16/04/2026

നിഴലായ് : ഭാഗം 43

രചന – ശരണ്യ

ഓഫീസിന് മുന്നിലെ പാർക്കിങ്ങിൽ അവൻ കാർ നിർത്തി…ആനിയാണ് ആദ്യം ഓഫീസിലേക്ക് ചെന്നത്….വൈശാഖിനോട് പതിയെ വന്നാൽ മതിയെന്ന് അവൾ പറഞ്ഞിരുന്നു.. ആതിരയും വർഷയും ഓഫീസിലെ ഏതോ സ്റ്റാഫുമായി സംസാരിച്ചു നിൽക്കുവായിരുന്നു…ഡോർ തുറന്ന് വരുന്ന ആനിയെ കണ്ടതും ആതിരയുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി…. ആനീ എന്ന് വിളിച്ച് അവൾ ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു…അപ്പോഴേക്കും വർഷയും അവരുടെ അടുത്തേക്ക് എത്തിയിരുന്നു… ആനി മോളെ… എത്ര ദിവസമായെടി കണ്ടിട്ട്..?? നീ വരുന്ന കാര്യം എന്താ പറയാതെ ഇരുന്നത്…? ഇന്നലെ വൈകിട്ട് കൂടി വിളിച്ചത് അല്ലേ…എന്നിട്ടും നീ പറഞ്ഞില്ലല്ലോ… എന്റെ ആതീ… നീ ആ കൊച്ചിന് ഒന്ന് ശ്വാസം വിടാൻ സമയം കൊടുക്ക്… ഞാൻ നിങ്ങൾക്ക് ഒരു സർപ്രൈസ് തരാമെന്ന് കരുതി…അതാ പറയാതെ വന്നത്… അല്ല മോളെ…നീ മാത്രമേ ഉള്ളോ… കാലൻ വന്നില്ലേ…??

അടിയൻ ഇവിടെ ഉണ്ടേ…. മറുപടി വന്ന ഭാഗത്തേക്ക് ആതിരയും വർഷയും നോക്കി…ഡോറിൽ ചാരി കൈ കെട്ടി നിൽക്കുന്ന വൈശാഖിനെ കണ്ട് ആതിര നാക്ക് കടിച്ചു…വർഷ അപ്പോഴേക്കും ഓടിയിരുന്നു…ഓഫീസ് ഫുൾ സൈലന്റ് ആയി…വൈശാഖ് ചിരിയോടെ അവർക്ക് അരിലേക്ക് വന്നു… എന്താ ആതിരേ സുഖം അല്ലേ…? ഇത്ര ദിവസം കാലൻ ഇല്ലാതിരുന്നത് കൊണ്ട് സമാധാനം ഉണ്ടായിരുന്നല്ലോ അല്ലേ… ആതിര ആകെ വിളറി വെളുത്തു… ആനിയും വൈശാഖും അവളുടെ നിൽപ്പ് കണ്ട് ചിരി കടിച്ചു പിടിച്ചു നിൽക്കുവായിരുന്നു…ആനിയെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് ആതിര വേഗം അവളുടെ സീറ്റിലേക്ക് പോയി… പാവം ആതി…വിച്ചേട്ടന്റെ ഈ എൻട്രി അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.. നീ വാ..നമുക്ക് ആദ്യം ലീവ് ക്യാൻസൽ ചെയ്യാം…പിന്നെ എനിക്ക് ആദർശിനോട് ഒന്ന് സംസാരിക്കണം…

അപ്പോൾ ആതിരയോട് അല്ലേ ആദ്യം പറയുന്നത്…? അല്ല..ആദ്യം അവനോട് പറയണം… അവന് എതിർപ്പ് ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം… അവർ രണ്ടാളും ആദർശിന്റെ ക്യാബിനിലേക്ക് ചെന്നു…നാട്ടിലെ വിശേഷങ്ങളും കേസിന്റെ കാര്യവുമെല്ലാം അവർ ആദർശുമായി സംസാരിച്ചു…ലീവ് ക്യാൻസൽ ചെയ്ത ശേഷം ആദർശിനോട് കൺഗ്രാറ്റ്‌സ് പറഞ്ഞ് ആനി പുറത്തിറങ്ങി.. വൈശാഖും ആദർശും സംസാരിക്കട്ടെ എന്ന് അവൾ കരുതി…അപ്പോഴേക്കും ആനിയെ തിരക്കി വർഷ അവിടേക്ക് വന്നിരുന്നു… മോളെ ആനീ..ദേ അവൾ അവിടെ മുഖം വീർപ്പിച്ച് ഇരിപ്പുണ്ട്…അവൾ സാറിനെ കാലൻ എന്ന് വിളിക്കുന്നത് സാർ എങ്ങനെ അറിഞ്ഞു…?? അത് എനിക്ക് അറിയില്ല ചേച്ചീ…. ഞാൻ ഒന്നും പറഞ്ഞിട്ടില്ല…. വാതിൽ തുറന്ന് വൈശാഖും ആദർശും പുറത്തേക്ക് വന്നു..

