16/04/2026

ഈ മഴക്കാലത്ത് : ഭാഗം 05

രചന – നിവേദ്യ ഹരിഹരൻ

ജയ്കൃഷ്ണൻ ഊഞ്ഞാലിൽ നിന്നെഴുന്നേറ്റ് പാർവ്വതി നിന്നിരുന്ന ജനലിനരികിലേക്ക് നടന്നു.. അവൻ അരികിലെത്തിയിട്ടും മിഴികൾ താഴ്ത്തി അവൾ അതേ നിൽപ്പു തുടർന്നു… പാർവ്വതിയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു തുടങ്ങി.. ” ഞാൻ 3 വയസ്സു മുതൽ പാട്ടു പഠിക്കുന്നതാ… പാടുന്നതാ.. ഞാൻ പാടിയിരുന്നത് എന്റെ ഇഷ്ടം ,സന്തോഷം അതിനു വേണ്ടി മാത്രമാണ്. അന്നു മുതൽ ഇന്നുവരെ എന്തു പാടുമ്പോഴും അതിലെ ഭാവം അത് ഉൾക്കൊള്ളാൻ ശ്രമിക്കാറുണ്ട്. സ്കൂളിലും കോളേജിലും ഒരു പാട് വേദികൾ, മത്സരങ്ങൾ ഒക്കെ പങ്കെടുത്തിട്ടുണ്ട് . ഒരുപാട് സമ്മാനങ്ങൾ വാങ്ങിട്ടുണ്ട് . എന്റെ കൂട്ടുകാർ ,ബന്ധുകൾ അങ്ങനെ പലർടേം ആഗ്രഹപ്രകാരം പാട്ടുപാടി കൊടുക്കാറുണ്ട് . പക്ഷേ… അവൻ ഒന്നു നിർത്തി.. ഇന്ന് ഇപ്പോ ഞാൻ പാടിയത്.. അതെന്റെ ആത്മാവിൽ തൊട്ടു പാടിയതാ.. ആ പാട്ടിന് ഇത്രയധികം ഭംഗി തോന്നുന്നത് ഇപ്പോഴാ… താൻ കണ്ണ് കലങ്ങി അവിടന്ന് പോന്നപ്പോൾ അറിയാതെ എന്റെ ഉള്ള് പിടഞ്ഞു പോയി.

പാർവ്വതി മുഖമുയർത്തി. അവൻ ജനലഴിയിൽ പിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിലെ ആഴത്തിലേക്കിറങ്ങി.. “ഞാൻ വെറുമൊരു തമാശയ്ക്ക് പറഞ്ഞതാ.. സത്യത്തിൽ എനിയ്ക്കാ പാട്ടിന്റെ വരികൾ അത്ര കൃത്യത ഇല്ലാരുന്നു അതു നോക്കാനുള്ള ഗാപ്പിനു വേണ്ടി വെറുതെ തന്നെയൊന്നു കളിയാക്കാൻ വേണ്ടിയാ ഞാൻ.. ” തനിക്ക് ഇത്ര ദിവസം കൊണ്ട് മനസ്സിലായി കാണില്ലേ പാട്ട് എന്റെ പ്രാണനാണെന്ന്.. ആരെപ്പോ പറഞ്ഞാലും സന്തോഷത്തോടെ ഞാൻ പാടിക്കൊടുക്കും… താൻ പറഞ്ഞപ്പോഴും പാടുന്നതിനു മുൻപ് തന്നെയൊന്നു കളിപ്പിക്കണം എന്നേ വിചാരിച്ചുള്ളു… “എന്റെ തമാശ മറ്റൊരാളുടെ ഫീലിംഗ്സിനെ എത്ര മാത്രം ഹർട്ട് ചെയ്തു എന്നാലോചിച്ചപ്പോൾ ഉണ്ടായ വേദന..!! താൻ ടേബിളിൽ കിടന്ന് കരയുന്നത് ഞാൻ കണ്ടിരുന്നു.. ആദ്യമായിട്ടാ ഞാൻ കാരണം ഒരാൾ ഇത്ര സങ്കടപ്പെട്ട് കാണുന്നത്.. എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ആയിപ്പോയി പാർവ്വതി… നിസ്സഹായനായിപ്പോയി ഞാൻ. പാർവ്വതിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അടർന്നു വീണു .

