16/04/2026

വേദലക്ഷ്മി : ഭാഗം 08

രചന – ഊർമ്മിള മിഥിലാത്മജ

വേദ് തനിക് ഉറക്കം വരുമ്പോൾ വന്നു കിടന്നോളു.. നമ്മുടെ റൂമിൽ വിരിച്ചിട്ടിട്ടുണ്ട്.. അവളുടെ കണ്ണുകളിൽ ദേഷ്യം ഇരച്ചുകയറിയത് വേദ് ശ്രദ്ധിച്ചു.അവളവനെ തുറിച്ചുനോക്കി അകത്തേക്ക് നടന്നു കഴിഞ്ഞിരുന്നു.. തൻവിയെ നോക്കി ഒന്നിരുത്തി മൂളി അമ്മയും എഴുന്നേറ്റ് പോയത് നോക്കിയിരിക്കുകയായിരുന്നു വേദ്… എല്ലാവരും പോയിക്കഴിഞ്ഞു എന്നുറപ്പായതോടെ വേദ് തൻവിയുടെ കഴുത്തിൽ പിടുത്തമിട്ടിരുന്നു… ടി കുരിപ്പേ നീയെനിക്കു ജീവിതം ഉണ്ടാക്കാൻ വന്നതാണോ അതോ ഉള്ളതും കൂടെ കളയാൻ വന്നതാണോ ?? ഏതെങ്കിലും പെണ്ണുങ്ങൾ സഹിക്കുന്ന കാര്യമാണോ ടി നീ അവളോട്‌ ചോദിച്ചത്… ലക്ഷ്മി ആയതുകൊണ്ട് നീ ഇങ്ങനെ ഇരിക്കുന്നു വേറെ വല്ല പെണ്ണുങ്ങളും ആണെങ്കിൽ നീയിപ്പോൾ ഭിത്തിയിൽ പടമായിരുന്നേനെ…

ഒന്ന് പോടാ… ഞാൻ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ.. പെണ്ണിന്റെ ദേഷ്യം കണ്ടില്ലേ?.. ഇനി പറ ലക്ഷ്മിക്ക് നിന്നോട് സ്നേഹം ഉണ്ടെന്നതിനു ഇതിലും വലിയ എന്ത് തെളിവാണ് വേണ്ടത്.. കെട്യോന്റെ മുറിയിൽ പാ വിരിക്കാൻ പറഞ്ഞപ്പോ എന്തുവായിരുന്നു ഒരു തുള്ളൽ .. ഒരു കൊടുവാളും കൂടി കയ്യിൽ കൊടുത്താൽ അമ്പലത്തിൽ വെളിച്ചപ്പാട് തുള്ളാൻ വേറെ ആളെ നോക്കണ്ടായിരുന്നു… നിനക്ക് പെൺപിള്ളേരുടെ സൈക്കോളജി വല്ലതും അറിയുവോ??? Ok ഇന്നത്തെ സംഭവത്തോടെ ഒരു കാര്യം മനസ്സിലായി.. കാര്യങ്ങൾ ഒക്കെ എന്റെ ട്രാക്കിൽ കൂടി തന്നെയാണ് പോകുന്നത്.. ഞാനധികം ബുദ്ധിമുട്ടേണ്ടി വരില്ല.. തൻവി കൊട്ടുവായുമിട്ട്.. തനിക്കായി ഒരുക്കിയ മുറിയിലേക്ക് നടന്നു…

രണ്ട് പെണ്ണുങ്ങളും കൂടി എന്റെ പരിപ്പും പടവും എടുക്കുവോ ദൈവമേ… എന്നെ മാത്രം കാത്തോണേ വേദ്. അതും മനസ്സിലോർത്ത് മുറിയിലേക്ക് നടന്നു…. വേദ് ഇതൊക്കെ ശരിയാണെന്ന് ഇയാൾക്ക് തോന്നുന്നുണ്ടോ??? ഇതൊരു ഗ്രാമപ്രദേശമാണ് ഇവിടുത്തെ ആളുകളൊക്കെ നാട്ടിൻപുറത്തുകാരും നിങ്ങളുടെ പട്ടണത്തിലെ പരിഷ്കാരങ്ങളൊന്നും ഇവിടുള്ളോർക്ക് പിടിക്കില്ല… മുറിയിലേക്ക് കയറിവന്ന വേദിനെ സ്വീകരിച്ചത് ലക്ഷ്മിയുടെ വാക്കുകളായിരുന്നു… മുറിയിൽ വെട്ടമുണ്ടായിരുന്നില്ല… തുറന്നുകിടന്ന ജനൽപ്പാളിയിലൂടെ അകത്തേക്ക് കടന്നുവന്ന നിലാവെളിച്ചത്തിൽ കട്ടിലിന്റെ അങ്ങേമൂലക്ക് ലക്ഷ്മി കിടക്കുന്നുണ്ടെന്ന് വേദ് മനസ്സിലാക്കി.. വേദ് മറുപടി പറയാൻ തുടങ്ങിയെങ്കിലും വീണ്ടും ലക്ഷ്മി സംസാരിച്ചു തുടങ്ങിയിരുന്നു…

