രചന – അജി
കാളിംഗ് ബെൽ കേട്ടതും മീനു എബി ആണെന്ന ചിന്തയിൽ പുഞ്ചിരിയോടെ ഡോർ തുറന്നു…..!
മുന്നിൽ നിൽക്കുന്ന ദേവനെ കണ്ടതും അവൾ സ്തംഭിച്ചു നിന്നു….
“ദേവേട്ടൻ….”
അവളുടെ മനസ് ഉരുവിട്ടു…..!
“സുഖാണോ മീനു നിനക്ക്…..”
അവന്റെ ചോദ്യം കേട്ട് മീനു പുച്ഛത്തോടെ മുഖം തിരിച്ചു…..!
“അതെന്തോ ആയിക്കോട്ടെ,,,,,ഞാൻ എന്റെ മോനെ കാണാൻ വന്നതാ…..”
എന്നും പറഞ്ഞു ദേവൻ അകത്തേക്ക് കയറിയതും മീനു ഞെട്ടി കൊണ്ട് അവനെ തന്നെ നോക്കി…..
തറയിൽ ഇരുന്നു കളിക്കുന്ന മോനരികിൽ നടക്കും തോറും അവൾ അവനെ തടയാൻ ആവാതെ നിന്നു…..
“മോനെ…..”
എന്നും വിളിച്ചു അവൻ മോനെ കയ്യിൽ എടുത്തതും പരിചയം ഇല്ലാത്ത മുഖം കണ്ട് മോൻ കരച്ചിൽ തുടങ്ങി…..കയ്യിൽ കരുതിയ ചോക്ലേറ്റ്സ് അവൻ മോനു നൽകിയതും മോന്റെ ശ്രദ്ധ പിന്നെ അതിൽ ആയിരുന്നു…..!
മോൾ പരിചയം ഇല്ലാത്ത മുഖം കണ്ടാവണം മീനുവിന്റെ അരികിൽ ചെന്നു…..
“നിന്റെ അച്ഛനാ ഞാൻ…..”
ദേവൻ മോനെ പറഞ്ഞു പഠിപ്പിക്കുന്നത് കേട്ട് മീനു പുച്ഛിച്ചു….മോന്റെ കവിളിൽ ദേവൻ ഉമ്മ വെക്കുന്നത് കണ്ടതും അവൾക്ക് അത് സഹിക്കാൻ ആയില്ല….
അമ്മയും ദേവന്റെ പ്രവർത്തികൾ എല്ലാം നോക്കി കാണുക ആയിരുന്നു….മീനു അവനെ തടയാൻ ഉള്ള ധൈര്യം ഇല്ലാത്ത പോലെ എല്ലാം കണ്ട് തറഞ്ഞു നിൽപായിരുന്നു…..
“മോനെ കൊണ്ട് പോവാനാ അച്ഛൻ വന്നത്….”
ദേവന്റെ ഓരോ വാക്കും അവളുടെ നെഞ്ചിൽ തട്ടുന്നത് പോലെ….പറയുന്നതെല്ലാം സത്യം ആണോ….?!!
“ഇവിടെ സ്ത്രീകൾ മാത്രമേ ഉള്ളൂ…. നിങ്ങൾ ഇങ്ങനെ ആരോടും ചോദിക്കാതെ അകത്തു കേറി വന്നത് എങ്ങനെയാ…..”
എബിയുടെ അമ്മ അവന്റെ പ്രവർത്തികൾ സഹിക്കാൻ ആവാതെ പറഞ്ഞു…..!
“ഞാൻ അന്യൻ ഒന്നും അല്ലല്ലോ…. നിങ്ങളെ മോന്റെ ഭാര്യയുടെ കൂടെ അഞ്ചു വർഷം കഴിഞ്ഞ പരിചയം ഞങ്ങൾ തമ്മിലുണ്ട്….”
അവൻ മീനുനെ വശ്യമായി നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും മീനു വെറുപ്പോടെ മുഖം തിരിച്ചു…..
“എന്റെ മോൻ ആണ് ഇത്….അതിനെ കാണാൻ എനിക്ക് ഈ വീട്ടിൽ കയറി വരാൻ ഉള്ള അവകാശവും ഉണ്ട്…..”
എന്നും പറഞ്ഞു ദേവൻ മോനെ താഴെ ഇറക്കിയതും മീനു ആശ്വസിച്ചു…..!
“അച്ഛൻ മോനെ കൊണ്ട് പോവാൻ പിന്നെ വരാട്ടോ….”
ആ വാക്കുകൾ അവളുടെ നെഞ്ച് കീറി മുറിച്ചു…..എങ്കിലും അവൾ മൗനമായി നിന്നു…..!
“ഞാൻ മോനെ കാണാൻ ഇടക്ക് വരും….”
ഇറങ്ങാൻ നേരം മീനുനെ നോക്കി കൊണ്ടവൻ പറഞ്ഞു…..!
“വേണം എന്നില്ല….”
“അത് എങ്ങനെയാ മീനു…. മോന്റെ കാര്യത്തിൽ എനിക്കും നിനക്കും തുല്യ അവകാശം അല്ലെ…..”
ദേവൻ ഉറച്ച തീരുമാനത്തോടെ ആണ് വന്നതെന്ന് അവൾക്ക് മനസ്സിൽ ആയി…..!
