടൻ മാവിൻ ചുവട്ടിൽ ഒരു ബുക്കും കയ്യിൽ പിടിച്ചു ഇരിക്കുന്ന ഉണ്ണിയെ കണ്ടവൾ.. അണച്ചു കൊണ്ടു അവന്റെ മുൻപിൽ ചെന്നു നിന്നു, കൈകൾ ഒരു താങ്ങിനെന്നോണം കുനിഞ്ഞു കാൽമുട്ടുകളിൽ താങ്ങി.. പിന്നെ പതിയെ അവനോട് ചേർന്നിരുന്നു.. “ഉണ്ണിയേട്ടാ, ഉണ്ണിയേട്ടോയ് “.. വിളി കേൾക്കാത്തവനെ ഒന്നൂടെ നോക്കി.. കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഇരുന്നവനെ കണ്ടു ദേഷ്യം വന്നിരുന്നു.. “ഉണ്ണിയേട്ടാ, നിങ്ങളെ തന്നെയാ ഞാൻ വിളിച്ചത് “.. പിന്നെയും മൗനം.. അവന്റെ കവിളിൽചൂണ്ടു വിരലിനാൽ കുത്തിയവൾ.. എവിടെ, ആശാൻ ഒന്ന് നോക്കുന്നത് പോലും ഇല്ല.. അല്ല എന്താണാവോ ഇതിനും മാത്രം അതിനകത്തു ഇത്രയ്ക്കു വായിക്കാൻ.. വെറുതെ തലയിട്ട് അതിലേക്കു നോക്കി..
ഹോ ഇംഗ്ലീഷ്, നമ്മക്കൊന്നും മനസ്സിലാവുന്ന ഭാഷ അല്ല ഹേ.. ബല്യ ജോലിക്കാരൻ വന്നേക്കുന്നു,ഹും.. മനസ്സിൽ പിറുപിറുത്തു കൊണ്ടു വീണ്ടും ഒന്നൂടെ തോണ്ടി വിളിച്ചു.. ഏഹേ, അങ്ങേരുടെ ഒരു ജാഡ.. “ഇപ്പോ ശരിയാക്കി താരാട്ടോ”.. പറഞ്ഞു കൊണ്ടു ചെവിക്കരുകിൽ ചെന്നു ഉച്ചത്തിൽ ഉണ്ണിയേട്ടോയ് ന്ന് വിളിച്ചു.. “എന്താടി കാലമാടത്തി, എന്റെ ചെവി ഇപ്പോ അടിച്ചു പോയെനെല്ലോ “.. കാത് പൊത്തിക്കൊണ്ട് കൂർത്ത നോട്ടം നോക്കുന്നവനെ കണ്ടു അവളിൽ ചിരി പൊട്ടി.. “ആണോ, കണക്കായിപ്പോയി, എത്ര വട്ടം വിളിച്ചു ഞാൻ. അപ്പൊ നിങ്ങള്ക്ക് വല്യ ജാഡ. ഇങ്ങനിരിക്കും സഹിച്ചോ “.. “ദേ പെണ്ണേ കളിക്കരുത് ട്ടോ, ദേഷ്യം വരുന്നുണ്ട് എനിക്ക്.. രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ വേണ്ടി “… “ആഹാ ഇപ്പോ അങ്ങനെ ആയോ, അല്ലേലും ഉണ്ണിയേട്ടന് ജോലി കിട്ടി കഴിഞ്ഞപ്പോ തൊട്ട് എന്നോട് ഒരു സ്നേഹവും ഇല്ല.. അല്ലേൽ, പാറൂട്ടിയെ ന്നും പറഞ്ഞു എന്നെ ഇടോം വലോം തിരിയാൻ സമ്മതിക്കാത്ത ആളായിരുന്നു.. ഇപ്പോ വല്യ ജോലിക്കാരൻ ആയപ്പോ ഈ പത്താം ക്ലാസ്സ്കാരി കുറച്ചിലായിക്കാണും “…
“അയ്യോ, ഇപ്പോഴെങ്കിലും മനസ്സിലായല്ലോ, ഒന്ന് പോ പെണ്ണേ ഒന്ന് “. “അങ്ങനിപ്പോ പോണില്ല, നിങ്ങളേം കൊണ്ടേ ഞാൻ പോവൂ.. എന്തേ “.. പുച്ഛം കൊണ്ടു ചുണ്ടു കൊട്ടിയവളെ കണ്ടു ചിരി പൊട്ടിയെങ്കിലും അവൻ ചുണ്ടു കടിച്ചമർത്തി ഇരുന്നു.. “എന്തേ ഒന്നും പറയാനില്ലേ ഉണ്ണി…യേട്ടാ.. ” നീട്ടി കുറുക്കി വിളിച്ചവളെ കൈകളിൽ കോരിയെടുത്തു മടിയിലേക്കിരുത്തി.. മുഖത്തേക്ക് പടർന്നു കിടന്ന മുടി വിരൽ കൊണ്ടു ചെവിക്കു പിന്നിലേക്ക് കോതി വെച്ചു.. ഇടത്തു കയ്യാൽ അവളെ ചേർത്തിരുത്തി, വലതു കൈകൊണ്ടു ആ കുഞ്ഞു മുഖത്തെ കവിൾത്തടം തലോടി.. കറുത്ത് വലിയ പിടക്കുന്ന അവളുടെ കണ്ണികളിൽ അവന്റെ മിഴികൾ ഉടക്കി… “ദേ ഉണ്ണിയേട്ടാ, തൊടിയിൽ പണിക്കാരുള്ളതാ, ന്നെ ഒന്ന് വിട്ടേ, ഞാൻ താഴെ ഇരുന്നോളാം “.. കയ്യിൽ കിടന്നു കുതറിയാവളെ, ഒന്നൂടെ നെഞ്ചോട് ചേർത്തിരുത്തി..
