16/04/2026

വേദലക്ഷ്മി : ഭാഗം 10

രചന – ഊർമ്മിള മിഥിലാത്മജ

നിക്ക് അറിയാമായിരുന്നു അമ്മേ… ഈ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു.. പക്ഷെ വൈകിപ്പോയിന്ന് മാത്രം… ഞാൻ തീർച്ചയായും പോകും അമ്മേ.. പക്ഷെ അതെന്റെ ഏറ്റവും നല്ല സുഹൃത്തിനവന്റെ പെണ്ണിനെ നേടിക്കൊടുത്തിട്ടാണെന്ന് മാത്രം… തൻ വിയുടെ വാക്കുകൾ മനസ്സിലാകാതെ അമ്മ അവളെ നോക്കി നിന്നു…. തൻവി അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു പുറത്തേക്കിറങ്ങി നടന്നു…. മോളെ നില്ല് മോളെ … അമ്മ പറയുന്നതൊന്നുകേൾക്കു… അമ്മക്കൊന്നും മനസ്സിലായില്ല…. അതുംപറഞ്ഞു തൻവിക്ക് പുറകെ ഓടുന്ന അമ്മയെ ലക്ഷ്മി അത്ഭുതത്തോടെ നോക്കി നിന്നു…

ഇന്നലെവരെ എന്തിനും ഏതിനും തൻവിയുടെ കുറ്റം കണ്ടുപിടിച്ചിരുന്ന അമ്മ ഇന്നൊരു ദിവസം കൊണ്ട് അവളുടെ പുറകെ കെഞ്ചിക്കൊണ്ട് ഓടിനടക്കുന്നതിന്റെ പൊരുൾ അവൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല… കൂടെ നിന്നവർ ഓരോരുത്തരും കയ്യൊഴിഞ്ഞുപോകുന്നതായവൾക്ക് തോന്നി.. തവിയുടെ നടത്തം നിന്നത്… വീട്ടിൽ നിന്നുംകുറച്ചപ്പുറത്തായുള്ള കുളക്കടവിൽ വച്ചാണ്… അവളുടെ പുറകെ ഓടിയെത്തിയ അമ്മ കിതാച്ചുപോയിരുന്നു… എന്തൊരു പോക്കാ കുഞ്ഞേ നീ പോയത്… മനുഷ്യന്റെ ചങ്ക് വാപൊളിച്ചു പോയല്ലോ??? ആഹ്‌ അതാണ്‌ പട്ടാളത്തിൽ ഒക്കെ പോയാലുള്ള ഗുണം ഈ കിതാപ്പുണ്ടാവില്ല… ആ അതൊക്കെ പോട്ടെ… നീ പറഞ്ഞതെന്തുവാന്ന് എനിക്ക് മനസ്സിലായില്ല കുഞ്ഞേ… നീ മനുഷ്യന് മനസ്സിലാവണപോലെ പറ… നീ പറഞ്ഞതൊന്നും പ്രവർത്തിക്കുന്നത് വേറൊരു തരത്തിലും ആണല്ലോ??…

