19/04/2026

ഈ മഴക്കാലത്ത് : ഭാഗം 03

രചന – നിവേദ്യ ഹരിഹരൻ

“യ്യോ… മഴ പെയ്തോ..?? ” ആഹ് ബെസ്റ്റ് !! താൻ ഏത് ലോകത്തായിരുന്നു..? നിന്നു കൊണ്ട് സ്വപ്നം കാണുന്നയാളെ ഞാൻ ആദ്യമായി കാണുകയാ.. അയാൾ അത്ഭുതഭാവത്തിൽ പറഞ്ഞു. “അത്… പിന്നെ… ഞാൻ… “ഉം.. അത് പോട്ടെ .. താൻ അകത്ത് ആരെ നോക്കി നിൽക്കുവാരുന്നു..?? താൻ കാരണം ഞാനും മഴ നനഞ്ഞു . അയാൾ വീണ്ടും മുടിയിഴകൾ തട്ടി… “ഞാൻ… പാ..ട്ട.ട്ട്… “..താൻ പാട്ടയോ…? “പാട്ടയല്ല..!! ഇന്നലെ… രാവിലെ ഇവിട്ന്ന് പാട്ട് കേട്ടായിരുന്നു.. ഇന്നും ണ്ട്ന്നോന്നു നോക്കീതാ… പാർവ്വതി അയാളെ കൂർപ്പിച്ചു നോക്കി പറഞ്ഞു. “ഓ.. അങ്ങനെ!! ഇന്നിവിടെ കച്ചേരിയില്ല.. മോള് പോയിട്ട് നാളെ വാ… ” ഇല്ലേലും ഞാൻ പോവ്വാ.. അവൾ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു “അത് ..പിന്നെ.. നിങ്ങളാ ഈ ജയ്കൃഷ്ണൻ?? പാർവ്വതി ചെറുതായി പരുങ്ങി.

“ആഹാ…. പേരൊക്കെ അറിയാല്ലോ.. ആ അവതാരം ഞാൻ തന്നെയാ.. എന്ത്യേ വല്ലതും പറയാനോ തരാനോ ഉണ്ടോ..?? “അതൊന്നൂല്യാ… അരുണേട്ടൻ പറഞ്ഞു പാട്ട് പാടിത് നിങ്ങളാവുംന്ന് അതാ.. കീർത്തനം പാടിത് നന്നായിരുന്നു.. “ഏത് അരുൺ?? “ക്ലബ്ബിൽ ഒക്കെയുള്ള… കൃഷി ഓഫിസിൽ ജോലി ചെയ്യുന്ന…. “ആഹ് അവനെ ഞാനറിയും… അവൻ തന്റെ ആരാ …?? “ന്റെ വീടിനട്ത്താ അരുണേട്ടൻ താമസിക്കുന്നേ, “ഓക്കെ… തന്റെ പേരെന്താ ? “പാർവ്വതി” “പാർവ്വതി പഠിക്കുവാണോ ?? “മ്മ്.. എം കോം… ശ്രീദീപത്തിൽ..!! “ഇന്ന് ക്ലാസ്സിൽ പോണില്ലേ താൻ.. “പോവ്വാ… അവൾ കുട നിവർത്തി ഇറങ്ങി നടന്നു… “അപ്പോ ശരി.. ഇനി എവിടേലും വെച്ച് കാണാം .. പിന്നെ പാട്ട് നന്നായിന്ന് പറഞ്ഞതിന് താങ്ക്സ് !! ജയ് അവളോട് വിളിച്ചു പറഞ്ഞു. പാർവ്വതി തിരിഞ്ഞു നോക്കാതെ നടന്നു. “ഹോ ..നാണക്കേടായിപ്പോയി!! അവൾ പിറുപിറുത്തു. ജയ് ചിരിയോടെ വണ്ടി സ്റ്റാർട്ട് ചെയ്ത് അകത്തേക്ക് കയറി..

