18/04/2026

ഈ മഴക്കാലത്ത് : ഭാഗം 07

രചന – നിവേദ്യ ഹരിഹരൻ

ഗോവണി ഓടിക്കയറി മുകളിൽ എത്തിക്കഴിഞ്ഞപ്പോൾ പാർവതി സാധാരണ പോലെയാണ് പെരുമാറിയത്.. ജയകൃഷ്ണനെ കാണാനുള്ള ത്വര മനസ്സിൽ ഒതുക്കിക്കൊണ്ട് പതുക്കെ നടന്ന് അവന്റെ റൂമിനടുത്തേക്ക് ചെന്നു.. ആളവിടെ ഇല്ല.. നോക്കി നോക്കി ചെന്നപ്പോൾ ജയ് ആട്ടുക്കട്ടിലിൽ നല്ല ഉറക്കം.. “ഉറങ്ങാണ്…അതാ ആളെ എങ്ങും കാണാതിരുന്നേ.. ഏതോ ഒരു ബുക്ക് നെഞ്ചോട് ചേർത്ത് പിടിച്ചാണ് കിടക്കുന്നത്. പാർവ്വതി അടുത്തേക്ക് ചെന്നു.. കുറച്ചു നീങ്ങി കിടന്നിരുന്ന ഒരു കസേര ശബ്ദമില്ലാതെ ആട്ടുകട്ടിലിനു അരികിൽ കൊണ്ടിട്ട് അതിലിരുന്നു.. അവൾ അവന്റെ മുറിവുകളിലേക്ക് നോക്കി. നെറ്റിയിലും കയ്യിലും മാത്രം ഉള്ളു..!! വേറെങ്ങും ഇല്ല ഭാഗ്യം… അവളിൽ നിന്നും ദീർഘ നിശ്വാസമുണ്ടായി..! പാർവ്വതി അത്രയടുത്ത് ആദ്യമായാണ് അവനെ കാണുന്നത്.. അവൾ കുറച്ചു നേരം അവനെത്തന്നെ നോക്കിയിരുന്നു.. “ഇങ്ങേർക്ക് ഇത്ര ഭംഗീണ്ടാരുന്നോ..?? ഇതുവരെ തോന്നീട്ടില്ലല്ലോ.. അവൾ അവനെ ആദ്യമായി കാണുന്ന പോലെ നോക്കിയിരുന്നു..

ഭംഗിയിൽ വെട്ടിയൊതുക്കിയ മുടിയിഴകൾ.. നല്ല കറുത്ത കട്ടിയുള്ള പുരികം.. ഒരുപാടു പീലിയുള്ള കണ്ണുകൾ.. നീളമുള്ള മൂക്ക്.. ചെറിയ ചുണ്ടുകൾ.. ഭംഗിയിൽ ട്രിം ചെയ്ത താടിമീശകൾ.. കണ്ടാൽ ഏകദേശം സരസ്വതിയമ്മയുടെ ഒരു ആൺ രൂപം . പാർവ്വതി പുഞ്ചിരിച്ചു. പാർവ്വതി ഒന്നുകൂടി അവനോടു ചേർന്നിരുന്നു.. അവളുടെ ശ്വാസം തട്ടിയിട്ടെന്ന പോലെ അവൻ ഒന്നനങ്ങി.. പാർവ്വതി പേടിച്ചു പിന്നോട്ടാഞ്ഞു.. പക്ഷെ ജയ് നല്ല ഉറക്കത്തിലാണെന്ന് മനസ്സിലായപ്പോൾ അവൾ വീണ്ടും മുന്നോട്ടാഞ്ഞിരുന്നു… അവൾ അവനെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു.. “ഇയാളോട് മനസ്സിൽ ന്താ തോന്നണതെന്ന് മനസ്സിലാവണില്ല.. ഇതു വരെ ആരോടും തോന്നാത്ത ന്തോ… ചിലപ്പോൾ ഇയാളിലെ പാട്ടുകാരനോടുള്ള ആരാധനയാവും… പക്ഷേ ന്തോ ഒന്ന് ഈ മനുഷ്യനിലേക്ക് തന്നെ ആകർഷിച്ചു കൊണ്ടിരിക്കുന്നു എന്നവൾക്ക് തോന്നി..

