17/04/2026

ഋതുനന്ദ : ഭാഗം 07

രചന – ജിഷ

രാവിലെ എഴുന്നേറ്റ് അടുക്കളയിൽ എത്തിയപ്പോൾ അമ്മ നല്ല ചൂടുള്ള ഇലയപ്പം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു…. കുറച്ച് കട്ടൻകാപ്പി എടുത്ത് കുടിച്ചു കൊണ്ട് പാതകത്തിന്റെ പൊക്കത്തിൽ കയറിയിരുന്നു… അമ്മാമ അടുക്കളയിൽ ഇരുന്ന് അരിയിലെ നെല്ലും പതിരും വേർതിരിക്കുന്നു.. നന്ദുട്ടി ഈ വട്ടം ഇങ്ങനെ പോകട്ടെ. ഇനി ഇങ്ങോട്ടു നിർത്തി പോര് കെട്ടോ.. മതി വല്ലയിടത്തും പോയി തനിയെ യുള്ള ജീവിതം…… അമ്മ അതു പറഞ്ഞപ്പോൾ അമ്മാമ ഏറ്റു പിടിച്ചു..” അതു ശരിയാ നന്ദുട്ടിയെ ” “പോ അമ്മേ ” ഞാൻ തന്നെയാണോ അവിടെ?? അമലയില്ലെ…. അതൊക്കെ ശരിയാ !!! എന്നാലും വേണ്ട, നിന്നെ നല്ലൊരു ചെറുപ്പക്കാരന്റെ കൈയിൽ പിടിച്ചു കൊടുത്താലേ എനിക്കും അച്ഛനും സമാധാനം കിട്ടൂ.. ഇനി ഈ വയസ്സാം കാലത്ത് നിന്റെ കാര്യം ഓർത്ത് പ്രയാസപ്പെടാൻ വയ്യാ…. “അയ്യോടാ” എന്ന് വെച്ചാൽ അമ്മയ്ക്ക് എത്ര വയസ്സായി, പല്ലൊക്കെ പോയി കിളവിയായോ !!! എന്റെ അമ്മമേ കണ്ടു പഠിക്ക് പതിനാറിന്റെ ഉഷാറോടെ ഇപ്പോഴും ചുള്ളത്തിയായി ഇരിക്കുന്നത് കണ്ടോ… എന്റെ പറച്ചിൽ കേട്ട് അമ്മാമ പല്ല് ഇല്ലാത്ത മോണ കാട്ടി കുടുകുടെ ചിരിച്ചു…

ഇനിയിപ്പോ അമ്മാമ പറഞ്ഞ പോലെ നിന്റെ മനസ്സിൽ ആരേലും ഉണ്ടോ.. എന്നതാണേലും സാരമില്ല ഇനിയും ഒരുവട്ടം കൂടി എനിക്ക് തീ തിന്നാൻ വയ്യാ.. എന്താണെന്ന് വെച്ചാൽ പറഞ്ഞോളൂ നന്ദുട്ടി !! അച്ഛനോടും ബാലനോടും ഞാൻ സംസാരിച്ചോളാം… “ഒന്നു പോ അമ്മേ” ഈ അമ്മേടെ ഒരു കാര്യം ഞാൻ പോവാ,. കുറച്ചു നേരം അടുത്തോട്ട് വന്നിരുന്നാൽ അപ്പോൾ തുടങ്ങും…. “അതെ എന്തേലും പറയുമ്പം ഉള്ള നിന്റെ അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടി, ഇതാ എനിക്ക് ദേഷ്യം വരുന്നേ” വലുതായന്നെന്നും നോക്കില്ല, തവികണ കൊണ്ട് തരും ഞാൻ നല്ലത് പറഞ്ഞേക്കാം… !!!! അതെങ്ങനാ എന്റെ വേദന നിനക്ക് മനസ്സിലാവില്ലലോ മോളെ, അതു മനസ്സിലാവണമെങ്കിൽ നീയും ഒരമ്മയാകണം… മ്മ് മം………. എന്ന് മൂളി കൊണ്ട് അടുക്കളയിൽ നിന്ന് മുങ്ങുമ്പോൾ അമ്മാമയോട് അമ്മ ചോദിക്കുന്നത് കേട്ടു…. “അമ്മയോട് അവളു വല്ലതും പറഞ്ഞോ ” ഇല്ല ലക്ഷ്മിയെ, പക്ഷേ അവളു വേറെയൊരു കാര്യം എന്നോട് പറഞ്ഞു……

