18/04/2026

അന്നൊരിക്കൽ : ഭാഗം 04

രചന – അഞ്ജു തങ്കച്ചൻ

അമ്മ കാൾ എടുത്തതും, എന്താണ് ചോദിക്കേണ്ടത് എന്ന് അവൾക്ക് അറിയാതെയായി.

അപ്പുറത്തും നിശബ്ദതയാണ്.

അമ്മേ…

ഉം…
നേർത്ത ഒച്ചയിൽ അമ്മയൊന്നു മൂളി.

അവൾക്കു മനസിലായി അമ്മ ഇപ്പോഴും കരയുകയാണ്.

അമ്മയുടെ ഒരു നേർത്ത മാറ്റം പോലും ആദ്യം മനസിലാക്കുന്ന മകളാണ് താൻ.

അമ്മ വല്ലതും കഴിച്ചോ??

ഉം…

അമ്മ കരയുകയാണോ?

അല്ല മോളേ.. ചിലമ്പിച്ച സ്വരം.

അവൾക്ക് വല്ലാത്ത കരച്ചിൽ വന്നു. ഇത്രയും ഹൃദയം തകർന്ന് ഇരിക്കുന്ന അമ്മയോട് എന്ത് ചോദിക്കാനാണ്.

പക്ഷെ ചോദിക്കാതെ വയ്യ..

അമ്മേ….

എന്താ മോളേ??

എന്താ അമ്മേ പ്രശ്നം?? എന്നോട് പറഞ്ഞൂടെ?
ഞാൻ അമ്മയുടെ മോളല്ലേ അമ്മക്ക് എന്നോട് എന്തും പറയാമല്ലോ. ഞാനില്ലേ അമ്മയുടെ കൂടെ, എന്ത് വലിയ പ്രശ്നം ആയാലും ഞാനെന്നും അമ്മക്കൊപ്പമേ നിൽക്കൂ…

അറിയാം…

എന്നാൽ എന്നോടെങ്കിലും പറയമ്മേ… എന്താ ഗിരി അച്ഛനും അമ്മയും തമ്മിലുള്ള വൈരാഗ്യത്തിന് കാരണം??

അപ്പുറത്തു നിന്നും അടക്കി പിടിച്ചിട്ടും ചാടിപ്പോയ കരച്ചിലിന്റെ ചീളുകൾ അവളുടെ ചെവിയിൽ പതിച്ചു.

അമ്മ വായ പൊത്തി കരച്ചിൽ അടക്കുകയാണെന്ന് അവൾക്കറിയാം.
.
ഇല്ല ഇനിയും ചോദിച്ചു വേദനിപ്പിക്കാൻ പറ്റില്ല.
ഈ കരച്ചിൽ കേൾക്കാൻ തനിക്ക് കഴിയില്ല. തന്നെയാകെ ഉലച്ചുകളയുമത്.

മോളേ… നീയെങ്കിലും അമ്മയോടൊന്നും ചോദിക്കരുത്. എല്ലാരും എന്നെ കുറ്റപ്പെടുത്തി, നിന്റെ അച്ഛന്റെ വീട്ടുകാർ എന്നെ ഒരുപാട് ചീത്ത പറഞ്ഞു. ഞാൻ…. ഞാൻ.. ഒരു മോശക്കാരിയാണെന്ന് വരെ അവർ പറഞ്ഞു.
ഞാൻ കാരണം കുടുംബക്കാർ മുഴുവനും നാണം കെട്ടെന്ന്.
എനിക്ക് മരിച്ചാൽ മതി, ഇങ്ങനെ നീറി നീറി ജീവിച്ച് ഞാൻ മടുത്തു..

ഇല്ലമ്മേ… ഞാനൊന്നും ചോദിക്കില്ല, എനിക്കൊന്നും അറിയണ്ട.
എനിക്കറിയാം എന്റെ അമ്മ ഒരിക്കലും ഒരു തെറ്റും ചെയ്യില്ലെന്ന്.
ആര് വേണേലും, എന്ത് വേണേലും പറഞ്ഞോട്ടെ, എന്റെ അമ്മ വിഷമിക്കരുത്.
എന്നും അമ്മക്കൊപ്പം ഞാൻ ഉണ്ടാകും അത്പോരേ??

