22/04/2026

സാഫല്യം : ഭാഗം 02

രചന – അജി

“അവൻ വേറെ പെണ്ണ് കെട്ടി എന്ന് കേട്ടപ്പോൾ തന്നെ തോന്നി ഏതു നേരത്തെങ്കിലും കേറി വരും എന്ന്…..”

മീനുവിനെ കണ്ടപാടേ അമ്മായി ദേഷ്യത്തിൽ പറഞ്ഞു…..

“ഇങ്ങോട്ട് വരണം എന്ന് കരുതിയല്ല ഇറങ്ങിയത്….. മരിക്കണം എന്ന് കരുതിയാ….. പക്ഷെ അതിനുള്ള ധൈര്യം പോലും എനിക്കില്ല…..”

“അല്ലേലും കഴിവില്ലാത്ത പെണ്ണുങ്ങൾ ജീവിച്ചിരിക്കാത്തത് തന്നാ നല്ലത്…..”

“ദേവകി…. നീ എന്താ അവളോട് പറയുന്നത്….. മോൾ വാ ഒരാളുടെ വിശപ്പ് കൂടി അകറ്റാൻ ഉള്ള കഴിവ് ഇപ്പൊ എനിക്കുണ്ട്…..”

“കേറി കിടക്കുന്ന ഈ വീട് പോലും ബാങ്ക്കാർ അടുത്ത് തന്നെ കൊണ്ട് പോവും……ഇവളെ കെട്ടിച്ചയച്ചതിന്റെ കണക്ക് കൂടി അതിൽ പെടും…..”

“തെരുവിലേക്ക് ഇറങ്ങേണ്ടി വന്നാലും എല്ലാർക്കും ഒരുമിച്ചിറങ്ങാം….മോൾക്ക് അറിയാലോ അവളുടെ സ്വഭാവം….മോൾ അതൊന്നും കാര്യം ആക്കണ്ട….”

“മ്മ്…..”

അവൾ ഒന്ന് മൂളി അകത്തേക്ക് കയറി….!

അമ്മായിയുടെ ശാപം എന്നും കേൾക്കാറുണ്ട്….അതൊന്നും കാര്യം ആക്കാതെ അവൾ ആ വീട്ടിലെ ജോലി മുഴുവൻ ചെയ്തു തീർത്തു…..

തന്റെ ഭർത്താവ് ഇന്ന് മറ്റൊരു പെണ്ണിന്റെ കൂടെയാണ് എന്നോർക്കുമ്പോൾ എല്ലാം അവളുടെ കണ്ണ് നീര് ഒഴുകും….

ദൈവങ്ങളെ പോലും വെറുത്ത് പോയി…..!

“മോളെ…. എനിക്ക് മോളോട് ഒരു കാര്യം പറയാൻ ഉണ്ട്……”

“എന്താ അമ്മാവാ….. എന്താണെങ്കിലും അമ്മാവന് എന്നോട് പറയാം…..”

“എത്രയാന്ന് വെച്ചാ മോൾ ഇങ്ങനെ നിക്കുന്നത്…..മോൾ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോ ഞാൻ നിന്റെ അമ്മയ്ക്ക് കൊടുത്ത വാക്കിന് ഒരു വിലയും ഇല്ലാതായിപ്പോയല്ലോ എന്നാ എന്റെ വിഷമം……”

“അമ്മാവന് ഞാൻ ഒരു ഭാരം ആണെന്ന് എനിക്കറിയാം…. എന്തെങ്കിലും ഒരു ജോലിക്ക് പോണം….അതിനെ പറ്റി ഞാൻ അമ്മാവനോട് ചോദിക്കാൻ ഇരിക്കയിരുന്നു……”

“ഞാൻ ഉള്ളപ്പോൾ മോൾ ജോലിക്ക് ഒന്നും പോണ്ട…. അത് കഴിഞ്ഞാൽ മോളെ അവസ്ഥ എന്താവും എന്നോർത്താ എന്റെ വിഷമം….. അത് കൊണ്ട് ഈ അമ്മാവൻ പറയുന്നത് മോൾ അനുസരിക്കണം…..”

“അമ്മാവനെ ഞാൻ അനുസരിക്കാതിരിക്കോ…..”

“ഇന്നലെ ആ ബ്രോക്കർ കടയിൽ ഉള്ളപ്പോൾ ഒരു ആലോചനയുടെ കാര്യംപറയുന്നത് കേട്ടു…… അയാൾ അത് വേറെ ആരോടോ പറഞ്ഞതാ…… അത് കേട്ടപ്പോൾ ഞാൻ നിന്റെ കാര്യവാ ആലോചിച്ചത്….”

