18/04/2026

മാനസതീർത്ഥ : ഭാഗം 05

രചന – കണ്ണന്റെ മാത്രം

മാനുമോളുടെ കണ്ണുകൾ അവിടെ നിൽക്കുന്ന എല്ലാവരിലും പതിഞ്ഞു. അതിൽ ഒരു മുഖം കണ്ടപ്പോൾ അവൾ ശിവയുടെ കൈയിൽ നിന്നും പിടഞ്ഞിറങ്ങി അയാൾക്ക് നേരെ തന്റെ കുഞ്ഞികാലുകൾ വച്ച് ഓടി. തനിക്ക് അടുത്തേക്കായി ഓടി വരുന്ന മാനുമോളെ കണ്ടപ്പോ സിദ്ധാർഥ്വിന്റെ കണ്ണുകൾ വിടർന്നു.

പക്ഷേ മാനുമോൾ ഓടി പോയി സിദ്ധുവിന് അടുത്തായി നിൽക്കുന്ന മാളുവിന്റെ കാലിൽ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു…
അപ്പമ്മേ.. അപ്പമ്മ ഇന്നലെ എന്താ മാനുത്തിയെ വിലിക്കാഞ്ഞേ.. മാനുത്തി കോതേ നേതം കാത്തു. മാനുത്തിക്ക് ചങ്കതം വന്നു. മാനുത്തിതെ മിച്ചുത്തൻ എവതെ..

മാളു വേഗം തന്നെ കുമ്പിട്ടു കുഞ്ഞിനെ എടുത്തു. എന്നിട്ട് പറഞ്ഞു അപ്പമ്മക്ക് ഇന്നലെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അതല്ലേ അപ്പമ്മ വിളിക്കാഞ്ഞേ. അപ്പമ്മക്കും ചങ്കടായി മാനുട്ടിനെ ഇന്നലെ കാണാണ്ട്. മിച്ചുട്ടൻ വീട്ടിലാണ്. നമുക്ക് അവിടെ പോയി കാണാം.

ആം.. എന്നും പറഞ്ഞു മാനുമോള് മാളുവിന്റെ കവിളിൽ ഉമ്മ കൊടുത്തു.

ആമിയൊഴികെ ബാക്കി എല്ലാവരും ഞെട്ടലോടെ ആണ് എല്ലാം കണ്ടത്. എല്ലാവരും അവിശ്വാസത്തോടെ മാളുവിനെ നോക്കി. അവർക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല മാളുവിന് എല്ലാം അറിയാമായിരുന്നു എന്ന്. എന്നിട്ടും അവൾ ആരോടും ഒന്നും പറഞ്ഞില്ല. സിദ്ധു നിറഞ്ഞ കണ്ണോടെ അവളെ നോക്കിയപ്പോൾ അജു ദേഷ്യത്തോടെ ആണ് നോക്കിയത്.
അവന് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല സിദ്ധു ഇതുപോലെ ഉരുകി തീരുന്നത് കണ്ടിട്ടും അവൾക്ക് എല്ലാം അറിയാമായിരുന്നിട്ടും അവൾ ഒന്നും പറഞ്ഞില്ല എന്നത്.

മാളു പക്ഷേ ഇതൊന്നും ശ്രദ്ധിച്ചില്ല അവൾ മാനുമോളെ കൊഞ്ചിക്കുന്ന തിരക്കിൽ ആയിരുന്നു. അവൾ വേഗം എഴുന്നേറ്റ് ആമിയുടെ അടുത്തേക്ക് പോയി…

പുതിയ വീട് എങ്ങനെ ഉണ്ട് ആമിയേച്ചി. എല്ലാം സെറ്റ് ആയോ. ഞാൻ ഇന്ന് അങ്ങോട്ട് വരണം എന്നു വിചാരിച്ചിരിക്കായിരുന്നു. എന്നാ ബാങ്കിൽ ജോയിൻ ചെയ്യേണ്ടത്…

ബാങ്കിൽ മൺഡേ ജോയിൻ ചെയ്യണം മോളെ. പുതിയ വീട്ടിൽ നീ തന്നെ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടായില്ലേ പിന്നെ എന്താ ഇത്രക്ക് ചോദിക്കാൻ. എന്തിനാ മോളെ ഇത്രേം കാശ് മുടക്കിയത്. വേണ്ടായിരുന്നു.

അങ്ങനെ പറയല്ലേ ആമിയേച്ചി.. അതൊന്നും വേറെ ആരുടേയും കാശ് അല്ല ഞാൻ പണിയെടുത്തുണ്ടാക്കിയതാണ്. അതു വച്ച് ഞാൻ എന്റെ ചേച്ചിക്ക് അല്ലെ ചെയ്യുന്നത്. അപ്പൊ അങ്ങനെ ഒന്നും പറയരുത്. പറഞ്ഞാൽ ഞാൻ പിണങ്ങും. അവൾ കവിൾ വീർപ്പിച്ചുകൊണ്ട് പറഞ്ഞു….

