രചന – രുദ്രാ ലക്ഷ്മി
തോളിൽ രാധമ്മയുടെ കൈ പതിഞ്ഞപ്പോളാണ് അർപ്പിത കണ്ണുകൾ തുറന്നത്. അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോളെ രാധമ്മക്ക് മനസിലായി അവൾ ഭൂതകാലത്തിലേക്കു പോയിരുന്നിരിക്കും എന്നുള്ളത്. ആ ഓർമകളിൽ അവരുടെ കണ്ണുകളിലും ചെറിയൊരു നനവ് പടർന്നു.എന്നാൽപോലും അവർ കണ്ണുകൾക്കൊണ്ട് അവളെ ശാസിച്ചു.
അത് മനസിലായെന്നപ്പോൾ അവൾ ഒന്ന് മന്ദഹസിച്ചു… നോവുള്ള ഒരു പുഞ്ചിരി. രാധമ്മ വേഗംതന്നെ വിഷയം മാറ്റാനെന്ന പോലെ ഋഷിക്കുട്ടനോട് ഓരോന്ന് പറഞ്ഞു കളിപ്പിച്ചും ചിരിപ്പിച്ചും ഭക്ഷണം കൊടുക്കാനായി എടുത്തു.
“എനിക്കെന്റെ അപ്പുമ്മ തന്നാൽ മതീ..” ഋഷിക്കുട്ടൻ വാശിപിടിച്ചു.
ആഹാ കൊള്ളാമല്ലോടാ കള്ളചെക്കാ നീ… അമ്മയെ കാണുമ്പോൾ ഈ പാവം രാധമ്മയെ വേണ്ടല്ലേ. രാധമ്മ കള്ള പരിഭവം നടിച്ചുകൊണ്ട് പറഞ്ഞു.
അമ്മ കോളേജിൽനിന്നും വന്നതല്ലേ ഉള്ളു ഋഷികുട്ടാ… പാവമല്ലേ അമ്മ സ്വസ്ഥമായി കഴിക്കട്ടെ.. രാധമ്മ തരാം മുത്തിന്…വായോ
എന്നാൽ ഋഷിക്കുട്ടന് അവന്റെ അമ്മ കൊടുത്താൽ മതിയെന്നുള്ള വാശിയിൽ തന്നെ ആണ്.. രാധമ്മയുടെയും ഋഷിക്കുട്ടന്റെയും കട്ടായം കണ്ടു പുഞ്ചിരിയോടെ ഇരിക്കുവാണ് അർപ്പിത.
അവസാനം അർപ്പിത തന്നെ പറഞ്ഞു ” അമ്മേടെ പൊന്നുട്ടന് അമ്മ തരാം വായോ ”
അത് കേൾക്കേണ്ട താമസമെ ഉണ്ടായുള്ളൂ ഋഷിക്കുട്ടൻ വേഗം തന്നെ ഓടി വന്നു അർപ്പിതയുടെ അടുക്കൽ സ്ഥാനം പിടിച്ചു.
ചപ്പാത്തി കുഞ്ഞു കഷ്ണങ്ങളായി മുറിച്ചെടുത്തു കറിയിൽ മുക്കി ആ കുഞ്ഞു വായിലേക്ക് വച്ചുകൊടുത്തു അവൾ. ഋഷിക്കുട്ടൻ അനുസരണയോടെ അർപ്പിത കൊടുത്ത ആഹാരമെല്ലാം കഴിക്കുന്നുണ്ട്.. അതിനിടയിൽകൂടി ഇന്ന് രാധാമയുമായി തല്ലുപിടിച്ച കാര്യങ്ങളും പറയുന്നുണ്ട് അമ്മയോട്. അർപ്പിത ഒരു ചിരിയോടെ എല്ലാം കേട്ടുകൊണ്ട് അവനു ഓരോ വായും കൊടുത്തുകൊണ്ടിരുന്നു. ഇടയ്ക്കു ചായ ഓരോ കവിൾ കുടിച്ചിറക്കുന്നതും ഉണ്ട്.