“എങ്ങോട്ടാ എന്റെ നങ്ങേലി നീയ്.. ഭയങ്കര വീരവാദം അല്ലാരുന്നോ.. എന്നിട്ട് ഇപ്പോ എന്തേ, എവിടെപ്പോയി നിന്റെ ധൈര്യം എല്ലാം.. മ്മ് “.. “അതിനു ധൈര്യം ഇല്ലെന്നു ആരാ ഉണ്ണിയേട്ടനോട് പറഞ്ഞേ,അതൊക്കെയുണ്ട്.. പണിക്കാര് കണ്ടാൽ നാണക്കേട് അല്ലേ “.. “കണ്ടാൽ എന്താ, ഈ നാട്ടിലെ പുല്ലിനും പുഴുക്കൾക്കും വരെ അറിയാം ഈ നങ്ങേലിപ്പാറു ഈ ഉണ്ണിയുടെ ആണെന്ന്.. പിന്നെ നിനക്കെന്താ മോളേ “.. ചുറ്റിനും ഒന്ന് നോക്കിയവൾ.. ഭാഗ്യത്തിന് ആരും ഉണ്ടായിരുന്നില്ല അവിടെ.. “എന്താടി ഉണ്ടക്കണ്ണി നോക്കണേ .. നിന്റെയാരേലും അവിടെ വന്നു നിപ്പൊണ്ടോ “.. “ആ, എന്റെ കെട്ടിയോൻ വരുന്ന് പറഞ്ഞിരുന്നു, വന്നോന്നു നോക്കിയതാ എന്തേ “.. പറഞ്ഞു കൊണ്ടു കോക്രി കാട്ടിയവളെ ദേഷ്യത്തോടെ നോക്കിയവൻ… നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി.. കഥ പറഞ്ഞു മടുത്തപ്പോൾ ആ മാറിലേക്ക് തല ചേർത്തു കിതച്ചവൾ..
“പാറൂട്ട്യേ,…. “മ്മ് “.. “മോളേ പാറൂട്ടി.. എന്തേ മൗനം “.. “ഒന്നൂല്യ “.. “അതെന്താടി ഒന്നും ഇല്ലാത്തതു “.. “ഒന്നൂല്യ അത്രന്നെ “.. “അങ്ങനിപ്പോ ഒന്നും ഇല്ലാത്തതാവണ്ട “.. പറഞ്ഞു കൊണ്ടു അവളുടെ വയറിൽ ഒന്ന് പിച്ചിയവൻ.. “ഉണ്ണിയേട്ടാ, അടങ്ങി ഇരുന്നേ.. എനിക്ക് ഇക്കിളി എടുക്കുന്നുണ്ട് ട്ടോ “.. “ആഹാ, ഇക്കിളി എങ്ങനാ എടുക്കാൻ പറ്റുന്നെ പെണ്ണേ “.. “അതറിയില്ലേ ഉണ്ണിയേട്ടന്, ഞാൻ പറഞ്ഞു തരാം ട്ടോ “.. വയറിൽ അവളുടെ കൈവിരലുകൾ തട്ടി ഇക്കിളി എടുക്കാൻ തുടങ്ങിയപ്പോൾ ആണ് പണി പാളിയ കാര്യം അവനും മനസ്സിലായത്.. ചിരിച്ചുകൊണ്ട് പുളയുന്നവനെ കണ്ടു വീണ്ടും വീണ്ടും ഇക്കിളി കൂട്ടീ.. “മോളേ മതിയെടി.. നിർത്തേടി പ്ലീസ് “.. “ഇപ്പോ മനസ്സിലായോ എങ്ങനെയാ എടുക്കെന്നെന്നു. മ്മ്.. ഇനി ഇമ്മാതിരി ചോദ്യങ്ങൾ എന്നോട് ചോദിക്കോ പറ “.. “ന്റെ പൊന്നു മോളേ ഞാൻ ചോദിക്കില്ല, മതിയായി “.. “ന്നാ പറ, എന്നെ എത്ര ഇഷ്ടാ ഉണ്ണിയേട്ടന് “.. ചോദ്യം ചോദിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..
