19/04/2026

പാർവതി പരിണയം : ഭാഗം 16

രചന – മിത്ര

“പാറൂട്ടി എങ്ങനുണ്ട് മോളേ ഇപ്പോ.. വേദന കുറവുണ്ടോ “…. ആരോ തലയിൽ തഴുകിയത് പോലെ തോന്നിയപ്പോൾ പാറു കണ്ണു തുറന്നു.. രേവതി ടീച്ചറാണ്.. വാത്സല്യത്തോടെയുള്ള നോട്ടം… “ഇപ്പോ കുഴപ്പമില്ല ടീച്ചറെ.. “… പതിയെ എഴുന്നേറ്റിരിക്കാൻ തുടങ്ങിയവളെ രേവതി താങ്ങി കട്ടിലിന്റെ ക്രാസിയിലേക്ക്‌ ചാരിയിരുത്തി… പാറുവിന് എങ്ങനുണ്ടെന്നറിയാൻ സ്കൂൾ വിട്ടു കഴിഞ്ഞ ഉടനെ അങ്ങോട്ട്‌ ചെന്നതാണ് രേവതി.. രണ്ടു ദിവസം കഴിഞ്ഞാണ് പാറു ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയത്.. ഉടൻതന്നെ ശാരദ അവളെ സ്വന്തം വീട്ടിലേക്കു കൂട്ടികൊണ്ട് വന്നു.. സീതയെയും അവരുടെ വീട്ടിലേക്കു വിട്ടില്ല.. ഭയപ്പെട്ടിരുന്നു അവർ.. ഇനിയും ഒരു വേദന താങ്ങാൻ ഒരുക്കമായിരുന്നില്ല… “സാരല്യ ട്ടോ, ഇനി അതൊന്നും ഓർത്തു ടെൻഷൻ വേണ്ട.. ഹാപ്പിയായിട്ടിരിക്കു “… പാറു ഒന്ന് ചിരിച്ചു കൊണ്ടു മൂളി..

എങ്കിലും ഉള്ളിലൊരു പേടിയുണ്ടായിരുന്നു.. ആ ദിവസം താൻ അനുഭവിച്ച ടെൻഷൻ.. അതൊന്നും ഇനിയും ഓർക്കാൻ വയ്യാൻ ത്രാണിയില്ലാതെ കണ്ണുകൾ ഇറുക്കിയടച്ചവൾ.. “പാറൂ, എന്താ മോളേ.. തല വേദനിക്കുന്നുണ്ടോ”…. ആധിയോടെ രേവതിയവളുടെ അടുത്തേക്ക് ചെന്നിരുന്നു നെറ്റിയിൽ കൈവെച്ചു.. “ചെറുതായിട്ട് ഉണ്ട് ടീച്ചറെ “.. നേർത്ത സ്വരത്തിലുള്ള മറുപടിയിൽ തന്നെയുണ്ടായിരുന്നു, അവൾ അനുഭവിക്കുന്ന വേദനയുടെ ആഴം… രേവതിയവളെ അലിവോടെ നോക്കി… പാവം പെൺകുട്ടി… “നിന്റെ ഉണ്ണിയേട്ടൻ എവിടെ പെണ്ണേ “… അവളുടെ മൂഡ് ഒന്ന് മാറ്റാനായി ചോദിച്ചു.. “ആ കേസിന്റെ എന്തോ കാര്യത്തിന് വേണ്ടി രാവിലെ പോയതാ ടീച്ചറെ.. “… “എന്നിട്ട്.. ആ കാര്യം എന്തായി “… “എന്താവാൻ.. ആ ഹോസ്പിറ്റൽ മിക്കവാറും പൂട്ടേണ്ടി വരുന്ന അവസ്ഥയാ.. കൂട്ട് നിന്ന ഡോക്ടർസ് എല്ലാവരും അറസ്റ്റ് ആയില്ലേ.. ഇതിനെക്കുറിച്ചു അന്വേഷണം നടന്നോണ്ടിരിക്കുവാ.. “.. രേവതി ഒന്ന് മൂളി.. അനന്തന്റെ കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു..

