17/04/2026

ഋതുനന്ദ : ഭാഗം 10

രചന – ജിഷ

അടുത്തേക്ക് നടന്നു വരുന്ന ആളെ ഒരു ഞെട്ടലോടെ ആണ് നോക്കിയത്… “ഋഷി “കണ്ണുകളിൽ ഇരുട്ടു കയറും പോലെ.. ഞാൻ വേഗം ഏട്ടന്റെ പുറകിലേക്ക് നീങ്ങി വീൽചെയറിൽ പിടിച്ചു നിന്നു . ഋഷിയുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു എന്നെ അവിടെയപ്പോൾ തീരെ പ്രതീക്ഷിരുന്നില്ലെന്ന്.. നന്ദു ഇതാണ് കണ്ണൻ.. ഋതുവിന്റെ അനിയൻ.. ഋഷിയുടെ മുഖഭാവം കണ്ടപ്പോൾ അതു വരെ മനസ്സിൽ തോന്നിയ സങ്കടങ്ങളൊക്കെ എവിടെയോ പോയി മറഞ്ഞു.. എനിക്ക് തന്നെ അത്ഭൂതം തോന്നി അതുവരെ കരഞ്ഞു കൊണ്ടിരുന്ന എന്നിലെ മാറ്റം… നിറഞ്ഞ ചിരിയോടെ ഋഷിയുടെ മുഖത്തു നോക്കി ഹായ് പറയുമ്പോൾ എന്റെ നോട്ടം ഋഷിയുടെ കണ്ണുകളിൽ തന്നെയായിരുന്നു….. കണ്ണാ ഇതാണ് എന്റെ അനിയത്തി നന്ദിത, ഞങ്ങളുടെ നന്ദു… ഞാൻ പറഞ്ഞിട്ടില്ലേ അവൾ എന്റെ അരികിലെത്തുമെന്ന്, എനിക്കറിയാമായിരുന്നു…. എന്റെ നേരെ ഋഷി ഹായ് പറയുമ്പോഴും എന്റെ മിഴികൾ ആ കണ്ണുകളിൽ തറച്ചിരുന്നു….

എന്റെ നോട്ടം നേരിടാൻ ആവാതെ ഋഷി ഏട്ടനോടായി പറഞ്ഞു.. ഞാനിപ്പോൾ വരാം ഏട്ടാ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിരുന്നു… വീണ്ടും ഒരുവട്ടം കൂടി എന്റെ മുഖത്തു നോക്കാൻ പോലും തുനിയാതെ വേഗം ഋഷി മുറിയിൽ നിന്നിറങ്ങി പോയി… കണ്ണാ എന്നു വിളിച്ചു ഏട്ടത്തി ചായയുമായി വന്നു… അവൻ എവിടെ നന്ദേട്ടാ??? ഹോസ്പിറ്റലേക്ക് പോയിട്ടുണ്ട് എന്തോ ആവിശ്യമുണ്ടത്രെ.. ചായ എടുക്കാൻ പറഞ്ഞിട്ട് കുടിക്കാതെ പോയോ !! ഈ ചെറുക്കന്റെ ഒരു കാര്യം ഏട്ടത്തി അത് പറഞ്ഞു തിരികെ പോകുമ്പോൾ എന്റെ കണ്ണുകളിൽ പകയെരിഞ്ഞു .. ആഹാരം കഴിഞ്ഞു കിടക്കാൻ സമയമായിട്ടും ഋഷി വീട്ടിലേക്ക് വന്നിട്ടില്ലെന്ന് ഞാൻ മനസ്സിലോർത്തു… അവൻ എന്താ വൈകുന്നെ നന്ദേട്ടാ??? അവൻ വന്നോളും, അപ്പുറത്തല്ലേ ഹോസ്പിറ്റൽ, കെട്ടോ നന്ദു ഋതുവിന്റെ സങ്കടം കണ്ടാൽ ദുരെ എവിടെയോ പോയിട്ടു വരാത്തതു പോലെയാ.. കണ്ണൻ ഇപ്പോഴും ഇള്ള കുട്ടിയാണെന്നാണ് ഋതു വിന്റെ വിചാരം… ഏട്ടൻ അതുംപറഞ്ഞ പൊട്ടിചിരിച്ചു….

ഞാൻ ഉള്ളതു കൊണ്ടാണ് ഏട്ടത്തി, ഏട്ടത്തിയുടെ അനിയൻ ഇങ്ങോട്ട് വരാത്തതെന്ന് മനസ്സിൽ പറഞ്ഞു ഞാനും ഏട്ടനെ നോക്കി ഗുഢമായൊന്നു മന്ദഹസിച്ചു… ഞാൻ കിടക്കാൻ പോവാ ഏട്ടാ, മുറിയിലേക്ക് പോവാൻ എഴുന്നേറ്റപ്പോൾ മീനുട്ടിക്ക് ഒരേ നിർബന്ധം എന്റെ കൂടെ കിടക്കണമെന്നും പറഞ്ഞ്.. എന്റെ കൂടെ കിടന്നോട്ടെ ഏട്ടത്തി, എനിക്കും ഒരു കൂട്ടാകുമല്ലോ.. മീനുട്ടിയെ കെട്ടിപിടിച്ചു കിടക്കുമ്പോൾ മനസ്സു നിറയെ മീനു ഓപ്പയായിരുന്നു. മീനു ഓപ്പയുടെ കൂടെ കിടക്കാൻ ഞാനും എത്ര വഴക്കുണ്ടാക്കിയിരിക്കുന്നു….. അവളെന്റെ പുറത്തേക്ക് കാലുകൾ കയറ്റി വെച്ച് സുഖമായി ഉറങ്ങി… എറെ ദിവസങ്ങൾക്കു ശേഷം മനസ്സമാധാനത്തോടെ ഞാനും കിടന്നു…. മനസ്സിന്റെ ഭാരം കുറഞ്ഞപ്പോലെ , കണ്ണുകൾ പതിയെ അടഞ്ഞു പോയി…… രാത്രിയിൽ എപ്പോഴോ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഋഷി യെത്തിയെന്ന്… രാവിലെ എഴുന്നേറ്റപ്പോൾ എന്റെ കണ്ണുകൾ തേടിയത് ഋഷിയെ ആയിരുന്നു.. ഏട്ടത്തിയോടൊപ്പം അടുക്കളയിൽ നിൽക്കുമ്പോൾ വെറുതെ ഞാൻ ചോദിച്ചു,.. ഏട്ടനും കണ്ണനുമൊക്കെ ചായ കുടിച്ചോ ഏട്ടത്തി???? ഏട്ടൻ കുടിച്ചു…

