രചന – നിവേദ്യ ഹരിഹരൻ
അന്ന് വൈകിട്ട് കൃഷിഭവനിൽ നിന്നുള്ള കുറച്ചു പച്ചക്കറി തൈകളുമായി അരുൺ പാർവ്വതിയുടെ വീട്ടിലേക്ക് ചെന്നു… “പാറൂ… ദാ ഇതൊക്കെ ഇവിടെ വയ്ക്കണുണ്ട്ട്ട… ശ്രീദേവിയേട്ത്തിടെ സൗകര്യം പോലെ തൊടിയിൽ നടാൻ പറഞ്ഞേക്ക്… അരുണിന്റെ ശബ്ദം കേട്ട് പാർവ്വതി ഓടി മുറ്റത്തേക്ക് വന്നു… ” അരുണേട്ടാ … ഇനിവ്ടെ ഹരിസാറും ജയ്സാറും വന്നിരുന്നു.. അവൾ ആവേശത്തോടെ പറഞ്ഞു. ” ഉം…. അമ്മ പറഞ്ഞു. അരുൺ വലിയ താൽപര്യമില്ലാത്ത രീതിയിൽ മൂളിക്കൊണ്ട് തൈകൾ കോലായിലേക്ക് എടുത്തു വച്ചു കൊണ്ടിരുന്നു.. “കുറേ നേരം ഇരുന്ന് ചായയൊക്കെ കുടിച്ചിട്ടാ അവര് പോയേ… അവളുടെ ഉള്ളിലെ സന്തോഷം കണ്ണുകളിലുടെ പുറത്തേക്ക് പ്രവഹിച്ചു. ആ കണ്ണുകളിലെ തിളക്കം അരുൺ കണ്ടു.. “പാറു നീയിങ്ങ് വന്നേ ഇവിടിരിക്ക് … അരുൺ അരമതിലിലേക്ക് ഇരുന്നു കൊണ്ട് അവളേയും അടുത്ത് വിളിച്ചിരുത്തി… “പാറൂ ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയോ..?? “ന്താ അരുണേട്ടാ… ഞാൻ അരുണേട്ടനോട് കള്ളം പറയാറില്ലല്ലോ…
“അതെനിക്ക് അറിയാം പാറൂ എന്നാലും പറഞ്ഞെന്നേയുള്ളു.. “നിനക്ക് ഇല്ലിക്കലെ ജയ്കൃഷ്ണനോട് എന്തേലും ഇഷ്ടമുണ്ടോ..?? പാർവ്വതി വല്ലാതായി… “അത് …അരുണേട്ടാ… എനിക്കറിയില്ല എന്താ എനിക്ക് തോന്നണേന്ന്… അവൾ തലതാഴ്ത്തി. ” നിനക്ക് അയാളോട് പ്രണയാണോ പാറു ..?? “പ്രണയം…! അവൾ ഒന്നു നിർത്തി… “സാർനെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്.. സാറിന്റെ പാട്ടു കേൾക്കുമ്പോൾ ഞാൻ ചുറ്റുപാടും മറക്കും.. പിന്നെ .. ചില സമയത്ത് സാറിന്റെ കണ്ണുകളെ എനിക്ക് നേരിടാൻ പറ്റാതെ വരാറുണ്ട്… എനിക്കറിയില്ല അരുണേട്ടാ.. ഈ ഫീലിംഗ് സ് പ്രണയാണോന്ന്… “അരുണേട്ടന് അറിയോ…? അവൾ ഉദ്വേഗപൂർവ്വം അവനെ നോക്കി “അത്… എനിക്ക്… അരുൺ വിക്കി.. “ഏട്ടൻ അറിയാത്ത ഒരു രഹസ്യം എനിയ്ക്കില്ലന്ന് അറിയാല്ലോ… അതോണ്ടാ ഞാൻ ഇതും പറഞ്ഞെ… എനിയ്ക്ക് ഇതൊന്നും പറയാനും വേറാരൂല്യന്ന് അറിയാല്ലോ…
