17/04/2026

അനുരാഗി : ഭാഗം 19

രചന – ആയിഷ അക്ബർ

ഞാൻ പോവാ…..സാറ് വന്നല്ലോ…..മുത്തശ്ശിയുടെ മുഖത്ത് നോക്കി അത്ര പറയാനേ അവൾക്ക് കഴിഞ്ഞുള്ളു…..ഇനിയും താൻ സംസാരിച്ചാൽ കരഞ്ഞു പോകുമോയെന്നൊരു ഭയം അവളിലുണ്ടായിരുന്നു……ശങ്കരേട്ടനെ മുത്തശ്ശി വിളിക്കാൻ കാത്തു നിന്നില്ല….വരാന്തയുടെ ഒരറ്റത്ത് കിടന്നുറങ്ങുന്ന അയാളെ അവൾ തന്നെ വിളിച്ചു കൊണ്ട് കാറിലേക്ക് കയറി അവിടെ നിന്ന് പോകുമ്പോൾ മുകളിലെ ജനലോരം നിന്ന് നോക്കുന്ന ശിവയെ അവൾ വ്യക്തമായി കണ്ടിരുന്നു…..
അവൾ വേഗം തല വെട്ടിച്ചു കൊണ്ട് അവനിൽ നിന്നും മിഴികൾ നീക്കി……അപ്പോഴും നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവളിരു കൈകൾ കൊണ്ടും തുടച്ചു നീക്കുന്നുണ്ടായിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഓടി മറയുന്ന ആ കാറിലേക്ക് നോക്കി നിൽക്കെ ശിവയുടെ മനസ്സ് ഒരു തരം നിർവികാരതയെ പേറി…….പാടില്ലായിരുന്നു…അത്രത്തോളം മോശമായി താനൊന്നും പറയാൻ പാടില്ലായിരുന്നു….
അതിനി എന്തിന്റെ പേരിലായാലും….തന്റെ കുഞ്ഞിനെ അത്ര മേൽ സ്നേഹത്തോടെ ചേർത്ത് പിടിച്ചവളാണ്…ഒരമ്മയെ പോലെ വാത്സല്യം ചൊരിയുന്നവളാണ്……അവർ രണ്ട് പേരും ഒരുമിച്ചുണ്ടയായിരുന്ന ആ നിമിഷങ്ങൾ വീണ്ടും അവന്റെ കണ്ണുകളിൽ തെളിഞ്ഞങ്ങനെ നിന്നു…..

ആധിക്കവൾ ആരാണെന്ന് അവന്റെ കണ്ണിലെ തിളക്കം തനിക്ക് കാണിച്ചു തരുന്നുണ്ട്…….
ശിവ ഒരു കൈ കൊണ്ട് ചുവരിൽ ആഞ്ഞിടിച്ചു……ശിവാ……പെട്ടെന്നാണ് പിറകിൽ നിന്നുള്ള ആർദ്രമായ ആ വിളി അവന്റെ കാതുകളിലെത്തുന്നത്….കേട്ട് പരിചയമുള്ള ആ ശബ്ദത്തിലേക്ക്അവൻതിരിഞ്ഞു…..ഗായത്രി……അവനൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…..അവളും നിറഞ്ഞൊരു പുഞ്ചിരിയോടെ മുറിയിലേക്ക് കടന്നു…ഗായത്രി……..എപ്പോ വന്നു….
അവൻ ചടങ്ങിനെന്ന വണ്ണം അത് ചോദിച്ചതും അവളുടെ ചുണ്ടിലെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു പോയിരുന്നു……

ഞാൻ…… ഞാനല്പം മുൻപ്……അവൾ പതിയെ പറഞ്ഞു….ആദി….. കുട്ടാ……അവൾ പെട്ടെന്ന് അവന്റെ കയ്യിലിരുന്ന ആദിയെ കളിപ്പിച്ചു തുടങ്ങി…..അവൻ ശിവയുടെ കയ്യിലിരുന്ന് കൊണ്ട് തന്നെ ചാര കണ്ണുകൾ വിടർത്തി അവളെ നോക്കി……നിന്റെ കണ്ണുകൾ പോലെ തന്നെ കുഞ്ഞിന്റെയും അല്ലെ…….ഗായത്രി അത് പറയുമ്പോൾ ശിവ അവനിലേക്കൊന്ന് നോക്കുക മാത്രം ചെയ്തു….നീ….. നീയൊരുപാട് മാറി ശിവാ…..നിന്റെ കണ്ണുകൾക്ക് പഴയ ആ തിളക്കമില്ല…..നിന്റെ സംസാരത്തിനുണ്ടായിരുന്ന വശ്യത പോയി പരുക്കനായത് പോലെ…..

