22/04/2026

ഋതുനന്ദ : ഭാഗം 08

രചന – ജിഷ

രാവിലെ തന്നെ മാളുവും നവീനേട്ടനും എന്നെ കൂട്ടികൊണ്ടു പോകാനെത്തി……
വേഗം ഇങ്ങോട്ടു വന്നേക്കണം കുറച്ചു ദിവസങ്ങൾ കൂടിയേയുള്ളൂ, കണ്ടു കൊതി തീർന്നില്ല കെട്ടോ നന്ദുട്ടിന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ തലയാട്ടി…..

അവരോടൊപ്പം യാത്ര തിരിക്കുമ്പോൾ മനസ്സ് മുഴുവൻ മറ്റെവിടെയോ ആയിരുന്നു…

നീ ഇന്നലെ ഉറങ്ങിയിട്ടെയില്ലെ നന്ദു ?? ,
മുഖം ഇരിക്കുന്നത് നോക്ക് കരഞ്ഞു വീർത്ത്…
അവളെ നോക്കി ഒന്നു പുഞ്ചിരിച്ച്, കാറിന്റെ പുറകിലെ സീറ്റിലേക്ക് കയറി, അവളും എനിക്കൊപ്പം പുറകിൽ കയറിയിരുന്നു……
ഒഴുകി ഇറങ്ങിയ കണ്ണുനീർ ഇടതു കൈകൊണ്ട് മാളു കാണാതെ തുടച്ചു…

കണ്ണുകൾ പതിയെ അടച്ചു സീറ്റിലേക്ക് ചാരി കിടന്നു..

പതിയെ ഉറക്കം കൺപോളകളെ തഴുകി..

നന്ദു കണ്ണുതുറക്ക്…

നന്ദു….

മാളു വിളിച്ചപ്പോളാണ് ഉണർന്നത്,
കണ്ണ് തുറന്നു മാളൂനെ നോക്കി…
കാർ വഴിയുടെ ഒരറ്റത്ത് ഒതുക്കി ഇട്ടിരിക്കുന്നു.. നവീനേട്ടൻ പുറത്തിറങ്ങി നിൽപ്പുണ്ട്..
എന്തു ഉറക്കമാ ഇത്, നിനക്കൊന്നും കഴിക്കണ്ടേ…

വേണ്ട വിശക്കുന്നില്ല. നിങ്ങളു കഴിച്ചിട്ട് വാ.. ഞാനിവിടെ ഇരുന്നോളാം..
അവസാനം മാളുവിന്റെ നിർബന്ധം കാരണം അവർക്കൊപ്പം എന്തൊക്കെയോ കഴിച്ചെന്നു വരുത്തി തിരികെ കാറിൽ വന്നിരുന്നു……

മനസ്സ് നൂലു പൊട്ടിയ പട്ടം പോലെ ഒഴുകി നടക്കുന്നു, മാളു എന്തൊക്കെയോ പറയുന്നുണ്ട്, ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല,

വെറുതെ പുറത്തേക്ക് നോക്കിയിരുന്നു…

രാത്രിയോടെ ഞങ്ങൾ നവീനേട്ടന്റെ വീട്ടിലെത്തി,

വെളുപ്പിനെ തന്നെ പോകണം, ഇവിടുന്ന് നല്ല ദൂരമുണ്ട് കുർഗിലോട്ട്, നാലു മണിക്കൂർ ഡ്രൈവ് തന്നെ വേണ്ടി വരും…..

മുറിയൊക്കെ നേരത്തെ റെഡിയാക്കി ഇട്ടിരുന്നതുകൊണ്ട് ഞാൻ വന്നതെ കയറി കിടന്നു…

പക്ഷേ മനസ്സു നിറയെ ഋഷിയുടെ ഓർമ്മകളായിരുന്നു…

ഞങ്ങളുടെ ക്ലസ്സിലേക്ക് അവസാനം എത്തിയാ ആളാണ് ഋഷി………
ഋഷിയൊരു ആയുർവേദ ഡോക്ടർ ആണ്…
ആൾക്ക് ആ പ്രൊഫെഷൻ ഒട്ടും ഇഷ്‌ടമില്ല,

ഒരുപാട് തമാശകൾ പറഞ്ഞു ഞങ്ങളെ പൊട്ടിചിരിപ്പിച്ച് ഞങ്ങളിൽ ഒരാളാവാൻ ഋഷിക്ക് അധിക സമയം വേണ്ടി വന്നില്ല……….
ഋഷിക്ക് ചുറ്റും എപ്പോളും പോസിറ്റീവ് എനർജി മാത്രമേ ഉണ്ടായിരുന്നുള്ളു. എത്ര പ്രശ്നമുണ്ടെങ്കിലും ഋഷിയോട് ഒന്ന് മിണ്ടിയാൽ മതി നമ്മൾ ആ പ്രശ്നം മറന്നിരിക്കും ….
എതു കാര്യത്തിനും മുൻപിൽ ഋഷിയുണ്ടാവും , ആർക്ക് പ്രശ്നമുണ്ടായാലും ഋഷി അവിടുണ്ടാകും ആശ്വാസമായി…

പെട്ടെന്ന് എല്ലാവരോടും അടുക്കുമെങ്കിലും പലപ്പോഴും ഋഷിയെ എന്തോ അലട്ടുന്നതായി തോന്നിയിട്ടുണ്ട്… മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റാത്ത സ്വഭാവം..

