രചന – ജിഷ
അടി കിട്ടിയ കവിൾ തടത്തിൽ കൈകൾ ചേർത്ത് നീതുയേച്ചി ഏട്ടനെ തുറിച്ചു നോക്കി..
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം നീതുയേച്ചി മുറിയിലേക്ക് ചവിട്ടി തുള്ളി പോയി…
ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെന്നു….
ഏട്ടാ അത് വേണ്ടായിരുന്നു, എന്തിനാ വെറുതെ പ്രശ്നം വഷളാക്കിയേ ഇനിയിപ്പം എന്ത് ചെയ്യും…
ഏട്ടൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി…
അമ്മാമ കണ്ണ് തുടച്ചു അകത്തേക്ക് നടന്നു
അമ്മ അച്ഛനെ നോക്കി, അച്ഛൻ ചുമലിലെ തോർത്തെടുത്ത് മുഖംതുടച്ച് ഉമ്മറ പടിയിലേക്കിരുന്നു..
കുറച്ചു കഴിഞ്ഞ് ഏട്ടത്തി മക്കളെ കൊണ്ട് വീട്ടിൽ പോകാൻ ഇറങ്ങി വന്നു..
അപ്പു പോവാൻ കൂട്ടാക്കാതെ വാശി പിടിച്ചു…
ഞങ്ങളെല്ലാവരും മാറി മാറി പറഞ്ഞിട്ടും നീതുയേച്ചി അയഞ്ഞില്ല….
കൊണ്ടുവിടാമെന്ന് ബാലൻമാമ പറഞ്ഞിട്ടും നീതുയേച്ചി കേട്ടില്ല..
ചേച്ചി തന്നെ ടാക്സി വിളിച്ച് വീട്ടിലേക്ക് തനിയെ പോയി…
എറെ വൈകി വീട്ടിലെത്തിയ ഏട്ടനോട് അമ്മ അത് പറഞ്ഞപ്പോൾ ഏട്ടന്റെ മുഖത്ത് വല്യഭാവ വ്യതാസം ഒന്നും ഉണ്ടായില്ല..!!
ഏട്ടൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.
ചേച്ചിയും കുട്ടികളും പോയതോടെ വീട് ഉറങ്ങിയപ്പോലെ ആയി.. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല……
ബാലൻ മാമ മാത്രം അന്തവും കുന്തവുമില്ലാതെ എന്നത്തേയും പോലെ ഓടി നടന്നു പണിയെടുത്തു… !!!
വാതിൽക്കൽ ഒരു മുരട് അനക്കം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്….
മോൾക്ക് ഉറങ്ങാറായോ??
ഇല്ല ഏട്ടാ…
ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ കൈകളോടിച്ച് ഏട്ടൻ എന്റെ അരികിലെത്തി..
എല്ലാം ദേവേട്ടന്റെ പുസ്തകങ്ങളാ…
അമ്മയെല്ലാം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് അല്ലേ നന്ദുട്ടി…
ഞാൻ ഒന്നും പറയാതെ മന്ദഹസിച്ചു..
എന്റെ മനസ്സ് മുഴുവൻ നീതുയേച്ചി ആയിരുന്നു.
ഏട്ടത്തി എന്താ ഏട്ടാ എങ്ങനെ??
എന്റെ വിധി അല്ലാതെന്താ..
ഇന്നും ഇങ്ങനെ ആണോ?
മ്മ് മം മിക്കപ്പോഴും, അവൾക്ക് നമ്മളെല്ലാം അടിമകളാ,ഞാനായിട്ട് തലയിലാക്കിയതല്ലേ അനുഭവിക്കുക തന്നെ..
എന്നാലും എത്രയെന്നു വെച്ചാ സഹിക്കുന്നെ
മടുത്തു, മക്കളെ ഓർത്തു മാത്രമാ എല്ലാം കണ്ണടക്കുന്നെ…
അതിനും ഒരു പരിധിയില്ലെ സഹിക്കെടും ചിലപ്പോൾ….
അപ്പോൾ ഏട്ടൻ ഇതിന് മുൻപും ഏട്ടത്തിയെ തല്ലിയിട്ടുണ്ടോ??
