രചന – ജിഫ്ന നിസാർ
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും വരാത്ത ഉറക്കത്തിനോട് കൊറുവിച്ചു കൊണ്ടാണ് ക്രിസ്റ്റി കിടക്കയിൽ നിന്നും എഴുന്നേറ്റ് മാറിയത്.
മഴയുള്ള പ്രഭാതകുളിരിൽ മൂടി പുതച്ചുറങ്ങാൻ കൊതിച്ച എത്രയോ പുലരികളിൽ ടാപ്പിങ്ങിനുള്ള കത്തിയുമായി പോകേണ്ടി വന്നിട്ടുണ്ട്.
അന്നൊക്കെയും ഓർത്തിട്ടുണ്ട്… കൊതി തീരെ ഒന്നുറങ്ങാൻ പറ്റിയെങ്കിലെന്ന് .
ഇന്നിപ്പോൾ.. സുഖമുള്ളൊരു ലഹരി ഉള്ളും ഉടലും പൊതിഞ്ഞു നിൽക്കുന്നു.ഉറക്കം പോലും കട്ടെടുത്തു കൊണ്ട്.
ഫാത്തിമയെന്ന പേരിനെ പോലും ഒരു പതച്ചു പൊങ്ങലോടെയാണ് ഹൃദയം സ്വീകരിക്കുന്നത്.
ഒന്ന് കാണാൻ അന്നുവരെ തോന്നാത്തത്രയും തീവ്രമായി ആഗ്രഹിക്കുന്നു..
കേട്ട് കേൾവി മാത്രമുള്ള പ്രണയത്തിന്റെ ഇന്ദ്രജാലം!
ഇത് വരെയും ആരും എത്തി നോക്കാത്ത.. അല്ലെങ്കിൽ എത്തി നോക്കാൻ അനുവാദം കൊടുക്കാത്ത ഹൃദയത്തിനറകളിലെല്ലാം ഒരുവൾ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.
ക്രിസ്റ്റി തെളിഞ്ഞ മനസ്സോടെ.. മുഖത്തോടെ.. ബാൽക്കണിയിൽ നിന്നും ഓപ്പൺ ടെറസിലേക്കുള്ള വാതിൽ തുറന്നു.
നേരിയ ചാറ്റൽ മഴ പൊടിയുന്നുണ്ട് അപ്പോഴും.
വെയിലിന്റെ ഒരു കിരണം പോലും തരില്ലെന്ന് വാശിയുള്ളത് പോലെ മേഘകീറിനുള്ളിൽ ഒളിച്ചിരിക്കുന്ന സൂര്യൻ..
നേർത്ത സ്വർണനൂലുകൾ പോലെ പെയ്തിറങ്ങിയ മഴ തുള്ളികൾ അവനെയൊന്നാകെ കുളിര് പടർത്തി കൊണ്ട് പൊതിഞ്ഞു പിടിച്ചു.
അത് വരെയും തോന്നാത്ത വിധമൊരു ആഹ്ലാദം.. ആവേശം.
കൈകൾ രണ്ടും നീട്ടി പിടിച്ചു കണ്ണടച്ച് കൊണ്ടവൻ ആ മഴയെ ആസ്വദിച്ചു.
നനഞ്ഞു കുതിർന്നതത്രയും ഉള്ളിലെ പ്രണയത്തിന്റെ പെയ്ത്തിലാണ്.
നേരം വെളുത്തു വരുന്നതിന് മുന്നേ അവന്റെ മനസ്സ് തുടി കൊട്ടിയത്… രാത്രിയിലെക്കെത്തി ചേരാനാണ്.
അന്നവളെ കാണുന്നതും.. ഇത് വരെയും മനസ്സിലാക്കി പിടിച്ചതെല്ലാം അവളോട് പറയാനും അവനുള്ളം വെമ്പി..
പൂത്തിരി കത്തി ചിതറും പോലെ.. പാത്തുവിന്റെ കണ്ണിലേക്കു ആഹ്ലാദത്തിന്റെ കിരണങ്ങൾ ചേല് തീർക്കുന്നത് ഓർക്കേ അവന് വീണ്ടും ശ്വാസം കിട്ടിയുന്നുണ്ടായിരുന്നില്ല.
ഏറെ നേരം അതേ നിൽപ്പ് തുടർന്ന് കൊണ്ടവൻ അകത്തേക്കു കയറുമ്പോൾ നീളൻ മുടി തുമ്പിൽ നിന്നും വെള്ളമിറ്റി വീഴുന്ന പരുവത്തിൽ നനഞ്ഞു കുതിർന്നു പോയിരുന്നു.
ഊഞ്ഞാൽ കട്ടിലിൽ ഉണ്ടായിരുന്ന ടവ്വൽ വലിച്ചെടുത്തു കൊണ്ടവൻ ആദ്യം മുഖം തുടച്ചു.
വീണ്ടും കൊതിയോടെ മഴയിലേക്ക് നോക്കിയാണ് തല തുടക്കുന്നത്.
അവന് നനഞ്ഞു കൊതി തീർന്നില്ലായിരുന്നു..
പ്രണയത്തിലും മഴയിലും..
മുറിയിൽ നിന്നും തുടരെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് വാതിൽ അടച്ചു കൊണ്ട് അകത്തേക്ക് കയറിയത്.
മുറിയിലെത്തി ഫോണൊടുത്തു നോക്കുമ്പോൾ ഫൈസിയാണ് വിളിക്കുന്നത്.
നന്നായി തണുക്കാൻ തുടങ്ങിയത് കൊണ്ട്.. ഡ്രസ്സ് മാറിയിട്ട് അവനെ തിരിച്ചു വിളിക്കാം എന്ന് കരുതി ക്രിസ്റ്റി ഷെൽഫിൽ നിന്നും ഡ്രസ്സ് എടുത്തു തിരിഞ്ഞതും വീണ്ടും ഫൈസിയുടെ വിളിയെത്തി.
“എന്നതാട.. ഈ വെളുപ്പിന്?”
“ഓ.. നിന്നെ വിളിക്കാനിപ്പോ ഞാൻ നേരോം കാലോം ഒക്കെ നോക്കണോ?”
ക്രിസ്റ്റിയുടെ ചോദ്യം ഒട്ടും ദഹിച്ചില്ലെന്നത് പോലെ ഫൈസിയുടെ കടുപ്പത്തിലുള്ള മറുപടി.
