18/04/2026

സിന്ദൂരം : ഭാഗം 20

രചന – ഭവ്യ ഭാസ്കരൻ

കുഞ്ഞാ.. ഉറങ്ങേണ്ടേ..? ഉണ്ണി ചോദിച്ചു.

മ്മ്. അച്ഛൻ പാട്ട് പാട്. എന്നാൽ മോള് ഉറങ്ങാം. ഗൗരി കൊഞ്ചി കൊണ്ട് പറഞ്ഞു.

ഉണ്ണി അവളെ നെഞ്ചിൽ കിടത്തി. അവളുടെ മുടിയിൽ തലോടി. മാളു അവർക്ക് അരികിൽ വന്നിരുന്നു.

“എന്നോമൽ നിധിയല്ലേ..
കൺപീലി നനയല്ലേ..
എന്നാളും അരികെ ഞാൻ കാവലായ്

ഉരുകും വേനലകനൊന്നു
ചെറരിയൂ തൂമഴ.
മെഴുകിൽ നേർത്ത തിരിയായുള്ളൂ
തെളിയും നാളിതാ.

എന്നോമൽ നിധിയല്ലേ..
കൺപീലി നനയല്ലേ..
എന്നാളും അരികെ ഞാൻ കാവലായ്

കിനാവായ് തോന്നിയോ
നിലാവിൻ കൂട്ടിലെ
ദിനങ്ങൾ പാതിരാവുകൾ മായുമ്പോഴും
തനിച്ചേ വാടുമീ മനസ്സിൻ ചില്ലയിൽ
തുടുക്കും ചായമേകിയോ ഇന്നാദ്യമായ്
പൂങ്കാറ്റിന്റെ ഈ താരാട്ടിലലിയാൻ
വന്നിടാം.
ഈ ഈറൻ വെയിൽ പൂക്കുന്ന വഴിയിൽ
നിന്നിടാം.
അരുതേ..
കനവോ
ഇനി മായരുതേ…

എന്നോമൽ നിധിയല്ലേ..
കൺപീലി നനയല്ലേ..
എന്നാളും അരികെ ഞാൻ കാവലായ്. ”

നെഞ്ചോടു ചേർന്ന് ഇരുന്നു ഉറങ്ങുന്ന ഗൗരിയെ കട്ടിലിൽ കിടത്തി കൊണ്ടവൻ നെറുകിൽ ചുംബിച്ചു. ഗായത്രിയുടെ ആദിയുടെ കവിളിൽ തലോടി പുതപ്പ് എടുത്ത് മൂന്നുപേരെയും നേരെ പുതപ്പിച്ചു.

മാളു… ഉണ്ണി ഗൗരവത്തിൽ വിളിച്ചു.

എന്താ ഉണ്ണിയേട്ടാ… മാളു അവനെ നോക്കി കൊണ്ട് ചോദിച്ചു.

ബാഗ് എല്ലാം പാക്ക് ചെയ്തേക്ക്. നാളെ രാവിലെ
നമ്മൾ ഇവിടുന്ന് ഇറങ്ങും.

എന്താ പെട്ടെന്ന്.. അമ്മ എന്തെങ്കിലും പറഞ്ഞോ..? അവൾ സംശയത്തോടെ ചോദിച്ചു കൊണ്ട് അവനരികിലേക്ക് വന്നു.

നാളെ നമ്മൾ ഇവിടുന്ന് ഇറങ്ങുന്നു. ഇനി ഒരു മടങ്ങി വരവ് ഇങ്ങോട്ട് ഉണ്ടാവില്ല. അത് പറഞ്ഞ് കൊണ്ടവൻ കട്ടിലിൽ ഇരുന്നു.

അവൾ അവനെ തന്നെ നോക്കി കൊണ്ട് അവനരുകിൽ വന്നിരുന്നു.

അവന്റെ കൈക്ക് മീതെ കൈ വച്ചു.

അമ്മ എന്താ പറഞ്ഞത്‌ . അവൾ അവനെ നോക്കി കൊണ്ടവൾ ചോദിച്ചു.

രണ്ടു മക്കളും കലഹിച്ചു കഴിയുന്നത് കാണാൻ അമ്മക്ക് വയ്യന്ന്. നമ്മളോട് ഇവിടുന്ന് മാറാൻ. അമ്മ സ്വത്ത് എല്ലാം ഏട്ടന് എഴുതി കൊടുത്തു.

എന്ത്..?