അമ്മയുടെ പറച്ചിൽ കേട്ട് തൻവിക്ക് ചിരിയാണ് വന്നത്… ഞാൻ പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നുതന്നെയാ അമ്മേ…. അമ്മയുടെ ഉദ്ദേശം തന്നെയാണ് എനിക്കും.. വേദിനെയും ലക്ഷ്മിയേയും ഒന്നിപ്പിക്കണം അവർക്കിടയിലുള്ള ഈ മതിൽ പൊളിച്ചു കളയണം… ഇവിടെ വന്നുകയറിയപ്പോഴേ എനിക്ക് മനസ്സിലായി അമ്മയുടെ താത്രപ്പാടും എന്റെ പണിയും ഒന്നാണെന്നു.. അതുകൊണ്ടാ ഇപ്പൊ അമ്മയോട് പറഞ്ഞത്… ഒറ്റക്ക് ഒറ്റക്ക് നോക്കിയിട്ട് കാര്യമില്ല ഇനി നമ്മൾ രണ്ടുപേരും കൂടെ ഒറ്റകെട്ടായി നിന്നുവേണം ശ്രമം തുടരാൻ .. അമ്മക്കറിയാലോ അവർ രണ്ടാൾക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സ്നേഹമുണ്ട് പക്ഷെ അത് പ്രകടിപ്പിക്കാൻ അവരുടെ മനസ്സിനൊരു മടി… ആ മടിയാണ് ഞാൻ നേരത്തെ പറഞ്ഞ മതിൽ… ആ മടിയങ്ങു മാറ്റിയെടുക്കേണ്ടത് നമ്മളും… ഒരു പെണ്ണ് ഒട്ടും സഹിക്കാത്ത കാര്യമാണ് അവളുടെ ചെക്കനോട്‌ മറ്റൊരു പെണ്ണ് അമിതസ്വാതന്ത്ര്യം കാണിക്കുന്നത്..

ആ മേതേഡ് തന്നെയാ ഞാനും ഇവിടെ ഉപയോഗിക്കുന്നത്…കുശുമ്പ് കൂടുമ്പോൾ പെണ്ണിന്റെ തനി സ്വഭാവം പുറത്തുവരുമെന്നറിയാലോ അതുകൊണ്ട് തന്നെയാ ആ വഴിയൊന്നു എറിഞ്ഞുനോക്കാൻ തീരുമാനിച്ചത്… എന്റെ ഈ ശ്രമത്തിന്റെ കാര്യം അമ്മയ്ക്കും വേദിനും മാത്രമേ അറിയൂ… ഞങ്ങടെ കൂടെ ഉണ്ടാവണം .. ഈ മിഷൻ നമ്മൾ ഒന്നിച്ചു നിന്നുജയിക്കണം… തൻവി അതും പറഞ്ഞു അമ്മക്ക് നേർക്ക് കൈനീട്ടി… മറുതൊന്നും ആലോചിക്കാൻ നിൽക്കാതെ അവരവളുടെ കയ്യിൽ കൈ ചേർത്തു.. മോനെ വന്നിട്ടിത്ര ദിവസമായില്ലേ തൻവിമോളാണെങ്കിൽ നമ്മുടെ അമ്പലമൊന്നും കണ്ടിട്ടുമില്ലല്ലോ നിനക്കവളെ അവിടെയൊക്കെ ഒന്ന് കൊണ്ടുപോയി വന്നൂടെ?? അടുക്കളയിൽ വട്ടം കൂടിയിരുപ്പായിരുന്നു.. നാലാളും .

തൻവിയും വേദും അമ്മ പച്ചക്കറി അരിയുന്നതും നോക്കി ഇരിക്കുമ്പോൾ ലക്ഷ്മി അടുക്കളയിൽ പത്രം കഴുകിവക്കുകയായിരുന്നു… അമ്മയുടെ വാക്കുകൾ കേൾക്കെ അവൾ അവരെയൊന്നു പാളി നോക്കി .. ഈ അമ്മായിക്കിതെന്തിന്റെ കേടാ… അവളെ അമ്പലത്തിലോട്ട് കെട്ടിയെടുക്കാത്തതിന്റെ കുറവും കൂടിയേ ഒള്ളൂ… അവിടെ തേവര് സമാധാനമായിട്ടിരിക്കുന്നത് അമ്മായിക്ക് പിടിക്കുന്നില്ലേ ആവോ ???.. ആ അത് നേര ഞാനും ഓർത്തതെ ഒള്ളു എന്തായാലും ഇന്ന് വൈകിട്ട് പോയികളയാം … വേദ് തൻവിയെ നോക്കി പറഞ്ഞു… അതുകൂടി കേട്ടതോടെ ലക്ഷ്മിയുടെ പത്രം കഴുക്കിന്റെ വേഗതയും ശബ്ദവും കൂടി കൂടി വന്നു.. പാത്രങ്ങളൊക്കെ അറിയാത്ത ഭാവത്തിൽ നിലത്തിട്ട് കലിയടക്കുന്നുണ്ട് ലക്ഷ്മി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നത് കണ്ടു മൂന്നുപേരും പരസ്പരം നോക്കി ചിരിച്ചു.