ഒരിക്കൽ അതിന്റെ അച്ഛൻ ആരാണെന്ന് ഉറപ്പിക്കാൻ തന്റെ മുഖത്ത് നോക്കി പറഞ്ഞവൻ ആണ്….ഇന്ന് അവകാശം പറഞ്ഞു വന്നിരിക്കുന്നത്…. വാക്കുകൾ കൊണ്ട് ഒരിക്കലും അവനെ തോല്പിക്കാൻ തനിക്കാവില്ല….മീനു എന്ത് ചെയ്യണം എന്നോ പറയണം എന്നോ അറിയാതെ നിന്നു…..!
“പിന്നെ നിനക്ക് മോനെ പിരിയാൻ വയ്യെങ്കിൽ എന്റെ കൂടെ പോര്…..”
“അങ്ങനെ ഒരു ആഗ്രഹം ഇപ്പൊ എനിക്കില്ല….”
“എന്താ ഇപ്പൊ കിട്ടിയവനെ നന്നായി പിടിച്ചെന്ന് തോന്നുന്നു…..”
“മ്മ്…. നന്നായി ഇഷ്ടപ്പെട്ടു…. പലപ്പോഴും തോന്നിയിട്ടുമുണ്ട്…. കഴിഞ്ഞ അഞ്ച് വർഷം എന്റെ പാഴ്ജന്മം ആയിരുന്നു എന്ന്….”
അവൾ അത്രയും വെറുപ്പോടെ തന്നെ പറഞ്ഞു…..!
“പക്ഷെ നിനക്ക് ഒരു കുഞിനെ തന്നത് ഞാൻ ആണ്…. അവന് ഇത് വരെ ആയിട്ടും നിനക്ക് ഒരു കൊച്ചിനെ തരാൻ ആയില്ലല്ലോ….”
“ആര് പറഞ്ഞു ഇല്ലെന്ന്…. ഈ രണ്ട് മക്കളും ഞങ്ങളുടേതാണ്…..”
അതിനവൻ ഒരു പുച്ഛത്തോടെ ചിരിച്ചു…..!
“പറയാൻ മാത്രം കൊള്ളാം…. പക്ഷെ ഒരു ദിവസം ഞാൻ വരും എന്റെ മോനെ കൊണ്ട് പോവാൻ…. നീ കാത്തിരുന്നോ…..”
ദേവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു…. മീനു മോനെയും ചേർത്ത് പിടിച്ച് അവനെ വെറുപ്പോടെ തന്നെ നോക്കി നിന്നു…..!
ദേവൻ ഇറങ്ങുമ്പോ ആണ് അവനു മുന്നിൽ ആയി എബിയുടെ കാർ വന്ന് നിന്നത്…..അവനെ തന്നെ നോക്കിയാണ് എബി ഇറങ്ങിയത്…. ദേവനും പുച്ഛത്തോടെ അവനെ നോക്കി ബൈക്കും എടുത്തു അവിടന്ന് പോയി….
പുറത്ത് തന്നെ അവനെയും നോക്കി നിൽക്കുന്ന മീനുനെ കണ്ടതും എബിക്ക് അത് സഹിക്കാൻ ആവാത്ത പോലെ…. അവൾ കയ് വിട്ടു പോവുമോ എന്ന ഒരു തോന്നൽ…..!
“അവനെന്താ ഇവിടെ…..?!!”
“അത്…. മോനെ കാണാൻ എന്നും പറഞ്ഞു വന്നതാ…..”
അത് കൂടി കേട്ടതും എബിക്ക് സഹിക്കാൻ ആയില്ല….
“എന്നിട്ട് മോനെ കണ്ടോ…..”
“മ്മ്…”
“എന്താ മീനു ഇത്…. ഒരിക്കൽ അവൻ തന്നെയല്ലേ ആ അവകാശം നിഷേധിച്ചത്…..എന്നിട്ടും നീ മോനെ അവന് കാണിച്ചു കൊടുത്തോ…..?!!”
“എല്ലാം ശരിയാണ്…. പക്ഷെ എനിക്ക് തടയാൻ ആയില്ല….ഇനിയും വരുമെന്നും പറഞ്ഞു…. വേണ്ടെന്ന് പറഞ്ഞപ്പോൾ അയാൾ എന്നോട് എന്തൊക്കെയോ അനാവശ്യം പറഞ്ഞു…..”
മീനു വിഷമത്തോടെ പറഞ്ഞതും എബി ദേഷ്യത്തോടെ ദേവൻ പോയ ഭാഗത്ത് നോക്കി…..!
“ഞാൻ ഇപ്പൊ വരാം….”
“ഡോക്ടർ എങ്ങോട്ടാ…..?!!”
അതിന് ഒന്നും പറയാതെ അവൻ ദേഷ്യത്തോടെ വണ്ടി എടുത്തു… മീനു ഒന്നും ചെയ്യാൻ ആവാതെ അവൻ പോവുന്നതും നോക്കി നിന്നു…..
ദേവന്റെ ബൈക്കിനു മുന്നിൽ എബിയുടെ കാർ വന്ന് നിന്നതും അവൻ ബ്രേക്ക് ഇട്ടു ചിരിയോടെ ബൈക്കിൽ നിന്ന് ഇറങ്ങി…..!