അതെ മാളൂ.. സ്വത്ത് എല്ലാം ഇപ്പോ ഏട്ടന്റെ പേരിലാ. എനിക്ക് ഇവിടെ ഒരു അവകാശവും ഇല്ല. എന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ല. എനിക്ക് അവരുടെ ഒരു തരി മണ്ണ് പോലും വേണ്ട. ഞാൻ അവരുടെ മകൻ അല്ലെ… ഒരു വാക്ക്… എന്നോട് പറയാമായിരുന്നു. അവന്റെ സ്വരം ഇടറി.

അത്‌ മനസിലാക്കിയ പോലെ അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു. അവൻ വേദനിക്കുന്നത് കണ്ട് അവളുടെ ഉള്ളം പിടഞ്ഞു.

കാലവും സമയവും മാറുന്നതിന് അനുസരിച്ചു മനുഷ്യന് മാറ്റം വരും. അടുത്ത് ഉണ്ടായിരുന്നവർ പലരും അകന്ന് പോവും. അവൻ വേദനയോടെ പറഞ്ഞു.

ഉണ്ണിയേട്ടാ.. ആർദ്രമായിരുന്നു അവളുടെ സ്വരം. ഉണ്ണി ആശ്രയാമെന്നോണം അവളെ ഇറുകെ പുണർന്നു.

അമ്മാ.. അമ്മക്ക്‌ . എന്നോട് ഇത് എങ്ങനെ പറയാൻ തോന്നി മാളൂ..

അവൾ അവന്റെ മുതുകിൽ തലോടി. അവളുടെ കണ്ണുകൾ നിറഞ്ഞു.

വിഷമിക്കേണ്ട ഉണ്ണിയേട്ടാ… ഒരു കണക്കിന് അമ്മക്ക് അതല്ലേ പറയാൻ പറ്റൂ. രണ്ടു മക്കളും തല്ലി പിരിയുന്നതിനെക്കാൾ നല്ലത് അല്ലെ ഉണ്ണിയേട്ടാ.., ആർക്കും ഒരു ബുദ്ധിമുട്ടാവാതെ ഇവിടുന്ന് മാറി നില്കുന്നത്.

അവൻ അവളിൽ നിന്നും അകന്ന് മാറി കൊണ്ടവളെ നോക്കി.

അമ്മക്ക് അറിയില്ല.. അവർ ഇപ്പോ കാട്ടുന്ന സ്നേഹം എന്ത് കൊണ്ടാണെന്നു. ഒരിക്കൽ എല്ലാം മനസിലാക്കുന്ന സമയം വരുമ്പോൾ ആരും ഒപ്പം ഉണ്ടായിരിക്കണമെന്നില്ല. അമ്മക്ക് അത്‌ താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു.

മേശയുടെ മുകളിൽ നിന്നും ഫോണും എടുത്തവൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

അവൻ പോയ വഴിയേ അവൾ വേദനയോടെ നോക്കി നിന്നു.

പലതും അവളുടെ മനസിലേക്ക് ഓടി വന്നു.
അവൾ ഒന്ന് നിശ്വസിച്ചു കൊണ്ട് അലമാരയുടെ അടുത്തേക്ക് നടന്നു.

🍁🍁🍁🍁

എന്റെ അമ്മേ… എനിക്ക് സന്തോഷം അടക്കാനാവുന്നില്ല. ഇത്ര പെട്ടന്ന് അവർ ഇവിടെ നിന്നും പോവും എന്ന് കരുതിയില്ല. വർദ്ധിച്ച സന്തോഷത്തോടെ ഫോണിൽ കല്യാണിയോടെ സംസാരിക്കാണ് മൈഥിലി.

എന്തായാലും നമ്മൾ കരുതിയ പോലെ എല്ലാം നടന്നില്ലേ..? അവൾ പുഞ്ചിരിയോടെ ചോദിച്ചു.

എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അവരെ അവിടെ നിന്നും ഇറക്കാൻ നമ്മൾ എന്തൊക്കെ കളി കളിച്ചു. കല്യാണിയുടെ സ്വരം അവളെ തേടിയെത്തി.

ആദ്യo ആ കുഞ്ഞായിരുന്നു തടസ്സം.. അതിനെ അങ്ങോട്ടു തെക്കോട്ടു എടുപ്പിച്ചില്ലേ..? എല്ലാം അതോടെ തീർന്നെന്ന് കരുതിയാതാ. അവളുടെ മുഖത്തു ദേഷ്യം നിറഞ്ഞു.

ഡീ.. പതുക്കെ.. ആരെങ്കിലും കേൾക്കും. കല്യാണി പറഞ്ഞു.

