Karimizhi

The World of Malayalam Stories

തുടർക്കഥകൾ

അന്നൊരിക്കൽ : ഭാഗം 06

രചന – അഞ്ജു തങ്കച്ചൻ

സൗമിനി വായാടിയായ ഒരു പെൺകുട്ടിയായിരുന്നു.

സ്കൂൾ വിട്ടാൽ തനിക്കൊപ്പമാണ് അവൾ വീട്ടിലേക്ക് പോകുക.

വീട്ടിൽ നിന്നും താൻ കൊണ്ടുവരുന്ന അമ്പഴങ്ങയും, പേരക്കയും ഒക്കെ കഴിച്ച് തന്റെ കൂടെ നടക്കും.

അവൾക്ക് എപ്പോഴും ഓരോരോ സംശയങ്ങൾ ആയിരുന്നു .

എന്താ ഗിരിയേട്ടാ കുഴിയാനക്ക് തുമ്പികൈ ഇല്ലാത്തത്. തുമ്പികൈയൊന്നും ഇല്ലാത്ത ഈ ഇത്തിരി കുഞ്ഞന് ആരാ കുഴിയാന എന്ന് പേരിട്ടത്…. എന്നൊക്കെയാണ് അവളുടെ ചോദ്യം.

അവളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തന്റെ പക്കൽ ഉണ്ടായിരുന്നു.

താൻ പറഞ്ഞാലേ അവൾ വിശ്വസിക്കൂ…

തന്റെ വീട്ടിൽ നിന്നും കുറച്ച് ദൂരമേ ഉള്ളൂ അവളുടെ വീട്ടിലേക്ക്.

എങ്കിലും , ഞങ്ങൾ ആണുങ്ങൾ മാത്രമുള്ള വീടായതുകൊണ്ടാകാം അവൾ വീട്ടിലേക്ക് അങ്ങനെ വരാറൊന്നും ഇല്ല.

വല്ലപ്പോഴും വന്നാൽ തന്നെ, ഗിരിയേട്ടാ കളിക്കാൻ വരുന്നുണ്ടോ അപ്പുറത്തെ ചിന്നുവും അപ്പുവും ഒക്കെ ഗിരിയേട്ടൻ വരുന്നതും കാത്തിരിക്കുവാ എന്നും പറഞ്ഞ് മുറ്റത്ത് നിൽക്കും.

അച്ഛന് അവളെ വലിയ ഇഷ്ട്ടമാണ്….
ഭയങ്കര കുറുമ്പിയാണ് നീയ് എന്നൊക്കെ പറഞ്ഞ് ചിലപ്പോൾ അച്ഛൻ അവളെ കളിയാക്കും..

മറ്റ് ചിലപ്പോൾ അവൾ അവളുടെ അമ്മക്കൊപ്പം വരും. അച്ഛന്റെ കൈയിൽ നിന്നും കടമായി കുറച്ച് പണമൊക്കെ മേടിക്കും.

മേടിച്ചാലും കൃത്യമായി
അവർ മടക്കിതരുമായിരുന്നു.

ഒരിക്കൽ, അവൾ അന്ന് ഏഴിൽ പഠിക്കുകയാണ് ഞാൻ ഒൻപതിലും

അന്ന് ഇന്റർവെൽ കഴിഞ്ഞ് ബെല്ലടിച്ചപ്പോൾ, ഓടി ക്ലാസ്സിലേക്ക് പോകുമ്പോഴാണ് പെൺകുട്ടികളുടെ ബാത്‌റൂമിനുമുന്നിൽ അവൾ കരഞ്ഞു കൊണ്ടു നിൽക്കുന്നത് കണ്ടത്.

എന്താ മിനിക്കുട്ടീ… ക്ലാസ്സിൽ പോകാത്തത്??

ഉത്തരമില്ല…
ആ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകുന്നുണ്ട്.

എന്തായാലും പറ. ആരേലും മിനിക്കുട്ടിയെ വഴക്ക് പറഞ്ഞോ??

ഇല്ല.