“എന്താ ഡോക്ടർ ചാവാൻ ഇറങ്ങിയതാണോ…..”
“ചവാൻ ആണോ കൊല്ലാൻ ആണോ എന്നൊക്കെ നമുക്ക് തീരുമാനിക്കാം….”
“എന്നെ കൊല്ലാൻ ഡോക്ടർക്ക് പറ്റില്ല…..”
അവൻ ഒരു പുച്ഛത്തോടെ പറഞ്ഞു …..!
“മീനു ഇപ്പൊ എന്റെ ഭാര്യ ആണ്…. അവളോട് അവളുടെ വീട്ടിൽ കേറി വന്ന് അനാവശ്യം പറയാൻ ഉള്ള അധികാരം നിനക്ക് ആരാ തന്നത്…..”
“ഹ അതിന് മുന്നേ അവൾ എന്റെ ഭാര്യ ആയിരുന്നു….”
“ആയിരുന്നു ഇപ്പോഴല്ല…. ഇനി ഒരിക്കൽ കൂടി അവളെ കണ്മുന്നിൽ ചെന്നാൽ എബി ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുന്നത്…..”
“ഞാൻ എന്റെ കുഞിനെ കാണാൻ വേണ്ടി വന്നതാ…. അല്ലാതെ ഡോക്ടറെ ഭാര്യയെ കാണാൻ ഉള്ള കൊതി കൊണ്ടല്ല…..”
“അതിന് അത് നിന്റെ കുഞ് ആണെന്ന് നിനക്ക് ഉറപ്പുണ്ടോ…..?!!”
“എന്തായാലും ഡോക്ടറുടെ അല്ല…. ഒറ്റ രാത്രി കൊണ്ട് കുഞിനെ കൊടുക്കാൻ ഡോക്ടർ ദിവ്യ ശക്തി വല്ലതും പ്രയോഗിക്കേണ്ടി വരും…..”
എബി ദേഷ്യം കടിച്ചമർത്തി നിന്നു…..!
“ഡോക്ടർ മനസ് വെച്ചാൽ ഇനിയും അവൾക്ക് കൊച്ചുങ്ങൾ ഉണ്ടാവും….ആ കാര്യത്തിൽ രണ്ടാളും കഴിവ് തെളിയിച്ചത് ആണല്ലോ…..അത് കൊണ്ട് എന്റെ കുഞിനെ എനിക്ക് വിട്ടു തന്നേക്ക്…..”
“അതൊരിക്കലും നടക്കില്ല ദേവൻ…. കിത്തു മോൻ എന്റെ മകൻ ആയിട്ടാണ് ജനിച്ചതും വളരുന്നതും….”
“അത് എന്റെ ചോരയാ…. അത് തെളിയിക്കാൻ അവന്റെ മുഖത്ത് ഒന്ന് നോക്കിയാൽ മതി എനിക്ക്…..പിന്നെ നിങ്ങൾക്ക് വേണ്ടി അത് എന്റെ മകൻ ആണെന്ന് തെളിയിക്കാൻ വെറും ഒരു ഡി എൻ എ ടെസ്റ്റ് മതി എന്ന് ഞാൻ ഡോക്ടർക്ക് പറഞ്ഞു തരേണ്ട കാര്യം ഒന്നും ഇല്ലല്ലോ…..”
“നീ എന്ത് വേണേലും ചെയ്തോ…. പക്ഷെ അവനെ നിനക്ക് ഒരിക്കലും കിട്ടില്ല….. അതിന് വേണ്ടി ഈ എബി എന്ത് വേണേലും ചെയ്യും…..”
അവൻ ദേവനെ വെല്ലുവിളിച്ചു കാർ എടുത്തു പോയതും ദേവൻ ദേഷ്യത്തോടെ എബി പോവുന്നതും നോക്കി നിന്നു…..!
എബി തിരികെ വരുന്നത് വരെ മീനു അവിടെ തന്നെ നിൽപുണ്ടായിരുന്നു…..
“ഒരു യാത്ര കഴിഞ്ഞു വന്നതല്ലേ ഇത് എവിടെക്കാ ഈ പോയത്….”
“അവന് കയ്യോടെ കൊടുത്തില്ലെങ്കിൽ അവൻ ഈ വീട്ടിൽ കേറി നിരങ്ങും…..”
“അയാൾ എന്ത് പറഞ്ഞു…..!”
“നീ അതോർത്തു ടെൻഷൻ ആവണ്ട…..അവന്റെ ഇപ്പോഴത്തെ വൈഫിന് ഇനി ഒരിക്കലും അമ്മ ആവാൻ പറ്റില്ല….അതാ ഇപ്പൊ മോനെ അന്വേഷിച്ചുള്ള ഈ വരവ്…..”
“അപ്പൊ അയാൾ എന്റെ മോനെ കൊണ്ട് പോവോ…..”
“ഏയ്…. അതിന് ഞാൻ അനുവദിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ…..”
അവന്റെ വാക്കുകളിൽ അവൾ ഒന്ന് ആശ്വസിച്ചു…. ദേവനെ ആരെക്കാളും നന്നായി അറിയുന്നത് കൊണ്ട് തന്നെ അവളെ ചെറിയ ഭയം അലട്ടിയിരുന്നു…..!