ഉം……

അമ്മ വിഷമിക്കാതെ, വല്ലതും കഴിച്ചിട്ട് കിടന്നുറങ്ങൂ…
അവൾ കാൾ കട്ടാക്കി.

ഇല്ല ഇതും ചോദിച്ച്‌ ഒരിക്കലും അമ്മയുടെ മുമ്പിൽ ചെല്ലില്ല. പക്ഷെ ഇത്രയധികം അമ്മ കരയണമെങ്കിൽ, അതിന് എന്തോ കാരണമുണ്ട്. അത് ഏത് വിധത്തിലും താൻ കണ്ടെത്തും. തനിക്കത് അറിയണം അറിഞ്ഞേ പറ്റൂ..

അവൾ സിറ്റ്ഔട്ടിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് ചെന്നു.

വിശപ്പ്‌ ഒക്കെ കെട്ടുപോയിരിക്കുന്നു.
എങ്കിലും അവൾ ചോറും, ചൂടാക്കിയെടുത്ത ചിക്കൻ കറിയും എടുത്ത് ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചു.

ദേവദത്ത്… കഴിക്കുന്നില്ലേ?? അവൾ മുറിയിൽ ചെന്ന് അയാളോട് ചോദിച്ചു.

വിശപ്പില്ലെടോ, താൻ കഴിച്ചോളൂ..

അവൾ തിരികെ ഡൈനിങ് റൂമിലേക്ക്‌ ചെന്നു.

അച്ഛൻ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ഒരുപക്ഷെ കഴിക്കാൻ തോന്നിയാൽ വന്ന് കഴിക്കട്ടെ എന്ന് കരുതി അവൾ പാത്രം മൂടിവച്ചു.

ഒന്നും കഴിക്കാൻ അവൾക്കും തോന്നിയില്ല. ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചിട്ട് അവൾ മുറിയിലേക്ക് ചെന്നു.

കീർത്തി കഴിച്ചില്ലേ??

ഇല്ല, വിശപ്പ് കെട്ട് പോയി.

എന്നാലും കുറച്ചെങ്കിലും കഴിച്ചൂടായിരുന്നോ?

വേണ്ടാ…

വരൂ… ഞാൻ വിളമ്പി തരാം, എന്തെങ്കിലും കഴിച്ചില്ലെങ്കിൽ എങ്ങനെയാ. വിവാഹസദ്യയും താൻ തീരെ കഴിച്ചില്ല. ഞാനതു ശ്രെദ്ദിച്ചിരുന്നു.

വേണ്ടാഞ്ഞിട്ടാ ദേവാ..

എടോ… താൻ വിഷമിക്കേണ്ട, എല്ലാത്തിനും നമുക്ക് പരിഹാരം ഉണ്ടാക്കാം. ഞാനല്ലേ പറയുന്നത്.

അവൾ മെല്ലെ ചിരിച്ചു.

താൻ അമ്മയെ ഒന്ന് വിളിക്കാൻ മേലാരുന്നോ, അമ്മ വിഷമിച്ചിരിക്കുകയായിരിക്കും.

ഞാൻ വിളിച്ചായിരുന്നു. പാവം ഭയങ്കര കരച്ചിലാണ്.

അമ്മയോട് ഒന്നും ചോദിക്കാൻ നിൽക്കണ്ട. അല്ലെങ്കിൽ തന്നെ, എല്ലാരും കൂടെ അതിനെ ചോദ്യം ചെയ്തു വിഷമിപ്പിച്ചു കാണും.

എന്നാലും എന്തായിരിക്കും ദേവാ ഇവർ തമ്മിൽ പ്രശ്നം.??

അറിയില്ല കീർത്തി. രണ്ടാളും അത് പറയാൻ കൂട്ടാക്കുന്നുമില്ല. പക്ഷെ എങ്ങനെയെങ്കിലും നമുക്കത് അറിയണം.

അതെ ദേവാ…അറിയണം.