മൈഥിലി പെട്ടെന്ന് നാലുപാടുമൊന്ന് നോക്കി.

ഇവിടെ ആരുമില്ല അമ്മേ, എല്ലാവരും കിടന്നു.

മ്മ്.

എന്നാലും അമ്മേ.. ഉണ്ണിയുടെ മനസ് തകർന്ന് പോവുന്ന പോക്ക് അമ്മ കൂടി കാണണമായിരുന്നു. മൈഥിലി പുച്ഛചിരിയോടെ പറഞ്ഞു.

മ്മ്. ഞാൻ നാളെ രാവിലെ അങ്ങോട്ടു വരാം.

വേണ്ടമ്മ. അമ്മ ഇപ്പോ ഇങ്ങോട്ട് വന്നാൽ ശെരിയാവില്ല. നാളെ കുട്ടികളെ സ്കൂളിൽ ആക്കിയ ശേഷം ഞാൻ അങ്ങോട്ടു വരാം. ബാക്കി അപ്പോ സംസാരിക്കാം. കൃഷ്ണേട്ടൻ ഇപ്പോ എന്നെ അനേഷിച്ചു വരും. മൈഥിലി പറഞ്ഞു.

ഒരു ചുവരിന് അപ്പുറം എല്ലാം കേട്ട് ഉണ്ണി തറഞ്ഞു നിന്നു.

ക്രോധത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകി.
എന്റെ കുഞ്ഞിന്റെ മരണത്തിന് കാരണം ഇവരാണോ..? അവന്റെ മനസ് കലുഷിതമായി. തല പെരുക്കുന്ന പോലെ തോന്നി. കണ്ണുകൾ ചുവന്നു.

കൊല്ലാനുള്ള ദേഷ്യത്തിൽ മൈഥിലിയുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും ആരോ അടുത്തേക്ക് വരുന്നപ്പോലെ തോന്നിയതും അവൻ വെളിച്ചത്തിലേക്ക് നീങ്ങി നിന്നു.

മാളുവിനെ കണ്ടതും അവളുടെ അടുത്തേക്ക് ചെന്നു, അവളുടെ കൈയും പിടിച്ചു കൊണ്ടവൻ റൂമിലേക്ക് നടന്നു.

സത്യം അറിയണം. എടുത്തുചാടി ഒന്നും ചെയ്യാൻ പാടില്ല. അവർക്ക് അതിൽ എന്തെങ്കിലും പങ്ക് ഉണ്ടെങ്കിൽ ഈ ഉണ്ണിയുടെ മറ്റൊരു മുഖമവർ കാണും. ദേഷ്യത്താൽ അവൻ മുഷ്ടി ചുരുട്ടി കൊണ്ട് മനസ്സിൽ പറഞ്ഞു.

റൂമിൽ കയറിയതും അവൻ വാതിലടച്ചു. മേശയിൽ ഇരിക്കുന്ന ജഗിലെ വെള്ളം എടുത്ത് കുടിച്ചു.

ഉണ്ണിയേട്ടാ.. അവൾ വിളിച്ചു.

കണ്ണുകൾ അടച്ചു തുറന്നു കൊണ്ടവൻ അവളെ തിരിഞ്ഞു നോക്കി.

പാക്ക് ചെയ്തോ.. അവൻ ഗൗരവത്തിൽ ചോദിച്ചു.

ആഹ്. അവൾ തലയാട്ടി.

നാളെ നമ്മൾ എങ്ങോട്ടാ പോവുന്നെ..?

തീരുമാനിച്ചിട്ടില്ല. ഉണ്ണി പറഞ്ഞു.

തല്ക്കാലം എന്റെ വീട്ടിലേക്ക് പോവാം. എന്റെ അച്ഛനും അമ്മയ്ക്കും കാര്യങ്ങൾ പറഞ്ഞാൽ മനസിലാവും.

അവൻ അവളെ കൂർപ്പിച്ചു നോക്കി.

ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുക്ക് എന്റെ വീട്ടിലേക്ക് പോവാം. അവിടെ ആരും ഉണ്ണിയേട്ടനെ കുറ്റപ്പെടുത്തില്ല. തത്കാലത്തേക്ക് അല്ലെ ഉണ്ണിയേട്ടാ. അവൾ അപേക്ഷയോടെ അവനെ നോക്കി.

അവൻ ഒന്നും പറയാതെ കട്ടിലിൽ ചെന്നു കിടന്നു.

തുടരും