ഉച്ചയ്ക്ക് വന്നപാടെ പാർവ്വതി കയറി കിടന്നു.. ആകെ ഒരു കുളിര്.. നല്ല ശരീരവേദന.. എങ്കിലും അവളുടെ മനസ്സുമുഴുവൻ ജയ്കൃഷ്ണന്റെ മുഖമായിരുന്നു… അയാളെ ഇതിനു മുൻപ് എവിടെയാ കണ്ടതെന്നു ഓർത്തെടുക്കാൻ അവൾ വിഫലശ്രമം നടത്തിക്കൊണ്ടിരുന്നു…! ” ഓരോ മാസോം പറമ്പിനു ആദായം ഒന്നും ല്ലാണ്ടായി വരാ… നാളികേരം ഒക്കെ ന്താ ങ്ങനെ വില കുറയണതാവോ.. കുറച്ച് അടക്കേം തേങ്ങേം കൊണ്ട് ങ്ങനാ ന്റെ കണ്ണാ ഇനീം ഞങ്ങൾ ജീവിക്കണത്.. എന്തേലും ഒരു വഴി കണിച്ച് തരണേ…” ഒറ്റയ്ക്ക് സംസാരിച്ചു വന്ന ശ്രീദേവി അപ്പോഴാ പാർവ്വതി കിടക്കുന്നത് കണ്ടത് . “ന്താ പ്പോ പുതിയ ശീലം..? ഉടുത്തത് പോലും മാറാതെ കിടക്കാ നീയ്യ്… “നിക്ക് വയ്യാമ്മേ .. “ന്ത് പറ്റി പാറൂട്ട്യേ.. ഇതും ചോദിച്ച് ശ്രീദേവി കട്ടിലിൽ ഇരുന്നു. പാർവ്വതിയുടെ നെറ്റിയിൽ തൊട്ടു. “നല്ല പനീണ്ടല്ലോ… മഴ നനഞ്ഞൂല്ലേ.. പ്പഴും കുട്ട്യോളെ പോലാ… ശ്രീദേവി നെടുവീർപ്പിട്ടു. പാർവ്വതി മിണ്ടീല്ല.

“കഞ്ഞി ഇച്ചിരി ഇട്ക്കട്ടെ ഞാൻ.. കുറച്ച് ചുക്ക് കാപ്പീം ണ്ടാക്കാം… സീതേച്ചിടട്ത്ത് ചുക്ക് കാണും ഇവ്ടെ തീർന്നിരിക്ക്യാ.. ഞാനത് വാങ്ങിട്ട് വരാം. ശ്രീദേവി എഴുന്നേറ്റ് പുറത്തേക്ക് പോയി. തിരിച്ചു വന്നപ്പോൾ കൂടെ മാധവനും സീതയും ഉണ്ടായിരുന്നു. ” ന്താ പറ്റ്യേ പാറൂട്ട്യേ .. ഡോക്ടറെ കാണണോ…? വിനോദൻ ഡോക്ടറെ പോയി കണ്ടിട്ടു വരാട്ടോ. വച്ചോണ്ടിരിക്കണ്ട പലതരം പനികളാ പ്പോ നാട്ടില്… ഞാനൊരു ഓട്ടോ വിളിക്കട്ടെ ?? മാധവൻ പറഞ്ഞു.. “വേണ്ട മാധവമാമേ .. അത് കുറഞ്ഞോളും! പർവ്വതി ഞരങ്ങിക്കൊണ്ട് പറഞ്ഞു. “പറയണത് കേൾക്കൂ മോളെ.. ഡോക്ടറെ കാണാം… സീതയും പറഞ്ഞു. മാധവൻ കട്ടിലിലിരുന്ന് പാർവ്വതിയുടെ കൈത്തലം പിടിച്ചു . “ഉള്ളം കൈ പൊള്ളുവാണല്ലോ ശ്രീദേവി… കുറച്ച് കാപ്പിണ്ടാക്കി എടുക്ക്.. കുരുമുളകും പനിക്കൂർക്കേം കൂടുതൽ ഇട്ടോളുട്ടോ… “ശരി മാധവേട്ട… ഞാനും വരാമെന്നു പറഞ്ഞ് സീതയും ശ്രീദേവിയോടൊപ്പം അടുക്കളയിലേക്ക് പോയി. “നമുക്ക് ഡോക്ടറെ പോയി കാണാം പാറൂട്ട്യേ .. “അത്രയ്ക്കൊന്നും ഇല്ല മാമേ… ആ കാപ്പി കുടിച്ചാ മാറും… ” അച്ചു ഉണ്ടായെങ്കിൽ അവനൊപ്പം പോവാരുന്നു.. വൈകിട്ട് അവൻ വരട്ടെ… മോൾ കിടന്നോ.. പാർവ്വതിയുടെ മുടിയിഴകൾ തഴുകിക്കൊണ്ട് മാധവൻ പുറത്തേക്കിറങ്ങി… ❤️❤️❤️❤️