പോകുന്നതിന് മുൻപ് അവളുടെ ഏട്ടൻ എവിടെയുണ്ടേലും കണ്ടു പിടിച്ച്‌ ഇവിടെഎത്തിക്കുമെന്ന് !!!!! മ്മ് മം…. പിന്നെ അമ്മയുടെ അനക്കം ഒന്നും കേട്ടില്ല… ഞാൻ കാപ്പിയും കൊണ്ട് യെദുവേട്ടന്റെ അരികിലെത്തി.. എന്നെ കണ്ടപ്പോൾ ഏട്ടൻ പത്രത്തിൽ നിന്ന് തലപൊക്കി , നന്ദുട്ടി വേഗം റെഡിയായിട്ടു വാ. നമ്മുക്ക് ഒരു സ്‌ഥലം വരെ പോകാം… ഞാൻ ചോദ്യഭാവത്തിൽ ഏട്ടനെ നോക്കി.. നന്ദു കുഞ്ഞുങ്ങളെ കാണാൻ തോന്നുവാ, തന്നെ കേറി ചെല്ലാനൊരു ചമ്മൽ നീ കൂടി വാ എനിക്കൊരു ധൈര്യത്തിന്… ആദ്യം എനിക്കിച്ചിരി മടി തോന്നിയെങ്കിലും ഏട്ടന്റെ മുഖം കണ്ടപ്പോൾ വേഗം പോയി ഒരുങ്ങി വന്നു.. നീതുയേച്ചിയുടെ വീട്ടിൽ പോയി മടങ്ങി വരും വഴി മാളുവിന്റെ വീട്ടിൽ കയറി…… തിരികെ പോരും വഴി ഏട്ടനെനിക്ക് ഒരു സാരി വാങ്ങി തന്നു മാളുവിന്റെ കല്യാണത്തിന് ഉടുക്കാൻ… തിരികെയെത്തി സാരി എല്ലാവരെയും കാണിക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമായിരുന്നു…

കുറെ നാളുകൾക്ക് ശേഷമാണ് ഏട്ടൻ എനിക്കൊരു സമ്മാനം തരുന്നത്, അതും എനിക്കേറ്റവും പ്രിയപ്പെട്ട വയലറ്റ് നിറത്തിൽ നിറയെ മുത്തുകൾ പിടിപ്പിച്ചത് … കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഏട്ടൻ നീതുയേച്ചിയെയും മക്കളെയും കൂട്ടി തിരുവനന്തപുരത്തേക്ക് തിരികെ പോയി… അങ്ങനെ മാളുവിന്റെ കല്യാണ തലേന്നായി, ഞങ്ങളുടെ ഗാങ് മുഴുവൻ ഉണ്ട്, അമല മാത്രം ഇല്ല, അവൾക്ക് അവധിയില്ല, കോളേജിൽ നിന്ന് പോയതിൽ പിന്നെ ഫോൺ വിളിയൊക്കെ ഉണ്ടെങ്കിലും പലരെയും നേരിട്ട് കാണുന്നത് ഇന്നാണ്….. മാളുവിന്റെ കല്യാണത്തിന്റെ അന്നും മാളുവിനൊപ്പം തന്നെയായിരുന്നു ഞാൻ…. ഇടക്കെപ്പോഴോ പരിചിതമായ ഒരു മുഖം എന്റെ കണ്ണുകൾക്ക്‌ മുൻപിലെത്തി… “പലവട്ടം ആലോചിച്ചു നോക്കി ഓർമ്മ കിട്ടിന്നുന്നില്ല, പക്ഷേ മനസ്സിലെവിടെയോ ആ മുഖമുണ്ട് ” വീണ്ടും വീണ്ടും എന്റെ നോട്ടം കണ്ടിട്ടാവാം പുള്ളിക്കാരൻ എന്നെ ശ്രദ്ധിച്ചു നോക്കിയത്… ദേവട്ടെന്റെപ്പം ആണല്ലോന്ന് ഓർത്തെടുത്ത് ഓടി വന്നപ്പോഴേക്കും അയാൾ അവിടെനിന്നും അപ്രത്യക്ഷനായിരുന്നു…… മാളുവിന്റെ കല്യാണം കഴിഞ്ഞ് പോരും വഴി മുഴുവൻ അതു മാത്രമായി ചിന്ത…