&&&&&&&&&&&&&&&&
“അപ്പൊ മീനു മോനെ ദേവന് തരും എന്നാണോ…..?!!”
“അതൊരിക്കലും അവൾ തരില്ല…. പക്ഷെ ഒരു അച്ഛൻ എന്ന അവകാശം വെച്ച് ഞാൻ എന്റെ മോനെ നേടി എടുത്തോളാം…..”
“കോടതി ഒരു സുപ്രഭാതത്തിൽ ദേവന് വിട്ടു തരോ ആ കുഞിനെ…. പഴയതൊക്കെ വീണ്ടു പുറത്ത് എടുക്കേണ്ടി വരും കോടതിയിൽ…. കുഞ് ഇല്ലെന്ന കാരണത്താൽ അവളെ ഉപേക്ഷിച്ചതും അവൾ ഗർഭിണി ആണെന്ന് പറഞ്ഞു വന്നപ്പോൾ നിങ്ങൾ അത് നിഷേധിച്ചതും എല്ലാം….”
“അതൊക്കെ എങ്ങനെ കയ്കാര്യം ചെയ്യണം എന്ന് എനിക്കറിയാം…..”
ദേവൻ പലതും തീരുമാനിച്ചു കൊണ്ട് പറഞ്ഞു….!
“അത് ദേവന്റെ കുഞ് തന്നെയാണെന്ന് ഉറപ്പുണ്ടോ….എങ്കിലേ വല്ലതും നടക്കൂ…..”
“മീനാക്ഷിയെ ആരെക്കാളും എനിക്കറിയാം…. കഴിഞ്ഞ അഞ്ച് വർഷക്കാലം അവൾ എന്റെ കൂടെയാ ജീവിച്ചത്…..അവൾ വേണ്ടാത്തത് ഒന്നും ചെയ്യില്ല…..”
“അങ്ങനെ ആണെങ്കിൽ അവനെ വിട്ടു കിട്ടിയാൽ നമുക്ക് നമ്മുടെ മോൻ ആയി അവനെ വളർത്തണം…..ദേവന്റെ മോനെ എനിക്ക് സ്നേഹിക്കാൻ പറ്റും…..”
“ഇനി ഇപ്പൊ നിനക്ക് എന്റെ മോനെ സ്നേഹിക്കാൻ പറ്റിയില്ലെങ്കിലും കുഴപ്പം ഇല്ല…..രണ്ടാനമ്മ എന്നും രണ്ടാമത് തന്നെയാ…..”
“അതെന്താ ദേവൻ അങ്ങനെ പറഞ്ഞത്…. അവനെ തനിച്ചു നോക്കാൻ ആണോ ഉദ്ദേശം…..”
“തത്കാലം മറ്റു പല ഉദ്ദേശങ്ങളും എനിക്കുണ്ട്….. അതൊന്നും നിന്നോട് പറയാൻ ഇപ്പൊ എനിക്ക് മനസില്ല…..”
ദേവൻ കല്യാണിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു…..!
മോനെ എന്റെ കയ്യിൽ കിട്ടിയാൽ മോനെ തേടി മീനു എന്റെ അരികിലേക്ക് വരും…..ഒരു പക്ഷെ മോനെ തനിക്ക് കിട്ടിയില്ലെങ്കിൽ ഈ ദേവൻ മോനെ തേടി അവൾക്കരികിലേക്ക് ചെല്ലും…. എന്ത് തന്നെ ആയാലും ഇനി നിനക്ക് സ്വസ്ഥം ആയി ജീവിക്കാൻ പറ്റില്ല മീനു…..!!
അവൻ ഒരു ചിരിയോടെ ആലോചിച്ചു നിന്നു……
&&&&&&&&&&&&&&&&&&&
“മീനു….നിനക്കൊരു രെജിസ്ട്രേഷൻ ഉണ്ട്…..”
അത് കേട്ടതും മീനു അവർക്കരികിലേക്ക് വന്നു…..
“ഇതിൽ സൈൻ ചെയ്തോളൂ….”
മീനു എബിയെ ഒന്ന് നോക്കി സൈൻ ചെയ്തു…..
“ഇതെന്താ…..?!!”
എബി അത് കയ്യിൽ വാങ്ങി തുറന്നു നോക്കിയതും മീനുവിനെ ഒന്ന് നോക്കി…..
“ദേവൻ മോന്റെ അവകാശം നേടി എടുക്കാൻ ഉള്ള ശ്രമം തുടങ്ങി….”
അത് കേട്ടതും മീനു ഞെട്ടി…..!
“എന്തിനാ ദൈവമേ എന്നെ ഇങ്ങനെ വീണ്ടും വീണ്ടും ശിക്ഷിക്കുന്നത്…. അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്…..”
അവൾ കണ്ണീരോടെ എബിയെ നോക്കികൊണ്ട് പറഞ്ഞു…..!
“ഏയ് നീ അവന്റെ അമ്മയാണ്….അത്ര പെട്ടെന്ന് ഒന്നും ആർക്കും ആ അവകാശം നിഷേധിക്കാൻ ആവില്ല….”