ആനി വൈശാഖിനെ നോക്കി എന്തായെന്ന് ചോദിച്ചു…അവൻ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അകത്തു നടന്നത് എന്താണെന്ന് ആ മുഖത്തെ ചിരിയിൽ നിന്ന് ആനിയ്ക്ക് മനസ്സിലായി.. ഹായ് വർഷ…കൺഗ്രാറ്റ്‌സ്…ചിലവ് ഉണ്ടേ… താങ്ക്സ്…ചിലവ് ഒക്കെ ചെയ്യാം… അല്ല നിങ്ങൾ രണ്ടാളും ഭയങ്കര സന്തോഷത്തിൽ ആണല്ലോ..എന്താ കാര്യം..?? പിന്നെ സന്തോഷിക്കാതെ…ഒരു സൈലന്റ് ലവ് ഇന്ന് പുറത്ത് വന്നു… വർഷയ്ക്ക് ഒന്നും മനസ്സിലായില്ല… എന്റെ വർഷ ചേച്ചീ… ഞാൻ പറഞ്ഞു തരാം… വർഷയെ മാറ്റി നിർത്തി ആനി എല്ലാം അവളോട് പറഞ്ഞു…ആനി പറഞ്ഞത് കേട്ട് വർഷ അന്തംവിട്ടു… ഇതൊക്കെ എപ്പോൾ എന്ന രീതിയിൽ അവൾ വൈശാഖിനെ നോക്കി… അതെ…ഇങ്ങനെ നിന്നാൽ മതിയോ… ആതിയോട് പറയണ്ടേ..അവൾ ആകെ കലിപ്പിൽ ആണ്… ആണോ..എന്നാൽ ഇനി സമയം കളയണ്ട.. കാമുകൻ വേഗം പോയി പ്രണയം തുറന്ന് പറഞ്ഞോ… അവർ നോക്കുമ്പോൾ ആതിര ഒറ്റയ്ക്ക് ഇരുന്ന് പിറുപിറുക്കുകയാണ്…

ആതിരയോട് സംസാരിക്കാനായി വൈശാഖ് അവളുടെ അടുത്തേക്ക് നടന്നു…അവൻ ഇടയ്ക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കി..ബാക്കിൽ നിന്ന് അവർ മൂന്നുപേരും അവനെ നോക്കി തമ്പ്സ്‌ അപ്പ് കാണിച്ചു… വൈശാഖ് അടുത്തേക്ക് വരുന്നത് കണ്ട് ആതിര ചാടി എഴുന്നേറ്റു… എന്താ ആതിരാ.. വർക്ക് ഒക്കെ കഴിഞ്ഞോ..? അതാണോ വെറുതെ ഇരിക്കുന്നത്..? നോ സർ…ഞാൻ..ജസ്റ്റ്… വേണ്ട…വേണ്ട…ഇനി കള്ളം ആലോചിക്കണ്ട… ആതിര ഒന്നും മിണ്ടാതെ നിഷ്കളങ്ക ഭാവത്തിൽ നിന്നു.. ഐ ആം സോറീ… ഞാൻ ഇനി അങ്ങനെ വിളിക്കില്ല.. എങ്ങനെ…?? കാലൻ എന്ന്.. വൈശാഖിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… നീ വിളിച്ചോ..എനിക്ക് ഇഷ്ടമാണ് ആ വിളി. ങ്ഹേ… അവൻ പറഞ്ഞത് മാറി പോയതാണോ അതോ അവൾ കേട്ടത് മാറി പോയതാണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ആതിര… ആതിരാ..ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കട്ടെ…സത്യം പറഞ്ഞാൽ കുറച്ചു നാളായി നിന്നോട് ചോദിക്കണം എന്ന് വിചാരിച്ചതാ… എന്താ…?? കാലന്റെ പെണ്ണ് ആയിട്ട് പോരുന്നോ നീ.. വാട്ട്… ഐ ആം സീരിയസ്…ആദർശിനോട് ഞാൻ സംസാരിച്ചു..അവന് എതിർപ്പ് ഒന്നുമില്ല…

