രചന – ജിഷ
നന്ദുട്ടിയെ..!!!
ഏട്ടന്റെ മുറിയുടെ വാതിലിൽ പതിയെ തള്ളി
അകത്തേക്ക് കയറാൻ കാലെടുത്തു വെച്ചപ്പോൾ അമ്മയുടെ വിളിയെത്തി !!!!!
നന്ദുട്ടി താഴേക്കു വാ ആഹാരം കഴിക്കാം….
തുറന്ന വാതിൽ അതുപോലെ തിരിച്ചടച്ച് താഴെയെത്തി…
പുറത്തുനല്ല മഴയാ ബാലൻ ഇതു വരെ എത്തിയില്ലേ ലക്ഷ്മി??
എത്തി അമ്മേ… അവൻ പശുന് പിണ്ണാക്കും പുല്ലും കൊടുക്കുവാ…
അതുപിന്നെ അവനൊന്നും കഴിച്ചില്ലേലും അവറ്റകൾക്ക് ആഹാരംകൊടുക്കാൻ എവിടെ പോയാലും ഓടിയെത്തുമല്ലോ അവൻ…
നന്ദു നിനക്ക് ചോറാണോ കഞ്ഞിയാണോ വേണ്ടേ??
എനിക്ക് കഞ്ഞി മതി അമ്മേ….
നാളെ മുതൽ ലക്ഷ്മിക്ക് പണിയാ, നീതുവിന് ചപ്പാത്തിയാ ഇഷ്‌ടം…
ഞാനും അമ്മാമയും ചിരിച്ചു…
പണ്ട് ഓർക്കുണ്ടോ നന്ദു ചപ്പാത്തി വേണമെന്ന് പറഞ്ഞതിന് ഇവള് നന്ദുട്ടിയെ തല്ലിയെ…
ഇപ്പം മരുമോൾക്ക് ഉണ്ടാക്കികൊടുക്കാൻ ഒരു വഴക്കുമില്ല……..
അതങ്ങാനായ അമ്മമേ സ്വന്തം മക്കളെക്കാൾ ചില അമ്മാർക്കിഷ്‌ടം മരുമക്കളെയാ അല്ലേ അമ്മേ……
അവസാന കാലത്ത് ഒരിറ്റ് വെള്ളം കിട്ടുമെന്ന് ഓർത്താ ലക്ഷ്മി ഈ പെടാപ്പാട് മൊത്തം പെടുന്നെ,
മ്മ് മം…കണ്ടറിയാം….
മകള് കാണുമോ മരുമക്കൾ കാണുമോന്ന്…. ഞാൻ അത് പറഞ്ഞപ്പോൾ അമ്മ ഭിത്തിയിൽ ഉള്ള ദേവേട്ടന്റെ ഫോട്ടോയിലോട്ട് ഒരു നിമിഷം നോക്കി…
ആഹാ എല്ലാവാരും ഇവിടെ കഞ്ഞി കുടി തുടങ്ങിയോ…
ഇല്ലേ………………
ബാലൻ മാമയും അച്ഛനും വരാതെ ഞങ്ങള് കഞ്ഞി കുടിക്കുമോ ??
വയറു നിറയെ കഞ്ഞി കുടിച്ച് അമ്മാമയുടെ ചൂടുപറ്റി കിടന്നപ്പോൾ ഞാൻ പഴയ പത്തു വയസ്സുകാരി നന്ദുട്ടി ആയി……
പുറത്തു പെയ്യുന്ന മഴയുടെ തണുപ്പ് അകത്തെ മുറിയിലേക്ക് അരിച്ചിറങ്ങിയപ്പോൾ അമ്മാമയെ ഒന്നൂടെ ചേർന്ന് കെട്ടിപിടിച്ചു കിടന്നു…..
രാവിലെ എഴുന്നേറ്റ് കുളിച്ചു അമ്പലത്തിൽ പോയി കള്ളകണ്ണനോട് എന്റെ സങ്കടങ്ങളൊക്കെ പറഞ്ഞു തിരിച്ചു വരുമ്പോൾ കണ്ടു മുറ്റത്ത് ഒതുക്കി നിർത്തിയിട്ടിരിക്കുന്ന കാർ….
