17/04/2026

പാർവതി പരിണയം : ഭാഗം 10

രചന – മിത്ര

“സീതേ, സാമ്പാറിനുള്ള കഷ്ണങ്ങൾ അരിഞ്ഞു വെച്ചിട്ടുണ്ട്.. നീ തന്നെ ഉണ്ടാക്കിയ മതി ട്ടോ.. നിന്റെ ഏട്ടന് നീയുണ്ടാക്കുന്ന സാമ്പാർ വല്യ ഇഷ്ടാവാ “… അടുപ്പത്തിരിക്കുന്ന അവിയലിനു മുകളിൽ വെളിച്ചെണ്ണ തൂവി അടച്ചു വെക്കുകയായിരുന്നു ശാരദ.. തീയൊന്നു കുറച്ചു വെച്ചിട്ട്, പായസത്തിനുള്ള സേമിയ നെയ്യിലിട്ട് മൂപ്പിക്കാനായിട്ട് എടുത്തു… “ഏട്ടത്തി, ഇനി ഇതൂടെ അല്ലേ ഉളളൂ.. ബാക്കിയെല്ലാം ആയില്ലേ “… ഉണ്ണിയുടെയും പാറുവിന്റെയും കല്യാണത്തിന്റെ സമയം കുറിച്ച് കൊണ്ടുവന്നത് പ്രമാണിച്ചുള്ള ആഘോഷം ആണ് അവിടെ.. ചെറിയൊരു സദ്യ തന്നെ രാത്രിയിലേക്ക് ഉണ്ടാക്കുന്നുണ്ട്.. കല്യാണത്തിനിനി ഒരു മാസം പോലുമില്ല.. “ഞാനീ പായസത്തിന്റെ കാര്യം നോക്കിക്കോളാം സീതേ, നീയാ സാമ്പാറിന്റെ കാര്യം ഒന്ന് ശരിയാക്കു.. ബാക്കിയെല്ലാം കാലായിട്ടുണ്ട് “.. സീത പതുക്കെ അതിനുള്ള പരിപ്പ് വേവിക്കാൻ കുക്കേറിലേക്കിട്ട് സ്റ്റോവ്വിന് മുകളിലേക്ക് വെച്ചു.. “മണി ഒൻപതായി ശാരദേ, ഇത് വരെ ഒന്നും കാലായില്ലേ “… വയറും തടവി അച്യുതൻ അടുപ്പത്തിരിക്കുന്ന പായസത്തിലേക്കൊന്നു എത്തി നോക്കി..

“ദേ ഒരു അര മണിക്കൂർ മനുഷ്യ.. ഇപ്പോ ആവും.. ഇന്നെന്താ ഒരു വിശപ്പ് “… “അതു പിന്നെ, അടുക്കളെന്നുള്ള മണം അടിച്ചിട്ട് വയറു വിശക്കുവാ “.. “ഒന്ന് പോയേ, നിങ്ങള് എന്റെ പാറുവിനെക്കാളും കുഞ്ഞാവ കളിക്കല്ലേ “… “പണ്ടേ നിനക്ക് അവള് കഴിഞ്ഞേ ഉളളൂ ഈ ഞാൻ.. ഇനി ഇപ്പോ ഒട്ടും വേണ്ടതാവും “… “അതിനിപ്പോ എന്താ സംശയം.. എനിക്കെന്നും അവള് കഴിഞ്ഞേ ഉളളൂ ആരും “.. അൽ നിഷ്കു ലൂക്കിൽ നിക്കുന്ന അച്യുതനെ നോക്കി ശാരദ അടിവരയിട്ട് പറഞ്ഞു… “നീയിങ്ങനെ കാണിച്ചോരയില്ലാത്ത വാർത്താനോം പറഞ്ഞോണ്ടിരുന്നോ.. ഉണ്ണിക്കുണ്ടാവുന്ന പിള്ളേരെ കൊണ്ട് ഞാൻ ഇതിനൊക്കെ നിന്നോട് പ്രതികാരം വീട്ടും.. ഹും..ഈ അച്യുതനോടാ നിന്റെ കളി.. ഒന്ന് പോടീ പുല്ലേ “… പായസത്തിനു വറത്തു വെച്ചിരിക്കുന്ന കിസ്മിസും കാഷ്യു നട്സും ഒരു കൈ നിറയെ പെറുക്കി വായിലേക്കിട്ടു .. അടുത്ത കൈ എടുക്കാൻ പോയപ്പോഴേക്കും ശാരദ കണ്ണുരുട്ടി പേടിപ്പിച്ചു….. ഇത് കണ്ടു നിന്ന സീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