നിനക്ക് ഓക്കേയാണെങ്കിൽ ഞാൻ വീട്ടിൽ വന്ന് സംസാരിക്കാം…എന്റെ വീട്ടിൽ ഞാൻ പറഞ്ഞു..അവിടെ എല്ലാം ഓക്കേയാണ്… ആതിര ഒന്നും പറഞ്ഞില്ല…ഗ്ലാസ്സ് ഡോറിന് അപ്പുറം അവരെ നോക്കി നിൽക്കുന്ന മൂന്നുപേരെ അവൾ കണ്ടു..വൈശാഖ് മാത്രമല്ല അവരും തന്റെ മറുപടി അറിയാനുള്ള ആകാംഷയിലാണെന്ന് അവൾക്ക് മനസിലായി… എന്താ ആതിരാ..? തനിക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ…?? എനി അദർ റിലേഷൻ ??? ഇല്ല..അങ്ങനെ ഒന്നുമില്ല… ഓക്കേ..ഫൈൻ.. താൻ ആലോചിച്ചു പറഞ്ഞാൽ മതി… വൈശാഖ് തിരിഞ്ഞു നടന്നു…ആതിര അപ്പോഴും എന്തോ ആലോചനയോടെ നിൽക്കുവായിരുന്നു…പെട്ടെന്ന് അവൾ വൈശാഖിനെ വിളിച്ചു… അതെ..കാലാ..ഒന്ന് നിന്നെ.. ഞാൻ വർക്ക് ഹോളിക്ക് അല്ല…പിന്നെ തീരെ റെസ്പോൺസിബിലിറ്റി ഇല്ല… അപ്പോൾ പിന്നെ നമ്മൾ തമ്മിൽ ചേരുമോ…?? അത് സാരമില്ല….ഈ പറഞ്ഞത് എല്ലാം എനിക്ക് ഇച്ചിരി കൂടുതൽ അല്ലേ.. അപ്പോൾ റ്റാലി ആയിക്കോളും…

അങ്ങനെയെങ്കിൽ ഓക്കേ… രണ്ടുപേരും പരസ്പരം നോക്കി നിന്നു… അവരുടെ ചുണ്ടിൽ അന്നേരം ഒരു പുഞ്ചിരി തത്തി കളിച്ചു…നാണം കലർന്ന പ്രണയത്തിന്റെ പുഞ്ചിരി… വൈശാഖിന്റെ കാര്യം ആദർശ് തന്നെ വീട്ടിൽ അവതരിപ്പിച്ചു…വൈശാഖിനെ അവർക്ക് എല്ലാം നന്നായി അറിയുന്നത് കൊണ്ട് അവരുടെ ഭാഗത്ത് നിന്ന് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല…എങ്കിലും ജാതകങ്ങൾ തമ്മിൽ ചേരണമെന്ന് ആതിരയുടെ വീട്ടുകാർക്ക് നിർബന്ധമായിരുന്നു…വീട്ടിൽ നിന്ന് അമ്മയും അച്ഛനും ജാതക പൊരുത്തം നോക്കാൻ പോയ ദിവസം വൈശാഖും ആതിരയും ഭയങ്കര ടെൻഷനിൽ ആയിരുന്നു..ഒടുവിൽ വീട്ടിൽ നിന്നും ഫോൺ വന്ന് പൊരുത്ത കുറവ് ഒന്നും ഇല്ലായെന്ന് അറിഞ്ഞപ്പോഴാണ് രണ്ടുപേർക്കും സമാധാനമായത്…. എടീ കള്ളി ആതീ…അപ്പോൾ നിനക്ക് എന്റെ വിച്ചേട്ടനേ ഇഷ്ടമായിരുന്നല്ലേ…? അങ്ങനെ ചോദിച്ചാൽ…മോളെ ആനീ… പണ്ടേ ഇങ്ങേര് ഇടയ്ക്ക് ഒക്കെ ചേട്ടനെ കാണാൻ വീട്ടിൽ വരുമായിരുന്നു…

അപ്പോഴേ എനിക്ക് ചെറിയൊരു ക്രഷ് തോന്നിയിരുന്നു…പക്ഷെ ഇയാൾക്ക് ഒടുക്കത്തെ ജാടയായിരുന്നു…പിന്നെ ഇവിടെ വന്നപ്പോൾ ദിവസവും കാണുന്നു വഴക്ക് കേൾക്കുന്നു…ഹാ…എവിടെയോ എന്തോ ഒന്ന് ഉണ്ടായിരുന്നു…കാലൻ ഇങ്ങോട്ട് വന്ന് പ്രപ്പോസ് ചെയ്യുമ്പോൾ ഞാൻ ജാഡ കാണിക്കുന്നത് ശരിയല്ലല്ലോ… സുന്ദരൻ സുമുഖൻ പിന്നെ നീ പറഞ്ഞത് വയ്ച്ച് സൂപ്പർ ഒരു ഫാമിലി…പോരാത്തതിന് നീ എന്റെ നാത്തൂനും കൂടി…പിന്നെ എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും മോളെ… ഹ..ഹ..അത് കൊള്ളാം.. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.. രണ്ടു വീട്ടുകാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതും വരുന്നതും… ജാതകം കൈ മാറുന്നതും…തീയതി നിശ്ചയിക്കലും… വർഷയുടെയും ആദർശിന്റെയും കാര്യം ഉറപ്പിക്കുന്ന കൂട്ടത്തിൽ വൈശാഖിന്റെയും ആതിരയുടെ വിവാഹവും ഉറപ്പിച്ചു… ആദ്യത്തെ കല്ല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം അടുത്ത കല്ല്യാണം… അവരുടെയെല്ലാം ലൈഫ് സെറ്റ് ആയതിൽ ആനിയ്ക്ക് ആയിരുന്നു കൂടുതൽ സന്തോഷം…

