19/04/2026

സാഫല്യം : ഭാഗം 10

രചന – അജി

എബിയുടെ തിരിച്ചു വരവ് കണ്ടപ്പോൾ ആണ് മീനുവിന് ആശ്വാസം ആയത്…. അവൾ അവനരികിലേക്ക് ചെന്ന് അവനെ നോക്കി പുഞ്ചിരിച്ചു….!

“നീ പേടിക്കേണ്ട ഇനി ആരും നിന്റെ ജീവിതത്തിലേക്ക് ഒരു ശല്യം ആയി വരില്ല…..”

“പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ അല്ലെ….”

“ഇല്ല…. ഞങ്ങൾ രണ്ട് പേരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവരുത് എന്നല്ലേ നിന്റെ ആഗ്രഹം…..”

അവൾ അതെ എന്ന പോലെ അവനെ നോക്കി തലയാട്ടി…..!അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു…..!!

“ഞാൻ കഴിക്കാൻ എടുത്തു വെക്കാം….”

“നീയും കഴിച്ചു കാണില്ലല്ലോ,,,,നമുക്ക് ഒരുമിച്ച് കഴിക്കാം….”

അവൾ അത് കേട്ട് സ്തംഭിച്ച പോലെ നിന്നു…..!

“എന്താ….?!!”

അവളെ നിൽപ് കണ്ട് അവൻ ചോദിച്ചു…. അത് കേട്ട് അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി കിച്ചണിലേക്ക് നടന്നു….

അവൻ ഫ്രഷ് ആയി വന്ന് ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുന്നതും മീനു എല്ലാം അവന്റെ മുന്നിൽ എടുത്തു വെച്ച് മാറി നിന്നു…..!

“ഡോക്ടർ കഴിച്ചിട്ട് ഞാൻ കഴിച്ചോളാം…..”

“എന്താ എന്റെ കൂടെ ഇരിക്കാൻ പേടിയാണോ……?!!”

“അതല്ല…. ഞാൻ എങ്ങനെയാ ഡോക്ടറുടെ കൂടെ ഒക്കെ…..”

“നീ ഇവിടുത്തെ അടുക്കളക്കാരിയല്ല എന്റെ ഭാര്യ ആണ് മീനു…..”

അവൻ ദേഷ്യത്തോടെ പറഞ്ഞതും മീനു പേടിച്ച പോലെ അവനരികിൽ ഉള്ള ചെയറിൽ ഇരുന്നു…..അവൾക്ക് മുന്നിൽ ആയി പ്ലേറ്റ് എടുത്തു വെച്ച് അവൻ അതിൽ ഫുഡ്‌ എടുത്തു വെച്ചതും മീനു കഴിക്കാൻ തുടങ്ങി…..!

“നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ…..”

“അത്….”

“നോക്ക് മീനു നീ എന്റെ ഭാര്യ ആണ്….നമ്മുടെ മക്കളുടെ അമ്മയാണ്…. അവർ വളർന്നു വരുമ്പോ നമ്മുടെ കഴിഞ്ഞ കാലത്തെ പറ്റി ഒന്നും അറിയരുത്….. നമ്മുടെ ഈ അകൽച്ച പോലും അവരെ ഒരിക്കലും ബാധിക്കരുത്….എന്നെ പേടിച്ചും എന്നിൽ നിന്ന് അകന്നും നീ കഴിയുന്നത് നമ്മുടെ മക്കൾക്ക് തന്നെയാ ദോഷം….”

“എനിക്കറിയാം…. പക്ഷെ ഡോക്ടറുടെ കൂടെ നിൽക്കാൻ ഉള്ള യോഗ്യത പോലും ഇല്ലാത്ത ഞാൻ എങ്ങനെയാ…..”

“ആര് പറഞ്ഞു നിനക്ക് അതിനുള്ള യോഗ്യത ഇല്ലെന്ന്…..നിനക്ക് മാത്രമേ ഇപ്പോൾ അതിനുള്ള യോഗ്യത ഉള്ളൂ….”

അവൾ ഒന്നും മിണ്ടാൻ ആവാതെ ഇരുന്നു…..

“കഴിക്ക്…..”

അവൻ ഓർമിപ്പിച്ചതും അവൾ അനുസരണയോടെ കഴിക്കാൻ തുടങ്ങി….!

പ്ലേറ്റ് എടുത്തു മീനു കിച്ചണിലേക്ക് നടന്നതും പിന്നാലെ അവനും ചെന്നു….

“ഞാൻ ഹെല്പ് ചെയ്യണോ…..”