ആഹാ അപ്പോൾ എന്റെ ഋഷിക്കുട്ടന് ഇങ്ങിനെ അടങ്ങി ഇരുന്നു ഭക്ഷണം കഴിക്കാനൊക്കെ അറിയാമോ… രാധമ്മ അവനെ ചൊടിപ്പിക്കാനായി കുസൃതിയോടെ ചോദിച്ചു… എന്റെ അപ്പുമോളെ… ഈ വികൃതി ചെക്കന് എന്തേലുംകൊടുക്കാൻ ഞാൻ പെടുന്ന പാട് എനിക്ക് മാത്രമുണ്ട് അറിയുന്നു… അല്ലേടാ കള്ള ചെക്കാ… ഇപ്പൊ കണ്ടോ ഇത്രയും പാവം കൊച്ചു വേറെ ഉണ്ടോന്നു നോക്ക്.
ഇന്ന് ഉച്ചക്ക് കുറച്ചു ചോറ് കൊടുക്കാനായിരുന്നു എന്നെ ഈ വീടിനു ചുറ്റും 10 റൗണ്ട് എങ്കിലും നടത്തിച്ചു അവൻ.രാധമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആണോ പൊന്നൂട്ടാ…. രാധമ്മയെ നീ ആകെ ചുറ്റിക്കുവാണല്ലേ…അർപ്പിത ചെറുതായി കണ്ണുരുട്ടികൊണ്ട് ഋഷിക്കുട്ടനോട് ചോദിച്ചു.
ഈ ഇടയായി അമ്മേടെ പൊന്നുട്ടന് ഇത്തിരി കുറുമ്പ് കൂടുന്നുണ്ട് കേട്ടോ. അമ്മ നല്ല അടി തരുംകേട്ടോ…
അതുകേട്ടതും കുഞ്ഞിച്ചുണ്ടുകൾ പുറത്തേക്കു ഉന്തി സങ്കടപ്പെട്ടു… ഇല്ലമേ രാധമ്മ ചുമ്മാ പറയുവാ… അമ്മേടെ പൊന്നൂട്ടൻ നല്ല കുട്ടിയ… അങ്ങിനൊന്നും ചെയ്തില്ല… പിന്നെ എനിക്ക് അപ്പുറത്തെ മാളുചേച്ചിടെ കിട്ടു പൂച്ചേനെ കാണാല്ലോ പുറത്തിറങ്ങുമ്പോൾ… അതല്ലേ ഞാൻ പുറത്തിറങ്ങുന്നേ… അമ്മേ… എനിക്കും ഒരു കിട്ടു പൂച്ചേനെ മേടിച്ചു തരുമോ???
അപ്പൊ അമ്മേടെ പൊന്നൂട്ടൻ അകത്തിരുന്നു നല്ല കുട്ടിയായി കഴിക്കാലോ.. അവൻ കൊഞ്ചികൊണ്ട് പറഞ്ഞു.
ആഹാ… എടാ കേമാ എന്നിട്ടുവേണം തിന്നാൻ തരുന്ന ചോറ് മുഴുവൻ പൂച്ചക്ക് കൊടുക്കാനല്ലേ… നന്നായി. രാധമ്മ പറഞ്ഞു.
അഹ്.. മോളെ പിന്നെ.. അപ്പുറത്തെ മാളൂട്ടീടെ അച്ചന് എറണാകുളത്തേക്ക് സ്ഥലമാറ്റം ആയെന്നു.. വരുന്ന തിങ്കളാഴ്ച അവർ അവിടേക്കു മാറുവാണെന്നു. അവിടെ അവർക്കു ഫ്ലാറ്റ് ഉണ്ടെന്നു.. ഇത്രേം നാൾ അത് വാടകയ്ക്കോ മറ്റോ കൊടുത്തിരിക്കുവായിരുന്നെന്നു.. ഇപ്പോൾ അവിടത്തെ വാടകകാരോട് മാറാൻ പറഞ്ഞത്രേ.. അതുകൊണ്ട് അവിടെ വീട് നോക്കി അലയേണ്ടി വന്നില്ലെന്നു സുനിത പറഞ്ഞു. ഉച്ചക്ക് കുറുമ്പന് ചോറുകൊടുക്കാനായി ഇറങ്ങിയപ്പോൾ മതിലിനടുത്തു വന്നു പറഞ്ഞതാ എന്നോട്.