“ന്താ ടീ..ക്ലാസ്സിൽ പോകാൻ വയ്യാഞ്ഞിട്ട് പനീം കൊണ്ട് വന്നതാ…? അരുൺ ഇതും ചോദിച്ച് പാർവ്വതിയുടെ മുറിയിലേക്ക് കയറി ചെന്നു… “ആഹ്.. അരുണേട്ടനോ.. പാർവ്വതി ദേഹത്തെ പുതപ്പ് മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു. പനിയുടെ ക്ഷീണം അവളുടെ മുഖത്തും കണ്ണിലും പ്രകടമായിരുന്നു.. പാർവ്വതിയുടെ ബുദ്ധിമുട്ട് കണ്ടപ്പോൾ അരുൺ വല്ലാതായി. അവളുടെ പനിച്ചൂടിനേക്കാൾ പൊള്ളൽ അവനു മനസ്സിൽ അനുഭവപ്പെട്ടു. അവളുടെ മുഖത്തിന്റെ വാട്ടം പോലും അംഗീകരിക്കാൻ പറ്റാത്ത തരത്തിൽ തന്റെ മനസ്സ് ചെറുതായിരിക്കുന്നു എന്നവൻ മനസ്സിലോർത്തു. “വയ്യെങ്കിൽ എണീക്കണ്ട പാറൂട്ടി.. അവൻ ആർദ്രമായി പറഞ്ഞു. “ഞാൻ ന്ന് വൈകി ഓഫീസിന്നു ഇറങ്ങാൻ.. പിടിപ്പത് പണിണ്ടായി… വന്നപ്പോ അമ്മയാ പറഞ്ഞേ തനിക്ക് വയ്യാന്ന് .. പാർവ്വതി എഴുന്നേറ്റിരുന്നു… “പ്പോ പനി കുറഞ്ഞു.. അമ്മ കഷായം വച്ചു തന്നു… “ഡോക്ടറെ കാണണോ ..? വിനോദൻ ഡോക്ടർ 7 മണി വരെ കാണും.

