രചന – അജി
(നമ്മൾ എന്നും വായിക്കുന്ന പ്രണയ കഥകൾ മാത്രം അല്ല ജീവിതം…നമ്മുടെ ഒക്കെ കണ്മുന്നിൽ പല ജീവിതങ്ങൾ ഉണ്ട്…. അതിൽ ഒന്ന് മാത്രം ആണ് ഈ കഥ….)
“ഇല്ല ദേവേട്ടാ…. ദേവേട്ടനെ മറ്റൊരു പെണ്ണിന്റെ കൂടെ സങ്കല്പിക്കാൻ പോലും എനിക്ക് പറ്റില്ല…. ദേവേട്ടൻ എന്നെ ഉപേക്ഷിക്കരുത്…..”
കണ്ണീരോടെ അവൾ അവന്റെ നെഞ്ചിൽ വീണു……!
“മീനാക്ഷി ദേ നോക്ക് നിന്നെ ഞാൻ ഉപേക്ഷിക്കില്ല….മറ്റൊരു പെണ്ണിനെ ഞാൻ ഭാര്യ ആയി കൊണ്ട് വന്നാലും നിനക്ക് ഒന്നിനും ഒരു കുറവും ഞാൻ വരുത്തില്ല…..”
“അപ്പൊ ദേവേട്ടൻ ഈ തീരുമാനത്തിൽ നിന്നും പിന്മാറില്ല അല്ലെ……”
“നീയും കേൾക്കുന്നത് അല്ലെ കഴിഞ്ഞ അഞ്ചു വർഷം ആയി ഒരു കുഞ് ഇല്ലാത്തതിന്റെ പഴി…..ഇനിയും മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ട് ജീവിക്കാൻ വയ്യാത്തത് കൊണ്ടല്ലേ അമ്മ നിർബന്ധിക്കുന്നത്…..”
“അതിന് ഡോക്ടർ എനിക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ലെന്ന് ഒന്നും വിധി എഴുതിയിട്ടില്ലല്ലോ ദേവേട്ടാ….മെഡിസിൻ തുടരണം എന്നല്ലേ പറഞ്ഞത്….”
“ഇത് തന്നെ അല്ലെ അവർ എന്നും പറയാറുള്ളത്…. എന്നിട്ട് ഇത് വരെയും നടന്നില്ലല്ലോ…..”
“ഇനിയും കുറച്ചു കൂടി നമുക്ക് കാത്തിരിക്കാം ദേവേട്ടാ….. ദൈവം തീരുമാനിച്ച സമയം ആയി കാണില്ല…..”
“ദൈവം തീരുമാനിച്ച സമയം എപ്പോഴാണെന്ന് കരുതിയാ….കല്യാണി നിന്നെ പോലെ തന്നെ ഒരു പാവം പെണ്ണാ…. അവൾക്കും നിനക്കും ഇവിടെ തുല്യ അവകാശത്തോടെ കഴിയാം…. നമുക്ക് ഒരു കുഞിന് വേണ്ടിയല്ലേ മീനു നീ ഒന്ന് സമ്മതിക്ക്…..”
“എനിക്ക് പറ്റില്ല ദേവേട്ടാ…. ദേവേട്ടൻ എന്നെ ഉപേക്ഷിക്കരുത്…..”
അവൾക്ക് അത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ…..!
“നീ വാ ഇവിടെ ഇരിക്ക്…. ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്…..നിനക്കും ഇല്ലേ ഒരു കുഞിനെ താലോലിക്കാൻ ഉള്ള ആഗ്രഹം…..അത് പോലെ എനിക്കും എന്റെ അമ്മയ്ക്കും ഉണ്ട്…..ഈ വീട്ടിൽ ഒരു കുഞ് ഉണ്ടായാൽ അമ്മ നിന്നോട് ഈ കാണിക്കുന്ന ദേഷ്യം ഒക്കെ മാറും….നിനക്ക് ഒരു കുറവും ഉണ്ടാവില്ലെന്ന് ഞാൻ അല്ലെ പറയുന്നത്…. നീ എന്നെ വിശ്വസിക്ക്…..”
അവൾ ഒന്നും പറയാൻ ആവാതെ അവന്റെ നെഞ്ചിൽ തന്നെ കിടന്നു കരഞ്ഞു…..!
“ദേവാ……”
അമ്മയുടെ വിളി കേട്ടതും അവളെ പിടിച്ചു മാറ്റി ഡോർ തുറന്നു അവൻ പുറത്തേക്ക് ഇറങ്ങി….. അപ്പോഴും അവൾ അവിടെ ഇരുന്നു തേങ്ങുകയായിരുന്നു……!!
“എന്ത് പറഞ്ഞു അവൾ…..?!!”
അമ്മയുടെ ചോദ്യം കേട്ട് അവൻ ഒന്നും മിണ്ടാതെ നിന്നു…..
“അല്ലേലും മച്ചിയായ അവളുടെ സമ്മതത്തിന് കാത്തു നിന്നാൽ ഒന്നും നടക്കില്ല….. നീ വാടാ…..”
അവൻ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അമ്മയുടെ പിന്നാലെ നടന്നു…..!
ചായയും ആയി വന്ന കല്യാണിയെ അവൻ ഒന്ന് നോക്കി പുഞ്ചിരിച്ചു…..ഫോട്ടോയിൽ കണ്ടപ്പോൾ തന്നെ മനസ്സിൽ പിടിച്ചതാണ്…..തടി അല്പം കൂടുതൽ ആണോ…. അവളുടെ ദേഹത്തിൽ കൂടി അവന്റെ കണ്ണുകൾ ഓടിനടന്നു……!