ഒരുദിവസം ഋഷി ഒരുപാട് ഇമോഷണൽ ആയി, എപ്പോഴും സന്തോഷത്തോടെ കണ്ടിട്ടുള്ള ഋഷിയുടെ ആ ഭാവമാറ്റം ഞങ്ങൾക്കെല്ലാം വളരെ സങ്കടമുണ്ടാക്കി…

ആ ദിവസമാണ് ഋഷി ഞങ്ങളുടെ അടുത്ത് മനസ്സ് തുറന്നത് , ഫാഷൻ ഞാനെന്റെ നെഞ്ചോട് ചേർത്തു കൊണ്ടുനടന്ന സ്വപ്നമാണ്… നിങ്ങൾക്ക് അറിയുമോ , അച്ഛന്റെ പിടിവാശി കാരണമാ എനിക്കന്നത് ഉപേക്ഷിക്കേണ്ടിവന്നത്.. അച്ഛനെന്നെ പിടിച്ച പിടിയാൽ എൻട്രൻസ് എഴുതിപ്പിച്ചു….
എങ്കിലും എൻട്രൻസിൽ മെഡിസിന്
അഡ്മിഷൻ കിട്ടാഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചതാണ്. പക്ഷേ എന്നെ ഒരു ഡോക്ടറായി കണ്ടേ അടങ്ങുവെന്നുള്ള അച്ഛന്റെ വാശി എന്നെയൊരു ആയുർവേദ ഡോക്ടർ ആക്കി…

ഞാൻ എല്ലാം കേട്ട് ഋഷിയെ നോക്കി നിന്നു,നിഷ്കളങ്കമായ ആ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ആ നിമിഷം മുതലാണ്, !!!

തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങളുടെ സൗഹൃദം പടർന്നു പന്തലിച്ചു…

ഒരിക്കലും പ്രണയിക്കില്ല എന്നു ഉറപ്പിച്ച എന്റെ മനസ്സിലേക്ക് ഒരു കുളിർ മഴയായി ഋഷി പെയ്യ്തിറങ്ങി…….

പിന്നീടുള്ള എന്റെ ദിവസങ്ങൾ ഋഷിക്ക്‌ വേണ്ടി മാത്രമായി…

ഇടക്കിടെ ആരോടും പറയാതെ ഋഷി മുങ്ങും.

ഋഷിയുടെ പറയാതെയുള്ള ആ യാത്രകൾ എന്നെ വട്ടു പിടിപ്പിക്കാൻ തുടങ്ങി……. തിരിച്ചെത്തിയാൽ ഒന്നു രണ്ടു ദിവസത്തേക്ക് വലിയ മിണ്ടാട്ടമൊന്നും ഉണ്ടാവില്ല…

പല പ്രാവിശ്യം ഋഷിയോട് എങ്ങോട്ടാണ്‌ ഈ യാത്രയെന്ന് ഞാൻ ആവർത്തിച്ച് ചോദിച്ചിട്ടുണ്ട് , അതിന്റെ പേരിൽ പിണങ്ങിയിട്ടുണ്ട്…

ഒരു പ്രാവശ്യം പോയിട്ട് ഒരാഴ്ച കഴിഞ്ഞും ഋഷി മടങ്ങി വരാഞ്ഞപ്പോൾ ശരിക്കും മനസ്സ് നൊന്തു .. ഒരുപാട് തവണ ഞങ്ങൾ മാറി മാറി ഋഷിയെ വിളിച്ചു.. പക്ഷേ ഋഷി ഫോൺ പോലും എടുത്തില്ല……

ആ ദിവസങ്ങളിൽ എനിക്ക് മനസ്സിലായി ഞാൻ എത്രമാത്രം ഋഷിയെ സ്നേഹിക്കുന്നു വെന്ന്..

എന്റെ പ്രണയം കൂട്ടുകാർക്കിടയിൽ ചർച്ചയായി പക്ഷേ ആരും ഋഷിയെ കുറിച്ചു മോശമായി ഒന്നും സംസാരിച്ചില്ല…

രണ്ടാഴ്ചക്ക് ശേഷം ഋഷി എന്നെ വിളിക്കുമ്പോൾ കരയുകയായിരുന്നു ഞാൻ…
എനിക്ക് ഋഷിയെ കാണണം..

