19/04/2026

പാർവതി പരിണയം : ഭാഗം 09

രചന – മിത്ര

“സീതേ”. “എന്താ ഏട്ടാ “… രാവിലെ തന്നെ സീതയുടെ വീട്ടിലേക്കു ചെന്നതാണ് അച്യുതൻ.. “കേറിയിരിക്കു ഏട്ടാ “.. കസേര വലിച്ചു അച്ചുതന്റെ മുന്നിലേക്ക് ഇട്ടു കൊടുത്തു, വാതിൽ പടിയിൽ ചാരി നിന്നവർ.. “പാറു എന്തിയെടി, ഇന്നങ്ങോട്ട് കണ്ടില്ലല്ലോ “.. വീടിനകം കണ്ണാൽ ഉഴിഞ്ഞയാൾ.. “അവള് അമ്പലത്തിൽ പോയിരിക്കുവാ ഏട്ടാ.. ഉണ്ണിക്കു വയ്യാതായപ്പോൾ തൊട്ടു എന്നും പോകുന്നുണ്ടിപ്പോ “… “ഉം “.. തോളിൽ കിടന്ന തോർത്തെടുത്തു മുഖത്തെ വിയർപ്പു തുടച്ചു.. “ഏട്ടാ, ദോശ ആയിട്ടുണ്ട്‌.. എടുക്കട്ടെ “.. തിടുക്കത്തിൽ അടിക്കളയിലേക്ക് പോകാൻ നിന്ന സീതയെ അച്യുതൻ തടഞ്ഞു.. “ഇപ്പോ ഒന്നും വേണ്ടാടി.. നിന്റെ ഏട്ടത്തി അവിടെ നോക്കിയിരിക്കും.. നീയിവിടെ നില്ല്”.. അവർ അച്ചുതന്റെ അടുത്തേക്ക് വന്നു നിന്ന്, പാറു വരുന്നുണ്ടോയെന്നു റോഡിലേക്ക് നോക്കി…

“എടി സീതേ, പിള്ളേരെ ഇങ്ങനെ ഇനിയും നിർത്തുന്നത് ശരിയല്ല.. പാറുവിന്റെയും ഉണ്ണിയുടെയും കല്യാണം ഉടനെ നടത്തണം.. ശാരദക്കും അതേ അഭിപ്രായം തന്നെയാണ്.”.. സീത വെറുതെ ഒന്ന് പുഞ്ചിരിച്ചു.. “എനിക്കും അതു തന്നെയാണ് ഏട്ടാ അഭിപ്രായം.. എന്നാലും ഇപ്പോ പെട്ടെന്ന് കല്യാണം എന്നൊക്കെ പറഞ്ഞാൽ “… പകുതിക്കു നിന്നുപോയി വാക്കുകൾ.. അച്യുതൻ അവരെ സംശയത്തോടെ നോക്കി.. “എന്താടി ഇപ്പോ ഒരു ബുദ്ധിമുട്ട്, എന്താണെങ്കിലും പറയ്.. ” “അതുപിന്നെ.. ഏട്ടാ.. ” വീണ്ടും എന്തോ പറയുവാൻ വേണ്ടി ബുദ്ധിമുട്ടുന്ന സഹോദരിയെ കേൾക്കാൻ വേണ്ടി കാതോർത്തു.. “എന്താണേലും പറയെടി “.. “ഏട്ടാ, എടുപിടീന്ന് കല്യാണം എന്നൊക്കെ പറയുമ്പോൾ.. കാശിന്റെ കാര്യം “.. പകുതിയിൽ നിർത്തി സീത.. വിഷമത്തോടെ തല കുനിച്ചു നിന്നു.. “എന്റെ സീതേ, കാശിന്റെ കാര്യം ഇപ്പോ നിന്നോട് ആരാ ചോദിച്ചേ.. ഉണ്ണിയും പാറുവും എന്റെ പിള്ളേര് ആണ്..