അഹ്… പെട്ടന്ന് എന്തേലും അത്യാവശ്യം വന്നാൽ ആകെ സഹായത്തിനു അവർ മാത്രമേ ഉണ്ടായിരുന്നുള്ളു… ഇനിയിപ്പോ അവിടെ ആരാ എങ്ങിനുള്ളവര പുതിയ താമസത്തിനു വരുന്നതെന്നൊന്നും അറിയില്ലലോ…രാധമ്മ ഒരു നെടുവീർപ്പിടുകൊണ്ട് പറഞ്ഞു നിർത്തി.
ആരുവന്നാലും നമുക്കെന്താ രാധമ്മേ…. ആരൊക്കെ ഉണ്ടെങ്കിലും ഇല്ലങ്കിലും നമുക്കൊരു ആവശ്യം വന്നാൽ ചിലപ്പോൾ നമ്മൾ മാത്രമേ കാണു. ഏതോ ഓർമയിലെന്നപോൽ അവൾ പറഞ്ഞു. വേഗംതന്നെ അർപ്പിത കഴിച്ചെഴുനേറ്റു കുഞ്ഞിനെകൊണ്ട് മുകളിലേക്കു പോയി.
രാധമ്മയുടെ മനസിലൂടെ പലപല ഓർമകളും കടന്നു വന്നു. “പാവം എങ്ങിനെ ജീവിച്ച കുഞ്ഞാണ്…. എന്തോരം സഹിച്ചു അത്. ഇപ്പോൾ ആ മുഖത്തു എന്തിനോടും ഒരു നിർവികരത മാത്രമാണുള്ളത്.താൻ കാണാൻ തുടങ്ങിയ കാലം മുതൽ ഉള്ള അപ്പുമോളെ വച്ചുനോക്കിയാൽ ഇപ്പോൾ ഉള്ളത് എന്റെ അപ്പുമോൾ അല്ല… മാറ്റാരോ ആണെന്ന് തോന്നും… പാവം അതിനു ഇനിയെങ്കിലും ഒരു നല്ല ജീവിതം കിട്ടിയാൽ മതിയായിരുന്നു”.
രാധമ്മ കഴിച്ചുകഴിഞ്ഞു കുറച്ചുനേരം ടിവി കണ്ടിരുന്നപ്പോളേക്കും അർപ്പിത കുഞ്ഞിനെ ഉറക്കിയിട്ടു താഴേക്കു വന്നു.
“ആഹാ രാധമ്മേട പതിവ് സീരിയൽ ഒക്കെ കഴിഞ്ഞോ.. അർപ്പിത ഒരു ചിരിയോടെ ചോദിച്ചു.”
കഴിഞ്ഞുമോളെ… ഇനി അടുക്കളേൽ കുറച്ചു പണികൂടി ഉണ്ട്.. അതുകൂടി തീർത്തിട്ടു നേരത്തെ കിടക്കണം.. കൽമുട്ടിനോക്കെ നല്ല വേദന ഉണ്ടേ.. അവർ കൈകൾ മുട്ടിൽ ഒന്നുഴിഞ്ഞുകൊണ്ട് പറഞ്ഞു.
വേണ്ട രാധമ്മ അവിടിരുന്നുകൊള്ളു.. ബാക്കി പണിയൊക്കെ ഞാൻ തീർത്തുകൊള്ളാം… പൊന്നൂട്ടനോടൊപ്പം ഓടുന്നതുകൊണ്ടാവും മുട്ടിനോക്കെ വേദന.. രാധമ്മ റസ്റ്റ് എടുക്കു 😊.
“ഏയ് വേണ്ടമോളെ”.. അവർ പറഞ്ഞുകൊണ്ടെഴുന്നേറ്റത്തും.. അർപ്പിത തന്നെ അവരെ അവിടെ പിടിച്ചിരുത്തിയിട്ടു.. അടുക്കളയിലേക്ക് നടന്നു.പണികളൊക്കെ വേഗം തീർത്ത് വേഗം തന്നെ കുടിക്കാനുള്ള വെള്ളവുമായി റൂമിലേക്ക് പോയി.. അപ്പോളേക്കും രാധമ്മയും റൂമിലേക്കു ഉറങ്ങാനായി പോയിരുന്നു.
