രചന – അഞ്ജു തങ്കച്ചൻ
വിവാഹം കഴിഞ്ഞ് എവിടൊക്കെ പോകണമെന്ന് നേരത്തെ രണ്ടാളും കൂടെ തീരുമാനിച്ചു വച്ചിരുന്നതാണ്. പക്ഷെ ഇപ്പോൾ മനസ് തുറന്നൊന്നു സംസാരിക്കാൻ പോലും തോന്നുന്നില്ല.
ദേവദത്തിന്റെ മുന്നിൽ ചെല്ലുമ്പോൾ ഒരു കള്ളിയുടെ മകളാണ് താനെന്ന ചിന്ത കീർത്തിയുടെ അഭിമാനത്തെ വൃണപ്പെടുത്തിക്കൊണ്ടിരുന്നു.
ദേവദത്തിന് അവളുടെ മനസ്സ് വായിക്കാൻ കഴിയുന്നുണ്ടായിരുന്നു. അവളെ കൂടുതൽ ചേർത്തുപിടിക്കാൻ തന്നെയാണ് അയാൾ ശ്രമിച്ചത്. എങ്കിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ പറഞ്ഞറിയിക്കാൻ കഴിയാത്ത നേർത്ത അകൽച്ച പോലെ തോന്നുന്നു.
അതൊരിക്കലും അവളുടെ മുൻപിൽ അയാൾ കാണിച്ചില്ല.
അവൾക്കതു സഹിക്കാൻ ഒക്കില്ലെന്ന് അയാൾക്കറിയാം.
സാരമില്ല, കുറച്ച് ദിവസം കൊണ്ട് തന്റെ മനസ്സിലെ ആ നേർത്ത ഇഷ്ടക്കേടിനെ മായിച്ചു കളയണം.അവൾ എന്റെ ഭാര്യയാണ്…
ഉച്ചക്കത്തേക്ക് അവൾ ചോറ് വച്ചിരുന്നു. അടുക്കളപ്പണിയൊന്നും കൂടുതൽ അറിയില്ല.
അത്യാവശ്യം കുറച്ച് പച്ചക്കറി വിഭവങ്ങൾ അറിയാം, കൂടുതലും എന്തെങ്കിലും തോരനോ, മെഴുക്കുപുരട്ടിയോയാണ് വയ്ക്കാറുള്ളത്.
ഒഴിച്ച് കറിയോ നോൺവെജോ വയ്ക്കാൻ തീരെ അറിയില്ല.
ഒരു പയ്ക്കറ്റ് മഷ്‌റൂം ഫ്രിഡ്ജിൽ ഇരിപ്പുണ്ട്. അവൾ അതെടുത്തു തോരൻ വച്ചു.
വീട്ടിലാണെങ്കിൽ അമ്മ തേങ്ങ വറുത്തരച്ച് കൂൺ കറി വയ്ക്കാറുണ്ട്, ഒരു പ്ളേറ്റ് ചോറുണ്ണാൻ അത് മതി.അങ്ങനെ വയ്ക്കാൻ തനിക്കറിയില്ല.
പച്ച മാങ്ങ ചേർത്ത് ഒരു ചമ്മന്തികൂടെ അരച്ചു.
ദേവദത്തിനെ കഴിക്കാൻ വിളിച്ചപ്പോൾ ഇപ്പോൾ വരാമെന്നു പറഞ്ഞു.
അവൾ അച്ഛന്റെ മുറിയുടെ വാതിൽക്കൽ ചെന്നു.
എങ്ങനെ വിളിക്കും, അച്ഛാ എന്ന് വിളിച്ചാൽ ഇനിയും വഴക്ക് പറഞ്ഞെങ്കിലോ..
അവൾ പതിയെ മുറിയിലേക്ക് കടന്നു ചെന്നു
അച്ഛൻ കട്ടിലിൽ ഇരുന്ന് ഫോണിൽ നോക്കുകയാണ്.
അവൾ ഒരു കള്ള ചുമ ചുമച്ചു നോക്കി
അയാൾ അവളെ നോക്കിയത് പോലുമില്ല..
തന്റെ അമ്മ കാരണം തകർന്നു പോയ ഒരു പാവം മനുഷ്യനാണ്
ആ മനുഷ്യന്റെ മുന്നിൽ എത്ര തവണ തോറ്റാലും കുഴപ്പമില്ല, എത്ര വഴക്ക് പറഞ്ഞാലും അത് കേൾക്കാൻ താനും കൂടെ ബാധ്യസ്ഥയാണ്.
അവൾ തെല്ലുകൂടെ അയാൾക്കരികിലേക്ക് ചെന്നു.
അച്ഛാ… ചോറ് കഴിക്കാൻ വരുന്നില്ലേ…??