“എനിക്കറിയാം പാറൂ… “എനിക്ക് അയാളോട് പ്രേമാണോ അരുണേട്ടാ..?? അവൾ ആവർത്തിച്ചു. “ഉം… അതെ പാറു നീ അയാളെ സ്നേഹിക്കണെണ്ട്.. നീ പോലും അറിയാതെ.. നമ്മൾ സ്നേഹിക്കണവരെ കാണുമ്പോഴാ നമുക്ക് സന്തോഷം വര്‌രാ… അവരുടെ കണ്ണുകളെയാ ചിലപ്പോഴൊക്കെ നമുക്ക് നേരിടാൻ പറ്റാത്തതും… “ആണോ… ? ഇതു കേട്ടാ തോന്നും അരുണേട്ടന് ഇതൊക്കെ നല്ല നിശ്ചയുള്ള പോലെ.. പാർവതി ചിരിച്ചു.. “അത്… ഞാൻ.. സിനിമയിലൊക്കെ കാണുന്നതല്ലേ… അരുൺ പറഞ്ഞൊപ്പിച്ചു. “ഓഹ് അങ്ങനെ..!! “അരുണേട്ടന് ഇതു പോലെ ആരോടെങ്കിലും തോന്നീട്ടുണ്ടോ..? അവൾ ആകാംക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. “മമ് ഉണ്ട് പാറു.. പക്ഷേ എനിയ്ക്കത് തുറന്ന് പറയാൻ പറ്റിയില്ല.. അരുണിന്റെ മുഖം മങ്ങി. “ശോ എന്ത് മണ്ടത്തരാ ചെയ്തേ.. ആ കുട്ടിയ്ക്ക് ഭാഗ്യുല്ലാണ്ട് പോയി… പാർവ്വതി സങ്കടത്തോടെ പറഞ്ഞു. “എനിയ്ക്കാ പാറു ഭാഗ്യം ഇല്ലാഞ്ഞത്.. അവൻ നെടുവീർപ്പിട്ടു.
“അതു പോട്ടെ ജയ് കൃഷ്ണനു നിന്നോട് എങ്ങനാ ..??? “സാർനും എന്നോട് ന്തോ ഉണ്ടെന്ന് തോന്നിട്ട്ണ്ട് പലപ്പോഴും.. അവൾ എന്തോ ആലോചിച്ചു കൊണ്ടു പറഞ്ഞു. ” മമ്… അരുണിന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു. “ജയ്സർ ന്റെ കാര്യത്തിൽ ഇനി ഞാൻ എന്താ അരുണേട്ടാ ചെയ്യാ.. ? അവൾ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി. “പാറൂ നമ്മളൊക്കെ വളരെ സാധാരണക്കാരാ.. അവർ നമുക്ക് കൈ എത്താത്ത ദൂരത്തിൽ നിൽക്കുന്നവരും. അവനും ചിലപ്പോൾ നിന്നോടൊരു ചായ് വ് ഉണ്ടാകാം. പക്ഷെ അതിന്റെ പേരിൽ നീ സങ്കടപ്പെടുന്നത് കാണാൻ എനിക്ക് വയ്യ പാറു.. “നിങ്ങൾക്കിടയിൽ ഒരു അതിർവരമ്പ് നീ സൂക്ഷിക്കണം. നിന്റെ ഈ ഇഷ്ടം വളരാൻ ഇനീം സമ്മതിക്കരുത്.. അവരൊക്കെ വല്യ ആൾക്കാരാ.. വല്യ ബന്ധങ്ങളിൽ ആവും അവന്റെ വീട്ടുകാർക്ക് താൽപര്യം.. നിന്നെ സങ്കടപ്പെടുത്താൻ പറയണതല്ല.. നീ സങ്കടപ്പെടാതിരിക്കാൻ വേണ്ടി പറയണതാ… “ആഗഹിച്ചത് കിട്ടാതെ പോകുന്ന വേദന അത് താങ്ങാൻ നിന്നെ പോലെ ഒരു കുട്ടിക്ക് സാധിച്ചെന്ന് വരില്ല… അരുൺ വിദൂരതയിലേക്ക് നോക്കി പറഞ്ഞു.