“ഈ ആകാശത്തോളം, അതിലുള്ള താരകളോളം… മതിയോ പെണ്ണേ “.. “മ്മ്, മതി “.. “ഇനിയെന്താ അറിയാനുള്ളേ എന്റെ പാറൂട്ടിക്ക് “.. “എന്നെ ന്നാ കല്യാണം കഴിക്കണേ “.. “അതിനു ഇപ്പോഴേ എന്തിനാ നിനക്കിത്ര ധൃതി.. ഇനിം സമയം ഉണ്ടല്ലോ മോളേ.. നമ്മക്ക് കുറച്ചു കാലം കൂടെ ഇങ്ങനെ പ്രണയിക്കാം. അതു കഴിഞ്ഞു പോരെ കല്യാണം “.. “പിന്നേ പ്രണയിക്കുന്ന ആള്, ആദ്യം ഒക്കെ എന്നെ വിളിക്കരുന്നു, മെസ്സേജ് അയക്കാരുന്നു ഉണ്ണിയേട്ടൻ.. ഇപ്പോ എന്നെ വിളിക്കാറു പോലും ഇല്ലാലോ.. ഇന്നയക്കുന്ന മെസ്സേജിന് തന്നെ ഒരാഴ്ച കഴിഞ്ഞല്ലേ റിപ്ലൈ തരുന്നേ.. അതൊക്കെ പോട്ടെ, വരുന്ന കാര്യം തന്നെ അമ്മായി പറഞ്ഞിട്ടല്ലേ ഞാൻ അറിഞ്ഞേ.. എന്ത് പറഞ്ഞാലും തിരക്കാണ് എന്നും പറഞ്ഞു എന്റെ വായടപ്പിക്കും. ഇതാണോ ഉണ്ണിയേട്ടന്റെ പ്രണയം.. ആ ശബ്ദം ഒന്ന് കേൾക്കാൻ എത്ര കൊതിയായിട്ടാ ഞാൻ വിളിക്കുന്നെ.. ഒരു മിനിറ്റ്, അല്ലെങ്കിൽ ഒരു second, കാൾ എടുത്തിട്ട് പാറൂട്ടിയെ ന്ന് വിളിച്ചാൽ എന്താ.. അത്രയല്ലേ ഞാനും ആഗ്രഹിക്കുന്നുള്ളൂ “.. പറഞ്ഞു പറഞ്ഞു തൊണ്ട ഇടറിയതും, കണ്ണിൽ കൂടി വെള്ളം നിറഞ്ഞു കവിളിൽ ആകെ പടർന്നതും പാവം അറിഞ്ഞില്ല..
“അല്ലേലും ഞാൻ മണ്ടിയാ, അത്രയ്ക്ക് ഇഷ്ടായിട്ട പിന്നേം പിന്നേം നാണം കെട്ട് വിളിക്കുന്നെ “.. “അതല്ല മോളേ, ശരിക്കും തിരക്കായിട്ട, അല്ലേൽ ഞാൻ നിന്നെ വിളിക്കാതിരിക്കോ.. ഹോസ്പിറ്റലിൽ നിന്നു തിരിയാൻ പോലും സമയം കിട്ടാറില്ല പെണ്ണേ… എന്റെ മോളല്ലേ, നീ ഇങ്ങനെ കരയല്ലേ ട്ടോ “… ഇറുക്കി പുണർന്നു ആ നെറുകയിൽ അമർത്തി ചുംബിച്ചവൻ.. പിന്നേ കണ്ണുകളിലേക്ക്, അവിടുന്ന് ചുണ്ടുകളിലേക്ക്.. ഒപ്പം കൈകൾ മേനിയിലാകെ പരതുമ്പോൾ, തടയാൻ ആവാതില്ലാതെ ഒന്നൂടെ ചേർന്നു ഇരുന്നവൾ.. “മോളേ, നിന്നെ ഞാൻ മറക്കുവോടി.. നീ എന്റെയല്ലേ..” കാതരുകിൽ അവന്റെ ചൊടികളുടെ മന്ത്രണം… “മ്മ് “…. മൂളിക്കൊണ്ട് ചേർന്നിരുന്നവളെ ഇറുക്കി വരിഞ്ഞു പുൽകിയവൻ.. ഇത് കണ്ടു കണ്ണീർ വാർത്തുകൊണ്ട് തിരിഞ്ഞു നടന്നവനെ അവർ കണ്ടിരുന്നില്ല… (തുടരും )

by