വീട്ടിലെത്തിയതും ഞാൻ ഏട്ടന്റെ മുറിയിലെത്തി . അലമാരയിൽ സൂക്ഷിച്ചിരുന്ന പഴയ ആൽബത്തിലെ ഫോട്ടോകൾ ഓരോന്നായി പരിശോധിച്ചു… ഏട്ടന്റെ തോളിൽ കൈയിട്ടു നിൽക്കുന്ന ആ രൂപത്തിലെന്റെ കണ്ണു ഉടക്കി… അതെ മനേജേട്ടൻ പലവട്ടം ഇവിടെ വന്നിട്ടുണ്ട്, തനിച്ചും ഏട്ടന്റെ ഒപ്പവും.. കുറച്ചുകൂടെ തടി വെച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ വേറെ ഒരു മാറ്റവുമില്ല… അപ്പോൾ മനോജേട്ടന് എന്നെ മനസ്സിലായി കാണും അതാണ് എനിക്ക് പിടി തരാതെ പോയത്… ഏട്ടൻ എവിടെയാണെന്ന് ഒരുപക്ഷേ ആൾക്ക് അറിയാമായിരിക്കും, എന്റെ ചോദ്യങ്ങൾ ഭയന്ന് ആവും ആൾ രക്ഷപെട്ടിട്ടുണ്ടാവുക.. എങ്ങനെ കണ്ടുപിടിക്കും… മനസ്സ് കലങ്ങി മറിഞ്ഞു… കുളിയൊക്കെ കഴിഞ്ഞ് പതുക്കെ മാളുവിനെ വിളിച്ചു പക്ഷേ അവൾ ഫോൺ എടുത്തില്ല… “യെദുവേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ ഏട്ടനാണ് പറഞ്ഞത് കല്യാണത്തിന് എടുത്ത ഫോട്ടോസ് പരിശോധിക്കാൻ ” അത് കേട്ടപ്പോൾ മനസ്സിനൊരാശ്വാസം തോന്നി……..

എന്താണേലും കല്യാണത്തിന് വരണമെങ്കിൽ, മാളുവിന്റെയോ നവീനേട്ടന്റെയോ ബന്ധു ആയിരിക്കും.. ആ രാത്രി എങ്ങനെയെങ്കിലുമൊന്ന് നേരം വെളിപ്പിച്ചാ മതിയെന്നായി… ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. അവസാനം അമ്മാമയ്ക്ക് ഒപ്പം പോയി കിടന്നു ഞാൻ… രാവിലെ തന്നെ മാളു തിരികെ വിളിച്ചു… നന്ദു നീ ഇന്നലെ വിളിച്ചത് ഞാൻ കണ്ടില്ലടാ അതാ ഫോൺ എടുക്കാൻ പറ്റാഞ്ഞത്, പിന്നെ റിസപ്ഷൻ, അതിന്റെ തിരക്ക് ആകെ മൊത്തം ക്ഷീണമായി പോയി…. നീ എന്താ വേഗം പോയെ ? അത് പറയാനാ മാളു നിന്നെ ഞാൻ ഇന്നലെ വിളിച്ചെ.. നിന്റെ കല്യാണത്തിന് വന്നവരുടെ കൂട്ടത്തിൽ ദേവേട്ടന്റെ ഒരു ഫ്രണ്ടിനെ കണ്ടു.. പലവട്ടം എന്റെ കണ്ണ് അകലത്തിൽ ആളുണ്ടായിരുന്നു… പക്ഷേങ്കിൽ ഞാൻ ആളെ മനസ്സിലാക്കി അടുത്തു ചെന്നപ്പോഴേക്കും അയാൾ എനിക്ക് മുഖം തരാതെ അവിടെ നിന്ന് പോയി… അത് കഴിഞ്ഞ് എനിക്കവിടെ നിൽക്കാൻ തോന്നിയില്ല അതാ ഞാൻ തിരികെ പോന്നത്…

