18/04/2026

ഹൃദയസഖി : ഭാഗം 05

രചന – ഫൗസിയ യൂസഫ്

അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു! അമ്മയുടെ കണ്ണീരിതുവരെ തോർന്നിട്ടില്ല… എത്ര മദ്യപിച്ചാലും വഴക്ക് പറഞ്ഞാലും, നഷ്ടപ്പെട്ടത് തന്റെ പുരുഷനെയായിരുന്നല്ലോ… മാറ്റാരെക്കാളും ആ നഷ്ടം ബാധിക്കുന്നതും അമ്മയെതന്നെയാണല്ലോ! മരണദിവസം മുതൽ, എല്ലാ കാര്യത്തിനും മുൻപന്തിയിൽ അമ്മാമ തന്നെയായിരുന്നു! എങ്ങനൊക്കെ അകറ്റിനിർത്തിയാലും രക്തബന്ധം മുറിഞ്ഞുപോകത്തില്ലെന്ന് ഞാൻ മനസ്സിലാക്കി… “” ഇനീപ്പോ എല്ലാരുംകൂടി ഇവിടിങ്ങനെ നിന്നിട്ട് കാര്യല്ലല്ലോ, അതോണ്ട് ഞങ്ങള് എറങ്ങാണ്.. ഇടക്കെടക്ക് വന്ന് വിവരങ്ങള് അന്വേഷിച്ചോളാം.. “” അമ്മാമ, അമ്മായിയേം കൂട്ടി ഇറങ്ങാനൊരുങ്ങി… അമ്മ ഒന്നും പറഞ്ഞില്ല.. ഒരു തേങ്ങലെവിടെയോ ഇടറിവീണു! “” കൊറച്ച് പൈസേണ്.. ഇത് കയ്യില് വച്ചോ.. ആവശ്യങ്ങള് ഇനീം കെടക്കല്ലേ… പിന്നെ…… “” അമ്മാമ, പൈസയെന്റെ കയ്യിലേൽപ്പിച്ചു. പറഞ്ഞു വന്നത് മുഴുവനാക്കാതെ അമ്മായിയെ നോക്കിക്കൊണ്ട് പുറത്തേക്ക് കടന്നു…

എനിക്കൊന്നും മനസ്സിലായില്ല! ഞാൻ അമ്മായീടെ മുഖത്തേക്ക് നോക്കി.. “” അമ്മാമേടെ കാര്യൊക്കെ മോൾക്ക് അറിയാലോ.. പറമ്പ്ന്ന് കിട്ടണ വരുമാനല്ലാതെ, വേറൊന്നും ഇപ്പൊ ഇല്ല്യ. ശിവനും ആയീലോ കുടുംബോo കുട്ട്യോളൊക്കെ “” അമ്മായി പറഞ്ഞു വരുന്നതിന്റെ പൊരുളെനിക്ക് മനസ്സിലായി! ഞാനൊന്ന് ചിരിച്ചെന്നു വരുത്തി.. “” സാരല്യ, ഒക്കെ ഞങ്ങക്കറിയാലോ അമ്മായീ… ആരേം ബുദ്ധിമുട്ടിക്കാണ്ട് ജീവിക്കണം എന്ന് തന്നേണ് മനസ്സില്..”” ഞാൻ പറഞ്ഞു. “” അമ്മായി പറഞ്ഞു വന്നത് അതല്ല മോളേ, അമ്മാമ ഇവടെ ചെലവാക്കീതും, ഇപ്പൊ ഈ തന്നതൊന്നും അമ്മാമേടെ കാശല്ല! ഇതൊക്കെ മുകുന്ദന്റെ കാശാ… അവനായിട്ട് തന്നാ നീയത് വാങ്ങില്ല്യാന്ന് അവനറിയാം… പിന്നെ,,, മോള് വിചാരിക്കണ പോലെ അവനത്ര കൊഴപ്പക്കാരനൊന്നും അല്ല, സ്നേഹള്ളോനാ.. നെന്നേം ഈ കുടുംബത്തേo അവൻ നന്നായി നോക്കും. കുടിച്ച് നടന്നാലും ഈ വീടിനൊരു നാഥനുണ്ടായിരുന്നു..

