The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിവേദ്യ ഹരിഹരൻ
ഒരു കുടക്കീഴിൽ സകല പ്രതീക്ഷകളും അസ്തമിച്ച്, സ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ട് പാർവ്വതി നടന്നു. അവളുടെ ഉള്ളിലും പുറത്തും മഴ തിമിർത്തു പെയ്തു. കൈയ്യിലെ മുറിവിൽ കുറേശ്ശേയായി പടർന്ന ചുവപ്പുരാശി മഴവെള്ളത്തോടൊപ്പം ചേർന്നൊഴുകി മണ്ണിൽ പതിച്ചു കൊണ്ടിരുന്നു. ഏതോ ചിന്തയിൽ കുട നിവർത്തിത്തന്നെ അകത്തേക്ക് കയറാൻ ശ്രമിച്ച അവളെ ഹോസ്പിറ്റലിന്റെ വാതിൽക്കലെ സെക്യൂരിറ്റി തടഞ്ഞു. അയാൾ പറഞ്ഞതൊന്നും കാതുകളിലേക്ക് പതിച്ചില്ലെങ്കിലും യാന്ത്രികമായ് അവൾ കുട ചുരുക്കി. തേടിപ്പിടിച്ച് ICU ന്റെ വാതിൽക്കൽ എത്തി.. “ഗോപിയേട്ടാ … ദേ പാർവ്വതി… ഹരി ഗോപിയെ നോക്കി.. നനഞ്ഞ് കൈയ്യിൽ കെട്ടുമായി കയറി വന്ന പാർവ്വതിയെ കണ്ട് ഗോപി അമ്പരന്നു. “പാർവ്വതി നീ ഒറ്റയ്ക്കാണോ വന്നത്.?? ഇതെന്താ കൈയ്യിൽ കെട്ടൊക്കെ… എന്തേലും അവിവേകം കാണിച്ചോ നീ…?? ഗോപിയുടെ ചോദ്യത്തിന് കരച്ചിലായിരുന്നു മറുപടി.
“നീ അവിടിരിക്ക് മോളെ… ഗോപി അവളെ ഹരിയ്ക്കരികിലെ കസേരയിൽ ഇരുത്തി. “ജയ് സാർ… പാർവ്വതി വിങ്ങിപ്പൊട്ടി “അവനിപ്പോ കുഴപ്പുല്ല മോളെ.. നീ ടെൻഷൻ ആവണ്ട. നമുക്ക് പ്രാർത്ഥിക്കാം. ഗോപി അവളെ സമാധാനിപ്പിച്ചു. അടുത്തിരുന്ന ഹരി പാർവതിയുടെ കൈത്തലം അമർത്തി. “പേടിക്കണ്ട പാറൂ… ഏട്ടൻ തിരിച്ചു വരും.. കാരണം അങ്ങേര് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു . നിന്നെ ഒറ്റയ്ക്കാക്കി പോകാൻ ഏട്ടന് പറ്റില്ല… ആ സ്നേഹം കണ്ടില്ലെന്നു വയ്ക്കാൻ ദൈവത്തിനും..!! കരഞ്ഞു വീർത്ത കണ്ണുകൾ അമർത്തി തുടച്ച് ഹരി പറഞ്ഞു. പാർവ്വതി അവന്റെ കൈകൾ ചേർത്തു പിടിച്ച് പൊട്ടിക്കരഞ്ഞു. സരസ്വതിയമ്മയും ശ്രീജയും രാമേട്ടനും കൂടി അങ്ങോട്ട് വന്നു. സരസ്വതിയമ്മ പാർവ്വതിയെ കെട്ടിപ്പിടിച്ചു. “മോൾ ഈ അമ്മയോട് ക്ഷമിക്കില്ലേ.. ഒന്നും വേണംന്ന് വച്ചിട്ടല്ല. എന്റെ ജയൻ കുട്ടൻ പറഞ്ഞിട്ടാ… അവരുടെ കണ്ണുകൾ കലങ്ങി. പാർവ്വതിയുടെ മറുപടി ഒരു തേങ്ങലിൽ ഒതുങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ വർമ്മ ഡോക്ടർ ധ്യതിയിൽ പുറത്തേക്ക് വന്നു. “ഗോപീ നമ്മുടെ ഹോസ്പിറ്റലിൽ ഒരു 1 hr മുൻപ് ഒരു പേഷ്യന്റിനെ കൊണ്ടു വന്നിട്ടുണ്ട് .