ആളെ കണ്ടുപിടിച്ചിരുന്നെങ്കിൽ എന്തെങ്കിലും തുമ്പ് കിട്ടിയേനേം… അതെയോ? ഇനിയിപ്പോൾ എന്ത് ചെയ്യും? മാളു ഞാനും അതു തന്നെയാണ് ചിന്തിച്ചത്, പക്ഷേ യെദുവേട്ടനോട് കാര്യം പറഞ്ഞപ്പോൾ യെദുവേട്ടൻ നിങ്ങളുടെ കല്യാണ ഫോട്ടോസ് പരിശോധിക്കാൻ പറഞ്ഞു… ഞാനും ആലോചിച്ചപ്പോൾ ശരിയാണ് ആള് നിങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്.. നിന്റെയോ നവീനേട്ടന്റെയോ ബന്ധു ആണെങ്കിൽ നിങ്ങൾക്ക് മനസിലാകുമല്ലോ.. അതു ശരിയാണ്, ഞാൻ നവീനേട്ടനോട് ചോദിക്കട്ടെ എന്താ ചെയ്യേണ്ടെന്ന്.. ഞാൻ കുറച്ചു കഴിഞ്ഞ് നന്ദുനെ വിളിക്കാം.. കുറച്ചു കഴിഞ്ഞപ്പോൾ മാളു തിരിച്ചു വിളിച്ചു.. “നന്ദു വേഗം റെഡിയായി നിൽക്ക്, നമ്മുക്ക് ഫോട്ടോസ് പോയി നോക്കിട്ട് വരാം… അവരുടെ കൂടെ പോകുമ്പോൾ പെട്ടെന്ന് ആളെ കണ്ടുപിടിക്കാനുള്ള വെപ്രാളമായിരുന്നെനിക്ക്… ഫോട്ടോകൾ ഓരോന്നും സ്‌ക്രീനിൽ വന്നു പോകുമ്പോൾ എന്റെ കണ്ണുകൾ അയാൾക്ക് വേണ്ടി പരതി കൊണ്ടേയിരുന്നു… “ദാ ഇതാണ് ആള് !!” ഇതോ ? ചോദ്യം കേട്ട് ഞാനും മാളുവും നവീനേട്ടനെ നോക്കി !! “ഇത് എന്റെ ചെറിയച്ഛനാ..” അതെ നന്ദു….. !! അമ്മയുടെ സ്വന്തം അനിയത്തിയല്ല, പറഞ്ഞു വരുമ്പോൾ എന്റെ അമ്മയുടെ അനിയത്തിയായി വരും.. മായ ചെറിയമ്മ,ഞാൻ ചെറിയമ്മയെന്നു വിളിച്ചാലും അധികം പ്രായമൊന്നുമില്ല കെട്ടോ കക്ഷിക്ക്… ബാംഗ്ലൂരിൽ തന്നെയാ. അവര് ഒരു കോളേജിൽ പഠിച്ചതാ,സ്നേഹിച്ചാണ് വിവാഹം കഴിച്ചത്…