ഒരു ആൺ തുണയില്ലാതെ നിങ്ങള് മൂന്നാല് പെണ്ണുങ്ങള് ഒറ്റയ്ക്ക്… നെനക്ക് താഴെ ഉള്ളതും രണ്ട് പെൺകുട്ട്യോളാണ്… മോള് നന്നായിട്ടൊന്ന് ആലോചിക്ക്…”” ന്റെ മറുപടിക്ക് കാത്തുനിക്കാതെ അമ്മായി, പുറത്തേക്കിറങ്ങി…. എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു! ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തതാണ് കേൾക്കേണ്ടി വന്നത്.. കയ്യിലിരുന്ന പണം, ഞാനറിയാതെ താഴേക്ക് ഊർന്നു വീണു! അമ്പിളി, എന്നെ രൂക്ഷമയൊന്നു നോക്കിയ ശേഷം, ആ പണമെടുത്ത് മുറിക്കകത്തേക്ക് പോയി.. അന്നത്തെ സംഭവത്തിന്‌ ശേഷം, അവൾക്കെന്നോട് വലിയ അകൽച്ചയാണ്… ആ അവഗണന, മനപ്പൂർവം കണ്ടില്ലെന്ന് നടിക്കാറുണ്ടെങ്കിലും, ചങ്ക് പൊടിഞ്ഞു പോകുന്ന വേദനയെന്നെ കീഴ്പ്പെടുത്താറുണ്ട്! അന്ന് സന്ധ്യാ നേരത്താണ് രണ്ടുമൂന്ന് കവറിൽ പലചരക്കും പച്ചക്കറികളുമായി മുകുന്ദൻ കയറിവന്നത്… ഞാൻ തന്നെയായിരുന്നു ആദ്യം ആ കാഴ്ച കണ്ടുവന്നതും! ചിരിച്ച മുഖത്തോടെ എനിക്കു നേരെ നീട്ടിയ കവറുകളിലേക്കും, ആളുടെ മുഖത്തേക്കും ഞാൻ മാറിമാറി നോക്കി..

“” അവസരം നന്നായി മുതലെടുക്കുന്നുണ്ടല്ലേ?? “” ഞാൻ ചോദിച്ചു. “” ഇതൊക്കെ ഞാനല്ലാതെ വേറാരാ കണ്ടറിഞ്ഞു ചെയ്യാൻ.. ടീച്ചറ് സംസാരിച്ചു നിക്കാതെ ഇതൊക്കെ എടുത്ത് അകത്തോട്ടു വച്ചേ.. “” വീണ്ടും എനിക്കു നേരെ നീട്ടിയതൊന്നും ശ്രദ്ധിക്കാതെ ഞാൻ മുഖം തിരിച്ചു.. “” ഇതൊന്നും ഇപ്പൊ ഇവിടെ വേണ്ട! ചെയ്തുതന്ന സഹായങ്ങൾക്കൊക്കെ ഞാൻ കണക്ക് വെച്ചിട്ടുണ്ട്.. വൈകാതെ തിരിച്ചു തന്നിരിക്കും ഞാനത് “” എന്ന് പറഞ് തിരിഞ്ഞു നടക്കാനൊരുങ്ങിയതും, അമ്പിളി ഓടിവന്ന് മുകുന്ദന്റെ കയ്യിലിരുന്നതെല്ലാം വാങ്ങി കയ്യിൽപ്പിടിച്ചു… “” ചേച്ചിക്ക് വേണ്ടെങ്കിൽ വേണ്ട, ഞങ്ങൾക്ക് പട്ടിണി കിടക്കാൻ വയ്യ “” എന്നെ നോക്കി കടുപ്പിച്ചു പറഞ് അവൾസാധനങ്ങളുമായി അകത്തേക്ക് പോയി.. ഞാനാകെ ഒന്നുമല്ലാതായി! ഞാൻ വേണ്ടെന്ന് വച്ചിടത്, അമ്പിളി നേടിയിരിക്കുന്നു! അതും എന്നെ ധിക്കരിച്ചുകൊണ്ട്! എന്നെ ചവിട്താഴ്ത്തിക്കൊണ്ട്! “”” ടീച്ചർക്ക് വിവരം ഇല്ലെങ്കിലും, പിള്ളേർക്ക് വിവരം ണ്ട്.. “” മുകുന്ദൻ ആക്കിയൊന്ന് ചിരിച്ചു..

