രചന – മിത്ര
കണ്ണ് തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ഉണ്ണിക്ക് .. തലക്കൊക്കെ നല്ല വേദന… അടുത്താരോ ഇരുന്നു കയ്യിൽ തടവുന്നുണ്ട്.. ബന്ധപ്പെട്ട് കണ്ണ് തുറന്നു നോക്കി.. പാറൂട്ടിയാണ്.. കണ്ണൊക്കെ ചുവന്നു തടിച്ചു വീർത്തിരിപ്പുണ്ട്, കരഞ്ഞിട്ടുണ്ടാവാം.. “ഉണ്ണിയേട്ടാ, ഇപ്പോ എങ്ങനുണ്ട്.. ഒരുപാട് വേദനയുണ്ടോ.”. ഒച്ച ചിലമ്പിച്ചിരുന്നു പെണ്ണിന്റെ.. “നീ കരഞ്ഞുവോ പാറു.. മുഖം എന്തേ ഇങ്ങനെ” “ആദ്യം ഞാൻ ചോദിച്ചതിനുത്തരം താ. വേദനിക്കുന്നുണ്ടോ വല്ലാതെ “. “സാരല്യ, ചെറിയൊരു വേദനയെ ഉളളൂ പെണ്ണേ”.. എങ്ങിനെയാ ഏട്ടാ, സൂക്ഷിച്ചു വണ്ടി ഓടിക്കണം ന്നു എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഞാൻ.. എന്നിട്ടും…..” വീണ്ടും കരയാൻ തുടങ്ങുന്നവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചവൻ. “എത്ര പറഞ്ഞാലും ഏട്ടന് തമാശയാണ്.. ഇപ്പോ നോക്കിയേ”.. “സാരല്യടി, ബൈക്ക് ഒന്ന് തെന്നിയതാ.. ഒന്നും പറ്റിയില്ലല്ലോ എനിക്ക്.. ഈ ചെറിയ കാര്യത്തിനാണോ നീയിങ്ങനെ കൊച്ചു കുട്ട്യോളെപ്പോലെ.. അയ്യേ മോശം ട്ടോ.. നീയിങ്ങനെ കരഞ്ഞോണ്ടിരുന്നാൽ ഒരു രസവും ഇല്ലന്നെ “.. പറഞ്ഞു കൊണ്ടു കൈ കുത്തിയെഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി..
വേദന നല്ലത് പോലെയുണ്ട്.. വലതു കൈ ബെഡിൽ കുത്തി എഴുന്നേൽക്കുന്നവനെ കണ്ടു പാറു എഴുന്നേറ്റ് അവനെ താങ്ങി, പതിയെ ബെഡിന്റെ ക്രാസിയിൽ ചാരി ഇരിക്കാൻ സഹായിച്ചു.. തലയണ എടുത്തു പുറകിൽ ചാരി ഇരിക്കാൻ വെച്ചു കൊടുത്തു.. “ഇവിടെ ഇരിക്ക് പെണ്ണേ, എന്റെയടുത്തു..” ചെന്നു അവന്റെ വലതു വശം ചേർന്നിരുന്നു. നെറ്റിയിലെ മുറിവിന്റെ കെട്ടിൽ കൂടി വിരലുകൾ ഓടിച്ചു.. “ഒത്തിരി മുറിഞ്ഞല്ലോ ഏട്ടാ.. ” “ഇല്ലെടി പെണ്ണേ, ഒന്നുരഞ്ഞതെ ഉളളൂ,.. അവരത് ഇത്രേം വലുപ്പത്തിൽ കെട്ടിയതാടി “.. “ഇനീപ്പോ അങ്ങനെ പറഞ്ഞാൽ മതി.. ഞാൻ കണ്ടതാ ഉറക്കത്തിൽ കിടന്നു വേദന സഹിക്കാൻ വയ്യാതെ പിച്ചും പേയും പറഞ്ഞത് ” “ഒന്ന് പോയെടി നീയ്.. ഭയങ്കര കണ്ടുപിടുത്തം ആയിപ്പോയി “. ചുണ്ടു കൂർപ്പിച്ചു നോക്കിയവളെ കണ്ടു ചിരി അടക്കിപ്പിടിച്ചവൻ.. “ഒന്നു വീണു ഉരഞ്ഞപ്പോഴേ ഇത്രയ്ക്കു കരച്ചിൽ, അപ്പൊ ഞാൻ തട്ടി പോയിരുന്നെങ്കിലോടി “. പറഞ്ഞു തീർന്നത് മാത്രം ഓർമയുണ്ട്, ചെവി ഉച്ചത്തിൽ മൂളുന്നത് പോലെ തോന്നി..