“ശരിയ്ക്കും തന്നോട് സോറിയാണ് പറയേണ്ടത് . പക്ഷെ ഞാനത് പറയില്ല. പകരം വല്യ ഒരു നന്ദി പറയും . എന്തിനാണെന്നറിയോ ..?? പാർവ്വതി സംശയത്തോടെ അവനെ നോക്കി… “ഒരു ഗാനം അതിന്റെ എല്ലാ വികാരവായ്പ്പോടെയും ആഴത്തിലും പാടാൻ കഴിയുമെന്ന് പറഞ്ഞു തന്നതിന് . പാട്ടിനു ജീവനുണ്ടെന്ന് മനസ്സിലാക്കി തന്നതിന് … എന്നിലെ ഗായകനെ ഇത്ര ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്…!! ” ഇത്ര ഉൾക്കൊണ്ട്, ആത്മാർത്ഥതയോടെ ഞാനിതുവരെ ഒന്നും പാടിയിട്ടില്ല പാർവ്വതി !! പക്ഷെ ഇപ്പോ തനിക്ക് വേണ്ടി പാടിയപ്പോൾ….. “എന്നിലെ ഗായകനെ പൂർണതയിലേക്ക് എത്തിച്ചതിന് നന്ദി . ജയ് അവൾക്കരിക്കിലേക്ക് ഒന്നുകൂടി ചേർന്നു നിന്നു . ” ഒരുപാട് നന്ദി …. ഒരിക്കൽ കൂടി പർവ്വതിയുടെ ഇരു കണ്ണുകളിലേക്കും മാറി മാറി നോക്കിക്കൊണ്ട് ജയ് അവിടെ നിന്നും പോയി.. പാർവ്വതി അവിടെത്തന്നെ തറഞ്ഞു നിന്നു. അവൻ പറഞ്ഞത് ഭൂരിഭാഗവും അവൾക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല..

പക്ഷെ മനസ്സിനു എന്തോ ശാന്തത കൈവന്നതായി അവൾക്കു തോന്നി… പാർവ്വതി കസേരയിൽ ചെന്നിരുന്നു. ടേബിളിൽ തലവച്ച് കിടന്നു.. സരസ്വതിയമ്മ അപ്പോഴാണ് പാർവ്വതിക്ക് ചായയുമായി അങ്ങോട്ട് വന്നത് . ” എന്തു പറ്റി മോളെ.. എന്താ കിടക്കണേ..?? അവർ ചോദിച്ചു. ശബ്ദം കേട്ട് പാർവ്വതി വേഗം തലയുയർത്തി.. “യ്യോ… അമ്മ ചായ ഇങ്ങ്ട് കൊണ്ടുവന്നോ .. ഞാൻ അടുക്കളയിൽ വന്ന് കുടിക്കുമാരുന്നല്ലോ.. “അതിനെന്താ മോളെ.. ഗീത തിരക്കിലാ .. അതാ ഞാൻ വന്നേ.. പാർവ്വതിയ്ക്ക് ന്തേലും വയ്യായ്ക ഇണ്ടോ.. മുഖം വല്ലാതിരിക്കുന്നു.. ” ല്യ .. ചെറിയ തലവേദന.. ” എന്നാ ഒരു കാര്യം ചെയ്യ് ചായ കുടിച്ചിട്ട് മോൾ പൊക്കോ വീട്ടിലേക്ക്.. ഇന്നിനി അധികം പണിയൊന്നും വേണ്ട.. നാളെ ചെയ്താ മതി..! “ഉം.. പാർവ്വതി മൂളിക്കൊണ്ട് ചായ വാങ്ങി കുടിച്ചു.. സരസ്വതിയമ്മ പോയപാടെ അവൾ ബാഗെടുത്ത് ഇറങ്ങി.. ജയ്കൃഷ്ണൻ പുറത്ത് പണിക്കാരോട് സംസാരിച്ച് നിൽക്കവെ പാർവ്വതി പോകുന്നതു കണ്ടു പാർവ്വതി അവനെയും..! പക്ഷെ അവൾ തലയുയർത്താനോ നോക്കാനോ നിന്നില്ല.. പാർവ്വതി പോകുന്നത് ചെറിയ വിഷമത്തോടെ ജയ് നോക്കി നിന്നു…