മ്മ് മം.. ഒന്ന് രണ്ട് വട്ടം….
മീനുട്ടിടെ ശാപമായിരിക്കും അല്ലേ മോളെ ? !!!!
ഏട്ടന്റെ മിഴികൾ നിറഞ്ഞു..
“ഏട്ടൻ മുറിയിൽ നിന്ന് ഇറങ്ങി പോകുമ്പോൾ എന്റെ കാതിൽ അന്ന് ഏട്ടൻ പറഞ്ഞ വാക്കുകളായിരുന്നു “!!!
പതിവു പോലെ ഏട്ടൻ ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയദിവസം…….
എന്തിനോ വേണ്ടി മീനു ഒപ്പോയെ അന്വേഷിച്ചാണ് എന്റെ വരവ്, ഉറക്കെ വിളിക്കുന്നുമുണ്ട്..
അടുത്തെത്തിയപ്പോൾ മീനു ഓപ്പ ചൂണ്ടു വിരൽ ചുണ്ടിൽ ചേർത്ത് ശ്… ശ്… ശ് പറഞ്ഞു..
ഞാനും മിണ്ടാതെ ഓപ്പടെ അടുത്തു വന്നു നിന്നു…
മീനു ഓപ്പ അകത്തളത്തിന്റെ പുറത്തേക്കുള്ള വാതിലിന്റെ മറവിലാണ് നിൽക്കുന്നത്…
നടുത്തളത്തിൽ അച്ഛനും ബാലൻമാമയും യെദുവേട്ടനും ഉണ്ട്…
എടാ യെദു നി ഇങ്ങനെ പറഞ്ഞാൽ പറ്റുമോ,
ഞാൻ മാലതിക്ക് കൊടുത്ത വക്കാ നിന്റെ പെണ്ണായി മീനുട്ടി എന്റെ വീട്ടിൽ കാണുമെന്ന്…
അച്ഛൻ പെങ്ങളാണ് മാലതി അപ്പച്ചി,
ഒരാക്സിണ്ടന്റിലൂടെ മീനു ഓപ്പയുടെ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മീനുഓപ്പയെ തനിച്ചാക്കി പോയി..
കൂടെയുണ്ടായിരുന്ന ഓപ്പയ്ക്ക് ആ ദിവസമാണ് സംസാരശേഷി എന്നന്നേക്കുമായി നഷ്‌ടമായത്…
അച്ഛനാണ് പിന്നീട് ഓപ്പയെ നോക്കി വളർത്തിയത് …..
അതിന്റെ വാത്സല്യം ആ വാക്കുകളിൽ ആവോളമുണ്ട്..
എന്റെ പെങ്ങൾക്ക് ഞാൻ കൊടുത്തവാക്ക് തെറ്റിക്കാൻ എനിക്കാവില്ല യെദു…
എന്താ അച്ഛാ ഈ പറയുന്നേ? !!!
കെട്ടുപാടുകളുടെ കഥകൾ പറഞ്ഞ് അച്ഛനിത് മുടക്കരുത്..
എന്റെ പ്രൊഫെസ്സറുടെ മോൾ ആണ്,ഒരേയൊരു മകൾ, നല്ല കുട്ടി, ഒരേ പ്രൊഫഷൻ……
എന്റെ ഇപ്പോളത്തെ സ്റ്റാറ്റസിന് പറ്റുന്ന ഒരു ബന്ധമാണ് ഇത്..
സർ ഇങ്ങോട്ട് പറഞ്ഞതാണ്…
എംബിബിസ് കഴിഞ്ഞത് കൊണ്ടുമാത്രം ഞാൻ ഒരു ഡോക്ടർ ആകില്ല.. മുന്നോട്ട് ഇനിയും ഒരുപാട് പഠിക്കാനുണ്ട്, ഞാൻ നോക്കിയിട്ടും ഇത് നല്ല ഒരു അവസരമാണ്, സ്വന്തം ഹോസ്പിറ്റലിൽ അതും മെഡിക്കൽ കോളേജ് , എനിക്ക് താല്പര്യമുണ്ട് …
ഇല്ലാത്ത സെന്റിമെൻറ്സും പറഞ്ഞു കൊണ്ടിരുന്നാൽ എന്റെ ഭാവിയാണ് തുലയുന്നത്,
ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിക്കോളാം..