ഞാൻ ഒന്നും പറയുന്നില്ല എന്റെ പൊന്നുമോളെ. ഇനി അതിനു നീ കവിൾ വീർപ്പിക്കണ്ട. അവളുടെ വീർപ്പിച്ച കവിളിൽ ഒരു കുത്ത് കൊടുത്തു കൊണ്ട് അവളെ കെട്ടിപിടിച്ചു.

അതോടെ അതുവരെ എല്ലാം നോക്കികൊണ്ടിരുന്ന മാനുമോള് ആമിയെ മാളുവിൽ നിന്നും തള്ളി മാറ്റി. മാളുവിനെ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു അമ്മ മാത് ഇതു മാനുത്തിയുടെ അപ്പമ്മ ആന് അമ്മ പിതിക്കന്ത….

ഓഹ് അവളും അവളുടെ ഒരു അപ്പമ്മയും ഇനി നീ വായോ അമ്മേ എന്നു വിളിച്ചിട്ട് അപ്പൊ ശരിയാക്കി തരാം ഞാൻ.ആമി കേറുവോടെ പറഞ്ഞു.

അതിനു മാനുമോള് ഒരു പാൽപുഞ്ചിരി നൽകി..

ബാക്കി എല്ലാവരും അവിടെ അരങ്ങേറുന്ന കാര്യങ്ങൾ കണ്ട് ഞെട്ടി നിൽപ്പായിരുന്നു. അവർക്ക് മനസിലായി ആമി എവിടെ ആയിരുന്നു എന്ന് മാളുവിന്‌ ആദ്യം മുതലേ അറിയാം എന്ന്.. അവരെ അതിശയിപ്പിച്ചത് മാളുവിന്റെ പെരുമാറ്റം ആണ്.5 കൊല്ലം മുൻപത്തെ മാളു എങ്ങനെ ആണോ അതുപോലെ ആണ് അവളുടെ ഇപ്പോഴത്തെ പെരുമാറ്റം. മിച്ചുട്ടനോട് ഒഴികെ ബാക്കി എല്ലാവരോടും അവൾ ഭയങ്കര സീരിയസ് ആയിട്ട് ആണ് ഇപ്പോ പെരുമാറുന്നത്. സിദ്ധുവിനോട് അവൾ മിണ്ടിയിട്ടും അവന്റെ മുഖത്തൊന്നു നോക്കിയിട്ടും 5 കൊല്ലം കഴിഞ്ഞു. ആമി പോയതോടെ പഴയ മാളുവും ഇല്ലാണ്ടായി. പിന്നെ എല്ലാവരും കണ്ടത് ഒരു പുതിയ മാളുവിനെ ആയിരുന്നു. കുറുബും കുസൃതിയും ഒന്നും ഇല്ലാത്ത മാളുവിനെ. എന്തിനധികം ആവശ്യങ്ങൾക്കല്ലാതെ അവൾ ആരോടും മിണ്ടാറുപോലും ഉണ്ടായിരുന്നില്ലേ. മിച്ചുട്ടൻ ഉണ്ടായതിനു ശേഷം ആണ് കുറച്ചെങ്കിലും മാറ്റം അവൾക്ക് വന്നത്.

എല്ലാവരുടെയും കണ്ണുകൾ കുറച്ച് നേരം കൂടി മാളുവിന്റെ മുഖത്ത് ഉറച്ചു നിന്നു. പിന്നീട് അവർ മാനുമോളെ ശ്രദ്ധിച്ചു. മാളുവിന്റെ ചെറുപ്പകാലം കാണുന്ന പോലെ ആണ് ലക്ഷ്മിയമ്മക്കും ശങ്കറിനും മാനുമോളെ കണ്ടപ്പോ തോന്നിയത്. ചെറുപ്പത്തിൽ മാളു എങ്ങനെ ഇരുന്നോ അങ്ങനെ തന്നെ ആണ് മാനുമോള് ഇരിക്കുന്നത്.

സിദ്ധുവിന് മാനുമോളെ കണ്ണുംതോറും സങ്കടം നിറഞ്ഞു ഉള്ളിൽ. അവനു അവളെ എടുക്കാനും തന്റെ നെഞ്ചോടു ചേർത്ത് കൊഞ്ചിക്കാനും കൊതിയായി. പക്ഷേ അവൻ തന്റെ ആഗ്രഹം ഉള്ളിൽ അടക്കി കൊണ്ട് ആമിയോടായി പറഞ്ഞു. നമുക്ക് പ്രൊസീജിയർ റൂമിലേക്ക് പോയാലോ എന്ന്. ആമി തലയാട്ടി സമ്മതിച്ചു. അപ്പോൾ സിദ്ധു വരൂ എന്നും പറഞ്ഞു മുന്നിൽ പോയി. ബാക്കി എല്ലാവരും അവന്റെ കൂടെ പോയി.