അവരുടെ കല്യാണം നടത്താം എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ.. ” “അതല്ല ഏട്ടാ, അതൊക്കെ എനിക്കറിയാം.. എന്നാലും, ഒന്നും തരാതെ എങ്ങനെയാ ഏട്ടാ അവളെ ഇറക്കി വിടുന്നത് “.. സീതയുടെ കണ്ണുകൾ, ചുവരിന്മേൽ ഫ്രെയിം ചെയ്തു വെച്ച പാറുവിന്റെ അച്ഛൻ രാഘവന്റെ ഫോട്ടോയിലേക്ക് നീണ്ടു.. നിറഞ്ഞ കണ്ണുകൾ അച്യുതൻ കാണാതെ തുടച്ചു.. “എടി , അവൾക്കുള്ളതെല്ലാം അവിടെ ശാരദയും ഉണ്ണിയും വാങ്ങി വെച്ചിട്ടുണ്ട്.. നീയവളെ പെറ്റിട്ടെന്നല്ലേ ഉളളൂ.. അവളെ വളർത്തിയത് നിന്റെ ഏട്ടത്തിയമ്മ ആണ് .. ഞങ്ങൾക്കും മകളാണവൾ .. ഇനി ഇതിന്റെ കാര്യം പറഞ്ഞു കണ്ണു നിറക്കേണ്ട.. “.. പറഞ്ഞുകൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റയാൾ.. “മുഹൂർത്തം നോക്കി, എത്രയും പെട്ടെന്ന് നടത്തണം എന്നാ ശാരദ പറയുന്നത്.. ഞാൻ ആലോചിട്ട് അതാ നല്ലതെന്നു എനിക്കും തോന്നുന്നുണ്ട്.. “.. “ഞാൻ വരാം ഏട്ടാ.. ഏട്ടത്തിയോട് സംസാരിച്ചോളാം.. “.. “ഉണ്ണി അവിടുത്തെ ജോലി റിസൈൻ ചെയ്യുവാന്ന് പറയുന്നത് കേട്ട്.. ഇവിടെ ടൗണിലെ ഏതേലും ഹോസ്പിറ്റലിൽ കേറാൻ നോക്കുവാന്ന്.. ”

“അതു നല്ലതല്ലേ ഏട്ടാ.. എത്രനാളാ അന്യ നാട്ടിൽ പൊയി കിടക്കുന്നതു.. അതും അല്ല കല്യാണം കഴിഞ്ഞാൽ പാറുവിനും അതു സങ്കടം ആവും “.. “അതൊക്കെ ആലോചിച്ചാവും അവനും ഇങ്ങനെ തീരുമാനിച്ചത്.. അതൊക്കെ പോട്ടെ, നീ പണിയൊക്കെ കഴിഞ്ഞു അങ്ങോട്ടേക്ക് വാ. തിരുമേനിയെ കണ്ടു നമ്മുക്ക് സമയം കുറുപ്പിക്കണം. വൈകിക്കേണ്ട “.. “ശരിയേട്ടാ..” മുറ്റത്തേക്കിറങ്ങി ചെരിപ്പിട്ടോണ്ടിരുന്നപ്പോഴാണ് പാറു അമ്പലത്തിൽ നിന്നും വീട്ടിലേക്കു വരുന്നത് അയാൾ കണ്ടത് .. അവൾ വരുന്നത് വരെ മുറ്റത്തു കാത്തു നിന്നു.. “ആഹാ, അച്ചൂസ് രാവിലെ തന്നെ പരദൂക്ഷണത്തിന് എത്തിയോ “. അച്യുതൻ അവളുടെ ചെവിക്കു പിടിച്ചു.. “അയ്യോ ഞാൻ വെറുതെ പറഞ്ഞതല്ലേ അച്ചൂസേ.. ഇനിയെന്റെ ചെവിയേന്ന് വിടൂന്നേ “.. “പെണ്ണിന് ഇച്ചിരി അഹങ്കാരം കൂടുതലാണ്.. നീ ഇനി ഓരോ കാര്യത്തിനും എന്റെയടുത്തു വാ കെട്ടോ “.. പിണങ്ങി നിന്ന അച്യുതനെ പാറു കെട്ടിപിടിച്ചു.. എന്നിട്ട് ആ കവിളിൽ ഒരുമ്മ കൊടുത്തു.. കയ്യിലിരുന്ന ചന്ദനം വിരലിൽ തോണ്ടി അയാളുടെ നെറ്റിയിൽ കുറി വരച്ചു..