രാവിലെ സർ ന്റെ മുറിവ് കണ്ടപ്പോ നെഞ്ചിൽ ഒരു നീറ്റൽ പോലെ.. പക്ഷെ ഇദ്ദേഹം എന്റെ ആരുമല്ലാ… ഞങ്ങൾ തമ്മിൽ ഒരു ബന്ധോമില്ല .. ന്നിട്ടും… വേണ്ടപ്പെട്ട ആർക്കോ ന്തോ പറ്റിയ പോലെ… അന്ന് സാർ ചീത്തപറഞ് കഴിഞ്ഞപ്പോ ആകെ തകർന്നു പോയതാ. പക്ഷെ പിന്നീട് സർ വന്നു സംസാരിച്ചപ്പോ പാവം തോന്നിപ്പോയി..! ആളെ തെറ്റിദ്ധരിച്ചതിൽ സങ്കടോം വന്നു.. അതിനു ശേഷാ തനിയ്ക്കീ മാറ്റം എന്നവൾ ഓർത്തെടുത്തു. ഇപ്പോ സർ നെ കാണുന്നവരെ മനസ്സുനിറയെ അങ്കലാപ്പായിരുന്നു.. ന്താ പറ്റിയേന്നോർത്ത്…. മനസ്സു പോലും എന്റെ നിയന്ത്രണത്തിലല്ലാതെ പോയി.. എന്തൊക്കെയാ കാട്ടി കൂട്ടിയത്… അവൾക്ക് ചിരി പൊട്ടി. അതു കേട്ടിട്ടെന്ന വണ്ണം ജയ് ഒന്നു ഞരങ്ങി.. പാർവ്വതി ചാടിയെണിറ്റ് കസേര കിടന്നിടത്ത് കൊണ്ടിട്ട് തിരിച്ചു വന്ന് ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു..

ഒന്നു കൂടി തിരിഞ്ഞ് മറിഞ്ഞിട്ട് ജയ് കണ്ണ് തുറന്നു.. മുന്നിൽ പാർവ്വതി.. “താൻ… താനെന്താ ഇവിടെ..?? നെഞ്ചിലെ ബുക്കെടുത്ത് മാറ്റി ജയ് എഴുന്നേറ്റിരുന്നു.. ” അത് .. മുറിവിന്റെ ഓയിൽമെന്റ് തരാൻ ഹരിസാർ പറഞ്ഞു അതിനു വന്നതാ.. സാർ നല്ല ഉറക്കായിരുന്നു.. അതാ ഞാൻ വിളിക്കാഞ്ഞേ.. ” ആഹ്… ഞാൻ വായിച്ച് ഉറങ്ങിപ്പോയി. “താൻ വന്നിട്ട് കുറേ നേരായോ..?? ഇല്ല .. പ്പോ വന്നേ ള്ളൂ.. പാർവ്വതി കള്ളം പറഞ്ഞു. മറുപടിയായി ജയ് ഒന്നു മുളി… ” അത്..സാറിന്..ന്ത് പറ്റിയതാ ശരിയ്ക്ക്..?? പാർവ്വതി ചോദ്യരൂപേണ ചോദിച്ചു. ” ഹരി രാവിലെ പറഞ്ഞത് താൻ കേട്ടതല്ലേ.. ” അതു ഞാൻ വിശ്വസിക്കണില്ല.. അവൾ തല കുമ്പിട്ടു നിന്നിട്ട് പറഞ്ഞു.. ഹരി ചിരിച്ചു.. ” ഒന്നൂല്യടോ നമ്മുടെ മില്ലിൽ വച്ച് എനിയ്ക്കൊരു തലചുറ്റൽ പോലെ വന്നു.. ചെറിയൊരു ശ്വാസതടസ്സവും. ബിപി ഷൂട്ട് ആയതാവും.. പെട്ടെന്ന് ബാലൻസ് തെറ്റി കബോർഡിൽ പോയി തലയിടിച്ചു.. ഡോറിന്റെ ചില്ല് പൊട്ടി കയ്യിലും മുറിഞ്ഞു..

