രചന – നിവേദ്യ ഹരിഹരൻ
നല്ല മഴയത്താണ് പിറ്റേന്ന് പാർവ്വതി ഇല്ലിക്കൽ കയറിച്ചെന്നത് .. മുറ്റത്ത് പുതിയ ചുവന്ന നിറത്തിലുള്ള കാർ കണ്ടപ്പോഴേ അവൾ ഓർത്തു ആളെത്തി..!! കുട പുറത്ത് വച്ചിട്ട് പതുങ്ങി പതുങ്ങി അവൾ അകത്ത് കയറി . ഭാഗ്യം !! ഇവിടെങ്ങും ആരുമില്ല . വേഗം ഓഫിസിലേക്ക് കയറി ബാഗ് വച്ച് തിരിയുമ്പോൾ പുറകിൽ ഹരി… പാർവ്വതി പെട്ടന്ന് പിന്നിലേക്ക് മാറി… “പേടിച്ചോ…? “ഹാ… അപ്പോ ഇതാണ് എന്റെ ഏട്ടന്റെ… ഛേ… ഏട്ടൻ പറഞ്ഞ പാർവ്വതി അല്ലേ..?? “ഹരികൃഷ്ണൻ സർ ആണോ..?? പാർവ്വതി സംശയത്തോടെ ചോദിച്ചു.. “എന്റെ പൊന്നു പാർവ്വതി ഞാൻ ആരുടേം സർ ഒന്നുമല്ല.. ഒരു പാവം ഹരി…! ഐ ടി കമ്പനിയിൽ അടിമപ്പണി ചെയ്യുന്ന ഒരു പാവം. അവൻ ദയനീയത അഭിനയിച്ചു. ഹരിയ്ക്കു പുറകിൽ വാതിൽ പടിയിൽ ചാരി കൈ കെട്ടി നിൽക്കുന്ന ജയ്കൃഷ്ണനെ പാർവ്വതി അപ്പോഴാണ് കണ്ടത്.. അവനെ കണ്ടപ്പോൾ പാർവ്വതിക്ക് മനസ്സിൽ ഒരാശ്വാസം തോന്നി. പാർവ്വതി നോക്കിയപ്പോൾ ജയ് പുഞ്ചിരിച്ചു. അപ്രതീക്ഷിതമായിട്ടാണ് ജയ് യുടെ നെറ്റിയിലെയും കൈയ്യിലെയും ബാൻഡ് എയ്ഡിലേക് അവളുടെ ശ്രദ്ധ പോയത് . പാർവ്വതിയുടെ കണ്ണിൽ ആശങ്ക നിറഞ്ഞു..
അതു മനസ്സിലാക്കിയിട്ടെന്നവണ്ണം ഹരി അവൾക്കരികിലേക്ക് നീങ്ങി നിന്നിട്ട് പറഞ്ഞു… “വെള്ളമടിച്ച് ഫിറ്റായി ബോധം പോയി ചെന്ന് വീണതാ.. സ്റ്റിച്ച് ഇടേണ്ടി വന്നു കുറേ..!! പാർവ്വതി പുരികം ചുളിച്ച് ദേഷ്യഭാവേന ജയ്കൃഷ്ണനെ ഒന്നു കൂടി നോക്കി.. അവൻ ചിരിച്ചു കൊണ്ട് ഒന്നും മിണ്ടാതെ അതേ നിൽപ്പു തുടർന്നു… ” എന്താ വിശ്വാസായില്ലേ ?? സത്യാടോ.. ഭയങ്കര ആൽക്കഹോളിക്കാ പുള്ളി… പാർവ്വതി വീണ്ടും ജയ് ടെ മുഖത്തേക്ക് നോക്കി… അവൻ ഹരി പറയുന്നതെല്ലാം സത്യമാണെന്ന ഭാവത്തിൽ തലയാട്ടികൊണ്ടിരുന്നു… ഹരി പറഞ്ഞതിൽ ഉള്ള വിശ്വാസക്കുറവും, എന്തു പറ്റിയതാണ് എന്നറിയാനുള്ള ആകാംക്ഷയും അവളുടെ കണ്ണിലും മുഖത്തും നിറഞ്ഞു നിന്നത് ഹരിയിൽ ചിരി ഉളവാക്കി.. “അതുപോട്ടെ താൻ ഇവിടുള്ളവരെയൊക്കെ കയ്യിലെടുത്ത് വച്ചേക്കേണെന്ന് ഒരു കരക്കമ്പി ഉണ്ടല്ലോ സത്യാണോ പാർവ്വതി..?? “ഞാൻ ങ്ങനെ ആരേം… അവൾ നിർത്തി… ഇതു പറയുമ്പോഴും പാർവ്വതിയുടെ കണ്ണുകളും ശ്രദ്ധയും ജയ്കൃഷ്ണന്റെ മേലെയായിരുന്നു…