റൂമിൽ ചെന്നപ്പോൾ പൊന്നൂട്ടൻ നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു. അവന്റെ മുഖത്തു ആരുമായി തഴുകിയ ശേഷം നെറ്റിയിൽ ഒരു മുത്തവും കൊടുത്തുകൊണ്ട് പുതപ്പെടുത്തു ഒന്നുകൂടി നന്നായി പുതപ്പിച്ചു കൊടുത്തു.. കള്ളചെക്കൻ എത്ര പുതപ്പിച്ചുകൊടുത്താലും അതൊക്കെ ഉറക്കത്തിൽ തന്നെ വലിച്ചെറിയും.. അവളൊരു ചിരിയോടെ ഓർത്തു.
അർപ്പിത പതിവുപോലെ റൂമിനോട് ചേർന്ന ബാൽക്കണിയിലേക്ക് ഇറങ്ങി. മനസ് ആസ്വസ്തമാകുന്ന ദിവസങ്ങളിലൊക്കെ ഉറക്കത്തിനു മുന്നേ ഇവിടെ വന്നിരിക്കുന്നത് പതിവാണ് അവൾക്കു. ഒരു മറയും ഇല്ലാതെ അവളുടെ വിഷമങ്ങളൊക്കെയും ഇറക്കി വയ്ക്കുന്നിടം. ചുറ്റുമുള്ള വീടുകളിലൊക്കെയും വെളിച്ചമുണ്ട്. അവളുടെ കണ്ണുകൾ തൊട്ടപ്പുറത്തുള്ള മാളൂട്ടിയുടെ വീട്ടിലേക്കു പോയി. ഇവിടെ വന്നതുമുതൽ ഒരു ആശ്രയത്തിന് ഉണ്ടായിരുന്നവരാണ്…പൊന്നുട്ടന് അസുഖമായിരുന്ന സമയത്തൊക്കെ ഒത്തിരി സഹായിച്ചിട്ടുണ്ട് സുനിതേച്ചിയും രാജീവേട്ടനും. താൻ അവശ്യപെട്ടില്ലെങ്കിൽപോലും ഒരു അനിയത്തിയെപോൽ കണ്ട് എല്ലാം ചെയ്തു തന്നിട്ടുണ്ട്. ഇനി അവരും പോകുന്നു… അവളുടെ മുഖത്തു അതെ നിർവികരത തെളിഞ്ഞു നിന്നു.
ഒരു ഹൗസിങ് കോളനിയിലാണ് അർപ്പിത താമസിക്കുന്നത്. അർപ്പിതയുടേത് സ്വന്തം പേരിലുള്ള വീടുതന്നെയാണ്.. എന്നാൽ ഭൂരിഭാഗവും ജോലിസംബന്ധമായി വന്നു വാടകയ്ക്ക് താമസിക്കുന്നവരാണ് അവിടെ.
അവളുടെ ഓർമകൾ 2 വർഷകാലം കാലം പിന്നിലേക്ക് പോയി…2 വയസുപോലും തികയാത്ത പൊന്നൂട്ടനേയും കൊണ്ട് ഇനിയെന്തുവേണമെന്നറിയാതെ പകച്ചുനിന്ന നിമിഷം അവളുടെ മുന്നിലേക്ക് വന്നു. ആകെ ഉണ്ടായിരുന്ന സാമ്പാദ്യം പൊന്നൂട്ടനും പിന്നെ എന്നോ അച്ഛൻ തന്റെ പേരിൽ വാങ്ങിയിരുന്ന ഈ വീടും മാത്രമായിരുന്നു. പിന്നെ തിരുവനന്തപുരത്തുനിന്നും ഇങ്ങോട്ടുള്ളയാത്രയിൽ എനിക്ക് കൂട്ടായി വന്ന എന്റെ രാധമ്മ. എന്റെ കുഞ്ഞുനാൾമുതൽ കാണുന്നതല്ലേ അവരെ… ഒരുപക്ഷെ അവർ ഇല്ലായിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നു ഞാൻ?? അമ്മയുടെ അകന്ന ബന്ധത്തിൽ ഉള്ളതാണ് രാധമ്മ . ഭർത്താവ് മരിച്ചശേഷം ആരും ആശ്രയമില്ലാതെ നിന്ന രാധമ്മയെ അമ്മയാണ് വീട്ടിലേക്കു കൊണ്ടുവന്നത്. പണ്ടൊക്കെ എപ്പോളും അമ്മയോട് സങ്കടം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് മുന്നോട്ടു എന്തിനാണ് ജീവിക്കുന്നതെന്നു പോലും അറിയില്ലെന്ന്… മക്കളെപ്പോളും ദൈവം കൊടുത്തില്ലെന്നു.. എന്നാൽ ഇന്നെനിക്കു തോന്നുന്നു രാധമ്മയെ എനിക്കുവേണ്ടി ദൈവം ദൈവം അമ്മയുടെ
മുന്നിലെത്തിച്ചതാകാമെന്നു.