അടിപിടിച്ചു കൊണ്ടു നിന്ന അച്യുതനും ശാരദയും തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് കരഞ്ഞു കൊണ്ടു ഇരിക്കുന്ന സീതയെയാണ്.. “എന്താടി, എന്തിനാ കരയുന്നത് “… ആധിയോടെ അടുത്തേക്ക് ഓടി വന്ന ശാരദയുടെ തോളിലേക്ക് തല ചേർത്തവൾ വിതുമ്പി… “എന്താ മോളേ.. എന്താ പറ്റിയത് നിനക്ക് “… അച്യുതൻ അവരുടെ തലയിൽ അരുമയായി തഴുകി… “അതു… അതു പിന്നെ.. രാഘവേട്ടൻ ഉണ്ടാരുന്നേൽ ഇപ്പോ ഒരുപാട് സന്തോഷിച്ചേനെ.. അല്ലേ ഏട്ടാ “… സീതയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളയാൾ തുടച്ചു.. “ആരാ പറഞ്ഞത്, എന്റെ അളിയൻ ഇതൊന്നും കാണുന്നില്ലെന്നു.. ഇവിടൊക്കെ ഉണ്ടെടി അവൻ നമ്മുക്ക് കാവലായിട്ട്.. അങ്ങനെയവന് നമ്മളെയൊക്കെ വിട്ടുപോകാൻ പറ്റോടി.. മ്മ് “.. ശരിയാണ്.. പാറുന്നു വെച്ചാൽ ജീവനായിരുന്നു രാഘവേട്ടന്.. ആകപ്പാടെയുള്ള കുട്ടിയായിരുന്നത് കൊണ്ട്, കൈവെള്ളയിൽ വെച്ചാണവളെ വളർത്തിയത്.. ലോറി ഡ്രൈവർ ആയിരുന്നയാൾ.. പാറു പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഒരാക്സിഡന്റിൽ അയാൾ മരിക്കുന്നത്.. പൊതുവെ പഠിക്കാൻ മണ്ടിയായിരുന്ന പാറു അതു കഴിഞ്ഞിട്ട് പഠിക്കാനും പോയിട്ടില്ല..

ആരും അവളെ അതിനു നിർബന്ധിച്ചും ഇല്ല.. “അറിയാം ഏട്ടാ എനിക്ക്.. ഉണ്ടായിരുന്നെങ്കിൽ, പാറുവിന്റെ കല്യാണമെന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഏട്ടനായിരുന്നേനെ “… ശാരദ ഒന്നും മിണ്ടാതെ കേട്ടിരുന്നു.. എന്ത് പറഞ്ഞവളെ ആശ്വസിപ്പിക്കുമെന്ന് അവർക്കും അറിയില്ലാരുന്നു.. ചില നഷ്ടങ്ങൾ അങ്ങനെയാണ്, പകരം വെക്കാനാവാത്തത്… “എന്താ അമ്മേ ഇവിടെ, ഇതെന്താ ഇവിടൊരു ശോകമയം “… അങ്ങോട്ടേക്ക് കയറിവന്ന പാറു നെറ്റിച്ചുളിച്ചു.. “ഒന്നുല്ലെടാ.. ദേ എല്ലാം ആയിട്ടുണ്ട്, നീ അനന്തുവിനെയും ഉണ്ണിയേം കൂടെ വിളിച്ചോണ്ട് വാ.. ഞാനിതെല്ലാം എടുത്തു വെക്കാം “.. കണ്ണൊന്നു അമർത്തി തുടച്ചിട്ട് ധൃതയിൽ സീത എണിറ്റു… ഉണ്ടാക്കിയ ഭക്ഷണം എല്ലാം മേശമേലോട്ട് എടുത്തു വെക്കാൻ തുടങ്ങി… ഇത് കണ്ടു നിന്ന സീതയുടെയും അച്ചുതന്റെയും ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.. കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും പാറു ഉണ്ണിയുടെ മുറിയിലേക്ക് നടന്നു…