എബി അവളെ തോളിൽ കയ് വെച്ച് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു…..!
“പക്ഷെ ഡോക്ടർ…. അയാൾ എന്തും ചെയ്യാൻ മടിക്കില്ല…. എന്റെ മോനെ അയാൾക്ക് വിട്ടു കൊടുക്കേണ്ടി വന്നാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല….”
“അങ്ങനെ ഒന്നും സംഭവിക്കില്ല ഞാൻ അല്ലെ പറയുന്നത്…..”
“ചിന്നു മോളെ കാണാതിരിക്കാൻ ഡോക്ടർക്ക് ഒരു ദിവസം പറ്റുമോ….”
“എനിക്കറിയാം നിന്റെ വിഷമം…. ദേവൻ എന്ത് ചെറ്റത്തരവും ചെയ്യാൻ മടിക്കില്ല…. അത് കൊണ്ട് മോനെ വിട്ടു കൊടുക്കാതിരിക്കാൻ നമുക്കും അത് പോലെ പലതും ചെയ്യേണ്ടി വരും…..”
“എന്ത് ചെയ്യാൻ….”
“ഇനിയും ഏഴു ദിവസം ഉണ്ട്….. അത് വരെ ആലോചിക്കാൻ നമുക്ക് ടൈം ഉണ്ട്…. നീ ധൈര്യം ആയി ഇരിക്ക്….”
മീനു കണ്ണീരോടെ മോനെ ഒന്ന് നോക്കി…. ഒരിക്കലും എന്റെ മോനെ അയാൾക്ക് വിട്ടു കൊടുക്കില്ല…. അതിന് ഇനി എന്ത് ചെയ്യേണ്ടി വന്നാലും…..!
മക്കളുടെ കൂടെ ഇരിക്കുമ്പോഴും മീനു ഏതോ ചിന്തയിൽ ആയിരുന്നു…. എബി വന്നത് പോലും അവൾ കണ്ടില്ല…. എബി അവളെ ആ ഇരിപ്പ് കണ്ട് വിഷമത്തോടെ മുറിയിൽ ചെന്നു…..!
അവളെയും മോനെയും നഷ്ടപ്പെടാതിരിക്കാൻ അവൻ പലതും ചിന്തിച്ചു തുടങ്ങി…..
മക്കളെ ഉറക്കി കിടത്തി മീനു അസ്വസ്ഥതയോടെ മുറിയിൽ അങ്ങിങായി നടന്നു….നാളെ തന്റെ മോനെ വിട്ടു കൊടുക്കേണ്ടി വരുവോ എന്ന ചിന്തയോടെ…..
“മീനു…..”
എബിയുടെ വിളി കേട്ടതും മീനു അവനരികിൽ ചെന്നു…..
“എന്താ ഡോക്ടർ…..”
“വാ പറയാം…..”
അവൻ അവളെയും കൊണ്ട് മുറിയിലേക്ക് നടന്നു…..എബി പറയുന്നത് അത്രയും മീനു ശാന്തമായി ഇരുന്നു കേട്ടു…..!
“ഡോക്ടർ എന്താ ഈ പറയുന്നേ….. ഞാൻ കാരണം ആരുടേയും ജീവിതം നശിക്കാൻ പാടില്ല…..”
“ഇതല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴിയില്ല മീനു…..”
“എന്റെ മോനെ വിട്ടു കൊടുക്കുന്നതിൽ എനിക്ക് വിഷമം ഉണ്ട്….. അത് പോലെ തന്നെ വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാ ഇത്…..”
“ഇത് കൊണ്ട് ആരുടേയും ജീവിതം തകരില്ല മീനു…. അത് ഞാൻ നിനക്ക് പ്രോമിസ് ചെയ്യുന്നു….. അല്ലെങ്കിൽ നമ്മുടെ മോനെ അച്ഛൻ എന്ന പരിഗണന വെച്ച് അയാൾക്ക് എപ്പോഴെങ്കിലും വിട്ടു കൊടുക്കേണ്ടി വരും…..”
“ഇല്ല ഒരു ദിവസം പോലും ഞാൻ എന്റെ മോനെ അയാൾക്ക് വിട്ടു കൊടുക്കില്ല…..”
“അതിന് വേണ്ടിയാ ഞാൻ ഇത് നിന്നോട് പറയുന്നത്…..”
“പക്ഷെ….”
അവൾ എന്ത് ചെയ്യണം എന്ന അവസ്ഥയിൽ ആയിരുന്നു….
“ഞാൻ പറഞ്ഞത് പോലെ ചെയ്‌താൽ ഒന്നും സംഭവിക്കില്ല…..ഇപ്പൊ നീ പോയി സ്വസ്ഥം ആയി ഉറങ്…. എല്ലാം ശരിയാവും…..”
അവൻ കൊടുത്ത ധൈര്യത്തോടെ അവൾ മുറിയിലേക്ക് നടന്നു….
മോനെയും കയ്യിൽ എടുത്തു അവൾ ഒരു പ്രതിമ കണക്കെ ആയിരുന്നു മുറിയിൽ നിന്നും ഇറങ്ങിയത്…..അത് കണ്ടതും എബി മോനെ കയ്യിൽ വാങ്ങി….. അവന്റെ കുഞ്ഞു ചിരിയിൽ അവൻ മോന്റെ കവിളിൽ ഉമ്മ വെച്ചു….