“ആ വേദന നീയുമറിയാൻ… ഞാൻ .. ഞാൻ സമ്മതിക്കില്ല. അരുണിന്റെ കണ്ഠമിടറി. “അരുണേട്ടൻ ആ കുട്ടിയെ വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടിരുന്നെന്ന് തോന്നുന്നു.. “ഉം… എന്നേക്കാൾ അധികം.!! പാർവ്വതി സങ്കടത്തോടെ അവനെ നോക്കി. “അരുണേട്ടൻ എന്റെ കൂടെ ഉണ്ടാവോ എപ്പോഴും?? “നിനക്ക് സംശയുണ്ടോ പാറു.. ഞാനുണ്ടാവും നിന്റൊപ്പം എന്നും.. എന്തുണ്ടെങ്കിലും നിനക്കെന്നോട് പറയാം. “ഒരു സഹേദദരൻ ആയിട്ട് എന്നും മാത്രം അരുണേട്ടൻ പറയരുത് ട്ടോ… അവൾ ചിരിയോടെ പറഞ്ഞു പിന്നെ? അരുണിന്റെ കണ്ണുകൾ വികസിച്ചു.. “എന്റെ നല്ലൊരു സുഹൃത്ത്.. ഒരു വഴി കാട്ടി.. അങ്ങനെയേ ഞാൻ അരുണേട്ടനെ കണ്ടിട്ടുള്ളു.. സഹോദരൻ ഒക്കെ ആക്കിയാൽ ഇങ്ങനുള്ള കാര്യോന്നും എനിക്ക് പറയാൻ പറ്റില്ലല്ലോ.. അവൾ കണ്ണിറുക്കി . “മ്മ്… മതി പാറു… ഞാൻ എന്നും നിന്റൊരു വെൽവിഷർ ആയിരിക്കും പ്രോമിസ്..! “പക്ഷേ ഞാനറിയാത്ത കാര്യങ്ങൾ അരുണേട്ടനും ഉണ്ടാവരുത്ട്ടോ… “അത്… അത്… എനിക്ക്.. അരുൺ വാക്കുകൾക്കു വേണ്ടി തപ്പിത്തടഞ്ഞു
“ഞാൻ വെറുതെ പറഞ്ഞതാ അരുണേട്ടാ … ഞാനറിയാതെ ഒന്നും അരുണേട്ടന് ഇല്ലെന്ന് എനിക്കറിയാം.. അവൾ ചിരിച്ചു. അരുണിന്റെ മനസ്സിൽ കുറ്റബോധം നിറഞ്ഞു. അവന്റെ തല താണു. അരുൺ എഴുന്നേറ്റു.. “ന്നാ ഞാൻ പോവ്വാ.. കുറച്ചു പണികൾ ഉണ്ട്. പിന്നെക്കാണാം പാറൂ… ” ശരി അരുണേട്ടാ.. പാർവ്വതി അവൻ പോകുന്നതും നോക്കി നിന്നു. അരുൺ പോയ ശേഷം അവൻ പറഞ്ഞ കാര്യങ്ങൾ പാർവ്വതി ഓർത്തെടുത്തു . മനസ്സിന് കടിഞ്ഞാണിടാൻ അവൾ തീരുമാനിച്ചു. പിന്നീടുള്ള ദിവസങ്ങൾ ജയ്കൃഷ്ണനിൽ നിന്നും അകലം പാലിക്കാൻ പാർവ്വതി ശ്രമിച്ചുകൊണ്ടിരുന്നു. കഴിയുന്നതും അവനുമായുള്ള കൂടിക്കാഴ്ചകൾ അവൾ ഒഴിവാക്കി. കൂടുതൽ സമയവും ജോലിയിലും ഓഫീസ് റൂമിലുമായി കഴിച്ചു കൂട്ടി… അവളിലെ മാറ്റം ജയ് ശ്രദ്ധിച്ചിരുന്നു.. ഹരിയ്ക്ക് 2 ദിവസത്തേക്ക് അത്യാവശ്യമായി ബാംഗ്ലൂർക്ക് പോകേണ്ടി വന്നതുകൊണ്ട് ജയ്കൃഷ്ണന് കൂടുതൽ സമ്മർദ്ദത്തിലായി….