“ആ ചിലപ്പോ വേണ്ടി വന്നേക്കും ”
ഫോൺ തോളിനും ചെവിക്കുമിടയിൽ ഇറുക്കി പിടിച്ചു കൊണ്ടവൻ ഡ്രസ്സ് ചെയ്ഞ്ചു ചെയ്യുന്നതിനിടെ പറഞ്ഞു.
“അതിനെന്റെ പട്ടി കാത്ത് നിൽക്കും ”
ഫൈസി… വിട്ടു കൊടുക്കാനുള്ള ഭാവമില്ല.
“ഓഓഓ.. നിന്നെക്കാൾ ഇച്ചിരി കൂടി ഭേദം നിന്റെ പട്ടി തന്നെയാ ”
ചുണ്ടിലൂറിയ ചിരിയോടെ ക്രിസ്റ്റി പറയുമ്പോൾ അതേ ചിരി ഫൈസിയുടെ ചുണ്ടിലും ഉണ്ടായിരുന്നു.
“കാര്യം പറയെടാ..?”
ക്രിസ്റ്റി ആവിശ്യപെട്ടു.
ഇതിനോടകം… നനഞ്ഞ പാന്റ് മാറ്റി വേറെന്ന് ധരിച്ചിരുന്നു അവൻ.
“ആ… ലില്ലിയാന്റിയുടെ ഒരു ജോലി കാര്യം പറഞ്ഞിരുന്നില്ലേ.. അത് ഏറെക്കുറെ റെഡിയാണ് ”
ഫൈസി പറഞ്ഞത് കേട്ടതും ക്രിസ്റ്റിയുടെ മുഖം തെളിഞ്ഞു.
“അവര്.. അവര് നിന്നെ വിളിച്ചിട്ട് ഓക്കേ പറഞ്ഞോടാ?”
ആകാംഷയോടെ ക്രിസ്റ്റി ചോദിച്ചു.
ഫൈസിയുടെ ഉപ്പാന്റെ ഒരു കൂട്ടുകാരനുണ്ട്..ഷാനവാസ്.
ഷാനിക്കാ..
മൂപ്പർക്കൊരു സൂപ്പർ മാർക്കറ്റുണ്ട് ടൗണിൽ..
അത്യാവശ്യം വലിയൊരു സംരംഭമാണത്.
നാല്പതിനു മുകളിൽ വയസ്സുണ്ടെങ്കിലും… അതിന്റെ യാതൊരു അവശതയുമില്ലാതെ നല്ല രീതിയിൽ തന്നെ അത് നടത്തിക്കൊണ്ട് പോകുന്നത് ഷാനിക്കയാണെന്ന് ഫൈസി പറഞ്ഞത് ക്രിസ്റ്റി ഓർത്തു.
ലില്ലിയാന്റി ജോലി വേണമെന്ന് പറഞ്ഞന്ന് തന്നെ അവനത് സൂചിപ്പിച്ചിരുന്നു.
“എന്നെയല്ലടാ.. ഷാനിക്കാ ഉപ്പച്ചിയെ ആണ് വിളിച്ചത്. അവിടൊരു വേക്കൻസിയുണ്ട്.ചെന്നോളാൻ പറഞ്ഞു ”
ഒരുപാട് സന്തോഷം തോന്നി ക്രിസ്റ്റിക്കത് കേട്ടപ്പോൾ.
“ജോലി… ജോലി എന്താണാവോ ഫൈസി..?അറിയാലോ ലില്ലിയാന്റിയുടെ അവസ്ഥ ”
ക്രിസ്റ്റിയുടെ സ്വരത്തിൽ ആശങ്കയുണ്ടായിരുന്നു.
ഭാരമുള്ള ജോലികളൊന്നും ലില്ലിക്ക് ചെയ്യാനാവില്ലെന്ന് അവനുറപ്പായിരുന്നു.
“അതറിയില്ലെടാ.. എന്തായാലും ചെല്ലാൻ പറഞ്ഞു സ്ഥിതിക്ക് പോയി നോക്കാം. പറ്റുന്നതാണേൽ എടുക്കാം. ഇല്ലേൽ വേറൊന്ന് നോക്കാം ”
ഫൈസി അവനെ…ആശ്വാസിപ്പിച്ചു.
“എടാ.. നീ ഡെസ്പ്പാവല്ലേ.ഇതല്ലെങ്കിൽ ലോകത്ത് വേറെ ജോലിയൊന്നും ഇല്ലെന്നാണോ?”
ക്രിസ്റ്റിയുടെ തണുത്ത മൂളൽ കേട്ടത്തോടെ ഫൈസി വീണ്ടും പറഞ്ഞു.
“ഏതായാലും നീ ലില്ലിയാന്റിയെ വിളിച്ചിട്ട് ഒൻപത് മണി ആകുമ്പോഴേക്കും റെഡിയായി നിൽക്കാൻ പറ. എന്നിട്ട് നീ പോയി ആന്റിയെയും കൂട്ടി നേരെ ടൗണിലോട്ട് വാ. ഞാനും ആര്യനും അവിടുണ്ടാകും. ഉപ്പച്ചിയും അങ്ങോട്ട് വരും.”
ഫൈസി പറഞ്ഞു.
“ഒക്കെ ഡാ.. അങ്ങനെ ചെയ്യാം ”
ക്രിസ്റ്റിയും അത് സമ്മതിച്ചു.
“ശെരിയെന്നാ.. ഞാൻ റെഡിയാവട്ടെ ”
ക്രിസ്റ്റി തന്നെയാണ് ആദ്യം ഫോൺ കട്ട് ചെയ്തത്.
ഒന്നോ രണ്ടോ നിമിഷം കണ്ണടച്ച് നിന്നിട്ട് അവൻ ലില്ലിയുടെ ഫോണിലേക്ക് വിളിച്ചു.
ജോലിയുടെ കാര്യം പറഞ്ഞതും ആവേശത്തിൽ അപ്പച്ചനോടും അമ്മച്ചിയോടും അത് വിളിച്ചു പറയാൻ ധൃതി കാണിക്കുന്ന ലില്ലിയെ കുറിച്ചോർത്തപ്പോൾ ഒരേ സമയം ക്രിസ്റ്റിക്ക് സങ്കടവും സന്തോഷവും തോന്നി.