തൻവി അത്ര ചെറിയ കുട്ടിയൊന്നുമല്ല.. എന്നേക്കാൾ മുതിർന്ന ഒരു പെൺകുട്ടിയാണ്… നിങ്ങൾ സുഹൃത്തുക്കൾ ആയിരിക്കാം.. നിങ്ങൾക്കിടയിൽ മറ്റൊരുതരത്തിലുള്ള റിലേഷൻ ഉണ്ടെന്നല്ല പറഞ്ഞു വരുന്നത്.. പക്ഷെ വിവാഹിതനായ മറ്റൊരു പുരുഷന്റെ മുറിയിൽ അന്തിയുറങ്ങണമെന്ന് പറയുന്ന ഈ രീതി അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല.. ഇഷ്ട്ടപ്പെട്ടു വിവാഹം ചെയ്തവർ അല്ലെങ്കിലും വേദ് കെട്ടിയ താലിയാണ് എന്റെ കഴുത്തിൽ കിടക്കുന്നത്… ഞാൻ നിങ്ങളുടെ ഭാര്യയാണ്… എത്രയൊക്കെ മോഡേൺ ആണെന്ന് അവകാശവാദം നടത്തിയാലും താലിക്ക് പെൺകുട്ടികൾ നൽകുന്ന പരിഗണന അത് വലുത് തന്നെയാണ് വേദ്… വലിയ പരിഷ്കാരി ഒന്നുമല്ലങ്കിലും താലിക്ക് വിലകൽപ്പിക്കുന്ന പെൺകുട്ടി തന്നെയാണ് ഞാനും….

നിങ്ങളെന്റെ കഴുത്തിൽ താലികെട്ടിയ നിമിഷം മുതൽ ഞാൻ നിങ്ങളുടെ ഭാര്യയാണ്… ഏതവസ്ഥയിലും പരസ്പരം തുണയായി നിൽക്കാമെന്ന് വാഗ്ധാനം നൽകിയാണ് നമ്മൾ ഇരുവരും വരണമാല്യം ചാർത്തിയത്… ഈ കിടപ്പറക്കുള്ളിൽ നമ്മൾ എങ്ങനെയോ ആയിക്കൊള്ളട്ടെ പക്ഷെ ഈ സമൂഹത്തിനു മുൻപിൽ നമ്മൾ ഭാര്യാഭർത്താക്കന്മാരാണ്… അതുകൊണ്ട്തന്നെ വാക്കുകളിൽ അതിന്റേതായ മാനേഴ്സ് കാണിക്കാൻ ആ കുട്ടിയോട് പറയണം .. പ്രായമായ അച്ഛനും അമ്മയുമൊക്കെയുള്ള വീടാണ്… വാക്കിലും നോക്കിലും വസ്ത്രധാരണത്തിലുമൊക്കെ ഇത്തിരി ശ്രദ്ധ ഉണ്ടാകണമെന്ന് അറിയിക്കണം… ഞാൻ പറയുമ്പോൾ അത് കുറ്റപ്പെടുത്തൽ ആയി തൊന്നും വേദ് തന്നെ പറഞ്ഞു മനസ്സിലാക്കിയാൽ മതി…