പാർവ്വതിയോട് പലവട്ടം സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കാണാത്ത ഭാവത്തിൽ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു…. പിറ്റേന്ന് പാർവ്വതി ക്ലാസ് കഴിഞ്ഞ് ചെല്ലുമ്പോൾ മുറ്റത്ത് ഹരിയുടെ കാർ കിടക്കുന്നുണ്ടാരുന്നു.. അകത്ത് ഉച്ചത്തിൽ സംസാരങ്ങൾ.. പാർവ്വതി അകത്ത് കയറി.. “ഹാ ദേ പാർവ്വതി എത്തീല്ലോ.. വാ മോളെ… ഗോപീ ഇതാണ് പാർവ്വതി.. പാർവ്വതി ഇത് ഗോപീകൃഷ്ണൻ.. ന്റെ മൂത്തയാള്… ഒരു വർഷായി ഇവരിപ്പോ നാട്ടിലേക്ക് വന്നിട്ട്.. ഇനി ഒരു മാസത്തേക്ക് ഇവിടുണ്ടാവും.. അവിടെ നിന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി സരസ്വതിയമ്മ പറഞ്ഞു.. ” നമസ്ക്കാരം സാർ.. പാർവ്വതി ഗോപിയോട് പറഞ്ഞു… ” ആഹ് പാർവ്വതി… അമ്മ പറഞ്ഞ് ഞങ്ങൾക്ക് എല്ലാർക്കും തന്നെ അറിയാ ട്ടോ.. പാർവ്വതി ചിരിച്ചു.. “ഇത് എന്റെ വൈഫ് ശ്രീജ.. അടുത്ത നിന്ന വളരെ ശാലീനയായ പെൺകുട്ടിയെ ചേർത്ത് പിടിച്ചു കൊണ്ട് ഗോപികൃഷ്ണൻ പറഞ്ഞു… ശ്രീജ പാർവ്വതിയെ നോക്കി ചിരിച്ചു.. “പിന്നെ ഇത് ഞങ്ങൾടെ ദേവൂട്ടി… ഹരിയാണ്.. അവന്റെ കൈയിൽ സുന്ദരിയായ ഒരു പെൺകുട്ടി ഏകദേശം 5 വയസ്സ് പ്രായം ഉണ്ടാകും..
പാർവ്വതി ഹരിയുടെ അടുത്തു ചെന്ന് ദേവൂട്ടിയുടെ കൈയിൽ പിടിച്ചു.. ” ഹായ് ദേവൂട്ടി… ” ഹായ് ആന്റീ… “ദേവകീന്നാ ശരിയ്ക്കും പേര്.. അച്ഛമ്മേടേ പേരാ മോൾക്കിട്ടത്… പാർവ്വതിയെ നോക്കിക്കൊണ്ട് ഗോപി പറഞ്ഞു.. “പാർവ്വതി പഠിക്യാ…?? ശ്രീജയാണ്… “അതേ… എം കോം… ഇവിടത്തെ ശ്രീദീപത്തിലാ… “ആണോ… ഞാനും അവിടാ പഠിച്ചേ… ഉം…. പാർവ്വതി മൂളി… അവർക്കിടയിൽ ജയനെ കാണാതായപ്പോൾ പാർവ്വതി ചുറ്റും കണ്ണോടിച്ചു.. പെട്ടെന്നാണ് കുറച്ച് പിന്നിലേക്ക് നീങ്ങി തൂണിനോട് ചേർന്ന് നിന്ന അവനെ അവൾ കണ്ടത് .. ജയ് പുറത്തേക്ക് നോക്കി എന്തോ ആലോചിച്ച് നിൽക്കുകയായിരുന്നു. പാർവ്വതി വേഗം കണ്ണുകൾ പിൻവലിച്ചു. “ന്നാ ഞാൻ പൊക്കോട്ടേ.. ജോലീണ്ട്.. “ശരി മോള് പൊക്കോ സരസ്വതിയമ്മ പറഞ്ഞു.. പാർവ്വതി വേഗം മുറിയിലേക്ക് പോന്നു… ഞാൻ നോക്കിയത് ജയ്സർ കണ്ടു കാണോ.. അവൾ സ്വയം ചോദിച്ചു.
