25/05/2026

അന്നൊരിക്കൽ : ഭാഗം 11

രചന – അഞ്ജു തങ്കച്ചൻ

എന്നാലും എന്റെ മോള്…
അയാൾ അയാൾ മധുവിന്റെ ദേഹത്തേക്ക് തല ചേർത്ത് വച്ച്‌ തളർന്നിരുന്നു.
ദൈവമേ എന്റെ കുഞ്ഞിനെ കാത്തോളണേ…

ഹൊ… ഇവനിങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും,എന്റെ പൊന്നു ഗിരി നീയൊന്ന് സമാധാനപ്പെട്……

നേരെ എമെർജെൻസി വിഭാഗത്തിലേക്കാണ് കൊണ്ടുവന്നതെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ കീർത്തിയെ റൂമിലേക്ക്‌ മാറ്റി.

പനി കുറച്ച് കൂടിപ്പോയി,സാരമില്ല രണ്ട് ദിവസം ഇവിടെ കിടക്കട്ടെ,വേറെ കുഴപ്പമൊന്നും ഇല്ല.ഡോക്ടർ പറഞ്ഞു.

അത് കേട്ടപ്പോഴാണ് ഗിരിക്ക് സമാധാനം ആയത്.

സിന്ധു കീർത്തിയുടെ കൂടെ റൂമിൽ ഇരുന്നപ്പോൾ ഗിരിയും മധുവും കൂടെ പുറത്തേക്കിറങ്ങി.

എടാ ഗിരി നിന്റെയീ ചെറിയ കാര്യങ്ങൾക്കുള്ള പേടി അത്ര നല്ലതല്ല കേട്ടോ, കുറച്ച് ധൈര്യമൊക്കെ വേണം മനുഷ്യരായാൽ,
ഇത്രേം പ്രായമായിട്ടും നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോടാ..

എനിക്കെന്തെങ്കിലും വന്നാലും കുഴപ്പമില്ലടാ,അന്നേരമെനിക്ക് പേടിയുമില്ല.പക്ഷെ എന്റെ പ്രിയപ്പെട്ടവർക്ക് വേദനിച്ചാൽ എനിക്കത് സഹിക്കാൻ കഴിയില്ല.ഈ ജന്മത്തിൽ ഇനി ഇങ്ങനൊക്കെ അങ്ങ് പോട്ടെടാ…

നിനക്കായി കൂടെ ജീവിക്കണം നീ. എന്നുമിങ്ങനെ മറ്റുള്ളവർക്കായി സ്വയം വേദനിച്ചു വേദനിച്ച്.. എന്തിനാടാ നീയിത്ര പാവമാകുന്നത്.

ആരൊക്കെ എന്നെ വേദനിപ്പിച്ചാലും നീ എന്നെ നോവിക്കില്ലെന്ന് എനിക്കറിയാം.എനിക്കതു മതി ഗിരി പറഞ്ഞു.

ഉവ്വാ… ഇങ്ങനെ പോയാൽ എന്റെ കൈ കൊണ്ടു തീരും നീ. മധു ചിരിയോടെ പറഞ്ഞു

ശരിക്കും കീർത്തിമോളോട് എനിക്ക് ആദ്യം ദേഷ്യമൊക്കെ തോന്നിയിരുന്നു. പക്ഷെ അതൊരു പാവം കൊച്ചാടാ..ഗിരി പറഞ്ഞു.

എനിക്കും തോന്നി. അവർ രണ്ടാളും കൂടെ എന്നെ കാണാൻ വന്നിരുന്നു.
എല്ലാകാര്യങ്ങളും എനിക്ക് പറയേണ്ടി വന്നു.

ഗിരി നടുക്കത്തോടെ മധുവിനെ നോക്കി.
നീ എല്ലാം പറഞ്ഞോ?

ഉവ്വ് അങ്ങനെ വേണ്ടി വന്നു.

കീർത്തിക്കത് കേട്ടപ്പോൾ വിഷമം ആയിക്കാണും. ഒരു മോശം സ്ത്രീയുടെ മകളാണ് താനെന്നറിഞ്ഞാൽ ആർക്കെങ്കിലും സഹിക്കാൻ കഴിയുമോ
നീ ഒന്നും പറയേണ്ടിയിരുന്നില്ല..