“അവൾ ഒരു മച്ചിയാ….ഒരു കുറവും ഇല്ലാത്ത ഇവൻ എത്രയാണെന്ന് വെച്ചാ അവളെ കൂടെ കഴിഞ്ഞു ജീവിതം മുരടിപ്പിക്കുന്നത്……”
“അത് ശരിയാ…..കല്യാണിക്ക് എന്തായാലും ഒരു കുഞിന്റെ അമ്മ ആവാൻ കഴിയും…..അവളുടെ ഭർത്താവ് ആക്സിഡന്റിൽ മരിക്കുമ്പോൾ അവൾ ഗർഭിണി ആയിരുന്നു…. അത് പിന്നെ ഒരു ഭാരം ആവേണ്ടെന്ന് കരുതി വേണ്ടെന്ന് വെച്ചതാ……”
ദേവൻ അമ്മയെ ഒന്ന് നോക്കി..,രണ്ടാം കെട്ടാണെന്ന് അവൻ അപ്പോഴാണ് അറിയുന്നത്…..!
“അമ്മേ അവളുടെ രണ്ടാം കെട്ടാണെന്ന് അമ്മ എന്തെ എന്നോട് പറഞില്ല…..”
“നിന്റെയും രണ്ടാം കെട്ടല്ലെ….. അതൊക്കെ ഇത്ര പറയാൻ ഉണ്ടോ……”
“എങ്കിൽ അവർ തമ്മിൽ സംസാരിക്കട്ടെ…..”
ദേവൻ അവൾക്ക് പിന്നാലെ പുറത്തേക്ക് നടന്നു…..
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ തന്നെ തുടക്കമിട്ടു…..
“ദേവന് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ…..”
“അത്….കല്യാണിയുടെ വിവാഹം കഴിഞ്ഞത് ഒന്നും ഞാൻ അറിഞില്ല…..”
“ഹ്മ്മ്….ഭർത്താവ് പോയപ്പോൾ ഇനി ഒരു ജീവിതം വേണ്ടെന്ന് വെച്ചതാ ഞാൻ….ഭർത്താവ് ഇല്ലാതെ കുഞ് വേണ്ടെന്ന തീരുമാനത്തിൽ ഇവരൊക്കെ നിർബന്ധിച്ചപ്പോൾ കുഞിനെ അബോർട്ട് ചെയ്തു…..പക്ഷെ ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങിയപ്പോൾ മടുത്തു….. അതാ ഇങ്ങനെ ഒരു വിവാഹത്തിന് സമ്മതിച്ചത്……”
“ഒരു കുഞ് ഇല്ലാത്തതിന്റെ പഴി കേട്ട് മടുത്തു…. അതാ ഞാനും ഇപ്പൊ ഇങ്ങനെ ഒരു വിവാഹത്തിന്…..”
“മ്മ്….നിങ്ങളെ ഭാര്യയ്ക്ക് നിങ്ങളെ ഒരു കുഞിനെ പ്രസവിക്കാൻ ആവില്ല….ദേവന്റെ ഒരു കുഞിനെ പ്രസവിക്കാൻ എനിക്കാവും…..അത് കൊണ്ട് നമ്മൾ തമ്മിൽ വിവാഹം ചെയ്യുന്നു……”
എല്ലാം തുറന്നടിച്ചുള്ള അവളെ സംസാരവും അവനു നല്ല പോലെ ബോധിച്ചു…. അവളെ നോക്കി അവൻ ഒന്ന് ചിരിച്ചു…..!
എല്ലാം തീരുമാനിക്കുമ്പോഴും അവർ കണ്ണ് കൊണ്ട് പരസ്പരം സ്വപ്‌നങ്ങൾ നെയ്യുക ആയിരുന്നു…..
®®®®®®®®®
പ്രാണന് തുല്യം സ്നേഹിക്കുന്ന തന്റെ ഭർത്താവിന്റെ കല്യാണ കാര്യം ചർച്ച ചെയ്യുമ്പോഴും മീനു കിച്ചണിൽ ഭർത്താവിനും അമ്മയ്ക്കും ഉള്ള ഭക്ഷണം തയാർ ആക്കുകയായിരുന്നു….. കണ്ണ് നീര് ഒഴുകുന്നുണ്ടായിരുന്നു…… ആർക്കും അത് കാണാൻ ആവില്ല….. ദൈവത്തിന് പോലും……!
ചെറുപ്പം തൊട്ടേ അച്ഛനും അമ്മയും മരിച്ച രണ്ട് പെണ്മക്കളെ അമ്മാവൻ വളരെ കഷ്ടപ്പെട്ടാണ് വളർത്തിഎടുത്തത്…..രണ്ട് പെൺകുട്ടികളെ കെട്ടിച്ചയച്ചതിന്റെ കടം ഇപ്പോഴും അമ്മാവന്റെ തലയിൽ ആണ്…..അതിന് അമ്മായിയുടെ വായിൽ ഉള്ളത് എന്നും അമ്മാവൻ കേൾക്കാറുണ്ട്….. അവർക്കും രണ്ട് പെണ്മക്കൾ തന്നെയാണ്…..അവരെയും കെട്ടിക്കാൻ ആയി…..
താൻ വീണ്ടും അങ്ങോട്ട് ചെന്നാൽ എന്ത് സംഭവിക്കും എന്ന് അവൾക്ക് നന്നായി അറിയാം….. അത് കൊണ്ട് തന്നെ എല്ലാം സഹിച്ചും ക്ഷമിച്ചും അവൾ കണ്ണീരോടെ കഴിച്ചു കൂട്ടി…..