“വേണ്ടേട്ടാ… ഇപ്പോ വിയർക്കണ്ട്.. പനി വിട്ടു . അരുൺ അവൾടെ നെറ്റിയിൽ കൈ ചേർത്തു.. പാർവ്വതിയുടെ ശരീരത്തിൽ ചൂടില്ലെങ്കിലും അവളെ തൊട്ടപ്പോൾ തന്റെ കൈ പൊള്ളുന്നതായി അവന് തോന്നി.. അവൻ കൈ പിൻവലിച്ചു . “പനി കുറഞ്ഞിട്ടുണ്ട് മോനെ .. ഞാൻ നോക്കിയുരുന്നു. ശ്രീദേവിയാണ്. “ആഹ് …. ആ.. പനി ഇല്ല. അരുൺ വിക്കി ” ന്നാ ഞാൻ പോട്ടെ വന്ന് കയറിയേ ഉള്ളു… അരുൺ പോകാനൊരുങ്ങി… “ആ … പിന്നെ അരുണേട്ടാ ഞാനിന്നാ ജയ് കൃഷ്ണനെ കണ്ടു ഇല്ലിക്കലെ . “താൻ അവനെ എപ്പോ കണ്ടു…? ” രാവിലെ പാട്ടുകേൾക്കാൻ നിന്നപ്പോ… ആകെ ചമ്മിയ അവസ്ഥ ആരുന്നു . നടന്ന സംഭവങ്ങൾ പാർവ്വതി അവനോട് പറഞ്ഞു . “ഉം ….എല്ലാം കേട്ട് ഒന്നിരുത്തി മൂളിക്കൊണ്ട് അരുൺ മുറിയ്ക്ക് പുറത്തിറങ്ങി. പിറ്റേന്ന് പാർവ്വതി ക്ലാസിൽ പോയില്ല. പനിയുടെ ക്ഷീണം വിട്ടു മാറുന്നേ ഉണ്ടായുള്ളു.. രാവിലെ വായനശാലയിൽ പോയി വരും വഴി മാധവൻ പർവ്വതിയുടെ വീട്ടിൽ കയറി.

കോലായിലെ അരമതിലിൽ ഇരുന്നു… പാർവ്വതിയും ശ്രീദേവിയും പുറത്തേക്കു വന്നു. “പനി കുറഞ്ഞോ മോളെ? “കുറഞ്ഞു മാമേ… അവൾ മാധവന്റെ അടുത്തിരുന്നു . “ന്നാലും രണ്ടീസം ക്ലാസ്സി പോണ്ടാ… ക്ഷീണം മാറട്ടേ !! ” യ്യോ അതു പറ്റില്ല .. നാളെ പോണം ക്ലാസ്സ് തുടങ്ങില്ലേ ഉള്ളു . പാർവ്വതി സങ്കടത്തോടെ പറഞ്ഞു . ഉം….. എന്നാലും നാളെ പോണ്ട !! ശ്രീദേവി ശാസന സ്വരത്തിൽ പറഞ്ഞു . പാർവ്വതി ദയനീയമായി അമ്മയെ നോക്കി. “ആഹ്.. പിന്നെ ഞാനിന്ന് ആ രാമൻ പിള്ളയെ കണ്ടു.. ശ്രീദേവി അറിയും അയാളെ .. പണ്ട് ശേഖരന്റേം എന്റെം കൂടെ നടന്നിരുന്ന ശ്രീധരനെ ഓർമ്മിണ്ടോ.. കുറച്ച് പൊക്കം കുറഞ്ഞ… അവന്റെ അനിയന് രാമൻ…! ” ആ.. ഓർമ്മിണ്ട് മാധവേട്ട ശേഖരേട്ടന്റെ കൂടെ കുറേ വന്നിട്ട്ണ്ട് വ്ടെ.. പാറൂട്ടിനെ വല്ല്യ കാര്യോരുന്ന്… “ശ്രീധരൻ കഴിഞ്ഞ വർഷം മരിച്ചു .. ഈ രാമൻ മ്മടെ ഇല്ലിക്കലെ കണക്കപിള്ളയാ.. രാജശേഖരൻ സാറ് ഉള്ള കാലം തൊട്ട് കൂടെയുള്ളതാ… അവനിന്ന് എന്നെ കണ്ടപ്പോ ഒരു കാര്യം പറഞ്ഞു…