പക്ഷെ അപ്പോഴും അവളുടെ ഉള്ളിൽ എബി ഒരു നോവായി അവശേഷിച്ചു….ആതിരയ്ക്കും വർഷയ്ക്കും അത് മനസിലാകുന്നുണ്ടായിരുന്നു… എബിയോട് എല്ലാം പറയുന്ന കൂട്ടത്തിൽ ആനിയുടെ സങ്കടത്തെ പറ്റിയും ആതിര പറഞ്ഞു..എല്ലാം ഉടനെ ശരിയാകും എന്നായിരുന്നു എബിയുടെ മറുപടി… ചൂടൻ വൈശാഖ് ആതിരയുടെ ഒപ്പം ചേർന്നതോടെ ചൂടൻ സ്വഭാവത്തിന് അല്പം മാറ്റം ഒക്കെ വന്നു…പെട്ടെന്ന് ഉള്ള വൈശാഖിന്റെ മാറ്റം ഓഫീസിൽ ഉള്ളവർക്ക് എല്ലാം അത്ഭുതമായിരുന്നു… വിച്ചേട്ടൻ ശരിക്കും എങ്ങനെയാണ് എന്ന് ട്രെയിൻ യാത്രയിലെ ആനിയ്ക്ക് മനസ്സിലായത് കൊണ്ട് അവൾക്ക് അതിൽ വലിയ പുതുമ ഒന്നും തോന്നിയില്ല.. ആദർശിന്റെയും വർഷയുടെയും മാര്യേജ് ഫിക്സ് ചെയ്‌ത വിവരം അവർ ഓഫീസിൽ എല്ലാവരോടും പറഞ്ഞു..പക്ഷെ ആതിരയുടെയും വൈശാഖിന്റെയും കാര്യം അവർ ആരോടും പറഞ്ഞില്ല…കല്ല്യാണം ക്ഷണിക്കുമ്പോൾ മാത്രം എല്ലാവരും അറിഞ്ഞാൽ മതിയെന്നത് ആതിരയുടെ ആഗ്രഹമായിരുന്നു…

വൈശാഖിന് അതിനോട് പ്രത്യേകിച്ച് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല….പലപ്പോഴും ആനിയും വൈശാഖും അടുത്ത് ഇടപെഴകുന്നത് കണ്ട് ഓഫീസിലെ സ്റ്റാഫിനൊക്കെ അവരുടെ കാര്യത്തിൽ ആയിരുന്നു സംശയം…. ഒരു ദിവസം ലഞ്ച് ബ്രേക്കിന് ആതിരയും വൈശാഖും സംസാരിച്ചിരിക്കുവായിരുന്നു.. ആനിയുടെ കാര്യം അവൻ ആതിരയോട് ചോദിച്ചു…ആദ്യം പറയാൻ മടിച്ചെങ്കിലും ആനിയുടെ ലൈഫിലെ പ്രോബ്ലം എല്ലാം സോൾവാക്കണമെന്ന് പറഞ്ഞപ്പോൾ ആതിര അവനോട് എല്ലാം തുറന്ന് പറഞ്ഞു… അപ്പോൾ അതാണ് സംഭവം…. അവന്റെ അപ്പൻ ഇപ്പോൾ എല്ലാം സമ്മതിച്ചല്ലോ പിന്നെ എന്തിനാ ഇനിയും എബി വെയിറ്റ് ചെയ്യുന്നത്…?? ഞാനും ഒരുപാട് വട്ടം ചോദിച്ചു.. ബട്ട് ചേട്ടായി പറഞ്ഞില്ല…ഇനി അവളുടെ അപ്പനും അവളും തമ്മിലുള്ള ഇഷ്യൂ കൂടി സോൾവ് ചെയ്യാനാണോ ചേട്ടായി നോക്കുന്നത് എന്ന് അറിയില്ല… നീ അവനെ ഒന്ന് വിളിച്ചു തരുമോ…? എനിക്ക് എബിയോട് ഒന്ന് സംസാരിക്കണം.. അത് വേണോ…? എനിക്ക് എന്തോ… അത് വേണം… നീ നമ്പർ ഡയൽ ചെയ്ത് താ… വൈശാഖ് ഫോണുമായി വിൻഡോയുടെ അടുത്തേക്ക് മാറി നിന്നു..

