രചന – നിവേദ്യ ഹരിഹരൻ
അരുൺ കൂടി ചേർന്നാണ് ജയ്കൃഷ്ണനെ മുകളിലെ നിലയിൽ നിന്നും താഴെയിറക്കിയതും പിന്നീട് കാറിലേക്ക് കയറ്റിയതും…!! ശേഷം ബൈക്കെടുത്ത് അരുൺ അവരെ പിന്തുടർന്ന് ഹോസ്പിറ്റലിലേക്ക് പോകുകയും ചെയ്തു. ഹോസ്പിറ്റലിൽ എത്തിച്ച ജയ്കൃഷ്ണനെ നേരിട്ട് ICU യിലേക്ക് കയറ്റി . അരുൺ അകത്തേത് ചെല്ലുമ്പോൾ കൈകൾ മുട്ടുകാലിൽ ഊന്നി അസ്വസ്ഥൻ ആയിരിക്കുന്ന ഹരിയെയും ICUന് വാതിൽക്കൽ ഒരു കാൽ പിന്നിലെ ഭിത്തിയിൽ ചവിട്ടി കൊണ്ട് കൈ കെട്ടി അതീവ സങ്കടത്തോടെ നിൽക്കുന്ന ഗോപിയെയും ആണ് കണ്ടത്. അരുണിന്റെ ചെരുപ്പിന്റെ ശബ്ദം കേട്ട് ഹരി തലയുർത്തി.. “എടാ നിന്നെ ഞാൻ … എന്നു പറഞ്ഞ് ഹരി അരുണിന്റെ നേരേ ചാടി വീണു… “എന്താ ഹരീ ത് .. ന്ന് പറഞ്ഞ് ഗോപി ഓടി വന്ന് ഹരിയെ പിടിച്ചു മാറ്റി.. “ഇവനാണേട്ടാ ജയേട്ടനെ… സങ്കടത്തിൽ തൊണ്ടക്കുഴിയിൽ നിന്നു പോയ വാക്കുകളോടെ ഹരി ഗോപിയുടെ തോളിലേക്ക് വീണു കരഞ്ഞു. “നീ സമാധാനപ്പെട് ഹരീ… അവനൊന്നും സംഭവിക്കില്ല.. വർമ്മ സാർ അകത്തുണ്ട്.. സാർ പുറത്തേക്ക് വരട്ടെ… നീയാദ്യമൊന്ന് സ്റ്റേബിൾ ആവ്… ഗോപി ഹരിയുടെ ചുമലിൽ തട്ടി…
“നീയിവിടെ ഇരുന്നേ… ഗോപി ഹരിയെ അവിടെയുള്ള കസേരയിലിരുത്തി. ഹരി തല ഭിത്തിയോട് ചേർത്ത് കണ്ണടച്ചിരുന്നു… അവന്റെ കൺകോണുകളിൽ നിന്നും കണ്ണുനീർ ഇരുവശത്തേക്കും ഒഴുകി കൊണ്ടിരുന്നു. “എടോ തന്റെ പേരെന്താ…?? ഗോപി അരുണിനോടായി ചോദിച്ചു “അരുൺ .. അവൻ മറുപടി പറഞ്ഞു ” ആഹ് അരുണേ … താനിങ്ങ് വന്നേ.. ഗോപി അരുണിന്റെ തോളിൽ പിടിച്ചു കൊണ്ട് നടന്നു. “ദാ ഇവിടിരിക്കാടോ… ഹരിയിൽ നിന്നും കുറച്ചു നീങ്ങിയുള്ള കസേരകളിൽ ഇരുവരും ഇരുന്നു. “താൻ എന്തിനാ വീട്ടിൽ വന്നത്?? “ഞാൻ ജയകൃഷ്ണനെ കാണാൻ വന്നതാ സാർ.. പാർവ്വതിടെ കാര്യത്തിന് വേണ്ടി… അരുൺ നിർത്തി. “ഉം… വെറുതെയല്ല ജയൻ ടെൻഷൻ ആയത് … ഗോപി മൂളിക്കൊണ്ടു