“എന്റെ കുറവുകൾ ഒക്കെ അമ്മാവന് അറിയില്ലേ….എന്നിട്ടും എന്തിനാ അമ്മാവാ……”

“ആ കുറവുകൾ തന്നെയാണ് അവർക്കും ആവശ്യം……ഒരു വയസ് പ്രായം ഉള്ള അവരെ കുഞിനെ നോക്കാൻ അമ്മയുടെ സ്ഥാനത് ഒരു പെണ്ണ് വേണം…..ജാതി ഒന്നും പ്രശ്നം അല്ല…..ആരായാലും ഒരിക്കലും അമ്മ ആവാത്ത ഒരു പെണ്ണിനെ വേണം എന്നാ അവൻ പറഞ്ഞത്…. അത് ഒരു പക്ഷെ അവരെ കുഞിനെ മറ്റൊരു കുഞ്ഞുണ്ടായാൽ വേണ്ടത്ര ശ്രദ്ധിക്കില്ലെന്ന് കരുതി ആവും….. അങ്ങനെ ഒന്ന് തന്നെ അല്ലെ നമുക്കും ആവശ്യം…. അത് കൊണ്ട് മോൾ നന്നായി ആലോചിക്ക്…..ഒരു ജോലി വേണം എന്നല്ലേ മോളെ ആഗ്രഹം….. അത് ആ ഒരു കുഞിനെ നോക്കാൻ ഉള്ള ജോലി ആണെന്ന് കരുതിയാൽ മാത്രം മതി……”

അമ്മാവന്റെ വാക്കുകൾക്ക് മുന്നിൽ മീനു ഒന്നും പറയാൻ ആവാതെ നിന്നു…..!!

ദേവേട്ടന് പകരം മറ്റൊരാളെ തനിക്ക് സങ്കല്പിക്കാൻ പോലും ആവില്ല…. അവൾ വേദനയോടെ അവനോടൊപ്പം ഉള്ള നിമിഷങ്ങൾ ഓർത്തു…..!

എത്ര സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം….. ഒരു കുഞ് എന്ന ചോദ്യം ഉയർന്നു വന്നതോടെ ജീവിതം തകർന്നു…..

അന്നൊക്കെ ദേവേട്ടൻ കൂടെ ഉണ്ടായിരുന്നു…. പക്ഷെ ഇന്ന് അതും ഇല്ല…..!

“ഇല്ല അമ്മാവാ എന്നെ കൊണ്ട് പറ്റില്ല…. ദേവേട്ടന് പകരം മറ്റൊരാളെ കാണാൻ എനിക്ക് ഈ ജന്മം ആവില്ല…..”

“എങ്കിൽ നീ ജീവിതകാലം മുഴുവൻ അവനെയും ഓർത്തു ഇവിടെ നിന്നോ….ആ കുഞിനെ നോക്കാൻ ഒരു അമ്മയെ വേണം എന്നെ അവർ പറഞ്ഞുള്ളൂ…. അല്ലാതെ നിന്നെ അയാൾക്ക് ഭാര്യ ആയി വേണം എന്ന് പറഞിട്ടില്ല…. നിനക്കോ അമ്മ ആവാൻ പറ്റില്ല…. ആ കുഞിനെ എങ്കിലും നോക്കി ജീവിച്ചൂടെ…..നീ കണ്മുന്നിൽ ഉള്ളപ്പോൾ ദേവൻ അവിടെ വേറൊരു പെണ്ണും കെട്ടി സുഖിക്കായിരുന്നു….നീ മാത്രം അവനെയും ഓർത്തിരുന്നിട്ട് എന്തിനാ…..”

അമ്മായി പറഞ്ഞത് മുഴുവൻ സത്യം ആണ്….. ഒരിക്കൽ പോലും ദേവേട്ടൻ എന്നെ പറ്റി ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു…..!

“ദേവകി നീ അകത്ത് പോ…. അവളോട് ഞാൻ സംസാരിച്ചോളാം…..”

അവർ മീനുവിനെ ഒന്ന് നോക്കി അകത്തേക്ക് നടന്നു…..