” വേറെ കുഴപ്പൊന്നുല്യ.. ഇനി ഇതു പോലെ വരുവാണേൽ ഫുൾ ബോഡി ചെക്കപ്പ് എടുക്കാൻ വർമ്മ ഡോക്ടർ പറഞ്ഞിട്ടുണ്ട്.. എന്തായാലും ഇപ്പോ ഞാൻ ഓകെയാ….! പർവ്വതിയ്ക്ക് മനസ്സിൽ ആശ്വാസം തോന്നി… ” മുറിവ് … അധികണ്ടോ സർ..?? ” ഇല്ലെടോ… ചെറുതായിട്ട്.. ഹരി പറഞ്ഞ പോലെ സ്റ്റിച്ച് ഒന്നൂല്യ.. ” മമ്… പാർവ്വതി പുഞ്ചിരിച്ചു. ” ഓയിൽമെന്റ് കിട്ടിയോ ഏട്ടാ..? ഒരു കുട്ടീനെ ഇങ്ങ്ട് വിട്ടിരുന്നു അതുമായിട്ട്.. ഹരി അവർക്കടുത്തേക്ക് വന്നിട്ട് പാർവ്വതിയെ ഒളികണ്ണിട്ട് നോക്കി കൊണ്ട് ചോദിച്ചു. “കിട്ടി ബോധിച്ചു അനിയാ.. ജയ് തമാശ രൂപേണ അറിയിച്ചു. “ന്നാ പാർവ്വതി താഴേക്ക് പൊക്കോ.. തനിക്ക് വീട്ടിലേക്ക് പോകാനുള്ള സമയം ആയല്ലോ.. ജയ് പാർവ്വതിയോടായി പറഞ്ഞു . ” ഹേയ്.. പാർവ്വതി പോകാൻ വരട്ടെ.. എനിക്ക് പാർവ്വതിയോട് ഒരു കാര്യം ചോദിക്കാനുണ്ട്.. ഹരിയാണ് ” യ്യോ.. സർ ഞാൻ പോവ്വാ.. പാർവ്വതി തിരക്കുകൂട്ടി ” എടോ ഒരു 5 മിനിറ്റ് മതി..! ” ഉം..ന്താ സാർ കാര്യം… അവൾ പുരികം ചുളിച്ച് സംശയത്തോടെ ഹരിയെ നോക്കി

” അതേയ് ഞങ്ങൾ ഏട്ടന് കല്യാണം നോക്കാന്നു വിചാരിക്കേണു.. കണ്ടാൽ പറയില്ലെങ്കിലും ഇങ്ങേർക്ക് നല്ല പ്രായം ഇണ്ട്ടോ.. ഹരി പാർവ്വതിയെ നോക്കി കണ്ണിറുക്കി.. “അപ്പോ അതിനൊരു നല്ല കുട്ടിയെ വേണോല്ലോ.. തന്റെ അഭിപ്രായത്തിൽ ഏട്ടന് എങ്ങനുള്ള കുട്ടിയാ ചേരുക….?? ഒന്നു പറഞ്ഞേ .. പാർവ്വതി ഞെട്ടി.. അവൾ ജയ്കൃഷ്ണന്റെ മുഖത്തേക്ക് നോക്കി… ” ഹരീ …!! ജയ് ഹരിയെ ഒന്നിരുത്തി വിളിച്ചു.. ” അല്ലേട്ടാ… നമുക്ക് അഭിപ്രായം ചോദിക്കാൻ സഹോദരിമാർ ഒന്നും ഇല്ലല്ലോ.. പെണ്ണുങ്ങൾക്ക് ആണല്ലോ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം കൂടുതൽ പറയാൻ പറ്റാ.. അതോണ്ട് പാർവ്വതിയെ ഒരു 5 മിനിറ്റ് നേരത്തേക്ക് ഞാൻ എന്റെ പെങ്ങളായി കണ്ടോളാം.. അതിൽ കൂടുതൽ പറ്റില്ല ട്ടോ… അവൻ പാർവ്വതിയെ നോക്കി കുസൃതി ചിരി ചിരിച്ചു .. “താൻ പറയെടോ… ഏത് ടൈപ്പ് കുട്ടിയാ ഏട്ടന് ചേര്യാ..?? ഹരി ആവർത്തിച്ചു ” അത്… സാറിന് ഇഷ്ടപ്പെടുന്ന ആളെ… പാർവ്വതി വിക്കി.. ” അതാ ഞാനും ചോദിച്ചത്.. എന്തൊക്കെ യോഗ്യതകൾ വേണം എന്റേടത്തിയമ്മയ്ക്ക്…