“ഐഷ്.. നോക്കിയേ അമ്മേ, എന്റെ അച്ചൂസ് എന്ത് സുന്ദരൻ ആണെന്ന് “.. പൊട്ടിച്ചിരിക്കുന്ന പാറുവിനെ അച്യുതനും സീതയും വാത്സല്യത്തോടെ നോക്കി നിന്നു.. “സുന്ദരൻ ഒക്കെ അവിടെ നിൽക്കട്ടെ.. നിന്നെ പൂട്ടാൻ നല്ല ഉഗ്രൻ തോട്ടി ആയിട്ടാണ് ഞാൻ ഇപ്പോ വന്നത് “. “എന്ത് തോട്ടി.. ഈ അച്ചൂസ് എന്താ അമ്മേ ഈ പറയുന്നത് “.. സംശയത്തോടെ നെറ്റി ചുളിച്ചവൾ.. “നിന്റെം ഉണ്ണിയുടെയും കല്യാണത്തിന് ഇന്ന് നാള് കുറിപ്പിക്കാൻ പോകുവാ ഞങ്ങൾ “. കണ്ണുകൾ വിടർത്തി, ആശ്ചര്യത്തോടെ നോക്കിയവളെ കണ്ടു, അച്യുതൻ ഉച്ചത്തിൽ ചിരിച്ചു.. “സത്യാണോ അച്ചൂസേ “.. സന്തോഷം അടക്കാനായില്ല പെണ്ണിന്.. “ആണെടി പാറൂട്ടിയെ.. ഇനി നിന്നെ ഇങ്ങനെ ഞങ്ങൾ കയറൂരി വിടാൻ തീരുമാനിച്ചിട്ടില്ല “. നാണം കൊണ്ടു കുണുങ്ങി നിന്നവളെ അച്യുതൻ ചേർത്തു പിടിച്ചു.. സന്തോഷം കൊണ്ടു കണ്ണു നിറച്ചു നോക്കി നിൽക്കുന്ന സീതയെ അയാൾ കണ്ണു ചിമ്മി കാണിച്ചു..

“ഉണ്ണിയേട്ടാ, ഉണ്ണിയേട്ടോയ് “… “എന്തെടി, എന്തിനാ ഇങ്ങനെ കിടന്നു തുള്ളുന്നതു “… പാട്ടും പാടി തുള്ളിക്കൊണ്ട് മുറിയിലേക്ക് കടന്നു വന്നവളെ കണ്ടു, ഉണ്ണി തലയിൽ കൈവെച്ചു.. “പൊ ഉണ്ണിയേട്ടാ.. അല്ലേലും ഉണ്ണിയേട്ടന് എന്നെ ഇഷ്ടം അല്ലല്ലോ “.. കെറുവിച്ചു മുഖം കേറ്റി വെച്ചിട്ടുണ്ട്.. “അയ്യോ, എന്റെ പൊന്നിനോട് എനിക്ക് ഭയങ്കര ഇഷ്ടാണ്.. ഇനി കാര്യം പറ.. “… വീണ്ടും മൗനമായി നിന്നവളെ ചേർത്തു പിടിച്ചവൻ.. “പറയെടി “.. “അതുണ്ടല്ലോ, അച്ചുവും അമ്മായീ അമ്മേം ഒക്കെ നമ്മടെ കല്യാണത്തിന് സമയം നോക്കാൻ പോയല്ലോ “.. തല കുനിച്ചു, ചെറിയ നാണം ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്തു നിൽപ്പുണ്ട് പെണ്ണ്.. “അയിന് “… പുരികം ഒന്ന് വളച്ചു, ഇതാണാ വല്യ സംഭവം എന്ന രീതിയിൽ ഉണ്ണിയവളെ ഏറു കണ്ണിട്ട് നോക്കി.. “കണ്ടോ, കണ്ടോ.. അല്ലേലും ഉണ്ണിയേട്ടന് എന്നോട് സ്ലെഗം ഇല്ല.. “. “അതിപ്പഴാണോ നിനക്ക് മനസ്സിലായത്.. എനിക്ക് നിന്നോട് പണ്ടേ സ്നേഹം ഇല്ലാലോ പാറുവേ “.. പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു.. ചുണ്ടുകൾ പരിഭവത്താൽ വിറക്കുന്നത് അവനിൽ ചിരി വിടർത്തി…