അതെ എന്റെ ദേവട്ടന്റെ ഉറ്റസുഹൃത്തുക്കൾ, മനോജേട്ടനും മായചേച്ചിയും, പലപ്പോഴും ഏട്ടന്റെ കോളേജിലെ വിശേഷങ്ങൾ പറയുമ്പോൾ കേൾക്കാറുണ്ടായിരുന്ന പേരുകൾ… ആളിതാണെങ്കിൽ നന്ദു ഒന്നു കൊണ്ടും വിഷമിക്കേണ്ട, നമ്മുക്ക് നേരെ തന്നെ കേറി ചെല്ലാം, അത്രയ്ക്കും അടുപ്പമുള്ള കുടുംബമാണ്, ഇവിടെ വെച്ച് ചെറിയച്ഛൻ മുഖം തരാതെ പോയതു പോലെ വീട്ടിൽ ചെന്നാൽ പോവാൻ പറ്റില്ലലോ.. വിളിച്ചു പറയാതെ നമ്മുക്ക് വീട്ടിലേക്ക് പോവാം , എങ്ങോട്ടും ഇറങ്ങി പോവാൻ പറ്റില്ലലോ…ചെറിയമ്മയും കാണും.. മാളു നമ്മൾ പോകുമ്പോൾ നന്ദു കൂടി നമ്മുടെ കൂടെ വരട്ടെ അല്ലേ !!! അതെയെന്നവൾ തലയാട്ടി… “അടുത്ത ഞാറാഴ്ച നമ്മുക്ക് ഒരുമിച്ച് പോകാം നന്ദുന്ന്” മാളു പറയുമ്പോൾ വല്ലാത്ത ആഹ്ലാദം തോന്നി ” തിരികെ വീട്ടിലെത്തുമ്പോൾ എന്തു പറഞ്ഞ് അവരോടൊപ്പം പോകുമെന്ന് ആലോചിച്ചു ….. പോകുന്നത് ഇങ്ങനെ ഒരു കാര്യത്തിന് ആണെന്ന് പറയാൻ പറ്റില്ലലോ വീട്ടിൽ…

കോളേജിന്ന് സർട്ടിഫിക്കറ്റ് വാങ്ങാനാണെന്നും പറഞ്ഞ് അച്ഛനോട് അനുവാദം ചോദിച്ചപ്പോൾ ബാലൻ മാമയെ കൂട്ടിപൊയ്ക്കോളാൻ പറഞ്ഞു, , അവസാന അമ്മയെ സോപ്പിട്ട് മാളൂന്റെ ഒപ്പം പോകാൻ സമ്മതം വാങ്ങി.. ഏട്ടൻ എവിടെയാണെങ്കിലും കണ്ടു പിടിക്കാൻ പറ്റുമെന്ന് എനിക്കും തോന്നി തുടങ്ങി .. പിന്നീടുള്ള ദിവസങ്ങൾ സന്തോഷമായിരുന്നു, എങ്ങനെ എങ്കിലും അവിടെയെത്തി കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ… കഞ്ഞികുടി യൊക്കെ കഴിഞ്ഞു മുറിയിൽ വന്നു കിടക്കാൻ കിടക്കവിരി തട്ടി കുടഞ്ഞപ്പോഴാണ് , ഫോൺ ബെല്ലടിച്ചത്… മാളുവാണല്ലോ, വൈകിട്ട് കുറെ നേരം സംസാരിച്ചത് കൊണ്ടും സമയം പതിനൊന്നു കഴിഞ്ഞതുകൊണ്ടും അവളുടെ വിളി ഞാൻ തീരെ പ്രതീക്ഷിച്ചതെ ഉണ്ടായിരുന്നില്ല.. മാളു… മ്മ് മം. നീ എന്താ ഇപ്പോൾ വിളിച്ചെ… നന്ദു ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം… എന്താടാ ! നീ കാണാൻ കാത്തിരുന്ന ആളെ കുറിച്ച് എല്ലാ വിവരങ്ങളും കിട്ടി !! അതെയോ? ആരാ തന്നത് മനോജേട്ടൻ ആണോ.??? “അതല്ല നന്ദു..” പിന്നെ!! ഋഷിയുടെ… ഋഷി എന്ന പേരുകേട്ടതെ ഒരു നിമിഷം ഹൃദയം നിച്ഛലമായി…