അവർക്കാ ജോലി കിട്ടണേ കർത്താവെ എന്ന് അങ്ങേയറ്റം ആത്മാർത്ഥയോടെ പ്രാർത്ഥിച്ചു കൊണ്ടാണ് അവനാ കോൾ അവസാനിപ്പിച്ചത്.
കാരണം.. അവരെത്ര മാത്രം ആശ്രയമറ്റു നിൽക്കുകയാണെന്ന് അവനറിയാം…
ഒൻപത് മണിക്ക് ലില്ലിയോട് റെഡിയായി നിൽക്കാൻ പറഞ്ഞിട്ടാണ് ക്രിസ്റ്റി റെഡിയാവാൻ തുടങ്ങിയത്.
ഇന്നിനി അതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് വേണം കോളേജിൽ പോവാൻ..
അവനും ധൃതിയോടെ പോവാൻ റെഡിയായി തുടങ്ങി.
❤️🩹❤️🩹❤️🩹
ഒരു സൂചി വീണാൽ പോലും കേൾക്കാവുന്നത്രയും നിശബ്ദത..
ശാന്തതയല്ല.. ഭയപ്പെടുത്തുന്ന ശൂന്യതയാണ് നിറഞ്ഞു നിൽകുന്നതത്രയും.
പാത്തുവിന്റെ മുഖത്തു മാത്രം ഭാവഭേദങ്ങളൊന്നുമില്ല.
പോരാടാൻ ഉറച്ചു കൊണ്ട് യുദ്ധഭൂമിയിലിറങ്ങിയ പോരാളിയുടെ മുഖത്തുള്ള അതേ നിശ്ചയധാർഢ്യം.
അമീന് കാര്യങ്ങൾ കൈവിട്ടു പോകുകയാണോ എന്നൊരു ചെറിയ ഉത്ഭയം ഇല്ലാതില്ല.
എങ്കിലും പുറമെ പരമാവധി ധൈര്യം കാണിച്ചു കൊണ്ടവൻ അവിടെ തന്നെ നിന്നു.
“അതണക്ക് ഇനിയും അറിയൂലെ?”
നിയാസിന്റെ കൂർത്ത ചോദ്യം.
ഫാത്തിമ ചിരിച്ചു..
“ഇതല്ല.. ന്റെ ചോദ്യത്തിനുള്ള ഉത്തരം ”
ശാന്തമായി അവൾ അവരെ നോക്കി കൊണ്ട് പറഞ്ഞു.
“ഇയ്യെന്താ പെണ്ണേ.. ആളെ കുരങ്ങ് കളിപ്പിക്കുന്നുണ്ടോ.. ഇയ്യാരാണെനും.. ഞങ്ങൾ അനക്ക് ആരാണെന്നും പറഞ്ഞിട്ട് തന്നെയല്ലേ അന്നേ ഇങ്ങോട്ട് കെട്ടിയെടുത്തു കൊണ്ട് വന്നത്? എന്നിട്ടിപ്പോ ഓളെ ഒലക്കമ്മലെയൊരു ചോദ്യം ”
ചീറി കൊണ്ട് ഹമീദ് അവൾക്ക് നേരെ ചെന്നു.
അയാളുടെ വരവ് കണ്ടപ്പോൾ തനിക്കൊന്നു പൊട്ടിയെന്ന് ഫാത്തിമ ഉറപ്പിച്ചതാണ്.
എങ്കിലും അവൾ പതറിയില്ല.
ഒന്നല്ല… ഒരായിരം അടി കിട്ടിയാലും ചോദിക്കാനുള്ളത് ചോദിക്കാനും പറയാനുള്ളത് പറയാനും അവളുറച്ചു കഴിഞ്ഞതാണ്.
ഇനിയതിൽ മാറ്റമില്ല.
അവൾക്കൊന്ന് കിട്ടുന്നത് കാണാൻ കണ്ണ് കൂർപ്പിച്ചു നിന്നവരെ നിരാശപ്പെടുത്തി കൊണ്ട് ഹമീദ് കൈ ചുരുട്ടി പിടിച്ചു കൊണ്ട് ദേഷ്യം അടക്കി.
“നിക്കറിയാം… ഞാൻ ഇങ്ങൾക്ക് ആരാന്ന്. നിങ്ങളൊക്കെ നിക്കാരാണ് എന്നതും. മറന്നതും മാറ്റി നിർത്തുന്നതും ഇങ്ങളൊക്കെയല്ലേ..?”
നേർത്തൊരു ചിരിയോടെയാണ് ഫാത്തിമ പറയുന്നത്.
“കെട്ടി കേറി വരുമ്പോൾ.. ഇയ്യെന്താണ് വിചാരിച്ചത്. നിലവിളക്ക് എടുത്തു സ്വീകരിച്ചു ആനയിക്കുമെന്നോ..?അയിന് മാത്രം ഉണ്ടോ ഡീ പെണ്ണേ ഇയ്യ്? അതോർത്തിട്ട് പോരെ ഈ അഹങ്കാരം ”
അവളാ പറഞ്ഞത് അപമാനമായി തോന്നിയത് കൊണ്ട് നിയസിന്റെ ഭാര്യ ആയിഷ വല്ലാത്ത കലിപ്പിലായിരുന്നു.
“അങ്ങനൊന്നും വിചാരിച്ചില്ലങ്കിലും… ഉണ്ണാനും ഉടുക്കാനും കിട്ടിയില്ലേലും.. എന്റെ അഭിമാനം പൊതിഞ്ഞു പിടിച്ചു പാതിരാത്രി ഇറങ്ങി ഓടേണ്ടി വരുമെന്ന് ഞാനൊരിക്കലും.. ഒരിക്കലും കരുതിയില്ല അമ്മായി ”
അവരുടെ അതേ ഭാവത്തിൽ ഫാത്തിമ മറുപടി പറയുമ്പോൾ അമീന്റെ മുഖം കടലാസ് പോലെ വിളറി വെളുത്തു.
ഇജാസും ഞെട്ടി കൊണ്ടവനെ നോക്കി.പിടിക്കപ്പെടുമോ എന്നാ ഭയം അമീനെക്കാൾ ഇജാസിനാണെന്ന് തോന്നും അവന്റെ നിൽപ്പ് കാണുമ്പോൾ.