“ഉണ്ണിയേട്ടന് ഇഷ്ടല്ലേ ഞാൻ കെട്ടുന്നത് “.. “ഇഷ്ടല്ലല്ലോ “… പരിഭവം മാഞ്ഞു, പെയ്യാൻ വെമ്പുന്ന മഴക്കാറ് പോലെ കണ്ണുകൾ നിറയാൻ തുടങ്ങി.. ഉണ്ണിയിൽ നിന്നും മറച്ചു പിടിക്കാനായി തിരിഞ്ഞു നിന്നവൾ.. കവിൾത്തടം നനഞൊഴുകുന്ന കണ്ണീരിനെ തുടക്കാൻ പോലും മറന്നവൾ നിന്നു.. “സാധാരണ ആണുങ്ങൾ, പെൺകുട്ടികളെ അല്ലേ കെട്ടാറുള്ളത്.. നീയെന്തൊരു മന്ദാടി പെണ്ണേ “. പുറകിൽ നിന്നവളെ ഇറുക്കെ പുണർന്നവൻ.. “എന്തിനെടി നിന്നു മോങ്ങുന്നത് “.. അവളെ തിരിച്ചു നിർത്തി കണ്ണീര് തുടച്ചു കൊടുത്തു.. “നീ ഭയങ്കര ബോർ ആവുന്നുണ്ട് പാറുട്ടിയെ.. തൊട്ടതിനും പിടിച്ചതിനും എല്ലാം കരച്ചിലാണിപ്പോ.. ഇതിനും മാത്രം കണ്ണീര് എവിടുന്ന് വരുന്നെന്തോ “… “അല്ലേലും ഉണ്ണിയേട്ടനെന്നോട്…..” അവളുടെ വായ അടച്ചു പിടിച്ചവൻ.. “അതേ… എനിക്ക് സ്നേഹം ഇല്ല.. കൊണ്ടോയി കേസ് കൊടുക്കെടി.. അല്ല പിന്നെ “. അവന്റെ കൈകൾ തട്ടി മാറ്റിയവൾ.. ഉണ്ണിയെ രൂക്ഷമായിട്ട് നോക്കി.. ചാടി തുള്ളി മുറിക്കു പുറത്തിറങ്ങാൻ പോയ അവളെ അവൻ ഒരു കയ്യാൽ പിടിച്ചു നെഞ്ചോട് ചേർത്തു..