നേരം പുലർച്ചെ ആറു മണി ആയിട്ടേ ഉളളൂ.. നേരം വെളുത്തു വരുന്നതേ ഉളളൂ.. പതിവ് പോലെ രാവിലത്തെ നിർമ്മാല്യം കണ്ടു, കോവിലിനുള്ളിൽ നിന്നും തൊഴുത് പുറത്തേക്കിറങ്ങുകയായിരുന്നു പാറുവും രേവതിയും.. വെളിയിൽ വലം വെച്ചു പടവുകൾ ഇറങ്ങിയവർ.. “ടീച്ചറെ, ന്റെ കല്യാണം ആയി ട്ടോ.. അടുത്ത മാസത്തേക്ക് സമയം കുറിപ്പിച്ചു കിട്ടിയിട്ടുണ്ട് “.. രേവതിയിൽ ഒരു ഞെട്ടലുണ്ടായി.. “എന്താ.. എന്താ പാറു ഇപ്പോ പറഞ്ഞേ.. എന്തേ ഇത്ര പെട്ടെന്ന് കല്യാണം “. “എന്താ ടീച്ചറെ, കല്യാണം ഇപ്പോ പെട്ടെന്ന് നടത്തിയാൽ എന്താ “… “അല്ല, അതുപിന്നെ.. എപ്പഴാ കല്യാണം എന്നാ ചോദിച്ചത്.. പറഞ്ഞപ്പോൾ മാറിപ്പോയതാ “… ഒരു പേടി ഉള്ളിലുണ്ടായെങ്കിലും മറച്ചു പിടിച്ചവൾ.. വിളറിയ ഒരു ചിരി മുഖത്ത് ഫിറ്റ്‌ ചെയ്തവൾ പാറുവിനോപ്പം നടന്നു.. “ഹോ.. ഞാൻ പേടിച്ചു പൊയി.. ടീച്ചർ എന്തൊക്കെയാ പറയുന്നതെന്നോർത്തു “…. കിലുങ്ങനെ ചിരിക്കുന്ന പാറുവിനോടാവൾക്ക് അലിവ് തോന്നി.. പാവം പെണ്ണ്, സ്വന്തം ഏട്ടനെപ്പോലെ കണ്ടവൻ അവളുടെ ജീവിതം നശിപ്പിക്കുന്നുവല്ലോ എന്നോർത്തു… അമ്പലത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപ്പു അങ്ങോട്ടേക്ക് വരുന്നത് പാറു കണ്ടത്….

