16/04/2026

വേദലക്ഷ്മി : ഭാഗം 11

രചന – ഊർമ്മിള മിഥിലാത്മജ

തന്നെയൊന്നു തിരിഞ്ഞു പോലും നോക്കാതെ തൻവിക്കൊപ്പം നടന്നു നീങ്ങുന്ന വേദ് അവളുടെ ഉള്ളിൽ ഒരു വേദനയായി നിന്നു… നിന്നനിൽപ്പിൽനിന്നുമവൾ താഴേക്കു ഇരുന്നു… അവളുടെ ശ്വാസം നിലച്ചതായി തോന്നി… ഒരുപെണ്ണും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ.. ഇനിയുമെന്തൊക്കെയാണ് ഈ ജീവിതത്തിൽ കേൾക്കാൻ ബാക്കിയുള്ളത്?? ഇനിയുമെന്താണ് അനുഭവിക്കാനുള്ളത്??? പ്രാണനെപ്പോലെ കണ്ടവനെ എന്നിൽനിന്നുമടർത്തിമാറ്റി… എന്റെ അനുവാദത്തിന് കാത്തുനിൽക്കാതെ മറ്റൊരാളുടെ ഭാര്യയാക്കി.. ഇന്നിപ്പോൾ അയാളെയുമെന്റെ കയ്യിൽ നിന്നും തട്ടിയെടുക്കാൻ നോക്കുന്നു… ജീവനായി സ്നേഹിച്ചവൻ ഇനി വരില്ലന്നറിഞ്ഞും അവനെപ്പോലെ മറ്റൊരുവന്റെ കൂടെ ജീവിച്ചാൽ സന്തോഷം തിരിച്ചു കിട്ടുമെന്നാണോ എല്ലാവരും വിചാരിക്കുന്നത്… ഒരിക്കലുമില്ല .. രൂപം മാത്രമാണ് ഒന്ന്.. ആളുകൾ രണ്ടാണ്… ഇഷ്ടങ്ങൾ രണ്ടാണ്…. നടപ്പും എടുപ്പും വിഭിന്നമാണ്… വേദിന്റെ മുന്നിൽ നിൽക്കുന്ന നേരമത്രയും മനസ്സ് എരിഞ്ഞുകത്തുകയാണ്…

മുന്നിൽ നിൽക്കുന്ന പ്രിയപ്പെട്ട രൂപത്തിനുള്ളിൽ എന്നെ സ്നേഹിച്ച, ഞാൻ സ്നേഹിച്ച…, മനസ്സില്ലന്നറിയുമ്പോൾ ഉരുകിയില്ലാതാവുന്നുണ്ട്… ഒരുപക്ഷെ വേദ് എന്നെ വെറുക്കുന്നുണ്ടാവും … വെറുക്കട്ടെ വെറുക്കപ്പെടേണ്ടവളാണ് ലക്ഷ്മി… കൂടെ നിർത്താൻ യോഗ്യതയില്ലാത്തവൾ… ഈ താലിക്ക് വിധിയില്ലാത്തവൾ… ഇതെന്നേക്കാൾ ചേരുക തൻവിക്ക് തന്നെയാണ് … എനിക്കാരെയും വേണ്ട…എനിക്ക് ആരുമില്ല… ലക്ഷ്മിയുടെ സ്വന്തം ആയിരുന്ന ആള് ലക്ഷ്മിയെ ഒറ്റക്കാക്കി പോയി… ഒരുവാക്ക് പോലും പറയാതെ… ഉപേക്ഷിക്കാൻ നിവർത്തിയില്ലാത്തത് കൊണ്ട് ആരൊക്കെയോ കൂടെ നിൽക്കുന്നു… ലക്ഷ്മി ഒറ്റക്കാണ്…. ലക്ഷ്മിയോട് ആർക്കും എന്തും പറയാം… ലക്ഷ്മി ഒറ്റക്കായി ഉണ്ണിയേട്ടാ… ഞാനും വരുവാ എന്നെയും കൊണ്ടുപോ.. ലക്ഷ്മിക്ക് തന്നെ പറ്റില്ല ഉണ്ണിയേട്ടാ…