അവളൊരു പൊട്ടിക്കാളി ആണെടോ… ഇയാള് കരുതുന്നപോലെയൊന്നും അവൾ മനസ്സിൽ പോലും കരുതിയിട്ടില്ല… പിന്നെ നമ്മൾ രണ്ടാളും അത്രക്ക് അടുപ്പത്തിൽ അല്ലെന്നവൾക്ക് അറിയുന്നത് കൊണ്ടാണ്.. നമ്മുടെ മുറിയിൽ കിടക്കാൻ അനുവാദം ചോദിച്ചത്… അല്ലെങ്കിൽ തന്നെ ഒരു മുറിയിൽ അപരിചിതരെ പോലെ കിടക്കുന്ന നമ്മുടെ അടുത്ത് ഒരാളും കൂടി കിടക്കാൻ വന്നെന്ന് കരുതി എന്തുണ്ടാവാനാ… താൻ കുറച്ചു പറഞ്ഞപോലെ പരസ്പരം ഇഷ്ട്ടമല്ലാതെയാണ് വിവാഹം കഴിച്ചതെങ്കിൽ ആ താലിക്ക് വെറുമൊരു ലോഹാക്കഷണത്തിന്റെ വിലയല്ലേ ഉള്ളു…താനെന്തായാലും ഡെസ്പ് ആകണ്ട ഞാൻ അവളോട്‌ പറയാം ..

അവന്റെ ചോദ്യങ്ങൾക്ക് കൊടുക്കാൻ അവളുടെ കയ്യിൽ മറുപടിയുണ്ടായിരുന്നില്ല എങ്കിലും ആ വാക്കുകൾ അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിലെവിടെയോ കുത്തി മുറിവേൽപ്പിച്ചിരുന്നു…. ചിന്തകൾ മനുഷ്യനെ ചിതയിലേക്ക് നയിക്കും എന്ന് പറയുന്നതെത്രശരിയാണെന്നവൾ ഓർത്തു… അവളുടെ മനസ്സ് ഉരുകിയോലിക്കുന്നതായവൾക്ക് തോന്നി… മനസ്സിന്റെ നിയന്ത്രണം വിട്ടുപോയത് പോലെ ..

അവളുടെ മനസ്സിലേക്ക് ചിരിക്കുന്ന ഉണ്ണിയുടെ മുഖം കടന്നുവന്നു… അവളുടെ മിഴികൾ നിറഞ്ഞുതുളുമ്പി … ഒരിക്കലെന്നെ തനിച്ചാക്കി പോയി… പിന്നെ അതേ രൂപത്തിൽ മറ്റൊരാളെ കൊണ്ട് തന്നു.. ഇപ്പൊ അയാളെയും കൊത്തിക്കൊണ്ട് പോവാണോ ഉണ്ണിയേട്ടാ… എനിക്ക് എനിക്കെന്റെ ഉണ്ണിയേട്ടനായിട്ട തോന്നുന്നത്… ആ ചിരിയിലെവിടെയോ എന്റെ ഉണ്ണിയേട്ടനുള്ളതുപോലെ… തൻവി അടുത്തിടപെഴുകുമ്പോൾ എനിക്കെന്റെ ഉണ്ണിയേട്ടനെ വീണ്ടും വീണ്ടും നഷ്ട്ടമാകുന്നപോലെയ… ചേർത്ത് പിടിക്കണമെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നപോലെയാ തോന്നുന്നത്..

അവളുടെ തേങ്ങലുകൾ ആ മുറിയിൽ അടക്കം ചെയ്യപ്പെട്ടു.. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അവൾ തലയിണയിൽ മുഖമമർത്തി കരഞ്ഞു .. അവളുടെ കണ്ണുനീർ കാലംതെറ്റിപെയ്ത മഴപോലെ തലയിണയെ നനച്ചിറങ്ങിയപ്പോൾ വേദ് കണ്ണുകൾ അടച്ചുകിടന്നവളുടെ കണ്ണുനീരിനെ അവന്റെ ഹൃദയത്തിൽ ഏറ്റുവാങ്ങി… ഇന്നെന്താ അമ്മ കാപ്പിക്ക് കഴിക്കാൻ നല്ലവിശപ്പുണ്ട് ട്ടോ…. രാവിലെ അടുക്കളയിൽ ജോലിയിലാരുന്നു. ലളിതമ്മയും ലക്ഷ്മിയും… ചായയും കയ്യിൽ പിടിച്ചു ഭിത്തിയിൽ ചാരി നിന്നുകൊണ്ട് തൻവി ചോദിച്ചു..