അവന്റെ നെറ്റിയിലേക്കും കയ്യിലേക്കും അവളുടെ കണ്ണുകൾ പരതി നടന്നു… “എല്ലാരും തനിക്ക് ഇപ്പോഴേ 100 ൽ 100 തന്നല്ലോ.. ഇനി ഞാൻ കൂടെ നോക്കട്ടെ തന്നെ ഇവിടെ പെർമനന്റ് ആക്കണോ .. അതോ പറഞ്ഞു വിടണോന്ന് .. ഇതും പറഞ് അവൻ ജയ് നെ നോക്കി.. ആ സമയത്താണ് സരസ്വതിയമ്മ അങ്ങോട്ട് കയറി വന്നത്.. “വന്ന് ചോറുണ്ണ് ഹരി.. ആരേയോ കാണാനുണ്ടെന്ന് പറഞ്ഞ് ചോറുണ്ണാതെ കാത്ത് ഇരിക്ക്യായിരുന്നു വന്നിട്ട് ഇത്ര നേരം.. ഇനി മതി വാ വന്ന് കഴിക്ക്.. “ആഹ് .. ദാ വരണമ്മേ.. ആളെ കണ്ടു… പാർവ്വതി കേൾക്കാത്ത രീതിയിൽ അവൻ മന്ത്രിച്ചു. ഇനി കഴിക്കാം…! പാർവ്വതി കഴിച്ചോ..?? “ഞാൻ …ഞാൻ കഴിച്ചിട്ടാ വന്നേ സർ.. “ആണോ.. എന്നാൽ ഞങ്ങൾ കഴിച്ചിട്ടു വരാം.. ഉം… പാർവ്വതി മൂളി “അതു പോട്ടെ എന്നെപ്പറ്റി ഈ കശ്മലൻ എന്തേലും അപവാദം പറഞ്ഞോ പാർവ്വതിയോട്..? ജയ് നെ ചൂഴ്ന്ന് നോക്കി അവൻ ചോദിച്ചു..
ജയ് ഒന്നും പറയരുതെന്ന രീതിയിൽ അവളോട് കണ്ണടച്ച് കാണിച്ചു… ഇ… ഇല്ല… ഒന്നും പറഞ്ഞില്ല.. ” അങ്ങനെ വരാൻ വഴിയില്ലല്ലോ… പറഞ്ഞിട്ടില്ലെങ്കിൽ കൊള്ളാം..!! എന്നാ ശരി പാർവ്വതി, പിന്നെ കാണാം.. നല്ല വിശപ്പുണ്ട് ..!! ഗീതേട്ത്തി ഉണ്ടാക്കിയ നല്ല നാടൻ ഊണ് കഴിക്കാൻ കൊതി ആയിട്ട് വയ്യ… ബാംഗ്ലൂർ ചപ്പാത്തി കഴിച്ച് മതിയായി ഹേ.. ന്നാ തന്റെ പണി നടക്കട്ടേ.. ഹരി ഒരു കൈ കൊണ്ട് ജയ് നെ പിന്നിലൂടെ ചുറ്റിപ്പിടിച്ചു പുറത്തേക്കിറങ്ങി.. ജയകൃഷ്ണനു ശരിയ്ക്കും എന്ത് പറ്റിയതാവുംന്ന് ആലോചിച്ചു പാർവ്വതി നിൽക്കേ ,റൂമിൽ നിന്നിറങ്ങിയ ഹരി തല മാത്രം റൂമിന് ഉള്ളിലേക്കിട്ട് പാർവ്വതിയോടു ചോദിച്ചു.. “ടോ അതേയ് താൻ എന്തേലും മിസ് ചെയ്യുന്നുണ്ടോ…?? മിസ്സിംഗ്..?? പാർവ്വതി ഷോളിന്റെ തുമ്പിൽ പിടിച്ചു തിരിച്ചു കൊണ്ട് നിന്നു.. “ഏട്ടന്റെ പാട്ട്…! ഇന്ന് എന്റെ പാട്ട് വച്ച് അഡ്ജസ്റ്റ് ചെയ്യ് ട്ടോ.. ആൾക്ക് വയ്യല്ലോ… അവൻ കള്ളച്ചിരിയോടെ പോയി..