ഒരാഴ്ച കൊണ്ട് തന്നെ വിവാഹം ഉറച്ചു….. ദേവനും പുതിയ ഇണയെ അടുത്ത് കിട്ടാൻ ഉള്ള തിടുക്കം ആയിരുന്നു….കല്യാണ ഒരുക്കങ്ങൾ അടുത്തതോടെ ദേവൻ അവളെ പൂർണമായും അവഗണിച്ചു….ഓരോന്നായി മുറിയിൽ നിന്ന് എടുത്തു മാറ്റാൻ തുടങ്ങിയതോടെ അവന്റെ മുറിയിൽ നിന്നും അവളും ഇറങ്ങി….. അത് നന്നായെന്നെ ദേവൻ കരുതിയുള്ളൂ……അവന്റെ വാക്കുകൾ പോലും അവൾക്ക് മുന്നിൽ പാഴ് വാക്കാണെന്ന് അവൻ തെളിയിച്ചു…..!
ആർക്കും മുഖം കൊടുക്കാതെ അവൾ അടുക്കളയിൽ തന്നെ ഒതുങ്ങി കൂടി….
മണവാളൻ വേഷത്തിൽ തന്റെ എല്ലാം ആയ ഭർത്താവ് മറ്റൊരു പെണ്ണിനെ സ്വീകരിക്കാൻ ഇറങ്ങുമ്പോൾ അവളുടെ കണ്ണ് നിറയുന്നത് അവൻ കണ്ടില്ല….
“എന്തിനാ ദൈവമേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്…. ഇതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്…..”
അവൾ കണ്ണീരോടെ പ്രാർത്ഥിച്ചു…..
“മച്ചിയായ നിന്നെ കണ്ടാൽ തന്നെ അവർ ഗതി പിടിക്കില്ല…. ഇവിടെ നിന്നെങ്ങാനും ഇറങ്ങിയാൽ ഉണ്ടല്ലോ…..”
അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അവൾ കിച്ചണിൽ തന്നെ നിന്നു…..!
നില വിളക്കും കയ്യിൽ പിടിച്ചു ദേവനോടൊപ്പം കയറി വരുന്ന കല്യാണിയെ അവൾക്ക് നോക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നില്ല…..
അവർക്ക് കൊടുക്കാൻ ഉള്ള പാൽ തിളപ്പിക്കുമ്പോഴും അവളുടെ കണ്ണ് നീര് ഒഴുകി കൊണ്ടിരുന്നു….. ദേവൻ അവളോടൊപ്പം പൊട്ടി ചിരിക്കുന്നത് അവൾക്ക് കേൾക്കാം ആയിരുന്നു….
പഴയതിന് പകരം പുതിയ ഒരു ഇണയെ കിട്ടിയതിനുള്ള ചിരി…..
എല്ലാരും വയർ നിറച്ചു കഴിച്ചു വെച്ച എച്ചിൽ പാത്രങ്ങൾ കഴുകുമ്പോൾ ദേവൻ തന്റെ പുതിയ ഇണയോടൊപ്പം ഉള്ള ലഹരിയിൽ ആയിരുന്നു…..
അവരുടെ ആ ചിരിയിൽ അവളുടെ നെഞ്ചു പൊട്ടുന്നത് പോലെ തോന്നി അവൾക്ക്…..!
“ഇന്ന് ആ അമ്പല നട കയറിയതിന്റെയാവും….. നീ ആ കുഴമ്പ് എടുത്തു ഒന്ന് തേച്ചു താ…..”
അമ്മ മീനുവിനു മുന്നിൽ കാൽ നീട്ടി ഇരുന്നു….തന്റെ അമ്മയായി കണ്ട് ഇന്ന് വരെ എല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്…. ഇന്നെന്തോ അവൾക്ക് അവരോട് വെറുപ്പായിരുന്നു…..
“വെറും ഒരു കുഞിനെ പ്രസവിക്കാൻ മാത്രം ആക്കണ്ട…. ഇനി മുതൽ അതും നിങ്ങൾ പുതിയ മരുമകളെ കൊണ്ട് ചെയ്യിച്ചാൽ മതി…..”
“അവൾ പ്രസവിക്കാൻ കഴിവുള്ള പെണ്ണാ…. അല്ലാതെ നിന്നെ പോലെ ഒന്നിനും കൊള്ളാത്തവൾ അല്ല….അല്ലേലും നീ ഇപ്പൊ അവന്റെ ഭാര്യ ആയിട്ടല്ല ഈ വീട്ടിലെ അടുക്കളക്കാരി ആയിട്ടാ ഞങ്ങൾ കാണുന്നത്….”
ശരിയാണ് എനിക്ക് ഇപ്പൊ ആ സ്ഥാനം മാത്രം ആണ്…..
അവരുടെ കാലിൽ കുഴമ്പിട്ട് അവൾ നേരം വൈകിയാണ് കിടക്കാൻ ചെന്നത്…..കിച്ചണിനോട് ചേർന്നുള്ള മുറിയിൽ ആണ് ഇപ്പൊ അവളുടെ കിടപ്പ്….. കണ്ണീരോടെ അവൾ ദേവനോടൊപ്പം ഉള്ള നിമിഷങ്ങൾ ഓർത്തു കിടക്കുമ്പോൾ ദേവൻ അവിടെ മധുവിധു ലഹരി കഴിഞ്ഞുള്ള മയക്കത്തിൽ ആയിരുന്നു…..!
ഉച്ചയോട് അടുത്താണ് അവർ എണീറ്റത്….അവൾ തുണി ഉണക്കാൻ ഇടുമ്പോൾ ആണ് രണ്ടാളും റെഡി ആയി പുറത്തേക്ക് ഇറങ്ങുന്നത് കണ്ടത്…..അവളുടെ കണ്ണുകൾ ദേവനിൽ തന്നെ ആയിരുന്നു…. അവൻ അവളെ ഇന്ന് ഒരു ജോലിക്കാരി ആയിട്ട് പോലും കാണുന്നില്ലെന്ന് അവൾക്ക് മനസ്സിൽ ആയി….. ഒരു നോട്ടം പോലും അവനിൽ നിന്നുണ്ടായില്ല…..