“ആഹാ, അപ്പുവേട്ട, അമ്പലത്തിലേക്കാ “… ഓടിച്ചെന്നു അവന്റെ കയ്യിൽ തൂങ്ങി പെണ്ണ്… “ആണെടി പാറൂട്ടിയെ..”.. വാത്സല്യത്തോടെ അവളുടെ നെറുകയിൽ തഴുകി ചേർത്തു പിടിച്ചവൻ.. “ഇച്ചിരി കൂടി നേരത്തെ വന്നിരുന്നെങ്കിൽ ഒരുമിച്ചു പോകാരുന്നല്ലോ അപ്പുവേട്ടാ “… “സാരല്യാടി പാറൂട്ടിയെ.. വേഗം വീട്ടിലേക്കു പൊക്കോ.. ” പറഞ്ഞുകൊണ്ട് രേവതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചവൻ.. “ടീച്ചറെ, സൂക്ഷിച്ചു പോവണം ട്ടോ.. ഇവളെ അങ്ങ് safe ആയിട്ട് എത്തിച്ചേക്കണേ “… അപ്പുവിന്റെ കരുതലിൽ ഒരു നിമിഷം മനസ്സ് നിറഞ്ഞവളുടെ… “ആയിക്കോട്ടെ മാഷേ”.. അപ്പുവിനെ കടന്നവർ മുന്നോട്ട് നീങ്ങി.. പാടത്തിന്റെ മുന്നിലുള്ള വഴിയിൽ കൂടി അഞ്ചു മിനിറ്റ് നടക്കണം.. പാറുവിന്റെ വീടും കഴിഞ്ഞു ഇത്തിരി കൂടി മുന്നോട്ട് നടക്കണം രേവതിക്കു… “എന്നാ ഞാൻ പൊക്കോട്ടെ ടീച്ചറെ.. നാളെ കാണാം ട്ടോ “… വീടിനു മുന്നിലെത്തിയപ്പോഴേക്കും രേവതിയോടായി ചോദിച്ചു.. പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി സമ്മതമറിയിച്ചു രേവതി.. പടികൾ കയറി മുറ്റത്തേക്ക് ചെല്ലുന്നിടം വരെ പാറുവിനെ അവൾ നോക്കി നിന്നു..

മുന്നോട്ടു നടക്കുമ്പോൾ അകലെ നിന്നേയവൾ കണ്ടു, രാവിലെ തന്നെ പാടത്തു പണിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുത്തു നിൽക്കുന്ന അനന്തുവിനെ.. ഒരു നിമിഷം അവളിൽ വേദനയും വെറുപ്പും ഒരുപോലെ നിറഞ്ഞു.. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് മുഖം കുനിച്ചു നടന്നു.. അയാളെ കടന്നു വേണം മുന്നോട്ട് പോവ്വാൻ.. ദേഷ്യത്താൽ സാരിത്തുമ്പു മുറുക്കെ പിടിച്ചു ഞെരിച്ചു… “ആഹാ ടീച്ചർ രാവിലെ കോവിലിൽ പോയതാ “.. ആക്കിയുള്ള ചിരി.. അവൾക്കു വിറഞ്ഞു കയറി.. ഒന്നും മിണ്ടാതെ അയാളെ കടന്നു മുന്നോട്ടു നീങ്ങി.. “എന്തേ ടീച്ചറിന്നു മൗനവൃതമാണോ.. പുലി പോലെ ഇരുന്നതാ. ഇപ്പോ പൂച്ച പോലെ ആയി ട്ടോ.. അവനൊന്റെ കാര്യം നോക്കി നടക്കാതോർക്കൊക്കെ ഇതൊരു പാഠമാണ് “… കളിയാക്കൽ അസഹ്യമായപ്പോൾ സഹികെട്ടവൾ തിരിഞ്ഞു നിന്നു.. കത്തുന്ന കണ്ണുകൊണ്ടവനെ നോക്കി… അടുത്തേക്ക് ചെന്നവന്റെ കണ്ണുകളിലേക്ക് തുറച്ചു നോക്കി.. “കൂടുതൽ നിങ്ങൾ അഹങ്കരിക്കേണ്ട.. ഞാൻ മിണ്ടാതിരിക്കുന്നത് നിങ്ങളെ പേടിച്ചിട്ടൊന്നും അല്ല.. പണ്ടെപ്പോഴോ ചങ്കിൽ കേറ്റി വെച്ചതുകൊണ്ടാ.. അതുകൊണ്ട് മാത്രം “.. അനന്തനവളെ സൂക്ഷിച്ചു നോക്കി..