എന്റെ മക്കളെ പോലെ തന്നെയല്ലേടാ ദേവൂട്ടൻ എനിക്ക്. അവൻ കുഞ്ഞിലെ എന്റെ തോളിൽ കടിച്ച പാട് ഇപ്പോഴും ഉണ്ട്..
അത് കണ്ണും നിറച്ച്‌ മുന്നിൽ വന്ന് നിന്ന് ചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു പോയി.പിന്നെ ഒരു കണക്കിന് എല്ലാം അവർ അറിയുന്നത് തന്നെയല്ലേ നല്ലത്?
നീയൊരു തെറ്റും ചെയ്തിട്ടില്ലല്ലോ നിന്നെ ചതിച്ചവൾ ഒരു കൂസലും ഇല്ലാതെ വേറൊരുത്തനെ കെട്ടി സുഖമായി ജീവിച്ചു.എന്നിട്ടിപ്പോൾ നിന്റെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നില്ലേ, അതും മകളുടെ കല്യാണത്തിന്റെ അന്ന് തന്നെ.
ഇതാടാ പറയുന്നത് കാലത്തിന് ഒരു നീതിയുണ്ട്.

ഉം… ഗിരി അമർത്തി മൂളി.

മോളെ മുറിയിലേക്ക് മാറ്റിയല്ലോ ഇനിയിപ്പോൾ ഞങ്ങൾ നിൽക്കുന്നില്ല, നിനക്കറിയാമല്ലോ സിന്ധുവിന് അധികനേരം നിന്ന് കഴിഞ്ഞാൽ നടുവിന് വേദന വരും. അസ്ഥികൾക്ക് തേയ്മാനം ഉള്ളതല്ലേ…

ഇനി നിങ്ങള് പൊയ്ക്കോ. മോളെ ഞാൻ നോക്കിക്കോളാം.

ദേവദത്ത് നാളെ വരില്ലേ?

വരും. മോൾക്ക്‌ പനിയാണെന്ന് അറിഞ്ഞത് കൊണ്ട് മിക്കവാറും നാളെ ഉച്ചയൊക്കെ ആകുമ്പോഴേക്കും എത്തും.

അവർ റൂമിലേക്ക്‌ ചെല്ലുബോൾ കീർത്തി നല്ല ഉറക്കമാണ്.

സിന്ധു കട്ടിലിൽ ഇരിക്കുകയാണ്
സിന്ധുവിന്റെ കാൽപാദങ്ങൾ ചെറുതായി നീര് വച്ചിരിക്കുന്നത് അവർ ശ്രെദ്ദിച്ചു.

കാലിൽ നീരായല്ലോ സിന്ധു??

ഓഹ് അതൊന്നും സാരമില്ലെന്നേ…

എന്നാൽ ഞങ്ങൾ അങ്ങ് പോയേക്കുവാടാ

ശരി. ഗിരി തലകുലുക്കി

കീർത്തി നല്ല ഉറക്കത്തിൽ ആണ്.

ഗിരി അടുത്തുള്ള ചെറിയ കട്ടിലിൽ കിടന്നു.

രാവിലെ ആയപ്പോഴേക്കും പനി ചെറുതായി കുറഞ്ഞിരുന്നു.

അയാൾ കാന്റീനിൽ പോയി ചായ വാങ്ങി കൊണ്ടുവന്ന് അവൾക്ക് കൊടുത്തു.

എന്താ മോൾക്ക്‌ കഴിക്കാൻ വേണ്ടത്?

എനിക്ക് ചൂട് ദോശയും സാമ്പാറും കഴിക്കാൻ തോന്നുവാ അച്ഛാ…

അയാൾ പോയി വാങ്ങി കൊണ്ടുവന്നപ്പോൾ അവൾ ഒരൽപ്പം കഴിച്ചിട്ട് മാറ്റി വച്ചു
എനിക്ക് വേണ്ടച്ചാ, വല്ലാതെ കയ്ക്കുന്നു…

ഭക്ഷണം കഴിച്ചില്ലെങ്കിൽ എങ്ങനെയാ മോളെ
അച്ഛൻ വാരി തരാം.
അയാൾ ഓരോ കഷ്ണങ്ങൾ മുറിച് സാമ്പാറിൽ മുക്കി അവൾക്കു കൊടുത്തു.

അവൾ മുഴുവനും കഴിച്ചു.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരിന്നു.

എന്തിനാ മോളെ കരയുന്നത്? ഇനി അച്ഛൻ വഴക്കൊന്നും പറയില്ല കേട്ടോ..സങ്കടപ്പെടണ്ട.

അയാൾ അവളുടെ നിറുകിൽ തലോടി.