” അത്.. പിന്നെ..വിദ്യാഭ്യാസം… നല്ല.. സ്വഭാവം ….ഭംഗി … അവൾ വീണ്ടും ജയ്കൃഷ്ണനെ നോക്കി.. അവൻ അവളുടെ മുഖത്ത് തെളിയുന്ന ഭാവഭേദങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു… “അത്രേം മതിയോ പാർവ്വതി..?? “ആഹ്.. ആഹ്… പാർവ്വതി പരുങ്ങി. ” മോഡേൺ കുട്ടി വേണോ അതോ നാടൻ കുട്ടി മതിയോ..? ഹരി വിടാനുള്ള ഭാവമില്ല. “രണ്ട്.. രണ്ടായാലും.. പാർവ്വതിക്ക് ഉത്തരം തൊണ്ടക്കുഴിയിൽ തങ്ങി. ” എന്നാ ഏട്ടാ..എന്റെ പരിചയത്തിൽ അങ്ങനൊരു കുട്ടീണ്ട് പ്രിയ.. എന്റെ കൊളീഗ് ആണ്.. നമുക്ക് ആലോചിച്ചാലോ.. പാർവ്വതിയുടെ അടിവയറിൽ നിന്നും തീയാളി… ജയ് ഒന്നും മിണ്ടാതെ ചിരിച്ചു തലയാട്ടികൊണ്ട് എല്ലാം കേട്ടിരുന്നു.. “ദേ പാർവ്വതി ഇതാ കുട്ടി.. ഹരി ഫോണെടുത്ത് സുന്ദരിയായ ഒരു കുട്ടിടെ ഫോട്ടോ പാർവ്വതിയെ കാണിച്ചു.. ” ഈ കുട്ടി ഏട്ടന് മാച്ചല്ലേ പാർവ്വതി..? മാച്ച്..? ആഹ് …മാച്ചാ… നിക്ക് പോണം.. ഞാൻ പോവ്വാ.. പാർവ്വതി ധൃതിയിൽ വേഗം ഗോവണിക്കരികിലേക്ക് നടന്നു…