സർ ന്റെ മുഖത്ത് എന്തോ സങ്കടം ഉണ്ടാരുന്നു… എല്ലാവരിന്നും മാറി നിൽക്കേരുന്നു… ന്താണോ പറ്റിയേ..?? ഭഗവാനെ എന്റെ മനസ്സിന് ശക്തി തന്നേക്കണേ.. വേണ്ടാത്ത ചിന്തകൾ മാറ്റിത്തന്നേക്കണേ കണ്ണാ… അവൾ പ്രാർത്ഥിച്ചു.. എങ്കിലും ജയ്കൃഷ്ണന്റെ ആ മുഖം അവളുടെ മനസ്സിൽ നിന്നും മായുന്നുണ്ടായില്ല.. കുറച്ചു കഴിഞ്ഞപ്പോ ഗോപിയും ശ്രീജയും ഓഫീസ് റൂമിലേക്കു വന്നു.. പാർവ്വതി എഴുന്നേറ്റു… “ആഹ് പാർവ്വതി ഇത് തനിയ്ക്കുള്ളതാ… ശ്രീജ പുഞ്ചിരിയോടെ ഒരു കവർ അവൾക്കു നേരേ നീട്ടി… ” ഇത്…. എനിക്ക്… “ആഹ് താൻ വാങ്ങിച്ചോ… തനിക്ക് എന്തേലും വാങ്ങണമെന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നു.. രണ്ടു ജോഡി ഡ്രസ്സും കുറച്ച് കാൻഡീസും ആണ്.. ഗോപിയാണ് പാർവ്വതി കവർ വാങ്ങി.. ” ശരി പാർവ്വതി പിന്നെ കാണാട്ടോ… തന്റെ ജോലിക്ക് ഞങ്ങൾ തടസ്സം നിൽക്കണില്ല.. ശ്രീജ പറഞ്ഞു.. അവർ പുറത്തേക്ക് പോയി കഴിഞ്ഞപ്പോൾ ദേവൂട്ടി ഓടി പാർവ്വതിക്ക് അടുത്തേക്ക് വന്നു.