കണ്ണൻ നേരം വെളുക്കുന്നതിനു മുൻപേ ചെന്നൈയ്ക്ക് പോയി.. പെട്ടെന്ന് തീരുമാനിച്ചതാണ് രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വരും.. എന്നെ അഭിമുഖികരിക്കാൻ ആവാതെ പോയതാണെന്ന് എനിക്ക് മനസ്സിലായി… എനിക്കെന്തൊ നിരാശ തോന്നി.. ഇന്നലെ രാത്രിയിൽ എഴുന്നേറ്റ് വന്നു മുന്നിൽ നിൽക്കണമായിരുന്നു… ഏട്ടത്തിയുടെ മുന്നിൽ വെച്ചു തന്നെ ചോദിക്കണമായിരുന്നു ജീവനുതുല്യം സ്നേഹിച്ചിട്ടും എന്തിനെന്നെ ചതിച്ചു കടന്നതെന്ന് .. നന്ദു… എന്തു പറ്റി? എന്താ ഇത്ര വലിയ ആലോചന?? ഒന്നുമില്ല ഏട്ടത്തി വീട്ടിലെ കാര്യം ഓർത്തു നിന്നു പോയി… രാവിലെ ഏട്ടന്റെഒപ്പം അവിടാമാകെ കറങ്ങി നടക്കുമ്പോൾ ഏട്ടനോട് പറയാൻ എനിക്കൊരുപാട് വിശേഷങ്ങളുണ്ടായിരുന്നു…. വീട്ടിൽ നിന്നു ബാലൻ മാമയും, യെദുവേട്ടനും ഇടക്കിടെ വിളിച്ചു കൊണ്ടിരുന്നു, പക്ഷേ ഞാൻ ദേവേട്ടന്റെ അടുത്താണെന്ന് ആരോടും പറഞ്ഞില്ല.. ഏട്ടനെ പറഞ്ഞു മനസ്സിലാക്കി എനിക്കൊപ്പം നാട്ടിൽ കൊണ്ടുപോകണം.. അതിനെനിക്ക് ഏട്ടനോട് ആദ്യം സംസാരിക്കണം.. ഏട്ടന്റെ മനസ്സ് മാറ്റണം അതിനു ശേഷം വേണം എനിക്ക് വീട്ടിൽ പറയാൻ… വൈകുന്നേരം മാളു വിളിച്ചപ്പോൾ ഋഷിയെ കുറിച്ചു പറഞ്ഞു..

അവൾക്കും അമ്പരപ്പായിരുന്നു… എനിക്ക് സംസാരിക്കാൻ പറ്റിയില്ല അതിനു മുൻപേ പോയി… ഇനിയിപ്പം വരില്ലെടി..?? അവളുടെ ചോദ്യം കേട്ടപ്പോൾ ഇല്ല വരുമെന്നാ ഏട്ടത്തി പറഞ്ഞത് … എന്തോ ബിസിനെസ്സ് അവിശ്യത്തിനായി പോയതാണ്.. അവളോട് അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് ഞാനും അങ്ങനെ ചിന്തിക്കാതിരുന്നില്ല… “അനുഭവം അങ്ങനെ ആണല്ലോ…” ആ ദിവസം അങ്ങനെ കഴിഞ്ഞു പോയി.. അടുത്ത ദിവസം രാവിലെ തന്നെ ഏട്ടനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.. ആയുർവേദ ഹോസ്പിറ്റൽ ആയതിനാൽ അകത്തേക്ക് ആർക്കും പ്രവേശനമില്ല, ഏട്ടത്തിക്ക് പോലും… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവരു വിളിച്ചോളും, ഇവിടെ ഇരിക്കേണ്ട കാര്യമേയുള്ളൂ.. എന്നാലും ഏട്ടത്തി കൂടെ പോയി പുറത്തിരിക്കും .. ഞാനും മീനുട്ടിയും കളിച്ചും കഥ പറഞ്ഞും സമയം കഴിച്ചു…. ഉച്ച ആയപ്പോൾ മീനുട്ടി ഡാൻസ് ക്ലസ്സിനു പോയി.. അകത്തിരുന്നു ബോർ അടിച്ചപ്പോൾ ഞാൻ പതിയെ പുറകു വശത്തെ കതക് തുറന്നു പുറത്തേക്കിറങ്ങി…..

ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന പൂച്ചെടികളെയും പടർന്നു പന്തലിച്ചു കിടക്കുന്ന പിച്ചിയെയും നോക്കി നിന്നു… പൂന്തോട്ടത്തിന്റെ സൈഡിൽ തടിയിൽ തീർത്തിരിക്കുന്ന ഇരിപ്പിടങ്ങൾ.. ആകാശത്ത് മേഘങ്ങൾ ഉരുണ്ടു കൂടുന്നുണ്ട്…. ഋഷിയുടെ ഓർമ്മ മനസ്സിനെ തട്ടി വിളിച്ചു.. എങ്കിലും ഋഷിക്കെന്നോട് എങ്ങനെ ഇത്ര ക്രൂരത കാണിക്കാൻ തോന്നി…. കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.. നന്ദു.. പുറകിൽ നിന്നുള്ള ആ വിളിയിൽ ഞാൻ ഞെട്ടി തിരിഞ്ഞു.. എന്നെ നോക്കി നിൽക്കുന്ന ഋഷി… നന്ദു… നിറഞ്ഞൊഴുകിയ കണ്ണുകളോടെ ഋഷിയുടെ മുഖത്തേക്ക് നോക്കി…. ഋഷി…കണ്ണുനീരിനാൽ കാഴ്ച മങ്ങുന്ന പോലെ, കണ്ണുകൾ തുടച്ചു ഞാൻ വീണ്ടും നോക്കി…. പെട്ടന്നാണ് ഞാൻ ശബ്ദിച്ചത്.. ഞാൻ കരുതി ഇവിടെ നിന്നും പോയെന്ന്.. അങ്ങനെ ആണല്ലോ പതിവ്… ഞാൻ കണ്ടുപിടിക്കില്ലെന്ന് കരുതിയോ താൻ.. എന്റെ ചോദ്യം കേട്ട് ഋഷിയെന്റെ മുഖത്തേക്ക് നോക്കി… ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ഋഷിയോട് എനിക്ക് ദേഷ്യം തോന്നി….

എനിക്കറിയാം തനിക്കെന്നോട് ഒന്നും പറയാൻ കാണില്ലെന്ന്…ചതിക്കാൻ വേണ്ടി മാത്രം സ്നേഹം അഭിനയിക്കുവർക്ക് ഒന്നും പറയാൻ കാണില്ലല്ലോ !!! ഇവിടെയെത്തുന്നതു വരെ ഋഷി എന്തിനെന്റെ ജീവിതത്തിൽ നിന്നു പോയതെന്നു പോലും എനിക്കറിയില്ലായിരുന്നു… നാലു വർഷം, ഓരോ നിമിഷവും തനിക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത് . എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് താൻ തിരികെ എത്തുമെന്നോർത്ത്… ഇവിടെ ഞാൻ വന്നതു പോലും തന്നെ കാണാൻ വേണ്ടിയായിരുന്നു… പക്ഷേ എല്ലാം ദൈവനിച്ഛയം. എനിക്കിപ്പോൾ എല്ലാം മനസ്സിലായി.. ആരോടുള്ള പ്രതികാരമാണ് താൻ എന്നിൽ തീർത്തതെന്ന്…. സ്വന്തം പെങ്ങളെ ചതിച്ചവന്റെ പെങ്ങളെ തിരിച്ചു ചതിച്ചു, അവളുടെ സ്വപ്നങ്ങൾ, ജീവിതം, അവൾക്ക് വിലപ്പെട്ടതെല്ലാം എല്ലാം…. നന്ദു നിർത്ത് നിർത്താൻ….. മതി…നിർത്ത്.. കൈയുർത്തി ഋഷി ഒച്ച വെച്ചപ്പോൾ പുച്ഛത്തോടെ ഞാൻ മുഖത്തേക്ക് നോക്കി..

എന്തിനു ഞാൻ നിർത്തണം…താൻ മിണ്ടരുതെന്ന് പറയുമ്പോൾ മിണ്ടാതിരിക്കാൻ ആരാ താൻ എന്റെ ?? സത്യം പറഞ്ഞപ്പോൾ എന്താ നൊന്തോ നിങ്ങൾക്ക്?? അത്രയ്ക്ക് പരിശുദ്ധനാണ് താനെങ്കിൽ ഈ നാലു വര്ഷത്തിനിടയ്ക്ക് ഒരു വട്ടമെങ്കിലും എന്റെ അടുത്ത് വരുമായിരുന്നു…. എനിക്ക് അല്ലേ അറിയാതിരുന്നുള്ളു ഋഷി ആരാണെന്ന്, തനിക്കറിയാമായിരുന്നല്ലോ നന്ദുവിനെ, ഞാൻ എവിടെ ഉണ്ടെന്നും ഋഷിക്ക് അറിയാമായിരുന്നില്ലേ?? അതറിഞ്ഞു തന്നെ അല്ലേ താൻ എന്റെ സ്വപ്‌നങ്ങൾ തകർത്തത്…. മതി നിർത്ത് നന്ദു എന്ത് അറിഞ്ഞിട്ടാണ് നീ എന്നെ കുറ്റപ്പെടുത്തുന്നത്…. എന്റെ ചുണ്ടുകളിൽ വീണ്ടുമാ പുച്ഛം നിറഞ്ഞു.. താലി കഴുത്തിലിട്ടില്ലേലും മിസ്റ്റർ ഋഷി താങ്കൾ എന്നെ വിവാഹം കഴിച്ചിരുന്നു അതു മറന്നു പോയോ…… ആരും അറിയാതെ എന്നെ സ്വന്തമാക്കിയപ്പോൾ അത് സ്നേഹമാണെന്ന് തെറ്റിദ്ധരിച്ച വിഡ്ഢിയാണ് ഞാൻ.. ഒരു കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി തന്റെ പെങ്ങൾക്ക് വേണ്ടി സകലരെയും വെറുപ്പിച്ച ഒരേട്ടൻ ഉണ്ടെനിക്ക്..