“ഇല്ലിക്കൽ” എന്ന് കേട്ടതോടെ പാർവ്വതി ചെവി കൂർപ്പിച്ചു നിന്നു . “രാമനാ അവർടെ നാട്ടിലെ കച്ചോടത്തിന്റെ കണക്കും കാര്യോം നോക്കണത്.. ടൗണിലെ കാര്യങ്ങൾക്ക് വേറെ വല്ല്യ അക്കൗണ്ടന്റ് ഒക്കെ ഉണ്ട്.. രാമന് ഇപ്പോ കണ്ണ് വല്യ പിടിയില്ല.. എഴുതുമ്പോ ഒക്കെ തെറ്റണുന്ന്.. സഹായത്തിന് ഒരാളെ വേണം . വല്ല്യ പണി ഒന്നൂല്ല രാമൻ പറയുന്ന പോലെ എഴുതണം കുറച്ചൊക്കെ കമ്പ്യൂട്ടറിലും ഇടണം.. ബികോം പഠിച്ച ആരേലും ഈ പരിസരത്ത് ഉണ്ടോന്ന് ചോദിച്ചു . ഞാൻ പാറുട്ടിടെ പേര് പറഞ്ഞു . അവന് സമ്മതം !! 10,000 രൂപ ശമ്പളം . ക്ലാസ്സ് കഴിഞ്ഞ് ഉച്ചക്ക് പോയാ മതി . 6 മണിക്ക് തിരിച്ച് പോരാം . പിന്നെ ഇല്ലിക്കൽ ആവുമ്പോ വിശ്വസിച്ച് പോകാല്ലോ .. അവൾക്ക് പഠിപ്പിന് വേണ്ട ഒരു തുക കിട്ടേം ചെയ്യും.. എന്താ ശ്രീദേവിടെ അഭിപ്രായം ?? “ഇല്ലിക്കൽ മ്മള് അറിയാത്ത ഇടം ഒന്നുല്ലല്ലോ മാധവേട്ട.. അവൾക്കിഷ്ടാണേൽ പോട്ടെ .. മാധവൻ പാർവ്വതിയുടെ മുഖത്തേക്ക് നോക്കി .

പാർവ്വതി വല്ലാത്ത ഒരു വീർപ്പുമുട്ടലിൽ ആയിരുന്നു വേണംന്ന്ണ്ട് വേണ്ടാന്ന്ണ്ട്.. ജോലി ആണല്ലോ എന്നോർക്കുമ്പോൾ…. “ഞാൻ പോകാം മാധവ മാമേ… പാർവ്വതി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “ന്നാ….. ഒരു കാര്യം ചെയ്യ് നാളെ രാവിലെ അത്രടം വരെ ഒന്ന് പോയി നോക്ക് . രാമനെ വൈകിട്ട് അമ്പലപറമ്പിൽ കാണുമ്പോ ഞാൻ പറഞ്ഞേക്കാം മോള് ചെല്ലുംന്ന് . “ശരി മാമേ… മാധവൻ പോയി. മാധവൻ ചെല്ലുമ്പോൾ സീത ഉച്ചയ്ക്കുള്ള അവിയലിനു നുറുക്കുവായിരുന്നു. മാധവനെ കണ്ടപ്പോൾ അവർ സങ്കടം പറയാൻ തുടങ്ങി . “അച്ചു നോട് പൊതുവാൾ വന്ന കാര്യം ഞാൻ പറഞ്ഞാരുന്നു . അവൻ അടുക്കണില്ല മാധവേട്ട …. സമയമായില്ലത്രേ !! ഇനിയെന്നാ…?? ഉം … മാധവൻ നെടുവീർപ്പിട്ടു. “പണ്ട് ഞാനും ശേഖരനും പറയുമായിരുന്നു മക്കളെ തമ്മിൽ കല്യാണം കഴിപ്പിക്കണ കാര്യം.. ഞങ്ങൾ തമ്മിലുള്ള ബന്ധം മുറിയാതിരിക്കാൻ .. നമ്മളെങ്ങനെ കുട്ട്യോളോട് അത് പറയും. അവർ ആങ്ങള പെങ്ങളായിട്ടാണ് പരസ്പരം കാണ് ണതെങ്കിൽ നമ്മൾ പറയണത് വല്യ തെറ്റായി പോവില്ലേ.. അവർടെ പെരുമാറ്റത്തിൽ അങ്ങനൊരു ബന്ധമല്ലാതെ ഒന്നും നിക്ക് തോന്നീട്ടൂല്ല സീതേ..