പറഞ്ഞു. “ജയകൃഷ്ണന് എന്താ പറ്റിയത് സാർ…?? സംസാരിച്ച് നിൽക്കേ അവൻ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു അല്ലാതെ ഞാനൊന്നും.. അരുൺ ആശങ്കയോടെ പറഞ്ഞു. “എനിക്കറിയാടോ… തന്റെ തെറ്റൊന്നുമല്ല അതവന്റെ അസുഖത്തിന്റെ യാ…. “അവനെന്താ സാർ… അരുൺ ആകാംഷയോടെ ഗോപിയുടെ മുഖത്ത് നോക്കി
” ജയന്റെ ഹാർട്ടിന് ചെറിയ പ്രശ്നണ്ട് അരുണേ… ചെറുതല്ല കുറച്ച് വല്ല്യ പ്രശ്നം തന്നാ… “എന്താ….എന്താ സാർ..?? അരുണിന്റെ മുഖം വല്ലാതായി. “ഞങ്ങൾടെ അച്ഛനുണ്ടായിരുന്ന അസുഖം തന്നാ.. പക്ഷെ അച്ഛന്റേത് ട്രീറ്റ്മെന്റിൽ നിർത്താൻ പറ്റിയിരുന്നു . ഇതേ വർമ്മ ഡോക്ടർ തന്നാ അച്ഛനെ നോക്കിയതും .. ബട്ട് ഇവന്റേത്…! ഗോപിയുടെ മുഖം ഇരുണ്ടു. “പറ സാറേ അവനെന്താ ശരിക്ക്… മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ ഹൈപ്പർ ട്രോഫിക് കാർഡിയോ മയോപ്പതി .. അതായത് നമ്മുടെ ഈ ഹാർട്ടില്ലെ .. അതിന്റെ മസ്സിലിനു കട്ടി കൂടുന്ന ഒരു തരം അസുഖാ… “ഇവന്റെ കേസ് അച്ഛന്റെ പോലല്ല … കുറച്ച് സിവിയറാ.. കുറച്ചു നാളായിട്ട് ച സിംറ്റംസ് ഒക്കെ ഉണ്ടാരുന്നു . പക്ഷേ ഇവനതത്ര കാര്യാക്കിയിരുന്നില്ല. “അച്ഛന് വന്ന സമയത്ത് ഞങ്ങൾടേം ടെസ്റ്റ് ഒക്കെ നടത്തിയിരുന്നു .. അതു പക്ഷെ ചെറുപ്രായത്തിലാട്ടോ.. പാരമ്പര്യമായി വരാൻ ചാൻസ് ഉണ്ടെന്ന് അന്നേ ഡോക്ടർ സൂചിപ്പിച്ചിരുന്നു. പക്ഷേ ഞങ്ങൾ അതത്ര സീരിയസ് ആയി എടുത്തില്ല. എന്റേം ഹരീടേം കാര്യത്തിലെന്നു പറഞ്ഞാൽ ഞങ്ങൾക്ക് ഈ കമ്പനി വക മെഡിക്കൽ സൗകര്യങ്ങൾ ഉള്ളതു കൊണ്ട് അത്യാവശ്യം ചെക്കപ് ഒക്കെ ഉണ്ട് മാസം തോറും .. ജയന്റെ കാര്യം അങ്ങനല്ല. അവൻ വീട്ടിൽ തന്നെ ആയോണ്ട് എന്തേലും അസുഖം തോന്നിയാലും ട്രീറ്റ്മെന്റ് എടുക്കില്ല അതാണ് ഇത്ര വഷളായത്.. “ജയ്കൃഷ്ണന് ഇനി ട്രീറ്റ്മെന്റ്…? അരുൺ ഗോപിയെ ഉറ്റു നോക്കി..