പ്രൊസീജിയർ റൂമിൽ പോയി ക്രോസ്സ് മാച്ച് ചെയ്യാൻ ഉള്ള സാമ്പിൾസ് കൊടുത്ത ശേഷം എല്ലാവരും പുറത്തു വന്നു. ലക്ഷ്മിയമ്മ വേഗം തന്നെ മാളുവിന്റെ കൈയിൽ ഉള്ള മാനുമോളുടെ അടുത്തേക്ക് പോയി. അവർ അവളെ കൈയിൽ വാങ്ങാൻ നോക്കി. പക്ഷേ മാനുമോള് പോകാൻ കൂട്ടാക്കിയില്ല.

മോളെ ഞാൻ പൊന്നിന്റെ അച്ഛമ്മയാടാ.. അച്ഛമ്മേടെ കൈയിൽ വാടാ.. അവർ പിന്നെയും മോളെ എടുക്കാൻ നോക്കി. പക്ഷേ അവൾ മാളുവിനെ ഒന്നുകൂടി ഇറുക്കി പിടിച്ചിരിക്കാണ് ചെയ്യ്തത്.

അപ്പമ്മേ ഈ അത്തമ്മ ആതാ.. മാനുട്ടി മാളുവിനോട് ചോദിച്ചു

മാളു സിദ്ധുവിനെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു അച്ഛമ്മ എന്നുവച്ചാൽ അച്ഛന്റെ അമ്മ ആണ്.

അതിനു മാനുത്തിക്ക് അത്ത ഇല്ലല്ലോ പിന്നെ അത്തമ്മ എങ്ങനെ ഇന്താവ….

അതുകേട്ടതും സിദ്ധു ഒന്നു പിന്നിലേക്കാഞ്ഞു ചുമരിൽ ഇടിച്ചു നിന്നു. അവൻ കണ്ണുകൾ മുറുക്കെ അടച്ചു. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാര ആയി ഒഴുകി.

അതുകണ്ട അജു മാനുട്ടിയോട് പറഞ്ഞു. മാനുട്ടിക്ക് അച്ഛാ ഇല്ലാന്ന് ആരാ പറഞ്ഞെ. മാനുട്ടിയുടെ അച്ഛാ അല്ലെ അതു സിദ്ധുവിനെ ചൂണ്ടി പറഞ്ഞു.

ഇതു കേട്ടതും ആമി കണ്ണുകൾ മുറുക്കെ അടച്ചു തിരിഞ്ഞു നിന്നു… അവളുടെ ഇടം കണ്ണിൽ നിന്നും ഒരു നീർതുള്ളി ഒഴികിയിറങ്ങി….

മാനുമോള് കുറച്ചുനേരം സിദ്ധുവിനെ നോക്കി ഇരുന്നു. പിന്നെ മാളുവിന്റെയും ആമിയുടെയും മുഖത്തേക്ക് നോക്കി. എന്നിട്ട് മാളുവിന്റെ കൈയിൽ നിന്നും ഊർന്നിറങ്ങി. അവൾ പതുക്കെ സിദ്ധുവിന് അടുത്തേക്ക് പോയി.

മാനുത്തിയുതെ അത്ത ആനോ.. മാനുമോള് സിദ്ധുവിനെ ഒന്നു തൊട്ടുകൊണ്ട് ചോദിച്ചു. സിദ്ധു ഒരു കരച്ചിലോടെ മുട്ടിൽ ഇരുന്നു മാനുമോളെ കെട്ടിപിടിച്ചു. മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി..

അതെ മാനുട്ടീടെ അച്ഛാ ആണല്ലോ.. സിദ്ധു കരഞ്ഞുകൊണ്ട് ചിരിച്ച് പറഞ്ഞു…

എന്നിത്തു ഇതതേം നാല് എന്താ മാനുത്തിയെ കാണാൻ വതാഞ്ഞേ. മാനുത്തിതെ ഉകൂളിലെ കൂത്തുകാതൊക്കെ അത്തന്തേ കൂതെ ആനല്ലോ വതാത്. എല്ലാവതും മാനുത്തിയോത് ചോതിക്കും എന്താ അത്തന്റെ കൂതെ വതാത്തത് എന്ന്. അപ്പൊ മാനുത്തി വിചാതിച്ചു മാനുത്തിക്ക് അത്ത ഇല്ലാന്ന്. മാനുമോള് നിഷ്കളങ്കമായി പറഞ്ഞു.