“മോളെ എന്റെ കാല ശേഷം നീ എങ്ങനെ ജീവിക്കും എന്നോർത്താ ഇപ്പോ എന്റെ ആവലാതി….. ഒരു കുഞ് ഇല്ലാത്തത് കൊണ്ടല്ലേ നിന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയത്….ഇപ്പൊ ദൈവം ആയിട്ട് നിനക്ക് അമ്മ ആവാൻ ഒരു അവസരം തന്നിരിക്കുകയാണ്…..അത് നീയായിട്ട് നഷ്ടപ്പെടുത്തരുത്…. ഒരു പക്ഷെ നിനക്ക് അങ്ങനെ ഒരു ഭാഗ്യം തരാതിരുന്നത് ആ കുഞിന് വേണ്ടി ദൈവം കണ്ട് വെച്ചത് നിന്നെ ആവും…..”

“മ്മ്…. ശരിയാണ്…. ദൈവം അമ്മയാവാൻ എനിക്ക് ഒരു അവസരം തന്നു…. പക്ഷെ എന്റെ ജീവിതം…. അഞ്ച് വർഷം കൂടെ കഴിഞ്ഞതല്ലേ ഞാൻ….. എനിക്ക് മറക്കാൻ പറ്റോ അതൊക്കെ…..”

“മറക്കണം….. ഇനി അതൊന്നും ഓർത്തിട്ട് കാര്യം ഇല്ലെങ്കിൽ എല്ലാം മറക്കണം….. നിന്നെ മനസ്സിൽ ആക്കാൻ പറ്റാത്തവരെ നിനക്കെന്തിനാ….”

എല്ലാം മറക്കാൻ അവൾ മനസിനെ പകപ്പെടുത്താൻ തുടങ്ങി…..

$$$$$$$$$$$$$

“ഇതെന്താ അമ്മേ ഈ വീട് ഇങ്ങനെ ആകെ അലങ്കോലം ആക്കി ഇട്ടിരിക്കുന്നത്…. ഒന്ന് തൂത്തു വാരിക്കൂടെ…..”

മൂന്ന് നാല് ദിവസത്തെ ഹണിമൂൺ ഒക്കെ കഴിഞ്ഞു വന്നപാടെ ദേവൻ വീട് മുഴുവൻ നോക്കി കൊണ്ട് പറഞ്ഞു….!

“എന്റെ ഈ കാലും വെച്ച് ഞാൻ എങ്ങനെ ഇതൊക്കെ ചെയ്യാനാ…. എന്തായാലും നിങ്ങൾ വന്നല്ലോ അതൊക്കെ ഇനി കല്യാണി മോൾ ചെയ്തോളും…..”

അവൾ ദേവനെ ഒന്ന് നോക്കി….

“മീനു ഇല്ലേ ഇവിടെ…..?!!”

“അവളെ ഞാൻ അങ്ങ് പറഞ്ഞു വിട്ടു…. നിങ്ങൾ പോയെ പിന്നെ അവളെ പ്രസാദിനെയും കൊണ്ട് മുറിയിൽ കണ്ടപ്പോൾ പിടിച്ചിറക്കിയതാ…..അവനും പിന്നെ ഒന്നും പറയാതെ ഇറങ്ങി പോയി….എന്റെ മക്കളെ ജീവിതം തകർക്കാൻ ആയിട്ട് ഇങ്ങനെ ഒന്ന്…. എവിടെ എങ്കിലും പോയി തുലയട്ടെ നാശം…..”

ദേവൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു….. ഇതൊക്കെ ഇനി ക്‌ളീൻ ചെയ്യണം അല്ലോ എന്നോർത്ത് കല്യാണിയും…..

@@@@@@@@@@

“അവൻ വന്നിട്ടില്ല…..അമ്മ പോയാൽ മതി എന്ന് പറഞ്ഞു…..അല്ലേലും അവന് ഇതിൽ ഒന്നും താല്പര്യം ഇല്ല….എനിക്ക് വയസും പ്രായവും ഒക്കെ ആയില്ലേ….. അത് കൊണ്ട് ഈ മോൾക്ക് വേണ്ടി സമ്മതിച്ചു എന്നെ ഉള്ളൂ….. അവൻ ഹോസ്പിറ്റലിൽ പോയാൽ മോളെ നോക്കാൻ ആരെങ്കിലും കൂടെത്തന്നെ വേണം….. മോളെ പിന്നാലെ ഓടാൻ എനിക്ക് ഈ പ്രായത്തിൽ ആവില്ലല്ലോ….”

മീനു അവർക്ക് മുന്നിൽ ചായയും ആയി വന്നു…..വിഷമങ്ങൾ ഒന്നും തന്നെ കണ്ണീരായി പുറത്തു ചാടാതിരിക്കാൻ അവൾ നന്നേ പാട് പെട്ടു…..!