ഒന്നും മിണ്ടാൻ ആവാതെ അച്ഛൻ നെഞ്ചും തടവി നിന്നു…
ബാലൻ മാമയും ഏട്ടനോട് എന്തൊക്കെയോ പറയുന്നുണ്ട്…
“ഏട്ടന് ആരും പറയുന്നത് കേൾക്കണ്ടത്ര ”
ഞാൻ മീനു ഓപ്പയെ നോക്കി, ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി..
ഏട്ടനോട് എനിക്കും ദേഷ്യമായി, ഓപ്പ എന്റെ ജീവനാണ്, മീനു ഓപ്പ കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു..
പിന്നെ കുറെ ദിവസത്തേക്ക് ഞാനും ഏട്ടനോട് ഒന്നും മിണ്ടിയില്ല..
എനിക്കറിയമായിരുന്നു ഏട്ടനെന്ന് വെച്ചാൽ ഓപ്പയ്ക്ക് ജീവനാണെന്ന്…
ഏട്ടനെ കാണുമ്പോൾ ഓപ്പയുടെ കണ്ണുകളിൽ നല്ല തിളക്കമാണ്..
എന്നോടും ദേവേട്ടനോടും ഉള്ളതിനേക്കാൾ സ്നേഹം എന്നും യെദുയെട്ടനോടായിരുന്നു മീനുഓപ്പയ്ക്ക്..
യെദുവേട്ടൻ എംബിബിസിന് അഡ്മിഷൻ കിട്ടി ഹോസ്റ്റലിലേക്ക് മാറിയപ്പോൾ വീട്ടിലെ എല്ലാവരേക്കാളും സങ്കടം മീനുഓപ്പയ്ക്ക് ആയിരുന്നു.. സങ്കടങ്ങൾ പറഞ്ഞു തീർക്കാൻ ദൈവം കഴിവ് കൊടുക്കാഞ്ഞതുകൊണ്ട് എന്നും കരഞ്ഞു തീർക്കുമായിരുന്നു പാവം…
വൈകുന്നേരങ്ങളിൽ ആരും കാണാതെ കുളിപടവിന്റെ മറവിൽ ഇരുന്നു കരയുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്…..
എല്ലാ ആഴ്ചയിലും ഏട്ടൻ വീട്ടിലെത്തുന്നദിവസം
മീനുഓപ്പ ഉച്ചമുതൽ പടിപ്പുര വാതിലിനപ്പുറത്തേക്ക് കണ്ണ് പായിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കും…
അന്നേദിവസം ഏട്ടന് പ്രിയപ്പെട്ട എന്തേലും ഒരു പലഹാരവും കാണും..
എനിക്കും തരും മീനുഓപ്പ….
മീനു ഓപ്പ എന്ത് ഉണ്ടാക്കിയാലും നല്ല രുചിയാ..
അച്ഛൻ എപ്പോളും പറയും മാലതിഅപ്പച്ചിടെ കൈപുണ്യം അതെപടി കിട്ടിട്ടുണ്ടന്ന്…
ഒരു ദിവസം യെദുവേട്ടൻ കൂട്ടുകാരുടെ കൂടെ പോയി കുറെ വൈകി വീട്ടിലെത്തി.. നിലത്തുറയ്ക്കാത്ത കാലുകളുമായി ഏട്ടൻ
തിരിച്ചെത്തിയപ്പോൾ മീനുഓപ്പ ആരും കാണാതെ ഏട്ടനെ താങ്ങിഅകത്തേക്ക് നടത്തി.. പക്ഷേ ഏട്ടന്റെ ഭാരം താങ്ങാൻ ആവാതെ മീനു ഓപ്പ ഏട്ടനെയും കൊണ്ടു വീഴാൻ പോയി…
അത് കണ്ട് ഞാൻ അച്ഛയെ വിളിക്കാൻ ഓടിയാതാ പക്ഷേ ഓപ്പ എന്നെ തടഞ്ഞു.. ആരോടും പറയരുതെന്ന് ശട്ടം കെട്ടി….