അവൻ എബിയോട് സംസാരിക്കുന്ന സമയം ആതിര വിച്ചുവിന്റെ ഫോൺ എടുത്ത് ഗെയിം കളിയ്ക്കാൻ തുടങ്ങി…. ആതിര ഗെയിമിൽ ലയിച്ച് ഇരിക്കുവായിരുന്നു…ആനി അവളുടെ അടുത്ത് വന്നിരുന്നത് ഒന്നും അവൾ അറിഞ്ഞില്ല…വൈശാഖിനെ നോക്കിയപ്പോൾ അവൻ ആരോടോ കാര്യമായ സംസാരത്തിൽ ആണെന്ന് ആനിയ്ക്ക് മനസ്സിലായി… ആതീ… വിച്ചേട്ടൻ ആരോടാ ഈ തകർത്തു കത്തിവയ്ക്കുന്നത്…? അത് എബി ചേട്ടയിയോടാ… ആരോട്..?? ആനി ഒന്നുകൂടി ചോദിച്ചു… ഓഹ്..എബി ചേട്ടായിയോട്… പറഞ്ഞു കഴിഞ്ഞിട്ടാണ് ആരോടാ പറഞ്ഞതെന്ന് ആതിര നോക്കിയത്…. മുന്നിൽ നിറ കണ്ണുകളുമായി ഇരിക്കുന്ന ആനിയെ കണ്ടപ്പോൾ ആതിര നിസ്സഹായതയോടെ വൈശാഖിനെ നോക്കി…അവൻ അപ്പോഴും ഫോണിൽ തന്നെ ആയിരുന്നു…ആതിര വേഗം ഫോൺ മാറ്റി വയ്ച്ചിട്ട് ആനിയുടെ കൈയ്യിൽ പിടിച്ചു…. അത് ആനീ…വേറെ ഒന്നുമല്ല… നീ ഇച്ചായനോട് സംസാരിക്കുമായിരുന്നോ…?? ഞാൻ ഇവിടുന്ന് നാട്ടിൽ പോയത് ഇച്ചായന് അറിയാമോ…??? ഹമ്…അറിയാം… എന്റെ ഇച്ചായന് സുഖമാണോ ആതീ…? ഇച്ചായൻ ഹാപ്പി ആണോ…? എടാ ആനീ ഞാൻ…

അപ്പോഴേക്കും ഫോൺ വിളിച്ചു കഴിഞ്ഞ് വൈശാഖ് അങ്ങോട്ടേക്ക് വന്നു… ആനിയുടെ വിഷമിച്ചുള്ള ഇരിപ്പ് കണ്ട് അവൻ ആതിരയോട് കാര്യം തിരക്കി… ആനീ..നീ ഡെസ്പ് ആകാതെ…നമുക്ക് പിന്നീട് സംസാരിക്കാം…വൈകിട്ട് നമുക്ക് ഒന്ന് പുറത്ത് പോകാം…ഇപ്പോൾ നീ ഒന്നും സംസാരിക്കണ്ട… വൈകുന്നേരം ആനിയുമായി അവർ പോയത് വൈശാഖിന്റെ ഫ്ലാറ്റിലേക്ക് ആയിരുന്നു…അവർക്ക് പുറകെ ആദർശും വർഷയും എത്തി… ഇതെന്താ വിച്ചേട്ടാ ഇവിടെക്ക് വന്നത്…?? ഇവിടെ ആകുമ്പോൾ സമാധാനത്തോടെ സംസാരിക്കാം… ഹമ്…എന്നാൽ ഞാൻ എല്ലാവർക്കും ചായ ഇടാം… എന്റെ പൊന്ന് പെങ്ങളെ അതൊക്കെ ഞാൻ ചെയ്തോളാം…നീ എന്റെ റൂമിൽ പോയി ആ ചാർജർ ഒന്ന് എടുത്ത് കൊണ്ട് വാ… അത് പിന്നീട് എടുത്താൽ പോരെ…?? ആദ്യം ഇവളോട് ഞാൻ എല്ലാം ഒന്ന് പറയട്ടെ…. അത് പിന്നെ പറയാം..എനിക്ക് ചാർജർ ഇപ്പോൾ വേണം… എന്നാൽ ഞാൻ എടുത്തിട്ട് വരാം… വേണ്ട…ആനി എടുത്തിട്ട് വാ… ആനി റൂമിലേക്ക് പോയതും ആതിര വൈശാഖിനെ സംശയത്തോടെ നോക്കി…