ഒരു തെറ്റും ചെയ്യാതെ ഒരു കുടുംബത്തിന്റെ ശാപം ഒറ്റയ്ക്ക് തലയിൽ ഏറ്റിയവൻ.. എന്നിട്ടും തന്റെ പെങ്ങൾക്കായി ഓടി വന്നവൻ. ഏട്ടനെ സ്നേഹിച്ച തെറ്റിന് തന്റെ ചേച്ചി വേദനിക്കുന്നു എന്നറിഞ്ഞപ്പോൾ സ്വന്തം ജീവൻ വെടിയാൻ പോലും ശ്രമിച്ചവൻ.എന്നിട്ടും ആ ഏട്ടന്റെ അനിയത്തിയെ ആണ് ഋഷി താൻ ചതിച്ചത്. താൻ എന്റെ ഏട്ടനോട് പ്രതികാരം ചെയ്തതല്ലേ…. പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ് നന്ദു…. ഋഷി അലറി വിളിച്ചിട്ടും , എനിക്ക് നിർത്താൻ തോന്നിയില്ല നാലു വർഷത്തെ സങ്കടം മുഴുവൻ വാക്കുകളായി എന്നിൽ നിന്ന് പുറത്തേക്ക് വന്നു കൊണ്ടേയിരുന്നു…. പെട്ടന്നാണ് അടുത്തിരുന്ന ഗ്ലാസ് ജഗ്ഗ്‌ ഋഷി എടുത്തെറിഞ്ഞത്.. ദേഷ്യം കൊണ്ട് ഋഷിയുടെ മുഖം വലിഞ്ഞു മുറുകി…. ഞാൻ ഋഷിയെ നോക്കി… ഇത്രയും നേരം നീ പറഞ്ഞത് ഞാൻ കേട്ടില്ലേ എനിക്ക് പറയാനുള്ളത് കൂടിയൊന്ന് നീ കേൾക്ക് എന്നിട്ടെന്നെ കുറ്റപ്പെടുത്ത് .. ഞാൻ ചെയ്തതിനെ ന്യയികരിക്കുവല്ല, തെറ്റാണ് ഞാൻ ചെയ്തത് പക്ഷേ എന്റെ അവസ്‌ഥ അതു നീ മനസ്സിലാക്കണം നന്ദു… എന്റെ മുഖഭാവം കണ്ടിട്ട് എന്നവണ്ണം ഋഷിയെന്നോട് വീണ്ടും പറഞ്ഞു….

പ്ലീസ് നന്ദു… എനിക്ക് പറയാനുള്ളത് ഒന്നു കേൾക്കു.. എന്ത് പറയാൻ ഞാൻ പിറുപിറുത്തു കൊണ്ട് ഋഷിയെ നോക്കി നിന്നു.. ഏട്ടൻ നിന്നോട് എല്ലാം പറഞ്ഞെന്ന് നി പറഞ്ഞില്ലേ.. എല്ലാം അറിഞ്ഞെന്നു പറഞ്ഞില്ലേ എങ്കിൽ നീ അറിയണം, നീ പകുതിയേ അറിഞ്ഞിട്ടുള്ളു.. ഏട്ടൻ പറയില്ല ഒരിക്കലും, ആ മനസ്സ് അങ്ങനെ ആണ്. ഞാൻ കണ്ട മനുഷ്യരിൽ ഏറ്റവും നന്മയുള്ള മനസ്സുള്ളവൻ… നിനക്കറിയില്ല നന്ദു ഞാൻ അനുഭവിക്കുന്ന വേദന എത്രയാണെന്ന് … അച്ഛൻ ഒരു ബിസിനസ്സ് മൈൻഡഡ്‌ ആയിരുന്നു.. അച്ഛന് ഇഷ്‌ടമുള്ളത് മാത്രം ചെയ്യാൻ വിധിക്കപ്പെട്ടവർ ആയിരുന്നു ഞാനും ചേച്ചിയും… അച്ഛന്റെ ജീവിതമാണ് അച്ഛനെ ഒരു മുരുടൻ ആക്കിയതെന്ന് അമ്മ പറഞ്ഞു ഞങ്ങളും കേട്ടിട്ടുണ്ട് .. ചെറുപ്പം മുതൽ അച്ഛനെ ഞങ്ങൾ പേടിയോടെ ആണ് കണ്ടിരുന്നത് ,എല്ലാ അച്ഛൻമാരെപോലെ ഒരിക്കലും അച്ഛൻ ഞങ്ങളെ കൊഞ്ചിച്ചിട്ടില്ല, സ്നേഹമില്ലാഞ്ഞിട്ടല്ല അച്ഛൻ അങ്ങനെയാണ്….. പേടിയോടെ ആണ് ഞാനും ചേച്ചിയും വളർന്നത്, ഞങ്ങൾക്ക് എല്ലാം അമ്മയായിരുന്നു.. അമ്മ വിളിച്ചു പറഞ്ഞിട്ടാണ് ഞാനന്ന് ചെന്നൈയിൽ നിന്നും ബാംഗ്ലൂരിൽ എത്തിയത്… ചേച്ചിയുടെ കാര്യങ്ങളെല്ലാം പറഞ്ഞ് അമ്മ ഒരുപാട് കരഞ്ഞു.. ദേവേട്ടനെ എനിക്ക് നേരത്തെ അറിയാം,ചേച്ചിക്ക് ദേവേട്ടനെ ഇഷ്‌ടമാണെന്ന് വീട്ടിൽ അറിഞ്ഞപ്പോൾ അച്ഛൻ ഒരുപാട് തല്ലി ചേച്ചിയെ, ചേച്ചിയുടെ സങ്കടം കണ്ട്, ചേച്ചിയെ വിവാഹം ചെയ്ത് ദേവേട്ടന് കൊടുക്കാൻ ഞാനും അമ്മയും അച്ഛനോട് ഒരുപാട് കരഞ്ഞു പറഞ്ഞിട്ടുള്ളതാണ്…

