“പറ്റിക്കാനാണെങ്കിൽ കൂടി ഇങ്ങനെയൊന്നും പറയരുതേ നന്ദേട്ടാ…എനിക്ക് സഹിക്കാനാകില്ല…
ഊറി വരുന്ന സങ്കടങ്ങളെ വിരലുകളാൽ തുടക്കുമ്പോൾ നന്ദ എന്ന നന്ദിതയുടെ നെഞ്ച് തകർന്നു പോയി..
ഓർമ്മവെച്ച നാൾ മുതലേ കേൾക്കുന്നതാണ് നന്ദ നന്ദേട്ടന്റെ ആണെന്നുള്ളത്..എന്നിട്ടിപ്പോൾ…
” പിന്നെ ഇതിൽ കൂടുതൽ ഞാനെങ്ങനെയാ ലളിതമായി പറയുന്നത്…
നിസ്സംഗമായിരുന്നു അവന്റെ മുഖം.. സ്വരത്തിൽ കുറച്ചു കടുപ്പവും കലർന്നിരുന്നു…അവളുടെ മുഖത്തേക്ക് നോക്കാതെ പുറത്ത് ചന്നം പിന്നം പെയ്യുന്ന തുലാമഴയെ നോക്കി അവനിരുന്നു…
പുറത്തെ മഴയെക്കാൾ അകമേ തകർത്തു പെയ്യുന മഴയെ തെല്ലും ഗൗനിച്ചില്ല…
നന്ദേട്ടൻ വെറുതെ പറഞ്ഞതായിരുന്നെങ്കിലെന്ന് നന്ദ ഒരു നിമിഷം ആഗ്രഹിച്ചു പോയി…വെറുതെ എങ്കിലും…
“പറ നന്ദേട്ടാ എന്നോട് പറ്റിക്കാൻ പറഞ്ഞതാണെന്ന്….
അവന് മുമ്പിലേക്ക് നീങ്ങി നിന്ന് ആ ചുമലുകളിക് കൈവെച്ച് ആകെ ഉലച്ചു …
പെയ്യുന്ന മിഴി നീരിലും പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞ് നിന്നു…
” നിന്നോടല്ലേ നന്ദ ഞാൻ പറഞ്ഞത്…
ഉറക്കെ ഒരു അലർച്ച ആയിരുന്നു അതിന് മറുപടി.. അതൊരിക്കലും നന്ദക്ക് പരിചിതമായിരുന്നില്ല…വിശ്വാസം വരാതെ കണ്ണുകൾ തുറിച്ചവനെ നോക്കി..പതിയെ പതിയെ പ്രതീക്ഷ നിറഞ്ഞിരുന്നാ കണ്ണുകൾ പെയ്ത് ആർത്തലച്ച് പെരും മഴയായി പെയ്തിറങ്ങി….
“നാശം പിടിക്കാൻ..മനസ്സിന്റെ സ്വസ്തത കളയാൻ ഇറങ്ങിക്കോളും…
നന്ദയോടുള്ള ദേഷ്യം തറയിലാഞ്ഞ് ചവുട്ടി തീർത്തവൻ അകത്തളങ്ങളിലേക്ക് പോയി മറഞ്ഞു…
പുറത്ത് പെയ്യുന്ന മഴക്ക് അപ്പോഴേക്കും ശക്തി പ്രാപിച്ചിരുന്നു …പിശറൻ കാറ്റുകൾ ഉമ്മറത്തേക്ക് ആഞ്ഞ് വീശി തുടങ്ങി…
നന്ദ പ്രതിമ കണക്കെ നിശ്ചലമായി നിൽക്കുക യായിരുന്നു…പതിയെ പിന്തിരിഞ്ഞപ്പോൾ പാദങ്ങൾക്ക് ബലക്ഷയം പോലെ തോന്നിയതോടെ ചിറകുകൾ തളർന്നവളെ പോലെ നിലത്തേക്ക് ഊർന്ന് വിണു….
അങ്ങനെ എത്ര നേരം കിടന്നെന്ന് അറിയില്ല…തണുപ്പ് പാദം മുതൽ ശിരസ്സ് വരെ ശക്തമായി തഴുകിയപ്പോൾ മിഴികൾ ബന്ധപ്പെട്ട് വലിച്ചു തുറന്നു….പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു….
തലക്ക് വല്ലാത്ത ഭാരം..ശരീരമാകെ ഒരു തരം അസ്വസ്ഥത.. സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ.. കണ്ണുകളിൽ ഇരുൾ പരക്കുന്നത് അറിഞ്ഞു…
ബദ്ധപ്പെട്ട് എഴുന്നേറ്റ് ഇരുന്നു..സമയം സന്ധ്യയോട് അടുത്തു… ലൈറ്റുകൾ തെളിഞ്ഞിരുന്നില്ല..പുറത്ത് അപ്പോഴും മഴ തകർത്തു പെയ്തു കൊണ്ടിരുന്നു….