ആഹാ നല്ല വേദന.. വിരൽ ചെവിയിലിട്ട് ഒന്ന് കറക്കി.. ഇപ്പോഴും കുയ് എന്നൊരു ശബ്ദം കേൾക്കാം.. കണ്ണ് തുറച്ചു ദേഷ്യപ്പെട്ടു പാറു അടുത്തിരിപ്പുണ്ട്. “എന്തിനാടി കോപ്പേ എന്റെ കരണകുറ്റി അടിച്ചു പൊട്ടിക്കുന്നെ.. ” “നിങ്ങൾ അങ്ങനെ തട്ടി പോവേണ്ട മനുഷ്യ.. ഞാൻ ഇല്ലേ നിങ്ങളെ കൊല്ലാനിവിടെ “.. “ഓ അങ്ങനെ, ഞാൻ വിചാരിച്ചു എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് “. കള്ള പരിഭവം നടിച്ചവൻ.. ചെരിഞ്ഞു അടുത്തിരുന്നവളെ നോക്കി.. അവിടെ ഒരു കുന്നോളം സങ്കടം ഒളിപ്പിച്ചു വെച്ചിരിക്കുന്നവളെ കണ്ടു വേദനിച്ചു അവനു.. വലതു കൈ കൊണ്ടവളെ ചേർത്തു പിടിച്ചു.. “പാറൂട്ടിയെ “.. “””””””””””””” “ഡീ, പാറുട്ടി “.. “മ്മ് “.. മൂളിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു..
“എന്തിനാ ഇത്രേം സങ്കടം പെണ്ണേ .. ” “എനിക്ക് സഹിക്കണില്ല ഏട്ടാ “.. “എന്തിനു “.. “നിങ്ങള്ക്ക് ഒരു മുള്ളു കൊള്ളുന്നത് പോലും ഞാൻ സഹിക്കില്ല “.. വിതുമ്പിക്കൊണ്ട് കുഞ്ഞിക്കുട്ടികളെ പോലെ ഉണ്ട് പെണ്ണ്.. ഇടയ്ക്കു എങ്ങലടിക്കുന്നുണ്ട്.. “അതിനു എനിക്കൊന്നും പറ്റിയില്ലല്ലോടി.. പിന്നെന്താ “.. “ഒന്നും പറ്റാഞ്ഞിട്ടാണോ, ഇപ്പോ ഈ കട്ടിലിൽ ഇങ്ങനെ കിടക്കണേ “.. “സാരല്യ, പോട്ടെടി.. എന്റെ ലീവ് ഞാൻ കൂട്ടിയെടുത്തില്ലേ.. അങ്ങനെ ഒരുപകരം ഉണ്ടായില്ലേ.. മ്മ്.”.. രൂക്ഷമായ നോട്ടമായിരുന്നു പാറുവിന്റെ മറുപടി.. കൂടെ അവന്റെ വലത്തെ കയ്യിൽ ഒരു കടിയും കൊടുത്തു.. “നീയെന്തെടി പട്ടിക്കുട്ടിയുടെ ജൻമം ആണോ, ഇങ്ങനെ കടിക്കാൻ.. അമ്മേ, എന്റെ കയ്യ് ” മുഖം ചുളിച്ചു കൊണ്ടു, വലം കൈ കുടഞ്ഞവൻ.. “ഉണ്ണിയേട്ടാ, വേദനിച്ചോ.. ചോറി ട്ടോ “.. “ഇല്ലെടി, ഞാൻ എന്താ വല്ല കട്ടേo തടിയും വല്ലോം ആണോ “.. പിന്നേം ആ വലം കൈക്കുള്ളിൽ അവൾ ചുരുണ്ടു കേറി.. നെഞ്ചിൽ ഒന്ന് അമർത്തി മുത്തി…