“ഹി…. ഹി…..”

ആ കുഞ്ഞു ചിരിയിൽ ആണ് അവരുടെ മടിയിൽ ഇരിക്കുന്ന മോളെ മീനു കണ്ടത്….വാത്സല്യത്തോടെ അവൾ അതിനെ ഒന്ന് നോക്കി…..അവളുടെ പാൽ പുഞ്ചിരി കണ്ടതും അവൾ വിഷമങ്ങൾ എല്ലാം മറന്ന പോലെ പുഞ്ചിരിച്ചു…..

“എന്താ മോളെ പേര്…..?!!”

“ചിന്നു എന്നാ അവൻ വിളിക്കുന്നത്…..”

മീനു പുഞ്ചിരിയോടെ അവളെ നേരെ കയ് നീട്ടിയതും മോൾ അവളെ കയ്യിൽ പോവാൻ ആദ്യം ഒന്ന് മടിച്ചു…..

“പരിചയം ഇല്ലാത്ത ആരുടെയും അടുത്ത് പോലും പോവില്ല…. അങ്ങനെയാ അവൻ കൊണ്ട് നടക്കുന്നത്…..”

മീനു മോളെ നേരെ ബിസ്കറ്റ് എടുത്തു നീട്ടിയതും അത് വാങ്ങി എങ്കിലും വീണ്ടും അവൾ കയ് നീട്ടിയപ്പോൾ മോൾ അത് നിരസിച്ചു…. അവളെ ഒന്ന് കയ്യിൽ എടുക്കാൻ അവളിലെ അമ്മ മനസ് തുടിക്കുകയായിരുന്നു…..

മോളുടെ നോട്ടം മുന്നിൽ ഉള്ള ഫ്‌ളവറിൽ ആണെന്ന് കണ്ടതും അവൾ അത് എടുത്തു മോൾക്ക് നീട്ടി…. മോൾ അത് ചിരിയോടെ വാങ്ങാൻ കുഞി കയ്കൾ നീട്ടിയതും മീനു അത് മോളെ കയ്യിൽ കൊടുക്കാതെ അവളെ നേരെ കയ് നീട്ടി….. ആ റെഡ് കളർ ഫ്‌ളവർ മോളെ ആകർഷിച്ചത് കൊണ്ടാവണം മോൾ മീനുവിന്റെ കയ്യിലേക്ക് ചാടി….

അവൾ മോളെ കവിളിൽ പുഞ്ചിരിയോടെ ഉമ്മ വെച്ചു….അവൾക്ക് മോളെ വിട്ടു കൊടുക്കാൻ പോലും തോന്നിയില്ല…..!

മോളും അവളെ ഒന്ന് തിരിഞ്ഞു നോക്കി…..ആ മോൾക്ക് വേണ്ടിയെങ്കിലും ഇനിയുള്ള കാലം ജീവിക്കണം…..ഒരു അമ്മയായി….!

“ഞാൻ മീനാക്ഷിയെ ചെന്ന് കണ്ടു… നല്ല കുട്ടി….ചിന്നു മോളെ എത്ര പെട്ടെന്നാ അവൾ കയ്യിൽ എടുത്തത്….മോളെ അവൾ പൊന്ന് പോലെ നോക്കും അത് ഉറപ്പാ….”

“മ്മ്…..”

എബി ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ…..ഇനിയും ഒരു പെണ്ണിനെ ജീവിതത്തിലേക്ക് ക്ഷണിക്കണം എന്ന് കരുതിയതല്ല…. പക്ഷെ മോൾക്ക് വേണ്ടി മാത്രം…. അവൾക്ക് ഒരു അമ്മയെ വേണം….. അവൻ മോളെ അടുത്തേക്ക് നടന്നു മോളെ കയ്യിൽ എടുത്തു……!

“നമുക്ക് ഉറങ്ങണ്ടെടാ…..”

എബി മോളോടായി പറഞ്ഞു…..!

“നീ ഒന്നും പറഞില്ല…..”

“എല്ലാം അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ….. ഒന്നും എനിക്ക് വേണ്ടിയല്ലല്ലോ മോൾക്ക് വേണ്ടിയല്ലേ……മോളെ ഒരു അമ്മയായി സ്നേഹിക്കാൻ കഴിയുന്ന ഒരു പെണ്ണ് അത് മാത്രം മതി…..”

“നിനക്ക് അവളെ ഫോട്ടോ കാണണ്ടേ…..”