“അമ്മേ…..”
കിച്ചണിൽ ഉള്ളപ്പോൾ ആണ് ആ വിളി കേട്ട് അവൾക്ക് ഹാളിലേക്ക് വന്നത്…..
“പ്രസാദ്….”
ദേവന്റെ അനിയൻ പ്രസാദിനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു….
“എന്താടാ വന്ന് കേറിയ പാടെ വിളിച്ചു കൂവുന്നത്…..”
“അമ്മ എന്ത് പണിയ കാണിച്ചത്…. ഏട്ടത്തി ഇവിടെ ജീവനോടെ ഉള്ളപ്പോൾ ഏട്ടനെ കൊണ്ട് വേറെ പെണ്ണ് കെട്ടിച്ചു അല്ലെ…..”
“ഹ മച്ചിയായ ഇവളേം വെച്ച് കൊണ്ട് അവൻ എത്രയാന്ന് വെച്ചാ കഴിയുന്നത്…..”
എന്തോ അമ്മയുടെ മറുപടി കേട്ടതും മീനു കണ്ണീരോടെ കിച്ചണിലേക്ക് തന്നെ നടന്നു……
“എന്ന് കരുതി….ഏട്ടത്തിയോട് ഇങ്ങനെ ചെയ്യണോ….കുട്ടികൾ ഇല്ലാത്തവർ ഒക്കെ ഇങ്ങനെ ആണോ ചെയ്യേണ്ടത്….പത്തും പതിനഞ്ചും വർഷം കഴിഞ്ഞു എത്ര പേർക്ക് കുട്ടികൾ ഉണ്ടായിട്ടുണ്ട്…. ഇത് വെറും അഞ്ച് വർഷം അല്ലെ ആയുള്ളൂ…. ദേവേട്ടൻ ഇതിന് കൂട്ട് നില്കും എന്ന് ഞാൻ കരുതിയില്ല…..”
“അവനും ഉണ്ടാവും ഒരു കുഞിനെ താലോലിക്കാൻ ഉള്ള ആഗ്രഹം…..”
മീനു വിഷമത്തോടെ എല്ലാം കേട്ടു നിന്നു…. ഒരു പക്ഷെ ദേവന്റെ അനിയൻ ചിന്തിച്ചിരുന്നത് പോലെ ദേവനും ചിന്തിച്ചിരുന്നെങ്കിൽ…..
“എങ്ങനെ സഹിക്കുന്നു ഏട്ടത്തി…..”
ഫുഡ് എടുത്തു കൊടുക്കുമ്പോൾ ആണ് പ്രസാദ് മീനാക്ഷിയേ നോക്കി കൊണ്ട് ചോദിച്ചത്…..
“സഹിച്ചല്ലേ പറ്റൂ പ്രസാദ്….”
അവൾ കണ്ണീർ ഒളിച്ചു വെച്ച പുഞ്ചിരിയോടെ പറഞ്ഞു…..
“നീ എപ്പോ വന്നു….?!!”
ദേവനും കല്യാണിയും രാത്രി കേറി വരുമ്പോൾ പ്രസാദിനെ കണ്ട് ദേവൻ ചോദിച്ചു…..
“ഞാൻ ഉച്ചയ്ക്ക് എത്തി….”
“കല്യാണി ഇത് പ്രസാദ് എന്റെ അനിയനാ….ആള് മുംബയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിലാ വർക്ക് ചെയ്യുന്നത്….”
“ഹലോ…..”
പ്രസാദ് അതൊന്നും മൈൻഡ് ചെയ്യാതെ ഇരുന്നതും അവൾ നീരസത്തോടെ ദേവനെ നോക്കി…..
“നിങ്ങളെ അനിയന് എന്നെ പിടിച്ചില്ലെന്ന് തോന്നുന്നു……”
“അവൻ പണ്ട് മുതൽക്കേ അങ്ങനെയാ….. അതികം ആരോടും സംസാരിക്കില്ല…..”
അവൻ അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ വായിൽ തോന്നിയ കള്ളം പറഞ്ഞു……!
മീനു എല്ലാം ഡെയിനിങ് ടേബിളിന് മുന്നിൽ നിരത്തിയപ്പോൾ ആണ് എല്ലാരും ഫുഡ് കഴിക്കാൻ വന്നിരുന്നത്…..
മകനെയും മരുമകളെയും പ്രത്യേകം ക്ഷണിക്കുന്നതും പ്രസാദ് ശ്രദ്ധിച്ചിരുന്നു…. എല്ലാം ചെയ്തു കൊടുത്തിട്ടും മീനുനോട് അമ്മ എന്നും തട്ടി കയറുന്നത് അവൻ കാണുന്നുണ്ടായിരുന്നു…….!
“എടാ നീ പോന്നതിനു മുന്നേ ഒരു പെണ്ണ് കെട്ടാൻ നോക്ക്….ഇങ്ങനെ വാലും തലയും ഇല്ലാതെ എത്രയാന്ന് വെച്ചാ നടക്കുന്നത്…..”
അമ്മ പ്രസാദിനോടായി പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു…..!
“ശരിയാ…..പത്തി ഇരുപത്തി എട്ട് വയസായില്ലേ നിനക്ക്…..”
ദേവനും അമ്മ പറഞ്ഞതിനെ സപ്പോർട് ചെയ്തു…..
“മ്മ് വേണം…. പക്ഷെ ഞാൻ കെട്ടുന്ന പെണ്ണിന് ഭാവിയിൽ കുട്ടികൾ ഇല്ലെങ്കിൽ അവളെ പാതി വഴിയിൽ ഉപേക്ഷിക്കാൻ എന്നോട് പറയരുത്…..”
“എല്ലാ പെണ്ണുങ്ങളും അവളെ പോലെ ആണോ….”