കൈയിൽ നിന്ന് ഫോൺ താഴേക്ക് ഊർന്നു, പല ഭാഗത്തായി തെറിച്ചു വീണു .. തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു ഞാൻ.. പാതി തുറന്ന ജാലകത്തിലൂടെ പുറത്തേക്ക് കണ്ണുകൾ പായിച്ച് ഇരുന്നപ്പോൾ കണ്ണുകൾ രണ്ടും അനുസരണയില്ലാതെ ഒഴുകിതുടങ്ങിയിരുന്നു….. ഒരു ബലത്തിനെന്നോണം കട്ടിലിന്റെ കൈയിൽ മുറുകെ പിടിച്ചു… എറെ നേരം ആ ഇരുപ്പ് തുടർന്നു… പുറത്തു നിന്നുള്ള ശീതകാറ്റിന്റെ തണുപ്പിൽ ശരീരം തണുത്തു മരവിച്ചപ്പോഴാണ് മനസ്സിന്റെ സമനില നേരെയായത്……….. പുറത്തെ കാറ്റിൽ ജനൽ പാളികൾ ശക്തിയായി തുറന്ന് അടഞ്ഞു… പതിയെ എഴുന്നേറ്റ് ജനലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ ദുരെ നിന്ന് മഴയുടെ ശീൽകാരം കേൾക്കുന്നുണ്ടായിരുന്നു… ജനലുകൾ ചേർത്തടച്ച് തിരികെ വരുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു, ഞാൻ സ്നേഹിക്കുന്നവരെ,എന്നെ സ്നേഹിക്കുന്നവരെ എന്നിൽ നിന്നിങ്ങനെ അകറ്റാൻ എന്തു തെറ്റാ ദൈവമേ ഞാൻ ചെയ്തത് ….. തിരികെ വന്ന് തലവണയിൽ മുഖം അമർത്തി കിടന്നു, എന്റെ ഏങ്ങലുകൾ പുറത്തു പെയ്യുന്ന മഴയിൽ അലിഞ്ഞു പോയി….

രാവിലെ എഴുന്നേറ്റ് മൊബൈൽ എടുത്തു നോക്കി ഡിസ്പ്ലേ പോയിരിക്കുന്നു, മാളുവിന്റെ നമ്പർ കാണാതെ അറിയുകയും ഇല്ല.. കാര്യങ്ങൾ അറിയണം,….. അവളുടെ അരികിലേക്ക് പോകാൻ തുടങ്ങും മുൻപ് അവളെന്റെ വീട്ടിലെത്തി.. നിന്റെ ഫോണിന് എന്ത് പറ്റി നന്ദു ഞാൻ എത്ര തവണ വിളിച്ചെന്ന് അറിയുമോ… അതൊക്കെ പറയാം നീ വാ എന്നു പറഞ്ഞ് അവളെയും കൂട്ടി എന്റെ മുറിയിലെത്തുമ്പോൾ എന്റെ കണ്ണുകൾ രണ്ടും അരുവികളായി… നന്ദു… മാളു എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി.. എത്ര നാളായി അറിയാൻ ആഗ്രഹിച്ചതാ നന്ദു നമ്മളിത്, എത്രയോ നാളുകൾ നമ്മളതിനായി അലഞ്ഞു.. കണ്ടു പിടിക്കാൻ സാധിച്ചോ? ഇപ്പോൾ ദൈവമായിട്ടാണ് ഇങ്ങനെ ഒരവസരം നമ്മുക്ക് തന്നത്, നമ്മളത് പ്രയോജനപ്പെടുത്തണം മോളെ…. ഇപ്പോൾ കരഞ്ഞു കൊണ്ടിരിക്കുകയല്ല ചെയ്യണ്ടേ, കാര്യങ്ങൾ അറിയണം… നിന്നെ സ്നേഹിച്ചു വഞ്ചിച്ചത് എന്തിനാണെന്ന് അറിയണ്ടെ നിനക്ക് ?? ആഗ്രഹങ്ങളും മോഹങ്ങളും തന്നിട്ട് പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷനായ ആളെ നിനക്ക് കാണണ്ടേ മോളെ ??? അവന്റെ മുഖത്തുനോക്കിയൊന്നു കൊടുക്കണ്ടേ ??? കഴിഞ്ഞ നാലു വർഷം കൊണ്ട് നീ എത്ര വേദന തിന്നു …..