ഓടി വന്ന് അപ്പുനെയും അമ്മുനെയും എടുത്ത് ഒമാനിക്കുമ്പോൾ നീതുയേച്ചി അടുത്തെത്തി
എന്നാലും എന്റെ നന്ദുട്ടി നീ അമ്മുട്ടിനെ ഒന്നു കാണാൻ പോലും വന്നില്ലാലോ….
തിരക്കായി പോയി ചേച്ചി എന്നോട് പിണങ്ങല്ലേ , പിന്നെ ഈ വരവ് ഒട്ടും പ്രതീക്ഷിക്കാതെ അല്ലേ.. അല്ലേൽ അവിടെ വന്ന് എല്ലാരേയും കണ്ട് രണ്ടു ദിവസം അടിച്ചുപൊളിച്ചിട്ടേ ഞാൻ ഇങ്ങോട്ട് പോരുള്ളയിരുന്നു…
വന്ന കാലിൽ നിൽക്കാതെ കേറി വാ മക്കളെ…
അച്ഛൻ അതും പറഞ്ഞ് ഉമ്മറത്തെ ചാരുകസേരയിരുന്നു..
ബാലൻ മാമ ഏട്ടന്റെ പെട്ടിയും മറ്റ് സാധനസാമഗ്രികളുമൊക്കെയുമെടുത്ത് ഇറയത്തു വെച്ചു..
അമ്മാമയും അമ്മയും കുഞ്ഞുങ്ങളെ കളിപ്പിക്കുന്ന തിരക്കിലായി….
അച്ഛൻ എല്ലാം കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നു…..
ഞാൻ തിരിഞ്ഞ് ഏട്ടനെ ഒന്നു നോക്കി.
മ്മ് മ്മ് മം… അനക്കമില്ലലോ…
ഒഹ്ഹ്ഹ്.
ഇപ്പോളെങ്കിലും നമ്മളെ ഒന്ന് നോക്കിയല്ലോ !!!
നീ എന്നെ മൈൻഡ് ചെയ്യുമോ എന്ന് നോക്കി നിന്നതാ….
ഓടി ചെന്ന് ഏട്ടനെ കെട്ടിപിടിച്ചു. ടാ കൊരങ്ങൻ ചേട്ടാ നിന്നെ മൈൻഡ് ചെയ്യാതിരിക്കാൻ എനിക്ക് പറ്റുമോ ????
പിന്നെ പഴയപോലെ അല്ലാല്ലോ ചേട്ടനു മുൻപേ മൈൻഡ് ചെയ്യാൻ വേണ്ടി രണ്ട് കുട്ടി കൊരങ്ങൻ മാരുകൂടി ഉണ്ടല്ലോ അതല്ലേ ഈ താമസം,ഈ കൊരങ്ങനെ മൈൻഡ് ചെയ്യാൻ….
എല്ലാവരും അത് കേട്ട് ചിരിച്ചെങ്കിലും നീതുയേച്ചീടെ മുഖം പെട്ടെന്ന് വീർത്തു..
അത് കണ്ട് അമ്മ വേഗം അവരെ അകത്തേക്ക് ക്ഷണിച്ചു….
ഞാൻ സങ്കടത്തോടെ ഏട്ടനെ നോക്കി…
സോറി ഏട്ടാ പെട്ടെന്ന് കണ്ടപ്പോൾ ഞാൻ മാനേഴ്സ് ഒന്നും ഓർത്തില്ല, നീതുയേച്ചിക്ക് ഇഷ്‍ടമായില്ല ഞാൻ അങ്ങനെ പറഞ്ഞെ… !!!!!
സാരമില്ല അവളുടെ സ്വഭാവം അങ്ങനെ തന്നെ ഒരു മാറ്റവുമില്ല….
ഏട്ടൻ എന്നെയും കൂട്ടി അകത്തേക്ക് നടന്നു….
ഞാൻ മുറിയിൽ പോയി കുറെ കളിപ്പാട്ടങ്ങൾ കൊണ്ട് അപ്പുനും അമ്മുനും കൊടുത്തു….