അതിനവൻ ഒന്ന് ചിരിച്ചു….
“അങ്ങനെ ആണെങ്കിൽ ഞാൻ ഒരു പെണ്ണിനെ കണ്ട് വെച്ചിട്ടുണ്ട്….”
“അത് നന്നായി ഇനി പെണ്ണ് ആലോചിക്കാനും മറ്റും സമയം കളയേണ്ടല്ലോ…..പെട്ടെന്ന് തന്നെ അതങ്ങ് നടത്താം…..ഇന്നാട്ടുകാരിയാണോ മോനെ പെണ്ണ്…..”
“ഈ നാട്ടുകാരി മാത്രം അല്ല ഈ വീട്ടുകാരി കൂടിയാ അവൾ…..”
അവൻ പറഞ്ഞത് മനസ്സിൽ ആവാതേ അമ്മയും ദേവനും രാജിയും പരസ്പരം ഒന്ന് നോക്കി…..
“മനസ്സിൽ ആയില്ലേ….. ഞാൻ കെട്ടാൻ പോണ മീനാക്ഷിയേ ആണെന്ന്…..”
“ഏതു മീനാക്ഷി….”
“വേറെ ആരും അല്ല ഇപ്പൊ ഇവിടത്തെ അടുക്കളയിൽ കിടന്നു കഷ്ടപ്പെടുന്ന പെണ്ണില്ലേ അവളെ…..”
മീനു കിച്ചണിൽ നിന്നും ഞെട്ടി തരിച്ചു….. ദേവനും അതെ അവസ്ഥയിൽ ആയിരുന്നു…..
“നാണം ഇല്ലേ നിനക്ക് ഇത് പറയാൻ,,,,,, ഏട്ടൻ ഉപേക്ഷിച്ച ആ മച്ചിയേ തന്നെ വേണോ നിനക്ക് കെട്ടാൻ…..”
“ഹ്മ്മ്…. ഏട്ടന് അവരെ മുന്നിൽ ഒരു പെണ്ണ് കെട്ടി നടക്കാം എങ്കിൽ എന്ത് കൊണ്ട് അവർക്ക് ആയിക്കൂടാ…..”
“പ്രസാദ്…..”
“വിവാഹ ജീവിതത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് ഭാര്യ ഭർതൃ ബന്ധത്തിൽ പൊരുത്തം ഇണ്ടാവുമ്പോൾ ആണ്….. ഒരു വർഷം തികക്കുന്നത്തിനു മുൻപ് തന്നെ അവൾക്ക് മച്ചി എന്ന പേര് വീണു…. പക്ഷെ അപ്പോഴെല്ലാം ഒരു പെണ്ണിനെ ആശ്വസിപ്പിക്കേണ്ടത് അവളുടെ ഭർത്താവ് ആണ്….ഏട്ടൻ ആണെങ്കിൽ ആരുടെയോ വാക്ക് കേട്ട് അവരുടെ മുന്നിൽ വെച്ച് മറ്റൊരു വിവാഹം ചെയ്തു സുഖം ആയി ജീവിക്കുന്നു….. നിങ്ങൾ ഒരിക്കൽ എങ്കിലും അവരുടെ സ്ഥാനത്തു നിന്ന് ഒന്ന് ചിന്തിച്ചു നോക്കിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒന്ന് ചെയ്യില്ലായിരുന്നു…..”
“ഇവൻ പോയപ്പോൾ അവൾ കണ്ട വഴി ആയിരിക്കും അല്ലെ നീ….. അവൾ നിന്നെ ഇത്ര പെട്ടെന്ന് വശീകരിച്ചു എടുത്തു അല്ലെ……”
“അമ്മേ…. ഇനി അത് കൂടി ആ പാവത്തിന്റെ തലയിൽ ഇടേണ്ട…..പ്രായത്തിനു മൂത്തത് ആണെങ്കിലും അവർ ഒരു അനിയൻ എന്ന പോലെ അല്ലാതെ എന്നെ കണ്ടിട്ടില്ല…..”
“ഒരുത്തന്റെ ജീവിതത്തിൽ നിന്ന് ആ നാശത്തെ ഒഴിവാക്കിയപ്പോൾ നീയായിട്ട് അവളെ സ്വീകരിക്കാൻ പോവാണോ…..പേട് തേങ്ങയാണെന്ന് കണ്ടാൽ അത് വലിച്ചറിയണം…..അല്ലാതെ…..”
മീനുവിന്റെ നെഞ്ച് കീറി മുറിക്കാൻ ഉള്ള മൂർച്ച ഉണ്ടായിരുന്നു ആ വാക്കിന്….
എല്ലാം കേട്ട് കൊണ്ടിരിക്കുന്ന ദേവനോട് അവൾക്ക് അത്രയധികം വെറുപ്പ് തോന്നി…..!
ദേവൻ ഒന്നും മിണ്ടാതെ അരിശത്തോടെ എണീറ്റ് പോയതും പിന്നാലെ കല്യാണിയും പോയി…..
കണ്ണീരോടെ തന്നെ ആയിരുന്നു അവൾ നേരം വെളുപ്പിച്ചത്….
കാലത്ത് അവനുള്ള ചായയും ആയി മീനു അവന്റെ മുറിയിൽ എത്തി……!
“പ്രസാദ്……”
അവൻ ചായ വാങ്ങി കൊണ്ട് മീനുവിനെ ദയനീയമായി നോക്കി…. ആ മുഖം കണ്ടാൽ അറിയാം കരഞ്ഞു തീർക്കുന്ന ദിവസങ്ങൾ ആണ് അവളുടേതെന്ന്…..
“പ്രസാദ് ഇന്നലെ അങ്ങനെ ഒന്നും സംസാരിക്കേണ്ടി ഇരുന്നില്ല…..പ്രസാദിനെ എന്നും ഒരു അനിയന്റെ സ്ഥാനത്തു നിന്ന് കാണാനാ എനിക്കിഷ്ടം…..”