“വേണ്ട അമ്മേ…. ആരായാലും എന്തായാലും കുഴപ്പം ഇല്ല…. ഒരിക്കൽ എല്ലാം ഒത്തു നോക്കി കെട്ട് നടത്തിയതല്ലേ….!”

അവൻ നിരാശയോടെ അതും പറഞ്ഞു മുറിയിലേക്ക് നടന്നു…..

വിവാഹം കഴിഞ്ഞ അന്ന് രാത്രി കെട്ടി കൊണ്ട് വന്ന പെണ്ണിന് പറയാൻ ഉള്ളത് തനിക്ക് ഒരിക്കലും മറക്കാൻ ആവാത്ത പ്രണയം ഉണ്ടെന്നാണ്….. പതിയെ എല്ലാം ശരിയാവും എന്ന് കരുതി കാത്തിരുന്നു….. അവനെ പറ്റി അതിന് ശേഷം അറിവൊന്നും ഇല്ലാത്തത് കൊണ്ടാവണം അവളും തന്നോടൊപ്പം പൊരുത്തപ്പെട്ടു ജീവിക്കാൻ തുടങ്ങി…..!

സന്തോഷകരമായ ജീവിതത്തിൽ ഒരു കുഞ് കൂടി വരുന്നെന്ന വാർത്ത കേട്ടപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു…..

ഒരു മോൾ ആയപ്പോൾ ആണ് അവൾ വീണ്ടും മാറി തുടങ്ങിയത്….. അവനുമായി വീണ്ടും അടുത്തു….. മോൾക്ക് വേണ്ടിയെങ്കിലും പഴയതെല്ലാം മറക്കാൻ ഉപദേശിച്ചു….വെറും മാസങ്ങൾ മാത്രം പ്രായം ആയ കുഞിനെ പോലും ഉപേക്ഷിച്ചു ഒരു ദിവസം അവൾ അവന്റെ കൂടെ ഇറങ്ങിപോയി……അന്ന് ജീവിതത്തിൽ ഒറ്റപെട്ടതാണ് താനും മോളും…..!!

$$$$$$$$$$$$$$

“കള്ളൻ…. ഇത്ര പെട്ടെന്ന് പണി ഒപ്പിച്ചു അല്ലെ….. ഡൌട്ട് ശരിയാ ഈ ദേവൻ ഒരു അച്ഛൻ ആവാൻ പോവുന്നു……”

കല്യാണിയിൽ നിന്ന് കേട്ട വാക്കുകൾ ദേവനെ സന്തോഷിപ്പിച്ചു…..അവൻ പ്രേഗ്നെസി കിറ്റ് വാങ്ങി അതിലേക്ക് നോക്കി…..

“നമുക്ക് ഒരു ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തണം….കാരണം മീനുനും ഡേറ്റ് തെറ്റുമ്പോൾ അവൾ പ്രെഗ്നന്റ് ആയത് ആണെന്ന് കരുതാറുണ്ട്…..”

“ഇത് അങ്ങനെ ഒന്നും അല്ല ദേവൻ…. എനിക്ക് അങ്ങനെ ഡേറ്റ് ഒന്നും തെറ്റാറില്ല….നമ്മുടെ വിവാഹം കഴിഞിട്ട് അതിനുള്ള ടൈം പോലും ദേവൻ തന്നില്ലല്ലോ…. ദേവന് നിർബന്ധം ആണെങ്കിൽ നമുക്ക് നാളെ ചെക്കപ്പിന് പോവാം….ഇപ്പൊ നമുക്ക് ഈ സന്തോഷം പങ്ക് വെക്കണ്ടേ…. മ്മ്……”

“പിന്നെ വേണ്ടാതെ……”

“പിന്നെ ഇനി ദേവന്റെ ആദ്യ ഭാര്യയെ മീനു എന്നൊന്നും വിളിക്കേണ്ട…. മീനാക്ഷി എന്ന് പറഞ്ഞാൽ മതി…. കാരണം ഈ ദേവൻ ഇപ്പൊ എന്റേത് മാത്രമാ…..”

ദേവൻ അത് ചിരിച്ചു കൊണ്ട് സമ്മതിച്ചു…… തീർത്തും അവളെന്നെ അധ്യായം അവന്റെ മുന്നിൽ അവസാനിച്ചു…..!

“ഇതാണ് പെണ്ണ്….ഇനി നാലാളെ മുന്നിൽ അന്തസ് ആയിട്ട് പറയാം ഞാൻ ഒരു അമ്മൂമ്മ ആവാൻ പോവാണെന്ന്….. ആ മച്ചി ഇറങ്ങി പോയത് എന്ത് കൊണ്ടും നന്നായി…..അല്ലെങ്കിൽ ആ നാശത്തിനെ പറ്റി ചോദിക്കാനെ എല്ലാർക്കും നേരം കാണൂ…..”