പിന്നെന്തിനാ കരയുന്നത്.

ഒന്നുമില്ല..

എന്നാൽ ക്ലാസ്സിലേക്ക് പോ..

ഇല്ല…

അതെന്താ കൂട്ടുകാരി പിണങ്ങിയോ??

ഇല്ല… കരച്ചിലോടെ അവൾ പറഞ്ഞു.

പിന്നെന്താ… എന്തായാലും ഗിരിയേട്ടനോട് പറ.

ഒന്നൂല്ല… അവൾ തല കുനിച്ചു നിലത്തേക്ക് നോക്കി നിന്നു

പെട്ടന്നാണ് അവൻ ശ്രെദ്ദിച്ചത്.. അവളുടെളുടെ കാലുകളിലേക്ക് ഒലിച്ചിറങ്ങി പടർന്ന രക്തം ..

അയ്യോ ഇതെന്താ കാലുമുറിഞ്ഞൊ??

അവൾ പെട്ടന്ന് പിന്നിലേക്ക് മാറി.
യൂണിഫോം കൂട്ടിപ്പിടിച്ച്‌ തല കുനിച്ച് അവൾ നിൽക്കുന്നത് കണ്ടപ്പോൾ

ക്ലാസ്സിൽ കൂട്ടുകാർ തമ്മിൽ പറഞ്ഞ കാര്യങ്ങൾ അവന് പെട്ടന്ന് ഓർമ്മ വന്നു.
അരയും മുറിയുമായി പല കാര്യങ്ങളും തനിക്കറിയാം. പെൺകുട്ടികൾക്ക് ഒരു പ്രായമെത്തിയാൽ ഇങ്ങനെയാണത്രെ,തന്റെ പ്രിയചങ്ങാതി ഗോപുവാണ് ഇത്തരം കാര്യങ്ങൾ ഒക്കെ അറിയാവുന്നവൻ. എത്ര പുളി മിഠായിയാണ് അവന് വാങ്ങി കൊടുത്തിട്ടുള്ളത്. പുളി മിഠായി കൊടുത്താൽ അവൻ കുറേ കാര്യങ്ങൾ പറയും. ഞങ്ങൾ കൂട്ടുകാർ ഒക്കെ അത് കേട്ടിരിക്കും.

ഇത് അത് തന്നെയാകും.

അവന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.

സ്കൂളിൽ ഉച്ചകഞ്ഞി വയ്ക്കുന്ന സുമതി ചേച്ചിയോട് പറയാം എന്ന് കരുതി അവൻ അങ്ങോട്ട് ഓടി.

സുമതി ചേച്ചി അയൽവക്കക്കാരിയാണ്.
പെട്ടന്ന് പോയി സുമതി ചേച്ചിയോട് മിനികുട്ടി ബാത്‌റൂമിനു മുന്നിൽ നിന്ന് കരയുകയാണ് എന്ന് പറഞ്ഞു.

നീ ക്ലാസ്സിൽ പൊയ്ക്കോ.. ഞാൻ ചെന്ന് നോക്കിക്കോളാം എന്ന് സുമതിച്ചേച്ചി പറഞ്ഞു.

വൈകുന്നേരം അവളെ കാത്തുനിന്നപ്പോൾ, മിനികുട്ടിയുടെ അമ്മ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി എന്ന് അവളുടെ കൂട്ടുകാരികൾ പറഞ്ഞു.

പിറ്റേന്ന് അവൾ ക്ലാസ്സിൽ വന്നില്ല.

അന്ന് ആകെ ഒരു നിരാശ തോന്നി.

കിലുകിലെ വർത്തമാനവും പറഞ്ഞ് തന്റെ കൂടെ നടക്കുന്നവളാണ്….

അന്ന് കൂട്ടുകാർക്കൊപ്പം നടക്കുമ്പോഴും എന്തോ ശൂന്യത ഉള്ളിൽ നിറഞ്ഞിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും അവൾ എനിക്കൊപ്പം വന്നില്ല. അവളുടെ കൂട്ടുകാരികളുടെ കൂടെ നേരത്തെ പോകും.
വൈകുന്നേരവും അവൾ എനിക്കായി കാത്തുനിൽക്കാതെ ആയി.