” ആന്റി എന്ത് ചെയ്യാ..?? അവൾ ചോദിച്ചു. ” ആന്റി ജോലി ചെയ്യാ ദേവൂ… മോളിങ്ങ് വന്നേ… ദേവു പാർവ്വതിയ്ക്ക് അരികിലേക്ക് ചെന്നു. പാർവ്വതി അവളെയെടുത്ത് മടിയിൽ ഇരുത്തി… ” മോള് ഫുഡ് കഴിച്ചോ…? ” കഴിച്ചല്ലോ… ഹരിയങ്കിൾ വാരിത്തന്നു… ” ആണോ…എന്താ ദേവൂട്ടി കഴിച്ചേ… ” ചോറുണ്ടു നെയ്യും കൂട്ടി…. ” ആഹാ…ന്നിട്ട് വയർ നിറഞ്ഞോ.. ” ദേവൂട്ടി…. അച്ഛമ്മ അന്വേഷികുന്നു… ഇങ്ങോട്ട് വാ… ജയ്കൃഷ്ണൻ ആണ്. പർവ്വതിയുടെ മുഖത്തേക്ക് നോക്കാതെ ദേവൂട്ടിയെ നോക്കി ക്കൊണ്ട് അവൻ പറഞ്ഞു.. ” മോള് പൊക്കേ… പാർവ്വതി ദേവൂട്ടിയെ താഴെയിറക്കി… ദേവൂട്ടി ജയ് യുടെ വിരലിൽ പിടിച്ച് പുറത്തേക്ക് പോയി. ജയ്കഷ്ണൻ ഒന്നു നോക്കിയിരുന്നെങ്കിൽ എന്ന് പാർവ്വതി ആഗ്രഹിച്ചു . പക്ഷെ അവൻ അവളെ നോക്കിയതേയില്ല. പാർവ്വതിയ്ക്ക് നെഞ്ചിലൊരു കൂരമ്പു കൊണ്ടതു പോലെ തോന്നി ജയ്കൃഷ്ണന്റെ മുഖം കണ്ടപ്പോൾ… കണ്ണുകൾ വല്ലാതിരുന്നിരുന്നു. ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന് പറയും പോലെ…
സാറിനെന്തോ സങ്കട്ണ്ട്.. താനാണോ കാരണക്കാരി.. ആലോചിച്ചു കൊണ്ട് അവൾ കസേരയിലേക്ക് അമർന്നിരുന്നു. പാർവ്വതി ജോലിക്കഴിഞ്ഞ് ഇറങ്ങുമ്പോൾ ദേവൂട്ടിയെയും കൊണ്ട് പുൽത്തകിടിയിലെ ഊഞ്ഞാലിലിരിക്കുന്ന ജയ്കൃഷ്ണനെ യാണ് കണ്ടത്.. പാർവ്വതിയെ കണ്ടപ്പോൾ ദേവൂട്ടിയെ മടിയിലെടുത്തു വച്ചു കൊണ്ട് പാർവ്വതിയെ നോക്കാതെ ദേവൂട്ടിയോടെന്നപോലെ അവൻ പാടാൻ തുടങ്ങി… 🎵 മുഴക്കോലും പോലും കൂടാതെന്നേ നിന്നെ ഞാൻ … അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം.. മിനുങ്ങുന്നൊരെൻ നുണുങ്ങോടമേ.. ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ… പാർവ്വതിയുടെ കണ്ണുകൾ കലങ്ങി. തല കുമ്പിട്ടു കൊണ്ട് മനസ്സിലെ നീറ്റലുമായ് അവൾ പുറത്തേക്ക് നടന്നു. “ഇതെന്താ ഏട്ടാ പാട്ടിൽ ഒരു സങ്കട ഭാവം.. വന്നപ്പോ മുതൽ ശ്രദ്ധിക്കണതാ .. ഏട്ടന്റെ മുഖമെന്താ ഇങ്ങനെ.. ? ഏട്ടന് ഉറക്കമൊന്നുല്യേ …. രണ്ട് ദിവസം ഞാൻ മാറി നിന്നപ്പോ ഇവിടെന്താ സംഭവിച്ചേ..?? ” ദേവൂട്ടി അകത്തേക്ക് പൊക്കേ.. അച്ഛമ്മടെ അരികിലേക്ക്.. ജയ് പറഞ്ഞു.