എന്തോ, ചോദിക്കാൻ മനസ്സ് വന്നില്ല.. അല്ലെങ്കിൽ തന്നെ എന്ത് ചോദിക്കും.. “ടീച്ചറു വരുന്ന വഴിയിലെങ്ങാനും നന്ദേട്ടനെ കണ്ടോ.. “….. കേൾക്കാനിരുന്നത് കേട്ട പോലെ രേവതിയുടെ മനസ്സൊന്നു നിറഞ്ഞു.. അപ്പോൾ, അതിനർത്ഥം അനന്തൻ ഉണ്ണിയുടെ കൂടെ പോയിട്ടില്ലെന്നല്ലേ.. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി അവൾക്കു… “ഇല്ല, ഞാൻ കണ്ടില്ല പാറൂട്ടിയെ “… ഒരു വിധം സന്തോഷമടക്കി രേവതി.. ഒരു നോക്കവനെ കാണാൻ മനസ്സ് വെമ്പി… “പാറൂട്ടിയെ, ആഹാ.. ഉഷാറായാല്ലോ പെണ്ണു “… പറഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി വന്ന അനന്തൻ അവളുടെ രണ്ടു കവിളിലും പിടിച്ചു വലിച്ചു.. പാറുവിന്റെ അടുത്തായിട്ടിരുന്ന രേവതി, അവനെക്കണ്ടു കട്ടിലിൽ നിന്നെഴുന്നേറ്റു മാറി ഒരു അരികിലായിട്ട് നിന്നു… “ഈ മുറിയിലിങ്ങനെ ഇരിക്കാതെ, വെളിയിലേക്കൊക്കെ ഒന്നിറങ്ങി വന്നൂടെ മോളേ നിനക്ക് “.. പാറുവിന്റെ അടുത്തായിട്ട് ചെന്നിരുന്നവൻ.. പതിയെ മുറിവുള്ള നെറ്റിയിൽ തലോടി, അവിടെ ചുണ്ടുകൾ ചേർത്തു…

“നീയിങ്ങനെ ഇരുന്നാൽ ഒരു രസവും ഇല്ല മോളേ.. ഈ വീടുറങ്ങി പോയ പോലെ… ഒന്നുഷാറാവ് കുഞ്ഞേ “.. പാറു പതിയെ അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു.. കൈകൾ അവന്റെ ഷർട്ടിൽ തെരുത്തു പിടിച്ചു… “എന്താ മോളേ.. എന്ത് പറ്റി എന്റെ കുഞ്ഞിന്…മ്മ്.”… അവളെ ചേർത്തു പിടിച്ചവൻ… ചുണ്ടുകൾ അപ്പോഴും അവളുടെ നെറുകയിൽ തന്നെ ആയിരുന്നു… “ഒന്നൂല്യ ഏട്ടാ “… “ഒന്നൂല്യാന്ന് പറയേണ്ട.. എന്റെ മോൾക്ക്‌ എന്തോ സങ്കടം ഉണ്ട്‌.. ഏട്ടനോട് പറയ് “… ഒന്നൂടെ കുറുകി കൊണ്ടവളവന്റെ കൈവലയത്തിൽ ചേർന്നിരുന്നു.. “എനിക്കുറക്കം വരുവാ ഏട്ടാ “… “മോളുറങ്ങിക്കോ, ഏട്ടനിവിടെ തന്നെ ഇരിക്കാം ട്ടോ.. “.. അവളുടെ തലയിൽ കൂടി തഴുകിക്കൊണ്ട് ഏതോ രാഗം മൂളിയവൻ.. രേവതി എന്നൊരാൾ ഇല്ലെന്നു തോന്നിപ്പിക്കുന്ന വിധമായിരുന്നു അനന്തന്റെ പ്രവർത്തികൾ.. കുറ്റബോധം കൊണ്ടു രേവതിയുടെ കണ്ണുകൾ നിറഞ്ഞു തൂവി.. കൈകൊണ്ട് കണ്ണൊന്നമർത്തി തുടച്ചു കൊണ്ട് അവൾ മുറി വീട്ടിറങ്ങി..

അപ്പോഴും അനന്തന്റെ താരാട്ടു പാട്ട് ആ മുറിയിൽ മുഴങ്ങി കേട്ടു… 💞💞💞💞💞 രേവതി പാറുവിന്റെ മുറിയിൽ നിന്നിറങ്ങി ഹാളിലേക്ക് നടന്നു.. അനന്തന്റെ മുറിയുടെ മുന്നിലെത്തിയപ്പോൾ അവളുടെ കാലുകൾ നിന്നുപോയി.. പോകരുതെന്നു മനസ്സിൽ പലവട്ടം നിനച്ചിട്ടും അറിയാതെ തന്നെ ആ മുറിയിലേക്ക് കടന്നവൾ… തന്റെ അനന്തേട്ടന്റെ മുറി.. ആദ്യമായി കാണുന്നത് പോലെ ആർത്തിയോടെ ആ മുറിയിലുള്ള ഓരോന്നും വീണ്ടും വീണ്ടും നോക്കി… ആ കട്ടിലിൽ പൊയി ഇരുന്നവൾ.. മടക്കി വെച്ചിരിക്കുന്ന പുതപ്പിന് മുകളിൽ കൂടി വിരലോടിച്ചു.. പതിയെ അതു കയ്യിലെടുത്തു മണത്തു.. അനന്തേട്ടന്റെ ഗന്ധം.. പുതപ്പിലേക്കു മുഖം പൂഴ്ത്തിയവൾ.. ആ മണം ആവോളം മനസ്സിലേക്ക് ആവാഹിച്ചു.. അപ്പോഴാണ് കട്ടിലിനു അടുത്ത് കിടന്ന മേശമേൽ നിന്നും കിളി ചിലക്കുന്ന പോലൊരു സൗണ്ട് അവൾ കേട്ടത്….