🎵 പുതുമഴയെ നീ പുണരും പൂവിൻ മൗനം … ഇതൾ വിരിയും ഈ രാവിൻ നിറമോഹം.. മനമറിയാതെ തിരയുകയോ.. നീയെന്റെ ഉള്ളം .. നിന്നിൽ ഞാൻ മൗനമായ് അലിയും അനുരാഗം.. അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം … അവർ ഡൈനിംഗ് ഹാളിലേക്ക് എത്തും വരെ ഹരിയുടെ പാട്ടുകേൾക്കുന്നുണ്ടായിരുന്നു.. പാർവ്വതിക്ക് ചിരിവന്നു… ഹരിടെ ശബ്ദം കുറച്ചൂടി സ്വീറ്റാ അവൾ ഓർത്തു… പാർവ്വതി കസേരയിൽ ചെന്നിരുന്നു.. എങ്കിലും ജയ്ക്ക് എന്താ പറ്റിയതെന്നറിയാൻ അവളുടെ ഉള്ളം തുടിച്ചു കൊണ്ടിരുന്നു.. അവൾക്കു പോലും പിടികൊടുത്താതെ അതാലോചിച്ച് മനസ്സുലഞ്ഞു . ” ഗീതേട്ത്തിക്ക് അറിയാൻ പറ്റും .. മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൾ കസേരയിൽ നിന്നും ചാടിയെണീറ്റു. അടുക്കളയിൽ ചെന്ന് ഗീതേട്ത്തിയോടു ചോദിച്ചപ്പോൾ ഏട്ത്തിക്ക് അറിയില്ലെന്ന്.. എവിടോ വീണെന്ന് മാത്രം അറിയു . ” ആർക്കും ഒരു ഉത്തരവാദിത്വമില്ല അവൾക്ക് ദേഷ്യം വന്നു.. പാർവ്വതിയുടെ മനസ്സു കലങ്ങി മറിഞ്ഞു കൊണ്ടേയിരുന്നു.. ഒന്നു മര്യാദയ്ക്ക് കാണാൻ പോലും സാധിച്ചില്ല.. പാർവ്വതിക്ക് സങ്കടം ദേഷ്യം എല്ലാം ഒരുമിച്ച് വന്നുകൊണ്ടിരുന്നു… അമ്മയോട് ചോദിക്കണംന്നുണ്ട്.. പക്ഷേ എന്തോ പോലെ.. ഒരു പേടി.. അമ്മയെന്ത് വിചാരിക്കും..?? ജയ് മുകളിലാണ്… ഒന്നു കണ്ടെങ്കിൽ… ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അവൾ ഗോവണിക്ക് താഴെ നിന്ന് മുകളിലേക്ക് എത്തിനോക്കി…
“പാർവ്വതി ആരെയാ നോക്കുന്നേ…?? ഹരിയാണ് . അത് ഞാൻ.. അമ്മയെ.. അമ്മ അടുക്കളയിൽ ഉണ്ടായല്ലോ.. അല്ല… അമ്മയല്ല… രാമേട്ടൻ…. വയ്യാത്ത കാലും വച്ച് രാമേട്ടൻ ഗോവണി കയറുമെന്ന് .. ആഹ്… ബെസ്റ്റ് ! അല്ല രാമേട്ടനല്ല.. അവൾ വീണ്ടും പതറി.. ശരിയ്ക്ക് പാർവ്വതി ആരെയാ തിരയുന്നത്..?? അത്… പിന്നെ.. മമ്…മ്മ്…മ്മ് ഇതും പറഞ്ഞ് ഹരി തല കുലുക്കി പുഞ്ചിരിച്ചു. 