” ശരി അങ്കിൾ ദേവൂട്ടി ഓടി അകത്തേക്ക് പോയി.. ” കുറച്ച് ദിവസായി അവൾ എന്നെ അവോയ്ഡ് ചെയ്യുന്നു.. എന്റെ മുഖത്തേക്ക് നോക്കുന്നു പോലുമില്ല.. എന്നോട് ഒന്നും മിണ്ടുന്നില്ല.. കണ്ടാൽ അപ്പോ മാറിക്കളയും.. എനിക്ക് പറ്റുന്നില്ലെടാ.. ” ഏട്ടന് ഇഷ്ടാണെന്ന് ഞാൻ പാർവ്വതിയോട് പറയട്ടെ.. ” ഹേയ്… ഇപ്പോ വേണ്ട . അവളിൽ നിന്നും ഒരു നോ കേൾക്കേണ്ടി വന്നാൽ.. പിന്നെ അവളിങ്ങോട്ട് വരാതായാൽ… അതെനിക്ക് ആലോചിക്കാൻ പറ്റണില്ല… “ശ്ശോ ഇതെന്ത് കഷ്ടാ… പറയാനും സമ്മതിക്കൂല.. അവളെ വേണോം താനും.. പറയാതെങ്ങനാ ഏട്ടാ…?? “എന്നെ അവൾക്ക് ഇഷ്ടാണെന്ന് അവൾടെ കണ്ണിൽ നിന്നും എനിക് വായിച്ചെടുക്കണം ഹരി.. എന്നിട്ടേ ഞാനവളോട് എന്റെ ഇഷ്ടം പറയൂ… എനിക്കറിയാം അവൾക്കെന്നെ ഇഷ്ടാ… ന്നിട്ടും എന്തിനാണെന്നറിയില്ല ഇങ്ങനെ എന്നെ ഒഴിവാക്കത്… “അവളെന്നെ അവോയ്ഡ് ചെയ്തപ്പോ ഉറക്കം പോലും എനിക്ക് നഷ്ടായി.. അവൾ ഒരു നോ പറഞ്ഞാൽ ഹരീ… ഞാൻ ഇല്ലാണ്ടായി പോവോടാ… ജയ് തലയിൽ കൈയൂന്നി ഇരുന്നു. ജയകൃഷ്ണന്റെ പ്രണയത്തിന്റെ ആഴം അറിയുകയായിരുന്നു ഹരി.
അവന് ഏട്ടനെയോർത്ത് അഭിമാനം തോന്നി. “ഏട്ടൻ സമാധാനപ്പെട് .. നമുക്ക് എന്തേലും പോം വഴി കാണാം. ഞാൻ പ്രിയയോട് രണ്ട് ദിവസം ലീവെടുത്ത് വരാൻ പറയാം. പാർവ്വതിയുടെ ഉള്ളിലെ സ്നേഹം പുറത്തു വരണമെങ്കിൽ അവൾക്ക് ഏട്ടനെ നഷ്ടമാകുമെന്ന് തോന്നണം . അതിന് നമുക്കൊരു പ്ലേ നടത്തി നോക്കാം. ഹരീടെ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി വിടർന്നു. പിറ്റേന്ന് 2 ദിവസത്തേക്ക് പാർവ്വതി ലീവെടുത്തു.. മനസ്സിൽ ആകെ ഒരു വയ്യായ്ക ആയിരുന്നു. ശ്രീദേവിയോടും ഇല്ലിക്കലും പഠിക്കാനുണ്ടെന്ന് കള്ളം പറഞ്ഞു. ശേഷം പിറ്റേന്ന് മനസ്സില്ലാ മനസ്സോടെയാണ് അവൾ ഇല്ലിക്കൽ എത്തിയത്.. അകത്ത് കയറിയപ്പോൾ ആരെയും കണ്ടില്ല . നേരേ ഓഫീസ് റൂമിലേക്ക് കയറി. ജോലികൾ തീർക്കാൻ തുടങ്ങി… “ഹായ് പാർവ്വതി… പാർവ്വതി നോക്കുമ്പോൾ ജീൻസും ടോപ്പും അണിഞ്ഞ ഒരു പെൺകുട്ടി… ” ഇത്… ഫോണിൽ കണ്ട… പ്രിയ!! പാർവ്വതി മനസ്സിൽ പറഞ്ഞു. പാർവ്വതി എഴുന്നേറ്റു… ” ഹാ.. ഹായ്…. അവൾ തിരിച്ചും പറഞ്ഞു.. “എന്റെ പേര് പ്രിയ.. ഹരിടെ കൊളീഗ് ആണ്.. ബെസ്റ്റ് ഫ്രണ്ടും..!! നാട് കൊച്ചിയാണ്.. വെക്കേഷന് വന്നതാ.. ഹരി ഉള്ളത് കൊണ്ട് ഇവിടെയും ഒന്നു കയറീട്ട് പോകാന്നു വച്ചു.. ഇവിടെ ഇങ്ങനെ ഒരാളു കൂടി ഉണ്ടെന്ന് ഹരി പറഞ്ഞു. എല്ലാവരേം പരിചയപ്പെട്ട് വരുന്നേയുള്ളു. ഹരിയും അങ്ങോട്ട് വന്നു..