പുതപ്പു അവിടെ വെച്ചിട്ട് മേശയുടെ അടുത്തേക്ക് ചെന്നു.. കുഞ്ഞൊരു ക്ലോക്ക് ആണ്… ചുവന്ന നിറത്തിലുള്ള ലവ് ഷേപ്പിൽ ഉള്ളത്.. അതിന്റെ ഇരു വശങ്ങളിലും ഓരോ കുഞ്ഞി കിളികൾ ഉണ്ട്.. ഓരോ പ്രാവശ്യo ചിലക്കുമ്പോഴും, അവയുടെ ചുണ്ടുകൾ ഉമ്മ കൊടുക്കുന്ന രീതിയിൽ കൂട്ടിമുട്ടുന്നുണ്ട്.. രേവതിയുടെ കണ്ണുകൾ വിടർന്നു.. അത്രയ്ക്ക് മനോഹരമായിരുന്നു അതു.. പെട്ടെന്ന് തന്നെ സൗണ്ട് നിന്നു പൊയി.. പിന്നെയാണ് അവൾക്കു മനസ്സിലായത്, ഓരോ മണിക്കൂറും ആവുമ്പോൾ ഉള്ള ബെൽ ആണതെന്ന്.. ഇപ്പോ അഞ്ചു മണിയായി.. അതൊന്നുകൂടി നോക്കി തിരിഞ്ഞു നടന്നപ്പോഴാണ് വീണ്ടും ആ ഡയറി അവൾ കണ്ടത്.. അവളിൽ ഒരു വിറയലുണ്ടായി.. ആ ഡയറി തന്നെയാണ്.. താൻ പണ്ട് വായിക്കാൻ വേണ്ടി എടുത്തുകൊണ്ടു പോയത്… അത് തുറന്നു നോക്കാൻ അവളുടെ ഉള്ളു തുടിച്ചു.. വിറച്ച കൈകൊണ്ട് അതിലൊന്നു തൊട്ടവൾ.. വേണ്ട, ഒന്ന് തുറന്നു നോക്കിയത് കൊണ്ടാ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്.. വീണ്ടും അതു തന്നെ ആവർത്തിക്കണോ.. പല ചിന്തകളാൽ അവളുടെ തല പുകഞ്ഞു…

ഒടുവിൽ തുറന്നു നോക്കാൻ തന്നെ തീരുമാനിച്ചു അതു കയ്യിലെടുത്തു.. ആദ്യത്തെ പേജിൽ തന്നെ 💞ന്റെ പാറൂട്ടിക്ക് 💞 എന്നെഴുതിയത് കണ്ടു.. അടുത്ത പേജ് വിറക്കുന്ന കയ്യാൽ മറിച്ചു നോക്കി.. “പ്രണയത്തിന്റെ ഭാഷ ഓതി തന്നവളെ, നിന്റെ അഞ്ജന മിഴിയിൽ എഴുതിയ കരിമഷിയോടും എനിക്ക് പ്രണയമാണ്… ” …….എന്ന് നിന്റെ ഉണ്ണിയേട്ടൻ….. അവളുടെ ഹൃദയം നിലച്ചത് പോലെ തോന്നി.. കണ്ണിൽ നിന്നും നീർച്ചാലുകൾ ഒഴുകിയിറങ്ങി.. കുറ്റബോധത്തിന്റെ കാര്മേഘങ്ങൾ ഉരുണ്ടു കൂടിയവളിൽ.. ഇത്.. ഇത്.. ഉണ്ണിയുടെ ഡയറി ആയിരുന്നോ.. ഇത് കണ്ടിട്ടാണോ താൻ അനന്തേട്ടനെ സംശയിച്ചത്.. എന്തൊരു പാപിയാണ് ഞാൻ.. എന്തൊക്കെയാണ് താൻ ശപിച്ചത്… വാ പൊത്തി നിന്നു കരഞ്ഞു പോയവൾ.. ഡയറി മേശമേൽ വെച്ചിട്ട് മുറിക്കു പുറത്തേക്കു കാലുകൾ നീങ്ങി.. “ആഹാ, ടീച്ചറു വീണ്ടും മോഷണത്തിനായിട്ട് കേറിയതാണോ എന്റെ മുറിയിൽ “… വാതിൽ പടിയിൽ ചാരി രണ്ടു കയ്യും കെട്ടി അനന്തൻ നിൽക്കുന്നു.. ഡയറി തുറന്നു നോക്കിയത് കണ്ടു എന്നർത്ഥം.. നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴെക്ക് പോയെങ്കിലെന്നു അവൾ ആത്മാർത്ഥമായി ആശിച്ചു..