എങ്കിൽ താഴെ കോഫി ഷോപ്പിലോട്ട് വാ…

ശരിക്കും !!!

എത്തിയോ എന്ന് ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു…

ഋഷിയെ കണ്ടതിന്റെ ആശ്വാസത്തോടെ ഋഷിക്കൊപ്പം കോഫി ഷോപ്പിൽ ഇരുന്നപ്പോൾ എന്റെ രണ്ടുകണ്ണുകളും നിറഞ്ഞൊഴുകി..

ഋഷി എന്നെ ഇങ്ങനെ ഒഴിവാക്കല്ലേ എനിക്ക് ഋഷിയില്ലതെ വയ്യാ…

അമ്പരപ്പോടെ എന്റെ മുഖത്തേക്ക് നോക്കി ഋഷി!!!

സത്യമാണ് ഋഷി, തന്നെ ഞാൻ എത്രമാത്രം മിസ്സ്‌ ചെയ്യുന്നുന്ന് അറിയാമോ…

എന്റെ കണ്ണുകളിലേക്ക് നോക്കി ഋഷി ചോദിച്ചു …

ശരിക്കും !!

അത്രയ്ക്കിഷ്‌ടമാണോ തനിക്കെന്നെ ???

ഋഷി അങ്ങനെ ചോദിക്കുമ്പോൾ, എന്റെ കണ്ണുകൾ നാണം കൊണ്ടു കൂമ്പി പോയി.. ചുണ്ടുകൾ വിറച്ചു..

“അതെ “ഒരുപാട് ഒരുപാട് ഇഷ്‌ടമാ…

അടുത്ത് ആളുകൾ ഉണ്ടെന്ന് പോലും നോക്കാതെ
“എനിക്കുമിഷ്‌ടമാടി പെണ്ണെ ഒരുപാട്” എന്നും പറഞ്ഞെന്റെ കൈകളിൽ ഋഷി അമർത്തി ചുംബിച്ചപ്പോൾ നാണം കൊണ്ടന്റെ മുഖം ചുവന്നു തുടുത്തു ..

പിന്നീടുള്ള ദിവസങ്ങളിൽ ഋഷി പോയാലും വേഗം തിരികെ എത്തുമായിരുന്നു…

ഒരിക്കൽ ഞാൻ വീണ്ടും ചോദിച്ചു…
എന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലും പ്രശ്നങ്ങൾ ഋഷിയെ അലട്ടുന്നുണ്ടോ?? …..
മറുപടിയെന്നോണം ഋഷിയുടെ കണ്ണുകൾ നിറഞ്ഞു, എന്റെ കൈകൾ കൂട്ടിപിടിച്ച് അതെയെന്ന് തലയാട്ടി…

പറയാൻ പറ്റാത്തത് അല്ലേടാ നന്ദു . പക്ഷേ അതിന് സമയമായിട്ടില്ല, ഒരു ദിവസം ഞാൻ നിന്നെ ഒരു സ്‌ഥലത്ത് കൊണ്ടുപോകും, അന്ന് എല്ലാം പറയാം…

കണ്ണ് ഒക്കെ നിറഞ്ഞല്ലോ….
എന്താ എന്നെ പറ്റിക്കുകയാണോ???
ഇനിയിപ്പം വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടോ?
എന്റെ ചോദ്യം കേട്ട് ഋഷി ചിരിയോടെ എന്റെ ചെവിയിൽ പിടിച്ചു തിരിച്ചു… പോടീ അവിടുന്ന്,

നന്നായി വേദനിച്ചതു കൊണ്ട് ഞാനും മറ്റൊന്നും നോക്കിയില്ല കവിളിൽ നല്ലൊരു കടിയും കൊടുത്ത് ഓടി…

കുറച്ചു മാറിനിന്ന് തിരിഞ്ഞു നോക്കുമ്പോൾ കവിളിൽ കൈ വെച്ച് ചിരിയോടെ എന്നെതന്നെ നോക്കി നില്പുണ്ട്..

ഋഷിയുടെ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യമാണെന്ന് മനസ്സിലായതോടെ
പിന്നീട് ഒരിക്കലും അതിനെ കുറിച്ച് സംസാരിക്കാതിരിക്കാൻ ഞാനും ശ്രമിച്ചു..

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ഞങ്ങളുടെ മുന്നിൽ കൂടി വളരെ വേഗം സഞ്ചരിച്ചു…

കോളജിൽ നിന്ന് നാട്ടിലേക്ക് പോകാൻ ഇനിയും ദിവസങ്ങൾ മാത്രം……
ഋഷിയെ പിരിയുന്നത് ചിന്തിക്കാൻ പോലും ആവാത്ത ദിവസങ്ങൾ…

അങ്ങനെ അവസാനം ഞാനും ഋഷിയും ഒരു തീരുമാനത്തിൽ എത്തി.. രജിസ്റ്റർ മാര്യേജ് ചെയ്യുക. മൂന്നു മാസത്തിനുള്ളിൽ വീട്ടുകാരെ സമ്മതിപ്പിച്ചു കല്യാണം നടത്താം….

