16/04/2026

ആദിദേവം : ഭാഗം 12

രചന – സുകന്യ മുരുകൻ

അവൻ അടുത്ത് വരുംതോറും അവളുടെ നെഞ്ചിടിപ്പ് കൂടി.അവൻ അവളുടെ കണ്ണിനുള്ളിലേക്ക് നോക്കി കൊണ്ട് അടുത്തടുത്ത് വന്നു. അവളുടെ മുഖം നിറയെ തന്നോടുള്ള ഭയം മാത്രം ആണെന്ന് അവനു മനസ്സിലായി. ഹൃദയത്തിൽ മുള്ളു തറച്ച പോലൊരു നോവുണ്ടായി. മരണം മുന്നിൽ കണ്ടു കിടന്ന തനിക്കു ജീവൻ തന്ന മാലാഖയാണ്‌ മുന്നിൽ.ജീവിതം മുഴുവൻ കടപ്പാട് കാണിക്കേണ്ടവൾ. അവൻ അവളെ ആകമാനം നോക്കി. വൈറ്റ് ചുരിദാർ ആണ് വേഷം. നെറ്റിന്റെ ലൈറ്റ് ബ്ലു ഷാൾ കഴുത്തു മറച്ചു വിരിച്ചിട്ടിരിക്കുന്നു. മുഖത്ത് ഒരു കറുത്ത പൊട്ട് മാത്രം. കാതിൽ ഒരു കുഞ്ഞു ജിമുക്കിയും കഴുത്തിൽ ഒരു നേർത്ത സ്വർണമാലയും. അരക്കെട്ടു കവിഞ്ഞു സമൃദ്ധമായി മുടി വിടർത്തി ഇട്ടിരിക്കുന്നു.. ഒന്ന് രണ്ടു മുടി ഇഴകൾ നെറ്റിയിലേക്ക് വീണു കിടക്കുന്നു…….എന്ത് സുന്ദരിയാണിവൾ…. അന്നു സംഭവിച്ചതിന്റെ ബാക്കി ആവർത്തിക്കാൻ പോണു.

തലച്ചോർ അപായ മണി മുഴക്കി… ദേവൂന് എന്ത് ചെയ്യണം എന്നറിയില്ലാരുന്നു.. ഇവനെ തടയണം..പക്ഷെ എങ്ങനെ…അറിയില്ല……. അവൻ അവളുടെ മിഴികളിലേക്ക് നോക്കി പതിയെ അടുത്തു.ദേവു ഭയം കൊണ്ട് പിന്നിലേക്ക് നീങ്ങിചെന്നു ഭിത്തിയിൽ ഇടിച്ചു നിന്നു. ഭയത്തോടെ അവനെനോക്കി….അന്നുണ്ടായതോർത്തപ്പോൾ തലച്ചോറിൽ ഒരു വെള്ളിടി വെട്ടി അവൻ തൊട്ടടുത്തു നിൽക്കുന്നു …ഇനി രക്ഷയില്ല… കരച്ചിൽ വന്നു മുട്ടി…പെട്ടന്നവൾ രണ്ടു കൈയും കൂട്ടിപിടിച്ചു തൊഴുതു പിടിച്ചു പൊട്ടിക്കരഞ്ഞു… ആ കാഴ്ച കണ്ടു ഒരു നിമിഷമവൻ തറഞ്ഞു നിന്നു. പകപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി.