അവന്റെ മുഖത്ത് വെറുപ്പ്‌ മാത്രമേ കണ്ടുള്ളൂ.. കരഞ്ഞു കലങ്ങിയ കണ്ണുകൾ മറച്ചു പിടിക്കാൻ അവൾ കുനിഞ്ഞു നിന്നു.. “മറ്റുള്ളവരുടെ മുറിയിൽ ഇങ്ങനെ കയറുന്നത് സംസ്കാരത്തിന് ചേരുന്നതാണോ.. അതും അന്യ പുരുഷന്റെ മുറിയിൽ “…. ഉറച്ചതായിരുന്നു ആ വാക്കുകൾ.. മറുപടി പറയാൻ താൻ അർഹയല്ല.. നെഞ്ചു പൊടിഞ്ഞിരുന്നു രേവതിയുടെ.. മരിച്ചു പോയിരുന്നെങ്കിലെന്നു അവളാഗ്രഹിച്ചു… “ഞാൻ… എന്നോട് ക്ഷമിക്കണം… അറിയാതെ ചെയ്തതാണ് “…. നേർത്ത ശബ്ദത്തിൽ കൈകൾ കൂപ്പിക്കൊണ്ട് വിറച്ചു വിറച്ചു പറഞ്ഞൊപ്പിച്ചു.. അപ്പോഴും കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു… “ഹ്മ്.. ക്ഷമിക്കണം പോലും.. ക്ഷമിക്കാൻ നിങ്ങൾ എന്റെ മിത്രമോ, ശത്രുവോ അല്ലല്ലോ.. അതിനും വേണ്ടെ ഒരു സ്ഥാനം മനസ്സിൽ “… നെഞ്ചിൽ കത്തി കൊണ്ടു വരയുന്നത് പോലെ തോന്നിയവൾക്ക്.. അനന്തേട്ടന് താൻ ആരും അല്ലെന്നു.. ശത്രുവിന്റെ സ്ഥാനം പോലും ആ മനസ്സിൽ തനിക്കായിട്ടില്ലയെന്നു.. ശരിയാണ്, താൻ അത്രയും വേദനിപ്പിച്ചിട്ടുണ്ട്.. സഹിക്കാൻ ബാധ്യസ്ഥയാണ്.. സഹിക്കണം, സഹിച്ചേ പറ്റൂ.. നിറഞ്ഞൊഴുകിയ കണ്ണുകൾ കൈവെള്ള കൊണ്ടു അമർത്തി തുടച്ചു..