വഴിയിൽ വച്ച് അരുൺ പാർവ്വതിയെ കണ്ടു.. ” ന്താ ഇന്ന് നേരത്തേ?? അവൻ ചോദിച്ചു. ” ഇല്ല ഒരു തലവേദന… ഞാൻ നേരത്തേ ഇറങ്ങി.. ” നീ കള്ളം പറയുന്നുണ്ടോ പാറു.. ? അവൻ സംശയത്തോടെ അവളെ നോക്കി ” കള്ളോ…എന്തിന്?? ” ഒന്നൂല്യ ചോദിച്ചതാ.. നിനക്ക് ഇല്ലിക്കൽ എന്തേലും പ്രശ്നമുണ്ടോ..?? ” ഏയ് അങ്ങനൊന്നൂല്യ .. പാർവ്വതി അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. ” എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.. ഇത്തിരി സീരിയസ്സ് മാറ്റർ ആണ്.. “എന്താ അരുണേട്ടാ ഒരു മുഖവുര… പറഞ്ഞുടേ നേരിട്ട് .. ” അല്ല പാറു അത് മുഖവുരയോടെ തന്നെ പറയേണ്ട കാര്യാ അതാ.. ” തിരക്കൊഴിഞ്ഞിട്ട് ഒരു ദിവസം ഞാൻ അങ്ങ്ട് വരാം അരുണേട്ടാ.. ഇപ്പോ ഞാൻ പോട്ടെ.. “നീ വണ്ടിയിൽ കയറ് ഞാൻ കൊണ്ടു വിടാം . ” വേണ്ട അരുണേട്ടാ ഞാൻ നടന്നോളാം… ” നീ കയറ് പാറു.. ഞാൻ ആക്കിത്തരാന്ന് .. അവനെ നിഷേധിക്കാനുള്ള ശക്തി അവൾക്ക് ഉണ്ടായില്ല.. അവൾ വണ്ടിയിൽ കയറി.

വീട്ടിൽ എത്തിയിട്ടും ഒന്നിലും ശ്രദ്ധിക്കാൻ പാർവ്വതിക്കായില്ല.. ഹൃദയത്തിന്റെ ഭാരം അതേ പോലെ നിൽക്കുന്നതായി അവൾക്ക് തോന്നി.. ശ്രീദേവി പറയുന്നതിനെല്ലാം അവൾ അലസമായി മൂളിക്കൊണ്ടിരുന്നു.. പിറ്റേന്ന് മനസ്സില്ലാ മനസ്സോടെയാണ് പാർവ്വതി ഇല്ലിക്കൽ ചെന്നുകയറിയത്. ജയ്കൃഷ്ണനെ കാണരുതേ എന്നവൾ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. പക്ഷെ പ്രാർത്ഥന ഫലിച്ചില്ല.. ജയ് മുകളിൽ നിൽക്കുന്നത് പാർവ്വതി കണ്ടു. ” പാർവ്വതി… ടോ .. അവൻ മുകളിൽ നിന്ന് അവളെ നോക്കി വിളിച്ചു… അവൾ അങ്ങോട്ട് നോക്കാൻ നിൽക്കാതെ അകത്തേക്ക് കയറി. ഓഫിസിൽ കയറി പെന്റിംഗ് ജോലികൾ തീർക്കാൻ തുടങ്ങി… ” ടോ… തന്നെ വിളിച്ചിട്ടെന്താ കേൾക്കാത്ത പോലെ പോയത്.. ? ജയ് റൂമിലേക്ക് വന്നു. ” സോറി സർ ഞാൻ കേട്ടില്ല.. ജോലി കുറേ ണ്ടാരുന്നു.. അതോണ്ടാ വേഗം പോന്നേ.. അവൾ അവന്റെ മുഖത്ത് നോക്കാതെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തു കൊണ്ടിരുന്നു.. ” പിന്നെ ഞാനിവിടെ വരുന്നത് ജോലി ചെയ്യാൻ ആണല്ലോ അതോണ്ട് മറ്റൊന്നും ശ്രദ്ധിക്കേണ്ട കാര്യവുമില്ല . ജയ് മീശയിൽ പതുക്കെ തടവിക്കൊണ്ട് പുഞ്ചിരിച്ചു ..