” നന്ദേട്ടാ…
ഓർമ്മകൾ തിരിച്ച് എത്തിയതോടെ അടഞ്ഞ് കിടന്നിരുന്ന വാതിലിനെ നോക്കി അലമുറയിട്ട് കരഞ്ഞു..ഓടിച്ചെന്ന് കതകിൽ ശക്തമായി അടിച്ചു വിളിച്ചു ഉറക്കെ കരഞ്ഞെങ്കിലും അകത്ത് നിന്ന് യാതൊരു ചലനവും കേട്ടില്ല…
“നന്ദേട്ടന് തന്നെ മതിയായിരിക്കുന്നു ” എന്ന തിരിച്ചറിവ് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. എങ്കിലും അവിടെ നിന്നിട്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് ഉറപ്പായതോടെ കലിയോടെ പെയ്യുന്ന മഴയിലേക്കിറങ്ങി…
ശക്തമായൊരു മിന്നൽ പ്രളയം…. പിന്നാലെ കാതടപ്പിക്കും വിധത്തിലുള്ള ഇടിമുഴക്കവും…
ഇടിമിന്നലിനെ ഭയമായിരുന്നവൾക്ക് ആ നിമിഷം ചെറിയൊരു പേടി പോലും തോന്നിയില്ല..മിന്നൽ വഴി കാട്ടിയതോടെ മഴയിലൂടെ വേഗത്തിൽ നടന്നു..,അപ്പോഴേക്കും മനസ്സിൽ ഉറച്ചൊരു തീരുമാനവും എടുത്തിരുന്നു…..
💥💥💥💥💥💥💥💥💥💥💥💥💥.
“നന്ദാ… നീ ചെയ്തത് തീരെ ശരിയായില്ല…
” നന്ദിനി ഏട്ടത്തി കൂടി എന്നെ കുറ്റപ്പെടുത്തുകയാണോ?
നന്ദൻ തെല്ലൊരു അരിശത്തോടെയും സങ്കടത്തോടെയും ഏട്ടത്തിയെ നോക്കി…അവന്റെ മുഖത്തേക്ക് നോക്കിയതും നന്ദിനിയിലൊരു നോവ് ഉണർന്നു….
“ഞാൻ കുറ്റപ്പെടുത്തിയതല്ല മോനെ..ന്യായം പറഞ്ഞതാണ്….
നന്ദന്റെ ഏട്ടൻ ഹരിയുടെ ഭാര്യയാണ് നന്ദിനി..അവനേക്കാൾ പത്ത് വയസ്സിനു മൂത്തവൾ..കുഞ്ഞിലേ അമ്മയെ നഷ്ടപ്പെട്ട അവനോട് ഒരു മകനോടുള്ള വാത്സല്യം ആയിരുന്നു..അത് നന്ദനും അറിയാം.അതിനാൽ തന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഏട്ടത്തിയോടാകും പങ്കു വെയ്ക്കുക…..
” പിന്നെ ഞാനെന്ത് വേണമെന്നാ ഏട്ടത്തി പറയുന്നത്…..
“നിനക്ക് സ്നേഹത്തോടെ പറഞ്ഞു കൂടായിരുന്നോ ? പാവമല്ലേ അവൾ ? നിന്നോട് അത്രയേറെ സ്നേഹിക്കുന്നില്ലേ അവൾ?…
” ഏട്ടത്തിയും അവൾക്കായിട്ട് വക്കാലത്തായി വരുവാണല്ലേ?….
അവന്റെ മിഴികളിൽ സങ്കടവും സ്വരത്തിൽ വേദനയും നിഴലിച്ചു…നന്ദിനിക്കത് മനസ്സിലായതും അരികിലെത്തി മുടിയിഴകളിൽ തലോടി…
“വിഷമിപ്പിക്കാൻ അല്ല ഏട്ടത്തി പറഞ്ഞത്.. അവളൊരു പാവം പൊട്ടിപ്പെണ്ണാ.ഊണിലും ഉറക്കത്തിലും നിന്നെ കുറിച്ച് മാത്രം ചിന്തിക്കുന്നവൾ..ഇത്രയധികം സ്നേഹിക്കുന്നൊരു പെൺകുട്ടിയെ ഇനി കിട്ടില്ല….