ബ്രയിൻ ഡെത്ത് കൺഫോം ആയി. സാംപിൾസ് നോക്കിയപ്പോ ജയ് ആയിട്ട് മാച്ച് ആണ്. ആൾടെ പാരന്റ്സിനെ അറിയിച്ചിട്ടുണ്ട് ഈ കാര്യം. അവരുമായി സംസാരിച്ചിട്ട് അവർ വില്ലിംഗ് ആയാൽ നമുക്ക് സർജറി വേഗം നടത്താം.. അവരെന്റെ കാബിനിൽ ഉണ്ട് .നിങ്ങൾ അവരുമായി ഒന്നു സംസാരിച്ചു നോക്ക്. എല്ലാവരുടെയും കണ്ണുകളിൽ പ്രതീക്ഷ നാമ്പിട്ടു. ഗോപിയും ഹരിയും ഡോക്ടറുടെ കാബിനിലേക്ക് പോകാനൊരുങ്ങി.. “ഹരീ… ഗോപിയേട്ടന്റെ കൂടെ..ഞാൻ… ഞാൻ പോട്ടെ.. ഞാനവരോട്…… പാർവ്വതി കണ്ണു നിറഞ്ഞ് കൊണ്ടു പറഞ്ഞു. “മ്മ്… എന്നേക്കാൾ അത് നിനക്ക് സാധിക്കും പാർവ്വതി. നീ പൊക്കോ… അവൾ ഗോപിയോടൊപ്പം നടന്നു നീങ്ങി. പാർവ്വതി ഗോപിയുടെ കൂടെ കാബിനിലേക്ക് കയറി.. അവിടെ ഇരിക്കുന്നവരെ കണ്ട് പാർവ്വതി ഞെട്ടി… മാധവനും സീതയും..!!! അവൾ അമ്പരന്നു കൊണ്ട് അവരെ നോക്കി. പാർവ്വതിയെ കണ്ട് സീത എഴുന്നേറ്റു. “മോളെ പാറു.. നമ്മുടെ അച്ചൂനെന്തോ പറ്റീന്ന്.. നീയും അറിഞ്ഞോ …. സീത കണ്ണിരൊഴുക്കിക്കൊണ്ടു അവളെ നോക്കി പറഞ്ഞു. പാർവ്വതി വിറങ്ങലിച്ചു നിന്നു. മാധവൻ മുഖമുയർത്തി പാർവതിയെ നോക്കി.
“നീ ആർക്കുവേണ്ടി വന്നതാ പാറൂട്ടി.. ജയകൃഷ്ണനോ അച്ചൂനോ..??? പാർവ്വതി ഭിത്തിയിലേക്ക് ശക്തിയായി ചാരി. അവൾക്ക് സമനില തെറ്റുന്നത് പോലെ തോന്നി. ഗോപി ഒന്നും മനസ്സിലാകാത്തപോലെ നിന്നു. “സീ ഗോപി ഇത് അപകടം പറ്റിയ അരുണിന്റെ പാരന്റ്സ് ആണ്. നിങ്ങൾക്ക് തമ്മിൽ സംസാരിക്കാം.. “അ… അരുൺ ഗോപി ഞെട്ടിക്കൊണ്ട് പാർവ്വതിയെ നോക്കി.. “ഞങ്ങൾക്കൊന്നും സംസാരിക്കാനില്ല ഡോക്ടർ.. മരിക്കും മുൻപേ എന്റെ മകനെ കീറിപ്പൊളിക്കാൻ എനിക്ക് സമ്മതമല്ല. മാധവൻ നെഞ്ച് തടവിക്കൊണ്ട് എഴുന്നേറ്റു. “അരുണിന്റെ ഫാദർ ഒന്നൂടി ഒന്നാലോചിച്ചിട്ട്… “ഞങ്ങൾക്ക് ഒന്നും ആലോചിക്കാൻ ഇല്ല ഡോക്ടർ.. മാധവൻ പുറത്തേക്കിറങ്ങി, സീതയും ! “അച്ഛാ പ്ലീസ്.. എന്റെ അനിയന്റെ ജീവൻ രക്ഷപ്പെടും.. നിങ്ങളൊന്നു മനസ്സുവച്ചാൽ..പ്ലീസ് അച്ഛാ.. അമ്മേ ഒന്നു പറ അമ്മേ… ഞാൻ നിങ്ങൾടെ കാലുപിടിക്കാം. ഗോപി അവരുടെ പുറകേ ചെന്നു. പാർവ്വതി ജീവച്ഛവം പോലെ കാബിനു പുറത്ത് തറഞ്ഞു നിന്നു. വിവരങ്ങൾ അറിഞ്ഞ് ഹരിയും മറ്റുള്ളവരും അപ്പോഴാണ് അങ്ങോട്ട് എത്തിയത്. ഹരി പാർവ്വതിയ്ക്ക് അരികിലേക്ക് ചെന്നു.