സജ്‌നയും സിയായും ഇശലും പരസ്പരം നോക്കിയിട്ട് നോട്ടം അമീന്റെ നേരെ നീങ്ങി.
ഇപ്പൊ എങ്ങനുണ്ട് എന്നൊരു ഭാവം മുഖത്തു വരുത്തി പതർച്ച മാറ്റാനുള്ള കഠിന ശ്രമത്തിലാണ് അവനപ്പോൾ.
“ഇയ്യൊരു ലോകസുന്ദരി വന്നിരിക്കുന്നു ..”
റംലയാണ്… പുച്ഛമാണ് മുഖവും വാക്കും നിറയെ.
അത് പ്രതീക്ഷിക്കുന്നത് പോലെ പാത്തുവിന് വല്ല്യ ഭാവമാറ്റവുമില്ല.
അമീൻ കക്കാനും നിക്കാനും ഒരുപോലെ പഠിച്ച കള്ളനാണെന്ന് അവൾക്ക് ഏറെക്കുറെ മനസ്സിലായതാണ്.
“കള്ളത്തരം കാണിച്ചു.എന്നിട്ടത് പോരാഞ്ഞിട്ടാണ് ഇനി ഓളുടെയൊരു കള്ളകഥ ”
നിയാസ് പാത്തുവിനെ നോക്കി പല്ല് കടിച്ചു.
താനിനി എന്തൊക്കെ പറഞ്ഞാലും അതൊന്നും ഇവിടെ വിശ്വസിക്കില്ലെന്ന് പാത്തുവിന് ഉറപ്പായി.
അവളുടെ കണ്ണുകൾ ഒരു നിമിഷം അമീന്റെ നേരെ കൂർത്തു.
രക്തമയമില്ലാത്ത അവന്റെ മുഖത്തു നിറഞ്ഞതത്രയും പ്രാണഭയമാണ്.
പാത്തുവിന് സംതൃപ്തിയാണ് തോന്നിയത്.
“ഹാജറയല്ലേ അന്റുമ്മ.. അയിന്റെ ഗുണം ഇയ്യ് കാണിക്കാണ്ടിരിക്കില്ല ”
റംലയുടെ ചോദ്യം!
കരിന്തേൾ കുത്തിയത് പോലെ ഫാത്തിമയൊന്നു പിടഞ്ഞു.
“ആ പിഴച്ചോളുടെ കൂടെയല്ലേ ഇയ്യും വളർന്നത്.അതിന്റെ ഫലമാണ്. ഇങ്ങനൊരു സാധനത്തിനെ ഈ അറക്കൽ തറവാട്ടിലേക്ക് കൈ പിടിച്ചു കയറ്റേണ്ട ഗതികേട് വന്നല്ലോ ന്റള്ളാ..”
സുഹ്‌റ കൂടി ഇത്താത്താക്ക് സപ്പോർട്ട് പറഞ്ഞതോടെ.. പരിഹാസങ്ങളുടെ കൂർത്ത നോട്ടങ്ങളും അടക്കി ചിരികളും പാത്തുവിനെ പൊതിഞ്ഞു.
“അറക്കൽ തറവാട്ടിലെ സലാമിന്റെ മകളാണ് ഞാൻ.. സലാമിന്റെ മാത്രം മകൾ. എനിക്കാ മേൽവിലാസം മാത്രം മതി ഇനിയും മുന്നോട്ട് ജീവിക്കാൻ ”
വീറോടെ ഫാത്തിമ അവരെ നോക്കി പറയുമ്പോൾ.. കുഞ്ഞുനാൾ മുതൽ അങ്ങനൊരു പരിഹാസത്തിന്റെ തീ ചൂളയിലേക്ക് അറിഞ്ഞു കൊണ്ട് അവളെയെറിഞ്ഞു കൊടുത്ത സ്വന്തം ഉമ്മയോടുള്ള രോഷം മുഴുവനുമുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.
“ആക്കാര്യത്തിൽ ഞങ്ങൾക്കിപ്പോ നല്ല സംശയം ഉണ്ട് പെണ്ണേ. എന്റിക്കാക്ക് അന്നേ പോലൊരു മകളുണ്ടാവില്ല ”
നിയാസ് അവളെ നോക്കി ചുണ്ട് കോട്ടി.
നെഞ്ച് നീറിയിട്ടും ഫാത്തിമ അപ്പോഴും ചിരിച്ചു.
“നിക്കതില്ല എളേപ്പ.. ആ സംശയം ഒട്ടുമില്ല.ന്റുപ്പാ അറക്കൽ സലാം തന്നെയാണ്. ഇങ്ങക്കും അതില്ലാന്ന് നിക്ക് ശെരിക്കും അറിയാം. അത് കൊണ്ടാണ്.. അത് കൊണ്ട് മാത്രാണ് ഇങ്ങളിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.”
നേർത്ത ചിരിയോടെ അവളത് പറഞ്ഞു കേട്ടതും എന്തോ പറയാൻ വന്ന നിയാസ് പെട്ടന്ന് പതുങ്ങി.
നിമിഷങ്ങൾ കൊണ്ടവന്റെ രൗദ്രഭാവം മാറി.
“ന്റുപ്പ ജീവനോടെയില്ല. ഉപ്പ മാത്രല്ലല്ലോ.. നിക്കാരുമില്ലെന്ന് ഇങ്ങക്കെല്ലാം ശെരിക്കും അറിയാലോ. നിങ്ങടെ മക്കളെ പോലെ സ്നേഹിക്കണമെന്നൊന്നും പറയുന്നില്ല ഞാൻ. പക്ഷേ… പക്ഷേ ഇങ്ങള് നിങ്ങടെ എന്തോ ആവിശ്യത്തിന് കൂട്ടിയിട്ട് വന്നതല്ലേ എന്നെ?”
നിറഞ്ഞ കണ്ണോടെയെങ്കിലും അൽപ്പം പോലും പതറാത്ത ഫാത്തിമയുടെ മുഖം.. വാക്കുകൾ.
ആരും ഒന്നും മിണ്ടുന്നില്ല.
ആളി കത്തുന്ന തീയിലേക്ക് പെട്ടന്ന് വെള്ളമെടുതൊഴിച്ചത് പോലെ.
അസഹിഷ്ണുത നിറഞ്ഞ ഒരു മൗനം.
നോക്കി നിൽക്കുന്നവർക്കെല്ലാം പറയാനറിയാത്ത എന്തൊക്കെയോ ഭാവങ്ങൾ..
പാത്തുവിന് മാത്രം അപ്പോഴും ഭാവമാറ്റങ്ങളൊന്നുമില്ല.
“എന്തേ ആർക്കും ഉത്തരമില്ലേ?”
ആരുമൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ട് ഫാത്തിമ വീണ്ടും ചോദിച്ചു.
“വല്ല്യ സുഖത്തിലൊന്നുമല്ലങ്കിലും.. നിങ്ങളോടൊപ്പം പോരുമ്പോൾ ഞാനും ഇച്ചിരി സന്തോഷിച്ചിരുന്നു.ഇനിയെങ്കിലും എനിക്കൊരു സമാധാനം നിറഞ്ഞ ജീവിതമുണ്ടാവും എന്നത്.വെറുതെ ആണ്. എല്ലാം വെറുതെയാണ്. ദയവായി ഇങ്ങളാരെങ്കിലും എനിക്കൊന്നു പറഞ്ഞു താ.. എന്തിനാ ഇങ്ങളെന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്?”
അപേക്ഷ പോലായി ഇപ്രാവശ്യം അവളുടെ സ്വരം.
“എന്നോട് ചോദിക്ക് ഫാത്തിമ. ഇനിയുള്ള ഉത്തരം നിനക്ക് ഞാൻ പറഞ്ഞു തരാം ”
പിന്നിൽ നിന്നും ഗൗരവമെങ്കിലും ആർദ്രനിറഞ്ഞ സ്വരം.
ഫാത്തിമ വെട്ടി തിരിഞ്ഞു നോക്കി.
“കാരണം.. എനിക്ക് വേണ്ടി.. എനിക്ക് വേണ്ടി മാത്രമാണ് നീ ഇവിടെത്തിയത് ”
ആരെയും മയക്കുന്ന മനോഹരമായൊരു ചിരിയോടെ അവളെ…. അവളെ മാത്രം നോക്കി അവിടെ അവനുണ്ടായിരുന്നു.
ഷാഹിദ്…
തുടരും.
വാതിൽ പുറത്തേക്ക് ലോക്ക് ചെയ്തു കൊണ്ട് ക്രിസ്റ്റി നോക്കിയത് സ്റ്റെയറിന് മുകളിലെ റെയിലിൽ പിടിച്ചു നഖം കടിച്ചു താഴേക്ക് നോക്കി നിൽക്കുന്ന ദിൽനയെയാണ്.
സ്കൂളിൽ പോകാനുള്ള അതേ വേഷത്തിൽ തന്നെയാണ്.
തോളിൽ വലിയ ബാഗുമുണ്ട്.
“ഇവളിതെങ്ങോട്ടാ.. ഇത്രേം നേരത്തെ?”
കയ്യിലെ വാചിലേക്കൊന്ന് നോക്കിയിട്ട് ക്രിസ്റ്റി സ്വയം പറഞ്ഞു.
സമയം ഏഴ് മണി ആവുന്നേയുള്ളൂ.
ലില്ലിയെ കൊണ്ട് ഷാനിക്കയേ കാണാൻ പോകണമെന്നുള്ളത് കൊണ്ടാണ് അവൻ നേരത്തെയിറങ്ങിയത്.
ഇത്രയും നേരത്തെ ഇവൾ പോകാറില്ലല്ലോ?
താൻ വെട്ട് കഴിഞ്ഞു വരുമ്പോഴാവും മിക്കവാറും പോകാൻ റെഡിയായി ഹാളിൽ ഭക്ഷണം കഴിക്കുന്നത് കാണാം
ഇന്നിനി സ്പെഷ്യൽ ക്ലാസ് വല്ലതും കാണുവോ?
പാത്താം ക്ലാസ്സിൽ ആണല്ലോ..?
എന്നാലും ഈ ഏഴ് മണിക്ക് മുന്നേ…?
സ്വയം ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അവനെയൊരുപാട് അസ്വസ്ത്ഥതപ്പെടുത്തി.
ക്രിസ്റ്റിയുടെ കണ്ണുകൾ വീണ്ടും അവൾക്ക് നേരെ നീണ്ടു.പതിയെ നടന്നു കൊണ്ടവൻ അവളുടെ അരികിൽ പോയി നിന്നു.
അവൻ അടുത്തെത്തിയത് പോലുമറിയാതെ അവളെതോ ചിന്തയിലാണ്.
ക്രിസ്റ്റി അവളെ സൂക്ഷിച്ചു നോക്കി.
അങ്ങേയറ്റം അസ്വസ്ഥമാണാ മനസ്സും മുഖവുമെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസ്സിലായി.
ഏതോ നിമിഷം ഒന്ന് തിരിഞ്ഞു നോക്കിയ ദിൽന തൊട്ടരികിൽ ക്രിസ്റ്റിയെ കണ്ടതും വിളറി വെളുത്തു.
റെയിലിൽ പിടിച്ചിരുന്ന അവളുടെ നീണ്ട വിരലുകൾ പോലും വിറക്കുന്നത് ക്രിസ്റ്റി കണ്ടിരുന്നു.
എന്നിട്ടും അവന്റെ നോട്ടം രൂക്ഷമായി അവളുടെ നേരെ തന്നെ ആയിരുന്നു.
കണ്മുന്നിൽ അവനെ കാണാതെ എന്തൊക്കെ വിളിച്ചു പറഞ്ഞാലും നേർക്ക് നേർ ക്രിസ്റ്റിയെ കാണുമ്പോൾ.. ദിൽന എപ്പോഴും വെള്ളത്തിൽ വീണത് പോലെ വിറച്ചു പോവാറുണ്ടെന്നത് അവനറിയാം.
ഇനിയും താനവിടെ നിന്നാൽ അവൾ കരയുമെന്ന് തോന്നിയപ്പോൾ ക്രിസ്റ്റി അവളെ ഒന്ന് കൂടി നോക്കിയിട്ട് സ്റ്റെപ്പിറങ്ങി പോയി.