ചെറുപ്പത്തിന്റെ രക്തതിളപ്പിൽ ഒന്നും നോക്കാതെ കൂട്ടുകാരുടെ ധൈര്യത്തോടെ രജിസ്റ്റർ മാര്യേജ് ചെയ്യാൻ തീരുമാനിച്ചു…..

ഋഷി തന്നെയാണ് എല്ലാം ചെയ്തത്. പ്രണയം തലയ്ക്കു പിടിച്ചപ്പോൾ വീട്ടിലെ കാര്യങ്ങളൊക്കെ മറന്നു, അച്ഛനെയും അമ്മയെയും, ചേട്ടൻമാരെയും മറന്നു…
വിശ്വസിച്ചു ചേർത്തു പിടിച്ചവൻ ചതിക്കുമെന്ന് കരുതിയില്ല,രജിസ്റ്റർ ചെയ്തു കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാനും മാളുവും നാട്ടിലേക്ക് പോരാൻ തീരുമാനിച്ചു…

ഇതിനിടയിൽ മാളുവിന്റെ മുത്തശ്ശി മരിച്ചു, മാളുവിന് നാട്ടിലേക്ക് നേരത്തെ തന്നെ പോവേണ്ടി വന്നു ….
അവളെ കൊണ്ടു വിടാൻ ഞാനും ഋഷിയും ഒരുമിച്ചാണ് പോയത്…
വണ്ടിയിൽ കയറും മുൻപ് അവളെന്റെ കൈകളിൽ പിടിച്ച് അപ്പുറത്തേക്ക് മാറ്റി നിർത്തി, അതെ നോക്കാനും കാണാനും ആളില്ലെന്ന് കരുതി കുരുത്തക്കേട് ഒന്നും കാണിച്ചെക്കരുത്, കല്യാണം കഴിഞ്ഞിട്ടില്ല,വീട്ടുകാർ അറിയാതെ നടന്ന രജിസ്റ്റർ മാര്യേജ്നെ കല്യാണമായി കൂട്ടുകയും വേണ്ട കെട്ടോ…..

അവൾ പറയുന്നത് കേട്ട് ഒരു കള്ളച്ചിരിയോടെ ഞാൻ ഋഷിയെ നോക്കി. എന്റനോട്ടം കണ്ടിട്ട് എന്നെയും ഋഷിയെയും മാറി മാറി നോക്കി അവൾ…

എടി തക്കാളി നിങ്ങൾ വല്ലതും പ്ലാൻ ചെയ്തിട്ടുണ്ടോന്ന് ഞാൻ ചെറുതായി സംശയിക്കേണ്ടിയിരിക്കുന്നു..

നീ പോടി കുശുമ്പി, ഞാനിപ്പോൾ
mrs ഋഷിയാണെന്ന് പറയുമ്പോൾ എന്റെ കണ്ണുകളിൽ ഋഷിയോടുള്ള സ്നേഹമായിരുന്നു……
ഒരുപാട് സന്തോഷത്തോടെയാണ് അവളെ യാത്രയാക്കി ഋഷിക്കൊപ്പം തിരിച്ചെത്തിയത്…

എത്ര പെട്ടന്നാണ് എന്റെ ജീവിതം മാറി മറിഞ്ഞത്
പെട്ടെന്നൊരു ദിവസം ജീവിതത്തിൽ തനിച്ചായതുപോലെ …..
മറ്റുള്ളവരെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഋഷിയാണ്..
സ്വപ്നങ്ങൾ നേടാൻ കഠിനപ്രയത്നം ചെയ്യാൻ ഒരിക്കലും അവന് മടിയില്ലായിരുന്നു..
എന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചത് തന്നെ ഋഷിയുടെ പിന്തുണയാണ്…
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പാരീസ്, ഫാഷൻ ലോകത്തെ പുതുമകളെ സ്നേഹിക്കുന്ന പുതു തലമുറയ്ക്ക് പാരീസ് നൽകുന്ന അവസരങ്ങൾ ഒരുപാടാണ്………..

പക്ഷേ ആഗ്രഹിച്ചു നേടിയ അവസരങ്ങളൊന്നും എനിക്ക് ആസ്വദിക്കാൻ പറ്റിയില്ല എന്നത് സത്യം……
പാരിസിലേക്കുള്ള എന്റെ പറിച്ചുനടിൽ ഒരു വിധത്തിൽ പറഞ്ഞാൽ പലതിൽ നിന്നുമുള്ള രക്ഷപെടൽ ആയിരുന്നു…

മനസ്സ് വല്ലാതെ ഉലയുന്നു..
മനസ്സിൽ കുഴിച്ചു മൂടിയ ഓർമ്മകൾ മനസ്സിനെ വീണ്ടും കാർന്നു തിന്നു തുടങ്ങി….