പക്ഷേ അച്ഛൻ സമ്മതിച്ചില്ല.. അന്നത്തെ ദിവസം അമ്മ പറഞ്ഞതനുസരിച്ച് അവരുടെ പുറകെ ഞാനുമുണ്ടായിരുന്നു… അച്ഛന്റെ കത്തിമുനയിൽ നിന്ന് ഞാൻ രക്ഷിച്ചെന്നു ദേവേട്ടൻ പറഞ്ഞില്ലേ അതു കള്ളമാ… ഞാൻ രക്ഷിച്ചില്ല പകരം ശിക്ഷിച്ചു..അങ്ങനെ പറയുന്നതാണ് ശരി… “ഒരു നിമിഷത്തെ വേദനയിൽ അവസാനിപ്പിക്കേണ്ട ജീവനെ ഒരായുഷ്‌കാലത്തേക്ക് ഞാൻ ശിക്ഷിച്ചു…” ഋഷി രണ്ടു കൈകളും മുഖത്ത് അമർത്തി പിടിച്ചു പൊട്ടി കരഞ്ഞു… ഋഷിയോട് യാതൊരു ദയയും തോന്നിയില്ലെനിക്ക്….ഞാൻ ആ മുഖത്തേക്ക് യാതൊരു ഭാവവ്യത്യസവുമില്ലാതെ നോക്കി നിന്നു…. കണ്ണുകൾ തുടച്ച് ഋഷി വീണ്ടും പറയാൻ തുടങ്ങി.. എന്റെ കൈകൾ കത്തിമുനയിൽ നിന്ന് ദേവേട്ടനെ വലിച്ചിറക്കിയത് മറ്റൊരു ദുരന്തത്തിലേക്കായിരുന്നു.. എന്റെ വലിയുടെ ശക്തിയിൽ ഏട്ടൻ ദൂരേക്ക് തെറിച്ചു വീണു….. കാറിൽ ഇരുന്ന എന്റെ ചേച്ചിയുടെ മുന്നിലേക്കാണ് എന്റെ കൈകളാൽ ഏട്ടൻ വീണത്.. തെറിച്ചു വീണ ഏട്ടന്റെ ശരീരത്തിലൂടെ മറ്റൊരു വണ്ടിയുടെ ടയറുകൾ കയറി ഇറങ്ങി.. വേദനയൊടെ ചോരയിൽ കിടന്നു പിടഞ്ഞ ഏട്ടൻ… അലറി കരഞ്ഞ ചേച്ചി സീറ്റിലേക്ക് ബോധംകെട്ടു വീണു…..

പിന്നീടുള്ള ദിവസങ്ങൾ വേദനയോടെ മാത്രം ഓർക്കാൻ പറ്റുകയുള്ളൂ… ഏട്ടന്റെ ആക്സിഡന്റ് കണ്മുന്നിൽ കണ്ട ഷോക്കിൽ ചേച്ചിയുടെ ഓർമ്മപോലും നഷ്‌ടമായി…. നീ കണ്ടില്ലേ ചേച്ചിയെ. ചേച്ചിക്ക് ചെറുപ്പം മുതലുള്ള ഒരു കാര്യവും ഓർമയില്ല , ഫോട്ടോകൾ കാണിച്ചാണ് ഏട്ടത്തിയെ ഓരോന്നും മനസ്സിലാക്കി കൊടുത്തത്.. എന്നെയോ ദേവേട്ടനെയോ അച്ഛനെയോ അമ്മയെയോ ആരെയും.. ഏട്ടത്തിയുടെ ഓർമയിൽ മീനുട്ടി മാത്രമേയുള്ളു,!! ആക്‌സിഡന്റിന് ശേഷമാണല്ലോ മീനുട്ടി ജനിച്ചത്.. അതിനു ശേഷമുള്ള എന്റെ ദിവസങ്ങൾ ഓർക്കാൻ പോലും ഞാൻ ആഗ്രഹിക്കാറില്ല… ആശുപത്രി കിടക്കയിൽ മരണത്തിനും ജീവിതതിനുമിടയിൽ വേദനയൊടെ പിടയുന്ന ദേവേട്ടൻ.. ഞാൻ കരണമാണെന്നുള്ള കുറ്റബോധം എന്നെ വല്ലാതെ അലട്ടി.. ദിവസങ്ങൾ കഴിയും തോറും ഞാനും മറ്റൊരാവസ്‌ഥയിലായി… മാനസികമായി തളർന്ന ഞാൻ ഡിപ്രെഷനിലേക്ക് പോവാൻ അധിക സമയം വേണ്ടി വന്നില്ല.. എന്നെ കോയമ്പത്തൂർ ഉള്ള അച്ഛന്റെ ഫ്രണ്ടിന്റെ ഹോസ്പിറ്റലിലേക്ക് മാറ്റി….. പിന്നീടുള്ള ദിവസങ്ങൾ അച്ഛനാണ് ഏട്ടനെ നോക്കിയത്…. അപ്പോഴേക്കും അച്ഛൻ മനസ്സിലാക്കി തുടങ്ങിയിരുന്നു,