” എടാ സാമദ്രോഹി … നിന്നെ എന്തിനാ ഞാൻ വിളിച്ച് വരുത്തിത്…. എന്നിട്ട് നീയെന്താടാ ചെയ്തോണ്ടിരിക്കുന്നത്…?? പാർവ്വതി പോയി കഴിഞ്ഞപ്പോൾ ജയ് ഹരിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു ചോദിച്ചു.. ” ഏട്ടാ വിട് വിട്.. ബ്രാൻഡഡ് ടീഷർട്ടാ.. കീറും.. ജയ് പിടിവിട്ടു. ” പാർവ്വതിടെ മനസ്സറിയാൻ അല്ലേ ഏട്ടൻ എന്നെ വിളിച്ച് വരുത്തിത്… ജോലീം കളഞ്ഞ് ഞാൻ വന്നതും അതിനാ.. എന്നെ ഏൽപ്പിച്ച കാര്യം എന്തായാലും ഞാൻ ഭംഗിയായി പൂർത്തിയാക്കിയിരിക്കും . പക്ഷെ അതിന് കുറച്ച് വളഞ്ഞ പാതകളിലൂടെ എനിക്ക് സഞ്ചരിക്കേണ്ടി വരും .. ഒരു ഭ്രാന്തനെപ്പോലെ … അവൻ ലാലേട്ടനെ പോലെ ആംഗ്യം കാട്ടി.. പക്ഷെ അതിന്റവസാനം.. “മാംഗല്യം തന്തുനാനേനാ മമജീവന ഹേതുനാ… അവൻ കള്ള ചിരിയോടെ പുറകോട്ട് നടന്നു കൊണ്ട്.. പാടി . ” ടാ നിൽക്കെടാ.. ജയ് ആട്ടുകട്ടിലിൽ ഇരുന്നു കൊണ്ട് അവനെ പിടിക്കാനാഞ്ഞു…. ഹരി നീങ്ങി മാറി…

“ആഹ്.. പിന്നെ ഏട്ടന്റെ പാർവ്വതില്ലേ.. അവൾ ഭയങ്കര കള്ളിയാ.. ഏട്ടനെ കാണാൻ വേണ്ടിട്ട് വെടി കൊണ്ട കാട്ടുപന്നീടെ കണക്ക് നടക്കുവാരുന്നു ഇതുവരെ താഴെ.. എന്നിട്ട് ഭയങ്കര അഭിനയം..!! അവൾ മനസ് തുറക്കാൻ ഞാൻ 18 അടവും പയറ്റേണ്ടി വരോന്നാ തോന്നണേ.. അവൾക്ക് ഏട്ടനോട് എന്തോ ഉണ്ട് പക്ഷെ അത് പ്രണയമാണോ അതോ അരാധനയാണോന്ന് എനിക്കറിയില്ല.. ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നെന്ന് പറഞ്ഞ് വിളിച്ചപ്പോ , അതിത്ര അസ്ഥിക്ക് പിടിച്ചതാണെന്ന് ഞാൻ വിചാരിച്ചില്ല. ഇവിടെ വന്ന് എല്ലാം കേട്ട് കഴിഞ്ഞപ്പോഴല്ലേ പ്രേമം തലയ്ക്ക് പിടിച്ച് പ്രാന്തായി നിൽക്കേണെന്ന് മനസ്സിലായത്… “ടാ .. ടാ….. ജയ് അവനെ വിലക്കുന്ന രീതിയിൽ വിളിച്ചു. പാട്ട് പാടിക്കാനും പാടാനും ആൾക്കാർ.. എന്തൊക്കെയാണ് ഇവിടെ നടക്കണത്..? ഹരിയുടെ മുഖത്ത് അത്ഭുതം വിടർന്നു. ” എന്തായാലും മറ്റെന്തിനേക്കാളും അധികമായ്, ഓരോ അണു കൊണ്ടും എന്റേട്ടൻ ഇപ്പോ അവളെ സ്നേഹിക്കുമ്പോ തിരിച്ച് പാർവ്വതിയെ കൊണ്ടും ഇതേ പോലെ അല്ലെങ്കിൽ ഇതിലധികമായ് സ്നേഹിപ്പിച്ചില്ലെങ്കിൽ ഞാൻ അനിയനാന്നു പറഞ്ഞ് നടന്നിട്ട് എന്ത് കാര്യം . അതോണ്ട് ഏത് വഴിയ്ക്കാണെങ്കിലും അവളെ വളച്ച് കയ്യിൽ തന്നിരിക്കും ഈ അനിയൻ. പോരെ..?? മമ്…മ്മ്..എന്തെങ്കിലും ചെയ്.. ജയ് പുറത്തേക്ക് നോക്കി ചിരിച്ചു .