” ഇന്നലത്തെ ദേഷ്യം ഇതുവരെ തീർന്നില്ലേ തനിക്ക്… ” ഞാൻ സർ ന്റെ ജോലിക്കാരിയാണ്.. എന്നെ ജോലി ചെയ്യാൻ സമ്മതിക്കണം Please.. കമ്പ്യൂട്ടറിൽ നിന്നും കണ്ണെടുക്കാതെ തന്നെ പാർവ്വതി പറഞ്ഞു.. ജയ് കൈയിൽ പിടിച്ചിരുന്ന പാക്കറ്റ് ടേബിളിൽ വച്ചു.. ” ഇത് തനിക്കുള്ളതാ… ഇത് തരാൻ വേണ്ടി വിളിച്ചതാ ” ന്താണിത്?? നിക്ക് ഒന്നും വേണ്ട..! പാർവ്വതി പുരികം ചുളിച്ചു ” താൻ തുറന്ന് നോക്ക്… അവൾ പാക്കറ്റ് തുറന്നു.. ” ഐ പോഡ് ” എന്തിനാ ഇതെനിക്ക്..?? അവൾ രൂക്ഷമായി അവനെ നോക്കി . ” തനിക്ക് പാട്ട് കേൾക്കാൻ ഇഷ്ടല്ലേ… അതിനുള്ളതാ ഇത്… ” എനിക്ക്… എനിക്ക് വേണ്ട! ” അതു പറഞ്ഞാൽ പറ്റില്ല… ഞാൻ വാങ്ങിച്ചു പോയില്ലേ.. ” എനിക്ക് ഇതിന്റെ ആവശ്യമില്ല സർ.. പാർവ്വതി ദയനീയമായി അവനെ നോക്കി.. ” ശരി… വേണ്ടെങ്കിൽ വേണ്ട.. ഇത് താൻ വാങ്ങിയില്ലെങ്കിൽ തന്നെ ശ്രീദീപത്തിന്നു ഞാൻ പുറത്താക്കും.. ജയ് ദേഷ്യം ഭാവിച്ചു.. ” സാർർർ… പാർവ്വതി നീട്ടി വിളിച്ചു.