താഴെ എത്തി അടുക്കളയിലേക്ക് തിരിയും മുന്നേ അവനൊന്നു കൂടി തിരിഞ്ഞു നോക്കിയപ്പോൾ നെഞ്ചിൽ കൈ ചേർത്ത് ശ്വാസം വിടുന്ന ദിൽനയെ കണ്ടതും അത് വരെയും എടുത്തണിഞ്ഞ ഗൗരവം വിട്ടിട്ട് അവൻ ചിരിച്ചു പോയി.
“വല്ല്യ സന്തോഷത്തിലാണല്ലോ.. എന്നാ പറ്റിയെടാ?”
ചിരിച്ചു കൊണ്ട് കയറി വരുന്ന അവനെ കണ്ടതും അവനേക്കാൾ സന്തോഷം മുഖം നിറച്ചു കൊണ്ട് മറിയാമ്മച്ചി അവനെ നോക്കി ചോദിച്ചു.
അവനൊന്നു കണ്ണ് ചിമ്മി കാണിച്ചിട്ട് ടേബിളിൽ ഇരുന്നു.
“എന്തേ.. ഞാനൊന്ന് സന്തോഷിക്കുന്നത് പിടിക്കുന്നില്ലേ നിങ്ങക്ക്.?അതോ.. എന്റെ സങ്കടം മാത്രം ഉന്നം വെച്ച് ജീവിക്കുന്ന ആ പൊറുക്കിയുടെ ടീമിലെടുത്തോ നിങ്ങളെ?”
മുന്നിലേക്ക് അവരെടുത്ത് കൊടുത്ത ചൂടുള്ള പുട്ടിലേക്ക് ബീഫ് ചേർത്ത് കുഴക്കുന്നതിനിടെ ക്രിസ്റ്റി മറിയമ്മച്ചിയെ നോക്കി ചോദിച്ചു.
“അതിനാ പൊറുക്കിയുടെ ചത്ത് പോയ അപ്പൻ ഒന്നൂടെ എണീറ്റു വരേണ്ടി വരും ”
പൊറുക്കിയോടുള്ള ദേഷ്യം മുഴുവനും മുഖത്ത് നിറച്ചു കൊണ്ട് മറിയമ്മച്ചി ചുണ്ട് കോട്ടി.
ആസ്വദിച്ചു കഴിക്കുന്നതിനിടെ ക്രിസ്റ്റി ചിരിച്ചു കൊണ്ട് തലയാട്ടി.
“എന്റെ കൊച്ചിനെ എപ്പോഴും സന്തോഷതോടേം സമാധാനതോടേം കാണാൻ കഴിയണേ കർത്താവെ എന്റെ കണ്ണടയുവോളം എന്നത് മാത്രവാ എന്റെ പ്രാർത്ഥന ”
മറിയമ്മച്ചിയുടെ കൈകൾ വാത്സല്യത്തോടെ അവനെ തഴുകി.
അവനൊന്നും മിണ്ടാതെ അവരെ നോക്കി കണ്ണ് ചിമ്മി.
“എന്നതാ ഇന്ന് നേരത്തെ?”
മറിയമ്മച്ചി ചോദിച്ചു.
ലില്ലിയുടെ കാര്യം ക്രിസ്റ്റി അവരോട് പറഞ്ഞു കൊടുത്തു.
“പാവം.. അതിന്റെയൊരു വിധി ”
നെടുവീർപ്പോടെ എങ്ങോ നോക്കി മറിയമ്മച്ചി പരിതപിച്ചു .
“നിനക്കിപ്പോ എന്നാത്തിനാ ദിലു ഇത്രേം കാശ്? സ്കൂളിൽ കൊടുക്കാമെന്നുമില്ലല്ലോ?”
വീണ്ടും എന്തൊക്കെയോ പറഞ്ഞു ആവലാതിപ്പെട്ടിരിക്കുന്ന മറിയമ്മച്ചിയുടെ സംസാരത്തിനിടെ ഹാളിൽ നിന്നും ഡെയ്സിയുടെ ശബ്ദം ഉയർന്നു കേട്ടതും ക്രിസ്റ്റിയുടെ ശ്രദ്ധ ഒരു നിമിഷം അങ്ങോട്ടായി.
കഴിക്കുന്നതിന്റെ സ്പീഡ് കുറഞ്ഞു.
അവന്റെ മാറ്റം അറിഞ്ഞതും മറിയമ്മച്ചിയും നിശബ്‍ദയായി.
വർക്കി ഡെയ്സിയോട് കയർക്കുന്നത് ക്രിസ്റ്റി വ്യക്തമായി കേട്ടിരുന്നു.
കഴിക്കുന്നത് നിർത്തി കൈ കുടഞ്ഞു കൊണ്ടവൻ എഴുന്നേറ്റു.
“അതവരുടെ കെട്ട്യോന്റേം കെട്ട്യോൾടേം പ്രശ്നമാണ് കുഞ്ഞേ. നീ അതിലോട്ടു കേറി കൊടുക്കേണ്ട.. നിനക്ക് വേദനിക്കും ”
കൈ കഴുകി പല്ല് കടിച്ചു കൊണ്ട് തിരിഞ്ഞ ക്രിസ്റ്റിയെ നോക്കി മറിയമ്മച്ചി പറഞ്ഞു.
അവനൊന്നും പറഞ്ഞില്ല.
“ഇഷ്ടപ്പെട്ടത് വല്ലതും വെച്ചുണ്ടാക്കി കൊടുത്താ അതാ കൊച്ചിന് കഴിക്കാൻ മനഃസമാധാനം കെടുക്കേല… വൃത്തിക്കെട്ടതുങ്ങള് ”
ക്രിസ്റ്റി കഴിച്ചു ബാക്കിയാക്കിയ പാത്രത്തിലോട്ട് നോക്കി മറിയമ്മച്ചി പിറുപിറുത്തു.
“നീ പോവാനിറങ്ങിയതല്ലേ.. പെട്ടന്ന് പോയിക്കേ അങ്ങോട്ട് .. അവരുടെ പ്രശ്നം അവര് തന്നെ തീർത്തോളും..നീ ഇടപെടേണ്ട.പോ..”
പിന്നെയും ഹാളിലെ സംസാരത്തിലേക്ക് കാതോർത്ത് നിൽക്കുന്ന ക്രിസ്റ്റിക്ക് നേരെ മേശയുടെ അരികിൽ അവൻ വെച്ച ബാഗ് എടുത്തു നീട്ടിയിട്ട് മറിയമ്മച്ചി പറഞ്ഞു.