നിന്റെ ഇഷ്ടങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഈ നിന്നേ നീ ഇഷ്പ്പെടുന്നുണ്ടോ ശിവ…..അവളുടെ ചോദ്യത്തിനും ശിവ ഒന്നും മിണ്ടിയില്ല….ഇപ്പോൾ തന്നെ ഞാൻ വന്നപ്പോൾ ഈ മുറി എങ്ങനെയായിരുന്നു…..ഗായത്രി പെട്ടെന്നത് ചോദിച്ചതും ശിവ അവൾക്ക് നേരെയൊന്ന് നോക്കി…..നീ എപ്പോഴും പറയാറുള്ളത് പോലെ ജനലിൽ നിന്നുള്ള കാറ്റും തണുപ്പും ഗന്ധവും കിട്ടുന്ന ഒരു മുറിയിരുന്നില്ലല്ലോ ഇത് വരെ…..അപ്പൊ നീയാണോ ഇതെല്ലാം ഇങ്ങനെ വെച്ചത്……ഗായത്രി പറഞ്ഞതിന് ശിവ പെട്ടെന്നത് ചോദിക്കുമ്പോൾ അതിലെന്തൊക്കെയോ രോഷം കലർന്നിരുന്നതായി ഗായത്രിക്ക് തോന്നി…..

അതേ…..അതായിരുന്നില്ല അവൾ പ്രതീക്ഷിച്ച അവന്റെ ഭാവമെന്ന പോൽ പതിയെ യാണ് അവളത് പറഞ്ഞത്…….നിന്നോടാരാ ഇങ്ങനെയൊക്കെ ചെയ്യാൻ പറഞ്ഞത്…..വന്നു കയറും മുന്പേ നീയെന്തിനാ ഇതിനൊക്കെ നിന്നത്……ശിവ ശബ്ദം ഉയർത്തി അവളോടത് ചോധിക്കുമ്പോൾ മനസ്സിൽ തിങ്ങി നിറഞ്ഞ മറ്റെന്തോ ഒരു പ്രയാസത്തിനാൽ അവന്റെ ശബ്ദം അല്പം ചിലമ്പിച്ചിരുന്നു…….ശിവാ നീയെന്തിനാ ഇത്ര വയലന്റ് ആവുന്നത്…..ലുക്ക്‌ ഗായത്രി……
എന്റെ മുറിയിലെ ഞാൻ വെച്ച സാധനങ്ങൾ എന്നോട് ചോദിക്കാതെ മാറ്റി വെക്കാൻ നിന്നോടാര് പറഞ്ഞു……ശിവ അത് ചോദിക്കുമ്പോൾ ഗായത്രിക്കൊന്നും പറയാൻ കഴിഞ്ഞില്ല….അവൾ തല കുനിച്ചു നിന്നു……