ഏങ്ങലടിച്ചു കരയുകയാണ് കണ്ണുനീർ ധാര ധാരയായി ഒഴുകുന്നു. അവൻ ഒരടി പിന്നിലേക്ക് വെച്ചു. ആദിക്ക്‌ എന്ത് ചെയ്യണം എന്നറിയില്ല.. പകച്ചവളെ നോക്കി കൊണ്ട് നിന്നു… ജീവനെക്കളേറെ സ്നേഹിക്കുന്നവളാണ് മുൻപിൽ നിന്ന് പൊട്ടി കരയുന്നത്. തന്റെ പ്രാണൻ, സ്നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല..അതിന്റെ കാട്ടി കൂട്ടലുകൾ ആണ് അന്ന് നടന്നത് . അവന്റെ നെഞ്ചു നീറി…..പിന്നിലേക്ക് നീങ്ങി… അല്പ നേരം അങ്ങനെ നിന്നു. ദേവൂന്റെ കരച്ചിലിന് ശമനം വന്നു തുടങ്ങി . കുറച്ചു നേരംകൂടി അവളെ അങ്ങനെ നോക്കി നിന്നിട്ട്അടുത്തു കണ്ട സെറ്റിയിൽ അവനിരുന്നു. കുനിഞ്ഞു രണ്ടു കൈകളും നെറ്റിക്ക് ഇരു വശവും ചേർത്തു കണ്ണടച്ചു.. ഏങ്ങൽ അടിക്കുന്ന ശബ്ദം കേൾക്കാം കരച്ചിൽ പതുക്കെ പതുക്കെ അടങ്ങി … ദേവു കുറച്ചു നേരം അങ്ങനെ നിൽപ്പ് തുടർന്നു..കണ്ണു തുടച്ചു…. ദേവു മിഴികളുയർത്തി അവനെ നോക്കി… കുനിഞ്ഞു ഇരിക്കുകയാണ്.മുഖത്ത് അസ്വസ്ഥത പ്രകടം.

എന്തിനാവും ഇയാൾ ഇങ്ങനെ പെരുമാറുന്നത് . രക്ഷപ്പെടുത്തിയ ആളോട് നന്ദി അല്ലെ തോന്നേണ്ടത്.പക്ഷെ ഇത്…. എന്താവും…തന്നോട് സ്നേഹം കൂടിട്ടാണോ… അന്നത്തെ പോലെ ഇത്തവണ ഉണ്ടായില്ലല്ലോ എന്നോർത്തപ്പോൾ അല്പം ആശ്വാസം തോന്നി… അവൾ അൽപ നേരം കൂടി അങ്ങനെ തന്നെ നിന്നു. അവനോടുള്ള ഭയം കുറഞ്ഞപോലെ.. പതിയെ ചുവടുകൾ വെച്ചു അവനെതിരെയുള്ള സെറ്റിയിൽ പിടിച്ചു നിന്നു കൊലുസിന്റെ പതിഞ്ഞ ശബ്ദം കേട്ടപ്പോൾ അവൻ തലയുയർത്തി.ദേവു തന്നെ തന്നെ നോക്കി നിൽക്കുന്നു. “ഇരിക്ക് ” അവൾ ഒന്നു ശങ്കിച്ചുനിന്നു.അവൻ മിഴി ഉയർത്തി ഒന്നു നോക്കി. ആഞ്ജ ശക്തിയുള്ള കണ്ണുകൾ…. ദേവു അറിയാതെ ഇരുന്നു പോയി. ” ദേവൂ ” അവന്റെ വിളി കേട്ട് ശ്വാസം വിലങ്ങി നോക്കി.അവൻ ഉറ്റു നോക്കുന്നു..

തന്റെ ഹൃദയമിടിപ്പ് കൂടുന്നു…..വീണ്ടും ഭയം അവളെ ചുറ്റി വരിയുന്നതായവനു തോന്നി . പതിയെ എഴുന്നേറ്റ് അവൾക്കടുത്തെത്തി. അവനടുത്ത് വരുന്നത് കണ്ടു ദേവു ചാടി എണീറ്റു… അടുത്തെത്തി മുഖം കാതോടു ചേർത്തു. ചെമ്പനീർ പൂവിന്റെ മണം…… അവൻ കണ്ണടച്ചു ശ്വാസം വലിച്ചെടുത്തു. ഒരു വിറയൽ ശരീരമാകെ പടരുന്നത് അവളറിഞ്ഞു…. ശരീരം തളരുന്നു … ആദ്യമായാണ് ഒരു അന്യ പുരുഷൻ ഇത്ര അടുത്ത് നിൽക്കുന്നത്.. അവന്റെ ചുണ്ടുകൾ കാതോടു ചേർന്നു. :മന്ത്രിച്ചു “നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ദേവൂ…സത്യം” ചുണ്ടുകൾ കാതിൽ ചേർത്ത് ചെറിയ ഒരുമ്മ കൊടുത്തു അവൻ ഇറങ്ങിപോയി അവൾ കണ്ണുകൾ ഇറുക്കി യടച്ചു. അവൻ പോയതിനു ശേഷവും ദേവു അതേ നിൽപ്പ് തുടർന്നു.