എന്റെ കണ്ണുകൾ കരയാൻ വെമ്പി… മാളു പറഞ്ഞു തുടങ്ങിയപ്പോൾ, ഒരു നെഞ്ചിടിപ്പോടെ ഞാൻ എല്ലാം കേട്ടിരുന്നു.. ഋഷി ബാംഗ്ലൂരിൽ കൂർഗ്ഗ്‌ എന്ന സ്‌ഥലത്തുണ്ട്, അവിടെ കൈമൾ എന്ന ഒരാളുടെ പേരിൽ നടത്തുന്ന “സ്നേഹമയി” ചാരിറ്റബിൾ ആയുർവേദ ഹോസ്പിറ്റലിൽ ഡോക്ടർ ആണ്.. ബിസിനസ്സിന്റെ കാര്യത്തിന് നവീനേട്ടൻ ചെന്നൈയ്ക്ക് പോയപ്പോൾ അടുത്ത സീറ്റിലെ യാത്രക്കാരനായിരുന്നത്രെ ഋഷി.. ഒന്ന് രണ്ടു തവണ നവീനേട്ടൻ ആളെ വീണ്ടും പല സ്‌ഥലത്ത് വെച്ചു കണ്ട് പരിചയം പുതുക്കിയിട്ടുണ്ട് , അതാണ് കോളേജ് ഫോട്ടോയിൽ നമ്മുക്കൊപ്പം നിൽക്കുന്ന ഋഷിയെ പെട്ടെന്ന് മനസ്സിലായത്….. എല്ലാം നല്ലതിനാ നന്ദു, എല്ലാം കലങ്ങി തെളിയാൻ പോവാ !!! മാളു !!! എനിക്ക് പേടിയാകുന്നു……. നന്ദു നീ ഇങ്ങനെ സങ്കടപ്പെടല്ലേ…. ഋഷി ഇപ്പോൾ എത് അവസ്‌ഥയിൽ ആണെങ്കിലും നീ അത് മനസ്സിലാക്കിയെ പറ്റുള്ളൂ..ഒരുപക്ഷേ ഋഷി മറ്റൊരാൾക്ക് സ്വന്തമാണെങ്കിൽ പോലും…

ഒരു എങ്ങലോടെ അവളുടെ ചൂണ്ടിൽ അരുതെ എന്നർത്ഥത്തിൽ ചൂണ്ടു വിരൽ ചേർത്ത് പിടിക്കുമ്പോൾ അങ്ങനെ പറയല്ലേ മാളു എന്ന ഭാവമായിരുന്നെന്റെ മുഖത്ത്…. നന്ദു… ഞാൻ മാളുവിന്റെ മുഖത്തേക്ക് നോക്കി… “എനിക്ക് ഒന്നിനും പറ്റുന്നില്ല മാളു..” നിനക്ക് പറ്റണം നന്ദു, സത്യം മനസ്സിലാക്കണം, നിന്നെ വേണ്ടാന്നുവെച്ചു പോയവനുവേണ്ടി നീ കാത്തിരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്… വർഷമെത്ര കഴിഞ്ഞു അത്രയ്ക്കും നിന്നെ സ്നേഹിച്ചിരുന്നെങ്കിൽ എത്ര വലിയ പ്രശ്നത്തിൽ ആയിരുന്നെങ്കിലും ഒരു വട്ടം ഒന്ന് വിളിക്കാൻ എങ്കിലും ശ്രമിക്കുമായിരുന്നു….. ഇപ്പോൾ മനസിലായില്ലേ അതൊന്നുമല്ല, എല്ലാം അറിഞ്ഞു കഴിഞ്ഞാൽ നിനക്ക് മറക്കാൻ സാധിക്കണം ഋഷിയെ, “നീ എനിക്ക് വാക്ക് താ നന്ദു..” ഞാൻ ദയനീയമായി അവളെ നോക്കി… ഇനിയുമൊരു വേദന കൂടി താങ്ങാൻ നിന്റെ അച്ഛനും അമ്മയ്ക്കും കഴിയില്ല മോളെ,നിനക്കെല്ലാം അറിവുള്ളതല്ലേ ? നീ കൂടി അവരെ സങ്കടപെടുത്തല്ലേ!! ഞങ്ങൾക്ക് അറിയണം ഋഷി എന്തിനാണ് ഞങ്ങളുടെ നന്ദുനെ ചതിച്ചതെന്ന്…നിന്നെ ഈ ബന്ധത്തിലേക്ക് തള്ളി വിട്ടത് ഞങ്ങളല്ലേ !! ഇതിനെല്ലാം ഞങ്ങൾകൂടി കാരണമാണ് അതാണെന്റെ ഏറ്റവും വലിയ സങ്കടം…

