17/04/2026

അത്രയേറെ : ഭാഗം 03

“എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല നന്ദേട്ടനെ.,.,.

ഓർക്കുന്തോറും നെഞ്ഞ് പിഞ്ഞിക്കീറി വന്നു..സങ്കടങ്ങൾ വീണ്ടും മഴയായി പെയ്ത് തുടങ്ങി….

അച്ഛൻ ഓരോന്നും പറഞ്ഞു ആശ്വസിപ്പിച്ചു എങ്കിലും അതിനെല്ലാം ആയുസ്സ് ക്ഷണ നേരത്തേക്കേ ഉണ്ടായിരുന്നുള്ളൂ…

തന്റെ മുറിക്കുള്ളിൽ കിടക്കുമ്പോഴും നന്ദന്റെ മുഖം മാത്രമേ മനസ്സിലുള്ളൂ…

അത്ര പെട്ടെന്ന് എല്ലാം മറക്കാൻ കഴിയില്ല…അത്രയേറെ പ്രണയിച്ചിട്ടുണ്ട്..ഊണിലും ഉറക്കത്തിലും ആ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ… ആ നാമൻ മാത്രമേ ഹൃദയം ഉരുവിട്ടിരുന്നുളളൂ…ആ സ്വരം മാത്രമേ കാതിലിമ്പമായി മുഴങ്ങുന്നുള്ളൂ…..

അവനോടുള്ള പ്രണയത്തിന്റെ പിടച്ചിലുകൾ പിന്നെയും നോവായി ഉണർന്നു തുടങ്ങിയപ്പോൾ ഒരുമാത്ര അവനെ കാണാൻ ഹൃദയം വെമ്പി..

” അറിയണം…എന്തിനാണ് തന്റെ പ്രണയത്തെ തിരസ്ക്കരിച്ചതെന്ന്?

അറിയണം എന്തിനാണ് തന്നെ വലിച്ച് എറിഞ്ഞതെന്ന്?.

ഇത്രയും വർഷങ്ങൾ ഉണ്ടായിരുന്നു… ഇഷ്ടം അല്ലെങ്കിൽ ഒരുവാക്ക് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചേനെ.. നോവുകൾ ഇത്രയേറെ ഏറ്റു വാങ്ങില്ലായിരുന്നു…..

ചിന്തകർ വീണ്ടും മനസ്സിനെ മഥിച്ചതോടെ മുഖം കഴുകി തുടച്ച് മുറിക്ക് വെളിയിലേക്ക് ഇറങ്ങി.. ഹാളിൽ ഇരുന്ന് അച്ഛനും അമ്മയും മിഴിനീർ തുടക്കുന്നത് കണ്ടു…

പാവമാണവർ ., സ്നേഹിക്കാൻ മാത്രമേ അറിയൂ….ആ മാതാപിതാക്കളുടെ മകളാണ് താനും..അവരെ പോലെ എല്ലാവരെയും സ്നേഹിക്കാനെ അറിയൂ….

“അച്ഛാ… എനിക്ക് നന്ദേട്ടനെ ഒരിക്കൽ കൂടി കാണണം…സംസാരിക്കണം.എന്നെ ഒഴിവാക്കി യതി ന്റെ കാരണം അറിയണം…..

അവർക്ക് അരികിൽ ചെന്നങ്ങനെ പറയുമ്പോൾ സ്വരം ഇടറാതിരിക്കാനും മിഴികൾ തുളുമ്പാതിരിക്കാനും ശ്രമിച്ചു…

” വേണ്ട മോളേ..അവനെ പോലൊരു നീചനെ ഇനി കാണാതിരിക്കുന്നതാ നല്ലത്…..

“അങ്ങനെ അല്ല പാറൂ…

അമ്മയുടെ സ്വരത്തിന് അച്ഛൻ ദേവരാജ് വിലക്കിട്ടു…

” മോളുടെ ആവശ്യം ന്യായമാണ്…അവളെ ഒഴിവാക്കിയതിന്റെ കാരണം അറിഞ്ഞില്ലെങ്കിൽ നമ്മൾ എന്തൊക്കെ പറഞ്ഞു സമാധനിപ്പിക്കാൻ ശ്രമിച്ചാലും മോളുടെ മനസ്സിന് ആശ്വാസം കിട്ടില്ല….

പാർവ്വതി പിന്നെ ഒന്നും മിണ്ടിയില്ല…ആവശ്യം ന്യായമാണ്…

ചുളുങ്ങി കിടക്കുന്ന ചുരീദാറിന്റെ ചുളിവുകൾ നേരയാക്കി..മുടി ഒന്നു കൂടി കുടഞ്ഞിട്ട് വിടർത്തിയിട്ടു…

“അച്ഛൻ കൂടി വരാം….