ഓഫിസ് റൂമിലേക്ക് എത്തിയ പാർവ്വതി വല്ലാതെ അസ്വസ്ഥയായിരുന്നു.. സർന് കല്യാണോ…? അവൾ ഷോളിന്റെ തുമ്പിൽ പിടിച്ച് കശക്കി കൊണ്ടേയിരുന്നു.. അതിന് ന്നോട് അഭിപ്രായം ചോദിക്കേണ്ട കാര്യന്താ… അവൾ ചിറി കോട്ടി… പ്രിയ… കാണാൻ ഒരു ഭംഗീല്ലാത്ത കുട്ടി.. അവൾ അസൂയ കലർന്ന രീതിയിൽ മനസ്സിൽ പറഞ്ഞു.. പാർവ്വതി ബാഗെടുത്ത് പുറത്തേക്ക് നടന്നു.. ഇന്നാണെങ്കിൽ സർ ന്റെ പാട്ടും കേട്ടില്ല… ന്തോ .. ആ ശബ്ദം കേൾക്കാത്തിട്ട് ഒരു നഷ്ടബോധം..!! അവൾടെ മുഖത്ത് നിരാശ പ്രകടമായിരുന്നു.. വല്ലാത്തൊരു അഡിക്ഷൻ ആയിപ്പോയി ആ ശബ്ദത്തോട്.. ഉം… അവൾ നെടുവീർപ്പിട്ടു. മുറ്റത്തിറങ്ങി പാർവതി മുകളിലെ നിലയിലേക്ക് നോക്കി.. അവിടം ശൂന്യമായിരുന്നു…

പാർവ്വതി നടക്കവേ പിന്നിൽ… 🎵 എവിടെയോ കണ്ടു മറന്നൊരാമുഖമിന്നു ധനുമാസ ചന്ദ്രനായ് തീർന്നതല്ലേ.. കുളിർകാറ്റു തഴുകുന്നൊരോർമ്മതൻ പരിമളം പ്രണയമായ് പൂവിട്ടു വന്നതല്ലേ.. നിന്റെ കവിളത്തുസന്ധ്യകൾ വിരിയുകില്ലേ.. നിന്റെ കവിളത്തുസന്ധ്യകൾ വിരിയുകില്ലേ.. പാർവ്വതി നോക്കുമ്പോൾ.. ബാൽക്കണിലേക്ക് നടന്നു വന്ന് ചാരുപടിയിലിരുന്ന് അവളെ നോക്കി പ്രണയപൂർവ്വം പാടുന്ന ജയ്കൃഷ്ണനെയാണ് കണ്ടത്.. 🎵 ഒരു കുഞ്ഞു പൂവിന്റെ നെറുകിൽ നിന്നൊരു തുള്ളി മധുരമെൻ ചുണ്ടിൽ പൊഴിഞ്ഞുവെങ്കിൽ… തനിയെ ഉറങ്ങുന്ന രാവിൽ നിലാവിന്റെ തളിർമെത്ത നീയും വിരിച്ചുവെങ്കിൽ.. എന്റെ തപസ്സിന്റെ പുണ്യം തളിർത്തുവെങ്കിൽ…. എന്റെ തപസ്സിന്റെ പുണ്യം തളിർത്തുവെങ്കിൽ…. പടിപ്പുര കടക്കും വരെ ഇടയ്ക്കിടെ അവനെ തിരിഞ്ഞു നോക്കി പുഞ്ചിരിതൂകി കൊണ്ട് പാർവ്വതിയും.. പടിപ്പുരക്കിപ്പുറം ബൈക്കിൽ ചാരിനിന്ന്, പാർവ്വതിയെ കാത്ത് അവളോടൊപ്പമുള്ള നിമിഷങ്ങൾ സ്വപ്നം കണ്ട് , ചെറു മന്ദഹാസത്തോടെ പ്രണയം തുറന്നു പറയാൻ തയ്യാറെടുക്കുന്ന അരുൺ.. തുടരും….