അടിയും വഴക്കുമായി വീടിന്റെ നടകയറിവരുന്ന വേദിനേയും തൻവിയെയും നോക്കി നിൽക്കുകയായിരുന്നു അമ്മ… ആ തുടങ്ങിയോ രണ്ടും കൂടെ വീണ്ടും… ഇതിപ്പോ നേരെ നോക്കിയാൽ കീരിയും പാമ്പുമാണല്ലോ രണ്ടാളും.. എന്തുവാ പിള്ളേരെ നിങ്ങളിങ്ങനെ….. ഇവന എന്നെ ആദ്യം തല്ലിയത് ഞാനൊന്നും ചെയ്തിട്ടില്ലമ്മേ…. അപ്പോ നീയെന്നെ കളിയാക്കിയതോ ?? മനുഷ്യനെ സമാധാനം തരാതെ പുറകെ വന്നാൽ ആരായാലും അടികൊടുക്കും അതേ ഞാനും ചെയ്തുള്ളു… വേദ് അവളുടെ ചെവിക്ക് പിടിച്ചു കിഴുക്കിക്കൊണ്ട് മറുപടി പറഞ്ഞു… ആ അത് പറഞ്ഞപ്പോഴാ.. അമ്മയറിഞ്ഞില്ലാലോ മോൻ അമ്പലത്തിൽ വച്ചു എന്തൊരു റോമാൻസ് ആയിരുന്നെന്നോ?? ഭാര്യക്ക് കുറി തൊടുന്നു അവടൊപ്പം നിന്നുതൊഴുന്നു.. സൗന്ദര്യം ആസ്വദിക്കുന്നു.. നെറുകയിൽ സിന്ദൂരം ചാർത്തികൊടുക്കുന്നു.. ഇക്കണക്കിനു പോയാൽ അവളെ ഒറ്റക്ക് കിട്ടിയാൽ ഇവൻ പീഡിപ്പിച്ചു വിടുമെന്നാ തോന്നുന്നത്… ഓഹ് ഈ പെണ്ണിന്റെയൊരു നാവ്.. അവൻ നോക്കട്ടെ മോളെ അവന്റെ ഭാര്യയെ അല്ലേ നോക്കിയത്…

അതൊക്കെ പോട്ടെ ലച്ചു എന്തിയെ എന്നിട്ട്.. അവളെ കണ്ടില്ലല്ലോ?? അപ്പോളാണ് വേദും തൻവിയും ലക്ഷ്മിയുടെ കാര്യമോർത്തത് അവർ രണ്ടാളും പരസ്പരം നോക്കി… അവൾ വരണ്ട സമയം കഴിഞ്ഞിരുന്നു.. ആകാശത്ത് ഇരുട്ട് പരന്നുതുടങ്ങിയത് കണ്ട വേദ് നിന്നനിൽപ്പിൽ നിന്നും പുറകെ ഇറങ്ങിയോടി… കൂടെ പോകാൻ തുനിഞ്ഞ തൻവിയെ അമ്മ തടഞ്ഞുനിർത്തി… വേദിന്റെ കാലുകൾക്ക് വേഗതയേറിയിരുന്നു… അവൻ വീട്ടിലേക്കുള്ള വരമ്പുകടന്നു ചെല്ലുമ്പോളേക്കും വളവിൽ ആള് കൂടി നിൽക്കുന്നത് കണ്ടിരുന്നു… ആൾക്കൂട്ടത്തിനിടയിലേക്ക് അതിവേഗമോടിക്കയറിയ വേദ് കണ്ടത് തറയിൽ ചലനമറ്റിരിക്കുന്ന ലക്ഷ്മിയെ ആണ്… ആരൊക്കെയോ അവളെ വിളിക്കുന്നുണ്ടെങ്കിലും അവളതൊന്നും കേൾക്കുന്നില്ലന്നവന് മനസ്സിലായി .

അവളുടെ മനസ്സവിടെയില്ലെന്നും ലക്ഷ്മിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായെന്തോ അവിടെ സംഭവിച്ചിട്ടുണ്ടെന്നും അവനു മനസ്സിലായി… നിശബ്ദമായി നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ കാണെ അവനു കുറ്റബോധം തോന്നി… അവനവൾക്കരികിലിരുന്നു അവളെ തട്ടിവിളിച്ചു… ഞെട്ടിയവനെ നോക്കിയ അവൾ കുറച്ച് നേരം അവനെ തന്നെ നോക്കിയിരുന്നു… അവളുടെ നോട്ടത്തിന്റെ അർത്ഥം അവനു മനസ്സിലായില്ല.. ദൈന്യതയും നിസ്സഹായതയും വേദനയുമല്ലാതെ അവിടെയൊന്നും കണ്ടെത്താൻ അവനായില്ല… ആളുകൾ പൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു.. അവനവളെ പിടിച്ചുയർത്താൻ തുടങ്ങിയതും ലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട് വേദിന്റെ നെഞ്ചിലേക്ക് വീണിരുന്നു.