കുറച്ചു കഴിഞ്ഞപ്പോഴേക്കും രണ്ട് പേരും നന്നായി എന്നോട് അടുത്തു…
അവരുകൂടി എത്തിയതോടെ ആഘോഷമായി……..ചേച്ചി അവിശ്യത്തിനുമാത്രം മുറിക്ക് പുറത്തിറങ്ങി…
കുട്ടികൾക്കൊപ്പം ഞാനും ഏട്ടനും കൂടി ….
പഴുത്ത ചക്ക മുറിച്ചപ്പോൾ ഞാനും ഏട്ടനും കൂടി അടികൂടി…..
അപ്പുനു കൊടുത്തതിന് ഏട്ടന് ഏട്ടത്തിടെ കൈയിൽ നിന്ന് നല്ലത് കിട്ടി…
വൈകിട്ട് കാപ്പി കുടി കഴിഞ്ഞ് ഞങ്ങൾ പോയി കുറച്ച് ബന്ധുക്കളുടെ വീടൊക്കെ സന്ദർശിച്ചു…
ഏട്ടത്തി എല്ലാ കാര്യങ്ങൾക്കും ഞങ്ങളിൽ നിന്ന് കുറച്ച് അകലം പാലിച്ചു….
അടുത്തദിവസം ബാലൻ മാമ തൊടിയിലിറങ്ങിയപ്പോൾ ഞാനും പുറകെ കൂടി..
മോൾക്ക് മാങ്ങാ വേണോ…???
മ്മ് മം വേണം….
പടിഞ്ഞാറെ തൊടിയിലെ മുവാണ്ടൻ മാവ് നിറയെ മാങ്ങയാ… ഇക്കൊല്ലമാ അത് പൂത്തത്
മോൾക്ക് ഓർമ്മയുണ്ടോ?? അത് ദേവൻകുഞ്ഞു വെച്ചാ മാവാ…..
അതു പറഞ്ഞപ്പോൾ ബാലൻമാമയുടെ കണ്ണ് നിറഞ്ഞിരുന്നു…….
മോളെ…..
ബാലൻമാമ ഒരു കാര്യം ചോദിക്കട്ടെ….
മ്മ് മം……
മോൾക്ക് ദേവനോട് ഇങ്ങോട്ട് വരാൻ പറഞ്ഞൂടെ
ഈ വീട്ടിൽ മോളോടാണ് ദേവന് അന്നും ഇന്നും ഒരുപാട് സ്നേഹം..
പറയാഞ്ഞിട്ടല്ല ബാലൻമാമേ, ഏട്ടന് പഴയ മിണ്ടാട്ടമൊന്നുമില്ല, ഒന്നോ രണ്ടോ വാക്ക് അതിൽ കൂടുതൽ ഒന്നും പറയില്ല……
എന്റെ കുട്ടി എനിക്ക് ഒരു വാക്ക് തരുമോ??
എന്താ ബാലൻ മാമേ,??
മോള് എങ്ങനെ എങ്കിലും അവനെ ഇവിടെ എത്തിക്കണം എന്റെ കുട്ടിയെ കാണാഞ്ഞിട്ട് സഹിക്കാൻ പറ്റണില്ല…
ആരോടും പറയുന്നില്ലന്നെ ഉള്ളൂ നന്ദുട്ടി…
ചേട്ടന്റെ ഉള്ള് നിറുവാ… ചോദിച്ചാൽ ഒന്നുമില്ലെന്ന് പറയും എന്നാലും ഞാൻ കാണുന്നുണ്ട്
ആരോടും പറയാതെ നെഞ്ച് തടവിയുള്ള ആ നടപ്പ് …
എപ്പോഴും ഭയങ്കര ചിന്തയാണ്
ഇപ്പോൾ പലതവണയായി കാണുന്നു ഞാൻ …
എനിക്ക് കണ്ട് നിൽക്കാൻ വയ്യാ, പെങ്ങളുടെ കെട്ടിയോനായിട്ടല്ല ഞാൻ മാധവേട്ടനെ കണ്ടേ സ്വന്തം ജേഷ്‌ഠനായിട്ടാ….
അന്ന് അങ്ങനെ പറ്റിപ്പോയി…
സ്വന്തം പോലെ കണ്ട് വളർത്തി വലുതാക്കിയതല്ലേ,
അതിന്റെ ദെണ്ണം ഇല്ലാണ്ടിരിക്കുമോ…
അന്ന് അങ്ങനെയെ ചെയ്യാൻ ലക്ഷ്മിചേച്ചിക്കും പറ്റൂള്ളയിരുന്നു…
നന്ദുട്ടിയെയും മീനുട്ടിയെയും രണ്ടായി ചേച്ചി കണ്ടിട്ടുണ്ടോ ??