എന്തോ കള്ളത്തരം ഉണ്ടല്ലോ…? നമ്മൾ അവളെയും കൊണ്ട് ഇങ്ങോട്ട് വന്നത് എന്തിനാ…?? എന്നിട്ട് ഇപ്പോൾ ചാർജർ ആണോ വലുത്…ഫോണിൽ ചാർജ് ഉള്ളത് ഞാൻ കണ്ടത് ആണല്ലോ… വൈശാഖേട്ടാ നമ്മൾ ഇവിടേക്ക് വന്നത് എബിയുടെ കാര്യം അവളോട് സംസാരിക്കാൻ അല്ലേ…ഇവൾ എബിയെ വിളിച്ചു സംസാരിക്കുമായിരുന്നെന്നും ആനിയുടെ എല്ലാ കാര്യവും എബിക്ക് അറിയാമെന്നുമൊക്കെ അവളോട് പറയണ്ടേ… അതൊക്കെ നമ്മൾ പറയുന്നതിനെക്കാൾ നല്ലത് എബി തന്നെ അവളോട് പറയുന്നത് അല്ലേ… അവരുടെ പ്രശ്നങ്ങൾ അവർ തന്നെ പറഞ്ഞു തീർക്കട്ടെ… അതിന് എബി ഇവിടെ ഇല്ലല്ലോ…?? ഉണ്ടല്ലോ… എന്താ…?? മൂന്ന് പേരും ഒരേ പോലെ ചോദിച്ചു… എബി ആ റൂമിൽ ഉണ്ട്…സംശയം ഉണ്ടെങ്കിൽ വാ കാണിച്ചു തരാം… എബിയെ അവിടെ കണ്ട് ആതിരയും വർഷയും അത്ഭുതപ്പെട്ടു…അതെ പോലെ വണ്ടർ അടിച്ചു നിൽക്കുവാണ് ആനിയും..

അതെ രണ്ടുപേരോടും കൂടി പറയുവാണ്… ദിസ് ഈസ് ദി ലാസ്റ്റ് ചാൻസ്… പറയാൻ ഉള്ളത് ഒക്കെ പറഞ്ഞു തീർത്ത് എന്താന്ന് വയ്ച്ചാ ആയിക്കോ…ഇനി ഇതിന്റെ പേരിൽ രണ്ടും വിഷമിക്കുന്നത് കാണാൻ ഞങ്ങൾക്ക് വയ്യ… ആഹ് പിന്നെ ഈ വാതിൽ അങ്ങ് അടയ്ക്കുവാ…ഞങ്ങൾ ആരും ഒന്നിനും വരുന്നില്ലേ… വൈശാഖ് എബിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഡോർ അടയ്ച്ചു…
എബി ബെഡിൽ ഇരിക്കുവായിരുന്നു…. അവനെ തന്നെ നോക്കിക്കൊണ്ട് അവൾ ടേബിളിൽ ചാരി നിന്നു…. അതെ…എന്തെങ്കിലും പറയാൻ ഉണ്ടോ…? നീ ഭയങ്കര സങ്കടത്തിലാണ്..നിന്നോട് സംസാരിക്കണം ഇതിന് ഒരു അവസാനം ഉണ്ടാക്കണം എന്നൊക്കെ അവർ പറഞ്ഞത് കൊണ്ട് മാത്രം വന്നതാ… എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ… എനിക്ക് സമയം ഇല്ല… ഇച്ചായാ… ഇച്ചായനോ…? ആരുടെ ഇച്ചായൻ..? പ്ലീസ് ഇച്ചായാ..ഇനിയും എന്നോട് ഇങ്ങനെ കാണിക്കല്ലേ… എന്നെ കൊണ്ട് വയ്യ…ഞാനും വരുവാ ഇച്ചായന്റെ ഒപ്പം..എന്നെ കൂടെ കൊണ്ട് പോ… എങ്ങോട്ട് കൊണ്ട് പോകാൻ…?? അവിടെ നിന്റെ ജോസഫ് സാർ ഉണ്ടല്ലോ… അപ്പോൾ നീ സാറിന് കൊടുത്ത വാക്കോ…? സാറിനോട് ഞാൻ പറയാം… ഇനി നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല… അവൾ എബിയുടെ അടുത്ത് ചെന്ന് അവന്റെ കൈയ്യിൽ പിടിച്ച് കരഞ്ഞു…