അവനൊന്നും മിണ്ടാതെ അത് വാങ്ങി പുറത്തേക്ക് നടന്നു.
“നിനക്ക് വൈകുന്നേരമല്ലേ ട്യൂഷൻ.?എന്തിനാ ഇത്രേം നേരത്തെ പോകുന്നത്?”
തന്റെ മനസ്സിലുള്ള അതേ ചോദ്യം ഡെയ്സി ദിലുവിനോട് ചോദിക്കുന്നത് കേട്ടാണ് ക്രിസ്റ്റി ഹാളിലേക്ക് ചെന്നത്.
അതിനുള്ള അവളുടെ ഉത്തരം അറിയാൻ അവനുമൊരു തിടുക്കം തോന്നി.
ക്രിസ്റ്റിയുടെ നടത്തം സ്പീഡ് കുറഞ്ഞു.
“എനിക്ക്.. എനിക്ക് സ്പെഷ്യൽ ക്ലാസ്സ്…”
അവളത് പറഞ്ഞു നോക്കിയത് ക്രിസ്റ്റിയുടെ നേരെയാണ്.
വീണ്ടും ആ മുഖത്തൊരു പിടച്ചിൽ.
ഭയത്തിനും അപ്പുറം അതൊരു വെപ്രാളമായിട്ടാണ് ക്രിസ്റ്റിക്ക് തോന്നിയത്.
അവളുടെ മുഖത്തുള്ള അതേ അസ്വസ്ഥത അവനിലേക്കും പടർന്നു.
അത് വരെയും ഉണ്ടായിരുന്നു സന്തോഷം എത്ര പെട്ടന്നാണ് ഓടി ഒളിച്ചത്.
അശുഭകരമായ ഏതോ ഒരു ഫീൽ അവനെ ചുറ്റി പൊതിഞ്ഞു.
പിന്നിൽ നിന്നും ഡെയ്സിയുടെ ചോദ്യവും ദിലുവിന്റെ ഉത്തരങ്ങളും കേട്ട് കൊണ്ടാണ് അവൻ പുറത്തേക്കിറങ്ങിയത്.
വീണ്ടും വർക്കിയുടെ ശബ്ദം ഉയരുന്നത് ബൈക്കിൽ കയറുമ്പോൾ അവൻ കേട്ടിരുന്നു.
അയാൾ വാദിക്കുന്നത് ദിലുവിന് വേണ്ടിയാണ്.അതെപ്പോഴും അങ്ങനെയാണ്. മക്കൾക്ക് മുന്നിൽ സ്വയം ആളാവാനും ഡെയ്സിയെ ഇടിച്ചു താഴ്ത്തി അതിൽ കൂടി ക്രിസ്റ്റിയെ വേദനിപ്പിക്കാനും കിട്ടുന്ന ഒരവസരവും വർക്കി വെറുതെ കളയാറില്ല.
അവളെ അനാവശ്യമായി ചോദ്യം ചെയ്തെന്നും പറഞ്ഞിട്ട് ഡെയ്സിയെ വീണ്ടും വഴക്ക് പറയുന്നത് കേട്ട് കൊണ്ടാണ് അവൻ വണ്ടി ഓടിച്ചു പോയതും..
❤️🩹❤️🩹
“ഫാത്തിമയ്ക്ക് എന്നെ മനസ്സിലായോ?”
അവൾക്ക് മുന്നിൽ വന്നിട്ട് കൈ കെട്ടി നിന്നിട്ട് ഷാഹിദ് ചോദിച്ചു.
പകച്ചുപോയ അവൾ ഒന്ന് ചുറ്റും നോക്കി.
പല ഭാവങ്ങൾ നിറഞ്ഞ മുഖങ്ങളാണ് എല്ലാവർക്കും.
പെൺകുട്ടികൾ തിളങ്ങുന്ന കണ്ണോടെ… ആരാധനയോടെ അവന് നേരെ നോട്ടം കൊരുത്തു നിൽക്കുമ്പോൾ … ഭയമോ.. വേവലാതിയോ എന്നറിയാത്ത വിധം മറ്റു ചിലർ.
“ഉത്തരം പറയു ഫാത്തിമ.. ”
വീണ്ടും മധുരമോടെയുള്ള ഈണത്തിൽ ആ ചോദ്യം.
ഫാത്തിമ അവന് നേരെ തന്നെ നോക്കി.
ഇരുട്ടിനെ തോൽപ്പിക്കുന്ന വിധമൊരു കറുത്ത ഷർട്ടും ആഷ് കളർ പാന്റും.
വൃത്തിയായി ഇൻ ചെയ്തിട്ടുണ്ട്.
മുട്ടോളം മടക്കി വെച്ച ഷർട്ടിന്റെ കൈ മടക്ക് പോലും ചുളിവ് വന്നിട്ടില്ല.
നെറ്റിയിലേക്ക് വീഴ്ത്തില്ലെന്ന് വാശിയുള്ളത് പോലെ മുകളിലേക്ക് ചീകി ഒതുക്കി വെച്ച നീണ്ട മുടിയിഴകൾ.
എല്ലാത്തിനും ഉപരി.. അവന്റെ കണ്ണിലെ ഭാവം.. ചുണ്ടിലെ ചിരി.
ഫാത്തിമ ഇല്ലെന്ന് തലയാട്ടി.
ഷാഹിദ് വരുമെന്ന് പറയുന്നുണ്ട് എന്നല്ലാതെ അന്നവനെ അവളൊരിക്കലും അവടെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.
“ഷാഹിദ്… ഷാഹിദാണ് ഞാൻ ”
മനം മയക്കുന്ന ചിരിയോടെ അവനത് പറഞ്ഞതും ഫാത്തിമ ഞെട്ടി കൊണ്ടവനെ നോക്കി.
വന്നത് മുതലും വരുന്നതിന് മുന്നേയും ഒരുപാട് കേട്ട പേരാണ്.
ഇവിടുള്ളവരുടെ വെറുപ്പിനെ മുൻനിർത്തി നെയ്‌ത്തെടുത്തൊരു രൂപമുണ്ടായിരുന്നു, അവനെ കുറിച്ച് മനസ്സിൽ.