കണ്ണു അപ്പോഴും നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.. അവളെ ചേർത്തു പിടിച്ചു കൊണ്ടു നെറുകയിൽ തലോടുമ്പോഴും, അവന്റെ മനസ്സിൽ പക ആളി കത്തുന്നുണ്ടായിരുന്നു, ഒപ്പം വേദനയും… 💞💞💞 സ്കൂൾ വിട്ട് വീട്ടിലേക്കു അപ്പുവിന്റെ കൂടെ നടക്കുകയായിരുന്നു രേവതി.. “മാഷേ, ഉണ്ണിക്കു ആക്സിഡന്റ് ആയതു അറിഞ്ഞിരുന്നുവോ “.. “ഞാൻ കാണാൻ പോയിരുന്നു ടീച്ചറെ രാവിലെ.. ഉറക്കം ആയിരുന്നവൻ “.. “പാവം ഉണ്ണി, വല്യ കുഴപ്പം ഒന്നും ഇല്ലാലോ അല്ലേ “.. “ഇടതു കൈ ഫ്രാക്ചർ ആയിട്ടുണ്ട്. പിന്നെ അവിടെയും ഇവിടെയും ഇത്തിരി തൊലി പൊട്ടി മുറിഞ്ഞിട്ടേ ഉളളൂ.. അല്ലാതെ വല്യ കുഴപ്പം ഒന്നും ഇല്ലെടോ “… “ഞാൻ ഇപ്പോ വീട്ടിലേക്കില്ല മാഷേ, ഉണ്ണിയെ ഒന്ന് കണ്ടിട്ട് വന്നോളാം.. മാഷ് നടന്നോളൂ ട്ടോ”.. ഉണ്ണിയുടെ വീടിനു മുന്നിലേക്കുള്ള വഴിയിൽ എത്തിയപ്പോഴേക്കും അവൾ പറഞ്ഞു.. “താൻ പൊയി വാടോ, എനിക്കിത്തിരി പണിയുണ്ട് വീട്ടിൽ.. ” പുഞ്ചിരിച്ചു തലയാട്ടി കൊണ്ടു അവൾ വീട്ടിലേക്കുള്ള പടികൾ കയറി..
ഉമ്മറത്ത് ചാരു കസേരയിൽ ഉണ്ണി ഇരിപ്പുണ്ടായിരുന്നു. അടുത്ത് തന്നെ പാർവതിയും.. എന്തോ പറഞ്ഞു രണ്ടു പേരും ചിരിക്കുന്നുണ്ട്.. അവരുടെ സന്തോഷം നോക്കി ഒരു നിമിഷം നിന്നവൾ. പിന്നെ കണ്ണുകൾ കൊണ്ട് അവിടമാകെ ഒന്നുഴിഞ്ഞു.. കർഷകൻ എവിടെ പോയോ എന്തോ.. “അല്ല ടീച്ചറെ, അവിടെ തന്നെ നിൽക്കാൻ ആണോ ഉദ്ദേശം.. ഇങ്ങോട്ട് കേറി വന്നോളൂട്ടോ”. പാറുവിന്റെ വിളിയിൽ അവൾ ചമ്മിയ ചിരി നൽകി.. പുറത്ത് ചെരിപ്പ് അഴിച്ചു വെച്ചു, ഉമ്മറത്തേക്ക് കയറി, ഉണ്ണിയുടെ അടുത്തു കിടന്ന ഒരു കസേരയിൽ ഇരുന്നു.. “ഉണ്ണിയേട്ടാ, ഇത് നമ്മുടെ ഗവണ്മെന്റ് സ്കൂളിലെ ടീച്ചറാണ്.. എന്റെ കോവിൽ പാർട്ണർ ആണ് “. “കോവിൽ പാർട്ണറോ “”. കണ്ണ് മിഴിച്ചു കൊണ്ട് ഉണ്ണി ചോദിച്ചു.. “അതെന്നെ, എന്നും ഞാൻ ടീച്ചറിന്റെ കൂടെയാ,കോവിലിൽ പോണത് “.. “ഓ അങ്ങനെ.. ” ഉണ്ണി ഒന്ന് നെടുവീർപ്പെട്ടു.. “ടീച്ചർ ഇരിക്ക് ട്ടോ, ഞാൻ പൊയി കുടിക്കാൻ എന്തെങ്കിലും എടുത്തു കൊണ്ട് വരാം.. അമ്മായി ഇവിടില്ല, പുറത്ത് പോയിരിക്കുവാ.”.. പറഞ്ഞു കൊണ്ട് പാറു അടുക്കളയിലേക്ക് പൊയി..