കണ്ണിലേക്ക് നോക്കി ആക്രോശിക്കുന്നവളെ കണ്ടു പുരികം ഒന്നുയർത്തി.. മീശയുടെ തുമ്പു പിരിച്ചു മുകളിലേക്ക് തെരുത്തു കേറ്റി വെച്ചു.. “അപ്പൊ നിനക്ക് പേടിയില്ല.. അല്ലേ “.. “നിന്നെ ഞാൻ എന്തിനു പേടിക്കണം.. തെറ്റ് ചെയ്തിട്ട് അഹങ്കാരത്തോടെ തലയുയർത്തി നടക്കുന്ന നിന്നെപ്പോലെയുള്ള ചാവാലി പട്ടികളെ പേടിച്ചു ജീവിക്കാൻ എനിക്ക് സൗകര്യമില്ല.. നീയെന്തു ചെയ്യും.. കൂടി വന്നാൽ എന്നെ അങ്ങ് കൊല്ലുവാരിക്കും. കൊന്നോളൂ.. എന്നാലും നിന്റെ മനസ്സിലുള്ളത് ഞാൻ നടത്തില്ല.. ഓർത്തോ നീയ് “… കൈവിരൽ അവനു നേരെ ചൂണ്ടി അവൾ അലറി.. “പ്ഫാ, എരണം കെട്ടവളെ, നീയാരെടി… ഇന്ന് വരെ ഒരുത്തിയും ഈ അനന്തന്റെ നേരെ കൈ ചൂണ്ടിയിട്ടില്ല.. പിന്നെ, ഞാൻ ഒന്ന് മനസ്സിൽ വിചാരിച്ചാൽ അതു നടത്താൻ എനിക്കറിയാം.. അതു മുടക്കണേൽ നിന്നെപ്പോലെ ഒരു പീറ പെണ്ണ് ഒന്നൂടെ ജനിക്കണം.. കേട്ടോടി “… അവൾ ചൂണ്ടിയ വിരൽ പിടിച്ചു കൈകൾ പുറകിലേക്ക് തിരിച്ചവൻ… അവന്റെ കൈയ്യിൽ കിടന്നവൾ കുതറി.. “ദേ, ഇത്രേം ഉളളൂ നീയ്.. തരത്തിൽ പൊയി കളിയെടി നീയ് “… അവളുടെ കൈ വിട്ടുകൊണ്ട്, കാവി മുണ്ടോന്നു അഴിച്ചു മടക്കി കുത്തി..

“സ്വന്തം ചേട്ടനെപ്പോലെ കരുതിയവളെ കാമകണ്ണാൽ നോക്കുന്ന നിന്നെ എന്ത് പേരിട്ടു വിളിക്കേണമെടാ.. അതിനു വേണ്ടി സ്വന്തം അനിയനെ കൊല്ലാൻ ശ്രമിക്കുന്ന നീയൊക്കെ മനുഷ്യൻ ആണോ.. തൂഫ്.. നാണം ഇല്ലാത്ത ജൻമം.. നിന്റെ തനി സ്വരൂപം വീട്ടുകാർ അറിയുന്ന ഒരു ദിവസം വരും.. അതിനു വേണ്ടി കാത്തിരിക്കുവാ ഞാനും… നിന്നെപ്പോലെ ഒരുത്തനെയാണ് ഞാൻ സ്നേഹിച്ചതെന്നോർക്കുമ്പോൾ…” ബാക്കി പറയാനാവാതെ അവൾ കിതച്ചു… പണിക്ക് നിന്നവരെല്ലാം രേവതിയുടെ വാക്കുകൾ കേട്ട്, ഞെട്ടി തരിച്ചു നിന്നുപോയി.. അവർക്കെല്ലാം അനന്തൻ ദൈവത്തിനു തുല്യമായിരുന്നു. “നീ ഒരുകാലത്തും ഗുണം പിടിക്കില്ല.. നിന്നെപ്പോലെയുള്ളതൊക്കെ പുഴുത്തു ചാവത്തെയുള്ളൂ “.. ശാപം ചൊരിയുന്നവളെ കണ്ടു ദേഷ്യത്താൽ വിറച്ചവൻ.. കണ്ണുകളിൽ ചുവപ്പു രാശി പടർന്നു.. നാട്ടുകാരുടെ മുന്നിൽ വെച്ചു ഒരു പെണ്ണിന്റെ അപമാനം, സഹിക്കാനായില്ല അവനു… അവളുടെ അടുത്തേക്ക് ചെന്നു മുഖം അടച്ചു ഒന്നുകൊടുത്തു..