കണ്ണു നിറഞ്ഞു ഒഴുകുന്നുണ്ട്. മുഖം പൊത്തി താഴേക്കിരുന്നു എന്ത് ചെയ്യണം എന്നറിയില്ല. റൂമിൽ എത്തിയതും ആദി ബെഡിലേക്ക് വീണു. കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയ സന്തോഷമായിരുന്നു മനസ്സ് നിറയെ, കൈ വലിച്ചു അടുത്ത് കിടന്ന പില്ലോ എടുത്തു.ചരിഞ്ഞു കിടന്നു പില്ലോയെ ചേർത്തു പിടിച്ചു. മനസ്സ് മുഴുവൻ ദേവുവിന്റെ മുഖം ആണ്. ഓർക്കും തോറും സന്തോഷം അലതല്ലുന്നു അതിനു ശേഷം ദേവു ആദിയെ കാണാൻ കഴിയുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു.കാണുമ്പോഴൊക്കെ മുഖം താഴ്ത്തി കടന്നു പോയി.അവൾ മനപ്പൂർവം ഒഴിവാക്കുന്നതാണെന്ന് അവനു മനസ്സിലായി.. ഡ്യൂട്ടിക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും അവളുടെ ഫ്ലാറ്റിലേക്ക് നോക്കും. അതടഞ്ഞു തന്നെ കിടന്നു…

തന്നെ ഉൾകൊള്ളാൻ അവൾക്ക്‌ സമയം എടുക്കും.. മനസ്സൊന്നു തണുക്കട്ടെ… കോളേജ് ബസിൽ ആണ് പോയി വരുന്നതെന്ന് അറിയാം.കണ്ടിട്ടും കാണാത്ത പോലെ പോവുന്നു. ലിഫ്റ്റ് പോലും ഒഴിവാക്കി. ദേവൂ പോവുമ്പോൾ ആദി കോറിഡോറിൽ ഇറങ്ങി നോക്കി നിൽക്കും… ഗേറ്റ് കടന്നു കോളേജ് ബസ് കയറും വരെ അതേ നിൽപ്പ് നിൽക്കും. ആ സമയത്തോക്കെ അവന്റ ചുണ്ടിൽ ഒരു പുഞ്ചിരി തത്തികളിക്കും. നാരായണേട്ടനും ഇത് ശ്രദ്ധിക്കുന്നുണ്ടാരുന്നു ആ വൃദ്ധന്റെ മുഖത്തോരു മന്ദഹാസം തെളിയും.ദിവസങ്ങൾ കടന്നു പോയി…. അനുമോളും അച്ഛനും ഇടക്കിടക്കു വിളിച്ചു സംസാരിക്കും.അച്ഛനോട് വളരെ കുറച്ചേ സംസാരിക്കൂ.’ സുഖാണോ,കഴിച്ചോ,ഓഫീസിൽ പോണുണ്ടോ,ശാരീരിക അസ്വസ്ഥതകൾ ഉണ്ടേൽ പറയണേ,’ ഒന്നോ രണ്ടോ വാക്കുകളിൽ അവൻ മറുപടിയൊതുക്കും.

പിന്നെ രണ്ടാൾക്കും ഇടയിൽ അദൃശ്യമായൊരു മതിൽകെട്ട് രൂപപ്പെടും.വാക്കുകൾ മുറിഞ്ഞു നിശബ്ദമാവും… അനുമോൾക്ക്‌ പറയാൻ ഒരുപാടു കാര്യങ്ങൾ ഉണ്ട്.. സ്കൂളിലെ ഫ്രണ്ട്സിനെ കുറിച്ച് ടീച്ചേർസ്,നാട്ടുകാര്യങ്ങൾ , അമ്മയെ കുറിച്ച് അവളൊന്നും സംസാരിക്കാറില്ല. ഏട്ടന് അതിഷ്ടമല്ലെന്ന് അവൾക്കറിയാം അവനെല്ലാം കേട്ടു കൊണ്ടിരിക്കും.അവസാനം ചോദ്യം ദേവുവിൽ എത്തി നിൽക്കും. ദേവൂ ചേച്ചിയെ കണ്ടോ,സംസാരിച്ചോ, എന്താ പറഞ്ഞെ, അവനൊരു ചിരി ഉള്ളിലൊതുക്കി മറുപടി പറയും. കണ്ടു, സംസാരിച്ചു. മോളെ തിരക്കാറുണ്ട്. ഇനി വരുമ്പോൾ കാണാം എന്നൊക്ക. നിങ്ങൾ ഉടനെ വരുന്നുണ്ട് അപ്പോൾ കാണാം എന്നു പറഞ്ഞു….