“ദേ ഏട്ടാ ഒന്ന് വിട്ടേ “.. “എങ്ങോട്ടാ എന്റെ നങ്ങേലി നീ പോണത്.. അവിടെ നില്ല് “… “ഇപ്പോ അങ്ങനെ ആയോ.. ഏട്ടൻ അല്ലേ പറഞ്ഞത് കേസ് കൊടുക്കാൻ.. ഞാൻ പൊയി കൊടുത്തിട്ട് വരാം “.. “എന്നിട്ട് “.. “എന്നിട്ടൊന്നൂല്യ “.. “അതെന്നാടി ഒന്നൂല്യാത്തത്.. എന്തേലും ഒക്കെ വേണ്ടെ “… “ദേ ഏട്ടാ ഒന്ന് വിടുന്നുണ്ടോ.. എനിക്ക് പോണം”.. “അങ്ങനെ പോണ്ട ഇപ്പോ”.. “പോണം ന്നല്ലേ പറഞ്ഞത് “… “വേണ്ടന്നല്ലേ ഞാനും പറഞ്ഞേ.. ബാ എനിക്കിപ്പോ നിന്നെ സ്നേഹിക്കണം.. നീയല്ലേ പറഞ്ഞത് എനിക്ക് സ്നേഹം ഇല്ലാന്ന് “… പറഞ്ഞു കൊണ്ടവളെ ചുവരോട് ചേർത്തു നിർത്തിയവൻ.. വലം കയ്യ് കൊണ്ടവളുടെ കവിളിനെ തഴുകി.. നാണത്താൽ കൂമ്പിയയവളുടെ കണ്ണുകളിൽ അവൻ ചുണ്ടു ചേർത്തു.. “പാറൂട്ടിയെ “.. “മ്മ് “.. “ഇതെന്താ ഇങ്ങനെ ചുവന്നു തുടുക്കണത് “.. അവളുടെ ചുണ്ടുകളിൽ തള്ള വിരൽ അമർത്തിയവൻ.. കണ്ണുകൾ പരൽ മീനുകളെ പോലെ വെട്ടിപ്പിടഞ്ഞു… “ഉണ്ണിയേട്ടാ.. വേണ്ടാട്ടോ “.. “എന്ത് വേണ്ടാന്നു “… പറഞ്ഞു കൊണ്ടു അവളുടെ ചുണ്ടുകളിലേക്കവൻ ചുണ്ട് ചേർത്തു..

“പാറൂട്ടി.. നീയെവിടാ “.. അനന്തന്റെ ശബ്ദം കേട്ട് അവൾ ഉണ്ണിയെ തള്ളി മാറ്റി, മുഖം നന്നായി അമർത്തി തുടച്ചു.. “ശ്ശെ, നശിപ്പിച്ചു ‘.. അവൻ പരിഭവത്താൽ ചുണ്ടു കോട്ടി.. പാറുവിനു അതു കണ്ടു ചിരി പൊട്ടി.. “ചിരിക്കെടി, ചിരിക്കു.. അല്ലേലും ഞാൻ എപ്പോ പരിപാടി അവതരിപ്പിച്ചാലും ഏട്ടൻ നശിപ്പിക്കും.. ചെല്ല് ചെല്ല്… വേഗം ചെല്ല് “.. പറഞ്ഞു കൊണ്ട് മേശമേൽ ഇരുന്ന ഫോൺ കയ്യിലെടുത്തു അതിൽ കുത്തിക്കൊണ്ടിരുന്ന് … അടുത്തേക്ക് ചെന്നു ആ മുഖം കയ്യിലെടുത്തു നെറുകയിൽ ഒരുമ്മ കൊടുത്തവൾ. എന്നിട്ട് അനന്തന്റെ അടുത്തേക്ക് നടന്നു.. ഉണ്ണിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞതവൾ കണ്ടില്ല… “എന്തേ നന്ദേട്ടാ, വിളിച്ചുവോ “… സമയം വൈകിട്ട് അഞ്ചിനോട് അടുത്തിരുന്നു.. പാടത്തു നിന്നും പണിയും കഴിഞ്ഞു വന്നു,ഉമ്മറത്തിരിക്കുകയായിരുന്നു അനന്തു.. തലയിൽ വട്ടം കെട്ടി വെച്ച തോർത്തുമുണ്ട് എടുത്തു മുഖമാകെ തുടക്കുന്നുണ്ട്.. അവൾ കൊണ്ടുചെന്ന വെള്ളം വാങ്ങി കുടിച്ചവൻ… “അമ്മയൊന്നും വന്നില്ലേ മോളേ ഇതുവരെയും”… കയ്യിലിരുന്ന മൊന്ത അവൾക്ക് നേരെ നീട്ടി…