അവൾ കണ്ണീരോടെ അത്രയും പറഞ്ഞു…..
“ഇന്ന് വരെ ഞാൻ എന്റെ ഏട്ടത്തി ആയി തന്നെയാ കണ്ടത്….. ആ ബഹുമാനവും നിങ്ങൾക്ക് തന്നിട്ടുണ്ട്…. പക്ഷെ ഇപ്പൊ ഏട്ടൻ നിങ്ങളോട് കാണിച്ച ഈ ക്രൂരത കാണുമ്പോ അവർക്ക് മുന്നിൽ ഏട്ടത്തി സന്തോഷത്തോടെ ജീവിക്കുന്നത് കാണിച്ചു കൊടുക്കണം എന്ന് കരുതി…..”
“വേണ്ട പ്രസാദ്….. വെറുതെ പ്രസാദിന്റെ ജീവിതം കൂടി നശിപ്പിക്കരുത്…. നല്ലൊരു ജീവിതം പ്രസാദിന് കിട്ടും…..”
“പക്ഷെ ഏട്ടത്തിയുടെ ജീവിതം…..”
“ഒരു അമ്മ ആവാൻ ദൈവം എന്നെ അനുഗ്രഹിച്ചില്ല…. എന്റെ ജീവിതം ഇനി എങ്ങനെ ആയാൽ എന്താ…..”
“ഓ അപ്പൊ ഇതാണല്ലേ നിനക്ക് ഇവിടെ പണി…. വെറുതെ അല്ല അവൻ നിന്നെ തന്നെ കെട്ടണം എന്ന് പറഞ്ഞു നടക്കുന്നത്…..”
അമ്മയുടെ സംസാരം കേട്ട് രണ്ട് പേരും തിരിഞ്ഞു നോക്കി….
“എന്താ അമ്മേ…..?!!”
“ചായയും ആയി വന്ന് അവനെ നീ വാശികരിക്കുകയായിരുന്നു അല്ലേടി….”
“അമ്മേ…..”
മീനു വിഷമത്തോടെ വിളിച്ചു…..!
“എടാ ദേവാ നീ ഇങ്ങ് വന്നേ…..”
“ഓ ഈ അമ്മയെ കൊണ്ട്…..”
അമ്മയുടെ വിളി കേട്ടതും ദേവൻ നീരസത്തോടെ ഇറങ്ങി…..
“എന്താ അമ്മേ……”
“കണ്ടില്ലേ നീ ഇവളെ സ്വഭാവം…. ആരും ഇല്ലാത്ത നേരത്ത് ഇവന് ചായയും ആയി വന്ന് ഇവൾ ഇവനെ മയക്കി എടുക്കുകയായിരുന്നു….. ഞാൻ കണ്ടത് കൊണ്ട് വേറെ ഒന്നും നടന്നില്ല……”
തലയും താഴ്ത്തി നിൽക്കുന്ന മീനുവിനെ ദേവൻ വെറുപ്പോടെ നോക്കി…..
“അമ്മ എന്താ ഈ പറയുന്നത്….. ഏട്ടത്തി എനിക്ക് ചായയും ആയി വന്നതാ…. ഇതിന് മുന്പും ഏട്ടത്തി എന്റെ മുറിയിൽ വന്നിട്ടും ഉണ്ട്…..”
“ഇപ്പൊ ഇവളെ ഉള്ളിലിരിപ്പ് പഴയതല്ല….കെട്ടിയോൻ ഉപേക്ഷിച്ചപ്പോൾ ഏതെങ്കിലും ഒരുത്തനെ കൂട്ട് വേണം എന്ന് കരുതി നടക്കുന്നവളാ…. നിന്നെ തന്നെ വശീകരിച്ചെടുക്കുന്നത് ഞങ്ങളെ തോൽപിച്ചു കളയാം എന്ന് കരുതിയാവും……”
മീനു കണ്ണീരോടെ അവർക്ക് മുന്നിൽ നിന്നും നിന്നും ഇറങ്ങി നടന്നു…..!
“ചാവാൻ നേരം നിങ്ങൾക്ക് ഒരു തുള്ളി വെള്ളം തരാൻ അവളെ കാണൂ….അന്ന് അമ്മ ഇപ്പൊ കൂടെ നിർത്തുന്നവർ ആരും കാണില്ല…..അമ്മ അത് മറക്കണ്ട…..”
“ആ മച്ചി പെണ്ണിന്റെ കയ്യീന്ന് വെള്ളം വാങ്ങി കുടിച് എനിക്ക് ചാവണ്ട….”
അമ്മ മീനുവിനോടുള്ള പുച്ഛത്തോടെ പറഞ്ഞു…..
@@@@@@@@@@
ബാത്‌റൂമിലേക്ക് കയറുന്ന കല്യാണിയെ ഒന്ന് നോക്കി ദേവൻ മുറിയിൽ നിന്നും പുറത്തിറങ്ങി…… അമ്മ അയൽവക്കത് പരദൂഷണം പറയാൻ ഇറങ്ങിയതാണ്….. പ്രസാദും പുറത്ത് പോയിരിക്കുകയാണ്…..
കിച്ചണിലേക്ക് ഇറങ്ങിയ ദേവനെ കണ്ട് മീനു അവനെ ഒന്ന് നോക്കാൻ പോലും ആവാതെ വേദനയോടെ തന്റെ ജോലിയിൽ തന്നെ മുഴുകി…..
“കല്യാണി ബാത്‌റൂമിൽ ആണ്….. നീ ആ സ്റ്റോവ് ഓഫ് ചെയ്തു ഇങ്ങ് വന്നേ നമുക്ക് മുറിയിൽ പോവാം……”
“എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഇവിടെ വെച്ച് പറഞ്ഞാൽ മതി…..അതിന് മുറിയിൽ പോവേണ്ട ആവശ്യം ഒന്നും ഇല്ല…..”