ദേവനും കല്യാണിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു…..!

“മോൾ ചെന്ന് റസ്റ്റ്‌ എടുത്തോ…..”

അത് കേൾക്കേണ്ട താമസം കല്യാണി മുറിയിലേക്ക് നടന്നു…. പിന്നാലെ ദേവനും…..

“ഈ റസ്റ്റ്‌ എന്ന് പറയുമ്പോൾ ഒന്നും പറ്റില്ലേ…..”

“മ്മ്…. മനസ്സിൽ ആയി…. അതൊക്കെ പറ്റും…..”

അത് കേൾക്കേണ്ട താമസം ദേവൻ ചിരിയോടെ അവളിലേക്ക് അമർന്നു…..!!

“മീനാക്ഷിയോടും ഇങ്ങനെ തന്നെ ആയിരുന്നോ…. മ്മ്…..”

“നിന്നോട് മാത്രമേ ഉള്ളൂ….. സത്യം പറഞ്ഞാൽ അവളെ എനിക്ക് മടുത്തതാ….ഒരു അമ്മയായാൽ എങ്കിലും ഇത്തിരി തടി വെക്കും എന്ന് കരുതി…. എവിടെ അതും നടന്നില്ല…..”

“അപ്പൊ തടിയാണോ ദേവന്റെ വീക്നെസ്…..”

“എന്ന് കരുതി നീ ഇനി തടി കൂട്ടാൻ ഒന്നും നോക്കേണ്ട…. ഇപ്പൊ തന്നെ ഓവറാ…..”

അവൾ ചിരിയോടെ ദേവന്റെ നെഞ്ചിലേക്ക് അമർന്നു…..!

&&&&&&&&&&&&&&&

“മോൾ ഒന്ന് കൊണ്ടും പേടിക്കേണ്ട…. മോൾക്ക് ദോഷം വരുത്തുന്ന ഒന്നും ഈ അമ്മാവൻ ചെയ്യില്ല…..”

മീനു ഒന്നും മിണ്ടാതെ അമ്മാവനെ നോക്കി പുഞ്ചിരിച്ചു……!

പേടിയാണോ വേദനയാണോ ദേഷ്യം ആണോ എന്നൊന്നും അറിയില്ല…..

എബിക്ക് തൊട്ടരികിൽ ആയി അവളെ നിർത്തിയതും അവൾക്ക് ആ മുഖത്ത് ഒന്ന് നോക്കാൻ പോലും ആവാതെ തല കുനിച്ചു നിന്നു…..

എബി അവളുടെ കഴുത്തിൽ മിന്ന് കെട്ടുമ്പോഴും അവളുടെ തല താണ് തന്നെ നിന്നു…..

ചിരിയോടെ അമ്മയുടെ കയ്യിൽ നിന്ന് അവളുടെ തലയിൽ ഉള്ള മുല്ലപ്പൂ പിടിച്ചിരിക്കുന്ന മോളെ മീനു പുഞ്ചിരിയോടെ നോക്കി….

അന്ന് കണ്ട പരിചയം ആവും അവളെ കയ്യിലേക്ക് ചാടാൻ മോൾ റെഡി ആയതും മീനു അവളെ കയ്യിൽ വാങ്ങി…. തലയിൽ നിന്നും മുല്ലപ്പൂ അടർത്തി മാറ്റി മോളെ കയ്യിൽ കൊടുത്തതും മോൾ ചിരിച്ചു…. എബി മോളെ ചിരി കണ്ട് പുഞ്ചിരിയോടെ മോളെ നോക്കി….. അവൾ ഹാപ്പി ആണ്…. അതാണ് തന്റെ സ്വപ്നവും….!

ഒന്നും വേണ്ടെനിക്ക്…. ഈ മോളെ അമ്മയായി കഴിഞ്ഞാൽ മാത്രം മതി…. അവളിലും അതെ ആഗ്രഹം ആയിരുന്നു…..

“പോട്ടെ അമ്മാവാ…..”

“മ്മ്….. ഈ ജീവിതം എങ്കിലും മോൾ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് അറിഞ്ഞ മാത്രം മതി ഈ അമ്മാവന്…..”