“പാർവ്വതി … അരുണിന്.. അവന് കുറേ മുൻപ് ഒരു ആക്സിഡന്റ് പറ്റി.. മഴയത്ത് സ്പീഡിൽ ബൈക്കോടിച്ചിട്ട് റോഡിൽ തെന്നി പോയതാന്നാ അവനെ ഇവിടെ കൊണ്ടു വന്നവർ പറഞ്ഞത് …. അതിൽ ഒരാളെ ഞാൻ അറിയും. അയാളാ പറഞ്ഞത് കൃഷി ഓഫീസിൽ ജോലി ചെയ്യുന്ന പയ്യനാന്ന് .. റിസപ്ഷനിൽ ചോദിച്ചപ്പോഴാ അരുൺ… അവനാണെന്ന്… തലയ്ക്കാ പറ്റിയത്.. പോസ്റ്റിൽ ചെന്നിടിച്ചു. സ്പോട്ടിൽ അനക്കമില്ലാതായതാ… “പാർവ്വതി ഇനി നിനക്കേ എന്തെങ്കിലും ചെയ്യാൻ പറ്റു. നീ വിചാരിച്ചാലേ അവന്റെ പാരന്റ്സ്… പാർവ്വതി ഭിത്തിയിലൂടെ ഊർന്ന് താഴേക്കിരുന്നു. കുമ്പിട്ടിരുന്ന് കാൽമുട്ടുകളിൽ തലചായ്ച്ച് വച്ച് അവൾ ഉറക്കെ കരഞ്ഞു. അരുണേട്ടാ… ഞാൻ .. ഞാൻ …കാരണാ ഏട്ടൻ… സങ്കടപ്പെട്ട് ഇറങ്ങിത്… എന്റെ തെറ്റാ… അരുണിനെ വിളിച്ച് വീണ്ടും വീണ്ടും അവൾ കരഞ്ഞു. അവന്റെ ഓർമ്മകളിൽ പാർവ്വതിയുടെ നെഞ്ചു പിളർന്നു. കുറേ സമയത്തേക്ക് ആരും പരസ്പരം സംസാരിച്ചില്ല. പാർവ്വതി പെയ്തൊഴിയുന്നതും കാത്തവർ നിന്നു. “മോളെ പാറൂ… മാധവന്റെ ശബ്ദം കേട്ടാണ് പാർവ്വതി മുഖമുയർത്തിയത്..
“മാധവമാമേ.. … അരുണേട്ടൻ….. അവൾ അയാളുടെ നെഞ്ചിലേക്ക് വീണ് ഏങ്ങലടിച്ചു. “നമുക്കത്രേ വിധിച്ചിട്ടുള്ളു കുട്ട്യേ… അവൻ വിട്ടു പോവുകയാണെന്ന് വിശ്വസിക്കാൻ പറ്റണില്ല… മാധവൻ കണ്ണുതുടച്ചു . സീതമ്മ…??? പാർവ്വതി സംശയിച്ചു. “ബിപി കൂടിയിട്ട് ഒബ്സർവേഷനിലാ… എല്ലാം കാണാൻ ഈ.. വൃദ്ധൻ മാത്രം.. !! മാധവനു തൊണ്ടയിടറി. “ഇതാ…. ഇത് നിന്റെ യാ.. ഇനി… ഇനി അവനിത് വേണ്ട… പാറൂട്ടിടെ ഫോട്ടോ…!! “ഇത്… ഇതെവിടുന്നാ.. ?? അവൾ അയാളുടെ മുഖത്തേക്കു നോക്കി “അവന്റെ പഴ്സിൽ നിന്ന് കിട്ടീതാ… അവന്റെ സാധനങ്ങൾ ഒരു സിസ്റ്റർ കൊണ്ടുത്തന്നു. അവൻ നിന്നെ നെഞ്ചിൽ കൊണ്ടു നടന്നത് ഞങ്ങൾ അറിഞ്ഞില്ല മോളെ… എന്റെ മോന്റെ മനസ്സ് ഞങ്ങൾ കണ്ടില്ല… മാധവൻ വിതുമ്പി കരഞ്ഞു. “ഒരു കാര്യം പറയാനാ ഞാൻ വന്നത്.. എന്റെ അച്ചൂന്റെ ഹൃദയം ഇല്ലിക്കലെ മോനു കൊടുക്കാൻ എനിക്ക് സമ്മതാണ്.. നിന്നെ സ്നേഹിക്കാനാ അവൻ കൊതിച്ചത്.. നിന്നെ സ്വന്തമാക്കാനും…. അത് ഇങ്ങനെയെങ്കിലും നടക്കട്ടെ… അയാൾ നെടുവീർപ്പിട്ടു. “മാധമ മാമേ… ഹൃദയം നുറുങ്ങുന്ന വേദനയോടെ പാർവ്വതി വിളിച്ചു. ❤️❤️❤️❤️❤️