“ഉണ്ണിക്കിപ്പോ കുഴപ്പം ഒന്നും ഇല്ലാലോ അല്ലേ “.. “നല്ല വേദന ഉണ്ട് ടീച്ചറെ, വല്ലതും പറഞ്ഞ പാറു ഇവിടെ ഇട്ടേക്കുവേലാ.. അതോണ്ട് മിണ്ടാതിരിക്കുവാ “… ചിരിയോടെയുള്ള അവന്റെ മറുപടിയിൽ ഉണ്ടായിരുന്നു പാറുവിനോടുള്ള സ്നേഹം.. “അപ്പു മാഷ് രാവിലെ ഇവിടെ വന്നിരുന്നു എന്ന് പറഞ്ഞു.. ഉണ്ണി ഉറക്കം ആയിരുന്നൂന്ന് “.. “ഞാൻ അറിഞ്ഞില്ല ടീച്ചറെ.. അമ്മ പറഞ്ഞിരുന്നു അവൻ വന്ന കാര്യം “… “മാഷിന് ഉണ്ണിയോട് ഭയങ്കര സ്നേഹം ആണല്ലേ.. എപ്പോഴും പറയും നിങ്ങളുടെ ഒക്കെ കാര്യം.. ” രേവതിയുടെ ചോദ്യത്തിന് ഉണ്ണി ഒന്ന് മൂളി.. “ഭയങ്കര സ്നേഹം ഉള്ളവനാണ്.. എനിക്കെന്തേലും പറ്റിയാൽ അവനാ പൊള്ളുന്നത്.. കുഞ്ഞും നാളിലെ തൊട്ടുള്ള കൂട്ടല്ലേ “. പറയുമ്പോൾ ഉണ്ണിയുടെ കണ്ണുകളിൽ നീർതിളക്കം രേവതി കണ്ടു… “ഉണ്ണി, ഞാൻ അകത്തേക്ക് ഒന്ന് ചെന്നോട്ടെ.. ”
“അയ്യോ അതിനെന്താ ടീച്ചറെ, ചെല്ല്.. പാറു അകത്തു കാണും.”.. സമ്മതപ്പൂർവ്വം തലയൊന്നു ആട്ടിക്കൊണ്ട് അകത്തേക്ക് കടന്നവൾ.. ഉമ്മറത്ത് നിന്നും ഹാളിലേക്ക് ചെന്നപ്പോൾ കണ്ടു, തലയിൽ എണ്ണയും തേച്ചു മൂളിപ്പാട്ടും പാടിക്കൊണ്ട് വരുന്ന അനന്തുവിനെ.. ഒരു കാവി മുണ്ടാണ് വേഷം, കഴുത്തിൽ രുദ്രാക്ഷ മാല ഒരെണ്ണം കിടപ്പുണ്ട്.. ആഹാ അന്തസ്സ്.. കിട്ടിയ സമയം മൊത്തത്തിൽ ഒന്ന് സ്കാനിങ് നടത്തി.. രേവതിയുടെ ഉള്ളിലെ കോഴികുട്ടി ഉണർന്നെണിറ്റു മുറവിളി കൂട്ടീ.. “പാറുട്ടിയെ, ഞാൻ കുളിച്ചിട്ട് വരുമ്പോഴേക്കും കാപ്പി എടുത്തു വെക്കേണെടി.. ” അടുക്കള വശത്തേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു കൊണ്ടു വരുന്നവൻ അപ്പോഴാണ് രേവതിയെ കണ്ടു ഞെട്ടിയത്.. “നീയെന്തിനാടി പുല്ലേ, എന്റെ വീട്ടിൽ വന്നത് “.. “ആഹാ, ഇത് കർഷകന്റെ വീടാരുന്നന്ന് ഞാൻ അറിഞ്ഞില്ല, ആരും പറഞ്ഞില്ല “.. കളിയാക്കിയവളെ കണ്ടു കണ്ണുരുട്ടി പേടിപ്പിച്ചവൻ… “നിനക്ക് എന്താടി ഇത്ര അഹങ്കാരം കോപ്പേ, എന്റെ വീട്ടിൽ കേറി വന്നു എനിക്കിട്ട് പറയുന്നോ..” ചീറിക്കൊണ്ട് അടുത്തേക്കുവന്നവനെ കണ്ടു കൈ കൂപ്പിക്കൊണ്ട് സൈഡിലേക്ക് മാറി നിന്നു..
