17/04/2026

പാർവതി പരിണയം : ഭാഗം 07

രചന – മിത്ര

“പാറുട്ടിയെ, കഴിച്ചിട്ട് പോ മോളേ.. ഈ പെണ്ണിന്റെ ഒരു കാര്യം.. “. ഉണ്ണിയുടെ വീട്ടിലേക്കു പോകാൻ വെപ്രാളപ്പെട്ട് ഒരുങ്ങി ഇറങ്ങിയ പാർവതിയെ കണ്ടു സീത തലയിൽ കൈവെച്ചു.. “കഴിപ്പും ഇല്ല കുടിപ്പും ഇല്ല ഈ വീട്ടീന്ന്.. ഉറങ്ങാൻ മാത്രം വരും ഇങ്ങോട്ട്.. ഞാൻ പിന്നേ ഈ വെച്ചു വിളമ്പുന്നത് ഒക്കെ ആർക്കുവേണ്ടിയാ പാറുവേ “.. സീതയുടെ ശബ്ദം ഉച്ചത്തിൽ ആയി.. “ഞാൻ അമ്മായിടെ വീട്ടിൽ നിന്നു കഴിച്ചോളാം അമ്മേ “.. ” സാധാരണ കെട്ടിച്ചു വിട്ടാലാ ഇങ്ങനെ പെൺകുട്ട്യോൾ പോണത്.. ഇത് ജനിച്ചപ്പോൾ തൊട്ട് അവിടെയാ.. ആരോട് പറയാനാ.. ഹും “.. “ആ ദോശ ഇങ്ങെടുക്കമ്മേ , ഇതിന്റെ പേരിൽ ഇനി തുള്ളണ്ട “.. ചാടി തുള്ളി അടുക്കളയിലേക്ക് വന്നു, പാത്രത്തിൽ എടുത്തു വെച്ച ദോശ ചമ്മന്തി കൂട്ടീ വേഗം കഴിക്കാൻ തുടങ്ങി.. “പതുക്കെ കഴിക്കു എന്റെ പാറു, തലേൽ കേറും.. “.. സീത പറഞ്ഞു തീർന്നില്ല, അതിനു മുന്നേ, പാറു വിക്കാൻ തുടങ്ങി.. “ഇന്നാ വേഗം വെള്ളം കുടിക്കു പെണ്ണേ “.. കയ്യിലിരുന്ന ഗ്ലാസ് പാറുവിന് കൊടുത്തു, അവളുടെ തലയിൽ പതിയെ കൊട്ടി അവർ.. “എന്തൊരു കട്ടിയ ദോശക്കു, മരം പോലെ ഇരിക്കാണ് “.. ചുണ്ട് ഒന്ന് കൂർപ്പിച്ചു, സീതയെ ചൊടിപ്പിക്കാൻ പറഞ്ഞു..