നീ പറഞ്ഞത് ശെരിയാ…..ഞാനിപ്പോ ആ പഴയ ശിവയല്ല…..ഇവന്റെ അച്ഛനിലേക്ക് മാത്രമായോതുങ്ങിയ ശിവയാണ്….കാറ്റും തണുപ്പും സുഗന്ധവും എന്നതിനേക്കാൾ ചുമരിനോട് ചേർത്ത് കട്ടിലിട്ടാൽ അവൻ താഴെ വീഴില്ലെന്നതാണ് എനിക്ക് മുഖ്യം….പിന്നേ എന്റെ സാധങ്ങളെക്കാൾ അവന്റെ സാധാങ്ങളോരൊന്നും എനിക്ക് കയ്യെത്തും ദൂരത്തു വേണം……അത് കൊണ്ട് തന്നെ മേലാൽ ഇതാവർത്തിക്കരുത്…..എന്റെ ലോകം….. അതിപ്പോ ഇവൻ മാത്രമാണ്…….ശിവ അതും പറഞ്ഞു കൊണ്ട് ആ മുറിയിൽ നിന്നിറങ്ങി പോകുമ്പോൾ ഗായത്രി തേങ്ങലടക്കി പിടിച്ചു അങ്ങനെ നിന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മോള് വിഷമിക്കേണ്ട…..അവനിപ്പോ അങ്ങനെയാണെന്ന് ഞാൻ പറഞ്ഞതല്ലേ……
നിന്നോട് മിണ്ടുകയും വിശേഷം ചോദിക്കുകയെങ്കിലും ചെയ്തില്ലേ..ഞങ്ങളോടതു പോലുമില്ല….
കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ടിരിക്കുന്ന ഗായത്രിയോട് രേവതിയത് പറഞ്ഞു നിർത്തുമ്പോൾ ഗായത്രിക്ക് അല്പം ആശ്വാസം തോന്നിയിരുന്നു….
മറ്റുള്ളവരെക്കാൾ അവൻ തനിക്കല്പം പരിഗണന നൽകുന്നുണ്ടെന്നൊരു തോന്നലിൽ അവളാശ്വാസം കണ്ടെത്തിയിരുന്നു…..മോളെ ഗായത്രി….. നീ മുറി യൊതുക്കി വെച്ചത് കൊണ്ടൊന്നും അവനിളകില്ല…..അവന്റെ മനസ്സ് ചായണമെങ്കിൽ അതാ കുഞ്ഞ് വാഴി മാത്രമേ നടക്കു…..

നീയെന്നോരമ്മയെ ആ കുഞ്ഞിന് വേണ്ടി അവനാഗ്രഹിച്ചു തുടങ്ങുന്നിടത്താണ് നിന്റെ വിജയം……അവളുടെ കൈകൾ കൂട്ടി പ്പിടിച്ചു കൊണ്ട് രേഖ അതും കൂടി പറഞ്ഞു കൊടുക്കുമ്പോൾ ഗായത്രി കണ്ണുകൾ അമർത്തി തുടച്ചു..മനസ്സിൽ ഒത്തിരി കണക്ക് കൂട്ടലുകൾ നടന്നു തുടങ്ങിയിരുന്നു…

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്ന് രാത്രി ശിവക്കുറക്കം വന്നിരുന്നില്ല…..
നേരമൊന്ന് പുലരാൻ അവനു ധൃതി തോന്നി……
അവളെ കണ്ടിട്ടേ ആശുപത്രിയിലേക്ക് പോകുന്നുള്ളൂ എന്ന് കരുതിയതാണ്……എന്നാൽ താൻ പോകുന്നത് കാത്തെന്ന വണ്ണം ശങ്കരേട്ടൻ കാറ് കഴുകി അങ്ങനെ നിൽക്കുകയാണ്…..അവസാനം തന്റെ സമയം അതി ക്രമിച്ചതും അവനിറങ്ങിയിരുന്നു…….വേദ വീട്ടിലേക്ക് വരുമ്പോൾ തന്നെ അവന്റെ കാറ് മുറ്റത്തില്ലെന്നത് അവളിൽ നിറച്ച ആശ്വാസം ചെറുതായിരുന്നില്ല…..
അപ്പോഴേക്കും കരയുന്ന ആദിയുടെ ശബ്ദം കേട്ടത് കൊണ്ട് തന്നെ അവൾ വേഗം അകത്തേക്ക് കയറി…….

മുത്തശ്ശിയുടെ കയ്യിൽ നിന്നും അവനെ കോരിയെടുക്കുമ്പോൾ കണ്ടിരുന്നു തന്നെ നോക്കി നിൽക്കുന്ന ഒരുപെൺ പടയെ…അവളത് കണ്ടില്ലെന്ന് നടിച്ചു ആദിയുമായി മുകളിലേക്ക് നടന്നു…വേദയും കുഞ്ഞും ഇരിക്കുന്ന സമയങ്ങളിൽ അവരുടെ അടുത്തേക്ക് ഗായത്രി പോയെങ്കിലും എങ്ങനെ കുഞ്ഞിനോടടുക്കണമെന്ന്അവൾക്കറിയുന്നില്ലായിരുന്നു….അവൻ എപ്പോഴും വേദയോട് ചേർന്ന് കാണുന്നു……അവളുടെ ചുറ്റും മാത്രം മുട്ട് കുത്തി കളിക്കുന്നു….അവളോട് മാത്രം ചിരിക്കുന്നു കൊഞ്ചുന്നു…..നമ്മളാരെങ്കിലും എടുക്കാൻ ചെന്നാൽ അവളുടെ മേൽ ചാഞ്ഞു കേറുന്നു……
അവൾക്കെന്ത് ചെയ്യണമെന്ന് അറിയുന്നതേയില്ലായിരുന്നു…….അവളങ്ങനെ അവരെ നോക്കി നിന്നു……വേദ ചെയ്യുന്ന കാര്യങ്ങളോരോന്നും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട്…..