ഇന്ന് അപ്പവാ മോളെ.. ദേ കഴിയാറായി രണ്ടെണ്ണം കൂടി ആയാൽ തീർന്നു… അതും പറഞ്ഞു ലളിത അവളെ നോക്കി ചിരിച്ചു… അയ്യേ അപ്പവാണോ?? വേദിന് അപ്പമൊന്നും ഇഷ്ട്ടമല്ല അവനു നല്ല ദോശയും സാമ്പാറും ഒക്കെയാ ഇഷ്ടം… ഇതെന്താ ലക്ഷ്മി വേദിന്റെ ഇഷ്ടമൊന്നും ഇതുവരെ അറിയില്ലേ.. വെറുതെയല്ല വേദ് പറയുന്നത് അവന്റെ ഇഷ്ടത്തിന് ആഹാരം കഴിക്കണമെങ്കിൽ ഞാൻ തന്നെ വേണമെന്ന്… തൻവി ലക്ഷ്മിയെ കളിയാക്കി പറഞ്ഞു… ലക്ഷ്മിക്ക് അത് കേട്ടപ്പോൾ കലിയാണ് വന്നത്… എന്നാൽപ്പിന്നെ ഇവൾക്കങ്ങുവന്നുണ്ടാക്കിക്കൂടെ.. മറ്റുള്ളോരെ പഴിപറയാൻ നടക്കുന്നു…

കയ്യിൽ ഇരുന്ന ചട്ടുകം അവൾ ദേഷ്യത്തിൽ അറിയാതെ നിലത്തേക്കെറിഞ്ഞുപോയിരുന്നു..എല്ലാവരും അവളെത്തന്നെ നോക്കുന്നു എന്ന് മനസ്സിലായപ്പോഴാണ് ലക്ഷ്മിക്ക് സ്വയബോധം വന്നത്… അത്.. അതുപിന്നെ അമ്മേ… കയ്യിൽ….. കയ്യിൽന്ന് താഴേപോയതാ .. ലക്ഷ്മി വിക്കി വിക്കി പറഞ്ഞൊപ്പിച്ചു… തൻവിക്ക് കാര്യം മനസ്സിലായിരുന്നു അവൾ മെല്ലെയൊരു ചിരിയോടെ അവിടെനിന്നും സ്ഥലം കാലിയാക്കി…. ആഹാ ഇന്നെന്താ അപ്പമാണോ .. അടിപൊളി അതും പറഞ്ഞു വേദ് കഴിക്കാൻ ഇരുന്നു… ലക്ഷ്മി വേദിനും അമ്മയ്ക്കും അച്ഛനും തൻവിക്കും വിളമ്പികൊടുത്തു കൊണ്ടിരിക്കുകയായിരുന്നു.. ശരിക്കും വേദിന് ഇഷ്ട്ടമുള്ള ആഹാരമാണ് അപ്പം.. പക്ഷെ ലക്ഷ്മിയുടെ മനസ്സറിയാൻ തൻവി വെറുതെ തട്ടിവിട്ടതായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ വേദ് കഴിക്കാൻ വന്നിരുന്നപ്പോൾ കള്ളക്കളി പൊളിയാതിരിക്കാൻ തൻവി ഉരുണ്ടുകളിക്കാൻ തുടങ്ങി…

അയ്യോ സോറി വേദ് നിനക്ക് അപ്പമിഷ്ടമല്ലല്ലോ… ഞാൻ കരുതിയത് നിന്റെ ഭാര്യക്കിതൊക്കെ അറിയാമായിരിക്കും എന്ന.. പക്ഷെ ഉണ്ടാക്കി കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് … അല്ലെങ്കിൽ എപ്പോളും ചെയ്യുന്നപോലെ ഞാനെന്റെ കയ്യുംകൊണ്ടുണ്ടാക്കുന്ന നല്ല ഒന്നാന്തരം ദോശ ഉണ്ടാക്കി തരുമായിരുന്നു… കേട്ടോ ലക്ഷ്മി ഇവൻ ഭയങ്കര കൊതിയന… എന്റെ കയ്യും കൊണ്ടുണ്ടാക്കുന്ന ദോശ എപ്പോഴും കഴിക്കാൻ ഇവനെന്നെ എന്തൊക്കെ പറഞ്ഞു സോപ്പിടുമെന്നറിയോ??? എല്ലാ ആഴ്ചയിലും എന്റെ കൈകൊണ്ടുണ്ടാക്കിയ ദോശവേണം… എന്റെ കൈപ്പുണ്യത്തിനെ കുറിച്ചൊക്കെ പൊക്കി പറയാനേ നേരമുള്ളൂ… അല്ലേടാ… തൻവി അതും പറഞ്ഞു അവനെ നോക്കി കണ്ണിറുക്കി കാണിച്ചു…