“ഏയ്‌ വേണ്ട ഡോക്ടർ പോയി കിടന്നോ…..”

“മ്മ്…. ശരി…..”

അവൻ അതും പറഞ്ഞു മുറിയിലേക്ക് നടന്നു…..അവളോടൊപ്പം പുതിയൊരു ജീവിതം തുടങ്ങാൻ താൻ ആഗ്രഹിക്കുന്നുണ്ട്….എങ്ങനെ അവളോട് അത് തുറന്നു പറയും എന്ന വിഷമത്തിൽ ആയിരുന്നു അവൻ….!

മീനു ലേറ്റ് ഓഫ് ചെയ്തു മുറിയിലേക്ക് പോവുന്നത് അവൻ അറിയുന്നുണ്ടായിരുന്നു….താൻ തന്നെയാണ് അവളെ മറ്റൊരു മുറിയിലേക്ക് പറഞ്ഞു വിട്ടത്….അവളും മക്കളും തന്നോടൊപ്പം തന്നെ ചുറ്റി പിടിച്ചു കിടക്കണം…. ആ നിമിഷങ്ങൾ ഒക്കെ ഓർത്തു അവൻ ഒരു പുഞ്ചിരിയോടെ കിടന്നു…..!!

&&&&&&&&&&&&&&

മൂക്കറ്റം മദ്യപിച്ചാണ് ദേവൻ വീട്ടിലേക്ക് കയറി വന്നത്…. ഡോർ തുറന്ന കല്യാണി ദേവന്റെ ആടി കുഴഞ്ഞുള്ള നിൽപ് കണ്ട് അരിശത്തോടെ നിന്നു…..!

“ഇനി ഇതിന്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ…. വേണെങ്കിൽ തനിയെ അകത്തു കേറിക്കോ….”

കല്യാണി അതും പറഞ്ഞു അരിശത്തോടെ തന്നെ മുറിയിലേക്ക് നടന്നു…. ദേവൻ അവൾക്ക് പിന്നാലെ മുറിയിലേക്ക് ചെന്ന് ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു….!

“ഇങ്ങനെ ബെഡ് മുഴുവൻ കേറി കിടന്നാൽ ഞാൻ എവിടെ കിടക്കും….”

അതൊന്നും കേൾക്കാതെ അവൻ അതെ കിടപ്പ് ആയിരുന്നു….!

കല്യാണി പല്ല് ഞെരിച്ചു കൊണ്ട് ദേവനെ പിടിച്ചു മാറ്റി അവന്റെ അടുത്തായി കിടന്നു…..!

“മീനു….”

അവൻ വെളിവ് ഇല്ലാതെ വിളിക്കുന്നത് കേട്ട് കല്യാണി ചാടി എണീറ്റു അവനെ നോക്കി….!

“ഓഹ്,,,,അപ്പൊ അവൾക്ക് വേണ്ടിയാ കുടിച്ചു നാല് കാലിൽ വന്നത് അല്ലെ….മനസ്സിൽ ഇരിപ്പ് കൊള്ളാം….,”

കല്യാണി അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…..!

“എനിക്ക് നിന്നെയും നമ്മുടെ മോനെയും വേണം മീനു…. നിന്നെ വേദനിപ്പിച്ചതിനൊക്കെ നിന്നെ ഞാൻ സ്നേഹിക്കും…. എനിക്ക് നീ ഇല്ലാതെ പറ്റില്ല….”

കല്യാണിക്ക് അവൻ വിളിച്ചു പറയുന്നത് കേൾക്കും തോറും ദേഷ്യം അരിച്ചു കയറുകയായിരുന്നു…..!

“അവൾ കിട്ടിയ സുഖ ജീവിതം കളഞ്ഞു നിങ്ങടെ കൂടെ വരാൻ കാത്തിരിക്കല്ലേ…..”

അവൾ അവനോട് ദേഷ്യത്തോടെ പറയുന്നത് ഒന്നും അവൻ കേൾക്കുന്നുണ്ടായില്ല….!
“നീ എന്നോട് പൊറുക്കണം മീനു….നിന്നെ ഞാൻ ഇനി ഒരിക്കലും ശല്യം ചെയ്യാൻ വരില്ല….”

അപ്പൊ മനസ് മുഴുവൻ ഇപ്പൊ അവൾ ആണല്ലേ….ഇപ്പൊ നിങ്ങളോട് ഇതിനുള്ള മറുപടി പറഞിട്ട് കാര്യം ഇല്ല…. നാളെ തരാം എന്ന ചിന്തയോടെ അവൾ ഫോൺ എടുത്തു എല്ലാം അതിൽ റെക്കോർഡ് ചെയ്തു…..!