“” ആ വിവരം, വിവരമില്ലയ്മയാണെന്ന് മനസ്സിലാക്കാനുള്ള പ്രായം അവൾക്കായിട്ടില്ലല്ലോ… പക്ഷേ, എനിക്ക്‌ പക്വത കാണിക്കാതെ പറ്റില്ലല്ലോ, ഇതെന്റെ ജീവിതല്ലേ…. അതുകൊണ്ട്, ഈ പച്ചപ്പ് കണ്ട് എന്നെ മേയാൻ കിട്ടില്ല!””ഞാൻ പറഞ്ഞു. “” എന്റെ ഈ സ്വഭാവാണ് ടീച്ചർക്ക് പിടിക്കാത്തതെങ്കി, ഒരു കുടുംബോക്കെ ആവുമ്പോ അതൊക്കെയങ്ങ് ശരിയായിക്കൊള്ളും ടീച്ചറേ.. അല്ലെങ്കി, എന്നെ മെരുക്കിയെടുക്കാൻ ടീച്ചറുണ്ടല്ലോ.. പിന്നെന്താ “” “” അപ്പഴും സ്വയം നേരെയാവാൻ തീരുമാനിച്ചിട്ടില്ലാന്ന് അല്ലേ? അതിനൊരു പരീക്ഷണ വസ്തുവാവാൻ എന്റെ ജീവിതവും! കൊള്ളാം…”” എനിക്ക് പുച്ഛമാണ് തോന്നിയത്! “” ഒരാൾക്ക് നന്നാവാൻ ഭാര്യേം കുടുമ്പോന്നും വേണോന്നില്ല,, അത് നിങ്ങള് തന്നെ തീരുമാനിക്കണം! പിന്നെ എന്റെ കാര്യം, അത് ഞാൻ എന്നേ പറഞ്ഞിട്ടുള്ളതാണ്.. അതിനൊരു മാറ്റവും ഇല്ല! ഈ സന്ധ്യാസമയത്ത് ഇവിടിങ്ങനെ നിക്കാതെ, നിങ്ങള് പോകാൻ നോക്ക്. ഇവിടിപ്പോ ആണുങ്ങളാരും ഇല്ലാത്തതാ.. ചീത്തപ്പേര് കേൾപ്പിക്കാൻ വയ്യ!”” ഞാൻ അകത്തേക്ക് കടന്ന് വാതിലടച്ചു. അകത്തിരുന്നു അമ്മയെല്ലാം കേൾക്കുന്നുണ്ടായിരുന്നെന്ന് ആ മുഖം കണ്ടപ്പോഴെനിക്ക് മനസ്സിലായി.. 🔥

“” ഈ പെണ്ണുങ്ങടെ മനസ്സെന്താടാ അളിയാ ഇങ്ങനെ? ചങ്ക് പറിച്ചു കൊടുത്തിട്ടും അവൾക്കത് മനസ്സിലാവണില്ലല്ലോ “” കയ്യിലിരുന്ന മദ്യക്കുപ്പി, അപ്പാടെ വായിലേക്ക് കമിഴ്ത്തിക്കൊണ്ട് മുകുന്ദൻ തന്റെ വേദന പങ്കുവെച്ചു.. “” അല്ലേൽ തന്നെ നിനക്കിത് എന്തിന്റെ കേടാടാ മുകുന്ദാ.. അവള് പറഞ്ഞപോലെ നാട്ടില് വേറെ പെണ്ണില്ലാഞ്ഞിട്ടാണോ, വേറെ സുന്ദരികളില്ലാഞ്ഞിട്ടാണോ ഇവളെത്തന്നെ വേണംന്ന് ഇത്ര വാശി?” ഒരുത്തൻ, ചോദ്യമുന്നയിച്ചു! “” അവള്… ന്റെ അംബാലിക, അവളെനിക്ക് ഈ കള്ളിനേക്കാൾ ലഹരിയാടാ.. അത് ഇന്നോ ഇന്നലെയോ തുടങ്ങീതല്ല, പാവാടപ്രായത്തില് ഈ ചങ്കില് കേറീതാ അവള്… അവളെ നഷ്ടപ്പെടുന്നത് ഈ മുകുന്ദന്റെ മരണമാടാ… മരണം!”” അയാൾ വീണ്ടും, മദ്യം വായിലേക്ക് കമിഴ്ത്തി. “” ഈ കള്ളിനെക്കാളും ലഹരിയാണെന്ന് പറയുമ്പോ, അളിയനൊന്നു രുചിച്ചു നോക്കിയ മട്ടുണ്ടല്ലോടാ രതീഷേ… പറയളിയാ ഞങ്ങളുംകൂടെയൊന്ന് അറിയട്ടെ ആ എക്സ്പീരിയൻസ്.. “” നോബിളിനത് പറഞ്ഞതേ ഓർമ്മയുള്ളൂ… ഒറ്റ ചവിട്ടായിരുന്നു മുകുന്ദൻ! നോബിൾ ദൂരേക്ക് തെറിച്ചു വീണു!