അവൾ വേദനയോടെ അമ്മാവനോട്‌ യാത്ര പറഞ്ഞു…..!
കാറിൽ എബിയുടെ വീട്ടിലേക്ക് തിരിക്കുമ്പോഴും മോൾ മീനുവിന്റെ മടിയിൽ ആയിരുന്നു…..

“അത് വായിൽ ഇടല്ലേ മോളൂ…..”

അവൾ മുല്ലപ്പൂ വായിൽ ഇടുന്നത് കണ്ട് മീനു അത് തടഞ്ഞു കൊണ്ട് പറഞ്ഞതും എബി മീനുവിനെ ശ്രദ്ധിച്ചു….. ഒരു അമ്മയുടെ സ്നേഹം ആ കണ്ണുകളിൽ കാണാം…..!
“അമ്മേ ഞാൻ ഇറങ്ങി…..”

വീട്ടിൽ എത്തിയപാടെ എബി ഇറങ്ങുന്നത് കണ്ട് അമ്മ അടുത്തേക്ക് ചെന്നു…..

“ഇന്ന് ഇനി പോണോ മോനെ…..”
“ഇന്ന് ഒരു ഓപ്പറേഷൻ ഉണ്ട് അമ്മേ…..പോയെ പറ്റൂ…. അല്ലെങ്കിലും ഞാൻ ഇവിടെ നിന്നിട്ട് എന്തിനാ…. മോൾക്ക് വേണ്ടത് ഒരു അമ്മയെ അല്ലെ അത് അവൾക്ക് കിട്ടുകയും ചെയ്തു…..”

മോളെ ചോർ ഊട്ടുന്ന മീനുവിനെ നോക്കി അവൻ അത്രയും പറഞ്ഞു ഇറങ്ങി…..!

“അമ്മ ഒന്ന് സൂക്ഷിക്കണം….. പെട്ടെന്ന് ഒരാളെ അങ്ങനെ വിശ്വസിക്കാൻ പറ്റില്ല…..”

മീനു കേൾക്കാതെ അവൻ അമ്മയോടായി പറഞ്ഞു…..!

“അവളെയും നിനക്ക് വിശ്വാസം ഇല്ലേ…..”

“സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാ…..”

എബി ഇറങ്ങിയതും അമ്മ മീനുവിനെ ഒന്ന് നോക്കി…. അവൾ മോളോട് ഓരോന്ന് പറഞ്ഞു കഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്……!!

“നീ ഒന്നും ചെയ്യേണ്ട….ചിന്നു മോളെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി….ഇവിടുത്തെ എല്ലാ ജോലിയും ചെയ്യാൻ ജോലിക്കാരി ഉണ്ട്…..”
മീനു കിച്ചണിൽ ജോലി ചെയ്യുമ്പോ ആണ് അമ്മ അത് പറഞ്ഞത്….

“ഞാൻ പറഞ്ഞതാ ഈ കൊച്ച് അത് കേൾക്കണ്ടേ….”

“ഇത്രയും കാലം അതൊക്കെ ചെയ്തത് അല്ലെ….ഇപ്പൊ വെറുതെ ഇരുന്നപ്പോ മടുത്തു….”

“മോൾ ഉറക്കം ഉണർന്നാൽ അടുത്ത് ആരെയും കണ്ടില്ലെങ്കിൽ ഒരു കരച്ചിൽ ആണ്…. നീ മോളെ അടുത്ത് ചെന്ന് ഇരുന്നോളൂ…..”

മീനു മോളെ അടുത്തായി വന്നിരുന്നു…. ഉറങ്ങുന്ന മോളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..

“നിന്നെ പോലെ ഒരു കുഞിന് വേണ്ടി ഞാൻ എന്ത് മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്ന് അറിയോ…. പക്ഷെ ദൈവം എനിക്ക് ആ ഭാഗ്യം തന്നില്ല…. ഇപ്പൊ എനിക്കതിൽ സങ്കടവും ഇല്ല നിന്നെ എനിക്ക് മോളായി തന്നില്ലേ…..”

എബി പറഞ്ഞ പോലെ അമ്മ മീനുനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….. അവൾ കുഞിനോടെന്ന പോലെ പറയുന്നതെല്ലാം കേട്ട് പുഞ്ചിരിയോടെ അവർ ഇറങ്ങി……!