കാലത്ത് എണീറ്റ ദേവനെ കാത്ത് കല്യാണി നിൽപുണ്ടായിരുന്നു…..

“ഇന്നലെ എങ്ങനെയാ ഇങ്ങോട്ട് വന്നത് എന്ന് വല്ല ഓർമയും ഉണ്ടോ…..?!!”

“അത് ഞാൻ കുറച്ച്…..”

“കുറച്ചോ…. വെളിവ് ഇല്ലാതെ നാല് കാലിലാ ഇങ്ങോട്ട് വന്നത്….”

അതിന് ദേവൻ പ്രതികരിക്കാൻ നിന്നില്ല…. എല്ലാം അവന് അറിയാം…..!

“വെളിവ് ഇല്ലാതെ ഓരോന്ന് വിളിച്ചു പറയുമ്പോൾ അല്ലെ ആർക്ക് വേണ്ടിയാ എന്തിന് വേണ്ടിയാ എന്നൊക്കെ മനസ്സിൽ ആയത്…..”

“നിനക്ക് എന്ത് മനസ്സിൽ ആയെന്നാ പറയുന്നത്….”

“അത് ഇനി ഞാൻ പ്രത്യേകിച്ച് പറയണോ….ദേവന്റെ മനസ്സിൽ ഇപ്പോഴും ആ മീനാക്ഷി ആണല്ലേ…. അല്ല അവളെ തിരിച്ചു വേണം എന്നൊക്കെ പറയുന്നത് കേട്ടല്ലോ…. ദേവൻ വിളിച്ചാൽ അവൾ കൂടെ വരുവോ…..”
“ദേ നീ ആവശ്യം ഇല്ലാത്തത് വിളിച്ചു പറയരുത്…..”

“ഞാൻ അല്ല ദേവനാ ഇന്നലെ ആവശ്യം ഇല്ലാത്തതൊക്കെ വിളിച്ചു പറഞ്ഞത്…. അത് കൊണ്ട് ദേവന്റെ മനസ്സിൽ ഇരിപ്പ് എനിക്ക് മനസ്സിൽ ആക്കാൻ പറ്റി…. മതിയായിട്ട് ഉപേക്ഷിച്ചത് അല്ലെ എന്നിട്ടും ഇപ്പോഴും ഓർക്കാൻ മാത്രം അവൾക്ക് എന്ത് പ്രത്യേകതയാ ഉള്ളത്…..”

“കല്യാണി നിന്നോട് ഞാൻ പറഞ്ഞു വേണ്ടാത്തത് പറയരുത് എന്ന്…..”

“ദേവൻ ഇങ്ങനെ ഒക്കെ തന്നെയാ പറയൂ എന്ന് എനിക്ക് അറിയാം ആയിരുന്നു…. അത് കൊണ്ട് ഞാൻ തെളിവ് സഹിതം ദേവന് മനസ്സിൽ ആക്കി തരാം…..”

കല്യാണി റെക്കോർഡിങ് വിഡിയോ പ്ലെ ചെയ്തു ദേവന് മുന്നിൽ കാണിച്ചു….. അവൻ മീനുവിനെ പറ്റി പറയുന്നത് ഒക്കെ കേട്ട് അവൻ ഒന്നും മിണ്ടാൻ ആവാതെ നിന്നു…..!

“ഒരാണും ആദ്യം അനുഭവിച്ച പെണ്ണിനെ അത്ര പെട്ടെന്ന് ഒന്നും മറക്കാൻ പറ്റില്ലെന്ന് പറയുന്നത് ശരിയാ അല്ലെ…. ദേവന്റെ മനസ്സിൽ അതാവും ഇപ്പോഴും അവൾ നിറഞ്ഞു നിൽക്കുന്നത്…..”

“ശരിയാ എന്റെ മനസ്സിൽ ഇപ്പോ അവൾ മാത്രമേ ഉള്ളൂ….അവളെ നഷ്ടപ്പെടുത്തിയത് ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുവാ…..”
“ഹ്മ്മ്…. ദേവൻ ഇപ്പൊ എന്റെ ഭർത്താവ് ആണ്…. അവൾ വേറൊരുത്തന്റെ ഭാര്യയും…. അത് ഓർത്താൽ കൊള്ളാം…..”

ദേവൻ അതൊന്നും മൈൻഡ് ചെയ്യാതെ ഇറങ്ങി….!