അയാൾ അവളെ നോക്കി
ആ കണ്ണുകളിൽ നിറയെ നിഷ്കളങ്കതയാണ്, എങ്കിലും ഒരു പേടി ആ മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്.
ചോറ് എടുത്തു വച്ചു അച്ഛാ… വരുന്നില്ലേ?
ഉം… അയാൾ കനത്തിൽ ഒന്ന് മൂളി.
അവൾ വേഗം തിരിഞ്ഞു നടന്നു, വാതിൽക്കൽ എത്തിയിട്ട് അയാളെ ഒന്നുകൂടെ തിരിഞ്ഞു നോക്കി.
അയാൾ അവളെ തന്നെ നോക്കിയിരിക്കുകയാണ്.
അത്ര രുചിയൊന്നും ഇല്ലാത്ത കറികൾ ആണെങ്കിലും ഒരു കുറ്റവും പറയാതെ ഗിരിയും, ദേവദത്തും മുഴുവനും കഴിച്ചെഴുന്നേറ്റു.
രണ്ടാളും അവർ കഴിച്ച പാത്രം കഴുകി വച്ചിട്ട് പോയപ്പോൾ അവൾക്ക് അത്ഭുതം തോന്നി.
രണ്ടാണുങ്ങൾ മാത്രം ഉള്ള വീടായതുകൊണ്ടാകാം അവർ എല്ലാം തനിയെ ശീലിച്ചത്.
അവരുടെ വസ്ത്രങ്ങളും അവർ തന്നെയാണ് കഴുകി ഉണക്കി, മടക്കി വയ്ക്കുന്നതും.
അതുകൊണ്ട് തന്നെ വീട്ട് ജോലി അവൾക്ക് എളുപ്പമായിരുന്നു.
ലീവ് കഴിഞ്ഞ് രണ്ടാളും ഓഫീസിൽപോകാൻ തുടങ്ങിയതോടെ അവൾക്ക് കുറച്ചുകൂടെ സന്തോഷം തോന്നി.
വീട്ടിൽ അച്ഛൻ സംസാരിക്കാറൊന്നും ഇല്ലെങ്കിലും ദേഷ്യപ്പെടാറില്ല.
ആകെയുള്ള ഒരു വിഷമം ദേവദത്ത് തന്നെ കരുതലോടെ നോക്കുന്നുണ്ടെങ്കിലും തങ്ങൾക്കിടയിലെ പ്രണയം എവിടെയോ നഷ്ട്ടമായതു പോലെ.
ഒരു സുഹൃത്തിനെ പോലെ ദേവദത്ത് കൂടെയുണ്ട്.എന്ത് വേണമെങ്കിലും മേടിച്ചു തരും, പുറത്തുകൊണ്ടുപോകും.
എങ്കിലും ആ പ്രണയത്തിൽ അലിയാൻ… പൂർണ്ണമായും അയാളുടേതാകാനുള്ള തന്റെ അതിയായ മോഹം മാത്രം നടന്നിട്ടില്ല.
സമയമെടുക്കും….തന്നെ പൂർണ്ണമായും അംഗീകരിക്കാൻ
ഒരു മോശം സ്ത്രീയുടെ മകളാണ് താൻ.
മറ്റേതെങ്കിലും പുരുഷൻ ആയിരുന്നെങ്കിൽ
കുറ്റപ്പെടുത്തി മുറിവേൽപ്പിച്ചേനെ,
വാക്കുകൾ കൊണ്ടു വധിച്ചേനെ…
ദേവദത്ത്… നീയെന്റെ ജീവനാണ്.
നിന്നെ പോലെ ഒരുവന്റെ ഭാര്യയായതാണ് എന്റെ ഭാഗ്യം.ഞാൻ കാത്തിരിക്കും, ആ മനസ് മാറും, എന്നെ ആ നെഞ്ചിൽ ചേർത്ത് പിടിക്കും എനിക്കറിയാം.
@@@@@@
ആഴ്ചകൾ അതിവേഗം കടന്ന് പോയി.
കീർത്തിയുടെ അമ്മ പലവട്ടം വിളിച്ചിട്ടും അവൾ കാൾ എടുത്തില്ല.
എന്തോ, കാൾ എടുക്കാൻ അവൾക്കു തോന്നിയില്ല.
അമ്മയോട് അവൾക്കു നീരസമുണ്ട്. അമ്മ ചെയ്ത തെറ്റ് മകളായ താനിക്ക് പോലും ചീത്തപ്പേരുണ്ടാക്കിയിരിക്കുന്നു.
ഓരോ വട്ടവും അച്ഛന്റെ മുഖം കാണുമ്പോൾ
വല്ലാത്ത ഒരു തരം അപകർഷതാബോധം തോന്നും.