അവിടെ എന്താ നടക്കുന്നതെന്നറിയാതെ ആകെ കൺഫ്യൂഷൻ ആയിരിക്കുകയായിരുന്നു വേദ്…വീണ്ടും തൻവി ചോദ്യം ആവർത്തിച്ചപ്പോൾ വേദ് അതേയെന്ന് തലയാട്ടി… അതുകൂടി കണ്ടതോടെ ലക്ഷ്മിയുടെ നിയന്ത്രണം വിട്ടുപോയിരുന്നു… അവൾ കടിച്ചു പിടിച്ചവിടെ നിന്നു… നിനക്കിഷ്ടമല്ലെങ്കിൽ കഴിക്കണ്ട വേദ്… വാ നമുക്ക് പുറത്ത് വല്ലോം പോയി കഴിക്കാം .. അതും പറഞ്ഞു തൻവി എഴുന്നേറ്റ് വേദിന്റെ കയ്യിൽ പിടിച്ചു വലിച്ചു… എടി മഹാപാപി നല്ല പൂ പോലത്തെ അപ്പം ചുട്ട് മുന്നിൽ വച്ചിട്ട് കഴിക്കാൻ പോലും സമ്മതിക്കുന്നില്ലലോടി… നീയൊരുപ്രാവശ്യം ചായയിട്ട് തന്നത് കുടിച് ഒരാഴ്ച കിടപ്പിലായവനാ ഞാൻ ആ എനിക്ക് നീ ആഴ്ചയിൽ ദോശ ചുട്ട് തരുന്നു എന്നൊക്കെ തട്ടി വിടുന്നത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ??അവൻ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു…

നിന്നുകൊഞ്ചാതെ എഴുന്നേക്ക് ചെറുക്കാ അവളവന്റ കയ്യിൽ നുള്ളി.. നിവർത്തിയില്ലാതെ എഴുന്നേൽക്കാൻ തുടങ്ങിയ വേദിന്റെ തോളിൽപിടിച്ചു ലക്ഷ്മി അവനെ അവിടെ ഉറച്ചിരുത്തി… അവളുടെ കയ്യുകൾ അവന്റെ തോളിൽ അമരുന്നുണ്ടായിരുന്നു.. അവനവളെ നോക്കുമ്പോ അവളവനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു… അവന്റെ പ്ളേറ്റിൽ നിന്നൊരു മുറി അപ്പമെടുത്ത് മുറിച്ചു കടലക്കറിയിൽ മുക്കി ലക്ഷ്മി വേദിന്റെ നേർക്ക് നീട്ടി.. ചുറ്റുമിരുന്നവരെല്ലാം അവളെ അത്ഭുതത്തോടെ നോക്കി… വേദ് അവളുടെ കയ്യിൽ നിന്നും അപ്പം കൈനീട്ടി വാങ്ങിക്കാൻ തുടങ്ങിയപ്പോളേക്കും അവൾ അവന്റെ കൈ തട്ടിമാറ്റി അവന്റെ വായിലേക്ക് അപ്പം വച്ചുകൊടുത്തു…

നല്ല അപ്പമല്ലേ ഏട്ടാ???… അവൾ വേദിനെ നോക്കി ചോദിച്ചു… അതേയെന്നവൻ തലയാട്ടി അവിടെ നടക്കുന്നതെന്താണെന്ന് അവനപ്പോളും മനസ്സിലായിരുന്നില്ല.. ഒരുമുറി അപ്പം കൂടി മുറിച്ചവന്റെ വായിൽ വച്ചു കൊടുത്തശേഷം രണ്ടപ്പം കൂടി അവന്റെ പാത്രത്തിൽ എടുത്തിട്ട് കൊടുത്തു അവൾ..മുഴുവനും കഴിക്കണേ ഏട്ടാ.. എന്ന് അധികാരഭാവത്തിൽ പറഞ്ഞു… തൻവിയെ ഒന്ന് നോക്കി.. അവൾ അടുക്കളയിലേക്ക് കയറിപ്പോകുമ്പോൾ ചുറ്റുമുള്ളവരെല്ലാം ആ കുശുമ്പിപ്പെണ്ണിന്റെ പ്രവർത്തിയാർത്തു ചിരിച്ചുപോയിരുന്നു….