മോളെയും കെട്ടിപ്പിടിച്ചു കിടന്നു മീനുവും എപ്പോഴോ ഉറക്കിലേക്ക് വീണു…..കണ്ണ് തുറന്ന പാടെ മീനുനെ കൂടെ കണ്ട മോൾ അവളെ ഉണർത്താൻ വേണ്ടിഎന്ന പോലെ അവളെ മുഖത്ത് ഒക്കെ തൊട്ടും തലോടിയും ഉമ്മ വെക്കലും ഒക്കെ ആയപ്പോൾ ആണ് മീനു കണ്ണ് തുറന്നത്….പതിവില്ലാതെ എന്തോ ക്ഷീണം അവളെ അലട്ടിയിരുന്നു…. അവൾ ക്ഷീണത്തോടെ കണ്ണ് തുറന്നു മോളെ കയ്യിൽ എടുത്തു…..

“മോളെ കൂടെ കൂട്ടിന് കിടന്നതാ അമ്മ ഉറങ്ങി പോയി….”

അവൾ സ്വയം പറഞ്ഞു മോളെയും കൊണ്ട് താഴേക്ക് ചെന്നു….

എബി രാത്രി കയറി വരുമ്പോ തന്നെ കേട്ടത് മോളെ ചിരി കേട്ടാണ്…. അവന്റെ ചുണ്ടിലും അത് കേട്ട് ഒരു പുഞ്ചിരി വിരിഞ്ഞു…..അവൻ മോളെ ചിരി കേട്ടടുത്തേക്ക് നടന്നതും മീനു മോളെ കൂടെ കളിക്കുന്നതാണ് കണ്ടത്…. എബിയെ കണ്ടതും മീനു എണീറ്റ് നിന്നു…. മോൾ പപ്പാ എന്നും വിളിച്ചു എബിയുടെ അടുത്തേക്ക് ഓടിയതും എബി മോളെയും എടുത്തു മുറിയിലേക്ക് നടന്നു…..

“അമ്മേ അദ്ദേഹത്തിന് കുടിക്കാൻ…..”

“അവന് ഇനി കുളി ഒക്കെ കഴിഞ്ഞു ഭക്ഷണം മതി…..”

“മ്മ്….”

മീനുവും അവർക്കൊപ്പം ചേർന്ന് ഫുഡ്‌ ഉണ്ടാക്കാൻ തുടങ്ങി….വെറുതെ ഇരിക്കാൻ അവളെ കൊണ്ട് പറ്റാത്ത പോലെ…..!
ഫുഡ്‌ സെർവ് ചെയ്തതും അവൾ ആയിരുന്നു…..

“മോൾ വാ ഫുഡ്‌ അമ്മ തരാം…..”

മീനു മോളെ എബിയുടെ കയ്യിൽ നിന്നും വാങ്ങാൻ കയ് നീട്ടി….!

“ഞാൻ ഉള്ളപ്പോൾ മോളെ കാര്യം ഞാൻ നോക്കിക്കോളാം…..”

അത് മീനുനെ വിഷമിപ്പിച്ചെങ്കിലും അവൾ പുഞ്ചിരിയോടെ പിന്മാറി…. ജന്മം നൽകിയ അമ്മയ്ക്ക് മാത്രമേ എല്ലാറ്റിനും ഉള്ള അവകാശം ഉള്ളൂ…..!

“മോനെ…..”

കിച്ചണിൽ നിന്നും എന്തോ സൗണ്ട് കേട്ടതും ഒപ്പം ആ വിളി കൂടി കേട്ടതും എബിയും അമ്മയും കിച്ചണിലേക്ക് ഓടി…..

“എന്താ ചേച്ചി…..”

താഴെ വീണു കിടക്കുന്ന മീനുനെ കണ്ടതും എബി മോളെ അമ്മയുടെ കയ്യിൽ കൊടുത്തു മീനുവിന്റെ അടുത്തായി ഇരുന്നു….

“മീനാക്ഷി…..”

എബി വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല…..

“ചേച്ചി കുറച്ച് വെള്ളം ഇങ്ങ് എടുക്ക്…..”

അവളുടെ മുഖത്ത് വെള്ളം തളിച്ചതും മീനു പതിയെ കണ്ണുകൾ തുറന്നു…. എബി അവളെ കയ്യിൽ പിടിച്ചു പൾസ് ഒന്ന് നോക്കി….കൺപീലികൾ താഴ്ത്തി കണ്ണുകളിലേക്ക് നോക്കിയതും മീനു എബിയെ തന്നെ നോക്കുകയായിരുന്നു…..

“എന്താ മോനെ…..”

“അതെ അമ്മേ ഇവൾ ഗർഭിണി ആണ്……”

മീനുവും ഒരു നടുക്കത്തോടെ ആ സത്യം തിരിച്ചറിയുകയായിരുന്നു……!!

തുടരും…