“ഇന്നും നാല് കാലിൽ വരാൻ ഉള്ള ഉദ്ദേശം ആണോ…..”

“ഞാൻ എന്റെ വീട്ടിൽ എനിക്ക് തോന്നുന്നത് പോലെ വരും….”

എന്നും പറഞ്ഞു അവൻ പോവുന്നത് അവൾ വിഷമത്തോടെ തന്നെ നോക്കി നിന്നു…..!

എന്നും ദേവന്റെ വരവ് അങ്ങനെ തന്നെ ആയിരുന്നു…. അത് കല്യാണിക്ക് സഹിക്കാൻ ആവുന്നതിലും അപ്പുറം ആയിരുന്നു…..

“എന്താ ദേവന്റെ ഉദ്ദേശം…..?!!”

“എനിക്ക് അങ്ങനെ പല ഉദ്ദേശവും ഉണ്ട്…. അതൊന്നും നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല….”

“ഇങ്ങനെ കുടിച്ചു വീട്ടിലേക്ക് വരുന്നതെങ്കിലും നിർത്തിക്കൂടെ…..”

“നിനക്ക് അത് ഇഷ്ടം അല്ലെങ്കിൽ നീ നിന്റെ വഴിക്ക് പോയിക്കോ…. എനിക്ക് ഇങ്ങനെയൊക്കെയേ പറ്റൂ…..”

കല്യാണി അരിശത്തോടെ ദേവനെ നോക്കി….

“ദേവൻ എന്തിനാ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നത്…. ആർക്ക് വേണ്ടിയാ…. ഇനിയുള്ള ലൈഫ് ഹാപ്പി ആയി ജീവിച്ചൂടെ…..”

“നിന്റെ കൂടെയല്ലേ….അതിനേക്കാൾ ബേധം ഇത് തന്നെയാ…..”

“അപ്പൊ എല്ലാം എന്നെ തളർത്താൻ വേണ്ടി ആണല്ലേ….അതിന് മാത്രം ഞാൻ എന്ത് തെറ്റാ ദേവനോട് ചെയ്തത്…..ഞാൻ ആയിട്ട് ദേവന്റെ ലൈഫിലേക്ക് വന്നത് ഒന്നും അല്ലല്ലോ…. ദേവൻ എന്നെ വിവാഹം ചെയ്തു കൊണ്ട് വന്നതല്ലേ…..”

“അത് തന്നെയാ എനിക്ക് പറ്റിയ തെറ്റ്….”

അത് കേട്ടതും കല്യാണിയുടെ കണ്ണുകൾ നിറഞ്ഞു…..!

“ഇപ്പൊ എന്താ ദേവന് വേണ്ടത്…. ഞാൻ ദേവന്റെ ലൈഫിൽ നിന്നും ഇറങ്ങി പോണോ….”

“അത് തന്നെയാ എനിക്ക് വേണ്ടത്….”

“ഹ്മ്മ്,,,,ഞാൻ പോയാൽ ദേവൻ എങ്ങനെ ജീവിക്കും….. മീനാക്ഷി സഹതാപം കൊണ്ട് കൂടെ വരും എന്നാവും ദേവൻ കരുതുന്നത് അല്ലെ….”

“ഞാൻ എങ്ങനെ എങ്കിലും ജീവിച്ചോളാം അതോർത്തു നീ വിഷമിക്കേണ്ട…. ഒരു കുഞിന് വേണ്ടിയാ നിന്നെ ഞാൻ വിവാഹം ചെയ്തത്…. ആ നീ ഇങ്ങനെ ഒന്നിനും കൊള്ളാതെ എന്റെ കൂടെ ജീവിക്കുന്നതിന്റെ കുറച്ചിൽ എനിക്കാണ്….”

“മനസ്സിൽ ആയി ദേവൻ പറയുന്നത്…. ദേവന് ഒരു കുഞിനെ ആണ് വേണ്ടത് എങ്കിൽ ഞാൻ അതിന് തയാർ ആണ്…. എന്റെ ജീവൻ അതോടെ നിലക്കും എങ്കിൽ എനിക്ക് അതിന് വിഷമം ഒന്നും ഇല്ല….”

“അതിന് വേണ്ടി നീ റിസ്ക് എടുക്കേണ്ട കാര്യം ഇല്ല…. നിന്നെ എനിക്കിപ്പോ പഴയ പോലെ സ്നേഹിക്കാനും പറ്റില്ല….നിന്റെ ഈ ശരീരം കാണുമ്പോൾ എനിക്ക് ഇപ്പൊ വെറുപ്പാ…..”