അരുണിന്റെ ഹൃദയം ജയകൃഷ്ണനിലേക്ക് വിജയകരമായി മാറ്റിവെക്കപ്പെട്ടു. അരുണിന്റെ മരണാനന്തര ചടങ്ങുകളിൽ ഇല്ലിക്കലെ എല്ലാവരും സാക്ഷികളായി. സർജറിക്ക് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജയ്കൃഷ്ണന് വിസിറ്റേഴ്സിനെ അനുവദിച്ചത്. ആദ്യം സരസ്വതിയമ്മയും ഗോപിയും കൂടി ജയ്നെ കണ്ടു. പിന്നീട് പാർവ്വതിയും ഹരിയും.. പർവ്വതിയെ കണ്ടപ്പോൾ ജയ് ചിരിക്കാൻ ശ്രമിച്ചു. അവൾ അവന്റെയടുത്തായി കസേരയിൽ ഇരുന്നു. അവന്റെ കിടപ്പ് കണ്ടപ്പോൾ പാർവ്വതിയുടെ കണ്ണുകൾ ഈറനായി. എന്തിനാ …പാറൂ കരയണേ.. ജയ് മൃദുവായി ചോദിച്ചു. ഞാനിപ്പോഴും ജീവനോടെ ഉണ്ടെടോ… ആരൊക്കെയോ ചെയ്ത പുണ്യം..!! അരുൺ.. അവൻ പോയല്ലേ… ഞാൻ … ഞാൻ അറിഞ്ഞു. എനിക്ക് ജീവിതം തന്നിട്ട് അവൻ പോയി… ജയ്കൃഷ്ണന്റെ കൺ കോണിൽ കണ്ണീർ തിളങ്ങി. “എന്നെക്കാളധികം നിന്നെ സ്നേഹിച്ചവനാ അവൻ… ഇപ്പോ എന്റെ ഉള്ളിൽ ഇരുന്നിട്ട് ഇനിയും നിന്നെ സ്നേഹിക്കാൻ പോവ്വാ… ഞങ്ങൾ രണ്ടു പേർടേം സ്നേഹം നീ എങ്ങനെ താങ്ങും പാറു.. ഞങ്ങളിൽ ആരെയാ നീ സ്നേഹിക്ക… അവനൊന്നു ചിരിക്കാൻ ശ്രമിച്ചു..
പാർവ്വതിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ താഴേക്ക് അടർന്നു വീണു. പാർവ്വതി പതിയെ ജയന്റെ നെഞ്ചിൽ തൊട്ടു. അരുണേട്ടാ…എന്നോട് പൊറുക്ക്… അവളുടെ ചുണ്ടുകൾ വിതുമ്പി. ” എന്നോടും… !! ജയ്കൃഷ്ണനും അവളോടൊപ്പം പറഞ്ഞു. “സംസാരിച്ച് കഴിഞ്ഞോ… എനിക്കങ്ങോട്ട് വരാമോ.. ഹരി ചോദിച്ചു. വരാൻ ജയ് കൈ കൊണ്ട് ആംഗ്യം കാണിച്ചു. 🎵”റബ് നേ ബനാദീ … ജോഡി…ഹായേ….” ഹരി ചിരിയോടെ പാടിക്കൊണ്ട് അവർക്കരികിലേക്ക് നടന്നു. .. ജയകൃഷ്ണനും പാർവ്വതിയും പരസ്പരം നോക്കി പുഞ്ചിരിച്ചു. ജയ് പാർവ്വതിയുടെ വലംകൈയ്യിൽ അമർത്തി പിടിച്ചു. ഇനിയൊരികലും വേർപെടാത്ത രീതിയിൽ….. അവരുടെ പ്രണയം വീണ്ടും തളിരിടുന്നതിന് സാക്ഷിയാവാൻ എന്നോണം ഒരു മഴ കൂടി ഭൂമിലേക്കപ്പോൾ പെയ്തിറങ്ങി. അവസാനിച്ചു. പ്രിയ വായനക്കാരോട്.. പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്. എന്നോടൊപ്പം നിന്നതിന്… ജയ്കൃഷ്ണനേയും അരുണിനെയും പാർവ്വതിയെയും സ്നേഹിച്ചതിന്….