ഒരു നിമിഷത്തെ വാശിക്ക് അച്ഛന് കൊടുക്കേണ്ടി വന്ന വില എത്ര വലുതായിരുന്നെന്ന്… അസുഖം ഏകദേശം കുറഞ്ഞു ഞാൻ വീട്ടിലെത്തി അപ്പോഴേക്കും ഏട്ടന്റെ ഇടതു കാൽ മുറിച്ചിരുന്നു.. ഏട്ടത്തി മീനുട്ടിക്ക് ജന്മം കൊടുത്തു…. സങ്കടങ്ങൾ മറക്കാൻ ദൈവം ഞങ്ങൾക്ക് തന്ന മരുന്നായിരുന്നു അവൾ.. അവളുടെ കളിയും ചിരിയും ഏട്ടത്തിയെ കുറേശ്ശേ ജീവിതത്തിലേക്ക് കൊണ്ടു വന്നു.. പിന്നെയും മാസങ്ങളും വർഷങ്ങളും കടന്നുപോയി… എന്റെ പഠിത്തം കഴിഞ്ഞു ഞാൻ വീട്ടിലെത്തി.. ഒരു ദിവസം അച്ഛനെന്നെ ആദ്യമായി അച്ഛന്റെ അരികിലേക്ക് വിളിച്ചു നിർത്തി… നിന്റെ മനസ്സിന് സന്തോഷം തരുന്നത് എന്തെങ്കിലും ചെയ്തോളു കണ്ണായെന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് അദ്യം ഓടിയെത്തിയത് പാതി വഴിയിൽ മനസ്സിൽ കുഴിച്ചു മൂടിയ ഫാഷൻ ഡിസൈനിങ് ആണ്………. അങ്ങനെയാണ് ഞാൻ നിങ്ങൾക്ക് അരികിലെത്തിയത്..അവിടെ എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു.. നന്ദുകൂടെ എന്റെ ജീവിതത്തിലേക്ക് വന്നതോടെ ഞാൻ മറ്റൊരാളായി… പതിയെ ഞാൻ നന്ദുവിലേക്ക് കൂടുതൽ അടുത്തു..ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി.. ഇടക്കിടെ പഴയ ഓർമ്മകൾ എന്നെ വേട്ടയാടുമ്പോൾ ഞാൻ വീണ്ടും തളരും..

നിങ്ങളോട് പറയാതെ ഞാൻ ഇടക്കിടെ പൊയ്ക്കൊണ്ടിരുന്നത് കോയമ്പത്തൂരിൽ ഉള്ള മെന്റൽ ഹോസ്പിറ്റലിൽ ചെക്കപ്പിനായിരുന്നു… എന്റെ പ്രശ്നങ്ങൾ നിങ്ങളോട് പോലും തുറന്നു പറയുവാൻ കഴിയാതെ ഞാൻ ഒരു കള്ളനെ പോലെ നിങ്ങളുടെ കൂടെ നടന്നു…… ഭയമായിരുന്നെനിക്ക്, എന്റെ അസുഖം അറിഞ്ഞാൽ നിങ്ങളെന്നെ ഒഴിവാക്കുമോ യെന്ന്……. നന്ദുവിന്റെ സാമിപ്യം എനിക്ക് ഒരുപാടിഷ്‌ടമായിരുന്നു..എനിക്കറിയാമായിരുന്നു നീ എന്നെ സ്നേഹിക്കാൻ തുടങ്ങിയെന്ന്, നിന്റെ കണ്ണുകൾ അതെന്നെ ഓർമപ്പെടുത്തി കൊണ്ടേയിരുന്നു.. നിനക്ക് സ്വപ്നങ്ങൾ തരാൻ നിന്നോട് എന്റെ ഇഷ്‌ടം തുറന്നു പറയാൻ ഓരോ ദിവസവും ഞാൻ കൊതിച്ചു….. പക്ഷേ എന്റെ ഇഷ്‌ടം തുറന്നു പറയാൻ പോലും എനിക്ക് പേടിയായിരുന്നു.. സ്വപ്നങ്ങൾ തന്നിട്ട് അവസാനം എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ പറ്റില്ലായിരുന്നു… ഞാൻ വീണ്ടും വീണ്ടും ഡോക്ടറെ കാണാൻ പോയി.. എന്റെ മനസ്സ് പൂർണ്ണമായും ആരോഗ്യമായപ്പോൾ നിന്നോട് എന്റെ ഇഷ്‌ടം തുറന്നു പറയാൻ ഓടിയെത്തിയ ആ ദിവസം… ഞാൻ പറയാൻ ആഗ്രഹിച്ച വാക്കുകൾ നീ പറഞ്ഞു..!!! “ഇഷ്‌ടത്തോടെ ഞാനതു കേട്ടിരുന്നു..” എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും കിട്ടില്ലെന്ന് ആഗ്രഹിച്ച എന്റെ സന്തോഷങ്ങൾ ഓരോന്നായി എനിക്ക് തിരിച്ചു കിട്ടി തുടങ്ങി….

നിന്നെ കൈവിട്ട് പോവാതിരിക്കാൻ തന്നെയാണ് ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്തത്.. ഒരുപക്ഷേ എന്റെ അസുഖം അറിയുമ്പോൾ എന്നെ വേണ്ടാന്ന് നീ പറയുമോ എന്നുള്ള എന്റെ സ്വാർത്ഥതയാണ് അതിനെന്നെ പ്രേരിപ്പിച്ചത്, അതാണ് അതു മാത്രമാണ് ഞാൻ നിന്നോട് ചെയ്ത ചതി… പ്ലീസ് നന്ദു എന്നെ മനസ്സിലാക്കാൻ ശ്രമിക്ക് നീ.. എന്റെ മുന്നിൽ കൂപ്പു കൈകളോടെ ഇരിക്കുന്ന ഋഷിയുടെ അടുത്തേക്ക് ഞാൻ പതിയെ എത്തി….. ആ കൈകളിൽ മുറുകെ പിടിച്ചു… അത് മാത്രമാണോ ഋഷി. അതു മാത്രമേ ഉള്ളോ ഋഷി?? ഞാൻ വേഗം മുറിക്കത്തേക്ക് കയറി പോയി… എന്റെ പുറകെ തന്നെ ഋഷിയും മുറിക്കുള്ളിലേക്ക് കയറിയിരുന്നു… ഞാൻ നിധി പോലെ സൂക്ഷിച്ചിരുന്ന താലി എടുത്തു ഋഷിയുടെ മുഖത്തിന് നേരെ പിടിച്ചു… ഋഷിയുടെ നേരെ അത് നീട്ടി ഞാൻ ചോദിച്ചു …. ഓർമ്മയുണ്ടോ സ്വർണ്ണത്തിൽ തീർത്ത ഈ ലോഹം… ഓർമ്മയുണ്ടോ ഈ താലിമാല മേടിച്ചു തന്ന് എന്നെ നാട്ടിലേക്ക് പറഞ്ഞു വിട്ടത്… സന്തോഷത്തോടെ എന്നെ നാട്ടിലേക്ക് പറഞ്ഞു വിട്ടിട്ട് ഋഷി വരുമെന്ന് പ്രതീക്ഷിച്ചു ഞാൻ കാത്തിരുന്നു…