എന്റെ പൊന്നുമോനെ അവളുടെ കയ്യിലെ പാത്രത്തിനു പകരം നിന്നെവല്ലോം അവളുടെ കയ്യിൽ കിട്ടിയാലുണ്ടല്ലോ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കും അവൾ തൻവി വേദും അമ്മയും മാത്രം കേൾക്കുന്ന ശബ്ദത്തിൽ അവനോടായി പറഞ്ഞു… പിന്നെ അവിടെയൊരു കൂട്ടച്ചിരിയുയരുകയായിരുന്നു… എന്താണ് നടക്കുന്നതെന്നറിയാതെ ലക്ഷ്മി അവരെതന്നെ നോക്കിയിരുന്നു… അവൾ ശ്രദ്ധിക്കുന്നു എന്ന് കണ്ടതോടെ മൂന്നാളും ചിരിനിർത്തി പാവം കുട്ടികളായി … ലക്ഷ്മി വരുന്നില്ലേ അമ്പലത്തിൽ… താനും പുറത്തേക്കൊന്നും ഇറങ്ങി കണ്ടിട്ടില്ലല്ലോ??. നമുക്ക് പോയാലോ??… അത്… അതുപിന്നെ ഞാൻ…വരണോ ???..വന്നാൽ… ലക്ഷ്മി ബബ്ബബ്ബ വച്ചു തുടങ്ങി… ഓഹ് അവൾക്ക് എപ്പോ വേണേലും പോവാലോ… ലക്ഷ്മി പോയാൽ നിങ്ങൾ തിരിച്ചു വരുമ്പോ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണ്ടേ???…അമ്മയുടെ മറുപടി കേട്ട് ലക്ഷ്മി അന്തം വിട്ടുനിന്നു…

വെറുതെയൊരു ജാടക്ക് ഞാൻ വരണോ എന്ന് ചോദിച്ചതാ… ഇവറ്റോലെ രണ്ടിനെയും കൂടി അമ്പലത്തിൽ വീട്ടിട്ടിവിടെ ഇരുന്നാൽ ടെൻഷൻ കേറി ഹൃദയം പൊട്ടി ഞാൻ മരിക്കും…. അമ്മായി എന്നാലും വല്ലാത്തപാരതന്നെയാ വച്ചത്…ലക്ഷ്മി മനസ്സിൽ പറഞ്ഞു… എന്നാലും ഇങ്ങനൊക്കെ മനുഷ്യൻ മാറുവോ?? ഇന്നലെ വരെ തൻവിയോട് ദേഷ്യം കൊണ്ടുനടന്ന അമ്മായി ഒറ്റദിവസം കൊണ്ട് മറുകണ്ടം ചാടി… താനെന്താടോ ആലോചിക്കുന്നത്… കഴിക്കാൻ ഉള്ളതൊക്കെ നമുക്ക് നേരത്തെ റെഡിയാക്കിവക്കാം… താനും റെഡിയാവ് നമുക്ക് മൂന്നാൾക്കും കൂടി പോകാം… അതും പറഞ്ഞു.. തൻവി ലക്ഷ്മിയെ നോക്കി.. അവളുടെ കണ്ണുകളിലെ തിളക്കം എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്നതേ ഉണ്ടായിരുന്നുള്ളൂ.. ലക്ഷ്മിയുടെ കണ്ണിലെ തിളക്കത്തിന്റെ പ്രതിഫലനം കണ്ടത് വേദിന്റെ ചിരിയിൽ ആണെന്നവർക്ക് തോന്നി…