വെളുപ്പിനെ യാത്ര തിരിക്കുമ്പോൾ മനസ്സു നിറയെ ഋഷിയെ കാണാൻ ഉള്ള ധൃതിയിരുന്നു…

മാളു ധൈര്യം തന്ന് ഒപ്പമുണ്ടെങ്കിലും മനസ്സിലൂടെ പല ചിന്തകൾ കടന്നുപോയി…

ഒരുപക്ഷേ മാളു പറഞ്ഞതു പോലെ ഋഷിക്കിപ്പോൾ മറ്റൊരു അവകാശി ഉണ്ടെങ്കിൽ…

കണ്ണുകൾ ഇറുകെ അടച്ചിരുന്നു, ഒരിക്കലുമില്ല.. ഋഷിക്ക് എന്നെ മറക്കാനാകില്ല ഒരിക്കലും.എന്റെ സ്‌ഥാനത്തു മറ്റൊരാളെ കാണാൻ ഋഷിക്കൊരിക്കലും സാധിക്കില്ല എനിക്കുറപ്പുണ്ട്.. അത്രയ്ക്ക് എന്നെ സ്നേഹിച്ചിട്ടുണ്ട്..

പുറത്തു മഴ പെയ്യാൻ തുടങ്ങി.. .
കാറിന്റെ ഗ്ലാസ്സിലേക്ക് വെള്ളത്തുള്ളികൾ തെറിച്ചു വീഴാൻ തുടങ്ങി..

ഋഷി എന്നെ എത്ര സ്നേഹിക്കുന്നുണ്ട് നീ??

എന്റെ ചോദ്യം കേട്ടാണ് ഋഷി എന്നെ നോക്കിയത്
പുറത്തു പെയ്യുന്ന മഴയിൽ ചിന്നി തെറിക്കുന്ന മഴത്തുള്ളികളെ നോക്കി ഈ മഴയോളം എന്ന് പറയുമ്പോഴത്തേക്കും ഋഷി എന്നെ വലിച്ചു ചേർത്തിരുന്നു ആ ഉടലിലേക്ക്…

മഴയോളമോ?? ഇതെന്തു ഉത്തരമാണ്….

അതെന്താ മഴ നിനക്കിഷ്‌ടമല്ലേ?
മ്മ് മം…. ഇഷ്‌ടമാണ്‌ ഒരുപാട്, പക്ഷേ മഴ ഇടക്കിടെ തോരില്ലേ…

മഴയോടുള്ള സ്നേഹമാണ് പെണ്ണെ എനിക്കു നിന്നോട്…
പെയ്തു തോർന്നാലും വീണ്ടും വീണ്ടും നമ്മൾ പ്രതീക്ഷയോടെ അതിലേറെ ഇഷ്‌ടത്തോടെ കാത്തിരിക്കില്ലേ..

അതൊക്കെ ശരിയാ, എങ്കിലും !!
എനിക്ക് ഇടതടവില്ലാതുള്ള സ്നേഹമാണ് വേണ്ടത്…

ഒരെങ്കിലും ഇല്ല, ഋഷി മൊബൈലിൽ പാട്ട് പ്ലേ ചെയ്ത് ഒപ്പം പാടാൻ തുടങ്ങി…

ജൂണിലെ നിലാമഴയിൽ നാണമായി നനഞ്ഞവളെ………
ഒരു ലോലമാം നറുതുള്ളിയായി……..
ഒരു ലോലമാം നറുതുള്ളിയായി………
നിന്റെ നെറുകയിലൊഴുകുന്നതെൻ ഹൃദയം……..

ഋഷിയെന്നെ ആ നെഞ്ചിലേക്ക് ചേർത്തമർത്തി, ഋഷിയെന്നെ ഇറുകെ പുണരുമ്പോൾ ഞാനാ നെഞ്ചിൽ പറ്റിച്ചേർന്നു ..

ഇടക്കെപ്പോഴോ എന്റെ മിഴികൾ നിറഞ്ഞു.. ഋഷിക്ക് മനസ്സിലായി ഞാൻ കരയുവാണെന്ന്, ഋഷി പതുക്കെ എന്നെയാ നെഞ്ചിൽ നിന്ന് അടർത്തിമാറ്റി.. എന്റെ കണ്ണുനീർ തുടച്ചെന്റെ നെറുകയിൽ ചുംബിച്ചു….

എന്താ നന്ദു…

എനിക്ക് പേടിയാ ഋഷി, ഋഷിയെ എനിക്ക് നഷ്‌ടപ്പെടുമോന്ന്…. എന്നെ ഉപേക്ഷിച്ചു പോകുമോ ഋഷി…..