എങ്കിലും തമ്മിൽ കാണുമ്പോൾ മുഖത്തേക്ക് നോക്കി ചിരിക്കും…

അവൾ പത്തിൽ പഠിക്കുന്ന സമയം, അന്ന് താൻ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്.
വൈകുന്നേരം ഞാൻ വീട്ടിലേക്കു പോകുമ്പോൾ അവൾ പിറകിൽ നിന്നും വിളിച്ചു.

നിൽക്ക് ഗിരിയേട്ടാ… ഞാനും വരുന്നു.

മിനിക്കുട്ടിയെ ഇപ്പോൾ കാണാറേ ഇല്ലല്ലോ?

ഒത്തിരി പഠിക്കാനുണ്ട് ഗിരിയേട്ടാ….
അതുകൊണ്ട് അങ്ങനെ പുറത്തേക്കൊന്നും പോകാറില്ല.

ഒരുമിച്ചു നടക്കുമ്പോഴും, വേറൊന്നും സംസാരിക്കാൻ ഇല്ലാത്തത് പോലെ…

എന്താ മിനിക്കുട്ടി പഴയതുപോലെ ഒത്തിരി സംസാരം ഒന്നുമില്ലല്ലോ. ആകെ സൈലന്റ് ആണല്ലോ ഇപ്പോൾ?

ഹേയ്.. അങ്ങനൊന്നും ഇല്ല..

അവളുടെ മുഖത്ത് നാണം നിറയുന്നത് അന്നാണ് ആദ്യമായി കണ്ടത്.

ഗോപു പറഞ്ഞത് ശരിയാണ്. പെൺകുട്ടികൾ വളരുമ്പോൾ അവർക്കുമുഖത്ത് നാണം വരുമത്രേ…

എന്താണെന്നറിയില്ല അന്ന് അവളെ കണ്ണിമയ്ക്കാതെ നോക്കാൻ തോന്നി.

വിടർന്ന, കരിമഷി എഴുതിയ ആ കണ്ണുകൾക്ക്‌ എന്ത് ഭംഗിയാണ്..

നീണ്ട മൂക്കിൽ തിളങ്ങുന്ന പച്ചക്കൽ മൂക്കുത്തി, മൂക്കിന് താഴെ വിയർപ്പു പൊടിഞ്ഞിട്ടുണ്ട് നേർത്ത സ്വർണ്ണ നിറമുള്ള മീശയുണ്ട് അവൾക്ക്.
ഇളം ചുവപ്പ് പടർന്ന ചുണ്ടുകൾക്ക് എന്തൊരു ചേലാണ്.

കവിളുകൾ അരുണാഭമാണ്.
മാറിടങ്ങളാവട്ടെ വിടരാൻ കാത്തിരിക്കുന്ന ഇരു പൂമൊട്ടുകൾ പോലെ…

ചുവപ്പ് പട്ടുപാവാടയും, ബ്ലൗസുമണിഞ്ഞ അവളെ കണ്ടാൽ ഒരു ദേവതയാണെന്ന് തോന്നും..

എന്താ ഗിരിയേട്ടാ… ആലോചിക്കുന്നത്..

ഹേയ്… ഒന്നുമില്ല.

ഒന്നും സംസാരിക്കാനില്ലാതെ അവർ ഒരുമിച്ചു നടന്നു.

അത് വരെ തോന്നിയിട്ടില്ലാത്ത എന്തോ ഒരു മൃദുലവികാരം ഉള്ളിൽ അലയടിക്കുന്നു.
എന്തായിരുന്നുവത്?? അറിയില്ല.
അവളെ ഓർമിക്കുമ്പോൾ പോലും ഉള്ളം തരളിതമാകും.

ചിലപ്പോഴൊക്കെ അവളെ കാണാൻ വല്ലാത്ത കൊതി തോന്നും.