അവൾ വിഷമത്തോടെ ദേവനെ നോക്കി എങ്കിലും അവൻ പുച്ഛിച്ചു…..!

“സൗന്ദര്യം എന്ന് പറയുന്നത് എന്നും നില നിൽക്കണം എന്നില്ല ദേവൻ….അബോർഷനും ഡെലിവറിയും ഒക്കെ ആയി കുറെ അധികം മെഡിസിൻ എനിക്ക് കഴിക്കേണ്ടി വന്നു…..ഒരു തരത്തിൽ അതിന് കാരണക്കാരൻ ദേവൻ തന്നെയല്ലേ…..”

“ഒരു കുഞിന്റെ അമ്മ ആയിട്ടും മീനു പഴയതിനേക്കാൾ സുന്ദരിയായിട്ടാ എനിക്ക് തോന്നിയത്….നീ മാത്രം എന്താ പിന്നെ ഇങ്ങനെ…..,”

“അത് ദേവന്റെ പരാജയം…. അവളെ ആ ഡോക്ടർക്ക് വിധിച്ചതാ…. നാണം ഇല്ലേ പഴയ ഭാര്യയുടെ സൗന്ദര്യം നോക്കി നടക്കാൻ…..”

“എനിക്ക് അതിന് നാണിക്കേണ്ട ഒരു കാര്യവും ഇല്ല…. അവളോടൊപ്പം ചിലവിട്ട നിമിഷങ്ങൾ മാത്രമേ ഇപ്പൊ എന്റെ മനസ്സിൽ ഉള്ളൂ…. ഈ ജന്മം അവളെ എനിക്ക് മറക്കാനും പറ്റില്ല….”

“അപ്പൊ ഞാൻ ഇനി എന്ത് ചെയ്യണം എന്നാ പറയുന്നത്….അത് കൂടി പറ…..”

“അത് നിന്റെ ഇഷ്ടം….”

ദേവൻ യാതൊരു മനസാക്ഷിയും ഇല്ലാതെ പറഞ്ഞതും അവൾ കണ്ണീരോടെ അവിടെ ഇരുന്നു….!

ഓരോ ദിവസവും അവൾ പ്രതീക്ഷയോടെ കഴിച്ചു കൂട്ടി എങ്കിലും ദേവൻ അവളിൽ നിന്ന് അകലം പാലിച്ചു നടന്നു…..!!

എല്ലാം എന്റെ തെറ്റ് തന്നെയാണ്….ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് തന്നെ വിട്ടു പോയപ്പോൾ തനിക്ക് ഇനിയും കിട്ടാൻ ഇരിക്കുന്ന ജീവിതത്തെ പറ്റിയാണ് ചിന്തിച്ചത്….അതിന് തടസ്സം ആയി വരരുതെന്ന ആഗ്രഹത്തോടെ തന്റെ വയറ്റിൽ ഉള്ള ആ ജീവന്റെ തുടിപ്പിനെ കൊന്ന് കളഞ്ഞു…..എന്നിട്ട് തനിക്ക് നല്ലൊരു ജീവിതം കിട്ടിയോ…. തന്നെ ഒരിക്കലും വേണ്ടെന്ന് മുഖത്ത് നോക്കി പറയുന്ന ഭർത്താവ്….തനിക്ക് ഒരു കുഞിന് ഇനി ഒരിക്കലും ജന്മം കൊടുക്കാൻ ആവില്ല….!

എന്തിന് വേണ്ടി ആയിരുന്നു എല്ലാം…. ഇനിയുള്ള കാലം പ്രിയപ്പെട്ടവന്റെ കുഞിനെ സ്നേഹിച്ചു ജീവിക്കുന്നതിന് പകരം ഞാൻ എന്താ ചെയ്തത്….. ഒന്നും വേണ്ടായിരുന്നു….!

അവളുടെ കണ്ണുകൾ ഇന്ന് നിറയുന്നത് ആ ഭർത്താവിനും കുഞിനും വേണ്ടി ആയിരുന്നു…..!!

&&&&&&&&&&&&&&&

മോളെ വാശിക്ക് മുന്നിൽ എബി മീനുന്റെ മുറിയിൽ ആയിരുന്നു കിടന്നത്…. അവന്റെ നോട്ടം മുഴുവൻ ഉറങ്ങി കിടക്കുന്ന മീനുവിനെയാണ്….!

അവളുടെ കഴുത്തിൽ ആയി മറുക് കണ്ടതും ദേവന്റെ വാക്കുകൾ ആയിരുന്നു അവൻ ഓർത്തത്…..അന്ന് മീനു അവന്റേതായിരുന്നു…..എന്നിട്ടും അവന് അത് സഹിക്കാൻ ആവാത്ത പോലെ….!