ഞാൻ നിന്നോട് പഴയതൊന്നും സംസാരിക്കാത്തത്, നീ ആ ഓർമകളിലേക്ക് തിരികെ പോവാതിരിക്കാൻ വേണ്ടിയാണ്…. എനിക്കെന്റെ നന്ദുനെ തിരിച്ചു വേണം…. കളിയും ചിരിയും ഊർജവുമുള്ള ഞങ്ങളുടെ നന്ദുസിനെ…. . അതുകൊണ്ട് നമ്മൾ ബാംഗ്ലൂർ യാത്ര നീട്ടുന്നില്ല, നാളെ തന്നെ പോവുകയാണ്, ഇത് അറിഞ്ഞിട്ടെ ഇനിയെല്ലാമുള്ളു… ഒരിക്കൽ കുഴിച്ചു മൂടിയ ഓർമ്മകൾ മനസ്സിനെ വീണ്ടും കാർന്നു തിന്നുതുടങ്ങി…. കൈകൾ കൊണ്ട് മുഖം പൊത്തി കാലിൽ മുഖമമർത്തി പൊട്ടി കരയുന്ന നന്ദുനെ ആശ്വസിപ്പിക്കാൻ ആകാതെ മാളുവിരുന്നു…. യാത്ര പറഞ്ഞു പോകുമ്പോൾ മാളു വീണ്ടും പറഞ്ഞു, നന്ദുവെ കാലത്തെ റെഡിയായി ഇരിക്കണം, ഞാനും നവീനേട്ടനും രാവിലെ തന്നെയെത്തും…. “പോകാനായി ബാഗ് അടുക്കി വയ്ക്കുമ്പോളാണ് വീണ്ടും ആ സ്വർണ ചെപ്പ് എന്റെ കൈയിൽ തടഞ്ഞത് ” ഭദ്രമായി ആരും കാണാതെ ബാഗിനുള്ളിൽ ഞാൻ ഒളിപ്പിച്ചു വെച്ച ആ സ്വർണ്ണ ചെപ്പ് പതിയെ ഞാനെന്റെ കൈകളിലെടുത്തു ……. മെല്ലെ തുറന്നു, മോഹങ്ങളും,നഷ്‌ടങ്ങളും, സ്വപ്നങ്ങളും, വേദനകളുമെല്ലാം ഒന്നിച്ചു കോർത്ത ആ മണിമാലയുടെ അറ്റത്ത് സ്വപ്നങ്ങൾ കൊണ്ട് ഞങ്ങൾ കോർത്ത എന്റെ ആലിലത്താലി…. രണ്ടു തുള്ളി കണ്ണുനീർ ആ ചെപ്പിലേക്ക് ഉതിർന്നപ്പോൾ ഹൃദയം വീണ്ടും മിടിച്ചു തുടങ്ങി ഋഷിയുടെ ഓർമകളിലേക്ക്… തുടരും………