അന്ന് ഉച്ച സമയം ഗായത്രി മുകളിലേക്ക് വരുമ്പോൾ വേദ അവിടെയുണ്ടായിരുന്നില്ല….പകരം ആദി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ട്…..എങ്ങനെയാടാ ഞാൻ നിന്നെയും നിന്റെ അച്ഛനെയും സ്വന്തമാകുക…..നീയൊന്ന് ഇണങ്ങിയാളല്ലേ കാര്യം നടക്കു…..ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ നോക്കി അതും പറഞ്ഞു കൊണ്ടവൾ താഴെക്കിറങ്ങാൻ നിന്നപ്പോഴാണ് മുറ്റത് വന്നു നിന്ന കാറിന്റെ ശബ്ദം കേട്ടത്….അവൾ ജനലിലൂടെ ഒന്നെത്തി നോക്കി…..അതേ….. ശിവയാണ്….അവളുടെ മുഖം ഒന്ന് തെളിഞ്ഞു…..അവൾ താഴെക്കിറങ്ങാൻ തുടങ്ങിയതും പെട്ടെന്ന് മനസിലെന്തൊക്കെയോ ചിന്ത മിഞ്ഞി മാഞ്ഞു…..

അവൾ വേഗം തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെയെടുത് കട്ടിലിലേക്ക് കിടത്തി….പിന്നേ പതിയെ അവനരികിലായി അവനെ ചേർത് പിടിച്ചു കിടന്നു…..അവന്റെ കാൽ പെരുമാറ്റം അടുത്ത് വരുന്നതറിഞ്ഞതും അവൾ കണ്ണുകളടച്ചു കിടന്നു……ശിവ വാതിൽ പടിയിലെത്തിയതും ആദിയേ ചേർത്ത് പിടിച്ചുറങ്ങുന്ന ഗായത്രിയെയാണ് കാണുന്നത്……ഒരു നിമിഷം അവന്റെ മനസ്സൊന്നു തണുത്തു….അവനവളോട് വല്ലാത്തൊരു ബഹുമാനം തോന്നി……അവൻ ശബ്ദമുണ്ടാക്കാതെ ഷർട് മാറ്റി…….ഇതെല്ലാം അരിഞ്ഞു കൊണ്ട് കിടന്നിരുന്ന ഗായത്രി പതിയെ കണ്ണുകൾ തുറന്നു…..

നീ…. നീ വന്നോ…. ഞാൻ കുഞ്ഞിനെ ഉറക്കിയപ്പോ അവന്റെ കൂടെ കിടന്നു ഉറങ്ങി പോയതാണ് സോറി…….അവളത് പറഞ്ഞ് എഴുന്നേറ്റതും അവനൊന്നു പുഞ്ചിരിച്ചു…..
കുഴപ്പമില്ല നീ വേണമെങ്കിൽ അവിടെ കിടന്നോ…. ഞാൻ അവനെ തൊട്ടിലിലേക്ക് കിടത്തി ക്കൊളാം…..അതും പറഞ്ഞു ശിവ കുഞ്ഞിനെ തൊട്ടിലിലേക്ക് കിടതത്തുമ്പോൾ ഗായത്രിക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു….ഇവനിത്ര പെട്ടെന്ന് നിന്നോട് സെറ്റായോ….അവനൊരു അത്ഭുതത്തോടെയാണ്അത്ചോദിച്ചത്…പിന്നെന്താ… അവനിപ്പോ ഞാനെന്ന് വെച്ചാൽ വല്യ കാര്യമാ…. നിന്നേ പോലെ…ഗായത്രി അതും കൂടി ചേർത്ത് പറഞ്ഞതിന് പകരം പതിഞ്ഞൊരു പുഞ്ചിരി മാത്രം തിരികെ നൽകി ശിവ താഴേക്ക് നടന്നിരുന്നു……..