ആനിയുടെ കരച്ചിൽ കണ്ട് എബിയുടെ ഉള്ളു പിഞ്ഞുവെങ്കിലും അവൻ അവളുടെ കൈ തട്ടി മാറ്റി.. നീ എന്താ ഈ കാണിക്കുന്നത്…? നിന്റെ പുറകെ ഞാൻ കുറെ നടന്നത് അല്ലേ… കെട്ടിയ മിന്നിന് പോലും വില നൽകാതെ നീ എന്നെ വിട്ട് പോയത് അല്ലേ.. ആഹ് കഴിഞ്ഞത് ഒന്നും വീണ്ടും പറയാൻ അല്ല ഞൻ വന്നത്…എന്റെ കല്ല്യാണം ഉറപ്പിച്ചു… ഞാൻ വന്നത് എല്ലാവരെയും ക്ഷണിക്കാൻ കൂടി വേണ്ടിയാ…നീ ആഗ്രഹിച്ചതും അത് തന്നെയാണല്ലോ… ഇല്ല..ഞാൻ… വേറെ വിവാഹം കഴിക്കാൻ ഞാൻ സമ്മതിക്കില്ല… അതിന് നിന്റെ സമ്മതം എനിക്ക് എന്തിനാ…? നീ എന്റെ ആരാ…? ഞാൻ ഇച്ചായന്റെ ഭാര്യ അല്ലേ… ഇച്ചായൻ അല്ലേ എന്റെ കഴുത്തിൽ മിന്ന് ചാർത്തിയത്… ഓഹോ നീ എന്റെ ഭാര്യയാണോ…?? ആണോ…?? ആനി അവിടെ ഇരുന്ന് മുഖം പൊത്തി കരഞ്ഞു…അവൻ കുറച്ചുനേരം അവളെ തന്നെ നോക്കി നിന്നു… ടീ എഴുന്നേൽക്ക്..മതി കരഞ്ഞത്… അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു…

മുഖത്തു നോക്കെടി… നീ വരുന്നോ എന്റെ കൂടെ..എന്റെ പെണ്ണായി… അവൾ വരുന്നെന്ന് തലയാട്ടി… അപ്പോൾ നിന്റെ ജോസഫ് സാറിനോട് എന്ത് പറയും…?? സാർ…. സാറിന്റെ കാലു പിടിക്കാം ഞാൻ… നമുക്ക് ഒന്നും വേണ്ട…. പാറക്കുന്നേൽ തറവാടിന്റെ പണമോ സ്വത്തോ ഒന്നും വേണ്ട…നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം.. ഹാ..നീ പണ്ടേ ഒളിച്ചോട്ടത്തിന്റെ ആള് ആണല്ലോ….?? എന്നിട്ടും നിന്റെ സാർ കൺവിൻസ്‌ ആയില്ലെങ്കിലോ….??? എനിക്ക് അറിയില്ല.. അവൾ വീണ്ടും കരയാൻ തുടങ്ങി… എന്നാലേ ഇനി എന്റെ ആനി മോൾ ജോസഫ് സാറിന്റെ കാൽ പിടിക്കാൻ ഒന്നും പോകണ്ട…എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് അപ്പച്ചനാ..നിന്നെയും കൂട്ടി ചെല്ലാൻ… എബി പറഞ്ഞത് ആനിയ്ക്ക് വിശ്വാസമായില്ല… അതെ ടീ…സത്യമാണ്… കഥകൾ ഒരുപാട് ഉണ്ട്..ഇച്ചായൻ സമയം പോലെ എല്ലാം പറഞ്ഞ് തരാം… അവൻ ആനിയുടെ കണ്ണ് തുടയ്ച്ചു കൊടുത്തു..അവൾ സന്തോഷം കൊണ്ട് എബിയെ കെട്ടിപിടിച്ചു…

ഈ സമയം എബി എങ്ങനെ അവിടെ എത്തിയെന്നുള്ള ചോദ്യവുമായി വൈശാഖിന്റെ പുറകെ നടക്കുവാണ് ആതിരയും വർഷയും… എബി ഇന്നലെ ഇവിടെ എത്തിയിരുന്നു.. നിങ്ങളോട് പറയാത്തത് ആണ്..ഇന്ന് വൈകിട്ട് ഓഫിസ് ടൈം കഴിയുമ്പോൾ അവിടേക്ക് വരാൻ ഇരിക്കുവായിരുന്നു അവൻ…ഉച്ചയ്ക്ക് എബിയെ വിളിച്ചപ്പോൾ ഞാനാ പറഞ്ഞത് ഇവിടേയ്ക്ക് വരാൻ.. സംസാരിക്കാൻ പറ്റിയ സ്ഥലം ഇവിടെയുണ്ടെന്ന്.. പക്ഷെ എബിക്ക് എങ്ങനെ വീടിന്റെ കീ കിട്ടി ? അതോ..ഞാൻ ഇടയ്ക്ക് ഒന്ന് പുറത്തു പോയില്ലേ..അത് എബിയെ കാണാൻ വേണ്ടി പോയതാ..അവനെ ഹോട്ടലിൽ നിന്ന് പിക്ക് ചെയ്ത് ഇവിടെ കൊണ്ടാക്കി… ഓഹ്..ഇതൊക്കെ എപ്പോൾ ആയിരുന്നു…? അപ്പോൾ കാലൻ നമ്മൾ വിചാരിച്ച പോലെ അല്ല… വൈശാഖേട്ടാ.. അകത്തു നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ല…രണ്ടും കൂടെ എന്തായോ എന്തോ…?? ശരിയാ..നേരത്തെ ആനിയുടെ കരച്ചിൽ കേട്ടായിരുന്നു..