ചിന്തകളിൽ നിറയെ അവളായിരുന്നു..

അഴിച്ചിട്ട അവളുടെ നീണ്ട മുടിയിഴകളിൽ,ഒന്ന് മുഖമൊളിപ്പിക്കണമെന്നും, ആർദ്രമായ അവളുടെ മിഴികളിൽ ഒന്നുമ്മ വയ്ക്കണമെന്നും ചിലപ്പോൾ കൊതി തോന്നും.

ഒളിച്ചും പാത്തുമൊക്കെ ചിലപ്പോൾ അവളെ ഒരുപാട് നേരം നോക്കി നിൽക്കും.

ഉള്ളം നിറച്ചും അവളായിരുന്നു.
മറ്റെല്ലാ ചിന്തകളെയും മറന്ന് മനസ്സ് അവളിൽ മാത്രം നിറഞ്ഞ് നിന്നു.

പക്ഷെ അവൾക്ക് മുന്നിൽ ചെല്ലാൻ എന്തോ ഒരു മടി തോന്നി.

അവൾ കാണാതെ അവളെ കാണുവാനായിരുന്നു തനിക്കിഷ്ട്ടം.

കള്ളത്തരം ചെയ്ത കുട്ടിയെ പോലെ അവൾക്ക് മുന്നിൽ ചെല്ലാതെ, എല്ലായ്പോഴും മാറി നടന്നു.

താൻ ഡിഗ്രിക്ക് ജോയിൻ ചെയ്ത ആ ദിവസമാണ് അവൾ പത്താം ക്ലാസ്സ്‌ കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേർന്നത്.

അതുകൊണ്ട് തന്നെ മിക്കവാറും തമ്മിൽ കാണും.

വൈകുന്നേരം ഒരേ ബസിനുപോരുമ്പോൾ അവളെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കും.

ഭൂമിയിലെ എല്ലാ സൗന്ദര്യവും അവളിലാണെന്ന് തോന്നും.

മറ്റ് കോളേജിലെ ചില ആൺകുട്ടികൾ അവളെ നോക്കുമ്പോൾ തനിക്ക് ആകെ ദേഷ്യം തോന്നും.

ഒരുതരം സ്വാർത്ഥത ഉള്ളിൽ നിറഞ്ഞിരുന്നു. അവൾ എന്റേതാണ്… എന്റേത് മാത്രമാണ് എന്ന ചിന്ത എപ്പോഴോ ഉള്ളിൽ പതിഞ്ഞു പോയിരുന്നു.

ഇനിയും ഒളിപ്പിച്ചു വയ്ക്കാൻ ആവില്ലെന്നു തോന്നിയപ്പോൾ ഇഷ്ട്ടം അവളോട്‌ തുറന്നു പറയാൻ തോന്നി.

അന്നൊരു ബുധനാഴ്ചയായിരുന്നു.
ബസിറങ്ങി പതിയെ നടന്നു പോകുന്ന
അവൾക്കൊപ്പം എത്തി, എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു.

എന്താ ഗിരിയേട്ടാ…?
അവളുടെ ആ ചോദ്യം കേട്ടതും, അത്ര നേരം ഉണ്ടായിരുന്ന സകല ധൈര്യവും ചോർന്നുപോയി..കൈകാലുകളിൽ വിറയൽ പടർന്നു.
ഉള്ളം കൈകൾ വിയർപ്പിൽ കുതിർന്നു.

എന്താ… എന്താ… ഗിരിയേട്ടാ…?

അത് പിന്നെ…

എന്താ… എന്ന് ചോദിച്ച്‌ അവൾ മുഖത്തേക്ക് നോക്കിയ ആ നോട്ടം ഇന്നും മനസിലുണ്ട്.

ഗിരി ഒരു നെടുവീർപ്പോടെ വീണ്ടും ഓർമകളിലേക്ക് ഊളിയിട്ടു.

@@@@@@@

തുടരും.

LEAVE A RESPONSE