“അതേ, വേണേൽ തിന്നേച്ചും എണിറ്റു പോ.. അല്ലേൽ ഇത് പോലും നാളെ കിട്ടില്ല. അല്ല പിന്നേ “.. പാറു കോക്രി കാട്ടിയത് സീത കണ്ടില്ലെന്നു നടിച്ചു.. അവർ സ്റ്റോവിനരികിലെക്കു ചെന്നു ഒരു തൂക്കു പാത്രം എടുത്തു കൊണ്ടുവന്നു പാറു കഴിക്കുന്ന മേശമേൽ വെച്ചു.. “ഡീ, നീ എന്താണേലും അങ്ങോട്ടേക്കല്ലേ.. ഇത് അനന്തുവിന് കൊടുത്തേക്കണം കെട്ടോ “.. “ഇതെന്താമ്മേ “.. “ഇച്ചിരി പാലട ആണ്, നിനക്ക് വേണ്ടല്ലോ.. അവിടെ നിന്റെ അമ്മായിക്കും അനന്തുവിനും ഇത് വല്യ ഇഷ്ടാവാ.. പോകുമ്പോൾ കൊണ്ടുപോകാൻ മറക്കല്ലേ “. മ്മ് എന്ന് മൂളിക്കൊണ്ട് തലയാട്ടി, ബാക്കി വന്ന ദോശ മുഴുവൻ കഴിച്ചിട്ട്, പ്ലേറ്റ് കൊണ്ടുപോയി സിങ്കിലേക്കിട്ടു.. ശേഷം കൈകഴുകി തൂക്കു പാത്രവും എടുത്തു പുറത്തേക്കു നടന്നു.. “കെട്ടിക്കാറായ പെണ്ണാ, തിന്നാൽ പാത്രം പോലും കഴുകിവെക്കില്ല.. ഇതൊക്കെ എന്നാണോ ഇനി പഠിക്കുക “.. സീതയുടെ വഴക്ക് പറച്ചിൽ കേട്ടില്ല എന്ന് നടിച്ചു കൊണ്ടു, ചെരിപ്പും ഇട്ടോണ്ട് ഉണ്ണിയുടെ വീട്ടിലേക്കു നടന്നു.. ഒരു പറമ്പിന്റെ അപ്പുറവും ഇപ്പുറവും ആണ് രണ്ടു വീടുകളും.. ഒരു മൂളിപ്പാട്ടും പാടി തൊടിയിലേക്ക് നടക്കുമ്പോളാണ് അനന്തു കുളത്തിന്റെ പടവുകളിൽ ഇരിക്കുന്നത് അവൾ കണ്ടത്..

അനന്തന്റെ കൃഷിക്കാവശ്യമായ വെള്ളം ആ കുളത്തിൽ നിന്നാണ് എടുക്കുന്നത്.. “നന്ദേട്ടോ, ഇതെന്താ ഇവിടെ വന്നിരിക്കുന്നെ”. പാറുവിന്റെ ഒച്ച കേട്ട് അവൻ തിരിഞ്ഞു നോക്കി. കയ്യിൽ ഇരുന്ന ബുക്ക്‌ പതിയെ സൈഡിലേക്ക് മാറ്റി വെച്ചു.. “ആഹാ, പാറുട്ടിയെ.. ഇതെന്താടി നിന്റെ കയ്യിൽ”.. “അമ്മ തന്നു വിട്ടതാ, നന്ദേട്ടന്റെ സ്പെഷ്യൽ പായസം “.. അനന്തുവിന്റെ അടുത്തേക്ക് ചെന്നിരുന്നു, പാത്രം അവന്റെ നേർക്കു നീട്ടി.. പാത്രം വാങ്ങി, അടപ്പ് തുറന്നു പതിയെ അതൊന്നു രുചിച്ചു നോക്കി.. “സീതമ്മായി ഉണ്ടാക്കുന്ന പാലടക്ക് പകരം വെക്കാൻ ഒന്നൂല്യ എന്റെ പാറൂട്ടിയെ.. എന്താ സ്വാദ് “.. ആസ്വദിച്ചു കുടിക്കുന്നവനെ അവൾ കൗതുകത്തോടെ നോക്കി.. “എന്തെടി ഉണ്ടക്കണ്ണി നീയിങ്ങനെ നോക്കുന്നെ. കൊതി വെക്കല്ലെടി.. വേണേൽ ഇച്ചിരി കുടിച്ചോ “. ഓഹ് വേണ്ടായേ, സീതമ്മായിടെ അനന്തിരവൻ തന്നെ അങ്ങ് കുടിച്ചോ “.. “കുട്ടിക്ക് ഒട്ടും കുശുമ്പില്ല അല്ലേ “.. “മൊത്തം കുടിക്കേണ്ട, ഇച്ചിരിയെങ്കിലും വെച്ചേക്കു.. വീട്ടിൽ ഇനിയും ആൾക്കാർ ഉള്ളതാ “.. “വൊക്കെടി, മരമാക്രി.. ദേ വെച്ചിട്ടുണ്ട് “. അടപ്പ് എടുത്തടച്ചു പാത്രം അവൾക്കു കൊടുത്തവൻ.. “അതേ, ഒരു കാര്യം ചോദിച്ചോട്ടെ നന്ദേട്ടാ “.. “ചോദിക്ക് മോളേ “.. കൈവിരലിലെ നഖം കടിച്ചു കൊണ്ട് അവനെ ഇടം കണ്ണിട്ട് നോക്കി പെണ്ണ്.. “എന്തേ, ആ നഖം തിന്നാതെ ചോദിക്കെടി “.