“ഇറങ്ങാം….”
മോനെ തന്റെ മടിയിൽ ഇരുത്തി മീനു ഒന്നും മിണ്ടാതെ ഇരുന്നു…. എബി അവളെ തന്നെ നോക്കുകയായിരുന്നു…..
“മ്മ്….”
“നിന്റെ ധൈര്യം ആണ് ഇനി മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്…. ആ നീ ഇങ്ങനെ തളർന്നാൽ എല്ലാം അയാൾ ആഗ്രഹിക്കുന്നത് പോലെയാവും നടക്കുന്നത്…. ഇത് പോലെ ഒരിക്കൽ നീ ഇങ്ങനെ മൗനമായി നിന്നത് കൊണ്ടാ നിന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയി തീർന്നത്….. അല്ല അത് കൊണ്ട് എനിക്കും മോൾക്കും ഭാര്യ ആയും അമ്മയായും നിന്നെ കിട്ടി…. എങ്കിലും നീ വേദനിച്ച ദിവസങ്ങൾ അത് മറക്കാൻ നിനക്ക് ആവുമോ….”
“എനിക്കറിയില്ല എന്താ ശരി എന്താ തെറ്റ് എന്ന്…..!പക്ഷെ ഒരു ആഗ്രഹമേ ഉള്ളൂ അയാളുടെ മുന്നിൽ ഇനിയും ഞാൻ തോൽക്കരുത്…..”
“മ്മ്….അത് നിന്റെ മിടുക്ക് പോലെ ഇരിക്കും…..”
മീനു ചിന്തയോടെ തന്നെ ഇരുന്നു….!
“ഇറങ്….”
അത് കേട്ടതും അവൾ ചുറ്റിലും ഒന്ന് നോക്കി കൊണ്ട് ഇറങ്ങി….
വിജയ ഭാവത്തോടെ നിൽക്കുന്ന ദേവനെയും കല്യാണിയെയും കണ്ടതും അവൾ എബിയെ ഒന്ന് നോക്കി….
“പേടിക്കേണ്ട…..”
എബി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു….മീനു അവനോടൊപ്പം അകത്തേക്ക് നടന്നു….!
“എന്ത് ഓമനത്തം തുളുമ്പുന്ന മോൻ അല്ലെ ദേവൻ….”
കല്യാണി മീനുവിന്റെ കയ്യിൽ ഉള്ള മോനെ നോക്കി കൊണ്ട് പറഞ്ഞു…..!
“എന്റെ മോൻ അല്ലെ അത് അങ്ങനെയെ വരൂ…..”
“എനിക്ക് അതിനെ കണ്ടിട്ട് ദേവന്റെയാണെന്ന് എന്നൊന്നും തോന്നുന്നില്ല….ശരിക്കും ആ ഡോക്ടറെ പോലെ തന്നെയുണ്ട്…..”
അതിന് ദേവൻ കല്യാണിയെ ഒന്ന് തുറിച്ചു നോക്കി……!!
അഡ്വക്കേറ്റ് വിളിച്ചതും മീനു വിറയലോടെ എബിയുടെ കയ്യിൽ മുറുകെ പിടിച്ചു…..
എബിയും മീനുവും ഒരു ഭാഗത്തും ദേവനും കല്യാണിയും മറ്റൊരു ഭാഗത്തും ആയി ഇരുന്നു….അവളുടെ കയ്യിൽ മോൻ ഒന്നും അറിയാതെ ഇരിക്കുകയാണ്…,!
ദേവൻ തന്റെ കുഞിന്റെ മേലുള്ള അവകാശം ആവശ്യപ്പെടുന്നത് കേട്ട് അവൾ പുച്ഛിച്ചു…. താൻ ഒരു അമ്മയാവാൻ പോവുന്നു എന്ന് അറിഞ്ഞപ്പോൾ ആദ്യം പോയത് അയാളുടെ അടുത്തേക്കാണ്….. അന്ന് അയാൾ പറഞ്ഞ ഓരോ വാക്കുകളും അവൾ വേദനയോടെ ഓർത്തു…..!
“കേസ് കോർട്ടിൽ എത്തുന്നതിനു മുൻപ് ഇവിടെ നിന്നും ഒത്തു തീർപ്പാക്കാൻ വേണ്ടിയാ നിങ്ങൾ രണ്ട് പേരെയും വിളിച്ചത്….”
അത് കേട്ടതും ദേവൻ ഒരു ചിരിയോടെ മീനുവിനെ നോക്കി…..!
“ഈ കുഞ് നിങ്ങളുടെ ആദ്യ ഭർത്താവ് ദേവൻ എന്ന് പറയുന്ന ആളുടേതാണോ…..”
മീനു ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു…..!
“അത് ഇനി പ്രത്യേകം ചോദിക്കണോ സാർ…. കണ്ടാൽ അറിയില്ലേ മോൻ എന്റേതാണെന്ന്….”
ദേവൻ ഒരു ചിരിയോടെ തന്നെ പറഞ്ഞു….!