“അമ്മേ “.. കറങ്ങിക്കൊണ്ട് പാടത്തേക്ക് വീണ അവളെ, പണിക്ക് വന്ന പെണ്ണുങ്ങൾ എഴുന്നേൽപ്പിച്ചു.. “വായിലെ നാക്കിട്ട് ആണുങ്ങളുടെ മെക്കിട്ട് കേറിയാൽ “…. ചൂണ്ടു വിരൽ ആട്ടിക്കൊണ്ട് വേണ്ട എന്നാ രീതിയിൽ അവൻ ചലിപ്പിച്ചു.. “എണിറ്റു പോടീ കീടമേ”… അലറിക്കൊണ്ട് അവളോടായി പറഞ്ഞു വീട്ടിലേക്കു നടന്നവൻ… പണിക്ക് വന്നവരൊക്കെ ആദ്യമായിട്ടാണ് അനന്തന്റെ ഈ രൂപം കാണുന്നത്.. എന്തൊക്കെയാണ് നടക്കുന്നതെന്നു അവർക്കും വല്യ ധാരണ ഇല്ലായിരുന്നു.. പുകഞ്ഞു നീറുന്ന കവിളിൽ കൈ വെച്ചവൾ.. കണ്ണുകളിൽ കത്തുന്ന പക നടനമാടി.. അനന്തനെ മുച്ചൂടും മുടിക്കാൻ മനസ്സ് വെമ്പൽ കൊണ്ട്.. അടുത്ത് നിൽക്കുന്ന പെണ്ണുങ്ങളെ തള്ളി മാറ്റി മുന്നോട്ടേക്ക് നടന്നവൾ …

രാവിലെ പത്തു മണിയായിട്ടും പാറുവിനെ കാണാഞ്ഞിട്ടാണ് സീത, അച്ചുതന്റെ വീട്ടിലേക്കു ചെന്നത്.. അവിടെയും അവളില്ലെന്നറിഞ്ഞപ്പോ അവരുടെ നെഞ്ചു വിങ്ങി… അലറിക്കരഞ്ഞു കൊണ്ടു തലയിൽ കൈ തല്ലിയവർ.. ആശ്വസിപ്പിക്കാനാവാതെ ശാരദയും പൊട്ടികരഞ്ഞു പൊയി.. ഉണ്ണിയാണെങ്കിൽ അവളെ തപ്പി നാട് മുഴുവൻ നടക്കുന്നുണ്ട് .. സമയം ഉച്ചയോടെടുത്തു.. കല്യാണത്തിനായി ഒരുങ്ങേണ്ട വീട് മരണവീട് പോലെയായി.. എന്ത് ചെയ്യണമെന്നറിയാതെ അച്യുതൻ ആകെ തളർന്നിരുന്നു…. എവിടെപ്പോയി അന്വേഷിക്കും, ആരോട് ചോദിക്കും.. അനന്തൻ പുറത്ത് പോയിട്ട് ഇത് വരെയും എത്തിയിട്ടില്ല.. അവന്റെ ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫും… വിവരമറിഞ്ഞു അപ്പുവും രേവതിയും സ്കൂളിൽ നിന്നും അങ്ങോട്ടേക്കോടിയെത്തി.. “സീതമ്മേ, അവള് വീടിന്റെ പടി കയറുന്നത് വരെ ഞാൻ നോക്കി നിന്നതാ.. “.. രേവതിയുടെ കരച്ചിൽ ഉച്ചത്തിലായി.. “അപ്പോ നീ പറഞ്ഞു വരുന്നത്, വീട്ടിൽ നിന്നും പാറൂട്ടിയെ കാണാതായതെന്നാണോ “… അതേയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.. “ന്റെ കുഞ്ഞിന് എന്ത് പറ്റിയോ എന്തോ.. മോളേ… എവിടെയാടി നീയ്.”… സീത വാടി തളർന്നു കിടന്നു..