“ഹാർട്ട് ട്രാൻസ്പ്ലാന്റ് ചെയ്യണം. വേറെ റെമഡി ഒന്നൂല്ല. അത്ര സീരിയസ്സ് ആയിപ്പോയി.. അരുൺ കുറ്റബോധത്തിൽ നീറി.. മുഖത്തെ ചേരവറ്റി. “എനിയ്ക്കറിയില്ലാരുന്നു സാർ.. അരുൺ നിരാശയോടെ പറഞ്ഞു. “അതു കുഴപ്പൂല്ലടോ… ഇത് അധികം ആർക്കും അറിയില്ല. ഞങ്ങൾക്കും അമ്മയ്ക്കും മാത്രം അറിയു. പിന്നെ ജയനും..!! ഗോപി പിടയുന്ന നെഞ്ചോടെ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് പെട്ടന്ന് അവനൊന്നു കുഴഞ്ഞു വീണു അതുകൊണ്ടാ ഇപ്പോഴെങ്കിലും അറിഞ്ഞത്. “അതാണോ…അവൻ പാർവ്വതി..അവളെ… അരുൺ അർദ്ധോക്തിയിൽ നിർത്തി. “മ്മ് അതേടോ… ഞാനും ഹരീം പറഞ്ഞതാ അവളോട് കാര്യങ്ങൾ തുറന്ന് പറയാന്ന് .. അവൻ കേൾക്കണ്ടേ.. ഇതറിഞ്ഞാൽ അവൾ തകർന്നു പോകും എന്നാരുന്നു അവന്റെ പേടി. അതു മാത്രല്ല അവൾ വേറെ വിവാഹത്തിന് കൂട്ടാക്കില്ലെന്നും അവൻ ഭയന്നു. കേരളത്തിന് പുറത്ത് എവിടേക്കെങ്കിലും ട്രീറ്റ്മെന്റിനായി പോകാം എന്നായിരുന്നു ഞങ്ങൾടെ പ്ലാൻ.. 25 % ഒക്കെയേ റിക്കവറി ചാൻസ് ഉള്ളു എന്നാണ് ഡോക്ടേഴ്സ് ഒക്കെ പറയണത്. പിന്നെയെല്ലാം ദൈവത്തിന്റെ കയ്യില്ലല്ലേ.. “പാർവ്വതിയോട് കള്ളം പറയാം എന്നതും അവന്റെ തീരുമാനം തന്നായിരുന്നു.
അവൾ അവനെ വെറുക്കും എന്നായിരുന്നു അവന്റെ പ്രതീക്ഷ.. അങ്ങനെ അവൾ വേറൊരു ജീവിതത്തിലേക്ക് പോകും എന്നവൻ വിശ്വസിച്ചു. “ഉം…. വേറൊരു ജീവിതം!! അരുൺ പുച്ഛത്തോടെ പറഞ്ഞു. “അവനങ്ങനെ വിശ്വസിച്ചു പോയി അരുണേ.. പാർവ്വതി അത്ര ഗാഢമായി അവനെ സ്നേഹിച്ചത് നീ പറഞ്ഞപ്പോഴാവും അവന് മനസ്സിലായത്… അതാവും വീണ്ടും അവന് വയ്യാതായത്.. ആ തിരിച്ചറിവ് അവന് താങ്ങാൻ പറ്റി കാണില്ല . ഡോക്ടർ പറഞ്ഞിരുന്നു അവനെ ഒട്ടും ടെൻഷൻ ആക്കരുതെന്ന് … ഇനി പറഞ്ഞിട്ടെന്താ… പിന്നെ ഹരിയോട് തനിക്ക് വിരോധം ഒന്നും തോന്നരുത് ട്ടോ … ഏട്ടൻന്നു വച്ചാൽ അവന് ജീവനാ… ഹരിക്ക് ജയൻ കഴിഞ്ഞേ അമ്മ പോലും ഉള്ളു. അതയ്ക്കിഷ്ടാ … അവർ രണ്ടും പേരും പണ്ടേ അങ്ങനാ.. മരിച്ച് സ്നേഹിക്കും ..!! ആ ഒരു ദേഷ്യത്തിലാ ഹരി തന്നോട്… “അതു കുഴപ്പുല്ല സാറേ.. അരുൺ പറഞ്ഞു. “മമ്… ഡോക്ടർ ഒന്നു പുറത്തേക്ക് വന്നെങ്കിൽ.. ഗോപി അക്ഷമനായി. കുറച്ചു സമയം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു. ഹരി ചാടിയെണീറ്റു. ഗോപിയും അരുണും ഡോക്ടരുടെ അരികിലേക്ക് ചെന്നു.