“ഒരു കുഞിന്റെ കാര്യത്തിൽ അതിന്റെ അച്ഛനും അമ്മയ്ക്കും തുല്യ അവകാശം ആണ്…..പിന്നെ നിങ്ങൾ എന്താ ആ കുഞിനെ അതിന്റെ അച്ഛൻ ആയ ദേവനെ ഒന്ന് കാണാൻ പോലും സമ്മതിക്കാത്തത്…..”
“അതിന് എന്റെ കുഞിന്റെ അച്ഛൻ ഇദ്ദേഹം ആണെന്ന് ആര് പറഞ്ഞു…..?!!”
പെട്ടെന്നുള്ള മീനുവിന്റെ മറുപടി കേട്ട് ദേവൻ ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി…..
“ഞാൻ അല്ലാതെ പിന്നെ ആരാ അതിന്റെ അച്ഛൻ….നിനക്കെന്താ ദിവ്യ ഗർഭം ഉണ്ടായതാണോ…..”
“ആരായാലും എങ്ങനെ ആയാലും ഇത് നിങ്ങളെ കുഞ്ഞല്ല….”
“എനിക്കറിയാം ഇതിന്റെ അച്ഛൻ ഞാൻ ആണെന്ന്….എന്റെ കുഞിന്റെ അവകാശം നിഷേധിക്കാൻ വേണ്ടിയല്ലേ നീ ഇപ്പോൾ ഇങ്ങനെ പറയുന്നത്…..”
“അച്ഛൻ ആണെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ ആവും….ഞാൻ ഗർഭിണി ആണെന്ന് കേട്ടപ്പോൾ തന്നെ നിങ്ങൾ അതിന്റെ അവകാശം നിഷേധിച്ചത് ആണല്ലോ…..”
“അത് അന്നത്തെ എന്റെ സാഹചര്യം കൊണ്ട് സംഭവിച്ചു പോയതാ…..”
“സാഹചര്യത്തിന് അനുസരിച്ചു നിങ്ങൾ വാക്കുകൾ മാറ്റി പറയും…. ഇന്ന് കുഞിനെ അവകാശപ്പെട്ട നിങ്ങൾ നാളെ അത് എന്റെ കുഞ്ഞല്ല എന്ന് പറയില്ലെന്ന് ആര് കണ്ടു…..”
“നേരെ ചൊവ്വേ എന്റെ മുഖത്ത് പോലും നോക്കാത്ത നീ കൂടെ ഇവൻ ഉണ്ടെന്ന ധൈര്യത്തിൽ അല്ലെ ഇങ്ങനെ സംസാരിക്കുന്നത്….”
“അതെ എന്റെ ധൈര്യവും ആത്മ വിശ്വാസവും ഇദ്ദേഹം തന്നെയാണ്…..”
“സൈലന്റ്സ്…. ദേവൻ അല്ലെങ്കിൽ പിന്നെ ആരാ ഈ കുഞിന്റെ അച്ഛൻ…. അത് കേട്ടാൽ അല്ലെ ഈ കേസ് മുന്നോട്ട് കൊണ്ട് പോവണോ എന്ന് തീരുമാനിക്കാൻ പറ്റൂ….”
“അത്….!”
അവൾക്ക് ധൈര്യം പകരാൻ എന്ന പോലെ എബി അവളുടെ കയ്യിൽ മുറുകെ പിടിച്ചു…..!
“പ്രസാദ്….”
മീനുവിന്റെ വായിൽ നിന്നും വീണ പേര് കേട്ട് ദേവൻ ഞെട്ടി തരിച്ചു കൊണ്ട് മീനുവിനെ ഒന്ന് നോക്കി…..!
കല്യാണിക്ക് അത് കേട്ടതും ചിരിയാണ് വന്നത്….അവൾ വിജയ ഭാവത്തോടെ ദേവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു…..!
“പ്രസാദോ….ഞാൻ ഇത് വിശ്വസിക്കില്ല….”
“നിങ്ങൾ വിശ്വസിക്കണം എന്നില്ല….നിങ്ങൾ എന്നെ ഉപേക്ഷിച്ചു എന്റെ കണ്മുന്നിൽ വെച്ച് മറ്റൊരു പെണ്ണിനോടൊപ്പം ജീവിക്കാൻ തുടങ്ങി….അന്ന് എന്നെ മനസ്സിൽ ആക്കാൻ പ്രസാദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ….അവൻ എന്നെ വിവാഹം ചെയ്യാൻ റെഡി ആയിരുന്നു….ഞങ്ങളുടെ അടുപ്പം കണ്ടല്ലേ എന്നെ അവിടന്ന് പുറത്താക്കിയത്…. അപ്പോഴേക്കും പ്രസാദ് എനിക്ക് ഒരു കുഞിനെ തന്നിരുന്നു….”
അവൾ പറയുന്നത് ഒന്നും ഉൾകൊള്ളാൻ ആവാതെ തന്നെ ദേവൻ ഇരുന്നു…..!
താൻ അറിയുന്ന മീനുവും പ്രസാദും അങ്ങനെ ഒരു തെറ്റ് ചെയ്യില്ല….
“സാർ…. ആവശ്യം ആണെങ്കിൽ പ്രസാദിന്റെ ഡി എൻ എ നടത്താനും ഞാൻ റെഡിയാണ്…..”