കണ്ണുകൾ പരതുന്നത് മുഴുവൻ അവളെയാണ്…..
ഇന്ന് നേരത്തെ വന്നത് തന്നെ അവളോടോന്ന് മാപ്പ് പറയാനാണ്……അവരുടെ രണ്ട് പേരുടെയും ഇടപഴകൾ കാണാനാണ്…..എന്തോ അത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിര് തോന്നുന്നു……അവൻ ഡെയിനിങ് ടേബിളിലേക്ക് നടന്നപ്പോഴാണ് അവിടെയിരുന്നു മുത്തശ്ശിയോടൊപ്പം ഭക്ഷണം കഴിക്കുന്നവളെ കാണുന്നത്…..അവനു വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു…..ആ… നീ വന്നോ ശിവ…. കഴിക്കാനാരിക്ക്….
മുത്തശ്ശി അത് പറഞ്ഞതും അവൾ വേഗം തലയുയർത്തി യൊന്നു നോക്കി….അവനെന്ന് കണ്ടതും അവൾ പെട്ടെന്ന് പാത്രവുമായി എഴുന്നേറ്റു….അവിടെയിരുന്നോ…. കഴിച്ചിട്ട് എഴുന്നേറ്റാൽ മതി….

പെട്ടെന്ന് തനിക്കെതിർ വശമായി വന്നിരുന്നവനിൽ നിന്ന് താൻ പ്രതീക്ഷിച്ചതല്ല അതെന്നത് കൊണ്ട് തന്നെ അവളൊരു നിമിഷമൊന്ന് നിശ്ചലയായി പോയിരുന്നു….കഴിക്കുന്നിടത് നിന്ന് എങ്ങോട്ടാ ഇയാളെഴുന്നേറ്റ് പോകുന്നത്….പതിയെ അവിടെ നിന്നും നടന്നു തുടങ്ങിയതും പിറകിൽ നിന്നുള്ള ആ ശബ്‍ദത്തിന്റെ കനം കൊണ്ട് തന്നെ അവൾ യാന്ത്രികമായി അവിടെയിരുന്നു പോയിരുന്നു……
മുത്തശ്ശി ഇരുവരെയും നോക്കിയൊന്ന് ചിരിച്ചു…….അവൾ കഴിക്കുന്നതിനിടക്ക് മുഖം ഉയർത്തിയതേയില്ല…എന്നാലെന്തോ അവന്റെ മിഴികൾ പലപ്പോഴും അവളിലേക്ക് വീണു പോകുന്നു…….അവനവളോടൊന്ന് സംസാരിക്കുകയാണ് വേണ്ടത്…..പക്ഷെ…. എങ്ങനെ…..അവന്റെ മനസ്സ് ആശയക്കുഴപ്പത്തിലായി…..എങ്കി ഞാൻ പൊയ്ക്കോട്ടേ……

അതെന്താ…. വൈകുന്നേരം വരെ നിൽക്കാനല്ലേ കാശ് വാങ്ങുന്നത്…..ഭക്ഷണം കഴിച്ചെന്നു വരുത്തി വേഗം എഴുന്നേറ്റ് മുത്തശ്ശിയോടവളത് പറഞ്ഞപ്പോഴാണ് അവന്റെ ശബ്ദം ഉയർന്നത്….അവളുടെ മിഴികളൊന്ന് പിടച്ചു……
നീ വന്നില്ലേ ശിവാ…. അത് കൊണ്ടല്ലേ അവള് പോട്ടെയെന്ന് ചോദിച്ചത്….മുത്തശ്ശി അത് പറഞ്ഞതും അവനൊന്നു കൂടി അവളിലേക്ക് നോക്കി…എനിക്കൊരു ഓൺലൈൻ കോൺഫറൻസ് ഉണ്ട്…..കുറച്ചു ബിസി ആയിരിക്കും….
അത് കൊണ്ട് ഇയാളോടിപ്പോ പോകേണ്ടെന്ന് പറഞ്ഞേക്ക് മുത്തശ്ശി…..അവളിലേക്ക് മാത്രം നോക്കി അവൻ മുത്തശ്ശിയോടെന്ന പോലത് പറഞ്ഞു നിർത്തി കഴിച്ചിടത് നിന്നെഴുന്നേൽക്കുമ്പോൾ അവളങ്ങനെ നിന്നു….അവളോട് പറയാനുള്ള വാക്കുകൾ മനസ്സിൽ നിരത്തി കൊണ്ടൊരിക്കുകയായിരുന്നു ശിവയപ്പോൾ….

(തുടരും )