എതിരൊന്നും പറഞ്ഞില്ലം..അച്ഛന് ഒപ്പം ഹരിമംഗലത്തേക്ക് ചെന്നു.. വീട് അടുക്കുന്തോറും ഹൃദയം കൂടുതൽ ദുർബലമാകുന്നത് അറിഞ്ഞു…)

തനിക്ക് മുന്നിൽ അപ്പോഴും അടഞ്ഞ് കിടക്കുന്ന വാതിൽ ഒരു നൊമ്പരമുണർത്തി …

വാതിൽ തട്ടാനായി ധൈര്യമുല്ലാത്തവളെ പോലെ നിന്നപ്പോൾ ദേവരാജ് കോളിങ് ബെല്ലിൽ വിരലമർത്തി..അകത്ത് ഒരു നൊസ്റ്റു പ്രണയം സമ്മാനിക്കുന്ന വിരഹഗാനത്തിന്റെ ശ്രുതി മീട്ടുന്നത് കേൾക്കാമായിരുനു….

കുറച്ചു സമയം കഴിഞ്ഞ ശേഷമാണ് വാതിൽ തുറക്കപ്പെട്ടത്…

” നന്ദയും അച്ഛനും….

വാതിൽ തുറന്ന നന്ദിനി ഒന്ന് പതറിപ്പോയി….

“മോളേ നന്ദേ…..

അങ്ങനെ വിളിച്ചപ്പോഴെ നന്ദ ഓടിച്ചെന്ന് നന്ദിനിയിലേക്ക് വീണു വിതുമ്പി….

” ഏട്ടത്തിയമ്മേ….

വിതുമ്പി കരഞ്ഞവളുടെ കണ്ണുനീർ അവരുടെ നെഞ്ചിനെ നനച്ചൊഴുക്കി…അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയില്ല…ആശ്വസിപ്പിച്ചാലും അതൊരു വെറും വാക്കായി മാറുകയുള്ളൂ….

“അമ്മാവനിരിക്ക്…..ഞാൻ ഹരിയേട്ടനെ വിളിക്കാം….

അവിടെ നിന്ന് രക്ഷപ്പെടാനെനോണം അങ്ങനെ പറഞ്ഞിട്ട് അകത്തേക്ക് ഓടി ഹരിക്ക് മുമ്പിലെത്തി…

” എന്താ.. എന്താ ഓടുന്നത്?….ആരാ വന്നത്?

ഹരി ഭയപ്പോടെ കിടക്കയിൽ നിന്നും എഴുന്നേറ്റു…നന്ദിനി നന്നായി കിതക്കുന്നുണ്ടായിരുന്നു…കിതപ്പ് തെല്ലൊന്ന് അടങ്ങിയപ്പോൾ പറഞ്ഞൊപ്പിച്ചു…

“അത് പിന്നെ… നന്ദയും അമ്മാവനും വന്നിട്ടുണ്ട്.,

ഹരിയുടെ മുഖം തെല്ലൊരു വിവർണ്ണമായി…എങ്കിലും ഒരു ഷർട്ടും എടുത്തിട്ട് മുടി ചീകിയ ശേഷം മുറിവിട്ടിറങ്ങി…പിന്നാലെ നന്ദിനിയും….

ഒന്നും സംഭവിക്കാത്ത പോലെ അമ്മാവന് അടുത്തെത്തി..‌കൂടെ തകർന്നു ഇരിക്കുന്ന നന്ദയെ കണ്ടതും ഹരിയുടെ മനസ്സ് വിങ്ങി…

നന്ദനൊപ്പം നന്ദയേയും ഒരുപാട് വാത്സല്യത്തോടെ എടുത്തിട്ടുണ്ട്…ശരിക്കും തന്റെ കൈ പിടിച്ചാണവർ വളർന്നത്…കുഞ്ഞനുജത്തി എന്നതിനേക്കാൾ മകാളാണെന്നൊരു വാത്സല്യമായിരുന്നു…ഇപ്പോൾ ഒരു നോവാണവൾ തന്നിൽ തീർക്കുന്നത്…ഹരി വേദനയോടെ ദീർഘശ്വാസം വിട്ടു

” നമുക്ക് എത്രയും പെട്ടെന്ന് വിവാഹം നടത്തണം അമ്മാവാ..നാളെ തന്നെ കണിയാനെ കണ്ടു മുഹൂർത്ത സമയം നോക്കിക്കാം….