“ഭയങ്കര മോശം കണ്ടീഷൻ ആണു ഗോപി.. ഒട്ടും ടെൻഷൻ കൊടുക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ.. എത്രയും വേഗം ജയ്കൃഷ്ണന്റെ ഹാർട്ട് നമുക്ക് മാറ്റിവയ്ക്കണം… പ്രശസ്തമായിട്ടുള്ള ഒരുവിധം ഹോസ്പിറ്റൽസിലെ ഡോക്ടേർസ് ആയി ഞാൻ സംസാരിച്ചിട്ടുണ്ട്.. ബ്രെയിൽ ഡെത്ത് ആയ ഏതെങ്കിലും പേഷ്യന്റ്സിന്റെ ഹാർട്ട് ഹരിയായിട്ട് മാച്ച് ആയി കിട്ടുമോന്നു നോക്കാം. ഒരു ഡോണറെ എത്രയും വേഗം കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടു ഗോപീകൃഷ്ണ .. ഡോക്ടർ പറഞ്ഞു. “എന്റേട്ടന് ഒന്നും പറ്റരുത് ഡോക്ടറെ.. വേണേൽ . എന്റെ… എന്റെ ഹൃദയം … ഏട്ടന് വേണ്ടി ചാവാനും ഞാൻ തയ്യാറാ.. ഹരി ഭ്രാന്തനെ പോലെ പിറുപിറുത്തു. “താനെന്ത് വിഡ്ഢിത്തമാ ഹരി പറയണത്.. താൻ കൂൾ ആവ്.. നമുക്കൊരു ഡോണറെ കിട്ടാൻ പ്രാർത്ഥിക്ക്… യു ടേക് റെസ്റ്റ് ഹരി… ഡോക്ടർ അവന്റെ ചുമലിൽ തട്ടി. ശേഷം ICU ലേക്ക് തിരിച്ചു കയറി. ഗോപിയും ഹരിയും അടുത്തടുത്ത കസേരകളിൽ ഇരുന്നു. “ന്നാ ഞാൻ പോട്ടെ ഗോപിസാറേ.. പർവ്വതി… അവളാകെ ടെൻഷനിലാ… “താൻ ചെല്ല്… പോയവളെ സമാധാനിപ്പിക്ക്… അരുൺ ഹരിയെ നോക്കി.
പക്ഷെ ഹരി തലയുയർത്തുകയോ നോക്കുകയോ ചെയ്തില്ല.. അവൻ കണ്ണടച്ച് അതേയിരുപ്പിരുന്നു. അരുൺ പാർവ്വതിയെ കാണാൻ റൂമിലേക്ക് എത്തുമ്പോൾ കരഞ്ഞു തളർന്ന് കട്ടിലിനോട് ചേർന്ന ഭിത്തിയിൽ ചാരിയിരിക്കുകയായിരുന്നു അവൾ.. ശ്രീദേവി എന്താ കാര്യമെന്ന് ചോദിച്ച് അരുണിനടുത്തേക്ക് വന്നു.. “വന്നപ്പോ മുതൽ കരച്ചിലാ നിനക്കറിയോ മോനേ എന്താ കാര്യോന്ന്… അവർ കരഞ്ഞു കൊണ്ടു ചോദിച്ചു. “പറയാം.. ഏടത്തി ഒന്നു പുറത്തേക്കു നിൽക്കെന്ന് പറഞ്ഞ് അരുൺ അകത്തു നിന്നു മുറി പൂട്ടി. അരുണിനെ കണ്ടപ്പോൾ പാർവ്വതി കൈകൾ മറച്ചു പിടിച്ചു. “പാറൂ നീ കരച്ചിൽ നിർത്തി സമാധാനപ്പെട്.. ഞാൻ അവനെ കണ്ടു. നീ … നീയവനെ മറന്നേക്ക്.. അരുൺ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. പാർവ്വതി അനങ്ങിയില്ല.. “ആദ്യം ഈ കരച്ചിൽ ഒന്നു നിർത്തി നീ എഴുന്നേറ്റ് മുഖം കഴുക്.. വാ…. ഇതും പറഞ്ഞ് അവൻ അവളുടെ കൈയിൽ പിടിച്ചു. “എന്തായിത് കൈയ്യിൽ… രക്തം..!! എന്താ ഇത്.. നീ എന്താ പാറു ചെയ്തത്..?? അരുൺ അവളുടെ രണ്ടു കൈകളും ബലം പ്രയോഗിച്ച് മുന്നിലേക്ക് വലിച്ചു… ഒരു കൈയ്യിൽ ബ്ലേഡ്.. മറ്റേ കൈയ്യിൽ നിന്നും രക്തം വന്നു തുടങ്ങുന്നു… “ഡീ… അരുൺ ദേഷ്യത്തോടെ വിളിച്ചു കൊണ്ട് അവളുടെ കവിളിലേക്ക് കൈ ആഞ്ഞു വീശി..
“ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ… ഭാഗ്യം ചെറിയ മുറിവേ ആയോള്ളു..! അരുൺ ആ ബ്ലേഡ് വാങ്ങി ബെഡ്ഷീറ്റിന്റെ അരിക് കീറി അവളുടെ കൈയ്യിൽ കെട്ടി. ശേഷം അവൾക്കടുത്തിരുന്നു. പാർവ്വതി മുഖം പൊത്തി കരഞ്ഞു.. “എനിക്ക് വയ്യ…വയ്യ അരുണേട്ടാ… സാർ ഇല്ലാത്ത ജീവിതം എനിക്ക്… ഞാൻ വല്ലാതെ ആഗ്രഹിച്ചു പോയി… സ്നേഹിച്ചു പോയി…. അവളുടെ കണ്ണുകൾ നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു. “നീ നിന്റെ അമ്മയെ പറ്റി ഓർത്തോ.. നിന്നെ സ്നേഹിക്കുന്ന വരെ പറ്റി ഓർത്തോ.. ഒരിയ്ക്കലെങ്കിലും ഈ എന്നെ പറ്റി ഓർത്തോ നീ…?? നീ… നീയെന്നെ ഒന്നു മനസ്സിലാക്കിയിട്ടുണ്ടോ പാറൂ.. അവൻ ദയനീയമായി ചോദിച്ചു… പാർവ്വതി മുഖമുയർത്തി.. “നീ ചോദിച്ചിട്ടില്ലേ എനിക്ക് ഇഷ്ടം തോന്നിയ പെൺകുട്ടി ആരാണെന്ന്.. അത് നീ തന്നെ ആയിരുന്നു പാറു… അവൻ കണ്ണുനിറഞ്ഞു കൊണ്ട് പറഞ്ഞു. പത്ത് പതിനഞ്ച് വർഷായടി നിന്നെ ഞാൻ ഇങ്ങനെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നു.. അവന്റെ ശബ്ദം ആർദ്രമായി.. പക്ഷെ നീയെന്നെ ഒന്നു മനസ്സിലാക്കിയതു പോലുമില്ല.. എന്റെ ഇഷ്ടം തിരിച്ചറിഞ്ഞതുമില്ല. പാർവ്വതിക്ക് കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി
“അരുണേട്ടാ … എന്നോടൊരു വാക്ക് .. നിങ്ങൾ… അവൾ കരയുന്ന പോലെ പറഞ്ഞു…. എനിക്ക് തുറന്നു പറയാൻ പറ്റിയില്ല..എന്റെ തെറ്റ്..! അതിനുള്ള ധൈര്യം ഉണ്ടായില്ല.. അതിന്റെ ശിക്ഷയാ ഇപ്പോ നീയെനിക്ക് തന്നോണ്ടിരിക്കുന്നത് പാറൂ . പാർവ്വതി വിതുമ്പി. “എന്റെ സ്നേഹം ഒന്നു തിരിഞ്ഞു പോലും നോക്കാതിരുന്ന നീ ഇപ്പോ മറ്റൊരുത്തനു വേണ്ടി ജീവനൊടുക്കാൻ മുതിർന്നേക്കുന്നു. എന്തിന് പാറു…?? നീ മരിച്ചാൽ അവനെ കിട്ടോ നിനക്ക്… മമ്…നീ സങ്കടപ്പെടണ്ട.. നിന്നെയവൻ കരുതികൂട്ടി ഉപേക്ഷിച്ചതല്ല… അവന് വയ്യ… രക്ഷപ്പെടോന്ന് ആർക്കും ഉറപ്പില്ലാത്ത ഒരു അസുഖക്കാരനാ ഇപ്പോ അവൻ.. അതുകൊണ്ടാ നിന്നെ ഒഴിവാക്കേണ്ടി വന്നത്. നിന്റെ നല്ലതിനു വേണ്ടി ചെയ്തതാ… ഇപ്പോ സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്… മോശം അവസ്ഥയാ… ഞാൻ പോയിരുന്നു. ഇനിയും നിന്നോട് ഒളിച്ചു വച്ചാൽ വീണ്ടും നീ ഇതു പോലെ വേണ്ടാതീനം എന്തേലും ചെയ്യും അതാ . “സാർന് …സാർന് എന്താ അസുഖം… ?? മുഖം തുടച്ചു കൊണ്ട് പാർവ്വതി അവന്റെ മുഖത്ത് ഉറ്റു നോക്കി. “ഹാർട്ടിന് കുറച്ച് പ്രശ്നങ്ങ്… നിനക്ക് വേണേൽ നീ പോയി കണ്ടോ…. അരുൺ കട്ടിലിൽ നിന്നും എഴുന്നേറ്റു. “അല്ലാതെ ഇതുപോലെ താന്തോന്നിത്തരങ്ങൾ കാട്ടിയാൽ അടിച്ച് കരണം പുകയ്ക്കും ഞാൻ.. ദേഷ്യത്തിൽ ഒരു കൊടുങ്കാറ്റു കണക്കേ അരുൺ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി… തുടരും

by