മാനുമോൾടെ സംസാരം കേൾക്കും തോറും അവിടെ നിന്നിരുന്ന എല്ലാവരുടെയും നെഞ്ചുനീറി.
ആമി കണ്ണുകൾ ഇറുക്കി അടച്ച് ചുമരിൽ നെറ്റി മുട്ടിച്ച് നിന്നു.

സിദ്ധു വിങ്ങി കരഞ്ഞു പോയി. എന്നിട്ട് മാനുമോളെ നെഞ്ചോട് ചേർത്ത് പറഞ്ഞു ഇനി അച്ഛാ മാനുമോൾടെ കൂടെ ഉണ്ടാവും എപ്പോഴും ട്ടാ.

ആം… മാനുമോള് തലയാട്ടി സമ്മതിച്ചു.

മാനുട്ടിക്ക് ഇതൊക്കെ ആരാന്ന് മനസ്സിലായോ ഇതാണ് മോൾടെ അച്ഛമ്മ അച്ഛാച്ചൻ. ഇത് അജുമാമൻ… സിദ്ധു ആമിയെ ഒന്നു നോക്കി കൊണ്ട് പറഞ്ഞു.

മിച്ചുത്തന്തേ അത്ത അല്ലെ മാനുത്തി ഫോത്തോ കന്തിത്തുന്ത്‌.

ഈ സമയത്ത് ആണ് ലക്ഷ്മിയമ്മ ആമിയുടെ അടുത്തേക്ക് വന്നത്.
ആമിമോളെ എവിടെ ആയിരുന്നു ഇത്രേം നാള്. എല്ലാവരും എന്തോരം അന്വേഷിച്ചു. സിദ്ധു ഈ 5 കൊല്ലം കൊണ്ട് അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കിയില്ല. ഇവൾക്ക് അറിയാമായിരുന്നിട്ടും അവൾ പറഞ്ഞതും ഇല്ല. അവൻ ഉരുകിതീരുന്നത് അവൾ കണ്ടതാണ്. എന്നിട്ടും പറഞ്ഞില്ല അവർ മാളുവിനെ ഒന്നു കൂർപ്പിച്ചു നോക്കികൊണ്ട് ആമിയോടായി പറഞ്ഞു.

മാളു അവർ പറഞ്ഞത് ശ്രദ്ധിക്കാത്തത് പോലെ നിന്നു.

Dr. സിദ്ധാർഥ് എന്തിനാണ് ശിവാമിയെ തിരയുന്നത് ആന്റി അതിന്റെ ആവശ്യം ഇല്ലല്ലോ… ആമി ഗൗരവത്തോടെ പറഞ്ഞു…

ആന്റിയോ മോള് അമ്മ എന്നല്ലേ വിളിച്ചിരുന്നത്. പിന്നെന്താ ആന്റി എന്ന് വിളിക്കുന്നത്.. ലക്ഷ്മിയമ്മ ഞെട്ടിക്കൊണ്ട് ചോദിച്ചു…

അമ്മമാർ ഒരിക്കലും അവരുടെ മക്കളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതും പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നതും കാണുമ്പോൾ മിണ്ടാതെ നിൽക്കാറില്ല. അങ്ങനെ നിൽക്കുന്നവരെ നമ്മൾ മാതാപിതാക്കൾ ആയി കരുതില്ല. ഇപ്പോ നിങ്ങൾ എനിക്ക് മാളുവിന്റെ അച്ഛനും അമ്മയും മാത്രം ആണ്… മുറുകിയ മുഖത്തോടെ ആമി പറഞ്ഞു.

ആമിയുടെ മറുപടി കേട്ട ലക്ഷ്മിയമ്മയുടെ കുറ്റബോധത്താൽ താഴ്ന്നു. ലക്ഷ്മിയമ്മയുടെ മാത്രം അല്ല മാളുവൊഴികെ ബാക്കി എല്ലാവരുടെയും ഉള്ളിൽ കുറ്റബോധം നിറഞ്ഞു. സിദ്ധു ആമിയുടെ വാക്കുകൾ കേട്ടപ്പോൾ പൊള്ളലേറ്റത് പോലെ പിടഞ്ഞുപോയി…
നമ്മൾ വാക്കുകൾ കൊണ്ട് സ്വന്തം പറഞ്ഞാൽ മാത്രം പോരാ. അതു പ്രവർത്തിയിലും കാണിക്കണം. ഇവിടെ ആമിയെ സ്വന്തമായി കണ്ടത് മാളു മാത്രം ആണ്. അതുകൊണ്ട് തന്നെ ബാക്കി ഉള്ളവരോട് ക്ഷമിക്കാൻ അവൾക്കാവില്ലായിരുന്നു.

തുടരും…..