“” പ്ഫ %&#%& മോനെ… നീയൊക്കെ എന്താടാ കരുതിയേ, രണ്ടെണ്ണം അകത്തുചെന്നാ ഈ മുകുന്ദനെയങ്ങ് ഉണ്ടാക്കാമെന്നോ? എന്റെ പെണ്ണിനെക്കുറിച്ച് അനാവശ്യം പറഞ്ഞാ, ആ നാവ് ഞാൻ പിഴുതെടുക്കും പുല്ലേ… നിന്റെ വീട്ടിലും ഉണ്ടല്ലോ ഒരുത്തി, നീയൊന്ന് ഇളിച്ചു കാട്ടിയപ്പോ, പെറ്റ തള്ളേനേം തന്തേനേം വേണ്ടാന്ന് വച്ച് കൂടെ ഇറങ്ങിപ്പോന്നോള്.. ഒറപ്പിച്ചു പറയാൻ പറ്റോടാ നിനക്കൊക്കെ, ഇന്ന് നിന്റെകൂടെ പോന്നവള് നാളെ മറ്റൊരുത്തന്റെ കൂടെ പോവില്ലാന്ന്?”” ഈർഷ്യയോടെ, നിലത്ത് കിടന്നവനെ കുത്തിപ്പിടിച്ച് എഴുനേൽപ്പിച്ചു മുകുന്ദൻ! “” എടാ മോനെ നോബിളേ, ഇത് പെണ്ണ് വേറെയാ… നല്ല അന്തസ്സും അഭിമാനവുമുള്ള പെണ്ണ്! ബംഗ്ലാവിലെ അരവിന്ദന്റെ സമ്പത്തു മുഴുവൻ കുന്നുകൂട്ടിവെച്ചാലും, അതൊക്കെ മാറി നിൽക്കത്തേയുള്ളൂ ന്റെ പെണ്ണിന്റെ മുന്നില്…. എന്തൊക്കെ വാരിക്കോരി കൊടുക്കാന്ന് പറഞ്ഞാലും അതിനോടൊക്കെ മുഖം തിരിഞ്ഞു നിൽക്കുന്ന ആ ഉറപ്പുണ്ടല്ലോ, ആ ചങ്കൂറ്റം… അതാടാ ഈ മുകുന്ദനും ഇഷ്ടം… ത്ഫൂ.. അവൻ വന്നേക്കുന്നു വിശേഷം അറിയാൻ… കടന്നുപോടാ എന്റെ മുന്നീന്ന്!”” നോബിളിനെ തള്ളിമാറ്റി, കുപ്പിയിൽ അവശേഷിച്ച മദ്യവും അകത്താക്കി മുകുന്ദൻ മുന്നോട്ട് നടന്നു….

ഒരു കുപ്പി മുഴുവൻ അകത്താക്കിയിട്ടും, ഒരു കുലുക്കവുമില്ലാതെയുള്ള ആ പോക്ക് കണ്ട് നോബിളും രതീഷും വാ പൊളിച്ചു നിന്നു! “” നിനക്ക് എന്തിന്റെ കേടായിരുന്നു അവനോട് വെറുതെ ചൊറിയാൻ പോകാൻ? വയറുനിറച്ചു കിട്ടിയപ്പോ തൃപ്തിയായില്ലേ.. “” രതീഷ്, പല്ലിറുമ്മിക്കൊണ്ട് നോബിളിനെ നോക്കി. അവൻ, തലചൊറിഞ്ഞുകൊണ്ട് ഒന്നും മിണ്ടാതെ ഇരുട്ടിലേക്ക് നോക്കിയിരുന്നു! “” അമ്മേ, ഞാൻ ഇറങ്ങാണ്. ഇനിയും ലീവെടുത്താ ചിലപ്പോ ഈ ജോലി നഷ്ടപ്പെട്ടെന്നു വരും. ഇതെന്നെ വേറൊരാളുടെ ഒഴിവിന് കിട്ടീതല്ലേ… എത്ര നാളത്തേക്കാ എന്നൊന്നും അറിയില്ല, എന്നാലും ഇവിടിരുന്നാ കാര്യങ്ങള് നടക്കില്ലല്ലോ.. “” പുറപ്പെടും മുമ്പ് ഞാൻ അമ്മയോട് പറഞ്ഞു. അമ്മ ഒന്ന് മൂളുക മാത്രം ചെയ്തു.. ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോ, അമ്മയെന്നെ വീണ്ടും വിളിച്ചു, “” മോളേ.. “” “” എന്താമ്മേ?? “””