കരഞ്ഞത് കൊണ്ടു കണ്ണും മുഖവും എല്ലാം ചുവന്നു കിടന്നിരുന്നു.. സങ്കടം കൊണ്ടു ചുണ്ടുകൾ വിറച്ചു.. കണ്ണുകൾ ഉയർത്തി അനന്തനെ നോക്കി.. ഇപ്പോഴും വാതിൽ പടിയിൽ തന്നെയാണ് നിൽപ്പ്.. ഒന്ന് മാറിയിരുന്നെങ്കിൽ പോകാമായിരുന്നെന്നു അവൾ മനസ്സിലോർത്തു.. അതു ചോദിക്കുവാനുള്ള ധൈര്യമില്ല.. “ശാപം ഒക്കെ ഉഗ്രൻ ആയിരുന്നു ട്ടോ.. ഏട്ടനെപ്പോലെ പോലെ എന്നെ കണ്ടവളോടെനിക്ക് കാമം അല്ലേ.. “… ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നവൻ.. കണ്ണുകളിൽ ചുവപ്പു രാശി പടർന്നു… “അമ്മേം പെങ്ങളേം തിരിച്ചറിയാത്ത കാമ പ്രാന്തൻ ആണെന്ന് വിചാരിച്ചോടി പുന്നാര മോളേ ഞാൻ “… രേവതിക്കു ചെവികൾ കൊട്ടിയടക്കുന്നത് പോലെ തോന്നി.. അല്ല എന്ന രീതിയിൽ തലയാട്ടിയവൾ… “എന്നോട് ക്ഷമിക്കോ, ഞാൻ.. ഞാൻ..വേണേൽ കാലു പിടിക്കാം “… അനന്തന്റെ കാലിൽ പിടിക്കാൻ അവൾ കുനിഞ്ഞു.. പൊടുന്നനെ അവൻ കാലുകൾ മാറ്റി മുറിക്കകത്തേക്ക് കടന്നു… “തൊട്ടു പോകരുത് നീ,… എനിക്ക് നിന്നോട് വെറുപ്പാണ്.. അറപ്പാണ്.. പുഴുത്ത പട്ടിയോട് തോന്നുന്ന അറപ്പ്.”…. ഏങ്ങി ഏങ്ങി കരയുന്നവളെ കണ്ടിട്ടും അനന്തന്റെ മനസ്സ് തെല്ലും അലിഞ്ഞില്ല…

“പ്രണയം ആണ് പോലും.. കുറെ നാൾ എന്റെ പുറകെ ചാവാലി പട്ടിയെ പോലെ തെണ്ടി നടന്നതല്ലേ.. പ്രണയത്തിൽ ആദ്യം വേണ്ടത് വിശ്വാസവാ.. അതു നിനക്കില്ല.. ഞാനും ആസ്വദിച്ചതാ നിന്റെ കുറുമ്പുകൾ.. ഇനി, ഇനിയത് ഉണ്ടാവില്ല.. അറപ്പാ എനിക്ക് നിന്നോട്.. ഇനിയൊരിക്കലും എന്റെ മുന്നിൽ വന്നു പോകരുത് നീ.. ഒരിക്കലും… നീ ചത്താൽ പോലും ഞാൻ വരില്ല “…. ആജ്ഞയായിരുന്നത്.. ഹൃദയത്തിൽ ഒരു ഇടിവാൾ മിന്നി.. മരിച്ചാൽ പോലും തന്റെ മുഖം കാണാൻ വരില്ലെന്നു.. ആ വാക്കുകൾ മാത്രം അവളുടെ മനസ്സിൽ കിടന്നു പുകഞ്ഞു… എല്ലാത്തിനും ഒരു പാവയെ പോലെ തലയാട്ടി രേവതി.. എല്ലാം അവസാനിച്ചപോലെ തോന്നിയവൾക്ക്.. ഇനിയൊന്നും കേൾക്കാനില്ല, പറയാനും.. തന്റെ കുറുമ്പുകൾ അനന്തേട്ടന് ഒരിക്കൽ ഇഷ്ടമായിരുന്നൂന്നു.. ആ വാക്കുകൾ നെഞ്ചിൽ തറച്ചു നിന്നു..

മതി, ഇത് മതി, തനിക്കു ജീവനുള്ളിടത്തോളം കാലം ഓർത്തു ജീവിക്കാൻ… മുറിക്കു പുറത്തേക്കു നടന്നു… ഭൂമി കറങ്ങുന്നത് പോലെ തോന്നിയവൾക്ക്.. തൊണ്ട വറ്റി വരളുന്ന പോലെ.. കാലുകൾക്ക് ബലം ഇല്ലാതെ വേച്ചു പോകുന്നു.. തലയ്ക്കു വല്ലാതെ ഭാരം അനുഭവപ്പെട്ട പോലെ.. കാറ്റിന്റെ വേഗത്തിൽ പറക്കുന്ന കരിയില പോലെയായിരുന്നു അവളും.. ഒരു വിധം മുറ്റത്തേക്കിറങ്ങി… പതിയെ മുറ്റത്തു നിന്നും റോഡിലേക്ക് അവസാനിക്കുന്ന പടികൾ ഇറങ്ങി.. ഒരു സ്വപ്നത്തിലെന്നപോലെയായിരുന്നവൾ നടന്നത്.. മുന്നിലുള്ളതൊന്നും കാണുന്നുണ്ടായിരുന്നില്ല.. പോണം, ഇവിടുന്നു പോണം, പറ്റിയാൽ ഈ ലോകത്തു നിന്നു തന്നെ …. അവളുടെ മനസ്സ് ഇങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു… (തുടരും )