തല്ക്കാലം അമ്മയോട് ഒന്നും മിണ്ടാനില്ല.
അച്ഛൻ ഒരു സർക്കാരുദ്യോഗസ്തനായത് കൊണ്ടു തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അമ്മ പൊതുവെ ഉൾവലിഞ്ഞ ഒരു സ്വഭാവമാണ്.
ആരോടും അധികം സംസാരം ഒന്നുമില്ല.
അച്ഛന്റെ മരണശേഷമാണ് അമ്മ കുറച്ച് ഉത്തരവാദിത്തം ഉള്ളവളായി മാറിയത്.
ഒരു സാധുവീട്ടമ്മായായിരുന്നു അമ്മ.
കൂട്ടുക്കാർ ആരുമില്ല, ആ വീടും വീട്ടുകാര്യങ്ങളും കഴിഞ്ഞാൽ അമ്മക്ക് മറ്റൊന്നും ചെയ്യാനില്ല.
ചിലപ്പോൾ മധുരമായി പാടുന്നത് കേൾക്കാം, അധികവും ദുഃഖഗാനങ്ങളാണ് പാടുന്നത്.
അത്രയ്ക്ക് പാവമായ ഒരമ്മയോട് തനിക്കുള്ള സ്നേഹത്തിന്റെ ആഴംവളരെ വലുതായായിരുന്നു.
ഇപ്പോൾ അമ്മയോട് ഒരു തരം ദേഷ്യം തോന്നുന്നു.
എങ്ങനെയാണ് മനുഷ്യന് ഇങ്ങനെ ചതിക്കാൻ കഴിയുന്നത്..
എന്തായാലും അമ്മയോട് ഒന്ന് ചോദിക്കണം. എന്തിനീ ചതി ചെയ്തുവെന്ന്.
എന്നിട്ട് എന്ത് നേട്ടമാണ് അമ്മക്ക് ഉണ്ടായതെന്ന് ചോദിക്കണം.
എന്തായാലും കുറച്ച് ദിവസം കഴിയട്ടെ, ഒരു മനുഷ്യനെ ഇത്ര ആഴത്തിൽ നോവിച്ച ആളല്ലേ, വേദന എന്തെന്ന് ഒന്നറിയട്ടെ, എന്നിട്ടേ വിളിക്കുന്നുള്ളൂ…
@@@@@@@@@@@
ദേവദത്തിന് അത്യാവശ്യമായി രണ്ട് ദിവസത്തേക്ക് ഡൽഹി വരെ പോകേണ്ട കാര്യമുണ്ടായിരുന്നത് കൊണ്ട്.
വെള്ളിയാഴ്ച്ച രാവിലെ അയാൾ പോയി.
ഞായറാഴ്ച്ച വൈകുന്നേരത്തോടെ തിരിച്ചു വരും.
എന്തായാലും അച്ഛനിപ്പോൾ പഴയ ദേഷ്യമൊന്നും കീർത്തിയോട് ഇല്ല. അതുകൊണ്ട് സമാദാനത്തോടെയാണ് അയാൾ ഡൽഹിക്കു പോയത്.
വെള്ളിയാഴ്ച്ച വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോൾ കീർത്തി കുറച്ച് മീൻ വാങ്ങിക്കൊണ്ടു വന്നു.
യൂട്യൂബ് നോക്കി കറി വയ്ക്കാം.
സത്യം പറഞ്ഞാൽ എന്തെങ്കിലും ഉപ്പേരിയോ, അച്ചാറോ ഒക്കെ കൂട്ടി ചോറ് കഴിക്കാൻ മടി ആയിരിക്കുന്നു.
എന്തെങ്കിലും ഒഴിച്ച് കറി ഉണ്ടെങ്കിലേ കഴിക്കാൻ ഒരു സുഖമുള്ളൂ..
അച്ഛനും ദേവദത്തും എന്ത് ഉണ്ടാക്കിയാലും കഴിക്കും.
അത് തന്നെ ഭാഗ്യം..
വെട്ടി വൃത്തിയാക്കിയ മീനാണ് വാങ്ങിയത് അതുകൊണ്ട് എളുപ്പമുണ്ട്.
പെട്ടന്ന് ചായ ഉണ്ടാക്കി, ഒരു ഗ്ലാസ്സ് അച്ഛനും കൊടുത്ത് അവളും കുടിച്ചു.
മുളകിട്ട മീൻകറി ഉണ്ടാക്കി ഇന്ന് അച്ഛനെ ഞെട്ടിക്കണം.
നോക്കട്ടെ അച്ഛൻ എന്തേലും പറയുമോ എന്ന്
@@@@@@
തുടരും.

by