എല്ലാം സത്യമാണ് പക്ഷേ…..
അതിന്റെ പേരിൽ ഇത്രയും ശിക്ഷിക്കണോ അവന്, സ്വന്തം അച്ഛനും അമ്മയുമല്ലേ….
എല്ലാം മീനുട്ടിടെ ശാപമാ..
രണ്ട് ആണ്മക്കളുടെയും ജീവിതം ഇങ്ങനെയായി …
എന്റെ നന്ദുട്ടിടെ ജീവിതമെങ്കിലും നന്നായാൽ മതിയാരുന്നു……
ബാലൻമാമ പതം പറഞ്ഞു കൊണ്ടിരുന്നു….
ഇല്ല ബാലൻമാമേ, തെറ്റി ഞങ്ങൾ മൂന്നുമക്കളുടെയും ജീവിതം ഏതൊക്കയോ ദിശയിലാ…….
മനസ്സിൽ ഓരോന്നോർത്ത് മുന്നോട്ട് നടന്നു…
അറിഞ്ഞുകൊണ്ട് ആരും ഒരുതെറ്റും ചെയ്തിട്ടില്ല.. പക്ഷേ ഹൃദയം കൊണ്ട് ഉരുകിയ ഒരു മിണ്ടാപ്രാണിയുണ്ട്, പാവം മീനുഓപ്പ ഓർക്കുമ്പോൾ ഹൃദയം പൊട്ടും…
നിറഞ്ഞു വന്ന കണ്ണുകൾ ബാലൻ മാമ കാണാതെ ഒപ്പി…
ചെയ്യാം ബാലൻ മാമേ ഞാനിവിടെ എത്തിച്ചിരിക്കും എന്റെ വല്യയേട്ടനെ…
മാങ്ങാ പൊട്ടിച്ചു തിരികെ നടക്കുമ്പോൾ മനസ്സ് നിറയെ ഏട്ടന്റെ നിറഞ്ഞ കണ്ണുകളായിരുന്നു..
എവിടെ പോയാലും കൈ നിറയെ കൊണ്ടു തരുന്ന തേൻ മിഠായികളായിരുന്നു, ഏട്ടന് ഞാൻ അനിയത്തി അല്ലായിരുന്നു മകളായിരുന്നു..
ഏട്ടനും ഞാനും പതിനഞ്ചു വയസ്സിന്റെ വ്യത്യാസമുണ്ട്….
തിരികെ വീട്ടിലെത്തിയപ്പോൾ അടുക്കള പുറത്ത് എന്നെ കാത്ത് യെദുവേട്ടൻ ഉണ്ടായിരുന്നു…
നീ എന്താടി എന്നെ വിളിക്കാതെ പോയെ…
മ്മ് മം…. എന്നിട്ട് വേണം നിങ്ങൾ തമ്മിൽ കിടന്ന് അടികൂടാൻ, എന്റെ പൊന്നുമോനെ എനിക്ക് വയ്യാ പിന്നെ അതോർത്ത് സങ്കടപ്പെട്ടോണ്ടിരിക്കാൻ…
അമ്മ പറഞ്ഞു, നീ മാങ്ങാ പറിക്കാൻ പോയതാണെന്ന് പറഞ്ഞതു മുതൽ ഞാനിവിടെ കാത്ത് നിൽക്കുവാ കൊതി മൂത്ത്…..
മ്മ് മം…… എനിക്കറിയാം കൊതിയൻ….
മീനു ഓപ്പോ കൊണ്ടു തരുമ്പോൾ ദുഷ്‌ടൻ ഞങ്ങൾക്ക് തരാതെ മൊത്തം തിന്നും…
കാര്യം പറഞ്ഞു നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടൻ ഒന്നും മിണ്ടാതെ നിൽക്കുന്നു….
ഈശ്വരാ അറിയാതെ വായിന്നു വന്നു പോയതാ… !!!
ഏട്ടാ…
മ്മ് മം….