നാലു ദിവസത്തിനുള്ളിൽ എന്റെ വീട്ടിലെത്തും മെന്ന് പറഞ്ഞിട്ടു നാലു ദിവസങ്ങളും നാലു മാസങ്ങളും, അതിപ്പോൾ നാലു വർഷവുമായി… ഇവിടെ ഞാൻ എത്തിയില്ലായിരുന്നെങ്കിൽ ഇപ്പോഴും ഞാൻ കാത്തിരിക്കുമായിരുന്നു ഋഷിയുടെ വരവിനായി….. സങ്കടംകൊണ്ട് എന്റെ ശബ്‌ദം ഇടറി തുടങ്ങിയിരുന്നു. എന്തിനാ എന്നെ….. വാക്കുകൾ മുഴുമിപ്പിക്കാനാവാതെ പൊട്ടി കരഞ്ഞു ഞാൻ… നന്ദു മനപ്പൂർവം നിന്നെ ചതിക്കാനായിരുന്നില്ല ഒന്നും… നന്ദുനെ നാട്ടിലേക്ക് കയറ്റിവിട്ട് തിരികെ എത്തുമ്പോളാണ് നീ മറന്നു വെച്ചിട്ടു പോയ ആ പുസ്തകം എന്റെ കൈയിൽ കിട്ടിയത്… വെറുതെ എടുത്തു മറിച്ചു നോക്കി… അതിനുള്ളിൽ നീ സൂക്ഷിച്ചു വെച്ചിരുന്ന നിന്റെ കുടുംബ ഫോട്ടോയിൽ ഒന്നൂടെ സൂക്ഷിച്ചു നോക്കി ഞാൻ…..നിന്റെ ദേവേട്ടനും എന്റെ ചേച്ചിയുടെ നന്ദേട്ടനും ഒരാൾ ആണെന്ന് മനസ്സിലാക്കിയ ആ നിമിഷം ഓർമ്മകൾ എന്നെ വീണ്ടും തളർത്തി….. നിന്നെ നഷ്‌ടപെടുമെന്ന് ഞാൻ ഭയന്നു….. നിന്റെ ഏട്ടനെ ഈ അവസ്ഥയിൽ ആക്കിയത് ഞാൻ ആണെന്ന് അറിഞ്ഞാൽ നിനക്കത് സഹിക്കാൻ പറ്റില്ലെന്ന് എനിക്കറിയാം… ഒരു വാക്കുകൊണ്ട് പോലും നിന്നിൽനിന്ന് അത് കേൾക്കാൻ ഞാനാഗ്രഹിച്ചില്ല… വീണ്ടും കുറ്റബോധം എന്റെ മനസ്സിനെ പൊള്ളിച്ചു.. വീണ്ടും ഞാൻ പഴയ അവസ്‌ഥയിലേക്ക് മടങ്ങി പോകുമോന്ന് പേടിയോടെ ഓർത്തു …

നീ എന്നെ വെറുക്കാതിരിക്കാൻ ഞാൻ നിന്നിൽ നിന്ന് ഓടിയൊളിച്ചു.. ഞാൻ നിന്നെ അന്വേഷിച്ചില്ലെന്ന് നീ പറയരുത്‌ നന്ദു.. നിന്റെ ഒപ്പം തന്നെ ഞാനുണ്ടായിരുന്നു.. നന്ദുവിന്റെ ജീവിതത്തിലെ ഓരോ നീക്കങ്ങളും അറിഞ്ഞുതന്നെ.. ദേവേട്ടന് നിന്റെ ഫോൺ നമ്പർ കൊടുക്കുമ്പോൾ എന്റെ മനസ്സിൽ നിന്റെ വിശേഷങ്ങൾ അറിയാനുള്ള തിടുക്കമായിരുന്നു… നിന്റെ വിശേഷങ്ങൾ ഏട്ടനോട് നീ പങ്കുവെയ്ക്കുമ്പോൾ അത് കേട്ട് സന്തോഷിക്കുന്നത് ഞാൻ കൂടിയായിരുന്നു… സ്വാർത്ഥനാണ് ഞാൻ പക്ഷേ നിന്നോട് സ്നേഹമില്ലെന്ന് പറയല്ലേ നന്ദു.. ചതിക്കാനാണ് ഞാൻ നിന്നെ പ്രണയിച്ചതെന്ന് പറയല്ലേ നന്ദു… എന്റെ നെഞ്ചിലൊരു പെണ്ണു ഉണ്ടെങ്കിൽ അത് നീ മാത്രമാണ്……. ഇന്നിവിടെ നിന്നെ കണ്ടില്ലായിരുന്നെങ്കിലും ഞാൻ എത്തുമായിരുന്നു.. നിന്റെ ഏട്ടനേയും കൊണ്ട് നിന്റെ മുൻപിൽ.. നീ എന്നെ വെറുത്താലും ആ കാലിൽ പിടിച്ചു ഞാൻ മാപ്പിരന്നേനേം.. എല്ലാം നേരെയായി നിന്റെ മുന്നിൽ കൊണ്ടു ദേവേട്ടനെ നിർത്തനാണ് ഞാനാഗ്രഹിച്ചത്.. പക്ഷേ അതിനു മുൻപ് നീ എന്റെ മുൻപിൽ എത്തി…. എല്ലാത്തിനും മാപ്പ് നന്ദു…. എന്റെ മുഖത്തേക്ക് നോക്കി നിന്നു ഋഷി…നിനക്കെന്നോട് ക്ഷമിക്കാൻ ആവില്ലേ നന്ദു. ആ കണ്ണുകളിലേക്ക് നോക്കി ഇല്ലെന്ന് തലയാട്ടി ഞാൻ.. എനിക്ക് ഋഷിയോട് ക്ഷമിക്കാൻ കഴിയില്ല….. കാരണം അറിയേണ്ടേ ഋഷിക്ക്… ഋഷിയെ ഞാൻ അവസാനമായി കണ്ടത് എന്നാണെന്ന് അറിയാമോ.. ഋഷിയുടെ വിവരങ്ങൾ ഒന്നുമറിയാതെ രണ്ടു മാസം.. വീട്ടിൽ നിന്നാൽ ഭ്രാന്തു പിടിക്കുന്ന അവസ്ഥ…