“അതുണ്ടല്ലോ, ഏട്ടാ “.. അനന്തൻ കൈ തലയിൽ വെച്ചു കുനിഞ്ഞിരുന്നു.. എന്തോ കൊനഷ്ട് പിടിച്ച ചോദ്യമാണ്.. “നന്ദേട്ടാ, ഞാൻ ചോദിക്കാൻ പോകുവാ.. എന്നെ നോക്കു “.. തോളിൽ വന്നു തോണ്ടി വിളിക്കുന്നവളെ കണ്ടു മുഖം ഉയർത്തി നോക്കി.. “നന്ദേട്ടന് ഈ ലോകത്തു ആരെയാ ഏറ്റവും കൂടുതൽ ഇഷ്ടം.. പറഞ്ഞേ “.. ആകാംഷയോടെ നോക്കിയിരിക്കുന്നവളെ കണ്ടു കണ്ണു ചിമ്മിയവൻ.. “വേഗം പറയ് നന്ദേട്ടാ”.. കിണുങ്ങിക്കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു.. അവളെ ചേർത്തു പിടിച്ചു നെറുകയിൽ മുത്തിയവൻ.. “ഇതിന്റെ ഉത്തരം നിനക്ക് തന്നെ അറിയാല്ലോ പാറൂട്ടിയെ.. ഈ ലോകത്തു നന്ദന് പാറു കഴിഞ്ഞേ ഉളളൂ വേറെ ആരും..”.. പറഞ്ഞു കൊണ്ടു അവളുടെ മുഖത്തേക്ക് നോക്കിയവൻ.. “എന്തിനായിരുന്നു ഈ ചോദ്യം.. മ്മ് “.. “കുശുമ്പ്, വെറും കുശുമ്പ്..”… പൊട്ടിച്ചിരിച്ചു കൊണ്ടു അവന്റെ കവിളിൽ ഒരു കടി കൊടുത്തു.. “ഡീ പട്ടിക്കുട്ടി, കടിച്ചു പറിക്കുന്നോ “.. കവിളിൽ തിരുമ്മി കൊടുത്തു, അവിടെ ചുണ്ടുകൾ ചേർത്തവൾ.. “എനിക്കറിയാം എന്റെ നന്ദേട്ടന് എന്നെയാ ഏറ്റവും ഇഷ്ടം ന്ന് “… “ആണ്, ഇനിയെന്നും അങ്ങനെയായിരിക്കും. എന്തേ നിനക്കെന്നെ സംശയം ഉണ്ടോ മോളേ .”… “മ്ച്ചും”.. കണ്ണിറുക്കി ഇല്ലായെന്നർത്ഥത്തിൽ പറഞ്ഞവൾ..