അനുമോൾക്ക് ചേട്ടൻ പറഞ്ഞത് കേട്ട് തുള്ളി ചാടാൻ തോന്നി.. അങ്ങോട്ടേക്ക് നേരിട്ടല്ലാതെ ആണെങ്കിൽ കൂടി ക്ഷണിച്ചിരിക്കുന്നു. കാൾ കട്ട്‌ ചെയ്തു അച്ഛന്റെ അടുത്തേക്ക് ഓടി… ആദി അങ്ങനെ തന്നെ കുറച്ചു നേരം നിന്നു…തന്നെ വിട്ടു പോയതൊക്കെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. മുൻപ് മുഖം തിരിച്ചവർ പുഞ്ചിരിക്കുന്നു,സംസാരിക്കുന്നു…. രാത്രി കിടന്നുറങ്ങുമ്പോൾ മനസ്സിന് ശാന്തത കൈ വന്ന പോലെ തോന്നും… കണ്ണടച്ചു കിടക്കും….ഇതിനെല്ലാം കാരണമായവളുടെ മുഖം മനസ്സിൽ തെളിഞ്ഞു വരും .. ചുണ്ടിൽ ചെറു പുഞ്ചിരിയോടെ കയ്യെത്തിച്ചു പില്ലോ വലിച്ചെടുത്തു അതിലേക്ക് കവിൾ ചേർത്ത് കിടക്കും.. ദിവസങ്ങൾ കടന്നു പോയി… ആദി ഓഫീസിൽ നിന്നു വന്നു കാർ പാർക്ക്‌ ചെയ്തു.

ഡോർ ഓപ്പൺ ചെയ്യുമ്പോഴേക്കും നാരായണേട്ടൻ പരിഭ്രാമത്തോടെ ഓടി വന്നു. “എന്ത് പറ്റി” സാർ,ദേവു കുഞ്ഞു ഇതുവരെ വന്നിട്ടില്ല.. അവനൊന്നു ഞെട്ടി…സമയം 9 കഴിഞ്ഞിരിക്കുന്നു. ഇത്ര ലേറ്റ് ആവാറില്ല.. എന്തിനെന്നറിയാത്ത ഭയം വന്നു മൂടി. അവൻ വേഗം കാർ തിരിച്ചു. റോഡിലേക്കിറങ്ങി ഇരുവശവും നോക്കികൊണ്ട് സ്പീഡ് കൂട്ടി.. ചെറുതായി മഴ പെയ്യുന്നുണ്ട് റോഡിൽ ആളുകൾ കുറഞ്ഞിട്ടുണ്ട്. ഷോപ്പുകൾ അടക്കുന്നു… ദേവൂനു എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ… ഉള്ളിലൊരു പിടച്ചിൽ അനുഭവപ്പെട്ടു… ഭയത്തോടെയുള്ള അവളുടെ നോട്ടം മനസ്സിൽ കടന്നു വന്നു. അവൻ സ്പീഡ് കൂട്ടി….

മുന്നോട്ടു പോയപ്പോൾ ബസ് സ്റ്റോപ്പിൽ ഒരു പെൺകുട്ടി ഒറ്റക്ക് നിൽക്കുന്നത് കണ്ടു… ദേവൂ ആയിരിക്കുമോ… കാർ ആ വശത്തേക്കു ഒതുക്കി നിർത്തി “ദേവൂ” ആശ്വാസത്തോടെ അവൻ മന്ത്രിച്ചു.മുഖം നിറച്ചു ഭയത്തോടെ നിൽക്കുന്നു ഗ്ലാസ്‌ താഴ്ത്തി.. “ദേവൂ” അവൻ ശബ്ദം ഉയർത്തി വിളിച്ചു. വിളി കേട്ട ഭാഗത്തേക്കവൾ നോക്കി.. “ആദി” അതിശയത്തോടെ നോക്കി.ഇത്രയും നേരം പൊതിഞ്ഞു നിന്ന ഭയം ഒഴിഞ്ഞു പോണ പോലെ അവൾക്ക് തോന്നി. അവൻ ആശ്വാസത്തോടെ നോക്കി. സൈഡ് ഡോർ തുറന്നു കൊടുത്തു. ദേവൂ ശങ്കിച്ചു നിന്നു. കയറാണോ. “കയറ് ” മൃദുവായി പറഞ്ഞു ദേവൂ പതിയെ കയറി ഡോർ അടച്ചു. ബാഗ് മടിയിൽ വെച്ചു.കാർ ലോക്ക് ചെയ്തു. ഗ്ലാസ്‌ ഉയർത്തി. അവളെ നോക്കി.. ആദി തന്നെ നോക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.