മീനുഓപ്പ എങ്ങനെയൊക്കെയോ ഏട്ടനെ താങ്ങി മുറിയിൽ കൊണ്ടു പോയി കിടത്തി തിരികെ ഇറങ്ങുമ്പോൾ ഏട്ടൻ അവ്യകതമായി പറഞ്ഞുകൊണ്ടിരുന്നു…
മീനുട്ടി i love you ഡീ ന്ന്…
അപ്പോൾ മീനു ഓപ്പയുടെ മുഖമൊന്ന് കാണണമായിരുന്നു നാണം കൊണ്ട് ചുവന്നു തുടുത്ത്…
ഞാനും കേട്ടല്ലോ എന്ന് മീനുഓപ്പയോട് പറഞ്ഞപ്പോൾ എനിക്ക് കെട്ടിപിടിച്ച് രണ്ടുകവിളിലും ഉമ്മ തന്നിട്ട് ആരോടും പറയല്ലെന്ന് ആംഗ്യം കാട്ടി…
പക്ഷേ ഇന്ന് ആ ഏട്ടനാണ്, വേറെ പെണ്ണിനെ കെട്ടാൻ പോവാന്ന്, “”എനിക്കിഷ്‌ടമല്ല യെദുവേട്ടനെ മീനുഓപ്പേയ്””
ഞാൻ അതുപറഞ്ഞപ്പോൾ മീനുഓപ്പ പൊട്ടിക്കരഞ്ഞ് എന്നെ മുറുക്കി കെട്ടിപിടിച്ചു. എനിക്ക് ശരിക്കും ശ്വാസംമുട്ടി, എങ്കിലും ഞാൻ ഒന്നും മിണ്ടാതെ നിന്നു…
അമ്മ വിളിച്ചപ്പോൾ വേഗം കണ്ണ് തുടച്ച് അടുക്കളയിൽ എത്തി…
അമ്മയോട് ഇത് പറയാൻഞാൻ തുടങ്ങിയതാണ് പക്ഷേ അച്ഛൻ അമ്മയെ ഉമ്മറത്തേക്ക് വിളിച്ചു..
എനിക്കറിയാരുന്നു ഇതിനെ കുറിച്ച് സംസാരിക്കാൻ ആണെന്ന്, അതുകൊണ്ട് ഞാനും അമ്മയുടെ പുറകെ പോയി..
യെദുവേട്ടൻ പറഞ്ഞത് മുഴുവൻ അമ്മയോട് അച്ഛൻ പറയുമ്പോൾ ആ സ്വരം ഇടറിയിരുന്നു..
അവന് താല്പര്യം ഇല്ലച്ഛാ പിന്നെ എങ്ങനെയടോ..
അമ്മ ഒന്നും പറയാതെ നിന്നു..
താൻ അവനോട് ഒന്ന് സംസാരിക്ക്
രാത്രിയിൽ യെദുയേട്ടനോട് അമ്മ സംസാരിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.. ഏട്ടന്റെ തീരുമാനം ഒന്നൂടെ അച്ഛന്റെയും അമ്മയുടെയും അടുത്ത് അറിയിച്ച് ഏട്ടൻ ഹോസ്റ്റലിലേക്ക് പിറ്റേന്ന് തന്നെ മടങ്ങി…..
പിന്നീട് ഉള്ള ദിവസങ്ങളിൽ മീനുഓപ്പയുടെ ശബ്ദമില്ലാത്ത നെടുവീർപ്പുകൾ മാത്രമായി…
അമ്മയും അമ്മാമയുമൊക്കെ മീനു ഓപ്പയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു…
എന്നാലാവും വിധം ഞാനും, അമ്മയുടെ ആശ്വാസവാക്കുകളിൽ മീനു ഓപ്പ കുറെയൊക്കെ മാറി…
എങ്കിലും ആ കണ്ണുകളിൽ പഴയ തിളക്കമില്ലായ്മ എല്ലാവരെയും സങ്കടപ്പെടുത്തി…..!!
തുടരും…

by