വട്ടായോ എന്റെ പെണ്ണിന്…..

വീട്ടിൽ പറഞ്ഞാൽ നൂറു വട്ടം നമ്മുടെ കല്യാണത്തിന് സമ്മതിക്കുമെന്ന് അറിഞ്ഞിട്ടും അതിനു മുൻപേ നിന്നെ സ്വന്തമാക്കിയത് ഉപേക്ഷിക്കാൻ ആണോ നന്ദു..
ഞാനൊരു ചതിയാനന്നെന്ന് തോന്നുന്നുണ്ടോ നിനക്ക് ???
ഒന്നും മിണ്ടാതെ ആ നെഞ്ചിലേക്ക് മുഖം അമർത്തി…

എന്റെ പ്രാണനാണ് നീ…..
എനിക്ക് ജീവനുള്ളടത്തോളം നീ എന്റെ മാത്രമാണ് നന്ദു…

പിൻ കഴുത്തിലൂടെ കൈചുറ്റി എന്നെ ഋഷി മുഖത്തിനടുത്തേക്ക് ചേർത്തു പിടിച്ചു…

ഇനിയുമി കഴുത്തിലൊരു മിന്നിന്റെ കുറവ് മാത്രമേയുള്ളൂ…

ഞാനറിയുന്നുണ്ടായിരുന്നു ഋഷിയുടെ ചുണ്ടുകൾ എന്റെ കഴുത്തിലമരുന്നത്, ഋഷിയെന്നെ കൈകളാൽ ചുറ്റി വരിഞ്ഞു ചേർത്തു നിർത്തുമ്പോൾ, നാണത്തോടെ മെല്ലെ ഞാൻ മുഖം താഴ്ത്തി..

ഋഷിയുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് ചേർത്തു ചുംബിക്കുമ്പോൾ, പുറത്തെ തണുപ്പിലും എന്റെ ദേഹം ചുട്ടു പൊള്ളുന്നുണ്ടായിരുന്നു….

ആ രാത്രി ഞാനെന്റെ മനസ്സും ശരീരവും ഒരുപോലെ ഋഷിക്ക്‌ സമർപ്പിച്ച് പുറത്തെ മഴയിൽ അലിഞ്ഞു ചേരുമ്പോൾ എനിക്കറിയില്ലായിരുന്നു മുന്നോട്ടുള്ള ജീവിതത്തിൽ ഞാനൊറ്റയ്ക്ക് അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികൾ….

പിറ്റേ ദിവസം ഋഷിക്കൊപ്പം പോയി മാലയും അതിൽ കൊരുത്തൊരു താലിയും വാങ്ങി…. ഋഷിയുടെ കൈയിൽ പിടിച്ചു ഞാനതെന്റെ കഴുത്തിലിട്ട് തരാൻ ആവശ്യപ്പെട്ടു…

ഋഷിയെന്നെ നോക്കി..

എന്റെ നന്ദു ഇത് നീ കൈയിൽ വയ്ക്കിപ്പോൾ !!

ഞാൻ പെണ്ണ് ചോദിച്ചുനിന്റെ വീട്ടിൽ വരുന്ന ദിവസം ആരും കാണാതെ തിരികെ തന്നാ മതി,

ഈ മണ്ടുസിന്റെ ഒരുകാര്യം …

ഋഷിയുടെ പറച്ചിൽ കേട്ട് ഞാൻ വീണ്ടും ചോദിച്ചു.. അപ്പോളിതെന്റെ കഴുത്തിൽ ഇട്ട് താരനല്ലേ വാങ്ങിയേ .????ഇന്നലെ പറഞ്ഞതോ, താലിടെ കുറവുടെയെ ഉള്ളെന്ന്..

എടി മണ്ടുസേ, നമ്മുടെ കല്യാണം കഴിഞ്ഞത് നമ്മുടെ സുഹൃത്തുകൾക്ക് മാത്രമല്ലെ അറിയൂ..

ഇതുമിട്ട് നീ ഇപ്പോൾ വീട്ടിലോട്ട് കയറി ചെന്നാൽ എല്ലാരും കൂടി നിന്നെ കൊല്ലും…

അതുകൊണ്ട് ഇപ്പോളിത് ഇടണ്ട, ഞാൻ എന്റെ അമ്മയെ കൂട്ടി വരും.. ഈ മണ്ടുസിനെ ഔപചാരികമായി പെണ്ണുകാണാൻ, കെട്ടോ.. സമയം ആകുമ്പോൾ ഒരു നുള്ള് സിന്ദൂരം ആ നെറുകയിൽ ചാർത്തി, മിന്നും കെട്ടി ഒന്നുടെ സുന്ദരിയാക്കിക്കോളാം എന്റെ പെണ്ണിനെ…..