അവളുടെ കണ്ണുനീർ ഒരു പ്രളയമായ് തോന്നിയിരുന്നു വേദിന്… അവളുടെ കണ്ണുനീർ കൊണ്ട് നനഞ്ഞ അവന്റെ നെഞ്ചിടം ചുട്ടുപോള്ളുന്നതായി തോന്നി…അവനവളെ നെഞ്ചോടടുക്കി അവളുടെ നിറുകയിൽ മുത്തമിട്ടുകൊണ്ടിരുന്നു. ഇതുവരെ അടക്കിവച്ച സങ്കടക്കടൽ അവനിലേകൊഴുക്കിവിട്ടുകൊണ്ട് ലക്ഷ്മി തേങ്ങികരഞ്ഞപ്പോൾ അവളുടെ എങ്ങലടികൾ വേദിന്റെ ഹൃദയത്തിൽ ഭരമേറ്റിക്കൊണ്ടിരുന്നു.. എത്രനേരമങ്ങനെ ഇരുന്നെന്നവർക്കറിയില്ലായിരുന്നു.. അവളുടെ എങ്ങലടികൾക്ക് തെല്ലു ശമനം വന്നതോടെ നേരം നന്നേ ഇരുട്ടായന്നറിഞ്ഞപ്പോൾ വേദ് അവളുടെ തോളിൽ തട്ടി.. വെളിപാടിലെന്നപോലെയവൾ അവനിൽ നിന്നടർന്നുമാറിയിരുന്നു… വേദ് മെല്ലെ എഴുന്നേറ്റ് നിന്ന് അവൾക്ക് നേരെ കൈനീട്ടി…

അവളവന്റെ കൈകളിൽ പിടിച്ചവിടെ നിന്നെഴുന്നേറ്റു… ഇരുട്ട് പരന്ന റോഡിലൂടെ നടക്കുമ്പോൾ വേദിൽ നിന്നും പരമാവധി ഒഴിഞ്ഞുമാറാൻ അവൾ ശ്രമിക്കുമ്പോളും അവന്റെ കൈകൾ ആവളെ പരമാവധി ചേർത്ത് പിടിക്കാൻ വാശിപിടിക്കുന്നുണ്ടായിരുന്നു… നീയിതെവിടെയായിരുന്നു ലക്ഷ്മിമോളെ…ഇവര് വന്നിട്ട് നേരമെത്രയായി… കൂട്ടുകൂടി പോകുമ്പോൾ കൂടെത്തന്നെ നിൽക്കണ്ടേ… അതെങ്ങനെയാ വല്ല പട്ടിയെയും പൂച്ചയെയും കണ്ടാൽ അതിനോടും കിന്നരിച്ചു നിൽക്കുന്നത് ശീലമാണല്ലോ??? വന്നുകേറുമ്പോഴേ പരാതിയും പരിഭവവുമായി വാതുക്കൽ തന്നെ അമ്മയും തൻവിയും ഉണ്ടായിരുന്നു… എനിക്ക് പേടി മനുഷ്യനെ മാത്രമാ അമ്മായി… മൃഗങ്ങൾ അവർ അവരുടെ വിശപ്പടക്കാനും സ്വയരക്ഷക്കും വേണ്ടി മാത്രമേ മറ്റൊരാളെ ഉപദ്രവിക്കു… മനുഷ്യർ അങ്ങനല്ല.. അവർ അവരുടെ സന്തോഷതിന് വേണ്ടി കൂടി മറ്റുള്ളവരെ വേദനിപ്പിക്കും… ഹൃദയത്തിൽ കത്തികുത്തിയിറക്കും… വിഷം തുപ്പുന്ന നാവുകൊണ്ട് നമ്മുടെ മനസ്സിനെ ഇല്ലായ്മചെയ്യും… പിന്നെ കൂടെവന്നവർക്ക് നമ്മളെകുറിച്ച് അന്വേഷിക്കാൻ താല്പര്യമില്ലെങ്കിൽ കൂടെ നടന്നിട്ടും കാര്യമൊന്നുമില്ലല്ലോ അമ്മായി… ഒറ്റക്കാണ് നല്ലത്… ആരുമില്ലാത്തവളാ ലക്ഷ്മി … എനിക്ക് ആരുടേയും തുണവേണ്ട… എനിക്ക് തുണക്കുണ്ടായിരുന്ന ആള് ന്നെ വിട്ട് പോയി… ഇപ്പൊ ഞാനോറ്റക്ക…. ലക്ഷ്മിയുടെ സംസാരം കേട്ട തൻവിക്ക് ദേഷ്യമാണ് വന്നത്…