കരച്ചില് മാത്രം ആ വീട്ടിൽ ഉയർന്നു കേട്ടു.. പാറു എന്ന ലോകത്തു ജീവിക്കുന്ന രണ്ടു അമ്മമാർ.. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതെ രേവതി അവരുടെ ഇടയിൽ ആകെ കുഴങ്ങി.. “മോനെ ഉണ്ണി, നമ്മടെ പാറു.. അവള് വന്നോടാ “.. വീട്ടിലേക്കു കയറി വന്ന ഉണ്ണിയുടെ പുറകിലേക്ക് നോക്കി സീത വെപ്രാളത്തോടെ എഴുന്നേറ്റു.. അവന്റെയാടുത്തേക്കവർ പാഞ്ഞു ചെന്നു.. “എന്തിയെടാ പാറുമോള്, പറ ഉണ്ണി “.. അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഉലച്ചവർ.. നെഞ്ചത്ത് തല തല്ലി കരയുന്ന സീതയെ അവൻ പിടിച്ചു വെച്ചു.. പൊട്ടിക്കരയാൻ തോന്നിയവന്.. തന്റെ പ്രാണനാണ്.. ദൈവമേ എവിടെ പൊയി തിരക്കും ഞാൻ… ആർത്തലച്ചു കരഞ്ഞു അവന്റെ മനസ്സ്… “അവള്.. അവള് വരും സീതമ്മേ “… ഒരുവിധം പറഞ്ഞൊപ്പിച്ചവൻ.. സീതയെ പിടിച്ചു അകത്തെ കട്ടിലിൽ ഇരുത്തി… ശാരദയെ അലിവോടെയൊന്നു നോക്കി.. “നമ്മളെ ഒക്കെ വിട്ട് പൊയി അവൾക്കു ജീവിക്കാൻ പറ്റില്ലമ്മേ… അവളിങ്ങു വന്നോളും”.. ഉമിത്തിയിലുരുകുന്ന മകനെ കണ്ടു ശാരദ ഭിത്തിയിൽ ചാരി നിന്നു കണ്ണീർ വാർത്തു.

“ഉണ്ണി നമ്മുക്ക് പോലീസിൽ ഒരു പരാതി കൊടുത്താലോ “… പതിയെ തോളിൽ തട്ടിയ അപ്പുവിനെ അവൻ നിസഹായതയോടെ നോക്കി.. പെട്ടെന്നാണ് ഫോണിൽ ഒരു msg ട്യൂൺ വന്നത്.. അതു തുറന്നു നോക്കിയ ഉണ്ണിയുടെ കണ്ണുകളിൽ സർവ്വ സംഹാരിയായ മഹാദേവന്റെ ഭാവം ആയിരുന്നു.. കണ്ണുകൾ ചുവന്നു കുറുകി.. ചെന്നിയിൽ നിന്നും വിയർപ്പു ചാല് ഒഴുകി.. ദേഷ്യം നിയന്ത്രിക്കാനെന്ന വണ്ണം മുഷ്ടി ചുരുട്ടിപ്പിടിച്ചു… “എന്താ.. എന്താടാ.. ആരുടേയ ആ msg “… ഉണ്ണിയുടെ മുഖത്തെ ഭാവം കണ്ടു അപ്പു ഒന്ന് ഭയന്നു … “”””””അനന്തൻ “”””””” ഈ സമയം ആ വീട്ടിലെ ഇരുണ്ട മുറിയിൽ പാറു തളർന്നുറങ്ങി കിടക്കുകയായിരുന്നു… . ( തുടരും)