നമുക്ക് നാളെ മധു അങ്കിളിനെ കണ്ട് ചോദിച്ചു നോക്കണം. അല്ലെങ്കിൽ അച്ഛന്റെ പഴയകാല സുഹൃത്തുക്കളോട് ആരോടേലും നമുക്ക് ചോദിച്ചു നോക്കാം.
ഇപ്പോൾ താൻ കിടന്നുറങ്ങ്. നേരം ഇത്രയും ആയില്ലേ

ആരോ രാവിലെ അലങ്കരിച്ച ആ മണിയറയിൽ കട്ടിലിന്റെ ഇരു വശത്തുമായി, ഉറക്കം വന്നില്ലെങ്കിലും കണ്ണുകളടച്ച്‌ അവർ ആലോചനയിൽ മുഴുകി.

ഏറ്റം പ്രിയപ്പെട്ടവർ തകർന്നിരിക്കുന്ന വേളയിൽ എങ്ങനെയാണ് സമാധാനമായി ഉറങ്ങാൻ കഴിയുക??

@@@@@@@

നേരം പുലർന്നതും അവൾ എഴുന്നേറ്റു.
ദേവദത്ത് കട്ടിലിൽ ഇല്ല.

എന്തൊക്കെയോ ആലോചിച്ച്‌, എപ്പോഴോ,താൻ അൽപ്പം ഉറങ്ങിപ്പോയി.

ദേവദത്ത് ഇത്ര രാവിലെ എവിടെ പോയി?
ബാത്‌റൂമിൽ ഇല്ല.

ബാൽക്കണിയിലേക്ക് ഉള്ള വാതിൽ പതിയെ ചാരിയിട്ടേ ഉള്ളൂ എന്ന് മനസിലാക്കിയ അവൾ
അങ്ങോട്ട് ചെന്നു.

ബാൽക്കണിയിലെ കസേരയിൽ അയാൾ ഇരിപ്പുണ്ട്.

എന്താ ദേവാ ഇവിടിരിക്കുന്നത്?

തീരെ ഉറക്കം വന്നില്ല.

അവൾ അയാളുടെ നിറുകയിൽ തലോടി, സാരമില്ല,വിഷമിക്കാതിരിക്ക്..

രാവിലെ ചായ കുടിക്കുന്ന ശീലമുണ്ടോ ദേവാ??

കിട്ടിയാൽ കൊള്ളാമായിരുന്നു.

ഞാനിപ്പോൾ കൊണ്ടുവരാം.

അവൾ ബ്രെഷ് ചെയ്ത്, തണുത്ത വെള്ളത്തിൽ മുഖം കഴുകി.ഹീറ്റർ ഓണാക്കി ഇളം ചൂടുവെള്ളത്തിൽ പെട്ടന്ന് ഒന്ന് മേൽ കഴുകി.
രാവിലെ ഒന്ന് മേല് കഴുകുന്ന ശീലം കുട്ടിക്കാലം മുതൽക്കേ ഉള്ളതാണ്.

അവൾ അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ ചെന്നതും അവൾ കണ്ടു, അച്ഛൻ ചായ തിളപ്പിച്ച്‌, അതിൽ പഞ്ചസാര ഇട്ട് ഇളക്കുകയാണ്.

അവളെ കണ്ടതും അവജ്ഞയോടെ ഒന്ന് നോക്കിയിട്ട് അയാൾ ചായ ഒരു ഗ്ലാസ്സിലേക്ക് പകർന്നു.

ചായ തിളപ്പിച്ച പാത്രത്തിൽ ഇനിയും കുറച്ചധികം ചായ അവശേഷിക്കുന്നുണ്ട്.
അവൾ ഒരു ഗ്ലാസ്സ് എടുത്ത് അതിലേക്കു ചായ പകർന്നതും….
വയ്ക്കടീ അവിടെ അയാൾ അലറി.

ഭയന്ന് പോയ അവളുടെ കൈയിൽ നിന്നും ഗ്ലാസ്സ് താഴെ വീണ് ചിതറി

@@@@@@@@@

തുടരും