സമയം ഏറെ ആയിട്ടും അർപ്പിത അതെ നിൽപ് തുടർന്നു…. ഒരു വാഹനത്തിന്റെ ഒച്ചയാണ് അർപ്പിതയെ ഓർമകളിൽനിന്നും തിരികെ എത്തിച്ചത്. സമയമേറെ ആയിരിക്കുന്നു.. അവൾ വേഗംതന്നെ ബാൽക്കണി ഡോർ അടച്ചു ബെഡിലായി വന്നുകിടന്നു.
ദിനാരാത്രങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ പൊയ്‌കൊണ്ടിരുന്നു. അർപ്പിത അവളുടെ ഗവേഷണവും ജോലിയുമൊക്കെയായി ആകെ തിരക്കുപിടിച്ചുള്ള ഓട്ടത്തിലായിരുന്നു.ഇതിനിടയിൽ ഋഷികുട്ടനെയും അവൾ വർക്ക് ചെയ്യുന്ന കോളേജിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്കൂളിൽ കെജി ക്ലാസ്സിൽ ചേർത്തു. കോളേജിന് ഓപ്പോസിറ്റ് ആയിട്ടാണ് സ്കൂൾ അതുകൊണ്ടുതന്നെ അവൾക്കതൊരു ആശ്വാസമായിരുന്നു.
സ്കൂൾ സമയം കഴിയുമ്പോൾ അവൾത്തന്നെ തന്നെ മോനെ സ്കൂളിൽ നിന്നും വിളിച് സ്റ്റാഫ് റൂമിൽ കൊണ്ടിരുത്തും.അവിടെനിന്നും കോളേജ് ടൈം കഴിയുമ്പോൾ അർപ്പിതയുടെ കാറിൽ അവൾ മോനെയും കൂട്ടി വീട്ടിലേക്കു പോകാറാണ് പതിവ്. കോളേജിൽ അധികം ഫ്രണ്ട്സ് ഒന്നും ഇല്ലെങ്കിലും ആവശ്യത്തിന് എല്ലാവരോടും സംസാരിക്കുന്ന ഒരു പ്രകൃതമായിരുന്നു അർപ്പിതയുടേത്.ആരുടെ കൂടെയും ആവശ്യത്തിലധികം ഒരു അടുപ്പം സൂക്ഷിച്ചിരുന്നില്ല അവൾ.
അന്നൊരു വെള്ളിയാഴ്ച പതിവുപോലെ ക്ലാസ്സ് കഴിഞ്ഞു ഋഷികുട്ടനേം കൂട്ടി വീട്ടിലേക്കുള്ള യാത്രയിലാണ് അർപ്പിത.
അപ്പുമ്മീ…. അവൻ കൊഞ്ചികൊണ്ട് വിളിച്ചു..
എന്താടാ കള്ളചെക്കാ.. എന്തോ കാര്യം സാധിക്കാനുണ്ടല്ലോ അപ്പുമ്മേടെ പൊന്നുട്ടന്… എന്താ പറ
അപ്പുമ്മീ നമുക്ക് ബീച്ചിൽ പോകാം പ്ലീസ്.. അപ്പുമ്മീ… ഇന്ന് ഫ്രൈഡേ അല്ലെ.. നാളെ സ്കൂളില്ലലോ.. പ്ലീസ്..അവൻ കെഞ്ചി.