താൻ സ്നേഹിക്കുന്നവൾ തന്റെ കാര്യത്തിൽ കുറച്ചൊക്കെ പോസ്സസ്സീവ് ആകുന്നത് എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്നകാര്യം തന്നെയാണ്..തന്റെ കാര്യത്തിൽ അത് വ്യത്യസ്തതകൾ നിറഞ്ഞതാണെന്ന് മാത്രം … പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ല.. തുറന്നു സംസാരിച്ചിട്ടില്ല… കഴുത്തിലൊരു താലി കെട്ടി എന്നതിലുപരിയായി എടുത്തുപറയത്തക്ക ബന്ധങ്ങളൊന്നും ഇതുവരെ സ്ഥാപിച്ചിട്ടില്ല എങ്കിലും ഉള്ളിന്റെയുള്ളിൽ തങ്ങൾ പ്രണയം പങ്കുവക്കുകയാണെന്ന് അവനുറപ്പായിരുന്നു…. നേരത്തെ തന്നെ വൈകിട്ടത്തേക്കുള്ളതൊക്കെ റെഡിയാക്കിവച്ചു കുളിച്ചു റെഡിയായി ലക്ഷ്മി താഴേക്ക് വന്നു… വേദും തൻവിയും നേരത്തെ തന്നെ ഒരുങ്ങി ഇരിക്കുകയായിരുന്നു… ഒരു സാദാ സെറ്റും മുണ്ടും ആയിരുന്നു ലക്ഷ്മിയുടെ വേഷം… തൻവി എന്നത്തേതിലും വിപരീതമായി ഇന്നൊരു ചുരിദാർ എടുത്താണിഞ്ഞിരുന്നു…

ലക്ഷ്മിയുടെ നെറ്റിയിലെ കറുത്ത കുഞ്ഞിപ്പോട്ട് കണ്ടപ്പോളാണ് തൻവിക്ക് തന്റെ കയ്യിൽ പൊട്ടില്ല എന്ന സങ്കടം വന്നത്… അവൾ ലക്ഷ്മിയുടെ നെറ്റിയിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ലക്ഷ്മിക്ക് കാര്യം മനസ്സിലായിരുന്നു… നെറ്റിയിലെ കുഞ്ഞിപ്പോട്ട് എടുത്തു തൻവിക്ക് തൊട്ട് കൊടുത്തുകൊണ്ട്. പൂജമുറിയിൽ നിന്നും ഒരു നുള്ള് ചന്ദനമെടുത് നെറ്റിയിൽ വരച്ചുകൊണ്ട് ലക്ഷ്മി പുറത്തേക്കിറങ്ങി… അവളുടെ നെറുകയേ ചുവപ്പിച്ച കുങ്കുമചുവപ്പിലായിരുന്നു അപ്പോളും വേദിന്റെ ശ്രദ്ധ… നോക്കി ഇല്ലാതാക്കല്ലേ ടാ … ആ പെണ്ണൊന്നു അമ്പലത്തിൽ പോയി വന്നോട്ടെ തൻവി അതും പറഞ്ഞു വേദിന്റെ വയറ്റിൽ ഒരു നുള്ള് കൊടുത്തു… ചിരിയടക്കികൊണ്ട് വേദ് മുന്നേ നടന്നു പുറകെ തൻവിയും ലക്ഷ്മിയും…. വൈകുന്നേരം ആയതിനാൽ അമ്പലത്തിൽ അധികമാരും ഉണ്ടായിരുന്നില്ല..