” ചുമ്മാ പറഞ്ഞതാടോ.. താനിത് വാങ്ങണം… എന്റെയൊരു സന്തോഷത്തിന്..പ്ലീസ് !! പിന്നെയും മറുത്തു പറയാൻ അവൾക്ക് തോന്നിയില്ല.. പാർവ്വതി അത് ടേബിളിൽ തന്നെ വച്ചു… ” Thats my girl… ജയ് ടേബിളിൽ വിരൽ കൊണ്ടു കൊട്ടി.. ” പിന്നെ ഗിഫ്റ്റ് ആയി വാങ്ങാൻ തന്റെ അഭിമാനം സമ്മതിക്കുന്നില്ലെങ്കിൽ വേണ്ട.. ഇതിന്റെ വില തന്റെ സാലറീന്നു കുറച്ച് വീതം ഞാൻ പിടിച്ചോളാം പോരെ.. സോ ..ഇനി ഞാൻ പോവ്വാ താൻ ജോലി ചെയ്തോ… 🎵 തുമ്പിപ്പെണ്ണെ വാ വാ തുമ്പചോട്ടിൽ വാ വാ… പാട്ടുമൂളിക്കൊണ്ട് ജയ് പോയി… പർവ്വതി ആകെ ധർമ്മസങ്കടത്തിലായി.. എതിർത്ത് പറഞ്ഞ് ശീലിക്കാത്തോണ്ട് ഒന്നും പറയാനും പറ്റീല്ല… ” ന്റെ കണ്ണാ ന്തൊക്കെ പരീക്ഷണങ്ങളാ ഇവിടെ…?? അവൾ ടേബിളിലെ ബുക്കുകളിലേക്ക് മുഖം പൂഴ്ത്തി. ജയ്കൃഷ്ണൻ റൂമിലെത്തി.. നേരേ മലർന്ന് കൊണ്ടു ബെഡിലേക്ക് കിടന്നു.. അവന്റെ മുഖത്ത് ചിരി പടർന്നു.. “പാർവ്വതി ” എന്താ അവൾടെ പ്രത്യേകത..?? താൻ കണ്ടിട്ടുള്ള സുന്ദരിമാരോളം സൗന്ദര്യം ഒന്നൂല്യ.. എന്നാൽ സുന്ദരി ആണോന്നു ചോദിച്ചാൽ ..? സുന്ദരിയാ …. പേടി ഒളിഞ്ഞിരിക്കുന്ന ആ കണ്ണുകൾക്ക് ഒരു പ്രത്യേക ആകർഷണം തന്നെയുണ്ട്.. കണ്ണും മൂക്കും ചുണ്ടും എല്ലാം കൊള്ളാം..!! അവനിൽ കുസൃതി ചിരി നിറഞ്ഞു .

അവളെ കണ്ടതു മുതൽ എവിടെയോ നേരത്തേ കണ്ടു മറന്നതു പോലൊരു തോന്നൽ.. എവിടെയാവും കണ്ടത് ?? ജയ് ചരിഞ്ഞു കിടന്നു… അവളോട് പ്രണയം വല്ലതും തോന്നുന്നുണ്ടോ..?? ഹേയ്… അതൊന്നൂല്യ… സഹതാപമാണോ ഇനി…. അവളുടെ കണ്ണീരു കണ്ടിട്ട് !! ന്നാലും എന്തോ ഒരു ചായ് വ് ഇല്ലേന്ന് ഒരു സംശയം… പാർവ്വതിയുടെ കണ്ണ് നനഞ്ഞ് കണ്ടപ്പോൾ ഹൃദയം നിന്നു പോയ പോലെ..!! ” നോക്കാം.. പ്രണയം ആണെങ്കിൽ അത് കണ്ടു പിടിച്ചിട്ടു തന്നെ കാര്യം… അവൻ മനസ്സിലുറപ്പിച്ചു കൊണ്ട് കണ്ണുകളടച്ചു.. പിന്നീടുള്ള ഓരോ ദിവസവും ജയ് അവളറിയാതെ അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.. വീട്ടിലുള്ള ഓരോരുത്തരോടും എത്ര വിനയത്തിലും സ്നേഹത്തിലുമാണ് പാർവ്വതിയുടെ പെരുമാറ്റം.. ദിവസം കഴിയുംതോറും അവന് അവളോടുള്ള മതിപ്പ് കൂടി വന്നു.. ഗീതേടത്തിയെ അടുക്കളയിൽ സഹായിക്കാനും പുറം പണിക്കാരോട് ലോഹ്യം പറയാനും ഒക്കെ പാർവ്വതി മുൻപന്തിയിലായിരുന്നു..