അവളെ അറിയാൻ തന്റെ മനസ് ഇന്ന് ആഗ്രഹിക്കുന്നു….പക്ഷെ അവൾ ഒരിക്കലും അത് അംഗീകരിക്കില്ല….അവൻ ഉറക്കം ഇല്ലാതെ മുറിയിൽ വന്ന് കിടന്നു…..!

കാലത്ത് തന്നെ പോവാൻ റെഡി ആവുമ്പോ ആണ് അമ്മ അവനരികിലേക്ക് വന്നത്…..

“അമ്മയെന്താ പതിവില്ലാതെ…. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിലെ അമ്മ ഇങ്ങനെ വരാറുള്ളൂ എന്ന് എനിക്കറിയാം…..”

“എന്താ നിന്റെ ഉദ്ദേശം…..?!!”

“എനിക്കെന്ത് ഉദ്ദേശം….?!!”

“നീ കെട്ടി കൊണ്ട് വന്ന പെണ്ണിന്റെ കാര്യവാ ഞാൻ ചോദിച്ചത്…..”

“മീനുന്റെ കാര്യം ആണോ…. അവൾക്ക് എന്ത് പറ്റി….”

“അവൾക്ക് ഒന്നും പറ്റിയിട്ടില്ല….”

“പിന്നെന്താ പ്രശ്നം…..”

“നീ മീനുനെ നിന്റെ മോളെ അമ്മയായിട്ടാ കൊണ്ട് വന്നത്…. പക്ഷെ ഇന്നവൾ അവളുടെ ആദ്യ ഭർത്താവിന്റെ കുഞിന്റെ അമ്മയാണ്….അവനാണെങ്കിൽ ആ രണ്ട് അവകാശവും പറഞ്ഞു ഇടക്ക് ഇങ്ങോട്ട് വരാറും ഉണ്ട്…..”

“അമ്മ പേടിക്കേണ്ട ഇനി അവൻ ഈ വഴിക്ക് വരില്ല…. വന്നാൽ എന്താ ഉണ്ടാവുക എന്ന് അവനറിയാം…..”

“നീ അവനെ ഭീഷണിപ്പെടുത്തി എന്ന് കരുതി അവൻ കുറച്ച് ദിവസം മാറി നിൽക്കുമായിരിക്കും…. പക്ഷെ അവൻ എന്നന്നേക്കും ആയി അവളെ ഉപേക്ഷിക്കും എന്ന് എനിക്ക് തോന്നുന്നില്ല….”

“അവൻ വന്നാലും മീനു എന്നെയും മോളെയും വിട്ടു പോവും എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ…..”

“ഈ വിശ്വാസം പത്ത് മുപ്പത് കൊല്ലങ്ങൾക്ക് മുൻപ് എനിക്കും ഉണ്ടായിരുന്നു….പക്ഷെ കയ്കുഞ് ആയ നിന്നെയും എന്നെയും ഉപേക്ഷിച്ചു നിന്റെ അച്ഛൻ മറ്റൊരു പെണ്ണിന്റെ കൂടെ പോയപ്പോഴാണ് ഞാൻ അറിയുന്നത് എന്റെ വിശ്വാസം ഒക്കെ തെറ്റായിരുന്നു എന്ന്….”
എബി വിഷമത്തോടെ അമ്മയ്‌ക്കരികിൽ വന്നിരുന്നു….

“പക്ഷെ എന്റെ അമ്മ അത് കൊണ്ടൊന്നും തോറ്റില്ലല്ലോ,,,,,ഒരാളുടെ സഹായവും ഇല്ലാതെ എന്നെ വളർത്തി പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കിയില്ലേ….”

“ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്നതെല്ലാം തരണം ചെയ്താ അമ്മ ഇവിടം വരെ എത്തിയത്…..എന്നാൽ ഇപ്പൊ എന്റെ മോന്റെ ജീവിതം കൂടി അങ്ങനെ ആയി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല മോനെ….”

“അതിന് മാത്രം ഇപ്പൊ എന്താ ഉണ്ടായത്…. ഇപ്പൊ എന്റെ ജീവിതം ഹാപ്പി ആണ് അത് അമ്മയ്ക്കും അറിയില്ലേ….”

“അത് താത്കാലികമാകരുത് എന്നാ ഈ അമ്മ പറയുന്നത്….”

എബി അമ്മ പറയുന്നത് ഒന്നും മനസ്സിൽ ആവാതെ ഇരുന്നു…..