ദേവന്റെ നടയിൽ നിന്ന് പ്രാർത്ഥിക്കുന്ന ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് വേദ് കണ്ടിരുന്നു.. അവൻ അവളറിയാതെ അവൾക്കരുകിലായ് നിന്ന് തൊഴുതു… കണ്ണ് തുറന്ന ലക്ഷ്മി കണ്ടത് അവളുടെ അടുത്ത് നിന്ന് തൊഴുന്ന വേദി നെയാണ്… അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു… പെട്ടന്ന് തന്നെ അവർ തൊഴുതിറങ്ങിയിരുന്നു.. തൻവി ആദ്യം തന്നെ പുറത്തിറങ്ങി ആൽത്തറയിൽ സ്ഥാനം പിടിച്ചു… പുറകെ ചെന്ന വേദിന്റെ നെറ്റിയിൽ ചന്ദനം ചാർത്തുന്ന തൻവിയെയാണ് കണ്ടത്… അത് കണ്ടപ്പോൾ ചെറിയ കുശുമ്പ് തോന്നിയെങ്കിലും അത് കാര്യമാക്കാതെ അവൾ അവർക്കരികിലേക്ക് നടന്നു … ലക്ഷ്മി പ്രസാദം തൊട്ടിട്ടില്ല എന്ന് കണ്ട വേദ് അവളുടെ കയ്യിലെ പ്രസാദത്തിൽ നിന്നും ഒരു നുള്ള് ചന്ദനമെടുത്തവളുടെ നെറ്റിയിൽ അവൾ തൊട്ട കുറിക്ക് മുകളിലൂടെ വരച്ചു…

കുങ്കുമം തൊടാനെന്ന മട്ടിൽ അവളുടെ നെറ്റിൽ പൊട്ടുതൊട്ടശേഷം ബാക്കി കുങ്കുമം അറിയാത്തമട്ടിൽ അവൻ ലക്ഷ്മിയുടെ നെറുകയിൽ തൊട്ടിരുന്നു… വേദിന്റെ ആ പ്രവർത്തി ലക്ഷ്മി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത്ഭുതത്തോടെ അവനെതന്നെ നോക്കിനിന്ന ലക്ഷ്മിയെ അവൻ പാളിയൊന്നു നോക്കി . “”സോറി… അറിയാതെ കൈകൊണ്ടതാ … “”””അതും പറഞ്ഞു വേദ് അവിടെ നിന്നും പോകാൻ തുടങ്ങിയതും തൻവി അവന്റെ പുറകെ ഓടിച്ചെന്നതും ഒന്നിച്ചായിരുന്നു… കളിചിരികളുമായി മുന്നോട്ട് നടന്നുനീങ്ങുന്നവരെ തന്നെ നോക്കി ലക്ഷ്മി കുറച്ച് നിമിഷങ്ങൾ അനക്കമില്ലാതെ നിന്നുപോയിരുന്നു… വേദിനും തൻവിക്കുമോപ്പമെത്താൻ ലക്ഷ്മി ഓടുകയായിരുന്നു.. അമ്പലത്തിന്റെ കവാടം കഴിഞ്ഞുള്ള വലിയ വളവിൽ ആളുകൾ തീരെ കുറവായിരുന്നു…

നേരം ഇരുട്ടിതുടങ്ങിയിരുന്നതീനാൽ ലക്ഷ്മി കഴിയുന്നത്ര സ്പീഡിൽ ആയിരുന്നു നടന്നുകൊണ്ടിരുന്നത്… പെട്ടന്നാണ് ലക്ഷ്‌മിയുടെ കയ്യിൽ ആരോ പിടിച്ചുനിർത്തിയത്.. അവൾ ഭയന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വഷളൻ ചിരിയോടെ അവളെ ത്തന്നെ നോക്കി നിൽക്കുന്ന.. സുഗുണനെയാണ്… സകലകൊള്ളരുതായ്മകളും ഉള്ള നാട്ടുകാരുടെ തലവേദന തന്നെയാണ് സുഗുണൻ പരദൂഷണവും കൂട്ടിപ്പിടിപ്പിക്കലും ആണ് അയാളുടെ പ്രധാന തൊഴിൽ .. ലക്ഷ്മിയേ അടിമുടിയൊന്നു നോക്കിയശേഷം അയാൾ കയ്യിലെ വീടിക്കുറ്റി ആഞ്ഞുവലിച്ചശേഷം അതവളുടെ മുഖത്തേക്ക് ഊതിവിട്ടു… ലക്ഷ്മി അയാളുടെ കയ്യിൽ നിന്നും കൈ വേർപെടുത്താൻ ആകുന്നു ശ്രമിച്ചെങ്കിലും അവൾക്കതിനു സാധിച്ചില്ല… വേദിനെ പുറകിൽ നിന്നുവിളിക്കുന്നുണ്ടായിരുന്നെങ്കിലും വിളികേൾക്കാൻ കഴിയുന്നതിലും ദൂരേക്ക് അവർ നടന്നു നീങ്ങിയിരുന്നു…