എന്താ ?
ഒന്നുമില്ല !
എങ്കിൽ വാ..
അപ്പു എവിടെ ഏട്ടാ…..
അവൻ മുറിയിൽ ഉണ്ട്..
എങ്കിൽ ഏട്ടൻ ഈ മാങ്ങാ ആ അമ്മിക്കല്ലിൽ
ഇട്ട് ചതച്ച് വെയ്ക്ക്…
ഞാൻ പോയി വറ്റൽ മുളക് വറുത്തതും ഉപ്പും കുഞ്ഞുള്ളിയും വെളിച്ചെണ്ണയും എടുത്തിട്ട് വരാം…
തിരികെ വന്നപ്പോഴേക്കും ഏട്ടൻ അത് ചതച്ച് അതിൽ നിന്ന് കഴിച്ചോണ്ടിരിക്കുന്നു…
ഞാൻ ഓടിയെത്തി മുളക് വറുത്തതും ഉള്ളിയും കൂടി ചതച്ച്, മാങ്ങയിൽ ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി കൊടുത്തു….
അതിൽ നിന്ന് ഒരെണ്ണം എടുത്തു കടിച്ചു….
ആ…ഹ്ഹ് എന്താ രുചി അല്ലേ ഏട്ടാ…
ദേവേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ അല്ലേ ഏട്ടാ….
മ്മ് മം….
ഏട്ടൻ വിളിക്കാറുണ്ടോ നന്ദുട്ടി…
മ്മ് മം , വല്ലപ്പോഴും !!!
ഏട്ടനയോ?
എന്നെയും വല്ലപ്പോഴും വിളിക്കും , അങ്ങോട്ട് ചോദിക്കുന്നതിനുനൊന്നും മറുപടി പറയില്ല, വേഗം വെയ്ക്കും….
എന്നാലും വേണ്ടില്ല ആ ശബ്ദമെങ്കിലും കേൾക്കാൻ പറ്റുന്നുണ്ടല്ലോ… !!!
എന്റെ മനസ്സിലൂടെ മങ്ങിയ ചില ഓർമ്മകൾ കടന്നു പോയി… ഒരു നൊമ്പരത്തോടെ അതൊക്കെ കണ്മുൻപിൽ…
ദേവേട്ടൻ ആയിരുന്നു ഞങ്ങളുടെ ലീഡർ. മീനു ഓപ്പയും ഞാനും കൂടെ തന്നെ കാണും….
യെദുവേട്ടൻ മഹാ കുസൃതിയാണ്……..
ഒരു ദിവസം യെദുവേട്ടൻ മാവിലെറിഞ്ഞ കല്ല് കൊണ്ട് മീനുഓപ്പയുടെ നെറ്റിമുറിഞ്ഞു,മീനുഓപ്പ യെദുവേട്ടൻ ആണെന്ന് പറഞ്ഞില്ല അതുകൊണ്ട് അച്ഛന്റെ കൈയിൽ നിന്ന് മൂന്നു പേർക്കും നല്ലഭേഷായി കിട്ടി……
ഏട്ടാ ഓർമ്മയുണ്ടോ പണ്ട് കിഴക്കേലെ സിന്ധുചേച്ചിടെ വീട്ടിൽ താഴെ വീണ മാമ്പഴം എടുത്തത് ചേട്ടന്റെ കൈയിൽനിന്നും ആ ചേച്ചി തട്ടി പറിച്ചതും അതിൽ കലി പൂണ്ട് ഏട്ടൻ ആ ചേച്ചിയെ പട്ടിന്ന് വിളിച്ചതും…
പിന്നെ ഓർക്കാതെ….
മ്മ് മം… സിന്ധു ചേച്ചി അത് വീട്ടിൽ ചെന്ന് ചേച്ചിടെ അച്ഛൻ പട്ടാളം മാമനോട് പറഞ്ഞു…
ആള് പട്ടാളക്കാരൻ ഒന്നുമല്ല ട്ടോ.. കുട്ടുകാർ ആരോ വിളിച്ചത്തുടങ്ങിയതാ പിന്നെ എല്ലാവരും അങ്ങനെയായി വിളി… .