നാട്ടിൽ നിന്ന് തിരികെ ബാംഗ്ലൂരിൽ എത്തുമ്പോൾ ഋഷി എന്തു പറ്റിയെന്നു മാത്രമായിരുന്നു ചിന്ത… അപ്പോഴും ഋഷി എന്നെ ചതിക്കുമെന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല… മരിച്ചാൽ മതി എന്നു തോന്നിയ ദിവസങ്ങൾ.. മുറിയിൽ തനിച്ചിരുന്നു ഭ്രാന്ത് പിടിക്കുമെന്ന് ആയപ്പോൾ മാളു നിര്ബന്ധിച്ചെന്നെ പുറത്തിറങ്ങി… മാളുവിന്‌ ഒപ്പം ഷോപ്പിംഗ് മാളിൽ നിൽക്കുമ്പോൾ ആണ് ഞാൻ ഋഷിയെ കാണുന്നത്.. ഋഷി നിൽക്കുന്ന ഫ്ലോറിലേക്ക് ധൃതിയിൽ ഓടുകയായിരുന്നു ഞാൻ… എന്റെ കണ്ണിൽ ഋഷി മാത്രമായിരുന്നു… താഴേക്ക് ഇറങ്ങാനുള്ള എസ്കലേറ്ററിന്റെ മുകളിൽ നിന്ന് താഴേക്ക് പതിച്ചു ഞാൻ.. താഴെ വീണ് ബോധം പോയി, രക്തത്തിൽ കുളിച്ചു കിടന്ന എന്നെ മാളു ആരുടെയൊക്കെയോ സഹായത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചു… ആശുപത്രി കിടക്കയിൽ വെച്ചാണ് മാളു അതെന്നോട് പറഞ്ഞത്, ഞാൻ ഒരമ്മയായിരുന്നു വെന്ന്, അതുകേട്ട് എന്റെ കൈകൾ ഞാനെന്റെ വയറിൽ അമർത്തുമ്പോഴേക്കും വീണ്ടും അവളെന്റെ കൈകളിൽ മുറുകെ പിടിച്ചു..

നന്ദു…. ഇപ്പോളാ ജീവൻ നിന്റെ വയറ്റിൽ ഇല്ലെടാ … ഒന്നുറക്കെ കരയാൻ പോലുമാവാതെ നിർജീവമായ കണ്ണുകളാൽ അവളെ നോക്കി ഞാൻ … ജീവിതത്തിൽ ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല ആ വാക്കുകൾ…. സ്വന്തം കുഞ്ഞു വയറ്റിൽ ഉണ്ടെന്നു പോലും അറിയാതെ രണ്ടു മാസം നിങ്ങൾക്ക് വേണ്ടി അലയുകയായിരുന്നു ഞാൻ….. അവസാനം നിങ്ങളെ കണ്ട വെപ്രാളത്തിൽ തന്നെ എന്റെ കുഞ്ഞിനെ എനിക്ക് നഷ്‌ടമായി… എന്നെ മനസ്സിലാക്കാൻ ഒരിക്കലും ഋഷിക്കാവില്ല… ഒരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞിനെ കൂടി എന്നിൽ നിന്ന് ഇല്ലാതാക്കിയത് ഋഷിയാണ്… പറ.. ക്ഷമിക്കണോ ഞാൻ.. എനിക്കതിന് സാധിക്കുമോ, പറ…. ഋഷിയോട് അത് ചോദിക്കുമ്പോൾ എത്ര ഒളിപ്പിച്ചിട്ടും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ഠം ഇടറി… എന്തുമായിക്കൊള്ളട്ടെ എന്നോട് തുറന്നു പറയാമായിരുന്നു, ഒരിക്കലും ഞാനെന്റെ ഋഷിയെ ഉപേക്ഷിച്ചു പോവില്ലായിരുന്നു.. ആത്മാർഥമായി സ്നേഹിച്ചവനെ മറക്കാൻ ഒരു പെണ്ണിനും ആവില്ല ഋഷി അത് എന്തിന്റെ പേരിലാണെങ്കിലും…. നന്ദു….. വേണ്ട ഇനിയങ്ങനെ വിളിക്കരുതെന്നെ… ആ വിളിക്കിനി ഒരിക്കലും വിളി കേൾക്കാൻ എനിക്കാവില്ല ഋഷി….. വിങ്ങി പൊട്ടുന്ന ഹൃദയത്തോടെ ആ മുറിയിൽ നിന്നിറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകളുമായി എന്റെട്ടൻ എന്നെ നോക്കി പുറത്ത് ഇരുപ്പുണ്ടായിരുന്നു……. തുടരും………..