” അത് ശരിയാ മാധവേട്ട അവർക്കിടയിൽ അങ്ങനൊന്നുല്ല്യ.. പിന്നെങ്ങനാ പറയാ… എനിക്ക് ഇവിടേക്ക് അവളെ മതീന്നാ… പക്ഷെ കുട്ട്യോൾടെ മനസ്സാ വലുത് .. അവരല്ലേ ജീവിക്കണ്ടേ… “അതേ അവരായിട്ട് തോന്നി പറയുവാണേൽ പറയട്ടെ. അതുവരെ ആ ആഗ്രഹം നമ്മുടെ മനസ്സിൽ തന്നെ ഇരിക്കട്ടെ മാധവൻ പറഞ്ഞു നിർത്തി. സന്ധ്യക്ക് തുളസി തറയിൽ ദീപം വയ്ക്കുമ്പോഴാണ് ക്ലബിലേക്ക് പോകുന്ന അരുണിനെ പാർവ്വതി കണ്ടത്.. “നിക്കും ജോലി കിട്ടിട്ടാ… ഇന്നലെ കളിയാക്കില്ലേ ജോലി വാങ്ങാൻ പറഞ്ഞ്.. പാർവ്വതി ചെറു ചിരിയോടെ പറഞ്ഞു. മ്മ് ..അച്ഛൻ പറഞ്ഞു.. ഇല്ലിക്കൽ അല്ലേ… ആഹ്… അസിസ്റ്റന്റ് കണക്കപ്പിള്ള പോസ്റ്റ്.. അവൾ വാ പൊത്തി ചിരിച്ചു.. ഇതിപ്പോ പോണോ പാറൂട്ടി… താനിപ്പോ പഠിക്ക്യല്ലേ . ഇത് കഴിഞ്ഞിട്ട് പോരെ…? പ്രൈവറ്റ് കോളേജ് അല്ലേ അരുണേട്ട … ഫീസ് ഒക്കെ കൂടുതലാ.. നാളികേരോം അടക്കേം വിറ്റിട്ട് ത്രനാളും കഴിഞ്ഞു ഇനീപ്പോ ബുദ്ധിമുട്ടാ.. ഒരു വരുമാനം ഉണ്ടേൽ സ്വസ്ഥം ആവാരുന്നു അതാ… മമ് തന്റിഷ്ടം… ഞാൻ പറഞ്ഞ്ന്നേ ള്ളൂ… അവന്റെ അനിഷ്ടം മുഖത്ത് നിഴലിച്ചിരുന്നു .