ഇനിയൊരിക്കലും തിരിച്ചുവരാത്ത ആൾക്ക് വേണ്ടിയാണോ നീയിനിയും കാത്തിരിക്കുന്നത്… നിനക്ക് ഒറ്റക്ക് ജീവിക്കാനാണെങ്കിൽ എന്തിനാ നീ ഇവന്റെ മുന്നിൽ തലകുനിച്ചു കൊടുത്തത്.. ഇവന്റെ ജീവിതം കൂടി തുലക്കാനോ ??? നിനക്കൊരു പ്രണയം ഉണ്ടായിരുന്നു അയാൾ മരിച്ചുപോയി അതിന്റെ പേരിൽ വേദ് അവന്റെ ജീവിതം തുലക്കണമെന്നാണോ നീ പറയുന്നത്… നിനക്ക് മനസ്സാക്ഷിയുണ്ടോ ലക്ഷ്… തൻവി പറഞ്ഞു തീരും മുൻപെ ലക്ഷ്മിയുടെ ശബ്ദം ഉയർന്നു… എല്ലാം എന്റെ തെറ്റാണ് തൻവി… ഞാൻ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കരുതായിരുന്നു … അതുകൊണ്ടല്ലേ ഇന്നെല്ലാവരും.. എല്ലാവരും എന്നെ…. അത് പറയുമ്പോളേക്കും അവൾ വീണ്ടും കരഞ്ഞു പോയിരുന്നു… ഞാനായിട്ട് വേദിന്റെ ജീവിതം തകർക്കില്ല .. വേദിന്റെ ലൈഫിൽ നിന്നും ഒഴിഞ്ഞുപോകാൻ ഞാൻ തയ്യാറാണ്… പേപ്പർസ് റെഡിയാക്കിക്കോളൂ എവിടെ വേണമെങ്കിലും ഒപ്പിട്ടുതരാം.. അതുംപറഞ്ഞു ലക്ഷ്മി മുകളിലേക്ക് ഓടിപ്പോയിരുന്നു…

അവളുടെ വാക്കുകൾ കേട്ട് അനങ്ങാൻ പറ്റാതെ നിൽക്കുകയായിരുന്നു മൂന്നുപേരും… ഈ കുട്ടിക്കിതെന്തുപറ്റി… ഇവളെന്തൊക്കെയാ ഈ പറഞ്ഞത്… അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .. ഞങ്ങൾ പോന്നതിനു ശേഷം ലക്ഷ്മിയുടെ മനസ്സിന് സങ്കടം ഉണ്ടാക്കുന്ന എന്തോ ഒരു സംഭവം ഉണ്ടായിട്ടുണ്ട്… ഞാനത് കണ്ടുപിടിക്കുക തന്നെ ചെയ്യും.. വേദ് ആ അമ്മയുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…. . അത്താഴം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചിട്ടും ലക്ഷ്മി താഴേക്ക് വന്നിരുന്നില്ല … അവൾ അപ്പോൾ മുതൽ കിടക്കുക തന്നെയായിരുന്നു.. ആഹാരം കഴിഞ്ഞു വേദും മുറിയിൽ നേരത്തെ വന്നിരുന്നു.. ലക്ഷ്മി നല്ല ഉറക്കമായിരുന്നു… അവനവളുടെ നെറുകയിൽ തഴുകി… ചുട്ടുപൊള്ളുന്ന പനിയുണ്ടായിരുന്നു അവൾക്ക്..

അവൻ വേഗം തന്നെ അവൾക്ക് മരുന്ന് നൽകി അവളുടെ അടുത്തിരുന്നു അപ്പോഴുമവൾ പാതിമയക്കത്തിൽ തന്നെയായിരുന്നു… രാത്രിവൈകുംതോറുമവൾക്ക് പനി കൂടി കൂടി വന്നു… തണുപ്പ് കൂടും തോറുമവൾ വീണ്ടും വീണ്ടും അവനിലേക്ക് അടുത്തുകൊണ്ടിരുന്നു… അവനവളെ നെഞ്ചോടു ചേർത്ത് കിടത്തി.. രാത്രി വൈകും തോറുമവൾ പിച്ചും പെയ്യും പറഞ്ഞു കൊണ്ടിരുന്നു.. ആ രാത്രിയാകെ അവളെയും ഉണ്ണിയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ യാചിക്കുകയായിരുന്നു.. ഇടക്കെപ്പോഴോ തൻവിയും സുഗുണനും എല്ലാവരും കടന്നുവന്നത് വേദ് വേദനയോടെ കേട്ടിരുന്നു. അവന്റെ മിഴികൾ നിറഞ്ഞൊഴുകി… എത്രയും പെട്ടന്നൊരു പരിഹാരം കാണണമെന്നവൻ മനസ്സിലുറപ്പിച്ചു.. അവളുടെ പനിചൂടിൽ അവനവളെ ചേർത്തണച്ചു കിടന്നു..