19/04/2026

ആദിദേവം : ഭാഗം 07

രചന – സുകന്യ മുരുകൻ

ആദി ഡിസ്ചാർജ് ആയി ഫ്ലാറ്റിലേക്ക് മാറി. തൃശ്ശൂർക്ക്‌ പോവാം എന്ന് അച്ഛൻ പറഞ്ഞെങ്കിലും അവൻ കേട്ട ഭാവം നടിച്ചില്ല. നടക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട് എന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. അനുവിന് ചേട്ടനെ വിട്ടു പോകുന്നതിൽ വലിയ വിഷമം ഉണ്ട്. നാരായണേട്ടൻ പറഞ്ഞ് ദേവൂന്റെ ഫ്ലാറ്റ് ഒപോസിറ്റ് തന്നെ ആണെന്ന് അവൾ മനസ്സിലാക്കി. ദേവു തൊട്ടടുത്ത് തന്നെ ഉള്ളത് ഒരാശ്വാസം ആണ്. പക്ഷെ കതകടഞ്ഞു തന്നെ.നമ്പർ കിട്ടാനും ഒരു വഴി ഇല്ല. അച്ഛനും അമ്മയും അനുവും പോയി കഴിഞ്ഞപ്പോൾ ആദിക്ക് ജീവിതത്തിൽ ആദ്യമായി ഒറ്റപ്പെടൽ feel ചെയ്തു. ഇതിനു മുൻപ് അവരെ കാണുമ്പോൾ മനസ്സ് മുഴുവൻ ദേഷ്യം ആയിരുന്നു. അനിയത്തിയോടു ആദ്യമായി സ്നേഹം തോന്നി.തന്റെ അടുത്ത് നിന്ന് മാറാതെ നിന്നത് ഓർമ വന്നു. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് തോന്നിയപ്പോ ഇങ്ങ് താ ഏട്ട എന്നും പറഞ്ഞു ഭക്ഷണം സ്പൂണിൽ വാരി തന്നത്. ഇൻജെക്ഷൻ കിട്ടി വേദന തോന്നുമ്പോൾ ആ വേദന ചെന്നു നിൽക്കുന്നത് അവളിൽ ആണെന്ന് തോന്നും.
ആദി കണ്ണാടിക്ക് മുൻപിൽ പോയി നിന്നു. സർജറിക്ക്‌ ഷേവ് ചെയ്തു കളഞ്ഞ മുടി വളർന്നു തുടങ്ങിട്ടുണ്ട് . അല്പം ക്ഷീണം ഉണ്ട് എന്നതൊഴിച്ചാൽ മറ്റു പ്രേശ്നങ്ങൾ പുറമെ ഇല്ല.

പിറ്റേന്ന് കാലത്ത് ഓഫീസിൽ നിന്ന് കുറച്ചു പേർ വന്നു. സുഖവിവരങ്ങൾ അന്വേഷിച്ചു തിരിച്ചു പോയി. പിന്നെ സെക്യൂരിറ്റിസ്, നാരായണേട്ടൻ, അടുത്ത ഫ്ലാറ്റിൽ നിന്നുള്ളവർ. നാരായണേട്ടനെ കണ്ടപ്പോൾ ഒരു വേള അച്ഛനെ ഓർത്തു. മനസ്സിൽ ഒരു ഭാരം കൂടിയ പോലെ തോന്നി. ഓരോ തവണ കാളിങ് ബെൽ അടിക്കുംമ്പോളും മനസ്സ് ആരെയോ കൊതിക്കും പോലെ തുടിച്ചു തുടങ്ങി. പക്ഷെ ആഗ്രഹിച്ച ആൾ മാത്രം വന്നില്ല. ഡോർ അടഞ്ഞു തന്നെ കിടന്നു. കൊലുസിന്റെ ശബ്ദം , ചെമ്പകപ്പൂവിന്റെ മണം, നെഞ്ചിൽ വീണു കിടക്കുന്ന നീണ്ട മുടി. കണ്ണ് നിറഞ്ഞ നോട്ടം. ആലോചിക്കും തോറും ആദിക്ക് വട്ടു പിടിച്ചു. എണീറ്റിരുന്നു ക്ലോക്കിൽ നോക്കി 1 മണി കഴിഞ്ഞിരിക്കുന്നു. ഇത്ര നേരം ആയിട്ടും ഉറക്കം വരുന്നില്ല. ഭ്രാന്ത് എടുക്കും പോലെ. അവൾ ആരാണ് തന്റെ… തന്നെ രെക്ഷപെടുത്തി.ഹോസ്പിറ്റലിൽ എത്തിച്ചു. സുരക്ഷിതമാക്കി. പോയ്കളഞ്ഞു. അത്രേയുള്ളൂ.. പോയി…കളഞ്ഞു…. ആ വാക്ക് അവന്റെ തലച്ചോറിലൂടെ ഒരു മിന്നൽ പോലെ കടന്നു പോയി… ദേവൂനെ പെണ്ണ് കാണാൻ വന്നത് കൊണ്ട് അവളുടെ അച്ഛൻ കൊണ്ട് പോയി എന്നാണ് അറിഞ്ഞത് ഒരു പക്ഷെ അതാകുമോ തിരിച്ചു വരാത്തത്. അവൾ വിവാഹം കഴിച്ചാൽ തനിക്കു എന്താണ്. തന്റെ ആരും അല്ല. അല്ല.. മനസ്സിനെ പഠിപ്പിക്കാൻ നോക്കി.. വീണ്ടും കിടന്നു. ഉറക്കം വരട്ടെ….

ഇല്ലാ കഴിയുന്നില്ല.. ദേവുവിന്റെ മുഖം മാത്രം. അവളുടെ നിറഞ്ഞ കണ്ണുകളും മണവും വീണ്ടും വരുന്നു. അവളെ കാണണം. കണ്ടേ പറ്റൂ.. പക്ഷെ എന്തിന്.. അത് അറിയില്ല. അവളുടെ ഒരു നോട്ടം,ആ മണം.അടുത്ത് അൽപ നേരം നിൽക്കണം അത്ര മതി…
കാലത്ത് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.ആദി ചില കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചിട്ട് കിടന്നു.. ഉറങ്ങിപോയി