അഹ്.. അപ്പുമ്മീ എന്നുള്ള വിളികേട്ടപ്പോൾ തന്നെ മനസിലായി എന്തോ സാധിച്ചെടുക്കാനാണെന്നു.. അവൾ കുറുമ്പോട് പറഞ്ഞു.
പ്ലീസ് അപ്പുമ്മീ… ഋഷിക്കുട്ടൻ വീണ്ടും പറഞ്ഞു.
ഓക്കേ നമുക്ക് പോകാം… പക്ഷെ നമ്മുടെ രാധമ്മ പാവമല്ലേ…. നമ്മളെ കാത്തിരിപ്പുണ്ടാവില്ലേ അവിടെ… നമുക്ക് വീട്ടിൽ ചെന്നിട്ടു രാധമ്മയേം കൂട്ടി അടുത്ത ദിവസം പോകാം എന്തേയ്… അമ്മേടെ പൊന്നല്ലേ…
ഋഷിക്കുട്ടന്റെ മുഖമൊന്നു വാടി… എന്നാലും അവന്റെ അമ്മ കൊണ്ടുപോകാം എന്ന് പറഞ്ഞതുകൊണ്ട് ആൾ കൂടുതൽ വാശി പിടിച്ചില്ല.
അവർ വീട്ടിലെത്തിയപ്പോളേക്കും രാധമ്മ യെ പതിവുപോലെ സിറ്റൗട്ടിൽ കണ്ടില്ല… അർപ്പിത കാർ പോർച്ചിൽ കയറ്റിയിട്ടാശേഷം ഋഷിക്കുട്ടനേയും വിളിച് പുറത്തേക്കിറങ്ങി.
“അമ്മേ എവിടെ നമ്മുടെ രാധമ്മ” ഇന്നെന്തേ രാധമ്മ ഋഷിക്കുട്ടൻ വരുന്നത് നോക്കി നിന്നില്ല… ഋഷിക്കുട്ടൻ മിണ്ടില്ല രാധമ്മയോട്…..
രാധമ്മ അകത്തു ജോലിയിലാകും പൊന്നൂട്ടാ… വാ നമുക്ക് അങ്ങോട്ട് പോയി നോക്കാം അവൾ പൊന്നൂട്ടനെയും കൊണ്ട് അകത്തേക്ക് കയറാൻ ആയി തിരിഞ്ഞതും… “മോളെ ” എന്ന രാധമ്മയുടെ വിളികേട്ട് അവൾ തിരിഞ്ഞു നോക്കി…
” രാധമ്മ ഇതെവിടെപോയതാ”… അവൾ അമ്പരപ്പോടെ ചോദിച്ചു… കാരണം അവർക്കു ഒന്നിനും പുറത്തു പോകേണ്ട ആവശ്യം അവിടെ ഇല്ല…പിന്നെ അയൽക്കാരുമായും കാണുമ്പോൾ ചിരിക്കും എന്നല്ലാതെ അതില്കൂടുതൽ ഒരു പരിചയപ്പെടലിനും ഇതുവരെ പോയിട്ടില്ല. ആകെ ഉണ്ടായിരുന്ന ഒരു അടുപ്പക്കാര് സുനിതേച്ചിയും രാജിവേട്ടനും ആയിരുന്നു. അവർ പോയിട്ടു ഒരുമാസത്തോളം കഴിഞ്ഞു.
അപ്പുറത്ത് പുതിയ താമസക്കാര് വന്നു അപ്പുമോളെ… എന്നാ പറയാനാ… ഒരു അമ്മയും മോനും ആണേ… വേറെ ആരും ഇല്ല… അവർ പറഞ്ഞു.
ആഹാ… പുതിയതാമസക്കാർ വന്നപ്പോളേക്കും രാധമ്മ അങ്ങോട്ടേക്ക് പോയോ… ഇതെന്താ പതിവില്ലാത്ത ശീലങ്ങളൊക്കെ…. അവൾ തെല്ലൊരു ഗൗരവത്തോടെ ചോദിച്ചു.