എന്റെ തലയിലൊരു കിഴുക്ക് തന്ന് എന്നോട് അത് പറയുമ്പോൾ എന്റെ കണ്ണുകൾ കലങ്ങിയിരുന്നു..

ഒരുപക്ഷേ എന്റെ വീട്ടിൽ സമ്മതിച്ചില്ലങ്കിലോ ???

ദാ കിടക്കുന്നു, അത് അപ്പോൾ നോക്കാം എന്റെ ഭാര്യയെ !!!!സമ്മതിച്ചാലും ഇല്ലേലും നി ഇപ്പോൾ എന്റെ സ്വന്തമാണ്. ഇനിയെന്നും അങ്ങനെ തന്നെ ആവും..

നീ ഇപ്പോൾ ഹാപ്പിയായി നാട്ടിൽ പോയിട്ടു വാ…

അന്നാണ് അവസാനമായി ഋഷിയെന്നോട് സംസാരിച്ചത്….

ഒരു ഫോൺ വിളി പോലുമില്ലാത്ത രണ്ടു മാസങ്ങൾ… ഒരുപാട് അന്വേഷിച്ചു, ഋഷിയെ അറിയുന്ന എല്ലാവരോടും ചോദിച്ചു…
പ്രാണനു തുല്യം സ്നേഹിച്ചവന്റെ അഡ്രെസ്സ് പോലും അറിയാത്ത മറ്റൊരു പൊട്ടി പെണ്ണ് ..
എന്നോടുതന്നെ വെറുപ്പ് തോന്നി..

വീണ്ടും ഞാൻ ഋഷിയെ കാണുന്നത് രണ്ടു മാസങ്ങൾക്ക് ശേഷമാണ്, പക്ഷേ അന്ന് ഋഷിയെന്നെ കണ്ടിരുന്നില്ല..

,മാളുവിനൊപ്പം എന്തോ വാങ്ങാൻ വന്നതാണ് ഞാൻ, ഞാനവിടെ റൂമിൽ ഇരുന്നോളാമെന്ന് മാളുവിനോട് പറഞ്ഞതാണ്, എന്നെ റൂമിലിരുത്തി ഒറ്റയ്ക്ക് പോരാൻ മാളുന് വിഷമം, ഒറ്റക്കിരുന്ന് ആലോചിച്ചു കൂട്ടി ഞാൻ എന്തെങ്കിലും വരുത്തിവയ്ക്കുമത്രേ…

വെറുതെ അവളുടെ കൂടെ ഓരോ കടയിലും കയറി ഇറങ്ങി, വെറുതെ നടന്നു, ഷോപ്പിംഗ് മാളിന്റെ മുകളിലെ നിലയിൽ നിന്ന് താഴേക്ക് വെറുതെ നോക്കിയതാണ് ഞാൻ, താഴത്തെ ഫ്ലോറിൽ കൂടി നടന്നു പോകുന്നു ഋഷി!!!!

ഋഷിയെന്ന് ഉറക്കെ വിളിച്ച് ഒരു ഭ്രാന്തിയെ പോലെ ആളുകൾക്കിടയിലൂടെ ഞാൻ ഓടി…

ആളുകളൊക്കെ എന്നെ നോക്കുന്നുണ്ട്, പക്ഷേ എന്റെ ചുറ്റിലും മറ്റൊന്നുമില്ലായിരുന്നു ഋഷി മാത്രം…

ഓടി ഇറങ്ങാൻ ശ്രമിച്ച ഞാൻ എസ്കലേറ്ററിന്റെ മുകളിൽ നിന്ന് താഴേക്ക് വീണു…

ഋഷിയെന്ന് അലറി വിളിച്ചു താഴേക്ക് പതിച്ചു…

നന്ദു.. എന്ന് ഉറക്കെ വിളിക്കുന്ന മാളൂന്റെ ശബ്ദം കേൾക്കുന്നുന്നുണ്ട്..

കണ്ണു തുറക്ക് നന്ദു…. മാളു നിലവിളിക്കുന്നുണ്ട്..
ആരൊക്കെയോ ഓടി അടുത്തു വരുന്ന ശബ്‌ദം.. ഋഷി എന്നെനിക്ക് ഉറക്കെ വിളിക്കണമെന്നുണ്ട് പക്ഷേ ശബ്‌ദം പുറത്തേക്ക് വരുന്നില്ല..

വീണ്ടും മാളുവിന്റെ ശബ്ദമാണ്, അവളെന്നെ കുലുക്കി വിളിക്കുവാണ്.