മിഴി ഉയർത്തി. തന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കുന്നു. മുഖത്ത് ആശ്വാസം തെളിഞ്ഞു കാണാം. ചുണ്ടിൽ ചെറു പുഞ്ചിരി..അവൾ വല്ലാണ്ടായി…. മുഖം താഴ്ത്തി..പെട്ടന്ന് അവൻ അടുത്തേക്ക് വന്നു.. തൊടാൻ ശ്രമിക്കുകയാണെന്ന് കരുതി ദേവൂ ഭയന്ന് സീറ്റിലേക്ക് അമർന്നു . അവൻ കൈ നീട്ടി മടിയിൽ നിന്ന് ബാഗ് എടുത്തു പിന്നിലെ സീറ്റിലേക്കിട്ടു… സീറ്റ്‌ ബെൽറ്റ്‌ വലിച്ചു ലോക്കിട്ടു. അവളൊന്നു ചൂളിയവനെ നോക്കി. ഒന്നു കൂടി അവളെ നോക്കിട്ട് കാർ മുന്നോട്ടെടുത്തു. “എന്താ ലേറ്റ് ആയെ” അവന്റെ ശബ്ദത്തിൽ കടുപ്പം ഉണ്ടായിരുന്നു “കോളേജിൽ പ്രോഗ്രാം ഉണ്ടാരുന്നു”.ദേവൂ പതിയെ പറഞ്ഞു ബസ്സോ? വരും വഴി പഞ്ചർ ആയി.. ഹും.. അവനൊന്നു മൂളി.. കാർ മുന്നോട്ട് പോയി. ദേവൂ വാച്ചിലേക്ക് നോക്കി സമയം 9.30 കഴിഞ്ഞു. വിശക്കുന്നുണ്ട്. ഉച്ചക്ക് കഴിച്ചതാണ്. ചെന്നിട്ട് വേണം കുക്ക് ചെയ്യാൻ.. പുറത്തേക്ക് നോക്കിയിരുന്നു.

ഫ്ലാറ്റ് കടന്നും കാർ മുന്നോട്ടു പോവുന്നത് കണ്ടു അവൾ സംശയത്തോടെ അവനെ നോക്കി “പേടിക്കണ്ട ഒന്നും കഴിച്ചില്ലല്ലോ ഫുഡ്‌ മേടിച്ചിട്ട് പോകാം.. തനിക്കു വിശക്കുന്നുണ്ടെന്ന് അവനു മനസ്സിലായിരിക്കുന്നു.. അത്ഭുതത്തോടെ അവനെ നോക്കി… ആദ്യം കണ്ട ഹോട്ടലിന്റെ കാർ പാർകിംഗിലേക്ക് കയറ്റി. അവളോട് വരണ്ടെന്ന് പറഞ്ഞു അവനിറങ്ങി കാർ ലോക്ക് ചെയ്തു.. അവൻ പോകുന്നത് നോക്കി അവളിരുന്നു. ഭയക്കേണ്ട ഒരാളല്ല അവനെന്ന് മനസ്സ് പറയും പോലെ. തീരെ പ്രതീക്ഷിച്ചില്ല അന്വേഷിച്ചു വരുമെന്ന്…. വന്നു.വിശപ്പുണ്ടെന്ന് മനസ്സിലാക്കി ഇപ്പോൾ ഭക്ഷണം മേടിക്കാൻ പോയിരിക്കുന്നു … “നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ദേവൂ…. സത്യം…” അവന്റെ ശബ്ദം തലയ്ക്കുള്ളിൽ മുഴങ്ങി കേൾക്കുന്നു… സീറ്റിലേക്ക് ചാരി കണ്ണടച്ചു..തന്റെ മനസ്സ് ആർദ്രമാവുന്നുണ്ടെന്നവൾക്ക് തോന്നി..