“ഇല്ലേട്ടാ, ഇത് വരെയും വന്നില്ല “… “ഉണ്ണിയെവിടെ, അകത്തില്ലേ അവൻ “.. “അകത്തുണ്ട്.. ആരോടോ ഫോണിൽ സംസാരിക്കുവാ നന്ദേട്ടാ “. പെട്ടെന്ന് നാവിൽ വന്ന ഒരു കള്ളം പറഞ്ഞവൾ.. “മോളേ ഞാനൊന്നു കുളിച്ചിട്ട് വരാം.. കാപ്പി എടുത്തേക്ക് “.. അനന്തു തോർത്തും തലയിൽ കെട്ടി കുളത്തിന്റെ സൈഡിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അപ്പു അങ്ങോട്ടേക്ക് കയറി വന്നത്.. “ആഹാ, ഇതാര്… അപ്പുവോ.. കയറി വാടാ “… ഉമ്മറത്തേക്ക് കയറിയ അപ്പുവിന്റെ പുറകെ അനന്തനും ചെന്നു… “ഇരിക്കെടാ നീയ് “… അപ്പുവിന്റെ കസേരയുടെ എതിർവശത്തായിട്ട് ഉമ്മറത്തൂണിൽ ചാരി അവനും ഇരുന്നു.. പാറു കുണുങ്ങി കുണുങ്ങി അനന്തന്റെ അടുത്തേക്ക് ചെന്നിരുന്നു… അപ്പുവിനെ നോക്കി വെളുക്കനെ ചിരിച്ചു.. “വെറുതെ ഇറങ്ങിയതാ ഏട്ടാ .. കുറെ നാൾ ആയില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്.. “… “അങ്കിലും ആന്റിയും ഒക്കെ എവിടെപ്പോയി.. കണ്ടില്ലല്ലോ “…. വീടിനുള്ളിലേക്ക് നോക്കി അപ്പു ചോദിച്ചു…

“ആഹാ, അപ്പൊ നീയൊന്നും അറിഞ്ഞില്ലേ “… “എന്താ അനന്തേട്ട.. ” “നമ്മടെ പാറുവിന്റെയും ഉണ്ണിയുടെയും കല്യാണത്തിന് മുഹൂർത്തം നോക്കാൻ പോയതാ അവര് “… നിറ പുഞ്ചിരിയോടെ അപ്പു പാറുവിനെ നോക്കി… നാണത്തോടെ തല കുമ്പിട്ടു ഇരിക്കുന്നവളെ കണ്ടു അവൻ പൊട്ടിച്ചിരിച്ചു… “കോളടിച്ചല്ലോ പാറൂട്ടിയെ “… “പോ അപ്പുവേട്ട..”.. “മോളേ നീ ചെന്നു ഉണ്ണിയെ വിളിക്ക് “… ശരിയെന്ന രീതിയിൽ തലയാട്ടി കൊണ്ടവൾ അകത്തേക്ക് നടന്നു… “അപ്പു, നീയെപ്പോ വന്നെടാ “… കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ഉണ്ണി വന്നവന്റെ അരുകിൽ ഇരുന്നു… “ഇപ്പോ വന്നതേയുള്ളേട.. അല്ല, നിന്റെ കൈ എങ്ങനുണ്ട് “… ആധിയോടെ ചോദിച്ചവനെ നോക്കി ഉണ്ണി കണ്ണു ചിമ്മി… “ഇപ്പോ കുഴപ്പം ഒന്നും ഇല്ലെടാ.. എന്നാലും കൈ മടക്കുമ്പോ ഒക്കെ ചെറിയ ഒരുപിടുത്തം ഉണ്ട്‌ “… “അതു മാറിക്കോളും ഡാ “.. “മ്മ്… മാറാതെ എവിടെ പോവ്വാൻ.. “… അപ്പുവിനോട് കുശലം പറയുന്ന ഉണ്ണിയുടെ നേരെ അനന്തൻ കണ്ണുകൾ കുറുക്കി നോക്കി… . (തുടരും)