അങ്ങിനല്ല അപ്പുമോളെ… ആ കൊച്ചാനൊരു ഡോക്ടർ ആണ്. അതിന്റെ അമ്മക്കാണേൽ ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോൾ ഒരു ശ്വാസമുട്ടലും തലകറക്കവും ഒക്കെ… സാധനങ്ങളൊക്കെ മാറ്റുവേം പിടിക്കുവേം ഒക്കെ ചെയ്തതല്ലേ പൊടിയോ മറ്റോ ഒക്കെ അടിച്ചിട്ടാകും. ആ കൊച്ചൻ ലീവ് എടുത്തു നിന്നതാ എന്നാലും പെട്ടെന്നെന്തോ അത്യാവശ്യം വന്നു ഹോസ്പിറ്റലിന്നു വിളിച്ചെന്നു… അതിനു പോകാതെ നിവർത്തിയില്ലാലോ… ആ കൊച്ചന ഇവിടെവന്നു കാര്യം പറഞ്ഞെ… ഞാനാണേൽ വെറുതെ ഇരികുവല്ലേ… അപ്പുമോൾ വരുമ്പളെക്കും ഇങ്ങു വരാമെന്നു കരുതി.
ആണോ.. എന്നിട്ടു ആ അമ്മക്കെങ്ങിനുണ്ട്… അവരുടെ മോൻ വന്നുവോ.. അർപ്പിത തെല്ലൊരു ടെൻഷനോടുകൂടി ചോദിച്ചു
ഇല്ലമോളെ…. വൈകും എന്നാ തോന്നുന്നേ…
“ആണോ.. എന്നാൽ രാധമ്മ ആയമ്മേടെ അടുത്തേക്ക് ചെന്നോളൂ.. സാരമില്ല… വയ്യാത്ത അമ്മയല്ലേ.. ചെല്ലു.” അവൾ നിറഞ്ഞ ചിരിയോടെ പറയുമ്പോൾ രാധമ്മക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… കാരണം മാളൂട്ടിനെ കാണാൻ ഋഷിക്കുട്ടൻ വാശിപിടിച്ചു കരഞ്ഞാൽപോലും അങ്ങോട്ടുപോകാനൊന്നും അവൾ സമ്മതിക്കുമായിരുന്നില്ല. മതിലിനപ്പുറവും ഇപ്പുറവും നിന്നുള്ള സംസാരങ്ങളായിരുന്നു.
എന്താ രാധമ്മേ പോകുന്നില്ലേ…. രാധമ്മ അവിടെത്തന്നെ നിൽക്കുന്നെകണ്ടവൾ ചോദിച്ചു… “ആ പോണു അപ്പുമോളെ
ചായ എടുത്തു തന്നിട്ട് പോകാം രാധമ്മ” പെട്ടെന്ന് ഓർത്തെന്നപോലെ അവർ പറഞ്ഞു.
അതെന്താ രാധമ്മേ… ചായ ഞാനിട്ടാൽ ആവില്ലേ… അവൾ കളിയാക്കി ചോദിച്ചു… രാധമ്മ പോയാട്ടെ… ഇവിടത്തെകാര്യം ഞാൻ നോക്കാം… ഈ കുറുമ്പനെ ആദ്യമൊന്നു കുളിപ്പിക്കട്ടെ… അപ്പിടി അഴുക്കാണ് മേലൊക്കെ 😊.. പോരാത്തതിന് ബീച്ചിൽ പോകാനായി ആശാനൊന്നു ചിണുങ്ങി 😂.
ഇപ്പോൾ രാധമ്മയെ വന്നപ്പോൾ ഇവിടെ ഉമ്മറത്ത് കാണാത്തതിന്റെ പരിഭവത്തില ആശാൻ..
രാധമ്മ നോക്കിയപ്പോളിണ്ട് അമ്മേടെ സാരിയിൽ പിടിച്ചു മുഖം മറച്ചു രാധമ്മയെ നോക്കുവാന് കള്ളൻ…
“ആണോടാ കുറുമ്പാ… രാധമ്മയോട് പിണക്കമാണോ “”..
ഇപ്പൊ പിണക്കമില്ല… പാവം മുത്തശ്ശിക്ക് വയ്യാതെ വന്നതുകൊണ്ടല്ലേ… മോനു പിണക്കമില്ല..