“നിന്നെയും ചിന്നു മോളെയും ഉപേക്ഷിച്ചു സാന്ദ്ര പോയപ്പോൾ ഞാൻ തകർന്ന് പോയതാ…. എന്റെ അതെ അവസ്ഥ നിനക്ക് വരുമോ എന്നോർത്ത്…. അത് കൊണ്ട് മാത്രമാ മോൾക്ക് വേണ്ടി ആണെന്ന് പറഞ്ഞു നിന്നെ ഞാൻ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത്…. പക്ഷെ അവിടെയും എനിക്ക് പിഴച്ചു… മീനു ഗർഭിണി ആണെന്ന് കേട്ടപ്പോൾ എന്ത് ചെയ്യണം എന്ന് എനിക്ക് തന്നെ ചിന്തിക്കാൻ വയ്യായിരുന്നു…. പക്ഷെ നീ അവളെ കരുതലോടെ നോക്കുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് സന്തോഷം ആയി…. അത് കൊണ്ടെങ്കിലും എന്റെ മോൻ അവളോട് അടുത്തല്ലോ…. എല്ലാം ശരിയാവും എന്ന് കരുതി ഞാൻ കാത്തിരുന്നു…. പക്ഷെ ഇപ്പോഴും നിങ്ങൾ അന്യരായാണ് കഴിയുന്നത്…. അത് ഇനിയും നിന്റെ ജീവിതത്തെ ഒറ്റപെടുത്തുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കരുത്…..”

“മീനു സാന്ദ്രയെ പോലെ അല്ലെന്ന് അമ്മയ്ക്ക് അറിയില്ലേ…. ഒരുപാട് വിഷമങ്ങൾ അനുഭവിച്ചാണ് അവൾ എന്റെ ജീവിതത്തിലേക്ക് വന്നത്…. അത് കൊണ്ട് ഒരാളെയും മനസറിഞ്ഞു വേദനിപ്പിക്കാൻ അവൾക്ക് കഴിയില്ല….”

“പക്ഷെ അവൾ വേറൊരുത്തന്റെ ഭാര്യ ആയിരുന്നു… അവന്റെ കുഞ് ആണ് അവളോടൊപ്പം ഉള്ളത്…. ആ പേരും പറഞ്ഞു അയാൾ ഇങ്ങോട്ട് വരാറും ഉണ്ട്…. അവൾ അഞ്ച് വർഷകാലം കഴിഞ്ഞത് അവനോടൊപ്പം ആണ്….ഏതെങ്കിലും ഒരു സാഹചര്യത്തിൽ അവൾ അവനോടൊപ്പം ഇറങ്ങി പോവില്ലെന്ന് ഉറപ്പ് പറയാൻ ആവില്ല….”

“മീനു ഒരിക്കലും അങ്ങനെ ചെയ്യില്ല ആ ഉറപ്പ് എനിക്കുണ്ട്…..”

“ആ ഉറപ്പിന് വേണ്ടിയ അമ്മ പറയുന്നത് നീയും മീനുവും ഭാര്യാ ഭർത്താക്കന്മാർ ആയി മക്കളെ മുന്നിൽ ജീവിച്ചാൽ പോരാ…. യഥാർത്ഥത്തിലും അങ്ങനെ ജീവിക്കണം…. നിങ്ങൾക്ക് രണ്ടാൾക്കും ആയി ഒരു കുഞ് കൂടി ഉണ്ടാവണം….”

“അത്…. അമ്മേ… മീനു…. അവൾ ഇപ്പോഴും ഈ ജീവിതവും ആയി പൊരുത്തപ്പെട്ടിട്ടില്ലെന്നാ എനിക്ക് തോന്നുന്നത്….”

“അതിന് വേണ്ടി കാത്തിരുന്നാൽ അവളെ നിനക്ക് നഷ്ടപ്പെടും…. അത് കൊണ്ടാ ഈ അമ്മ പറയുന്നത്…..”
“ഒരിക്കൽ സാന്ദ്രയുടെ മനസിൽ മറ്റൊരാൾ ആണെന്ന് അറിഞിട്ടും ഒരുമിച്ചുള്ള ജീവിതത്തിൽ അവൾ എല്ലാം മറക്കും എന്ന് കരുതി….. പക്ഷെ ഒരു മോളെ തന്നിട്ട് അവൾ അവളെ വഴിക്ക് പോയി…. അതിനേക്കാൾ ഒക്കെ ബേധം ഇങ്ങനെ ജീവിക്കുന്നത് അല്ലെ അമ്മേ…..”