പക്ഷേ മുന്നിൽ നിൽക്കുന്നവന് അതുമായി നേരിയൊരു സാമ്യം പോലുമില്ലെന്നാണ് ഫാത്തിമ ഓർത്തത്.
തന്നേ നോക്കി നിൽക്കുന്നവളിലേക്ക് ഷാഹിദിന്റെ കണ്ണുകളും പതിഞ്ഞു.
കരഞ്ഞു ചുവന്ന കണ്ണിൽ നിറഞ്ഞ … തന്നേ കണ്ടപ്പോഴുദിച്ച അമ്പരപ്പ് കാണാനെന്തു ചേലാണ്!
വെളുത്തു തുടുത്ത അവളുടെ കവിളിലേക്കും.. വിടർന്നു നിൽക്കുന്ന ചുണ്ടിലേക്കും ഞൊടിയിട കൊണ്ട് അവന്റെ നോട്ടമിടറി വീണു.
തലയിൽ പിടിച്ചിട്ട തട്ടത്തിനുള്ളിൽ അമ്പിളി കീറുപോലെ തിളങ്ങുന്ന അവളുടെ മുഖം.
ഷാഹിദ് ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് ഒന്ന് ശ്വാസമെടുത്തു.
“ഇപ്പൊ അറിയോ എന്നെ?”
വീണ്ടും ചിരിച്ചു കൊണ്ട് ഷാഹിദ് ചോദിക്കുമ്പോൾ.. അതേയെന്നവൾ തലയാട്ടി കാണിച്ചു.
“ദാ.. ഇത് വരെയും ഫാത്തിമയ്ക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ അതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി.. ഇനി അങ്ങനൊന്നും ഉണ്ടാവില്ല. ഇതെന്റെ വാക്കാണ്. പോരെ ”
അവളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഷാഹിദ് പറഞ്ഞു.
ഫാത്തിമ ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
അവന്റെയാ ചിരിക്ക് മുന്നിൽ ഒന്നും പറയാൻ അവൾക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.
നെഞ്ചിലെന്തോ അസ്വസ്ഥത പൊതിയുന്നു. ആ നോട്ടം നേരിടുമ്പോഴെല്ലാം.
അവൾ മുഖം കുനിച്ചു.
“മുറിയിലേക്ക് പൊയ്ക്കോളൂ . ഇനി ഞാനിവിടുണ്ട്. എന്തുണ്ടായാലും എന്നോട് പറഞ്ഞാൽ മതി.”
ഷാഹിദ് വീണ്ടും പറഞ്ഞു.
അവനെ ഒന്ന് കൂടി നോക്കിയിട്ട് ധൃതിയിൽ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലേക്ക് ഓടുന്നവളെ നോക്കി… അവൻ അവിടെ തന്നെയുണ്ടായിരുന്നു.
അതേ ചിരിയോടെ..
❤️🩹❤️🩹
“ഇതല്ലങ്കിൽ വേറൊരു ജോലിക്ക് നമ്മൾ ശ്രമിക്കും. കിട്ടിയില്ലേലും വിഷമിക്കരുത്. കേട്ടോ ലില്ലിയാന്റി ”
ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ക്രിസ്റ്റി ഓർമ്മിപ്പിച്ചു.
ലില്ലി അമിതമായ പ്രതീക്ഷയിലാണെന്ന് അവനാദ്യം തന്നെ തോന്നിയിരുന്നു. അതായിരുന്നു അവന്റെ ഏറ്റവും വലിയ ടെൻഷനും.
“അപ്പൊ… അപ്പൊയിത് കിട്ടില്ലെടാ മോനെ? ”
അവന്റെ തോളിൽ പിടിച്ച ലില്ലിയുടെ കൈകൾ മുറുകി.
“എന്നല്ല ലില്ലിയാന്റി ഞാൻ പറഞ്ഞത്. അഥവാ കിട്ടിയില്ലെങ്കിൽ എന്നാണ്. അത് വേണമെന്ന് നമ്മൾക്ക് വാശി പിടിക്കാൻ ആവില്ലല്ലോ? ഒരു വെക്കൻസിയുണ്ട്.. നാളെ വന്നു നോക്കെന്നാണ് അവര് പറഞ്ഞത്. കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം ”
ക്രിസ്റ്റി പറഞ്ഞത് കേട്ട് ലില്ലി ഒന്ന് മൂളുക മാത്രം ചെയ്തു.
ഏട്ടരയ്ക്ക് മുന്നേ തന്നെ ക്രിസ്റ്റിയും ലില്ലിയും അവിടെത്തിയിരുന്നു.
ഫൈസി പറഞ്ഞതിനേക്കാൾ എടുപ്പുണ്ടായിരുന്നു ടൗൺ മധ്യത്തിൽ തന്നെ തലയുയർത്തി നിൽക്കുന്ന sky സൂപ്പർ മാർക്കറ്റിന്.
അവരെത്തി പത്തു മിനിറ്റോളം കഴിഞ്ഞിട്ടാണ് ആര്യന്റെ കൂടെ ഫൈസി അങ്ങോട്ട് എത്തിയത്.
ലില്ലി അങ്ങേയറ്റം ടെൻഷനോടെ കൈകൾ തമ്മിൽ പിരിച്ചുടക്കുന്നുണ്ട്.
ഫൈസിയെ നോക്കി ക്രിസ്റ്റി കണ്ണുകൾ കൊണ്ട് അത് കാണിച്ചു കൊടുത്തു.
ഏകദേശം ഒൻപതു മണിയോടത്തതും.. ഫൈസിയുടെ ഉപ്പച്ചിയും ഒപ്പം പ്രൌഡമായ മറ്റൊരാളും അവരുടെ അരികിലേക്ക് വന്നു.
“ഷാനവാസ്..”
വന്നയാൾ അവരെ നോക്കി ഗൗരവത്തോടെ പറഞ്ഞു.
ആ രൂപവും.. അയാളിലെ ഗൗരവവും കണ്ടതും ക്രിസ്റ്റി ലില്ലിയെ ഒന്ന് പാളി നോക്കി.
തീർത്തും പ്രതീക്ഷയറ്റത് പോലെ.. അവരുടെ കണ്ണുകളും അവന്റെ നേരെയായിരുന്നുവപ്പോൾ….
തുടരും…

by