അവന്റെ മറുപടി കേട്ട് അർപ്പിതയും രാധമ്മയും മുഖത്തോട് മുഖം നോക്കി… കാരണം ആദ്യമായിട്ടാണ് ഇത്രയും പക്വതയോടെ അവൻ സംസാരിക്കുന്നതു.
ഒരുവേള അർപ്പിതയുടെ കണ്ണുകൾ നിറഞ്ഞു. പെട്ടന്നു തന്നെ അവൾ രാധമ്മ കാണാതെ കണ്ണുകൾ തുടച്ചു.
രാധമ്മേ ഞാനും വരട്ടെ രാധമ്മയോടൊപ്പം ആ മുത്തശ്ശിയെ കാണാൻ… പ്ലീസ് അമ്മേ ഞാൻ പൊയ്ക്കോട്ടേ.. ഋഷിക്കുട്ടൻ കെഞ്ചി ചോദിച്ചു.
അർപ്പിത ആരുമായി അവന്റെ നെറ്റിയിൽ മുത്തി… ഇപ്പോൾ രാധമ്മ പോട്ടെ കണ്ണാ… മോന്റെ മേലൊക്കെ അപ്പിടി അഴുക്കല്ലേ.. നമുക്ക് കുളിച്ചു.. വിളക്കൊക്കെ വച്ചു നമ്മജപിക്കണ്ടേ… വായോ… നാളെ രാധമ്മ കൊണ്ടുപോകും കേട്ടോ… എന്താ പോരെ..
“വേണ്ട.. വേണ്ട.. വേണ്ട… എനിക്കും പോണം.”. അവൻ വാശി പിടിച്ചു കരഞ്ഞു.
കരയിക്കേണ്ട മോളെ… മോനെ വേഗം കുളിപ്പിച്ച് ഒരു ഉടുപ്പുമിട്ടു തായോ… രാധമ്മ കൊണ്ടുപോകാം.
എന്നാൽ അർപ്പിതക്കു അതിൽ താല്പര്യം ഉണ്ടായില്ല… അതിന്റെ അസ്വസ്ഥത അവളുടെ മുഖത്ത് തെളിഞ്ഞു കാണമായിരുന്നു…
സാരമില്ലമോളെ… ഒരു ദിവസത്തേക്കല്ലേ… രാധമ്മ രണ്ടുകണ്ണുകളും അടച്ചു അവളെ സമാധാനിപ്പിക്കും വിധം പറഞ്ഞു.
അവൾ വേഗംതന്നെ ഋഷികുട്ടനെകൊണ്ട് അകത്തേക്കുപോയി… വേഗംതന്നെ അവനെ കുളിപ്പിച്ച് ഒരു ടീ ഷർട്ടും ഷോർട്സും ഇട്ടു റെഡി ആക്കി…
ആ സമയംകൊണ്ട് രാധമ്മ അവൾക്കുള്ള ചായയുമായി വന്നു…അവൾ അവരെ ശാസനയോടെ നോക്കികൊണ്ട് ചായ മേടിച്ചു. “ഞാനെടുത്തു കുടിച്ചോളാമെന്നു പറഞ്ഞതല്ലേ രാധമ്മേ “:….
അതിനെന്താ മോളെ…. നീ ഇതു കുടിച്ചേ.. എന്നിട്ടു കുളിച്ചു റസ്റ്റ് എടുക്…ഋഷികുട്ടാ ദേ.. ഈ പാൽ വേഗം കുടിച്ചേ… എന്നിട്ടു നമുക്ക് അപ്പുറത്തെ മുത്തശ്ശിയുടെ അടുത്ത് പോകാം…
അതുകേട്ടതും ഋഷിക്കുട്ടൻ വേംതന്നെ പാലുംകുടിച്ചു കയ്യിലൊരു പന്തുമായി രാധമ്മയുടെ അടുത്ത് ചെന്നു.
രാധമ്മ ഋഷിക്കുട്ടനേയുംകൊണ്ട് അപ്പുറത്തെ വീട്ടിലേക്കു നടന്നു…. അവർ ഗേറ്റ് കടന്നുപോകുന്നതും നോക്കി ഒരു നെടുവീർപ് ഇട്ടുകൊണ്ട് അർപ്പിത അകത്തേക്ക് നടന്നു.
(തുടരും )

by