🎵 രാവിൽ പൊൻ കനവായ് ചാരെ ഓടിയണയും … നേരിൽ നീ വരവായാൽ എന്നിൽ പൂക്കാലം… നീയും ഞാനുമെന്നും മറുതീരങ്ങൾ തേടി ഒന്നായ് ചേർന്ന് പാറും തേൻകിളികൾ … നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ നിന്നിലേക്കെത്തുവാൻ മോഹമോടെ.. നേരത്തേ പാടിയ പാട്ടിന്റെ ബാക്കി പാടിക്കൊണ്ട് ഹരി പൂമുഖത്തേക്ക് നടന്നു.. പാർവ്വതി തലയിൽ കൈ തട്ടി… ഹരി ന്തോ അർത്ഥം വച്ച് പാടിയ പോലെ.. ഹേയ് അങ്ങനാവൂല്യ .. ശ്ശോ… നാണം കെട്ടല്ലോ കണ്ണാ.. ഹരി എന്തു വിചാരിച്ചാവോ… ജയ് നെ കാണാൻ വേണ്ടി പാർവ്വതി പല ശ്രമങ്ങളും നടത്തി നോക്കി..
ബാൽക്കണിയിൽ കാണുമെന്ന് കരുതി പുറത്ത് പണിക്കാരോട് സംസാരിച്ചു നിന്ന്, ഇടയ്ക്കിടക്ക് മുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു.. അവരോട് ഇല്ലാത്ത വിഷയം സംസാരിച്ച് തൊണ്ട പോയതല്ലാതെ ഒന്നും നടന്നില്ല . ജയ് അവിടേക്ക് വന്നതേയില്ല.. അവൾ നിരാശയായി.. ഇടയ്ക്കിടെ മുകളിലേക്ക് നോക്കിക്കൊണ്ട് വീടുനു ചുറ്റും നടന്നു… എവിടേലും ഒന്നു കണ്ടിരുന്നേൽ … ഏതെങ്കിലും ജനലരികിൽ… പക്ഷേ അതും പാളി!! ജയ്കൃഷ്ണനെ കാണാത്തതല്ല. മിക്ക ദിവസങ്ങളിലും കാണാറുണ്ട്… പക്ഷേ ഇന്നെന്താണെന്നറിയില്ല കാണണം കാണണം എന്ന് മനസ്സ് വാശി പിടിച്ചു കൊണ്ടേയിരിക്കുന്നു… ന്താണോ കണ്ണാ നിയ്ക്കിങ്ങനൊക്കെ…?? നിക്ക് നല്ല ബുദ്ധി തന്നേക്കണേ… പാർവ്വതി കണ്ണടച്ച് ഭഗവാനെ പ്രാർത്ഥിച്ചു. ജയ്കൃഷ്ണനുള്ള ചായയോ മറ്റോ മുകളിലേക്ക് കൊണ്ടു പോകാൻ ഗീതേട്ത്തി പറയുമെന്ന് വിചാരിച്ച് അവിടെ ചുറ്റിപ്പറ്റി നിന്നപ്പോൾ ഏട്ത്തി പറയാ ചായ രണ്ടു പേർക്കും ഉള്ളത് ഹരി കൊണ്ടുപോയെന്ന്.. അവൾക്ക് ഹരിയോട് കൊല്ലാനുള്ള ദേഷ്യം തോന്നി…
ആ ചാൻസും പോയി… രാമേട്ടൻ അപ്പോഴാണ് ജയ്കൃഷ്ണനു മുറിവിൽ പുരട്ടാനുള്ള ഓയിൽമെന്റുമായി വന്നത് .. ഗീതേ.. . ഇതണ്ട്ട് മുകളിലേക്ക് എത്തിച്ചേക്കൂ ട്ടോ… ജയൻകുട്ടനുള്ളതാ.. രാമൻ അത് അടുക്കളയിലെ സ്ലാബിൽ വച്ചു… പാർവ്വതി അതെടുക്കാൻ കൈ പൊക്കുമ്പോഴേക്കും ഹരി അവളെ മറികടന്ന് അതെടുത്തു.. ഇത് ഞാൻ കൊടുത്തേക്കാം രാമേട്ടാ.. പാർവ്വതി ഈ ചായക്കപ്പ് അങ്ങോട്ട് വച്ചോളു.. പാർവ്വതിയെ ഒളികണ്ണിട്ട് നോക്കികൊണ്ട് അവൻ പറഞ്ഞു… പാർവ്വതിക്ക് ആ കപ്പ് വാങ്ങി ഹരിയുടെ തലയിലേക്ക് എറിയാനാണു തോന്നിയത് എങ്കിലും സംയമനം പാലിച്ചു.. അവൾ ഉള്ളിൽ പതഞ്ഞ ദേഷ്യത്തോടെ അടുക്കളയിൽ നിന്നും ചാടിത്തുള്ളി ഓഫിസ് റൂമിലേക്ക് പോന്നു… ജോലികൾ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ലല്ലോ ഭഗവാനേ.. എന്റെ മനസ്സിനിത് എന്താ പറ്റിയത് ?? മനസ്സിന്റെ താളം തെറ്റിയതുപോലെ അവൾക്കനുഭവപ്പെട്ടു… കമ്പ്യൂട്ടർ ഓഫ് ചെയ്ത് അവൾ വീണ്ടും റൂമിന് പുറത്തേക്കിറങ്ങി… അതിനകത്തിരുന്നിട്ട് ശ്വാസം മുട്ടുന്നു. എങ്ങനേലും ജയ് സർ നെ ഒന്നു കണ്ടാ മതിയാരുന്നു… അവളുടെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു..
പാർവ്വതി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹരി അവൾക്കു നേരേ നടന്നു വരുന്നുണ്ടായിരുന്നു. “പാർവ്വതി… എടോ ഈ ഓയിൽമെന്റ് ഏട്ടനു കൊടുത്തേക്കോ… എനിക്കൊരു കോൾ വരും ഇപ്പോ ഓഫീസിന്നു . എമർജൻസി കോളാ..അതാ… ആ നിമിഷം പർവ്വതിയുടെ മനസ്സ് തുള്ളിച്ചാടുകയായിരുന്നു!! ഹരിയെ കെട്ടിപ്പിടിച്ച് വട്ടം ചുറ്റാനും നന്ദി പറയാനും ഹൃദയം വെമ്പി.. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ ഗൗരവഭാവത്തിൽ അവൾ നിന്നു.. “ആഹ് ഞാൻ കൊടുത്തേക്കാം.. വല്യ താൽപര്യമില്ലാത്ത മട്ടിൽ അവൾ പറഞ്ഞു. പാർവ്വതിയുടെ മുഖഭാവം കണ്ട് ഹരിയ്ക്ക് ഉള്ളിൽ ചിരി അടക്കാൻ സാധിക്കുന്നുണ്ടായില്ല .. എങ്കിലും അവനും ഗൗരവം ഭാവിച്ചു… “ഇപ്പോത്തന്നെ പോയി കൊടുത്തേക്ക്.. ഓയിൽമെന്റ് പാക്കറ്റ് അവൻ അവൾക്ക് നേരേ നീട്ടി.. പാർവ്വതി അത് വാങ്ങി… ഹരി പോയിക്കഴിഞ്ഞപ്പോൾ പാർവ്വതി ആ പാക്കറ്റ് രണ്ടുകൈ കൊണ്ടും പിടിച്ച് അതിൽ അമർത്തി ഉമ്മ വച്ചു… അവളെത്തന്നെ അത്ഭുതപ്പെടുത്തി കൊണ്ട് പ്രണയശലഭങ്ങൾ അവൾക്കു ചുറ്റും പറന്നു നടന്നു… 🎵 നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ … നിന്നിലേക്കെത്തുവാൻ മോഹമോടെ.. ഹരി പാടിയ വരികൾ ഏറ്റുപാടിക്കൊണ്ട് അവൾ ഗോവണിക്കരികിലേക്ക് ഓടി… തുടരും…

by