“അതൊക്കെ പിന്നീടാകാം ഹരി…

എഴുന്നേറ്റു ചെന്ന് വാത്സല്യത്തോടെ ഹരിയുടെ തോളിൽ കൈവെച്ചു….കണിശക്കാരൻ ആണെങ്കിലും സ്നേഹവും കരുണയുമുള്ളവൻ…അമ്മയെ പ്രണനു തുല്യം സ്നേഹിക്കുന്ന മകൻ…

” നന്ദക്ക് നന്ദനോട് എന്തോ ചോദിക്കണമെന്ന്..അതാണ് രാത്രിയിൽ തന്നെ ഇറങ്ങിയത്..

” നന്ദൻ മുറിയിലുണ്ട്…ഇങ്ങോട്ട് വിളിക്കണമെങ്കിൽ…..

“വേണ്ട ഹരിയേട്ടാ… ഞാൻ അങ്ങോട്ട് പൊയ്ക്കോളാം….

അനുവാദത്തിന് കാത്ത് നിൽക്കാതെ നൊമ്പരവും പേറി മുകളിലെ നന്ദന്റെ മുറിയിലേക്ക് ചെന്നു…വാതിൽ അടഞ്ഞ് കിടക്കുകയാണ്.. തള്ളി നോക്കിയട്ടും തുറക്കാതെ വന്നതോടെ ചെറുതായി തട്ടി വിളിച്ചു…

” നന്ദേട്ടാ…

ആകെയൊരു നിശബ്ദത…അകത്ത്വ നിന്നും യാതൊരു പ്രതികരണവുമില്ല..രണ്ടു മൂന്നു പ്രാവശ്യം കൂടി ഉറക്കെ വിളിച്ചു.. എന്നിട്ടും മറുപടി കിട്ടാതെ ആയതോടെ അടഞ്ഞു കിടന്ന ജനൽ പാളികൾ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല…

പെട്ടെന്ന് അകത്തെന്തോ മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ടു.. കൂടെ നന്ദയുടെ നിലവിളിയും…

“ഹരിയേട്ടാ…..

അവളുടെ നിലവിളി താഴേക്ക് എത്തിയതും മൂന്നുപേരും പരസ്പരം നോക്കി….നന്ദിനിയുടെ മിഴികൾ ചുവന്ന് കലങ്ങിയതും അപകടം തിരിച്ചറിഞ്ഞു….

“മോനേ നന്ദാ…..

കരച്ചിലോടെ നന്ദിനി മുകളിലേക്ക് വേഗത്തിൽ സ്റ്റെപ്പുകൾ ഓടിക്കയറി…പിന്നാലെ ഹരിയും…

” എന്ത് പറ്റി….

“അകത്ത്…. അകത്ത്…..

നന്ദക്ക് ശ്വാസം മുട്ടി……അവളാകെ ഭയന്നിരുന്നു….

” മോനേ നന്ദാ… വാതിൽ തുറക്കെടാ….

നന്ദിനി വാതിലിൽ തട്ടി അലമുറയിട്ട് കരഞ്ഞു…

“നന്ദൻ വല്ല ബുദ്ധിമോശവും കാണിച്ചോ?…

അകാരണമായൊരു ഭീതി ഹരിയെ വലയം ചെയ്തു… നന്ദിനിയെ പിടിച്ചു മാറ്റി കതകിൽ നാലഞ്ച് തവണ ആഞ്ഞ് ചവുട്ടി…ബോൾട്ട് തെറിച്ച് കതക് മലർക്കെ തുറന്നതും അകത്തെ കാഴ്ച കണ്ടവർ ഞെട്ടിപ്പോയി…

” ഫാനിന്റെ ഹുക്കിൽ കെട്ടിയ പ്ലാസ്റ്റിക് ചരടിൽ നന്ദൻ തൂങ്ങിയാടുന്നു….

“നന്ദേട്ടാ….

എല്ലാം മറന്ന് നിലവിളിയോടെ അവന് അരികിലേക്ക് പാഞ്ഞതും ഇടക്ക് നന്ദ ബോധരഹിതയായി നിലം പതിച്ചു….നന്ദിനിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല..ശ്വാസം മുട്ടിയ തേങ്ങലിൽ ഭിത്തിയിലേക്ക് ചാരി നിന്നവൾ…

” ഇഷ്ടങ്ങളെന്നും നഷ്ടങ്ങളാണ്…നഷ്ടങ്ങൾ വേദനകളും….”

തുടരും….