നന്ദു കണ്ണുതുറക്ക്…

നന്ദു…..
എഴുനേൽക്കേടാ സ്‌ഥലമെത്തി…

കണ്ണു തുറന്നപ്പോൾ ഞാൻ കണ്ടത് “സ്നേഹമയി”
എന്ന ബോർഡ് ആണ്…
കാർ പതുക്കെ അകത്തേക്ക് പ്രവേശിച്ചു…
വൃത്തിയായി പരിപാലിച്ചിരിക്കുന്ന പൂന്തോട്ടത്തിന്റെ നടുവിൽ കൂടി കാർ പോർച്ചിൽ വന്നു നിന്നു…

കാറിൽ നിന്നിറങ്ങി അകത്തേക്ക് നടക്കുന്ന നവീനേട്ടനൊപ്പം, മാളുവിന്റെ കൈ പിടിച്ചു ഞാനും നടന്നു…
ഓരോ കാൽ വെപ്പിലും ഹൃദയത്തിന്റെ താളം ദ്രുതഗതിയിലായി …
കണ്ണുകളാൽ ചുറ്റും പരതിയത് എനിക്കേറ്റവും പ്രിയപ്പെട്ട ആ കണ്ണുകൾ ആയിരുന്നു,

റിസപ്ഷനിൽ പോയി നവീനേട്ടൻ ഋഷിയെ കുറച്ച് അന്വേഷിച്ചു…….

പുറത്തേക്ക് പോയതാണ്, തിരിച്ച് എപ്പോൾ വരുമെന്ന് അറിയില്ല, ചിലപ്പോൾ വന്നില്ലെന്നും ഇരിക്കും… റിസപ്ഷനിൽ ഇരിക്കുന്ന കുട്ടി അത് പറഞ്ഞപ്പോൾ എന്തു വേണമെന്ന് മാളുവിനോട് നവീനേട്ടൻ ചോദിച്ചു..
മാളു ചോദ്യ രൂപേണ എന്നെ നോക്കി.. ഋഷിയെ കാണാതെ ഇനിയും എങ്ങോട്ടും വരില്ലെന്ന് പറഞ്ഞ് അവിടെയുള്ളോരു കസേരയിലേക്ക് ഞാനിരുന്നു….

എത്ര താമസിച്ചാലും കണ്ടിട്ട് പോവാം നവീനേട്ടാ അവൾ അത്രയ്ക്ക് ആഗ്രഹിച്ചു വന്നതല്ലേ…

ആലോചനകൾ മനസ്സിനെ വരിഞ്ഞു മുറുക്കി, അപ്പോളാണ് ഞങ്ങളുടെ അടുത്തൂടെ രണ്ടു വശത്തോട്ടും മുടി പിന്നിയിട്ട ഒരു കുഞ്ഞു സുന്ദരിക്കുട്ടി കയറി വന്നത്…

നോട്ടം അവളിലേക്കായി !!!

വന്നതും അവൾ റിസ്പ്ഷനിലെ ചേച്ചിയെ ചിരിച്ചു കാണിച്ച് അവർക്കരികിലേക്ക് പോയി ..

റിസെപ്ഷനയിൽ നിന്ന പെൺകുട്ടി അവളെ അരുമയായി തലോടി,എന്നിട്ടവളോട് പറഞ്ഞു
മീനുട്ടി അച്ഛൻ കുറെ നേരമായിട്ട് നോക്കിയിരിക്കുവായിരുന്നു,മീനുട്ടി എന്താ താമസിച്ചേ??കുറച്ചു മുൻപേ പുറത്തേക്ക് പോയി ..
ഇപ്പോൾ വരും മോളവിടെ പോയി ഇരുന്നോ ട്ടോ !!!

“മീനു” ആ പേരാണ് അവളെ പിന്നെയും നോക്കാൻ എന്നെ പ്രേരിപ്പിച്ചത്..

എന്റെ ഓപ്പയുടെ പേര്…

നല്ലൊരു സുന്ദരി കുട്ടി, അവൾ എന്റെ കസേരയുടെ അടുത്തു വന്നിരുന്നു, അവളെന്നെ നോക്കിയൊരു പുഞ്ചിരിയോടെ അവിടെയിരുന്ന ഒരു പൂവിന്റെ ചിത്രമെടുത്ത് കളർ ചെയ്യാൻ തുടങ്ങി….

അവളെ നോക്കി ഞങ്ങളുമിരുന്നു, പുറത്തൊരു കാർ വന്നു നിന്നത് അപ്പോളാണ് …

പെട്ടെന്ന് ആ കുഞ്ഞിക്കണ്ണുകൾ തിളങ്ങി..
വേഗം എഴുന്നേറ്റവൾ ആ കാറിനടുത്തേക്ക്
അച്ഛേന്ന് വിളിച്ചോടിയപ്പോൾ കൗതുകത്തോടെ ഞങ്ങളുടെ കണ്ണുകളും അവൾക്കൊപ്പമെത്തി ആ കാറിനടുത്തേക്ക്…

പക്ഷേ കാറിൽ നിന്നിറങ്ങുന്ന ആളെ കണ്ട് അവളോടൊപ്പം ഓടാൻ എന്റെ കാലുകളും മുന്നോട്ട് കുതിച്ചു……

തുടരും…….