ഉള്ള പ്രശ്നം സോൾവ് ചെയ്യാൻ വിട്ടാൽ അതിലും വലിയ പ്രശ്നമുണ്ടാക്കിയിട്ട് വരുന്ന സാധങ്ങളാ രണ്ടും…പറയാൻ പറ്റില്ല…നമുക്ക് ഒന്ന് പോയി നോക്കിയാലോ…?? നീ ഒന്ന് മിണ്ടാതിരിക്ക് ആതി.. അതൊക്കെ മോശമാണ്. എന്ത് മോശം ? ഞാൻ നോക്കും.. ചേച്ചി വാ… ആദർശിനെ നോക്കി ചിരിച്ചുകൊണ്ട് വർഷ അവളുടെ ഒപ്പം ചെന്നു..കീ ഹോളിൽ കൂടി ആതിര ഒളിഞ്ഞു നോക്കി… ഒന്നും കാണാൻ പറ്റുന്നില്ല…വെയിറ്റ് ചെയ്യ്…ഞാൻ ഒന്ന് കൂടി നോക്കട്ടെ…. അകത്തെ കാഴ്ച്ച കണ്ട് ആതിര വാ പൊളിച്ചു നിന്നു… എന്താടീ…?? വൈശാഖും ആദർശും ആതിരയുടെ അടുത്തേക്ക് വന്നു… അയ്യോ..എനിക്ക് ഒന്നും കാണാൻ വയ്യേ… അപ്പോൾ എങ്ങനെയാ ആനി മോളെ…?? എന്താ ഇച്ചായാ…? എബി ആനിയെ വയറിലൂടെ ചുറ്റിപ്പിടിച്ച് അവനോട് ചേർത്ത് നിർത്തി…എബിയിൽ നിന്ന് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം…അവനോട് ചേർത്ത് പിടിച്ചപ്പോൾ തന്റെ ശരീരത്തിലൂടെ എന്തോ കടന്ന് പോകുന്ന പോലെ അവൾക്ക് തോന്നി…

അവൾ അവന്റെ കണ്ണിലേക്ക് നോക്കി നിന്നു…എബിയുടെ കണ്ണിലെ കുസൃതി കണ്ട് ആനി വിയർക്കാൻ തുടങ്ങി… എന്താ ഇച്ചായാ…? എന്തിനാ ഇങ്ങനെ…? നീ എന്നെ കുറെ വിഷമിപ്പിച്ചത് അല്ലേ.. അതിന് ഒരു ചെറിയ ശിക്ഷ കൂടിയുണ്ട്… അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു… എന്ത് ശി…. ആനി പറഞ്ഞു പൂർത്തിയാക്കും മുൻപേ എബിയുടെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ പൊതിഞ്ഞിരുന്നു…ആനി അവന്റെ ഷർട്ടിൽ ഇറുക്കി പിടിച്ചു.. പതിയെ പതിയെ ആ പിടി കൂടുതൽ മുറുകി വന്നു…മതി വരാതെ എബി വീണ്ടും വീണ്ടും അവളുടെ ചുണ്ടുകളെ നുകർന്നു..അത് ഒരു ദീർഘ ചുംബനമായി മാറി…ആനിയുടെ കണ്ണിൽ നിന്ന് കണ്ണീർ തുള്ളികൾ ഒഴുകിയിറങ്ങി…എന്നിട്ടും എബി അവളുടെ ചുണ്ടുകളെ മോചിപ്പിച്ചില്ല… കണ്ണീരിന്റെ ഉപ്പ് രസവും കൂടി ആ ചുംബനത്തിൽ ഇട കലർന്നു… ദീർഘമായ ആ ചുംബനത്തിന് ശേഷം എബി പതിയെ ആനിയുടെ ചുണ്ടുകളെ മോചിപ്പിച്ചു..അവന്റെ കണ്ണുകൾ അപ്പോഴും അതെ കുസൃതിയാൽ തിളങ്ങി… ആദ്യ ചുംബനത്തിന്റെ നിർവൃതിയിൽ നാണത്താൽ ചുവന്ന മുഖം അവൾ എബിയുടെ നെഞ്ചിൽ ഒളിപ്പിച്ചു… തുടരും….