മീനു ആത്മ വിശ്വാസത്തോടെ പറയുന്നത് കേട്ട് ദേവൻ ഇരുന്നിടത് നിന്ന് വിയർത്തു….. മീനു വെറുപ്പോടെ തന്നെ ദേവനെ ഒന്ന് നോക്കി….!
“ദേവൻ എന്ത് പറയുന്നു…. ഈ കേസും ആയി മുന്നോട്ട് പോണോ….?!!”
ദേവൻ ഒന്നും പറയാൻ ആവാതെ ഇരുന്നു…..!
“ദേവൻ വേണ്ടെന്ന് പറയ്…. അല്ലെങ്കിൽ വീണ്ടും നാണം കെടേണ്ടി വരും…..”
കല്യാണി ദേവനോടായി പതിയെ പറഞ്ഞതും ദേവൻ ഒന്നും മിണ്ടാതെ എണീറ്റ് പുറത്തേക്ക് നടന്നു…. അത് കണ്ടതും കല്യാണി മീനുവിനെ ഒന്ന് നോക്കി അവന്റെ പിന്നാലെ നടന്നു…..!
“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അതിനെ കണ്ടിട്ട് ദേവന്റെ കൊച്ച് ആണെന്നെന്നും തോന്നുന്നില്ലെന്ന്…..അപ്പൊ എന്തൊക്കെ ആയിരുന്നു….ഇപ്പൊ എന്തായി….മിണ്ടാപൂച്ച കലം ഉടച്ചത് കണ്ടില്ലേ…..”
ദേവൻ അരിശത്തോടെ കല്യാണിയെ നോക്കി…..!
“ഇത് ഇപ്പൊ തന്നെ ആ പൂജയെ വിളിച്ചു പറയണം…. തന്റെ ഭർത്താവ് ഒരുത്തിക്ക് ഒരു കൊച്ചിനെ ഉണ്ടാക്കിയിട്ടാ അവളെ കെട്ടിയത് എന്ന് അറിയട്ടെ…..”
കല്യാണി പറയുന്നത് ഒന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല…മനസും ശരീരവും ഒരു പോലെ മരവിക്കുന്നത് പോലെ…..!
മീനു കണ്ണീരോടെ അവിടെ തന്നെ ഇരുന്നു…..
“ദൈവം പോലും എന്നോട് പൊറുക്കില്ല അല്ലെ ഡോക്ടർ….
“ഏയ്…. നമ്മുടെ മോനു വേണ്ടിയല്ലേ…. നീ വിഷമിക്കാതെ….പ്രസാദ് മോന്റെ ചെറിയച്ഛൻ ആണ്…. അച്ഛന്റെ സ്ഥാനം തന്നെയാ….”
എബി മീനുവിനെ ആശ്വസിപ്പിച്ചു അവളെയും കൊണ്ട് ഇറങ്ങി….!
മീനുനെ വണ്ടിയിൽ ഇരുത്തി എബി ദേവനരികിൽ ചെന്നു….!ദേവൻ ദേഷ്യത്തോടെ അവനെ നോക്കി….!
“ഒരു പെണ്ണിന് ഒരു കുഞിനെ കൊടുക്കാൻ ഏതൊരു ആണിനും പറ്റും….പക്ഷെ അച്ഛൻ ആണെന്ന് കുഞിന്റെ അമ്മ കൂടി സമ്മതിച്ചാലെ അവൻ ഒരു ആണാവൂ…..”
എബിയുടെ വാക്കുകളിൽ ദേവൻ അരിശം കടിച്ചു പിടിച്ചു നിന്നു…..!
അവൻ മീനുനെയും കൊണ്ട് പോവുന്നത് ദേവൻ ദേഷ്യത്തോടെ തന്നെ നോക്കി നിന്നു….!
“പോവാം…. ഇനിയും എന്തിനാ ഇവിടെ നിക്കുന്നത്….”
കല്യാണിയുടെ വിളിയിൽ അവൻ അവളെയും കൊണ്ട് അവിടന്ന് പോയി….
മീനു തകർന്ന മനസോടെ തന്നെ ഇരിപ്പ് ആയിരുന്നു…. താൻ എന്ത് വലിയ തെറ്റാ ചെയ്തത് ദൈവമേ….എല്ലാം എന്റെ മോന് വേണ്ടിയാണ്….എന്നോട് ക്ഷമിക്കണേ ദൈവമേ….അവൾ കണ്ണീരോടെ പ്രാർത്ഥിച്ചു…..!
“നിന്റെ വാക്കിൽ ദേവൻ പതറിയത് നീ കണ്ടില്ലേ…. ഇനി മോന്റെ കാര്യത്തിൽ നിനക്ക് വിഷമിക്കേണ്ടി വരില്ല മീനു….”
മീനു അപ്പോഴും മൗനമായി ഇരുന്നു….!
വീട്ട് മുറ്റത്ത് കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറുമ്പോൾ അവർക്ക് പിന്നാലെ വന്ന് മറ്റൊരു കാറിൽ നിന്ന് ഇറങ്ങുന്ന പ്രസാദിനെയും ഭാര്യയെയും കണ്ടതും മീനു സ്തംഭിച്ചു നിന്നു……!
തുടരും…

by