പട്ടാളം മാമൻ അച്ഛന്റെ കൈയിൽനിന്ന് നല്ല അടി വാങ്ങി തന്നു…
അതിന്റെ ദേഷ്യത്തിന് ഏട്ടൻ മാമന്റെ അംബാസിഡർ സോപ്പുപെട്ടി കാറിന്റെ ചില്ല് കല്ലെടുത്ത് എറിഞ്ഞു പൊട്ടിച്ചു…
അത് പക്ഷേ നമ്മുക്ക് മാത്രമേ അറിയൂ…..
എന്തൊക്കെ കുരുത്തക്കേടായിരുന്നു എല്ലാം ഇന്നലത്തെ പോലെയാ മനസ്സിൽ തെളിഞ്ഞു വരണേ…..
മ്മ് മം….
പാവം ഒരു ക്ഷമപോലും പറയാൻ പറ്റിയില്ല….
അതിനു മുൻപേ പോയില്ലേ… .
എന്ത് പറ്റിയതാ ഏട്ടാ….!!!!
എവിടെയോ പോയി വരുമ്പോഴാണ്……
ഇവിടെ ജംഗ്ഷനിൽ എത്തി
ബസ്സിൽ നിന്ന് ഇറങ്ങിയതാ , ഇറങ്ങുന്നതിന് മുൻപേ ബസ്സ് മുന്നോട്ട് എടുത്തു.. കാല് ടയറിന്റെ ഇടയിലായി പോയി… താഴെ വീണപ്പോൾ തന്നെ പുറകെ വന്ന വണ്ടി തലയിൽ കൂടി കയറിയിറങ്ങി അപ്പോൾ തന്നെ ജീവനും പോയി……
മനസ്സിൽ നീണ്ട് കൊലുന്നനെയുള്ള ആ മാമന്റെ മുഖം ഓർമ്മവന്നു…
നന്ദുട്ടി….
ഏട്ടന്റെ വിളിയാണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്..
നന്ദുട്ടി നീ എന്തു പറയുന്നു..
ഞാൻ ഏട്ടനെ നോക്കി…
അച്ഛനും ബാലൻ മാമയുമൊക്കെ പറഞ്ഞകാര്യം ആലോചിച്ചോ എന്റെ കുട്ടി !!
എന്താ നിന്റെ തീരുമാനം ?
അമ്മയ്ക്കും അച്ഛനും സങ്കടമാ നമ്മളെ ഓർത്ത്..
നീയെങ്കിലും ഒന്ന് നന്നായി ജീവിച്ചുകാണിക്കവരെ , അവസാന കാലത്തെങ്കിലും സന്തോഷത്തോടെ അവരൊന്ന് ജീവിക്കട്ടെ….
ഏട്ടാ എനിക്ക് ഒരു ലക്ഷ്യമുണ്ട് അത് കഴിഞ്ഞ് നമ്മുക്ക് അതിനെ കുറിച്ച് ചിന്തിക്കാം..
എന്താ നിന്റെ ലക്ഷ്യം എന്നോട് പറയാൻ പറ്റാത്തത് വല്ലതുമാണോ ??
മ്മ് മം…….അല്ലേയല്ല…..
ഏട്ടനോട് അല്ലാതെ ഞാൻ വേറെ ആരോട് പറയാനാ…..
എനിക്ക് വല്യേട്ടനെ ഇവിടെ എത്തിക്കണം….
അച്ഛൻ ഒരുപാട് വേദനിക്കുന്നുണ്ട് ഏട്ടനെ ഓർത്ത്…
പുറമെ ഒന്നും കാട്ടിയില്ലേലും അമ്മയുടെ കണ്ണുകളിൽ ഏട്ടനെ ഓർത്തുള്ള ആധിയാണ്…
അമ്മയ്ക്കും ബാലൻ മാമക്കുമൊക്കെ സങ്കടമാ…
അമ്മാമയും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് കണ്ണടയും മുൻപൊന്നു ഏട്ടനെ കാണാൻ….
അവർക്ക് മുൻപിൽ കൊണ്ടുവന്നു നിർത്തണം എനിക്ക് ഏട്ടനെ..
മ്മ് മം.. ഞാൻ നിന്റെ ഒപ്പമുണ്ട്….
ശരി…അത് നടക്കട്ടെ, പക്ഷേ ഇനിയും നിന്റെ കാര്യം അധികം വൈകരുത് മോളെ…. .