“ഈ അമ്മ വെറുതെ ഒന്നും പറയില്ല…. മനസ് മാത്രം ഒന്നായാൽ അതിന്റെ താളപിഴകൾ എല്ലാം മാറ്റി മറിക്കും…. ഏതെങ്കിലും ഒരു ദുർ നിമിഷം മതി മാറി ചിന്തിക്കാൻ….”
എബി എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ഇരുന്നു….!

“മോൻ വിഷമിക്കേണ്ട…. മീനു അങ്ങനെ ഒരു പെണ്ണെല്ലന്ന് നിന്നെ പോലെ എനിക്കും അറിയാം….പക്ഷെ സാഹചര്യം ആണ് മനുഷ്യരെ കൊണ്ട് ചില തീരുമാനങ്ങൾ എടുപ്പിക്കുന്നത്…..”

“മ്മ്…. എനിക്ക് മനസ്സിൽ ആവും അമ്മ പറയുന്നതെല്ലാം…..”

“ഇനിയെങ്കിലും നിങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങണം…..”

“മ്മ്….”

അമ്മ ഇറങ്ങിയതും അവൻ അവളോടൊപ്പം ഉള്ള പുതിയ ജീവിതത്തിന്റെ ചിന്തകളിൽ ആയിരുന്നു…..!

“മക്കൾ ഉറങ്ങുന്നതിനു മുന്നേ വരോ….”

ഇറങ്ങാൻ നേരം ആണ് മീനു അവനോടായി ചോദിച്ചത്…. അതിനവൻ പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി….

“വരണോ….”

“പിന്നെ വേണ്ടേ…. മക്കൾക്ക് അല്ലെങ്കിൽ അച്ഛനെ തിരിച്ചറിയാതെ പോവും…..”

“ഭാര്യയ്ക്കും അങ്ങനെ ആവോ…..?!!”

അതിന് മീനു ഒന്നും മിണ്ടാൻ ആവാതെ നിന്നു….!

“എന്റെ മീനു പറഞ്ഞതല്ലേ എന്തായാലും ഞാൻ നേരത്തെ വരാം….”

“മ്മ്….”

അവൾ ഒരു പുഞ്ചിരിയോടെ മൂളി….!

ഹോസ്പിറ്റലിലും അവൻ മീനുനെ കുറിച്ചുള്ള ചിന്തകളിൽ ആയിരുന്നു….അവളെ ഓർക്കും തോറും അവന്റെ ചുണ്ടിൽ മായാത്ത പുഞ്ചിരി ഉണ്ടായിരുന്നു…..!

&&&&&&&&&&&&&&&

മീനു മക്കളെ ഒരുമിച്ചിരുത്തി അവരെ ഫുഡ്‌ കഴിപ്പിക്കുമ്പോൾ ആണ് കാളിംഗ് ബെൽ മുഴങ്ങിയത്….!

“ഞാൻ നോക്കാം…. നീ അവിടെ ഇരുന്നോ….”

അമ്മ അതും പറഞ്ഞു ഡോർ ഓപ്പൺ ചെയ്യാൻ പോയതും മീനു അത് സമ്മതിച്ചു കൊണ്ട് മക്കളെ അടുത്ത് തന്നെ ഇരുന്നു….!

ഡോർ തുറന്നതും അവർ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി തരിച്ചു നിന്നു…..!

“സാന്ദ്ര….”

“അപ്പൊ എന്നെ മറന്നില്ല അല്ലേ….”

അവൾ ഒരു ചിരിയോടെ പറഞ്ഞു…..!

“നീ,,,,, നീ എന്താ ഇവിടെ…..?!!”

“അതെന്ത് ചോദ്യമാ അമ്മേ…. അമ്മയുടെ മകന്റെ ഭാര്യ അല്ലെ ഞാൻ…. അത് കൂടാതെ എന്റെ മകൾ ഇവിടെ അല്ലെ ഉള്ളത്….. പറയും പോലെ എന്റെ മോൾ എവിടെ…..?!!”

എന്നും ചോദിച്ചു അവൾ അകത്തു കയറി…. അമ്മ എന്ത് ചെയ്യണം എന്ന് അറിയാതെ അതെ നിൽപ് ആയിരുന്നു….!

“മോളെ….”

എന്നും വിളിച്ചു അവൾ ചിന്നു മോളെ അടുത്ത് ചെന്നത് കണ്ട് മീനു ഒന്നും മനസ്സിൽ ആവാതെ അമ്മയെ നോക്കി…..!!

തുടരും…