“” അമ്മായി പറഞ്ഞ കാര്യം നീയ് ആലോചിച്ചോ? “” അമ്മയിൽ നിന്ന് ആ ചോദ്യം ഞാനൊരിക്കലും, പ്രതീക്ഷിച്ചതല്ല! ‘”” അതമ്മേ എനിക്ക്…. എനിക്കായാളെ അംഗീകരിക്കാൻ മനസ്സ് വരുന്നില്ല! എത്രയൊക്കെ സഹായിയായണേലും, അയാളൊരു തെമ്മാടിയല്ലേ…? കുടിയനല്ലേ….? അങ്ങനൊരാളുടെ കൂടെ ജീവിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് അമ്മയ്ക്ക് ഞാൻ പറഞ്ഞു തരണോ?? “””‘ ഞാൻ ചോദിച്ചു. “” എത്ര കാല് പിടിച്ചാലും, അമ്മേടെ ഈ മോള് സമ്മതിക്കില്ലമ്മേ… വല്ല്യേ അഭിമാനിയല്ലേ… മുകുന്ദേട്ടനെ കല്യാണം കഴിച്ചാ ആ അഭിമാനം ഇടിഞ്ഞു വീണാലോ..?? “”” അമ്പിളിയാണ്! “” അതേടീ അഭിമാനിയാ… മറ്റെന്തിനേക്കാളും വലുത് അഭിമാനം തന്നെയാണെന്ന് വിശ്വസിക്കുന്നവള് തന്നെയാ ഞാൻ…. കാശുള്ള വീട്ടിലെയാണെന്ന് പറഞ്, ഒരുത്തന്റെ കൂടെ ഇറങ്ങിപ്പുറപ്പെടാൻ നോക്കീലേ നീയ്… എന്നിട്ട് അവനെവിടെ? നിന്നെ അന്വേഷിച്ചോ അവൻ?? ഇല്ല… അന്വേഷിക്കില്ല! കാരണം, അവന്റെ ഉദ്ദേശം വേറെയായിരുന്നു… ഇനിയീ പരിസരത്ത് വന്നാ എന്താ ഉണ്ടാവാന്ന് അവനറിയാം…. നിനക്കറിയാത്ത പലതും, അവനെക്കുറിച്ച് ഞാനന്വേഷിച്ചു..

പക്കാ ക്രിമിനലാ അവൻ… പെൺപിള്ളേരെ പറഞ് വഴിതെറ്റിച്ച്, മറ്റു പല ബിസിനസ്സിനും ഉപയോഗിക്കുന്ന വലിയൊരു റാക്കറ്റിന്റെ കണ്ണിയാ അവൻ.. ഇനി കൂടുതലെന്തെങ്കിലും അറിയണം എന്നുണ്ടെങ്കി, ഇവിടുത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പോയൊന്നു അന്വേഷിച്ചാ മതി.. അവനെയിപ്പോ അവര് സെൻട്രൽ ജയിലിലേക്ക് സുഖവാസത്തിന് അയച്ചു കാണും! അക്കരപ്പച്ച കണ്ട്, മുന്നും പിന്നും നോക്കാതെ ചാടിപ്പുറപ്പെടുന്ന നിന്നെപ്പോലുള്ളവര് തന്നെയാ, ഇതുപോലുള്ള അപകടങ്ങളിൽ ചെന്ന് ചാടുന്നത്….”” അവിശ്വസനീയമായത് കേട്ടതിന്റെ ഷോക്കിലായിരുന്നു അമ്പിളി! ഞാനവളുടെ അരികിലേക്ക് ചെന്ന്, നെറുകയിൽ തലോടി, “”ചേച്ചിക്ക് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് മോളേ.. അതിനിടക്ക് അറിഞ്ഞുകൊണ്ട്,, മുകുന്ദനെപ്പോലൊരു ഭാരം കൂടി ചുമക്കാൻ ചേച്ചിക്ക് വയ്യ!”” അമ്മയെയും, അമ്പിളിയേയും ഒന്നുകൂടി നോക്കി ഞാൻ മുറ്റത്തേക്കിറങ്ങി….. കാത്തിരുപ്പ് ❤