ഇനി എങ്ങാനും അടി കിട്ടിയാലോ.. അങ്ങേരുടെ ഒരു കൈക്ക് ഇല്ല ഞാൻ.. അല്ലാതെ പേടിച്ചിട്ടൊന്നും അല്ല… ഹും.. “അപ്പൊ കൊച്ചിന് പേടിയുണ്ട്.. .” “അയ്യേ, പേടിയോ.. അതും തന്നെ.. ഒന്ന് പോയെടോ “.. “ന്തേടി.. കൂടുതൽ വിളച്ചിലെടുക്കല്ലേ മോളേ.. പണി ഞാൻ തരും “… “അയാം വെയ്റ്റിങ് കർഷകാ, അയാം വെയ്റ്റിംഗ് “.. “ഇതിനൊന്നും നണോം ഇല്ലേ ദൈവമേ “.. “അതിനു ഞാൻ തുണി ഉടുത്തിട്ടല്ലേ മനുഷ്യ വന്നത് “.. ചൂണ്ടു വിരൽ ചലിപ്പിച്ചു അടി എന്ന് ആംഗ്യ ഭാഷയിൽ പറഞ്ഞു കൊണ്ടു അനന്തു കുളിക്കാനായി പൊയി.. പോയ പുറകെ അവന്റെ മുറിക്കുള്ളിലേക്ക് കയറിയവൾ.. വാതിൽ ഒന്ന് പതിയെ ചാരി.. മുറിയാകെമാനം ഒന്ന് കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു.. ആഹാ, വൃത്തിയൊക്കെയുണ്ട്.. ഒരു വലിയ കട്ടിൽ, ബെഡ് ഷീറ്റ് ഒക്കെ മടക്കി വൃത്തിയായി ഒരു സൈഡിൽ വെച്ചിട്ടുണ്ട്.. അപ്പോ വൃത്തി ഉള്ള കൂട്ടത്തിലാണ് എന്റെ ഭാവി കെട്ടിയോൻ.. അവളുടെ ചുണ്ടിൽ ഒരു കുഞ്ഞി ചിരി വിടർന്നു… കട്ടിലിന്റെ മറുവശത്തായി ഒരു തടി മേശ ഇട്ടിട്ടുണ്ടായിരുന്നു..
അതിൽ കുറെ പുസ്തകങ്ങളും.. അതിൽ ഓരോന്നും തുറന്നു നോക്കി, കൂടുതലും ഫാർമിങ് നെ കുറിച്ചുള്ള ലേഖനങ്ങൾ ആയിരുന്നു.. ഇടയ്ക്കു ഒരു ഡയറി ഇരിക്കുന്നത് അവൾ കണ്ടു.. മറ്റുള്ളവരുടെ ഡയറി വായിക്കുന്നത് തെറ്റാണെന്നറിയാമെങ്കിലും, അതിൽ എന്താണെന്ന് അറിയാൻ അവളുടെ ഉള്ളം വെമ്പി.. അതു കയ്യിൽ എടുത്തു തുറന്നു.. ആദ്യത്തെ പേജിൽ തന്നെ കണ്ടു…. 💞💞എന്റെ മാത്രം പാറൂട്ടി 💞💞 അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി.. ഒരു താങ്ങിനായി മേശമേൽ ചാരി നിന്നു.. മനസ്സിൽ പ്രതിഷ്ഠിച്ച അനന്തു എന്ന വിഗ്രഹം, തന്റേതല്ലാരുന്നുവോ, അപ്പൊ ഉണ്ണി…. ഉണ്ണിയുടെ പ്രാണൻ അല്ലേ പാറു.. ഒരുപാട് ചോദ്യങ്ങൾ അലമുറ കൂട്ടുന്നുണ്ടായിരുന്നു അവളുടെ ഉള്ളിൽ.. അലറി കരയാൻ തോന്നിയവൾക്ക്.. കയ്യിൽ നിന്നും ഡയറി താഴെക്ക് വീണു.. അതിൽ നിന്നും തെറിച്ചു വീണ ഫോട്ടോ കണ്ടു അവളുടെ ശ്വാസം നിലച്ചത് പോലെ ആയി.. വേഗം കുനിഞ്ഞിരുന്നു അതു കയ്യിലെടുത്തു നോക്കി.. ഉണ്ണിയുടെ ഒരു ഫോട്ടോ, അതിൽ ചുവന്ന നിറമുള്ള എന്തോ കൊണ്ടു ക്രോസ്സ് മാർക്ക് (❌️)ഇട്ടിരിക്കുന്നു.. മണത്തൊന്നു നോക്കി, ചോരയുടെ രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറിയപ്പോൾ ഛർദിക്കാൻ തോന്നിയവൾക്ക്.. (തുടരും )

by