ഗീതേട്ത്തി ഇല്ലാത്തപ്പോൾ അമ്മയ്ക്ക് കുഴമ്പിടാനും ഒക്കെത്തിനും കൂടും .. ഒരു മടിയുമില്ലാതെ.. രാമേട്ടനും അവളോട് പ്രത്യേക സ്നേഹമുള്ളതായി ജയകൃഷ്ണനു തോന്നി. അമ്മയെക്കൊണ്ട് ഇടയ്ക്കിടെ കൃഷ്ണ കീർത്തനങ്ങളും ചൊല്ലിക്കും .. അമ്മയും പറഞ്ഞു എത്ര നല്ല സ്വഭാവാ ആ കുട്ടിയുടേതെന്ന്.. പക്ഷെ ജയ് കൃഷ്ണനോടു മാത്രം അവൾ അകലം കാണിച്ചു.. ഒരു ദിവസം വൈകിട്ട് പാർവ്വതി അടുക്കളയിൽ ഗീതേടത്തിയോട് സംസാരിച്ച് നിൽക്കവെ അവർ പറഞ്ഞു.. “മോളെ ഈ ചായ ഒന്നു ജയൻ കുട്ടനു കൊടുക്കോ ?? സ്റ്റെപ്പ് കയറാൻ കാല് വയ്യാഞ്ഞിട്ടാ.. ” ശരി ഏട്ത്തി .. പാർവ്വതിക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു . അവൾ ചായ വാങ്ങി ഗോവണി കയറി മുകളിലെത്തി.. റൂമിൽ ജയ് ഇല്ലായിരുന്നു . ബാൽക്കണിയിലെ ചാരുപടിയിലിരുന്ന് ലാപ്പ്ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു അവൻ.. ” ചായ..” പാർവ്വതി ചായ അവനു നേരേ നീട്ടി . “ഗീതേടത്തി എവിടെ പോയി ?? “താഴീണ്ട് .. കാലു വേദന.. ചായ വാങ്ങിക്കൊണ്ട് ജയ് ചോദിച്ചു.. ” താനിപ്പോ ഗീതേടത്തി ടേം അസിസ്റ്റന്റായോ..?? ” സാറിനു പ്പോ ന്താ അറിയണ്ടേ ?? ” എനിക്കും ഒരു അസിസ്റ്റന്റ് വേണായിരുന്നു.. ചായ മുത്തി കുടിച്ചു കൊണ്ട് പാർവ്വതി കേൾക്കാത്ത രീതിയിൽ അവൻ പറഞ്ഞു..

” സാർ ന്താ പറഞ്ഞേ ?? ” ഒന്നൂല്ലേ… ചായയ്ക്ക് നല്ല ചൂടാന്നു പറയാരുന്നു . “മമ് … കപ്പ് കിട്ടിയാൽ പോവാരുന്നു.. “ദാ കപ്പ്… ഇനി താൻ പൊക്കോ… അവൾ കപ്പ് വാങ്ങി തിരിച്ചു നടന്നു. “എടോ …പിന്നൊരു കാര്യം. നാളെ എന്റെ അനിയൻ ഹരികൃഷ്ണൻ വരുന്നുണ്ട്.. അവൻ നല്ല ഒന്നാന്തരം ഒരു കോഴിയാ… സൂക്ഷിച്ചും കണ്ടും നടന്നാൽ തനിക്ക് കൊള്ളാം.. അവൻ ഊറിച്ചിരിച്ചു കൊണ്ട് ലാപ്ടോപ്പിലേക്ക് കണ്ണെറിഞ്ഞു.. ” ഈശ്വരാ .. അയാൾ ഇനി എങ്ങനാണാവോ… കുറച്ച് ദിവസം ലീവെടുത്താലോ… ഇതൊക്കെ ആലോചിച്ച് പാർവ്വതി ഗോവണി ഇറങ്ങുമ്പോൾ മുകളിൽ നിന്നും പാട്ട് കേൾക്കുന്നുണ്ടായിരുന്നു .. 🎵 പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ .. കള്ളിപ്പെണ്ണേ നീ തന്നേയൊരു തങ്കക്കുടമല്ലോ.. കരളിൽ വിടരും മോഹത്തിൽ ഒരു പൂ മതി പൂന്തേൻ മതി തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടിൽ വാ വാ… പാർവ്വതി പുഞ്ചിരിയോടെ ഗോവണി ഓടിയിറങ്ങി.. തുടരും