നന്ദനറിയാം എന്തൊക്കെ പറഞ്ഞാലും ഏട്ടത്തി നന്ദയെ പുകഴ്ത്തി പാടുകയുള്ളൂന്ന്..അതിന് കാരണം ഹരിയേട്ടനാണ്..തന്റെയും നന്ദയുടേയും തമ്മിലുള്ള വിവാഹം നടത്തണമെന്ന് ഏറ്റവും കൂടുതൽ വാശി പിടിക്കുന്നത് ഏട്ടനാണ്..നന്ദ ജനിച്ചപ്പോൾ അമ്മ അമ്മാവന് കൊടുത്ത വാക്ക് പാലിക്കണമെന്ന് ഏട്ടനു നിർബന്ധമാണ്…
” എനിക്ക് നന്ദയെ അങ്ങനെ കാണാൻ കഴിയില്ല ഏട്ടത്തി..അവളെന്നും എനിക്ക് സഹോദരി മാത്രമാണ്.. അങ്ങനയെ കാണാൻ കഴിയൂ…
“ഏട്ടത്തിക്ക് അറിയാം നന്ദാ… പക്ഷേ ഹരിയേട്ടനെ ഓർക്കുമ്പോൾ……
പറഞ്ഞു വന്നത് നന്ദിനി പാതി വഴിയിൽ നിർത്തി….ഹരിയുടെ സ്വഭാവം നന്നായി അറിയാം..വളരെ കർക്കശ്ശക്കാരൻ..ഒപ്പം മാതൃഭക്തനും..അമ്മയുടെ അവസാനത്തെ ആഗ്രഹവും നടത്താൻ ഏതറ്റം വരെയും പോകും….
ഹരിയെ ഭയന്നാണ് നന്ദൻ നന്ദയോട് വെറുപ്പ് കാണിക്കാതെ സ്നേഹം കാണിച്ചിരുന്നത്..അവന്റെ ആ സ്നേഹം കണ്ടാണ് അവൾ അവനെ ജീവനെക്കാളേറെ സ്നേഹിച്ചത്…
ഒരുപാട് ആഗ്രഹിച്ചിരുന്നു പ്രണയിനിയായി കാണാനാകില്ലെന്ന്..പക്ഷേ കഴിഞ്ഞില്ല..അതിന് ധൈര്യം വന്നില്ല.അമ്മാവൻ വന്ന് ഹരിയേട്ടനോട് എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന് പറഞ്ഞപ്പോൾ മനസ്സിൽ ഉറപ്പിച്ചു എത്രയും പെട്ടെന്ന് നന്ദയോട് എല്ലാം തുറന്നു സംസാരിക്കണമെന്ന്..ഇല്ലെങ്കിൽ ഉറപ്പായും അറിയാം സഹോദരിയായി കണ്ടവൾ ഭാര്യയായി മാറുമെന്ന്. അങ്ങനെ നടക്കുന്നത് ഒരിക്കൽ പോലും ചിന്തിക്കാൻ കഴിയില്ല..അതാണ് ഇന്ന് നന്ദ തേടി വന്നപ്പോൾ തറപ്പിച്ചു പറഞ്ഞത്…..
ജോലി കിട്ടേണ്ടി ഇരുന്നില്ലെന്ന് നന്ദൻ ഓർത്തു.. ഇത്രയും നാൾ വിവാഹത്തിൽ നിന്നും ഒഴിഞ്ഞ് മാറി നടന്നത് ആ ഒരു കാരണം പറഞ്ഞായിരുന്നു.പക്ഷേ ഇന്ന്….
” രക്ഷപ്പെടാൻ ഒരു വഴി പറഞ്ഞു താ ഏട്ടത്തി…
നന്ദൻ ദയനീയമായി കേണു…നന്ദിനി ആകെ ധർമ്മ സങ്കടത്തിലായി..ഒരുവശത്ത് നന്ദൻ…മറുവശത്ത് ഹരിയേട്ടൻ…
അവളുടെ മിഴികൾ തുളുമ്പി വന്നു…
“ഞാൻ… ഞാൻ നാട് വിടാൻ പോകുവാ ഏട്ടത്തി..എനിക്ക് വയ്യ ഇഷ്ടമില്ലാത്ത ഒരാൾക്കൊപ്പം ജീവിക്കാൻ….
“മോനേ നന്ദാ…
ഞെട്ടലോടെ അവൾ അവനെ നോക്കി…
” ഞാൻ പിന്നെന്താ ചെയ്യാ…
“നന്ദയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കാൻ നോക്ക്…..
വലിഞ്ഞ് മുറുകിയ മുഖവുമായി അങ്ങോട്ടേക്ക് വന്ന ഹരിയെ പേടിയോടെ നോക്കി നന്ദനും നന്ദിനിയും….ഏട്ടൻ എല്ലാം കേട്ടുവെന്ന് ഉറപ്പായി..
” ഈ വിവാഹം നടന്നില്ലെങ്കിൽ ഹരിമംഗലത്തെ ഹരി പിന്നെ ജീവനോടെ ഉണ്ടാകില്ല…
അത് കേട്ടതും നന്ദൻ തളർന്നു പോയി…
തുടരും

by