ആരെയാടി വിളിച്ചു കൂവുന്നത് കെട്ടിയോൻ വേറൊരുത്തിയുടെ കൂടെ കുഴഞാടിപ്പോകുന്നത് കണ്ടല്ലോ??? എന്തേ അവനും മടുത്തോ നിന്നെ??? അതോ അവനു നാട്ടിൽ വരുമ്പോൾ ഉള്ള സെറ്റപ്പാണോ നീ…?? എന്തായാലും അവന്റെ ഭാഗ്യാമെന്ന് പറഞ്ഞാൽ മതിയല്ലോ ?? നിന്നെപ്പോലൊരു ചരക്കിനെ ഫ്രീ ആയിട്ടങ്ങു കിട്ടിയില്ലേ… കൂട്ടുകാരൻ മരിച്ചു പരലോകത്തെത്തിയെങ്കിലെന്താ അവന്റെ പെണ്ണിനെ എല്ലാരും കൂടങ്ങു കെട്ടിച്ചു കൊടുത്തില്ലേ അവന്റെ ഒക്കെ സമയം അല്ലാതെ എന്താ പറയുക… കേട്ടു നിൽക്കാനേ ലക്ഷ്മിക്ക് കഴിഞ്ഞുള്ളു.. അവളുടെ മനസ്സ് മരവിച്ചു പോയിരുന്നു… നിറഞ്ഞൊഴുകിയ മിഴികളെ തുടച്ചുമാറ്റാൻ പോലും സാധിക്കാതെ ലക്ഷ്മി തറഞ്ഞുനിന്നുപോയിരുന്നു…

അല്ലമോളെ… കേട്ടുകഴിഞ്ഞെങ്കിലും പെണ്ണിന്റെ മൊഞ്ചിനിടിവൊന്നും വന്നിട്ടില്ലല്ലോ??? തൊട്ടുപോലും നോക്കിയ ലക്ഷണമില്ലല്ലോ??? എന്താടി നിന്നെയൊന്നിനും കൊള്ളില്ലാത്തോണ്ട് ഉപേക്ഷിചിട്ടേക്കുവാണോ അവൻ… അവൻ പോയാൽ പോട്ടെ മോളെ… ഞങ്ങളൊക്കെ ഇവിടില്ലേ.. നീയൊന്നു മൂളിയാൽ മതി ബാക്കികാര്യം നമ്മൾ നോക്കിക്കോളാം അതും പറഞ്ഞവളുടെ തോളിൽ തട്ടി അയാൾ നടന്നു നീങ്ങുമ്പോളും അവളുടെ ഉടലാകെ കൊത്തിവലിച്ച ആ ചോരക്കണ്ണുകൾ അവളിൽ ഭയം ജനിപ്പിച്ചു. അവൾക്കവളോട് തന്നെ വെറുപ്പ് തോന്നിപ്പോയി… തന്നെയൊന്നു തിരിഞ്ഞു പോലും നോക്കാതെ തൻവിക്കൊപ്പം നടന്നു നീങ്ങുന്ന വേദ് അവളുടെ ഉള്ളിൽ ഒരു വേദന യായി മാറി..