“നീ ഇപ്പൊ തനിച്ചായത് കൊണ്ടാണ് പ്രസാദും ആയി അടുക്കാൻ ശ്രമിക്കുന്നത് എന്ന് എനിക്കറിയാം…. നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറയാം…..രാത്രി അവൾ ഉറങ്ങി കഴിഞ്ഞാൽ ഞാൻ നിന്റെ അടുത്തേക്ക് വരാം…..ഇപ്പൊ അവൾ ബാത്‌റൂമിലാ കുളി കഴിയാൻ ഇരുപത് മിനിറ്റ് എങ്കിലും എടുക്കും നീ വാ…..”
അവൻ അവളെ തോളിൽ കയ് വെച്ച് പറഞ്ഞതും മീനു ഞെട്ടി കൊണ്ട് പിന്നിലേക്ക് മാറി…..
“തൊട്ട് പോവരുത് എന്നെ….. നിങ്ങൾ എന്താ കരുതിയത് ഒരു പുരുഷന്റെ ചൂട് കിട്ടാനിട്ട് ഞാൻ ഇവിടെ കയർ പൊട്ടിച്ചു നിൽക്കാണെന്നോ…… രാത്രി ഭാര്യയേ ഉറക്കി കിടത്തി വരാം അത്രേ….എനിക്ക് അങ്ങനെ ഒരു ആവശ്യം ഇല്ല….. ഇപ്പോഴും എന്നെ സുഖിപ്പിക്കാൻ വന്നതല്ലേ….. എങ്കിൽ ഭാര്യ ഇറങ്ങുന്നതിനു മുന്നേ ചെല്ലാൻ നോക്ക്….. സ്വന്തം ഭർത്താവിനെ മറ്റൊരു പെണ്ണിന്റെ കൂടെ സങ്കല്പിക്കാൻ പോലും ഒരു പെണ്ണിനും ആവില്ല….. എല്ലാരും എന്നെ പോലെ എല്ലാം കണ്ടും കേട്ടും സഹിച്ചും നിൽക്കണം എന്നും ഇല്ല…..”
അവൾ അത്രയും പറഞ്ഞു പൊട്ടി കരച്ചിലോടെ തന്റെ മുറിയിലേക്ക് പോയി ഡോർ ആഞ്ഞടച്ചു……
നിരാശയോടെ മുറിയിലേക്ക് പോയ ദേവൻ കല്യാണി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയത് കണ്ടതും ഉള്ളിൽ ഉള്ള കള്ളത്തരം മറച്ചു പിടിച്ചു ഒന്ന് ചിരിച്ചു…..
“ഇവിടെ തന്നെ ഉണ്ടായിരുന്നോ…..”
“പിന്നെ ഞാൻ എവിടെ പോവാനാ….. ഒരാഴ്ച ഞാൻ ലീവ് എടുത്തത് നിന്നോടൊപ്പം സമയം ചിലവിടാൻ വേണ്ടിയല്ലേ…..”
“എങ്കിൽ നമുക്ക് എങ്ങോട്ടെങ്കിലും ഹണിമൂൺ പോയാലോ…..?!!”
“എങ്ങോട്ട്…..?!!”
“ഊട്ടിയിൽ ഒക്കെ ഞാൻ പോയതാ…..”
“പിന്നെ എവിടെ…..”
“എവിടെ ആയാലും ഞാൻ ഹാപ്പിയാ….. ഊട്ടിയിൽ തന്നെ ആയാലും കുഴപ്പം ഇല്ല…. ദേവന്റെ കൂടെ അങ്ങോട്ട് പോയിട്ടില്ലല്ലോ….. അവിടെ ഇപ്പൊ ക്ലൈമറ്റും നല്ലതാ…..”
“മ്മ്….”
അതിനുള്ള കാശ് ഒന്നും ഇല്ലെങ്കിലും അവൻ ഒന്ന് മൂളി…..തത്കാലം പ്രസാദിനോട് കടം വാങ്ങാം…..
ഹണിമൂൺ പ്ലാൻ അമ്മയോട് പറയുന്നത് മീനു കിച്ചണിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു….. അതിനുള്ള കാശ് പ്രസാദിന്റെ കയ്യിൽ നിന്ന് കടം വാങ്ങി കൊടുക്കാനും അമ്മയെ സോപ്പിടുന്നത് കേട്ട് അവൾ ഒന്ന് പുച്ഛിച്ചു…..
അഞ്ച് വർഷം മുൻപ് താനും ഇത് പോലെ സ്വപ്‌നങ്ങളും ആയി വന്നവൾ ആണ്…..ഒരിക്കൽ പോലും എങ്ങോട്ടും കൊണ്ട് പോയില്ലെങ്കിലും പരാതി പറയാതെ കിട്ടിയ ജീവിതവും ആയി പൊരുത്തപ്പെട്ടു….അതും അവസാനിച്ചു…..!!
ഹണിമൂണിനായുള്ള അവരുടെ ഒരുക്കങ്ങൾ പോലും അവളുടെ കണ്ണുകൾ നിറയിച്ചു….
അവർ ഇറങ്ങുന്നത് കാണാതെ തന്നെ അവൾ വിഷമത്തോടെ കിച്ചണിൽ എല്ലാം അറിയുന്നുണ്ടായിരുന്നു…..
“ഏട്ടത്തി…..”
മുറിയിൽ ഉള്ളപ്പോൾ വാതിൽ പടിയിൽ നിന്നും പ്രസാദിന്റെ വിളി കേട്ടത്…..അവൾ എണീറ്റ് സാരി നേരെയാക്കി അവനരികിൽ ചെന്നു…..