“ന്നാ… ഞാൻ പോട്ടെ ഇന്നൊരു മീറ്റിങ് ണ്ട്… അരുൺ നടന്നകന്നു . മാധവൻ പറഞ്ഞ പ്രകാരം രാവിലെ തന്നെ പാർവ്വതി ഇല്ലിക്കൽ എത്തി.. പടിപ്പുര കണ്ടപ്പോൾ മനസ്സിൽ ആധിയായി… “ഈശ്വരാ അയാൾ ഉണ്ടാവല്ലേ… പാർവ്വതി മനസിൽ പ്രാർത്ഥിച്ചു. പടിപ്പുര കടന്ന് അവൾ തറവാട്ട് മുറ്റത്തെത്തി.. കാറുകളും ബുള്ളറ്റും മുറ്റത്ത് തന്നെ ഉണ്ട് . “അയാൾ ഇവിടെ ഉണ്ടെന്ന് തോന്നുന്നു .. അവൾ മനസിൽ പറഞ്ഞു. വലിയ പൂമുഖം. കൊത്തുപണികൾ ചെയ്ത തൂണുകൾ, വലിയ മര കസേരകൾ വാതിലിനു ഇരുവശത്തുമായി നിരത്തിയിട്ടിരുന്നു… പുറത്ത് ആരെയും കാണുന്നില്ല.. പാർവ്വതിയുടെ മുഖത്ത് അമ്പരപ്പ് പ്രകടമായിരുന്നു.. അവിടെ കണ്ട ചങ്ങലയിൽ തൂക്കിയിട്ട വലിയ മണിയിൽ അവൾ പതുക്കെ തട്ടി… “ക്ണിം ക്ണിം… മണി വലിയ ശബ്ദത്തോടെ മുഴങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പ്രായമുള്ള സ്ത്രീ പുറത്തേക്കു വന്നു… നേരിയ കരയുള്ള സെറ്റും മുണ്ടും വേഷം.. ചന്ദനവും ഭസ്മവും നെറ്റിയിൽ . ചുവന്ന കല്ലിൽ സ്വർണം കെട്ടിയ വലിയ ലോക്കറ്റോടു കൂടിയ നീളമുള്ള മാല … രണ്ടു കയ്യിലും ഓരോ ലക്ഷ്മി വളകൾ.. പുഞ്ചിരിച്ച മുഖം . “സരസ്വതിയമ്മ..? അവൾ ചുണ്ടനക്കി… അതു കേട്ടിട്ടെന്നവണ്ണം അവർ പറഞ്ഞു ..

“അതേ ഞാനാ സരസ്വതിയമ്മ… “ഞാൻ… എന്റെ പേര് പാർവ്വതി. ഇവിടത്തെ അകൗണ്ടന്റ് രാമൻപിള്ള സർ പറഞ്ഞിട്ട്… “ഓഹ് രാമൻ പറഞ്ഞിട്ട് വന്നതാ… അവൻ പറഞ്ഞിരുന്നു ഒരു കുട്ടി വരുംന്ന്.. പാർവ്വതി അകത്തേക്ക് വരു … പാർവ്വതി അകത്തേക്ക് കയറി.. “കുട്ടി ഇരിക്കു… അവിടെ കിടന്ന സോഫ ചൂണ്ടി അവർ പറഞ്ഞു.. അവൾ ഇരുന്നു… വിശാലമായ അകത്തളം. ഈ മുറി മാത്രം തന്റെ വീടോളം ഉള്ളതായി പാർവതിക്ക് തോന്നി… അകം മുഴുവൻ മരത്തിൽ തീർത്ത കരകൗശല വസ്തുക്കളും മറ്റ് സ്ഫടിക വസ്തുക്കളും കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു.. ഒത്ത നടുക്ക് വലിയ ഫ്രെയിമിൽ ഫാമിലി ഫോട്ടോ അച്ഛനും അമ്മയും 3 ആൺ മക്കളും.. അതൊരു കൊട്ടാരമായി അവൾക്ക് അനുഭവപ്പെട്ടു . “വില്വാദ്രിയിൽ തുളസീദളം ചൂടാൻ‌വരും മേഘമായ് …. ശാലീനയായ് പൊന്നാതിരാ പ്പൂതേടുമീ തെന്നലും… നീയൊരുങ്ങുമമരരാത്രിയിൽ…. തിരുവരങ്ങിലമൃതവർഷമായ് …. പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു.. സായന്തനം ചന്ദ്രികാ ലോലമായ്……. മ് ….മ് ….. മമ്…. ഉം…ഉം… പാട്ടുമൂളിക്കൊണ്ട് ഗോവണി ഇറങ്ങി വരുന്ന ആളുടെ പരിചിത ശബ്ദം കേട്ട് പാർവ്വതി ചാടി എഴുന്നേറ്റു… തുടരും