“ഞാനൊരു കാര്യം പറഞ്ഞാൽ നന്ദേട്ടൻ കേൾക്കുവോ “.. ചോദ്യഭാവത്തിൽ അനന്ദനവളെ നോക്കി.. “അതു പിന്നെ.. ഏട്ടൻ എന്താ കല്യാണം കഴിക്കാത്തെ “.. ഒരു ഞെട്ടലോടെ അവളെ നോക്കി.. പിന്നെ കുളത്തിലേക്കും കണ്ണും നട്ടിരുന്നു.. “ഏട്ടനോടാ ഞാൻ ചോദിച്ചത്.. “.. “കല്യാണത്തോട് എനിക്ക് താല്പര്യം ഇല്ല മോളേ”.. നിർവികരമായ ഉത്തരം.. പാറുവിനു അനന്തൻ തന്നോടെന്തോ ഒളിപ്പിക്കുന്നത് പോലെ തോന്നി.. അറിയാനുള്ള ആകാംഷയിൽ വീണ്ടും അനന്തനെ കേൾക്കാനായി ഇരുന്നു.. “അതെന്താന്നാ ഞാൻ ചോദിച്ചത് “… “ഒരാളെ മനസ്സിൽ കൊണ്ടു നടക്കുന്നവന്, വേറൊരാളെ ആ സ്ഥാനത്തു കാണാൻ കഴിയില്ല “…. ഉറച്ചതായിരുന്നു വാക്കുകൾ.. അവന്റെ കണ്ണുകൾ ചുവന്നു വന്നിരുന്നു.. എന്തോ ഒരു പേടിയിൽ അവൾ പിന്നീടൊന്നും ചോദിച്ചില്ല.. കുറച്ചു നേരം കൂടി മൗനമായി അവന്റെയരുകിൽ ഇരുന്നു.. “ഏട്ടാ, വീട്ടിലേക്കു പോകാം “… അനന്തന്റെ മൗനം അവളിൽ നോവുണർത്തി.. എന്തൊക്കെയോ അവന്റെയുള്ളിൽ പുകഞ്ഞു പൊങ്ങുന്നത് അവളറിഞ്ഞു.. കൂടുതൽ ചോദിച്ചു ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല.. “നീ പൊക്കോ മോളേ, ഞാൻ വന്നോളാം “.. തലയാട്ടികൊണ്ട് പാത്രവും എടുത്തു അവൾ വീട്ടിലേക്കു നടന്നു.. അവളെ തന്നെ നോക്കി അനന്തനും അപ്പോൾ എന്തൊക്കെയോ മനസ്സിൽ തീരുമാനങ്ങൾ എടുക്കുകയായിരുന്നു.. 💞💞💞💞💞

“ടീച്ചറിനു എന്ത് പറ്റി, രാവിലെ തൊട്ട് ശ്രദ്ധിക്കുന്നു ഞാൻ.. ഉച്ചക്ക് ഊണും കഴിച്ചില്ലല്ലോ.. എന്താടോ പ്രശ്നം “.. സ്റ്റാഫ് റൂമിൽ ഒറ്റക്കിരിക്കുകയായിരുന്നു രേവതി.. അവസാന പീരീഡും കഴിഞ്ഞിരിക്കുന്നു.. എന്നിട്ടും വീട്ടിലേക്കു പോകാതെ ഇരിക്കുന്നവളെ കണ്ടു അവൻ ചോദിച്ചു.. “ഒന്നുമില്ല “എന്ന് തലയാട്ടി.. അല്ലെങ്കിലും ആരോടാണ് ഒന്ന് മനസ്സ് തുറന്നു പറയുന്നത്. പല വിചാരങ്ങളാൽ കലുഷിതമായിരുന്നു അവളുടെ മനസ്സ്.. സ്വന്തം പ്രാണനെ പോലെ സ്നേഹിച്ചവന്റെ വേറൊരു മുഖം കാണേണ്ടി വരുമെന്ന് ഓർത്തിരുന്നില്ലവൾ.. “എന്താണേലും പറയെടോ, നമ്മുക്ക് പരിഹരിക്കാം ന്നെ “.. “അല്ല മാഷേ, ഈ അനന്തൻ എങ്ങനെ ഉള്ള ആളാണ്‌ “.. അപ്പുവിന്റെ നെറ്റി ചുളിഞ്ഞു.. എന്തെന്നുള്ള ചോദ്യത്തിൽ അവൻ രേവതിയെ നോക്കി. “അതെന്താ ടീച്ചർ അങ്ങനെ ചോദിച്ചത്.. നിങ്ങൾ ഒരുമിച്ചല്ലേ പഠിച്ചത്.. “അതു പിന്നേ, അനന്തൻ നാട്ടിൽ എങ്ങനെയാണെന്ന ഞാൻ ചോദിച്ചേ “.. “അനന്തേട്ടനെ ഞാൻ കുഞ്ഞിലേ മുതൽ കാണുന്നതാ.. ശുദ്ധ നാട്ടിൻപുരത്തുകാരനാ.. കൃഷി എന്ന് വെച്ചാൽ ഭ്രാന്ത് ആണ്.. നാട്ടുകാർക്ക് എന്ത് ആവശ്യം ഉണ്ടേലും ആദ്യം ഓടി എത്തുന്നത് ഏട്ടൻ ആരിക്കും.. എന്താ ടീച്ചറെ, ഏട്ടനെ പറ്റി ഇപ്പോ എന്തിനാ ഈ ചോദ്യം “.. “കാര്യമുണ്ട് മാഷേ, നിങ്ങൾക്കറിയാത്ത ഒരു അനന്തൻ ഉണ്ട്‌ അയാളുടെ ഉള്ളിൽ.. ഒരു പിശാച് “.. ദേഷ്യത്തിൽ അവളുടെ വാക്കുകൾ വിറച്ചിരുന്നു..

“നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ, ഏട്ടന്റെ എന്ത് ചെയ്‌തെന്ന.. ” അവൾ ബാഗും എടുത്തു പുറത്തേക്കിറങ്ങി.. പുറകെ അപ്പുവും.. “പറ ടീച്ചറെ, എന്താ എന്റെ ഏട്ടൻ ചെയ്ത കുറ്റം, ഒരു ഉറുമ്പിനെ പോലും നോവിക്കാൻ എന്റെ ഏട്ടന് അറിയില്ല “.. രേവതിക്കു ദേഷ്യം ഉച്ച സ്ഥായിയിൽ എത്തിയിരുന്നു.. മൂക്കും ചുണ്ടും വിറച്ചു.. തലേന്ന് രാത്രിയിൽ അരങ്ങേറിയ സംഭവങ്ങൾ ഓർമ വന്നപ്പോൾ കണ്ണുകൾ ഇറുക്കെ അടച്ചവൾ.. വേഗത്തിൽ വീട്ടിലേക്കു നടന്നു.. “ഇപ്പോഴും താൻ കാര്യം പറയുന്നില്ല, ടീച്ചറിന് എന്റെ ഏട്ടനെ കുറിച്ചു എന്തൊക്കെയോ തെറ്റി ധാരണ ഉണ്ട്.. അതാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് “.. “തെറ്റിദ്ധാരണ അല്ല, ശരിക്കും ഉള്ള ധാരണ തന്നെയാ.. കൊല്ലാൻ പോലും മടിക്കാത്ത നീചൻ ആണയാൾ.. നിങ്ങൾക്കൊന്നും അറിയില്ല അയാളെ.. ആട്ടിന് തോലിട്ട ചെന്നായ, തുഫ് “.. കാറി തുപ്പിയവൾ.. അപ്പുവിന് ഒന്നും മനസ്സിലായില്ല.. രേവതിയുടെ മുഖം കണ്ടു കാര്യം എന്തോ സീരിയസ് ആണെന്ന് മാത്രം മനസ്സിലായി.. “ടീച്ചർ വീട്ടിലേക്കു വാ, അവിടിരുന്നു സംസാരിക്കാം നമുക്ക് “.. അപ്പുവിന്റെ പുറകെ നടക്കുമ്പോൾ അവൾ കണ്ടു, പാടത്തിന്റെ അപ്പുറത്ത് തന്നെയും നോക്കി നിൽക്കുന്ന അനന്തനെ.. ദേഷ്യത്തോടെ മുഖം വെട്ടിച്ചു നടക്കുന്നവളെ കണ്ടു അവന്റെ ചുണ്ടിൽ ഗൂഡമായ ചിരി പരന്നു..

(തുടരും)