“പ്രസാദ് എന്തിനാ ഇങ്ങോട്ട് വന്നത്….അമ്മ കണ്ടാൽ പിന്നെ ഇന്നിനി അത് മതി…..”
“അമ്മ മകന്റെ ഹണിമൂൺ കാര്യം ചർച്ച ചെയ്യാൻ പോയതാ…..അടുത്തൊന്നും ഇനി അമ്മയെ പ്രതീക്ഷിക്കേണ്ട…. ഞാൻ വന്നത് ഏട്ടത്തിയുടെ വിഷമം മറ്റാരേക്കാളും എനിക്ക് മനസ്സിൽ ആവുന്നത് കൊണ്ടാണ്…. ഞാൻ ഏട്ടത്തിയേ വിവാഹം ചെയ്തോളാം….. ഏട്ടത്തി ഒന്ന് സമ്മതിച്ചാൽ മാത്രം മതി…. മറ്റാരെയും പേടിക്കേം വേണ്ട…. ഞാൻ ഏട്ടത്തിയെ എന്റെ ജോലി സ്ഥലത്ത് കൊണ്ട് പോയിക്കോളാം……”
“ഒന്നും വേണ്ട പ്രസാദ്…. പ്രസാദിന് കിട്ടാൻ ഉള്ള നല്ലൊരു ജീവിതം ഞാൻ ആയിട്ട് ഇല്ലാതാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല…… എന്റെ വിധി ഇങ്ങനെ ഒക്കെ ആവും ദൈവം തീരുമാനിച്ചിരിക്കുന്നത്….. അത് അങ്ങനെ തന്നെ നടക്കട്ടെ…..”
മീനുവിന്റെ ഉറച്ച തീരുമാനം കേട്ട് ഒന്നും പറയാൻ ആവാതെ പ്രസാദ് ഇറങ്ങിയതും മുന്നിൽ നിൽക്കുന്ന അമ്മയെ കണ്ട് അവൻ ഒന്ന് ഞെട്ടി…..
“അവൾ നിന്നെ വിടാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ല…..”
“അമ്മേ അമ്മ കരുതും പോലെ…..”
അവനെ ഒന്ന് പറയാൻ പോലും സമ്മതിക്കാതെ അമ്മ മീനുവിന്റെ മുറിയിൽ കയറി…..
“എടീ നിന്റെ കയ്യിൽ നിന്നും എന്റെ ഒരു മോനെ രക്ഷിച്ചപ്പോൾ നീ എന്റെ രണ്ടാമത്തെ മോനെയും തട്ടി എടുക്കാൻ നോക്കുകയാണോ….നീ ഇവിടെ നിന്നാൽ ഇവന് കിട്ടാൻ ഉള്ള നല്ല ജീവിതം പോലും ഇല്ലാതാവും….. മച്ചി ആണെന്ന് അറിഞിട്ടും അവൻ അത് മതി എന്നും പറഞ്ഞു നടക്കല്ലേ…. നീ ഇപ്പൊ ഇവിടന്ന് ഇറങ്ങണം…..”
“അമ്മേ…. ഞാൻ…. എങ്ങോട്ട് പോവും…..”
“എവിടുന്നാണോ കെട്ടി ഒരുങ്ങി വന്നത് അങ്ങോട്ട് തന്നെ….. നിന്റെ ആവശ്യം ഇനി ഇവിടെ ഇല്ല…..”
ശരിയാണ്….തന്റെ യൗവനത്തിന്റെ മാധുര്യം എല്ലാം ദേവനോടൊപ്പം കൊഴിഞ്ഞു വീണു….തന്നെ ഇനി ആർക്കും ആവശ്യം ഇല്ല…..
“അമ്മേ ഏട്ടത്തി എവിടെ പോവാനാ…. അമ്മയ്ക്ക് അറിയില്ലേ ഏട്ടത്തിയുടെ വീട്ടിലെ കാര്യങ്ങൾ ഒക്കെ…..”
“എന്ന് കരുതി അവളെ ഞാൻ ഇവിടെ നിർത്തണോ….. നിനക്ക് അവളെ പിന്നാലെ പോവാൻ വേണ്ടിയാണോ…. അത് നടക്കില്ല…. എന്താന്ന് വെച്ചാൽ എടുത്തു ഇപ്പൊ ഇറങ്ങിക്കോണം…..”
മീനു തന്റെ സാരി എല്ലാം കണ്ണീരോടെ മടക്കി എടുത്തു…..
“ഏട്ടത്തി…..”
“സാരല്ല പ്രസാദ്…. ദേവേട്ടൻ മറ്റൊരു പെണ്ണിനെ സ്വീകരിച്ച അന്നേ ഞാൻ ഇറങ്ങാൻ തീരുമാനിച്ചതാ….പക്ഷെ ഇനിയും മറ്റുള്ളവർക്ക് ഒരു ഭാരം ആവേണ്ടെന്ന് കരുതി എല്ലാം സഹിച്ചു നിന്നു…. ഇനി ഒന്നും താങ്ങാൻ എന്റെ നെഞ്ചിനു പോലും ശക്തി ഇല്ല….. അത് കൊണ്ട് ഇവിടം വിട്ടു പോവുന്നത് തന്നാ നല്ലത്……”
അവന് നിസ്സഹായനായി നോക്കി നിൽക്കാനേ ആയുള്ളൂ…..!
ദേവനോടൊപ്പം നിലവിളക്കും ആയി കയറി വന്ന നിമിഷങ്ങൾ എല്ലാം കണ്മുന്നിൽ എന്ന പോലെ ഓർത്തു കൊണ്ട് അവൾ അവിടം വിട്ടിറങ്ങി…..അവൻ ഇന്ന് പുതിയൊരു ലോകത്താണ്…..!!
തുടരും…

by