“എടോ ഇതാണ് ഞാൻ അന്ന് പറഞ്ഞ പ്രിയ … ഹരി കണ്ണിറുക്കി “ആഹ് സർ മനസ്സിലായി… ” പ്രിയേ നിന്നെ അമ്മ അന്വേഷികണ്ണ്ട് ഫുഡ് കഴിക്കാൻ.. “ഓകെ പാർവ്വതി … താൻ ഫ്രീ ആയിട്ട് പിന്നെ വരാം … വിശന്ന് വലഞ്ഞ് ഇരിക്കേണ് ഞാൻ.. എന്തേലും കാര്യമായി കഴിച്ചില്ലേൽ എന്റെ ബോധം പോകും. ബൈ പാർവ്വതി.. അവൾ പുറത്തേക്ക് പോയി… പ്രിയ പോയി കഴിഞ്ഞപ്പോൾ ഹരി പറഞ്ഞു. ” അവളെ ഞാൻ വിളിച്ചു വരുത്തീതാ .. രാവിലെ എയർപോർട്ടിന്ന് പോയി കൊണ്ടുവന്നു.. അമ്മയെ പരിചയ പ്പെടണോന്ന് അവൾക്ക് ഭയങ്കര ആഗ്രഹയിരുന്നു. സംഗീതം ഭയങ്കര ഇഷ്ടാ.. അവളോട് ഒരു ഉഗ്രൻ നുണ പറഞ്ഞാ ഞാൻ വിളിച്ചത്.. ഏട്ടന് പരിചയപ്പെടുത്താൻ.! അവൻ പുഞ്ചിരിച്ചു “ഏട്ടനും പ്രിയയ്ക്കും പരസ്പരം ഇഷ്ടപ്പെട്ടാൽ ഗോപിയേട്ടൻ പോകും മുൻപ് എൻഗേജ്മെൻറ് നടത്തല്ലോ…അതാ “ന്നാ പാർവ്വതി ജോലി തീർത്തോ.. ഞാൻ അവൾടടുത്ത് പോട്ടേ… ഇല്ലേൽ അവൾ കത്തി വച്ച് എല്ലാരേം തീർക്കും.. ഭയങ്കര സംസാരക്കാരിയാ.. നന്നായി പാട്ടും പാടും. ഏട്ടന് കറക്റ്റ് മാച്ചാ.. അവൻ ചിരിച്ചു . ഹരി പുറത്തേക്ക് പോയി. പാർവ്വതി കസേരയിലേക്ക് ഒറ്റയിരുപ്പിരുന്നു.. കാലിലെ പെരുവിരലിൽ നിന്നും എന്തോ ഒരു മിന്നൽ പിണർ ഉച്ചിവരെയെത്തി. നെഞ്ചിൽ ആരോ തീ കോരിയിട്ട പോലെ ആഗ്രഹിക്കാൻ പാടില്ലാത്തതാണ് എന്ന് മനസ്സു പറയുന്നുണ്ടെങ്കിലും നിയന്ത്രിക്കാനാവാത്ത എന്തോ ഒന്ന് നെഞ്ചിലേക്ക് ഇടിച്ചു കയറി വന്നു കൊണ്ടിരിക്കുന്നു.. ഇനി എന്തൊക്കെ കാണേണ്ടി വരോ എന്തോ..?? അവളുടെ മനസ്സിൽ പതിവില്ലാത്ത വിധം ഒരു ആശങ്ക ഉടലെടുത്തു . തുടരും

by