ഇല്ല…..
ഏട്ടാ ദേവേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് ഉണ്ടാവുമോ??
ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി..
അറിയില്ല എന്ന അർത്ഥത്തിൽ തലയാട്ടി…
എല്ലാം ശരിയാകും എന്റെ മനസ്സ് പറയുന്നുണ്ട്…
എവിടെ നിന്നോ അപ്പു ഓടിയെത്തി.. അവനും മാങ്ങാ എടുത്ത് കഴിച്ചു തുടങ്ങി..
കുറെ കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഏട്ടനോട് പറഞ്ഞു മതി അപ്പുനെ കഴിപ്പിച്ചത്…
നീതുയേച്ചി കണ്ടാൽ അത് മതി.
ഇന്നലെ ചക്കപഴം കഴിച്ചപ്പോൾ കണ്ടതല്ലേ…
അവനിനി കൊടുക്കേണ്ട ഏട്ടാ….
പിന്നെ ഇത് കഴിച്ചിട്ട് അവനൊന്നും വരില്ല..
നമ്മളൊക്കെ ഇതൊക്കെ കഴിച്ചല്ലേ വളർന്നത്…
പറഞ്ഞു തീർന്നതും മുന്നിൽ ഏട്ടത്തി…
അതെ നിങ്ങളൊക്കെ ഇത് കഴിച്ചു തന്നെയാ വളർന്നെ..
പക്ഷേ എന്റെ മക്കളെ ഇത് കഴിപ്പിച്ചു വളർത്താൻ എനിക്ക് ഒരാഗ്രഹവുമില്ല…
ഏട്ടത്തി മാങ്ങാ ഇരുന്ന പ്ലേറ്റ് തട്ടി തെറിപ്പിച്ചു…
അപ്പുവിനെ പിടിച്ചൊരടി കൊടുത്തു..
നീതു…….
എന്താ???
നിനക്കെന്താ വട്ട് ആണോ ? അവനെ പിടിച്ചു മാറ്റികൊണ്ട് ഏട്ടൻ നീതുവേച്ചിടെ അടുത്തെത്തി…
വട്ട് നിങ്ങൾക്കാ…
ഒന്നുമില്ലേലും നിങ്ങൾ ഒരു ഡോക്ടർ അല്ലേ…നിങ്ങൾക്ക് സമൂഹത്തിൽ ഒരു വിലയില്ലേ??
നാണമില്ലേ നിങ്ങൾക്ക്??
ഒരു മാതിരി കൾച്ചർലെസ്സ് ആൾക്കാരെ പോലെ ഇങ്ങനെ പെരുമാറാൻ …..
എന്തുപറഞ്ഞാലും ഒരു നൊസ്റ്റാൾജിയ…
ഈ നശിച്ച വീട്ടിലോട്ട് വരണ്ട എന്ന് ഞാൻ പറഞ്ഞതാ അപ്പോൾ വന്നെ പറ്റു..
നീതു പ്ലീസ് ഇവിടെ എല്ലാവരും ഉണ്ട്,ഞാൻ മുറിയിലേക്ക് വരാം, നിന്റെ അങ്കം അവിടെമതി…
ഇവിടെ ആയാൽ എന്താ, എല്ലാവരും അറിയട്ടെ..
മടുത്തു എനിക്കി നശിച്ച ജീവിതം….
ഏട്ടനോട് കയർക്കുന്ന ഏട്ടത്തിയെ എനിക്കു പരിചയമില്ലേലും ഏട്ടന് ഇത് പുതുമയല്ലെന്ന് ഏട്ടന്റെ വാക്കുകളിൽനിന്ന് എനിക്ക് മനസ്സിലായി…
ബഹളം കേട്ട് അമ്മയും അച്ഛനും അമ്മാമയും ഇറങ്ങി വന്നു..
പക്ഷേ എല്ലാവരെയും കൂടി കണ്ടതോടെ ഏട്ടന്റെ സകല നിയന്ത്രണവും പോയി കൈ വീശി ഒരെറ്റ അടി
എല്ലാവരും അന്തം വിട്ട് യെദുവേട്ടനെ നോക്കി നിന്നു………
തുടരും..))

by