ഇത് സങ്കടം കൊണ്ടല്ല അച്ഛാ…സന്തോഷം കൊണ്ടാ,ഈ അച്ഛനെ എനിക്ക് തന്നെ കിട്ടിയല്ലോ.. എന്റെ പുണ്യമാ ഈ അച്ഛൻ.

അവൾ അയാളുടെ കൈ പിടിച്ച് തന്റെ കവിളോട് ചേർത്ത് വച്ചു…

ഒരു പിതാവിന് മാത്രം പകർന്നു നൽകാൻ കഴിയുന്ന സ്നേഹത്തിന്റെ അമൃതകണങ്ങളുണ്ട്.അവളാ സ്നേഹത്തിൽ നിറഞ്ഞിരിക്കുകയാണ്…

സൗമിനി… നീ…ഇപ്പോൾ ശരിക്കും തോറ്റു പോയിരിക്കുകയാണ്. അയാൾ മനസ്സിൽ പറഞ്ഞു.
ജയിച്ചത്‌ ഞാനാണ്.
നീയറിയുന്നുണ്ടോ നിന്റെ മകൾ.. അല്ല എന്റെ മാത്രം മകൾ എന്നെ എത്രയധികം സ്നേഹിക്കുന്നുണ്ടെന്ന്.
അവൾ നിന്റെ മുന്നിൽ വരും നിന്നോട് പലതും ചോദിക്കും,നിന്നെ കുറ്റപ്പെടുത്തും. നീയെന്ത് പറയും അപ്പോൾ??
കാലം ചിലതൊക്കെ കരുതി വച്ചിട്ടുണ്ട്. നീയത് ഉടനെ മനസിലാക്കും.

മോള് കിടന്നോ, ഞാൻ ദേവദത്തിനെ ഒന്ന് വിളിക്കട്ടെ, അയാൾ പറഞ്ഞു.

അവൾ കിടന്നു..
പനിയുടെ കടുത്ത ക്ഷീണം കാരണം, കിടന്നതും അവൾ ഉറങ്ങി പോയി.

@@@@@@

വൈകിട്ട് മൂന്ന് മണിയൊക്കെ ആയപ്പോഴേക്കും ദേവദത്ത് വന്നു.

ഇപ്പോൾ എങ്ങനെയുണ്ട് കീർത്തി??

കുഴപ്പമില്ല ദേവാ…

നാളെ ഡിസ്ചാർജ് ചെയ്യാമെന്നാ ഡോക്ടർ പറഞ്ഞത്. ഗിരി പറഞ്ഞു.

അച്ഛൻ വീട്ടിൽ പൊയ്ക്കോ, ഇന്നലെ മുതൽ ഉറക്കവും ഇല്ലാതെ നിൽക്കുവല്ലേ ,വീട്ടിൽ പോയി റസ്റ്റ് എടുത്തോ അച്ഛാ…

ആ… ശരി. എന്നാൽ ഞാൻ പോയിട്ട് നാളെ രാവിലെ വരാം.

വേണ്ടച്ഛാ…. ഞങ്ങൾ അങ്ങ് വന്നേക്കാം. എനിക്ക് കീർത്തിയെ ഓർത്തല്ലഅച്ഛനെ ഓർത്തായിരുന്നു പേടി. അച്ഛൻ ആകെ വിഷമിക്കും എന്ന് എനിക്കറിയാവുന്നതല്ലേ…

നീയൊന്നു പോടാ ചെറുക്കാ…

ചെല്ലച്ഛാ… വീട്ടിൽ പോയി, ഒന്ന് കിടന്നുറങ്ങ്.
അയാൾ അച്ഛനെ തോളിൽ ചേർത്ത് പിടിച്ചു.

ദേ… എന്റെ കൊച്ചിനെ നീ നല്ലോണം നോക്കിക്കോളാണം.പോകും മുൻപ് അയാൾ പറഞ്ഞു

ശരി… രാജാവേ…

ദേവദത്ത് ചിരിയോടെ പറഞ്ഞു.

@@@@@@@

പിറ്റേന്ന് ഉച്ചയായപ്പോൾ കീർത്തിയെ ഡിസ്ചാർജ് ചെയ്ത് ദേവദത്ത് വീട്ടിലേക്കു കൊണ്ടുപോന്നു.

കീർത്തിയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. അവളുടെ കൺപോളകൾ ചുവന്നു വീർത്തിരുന്നു. മുഖമാകെ വിളറി, ചുണ്ടുകൾ കറുത്ത് ഉണങ്ങിയിരുന്നു..

മോൾക്ക്‌ ക്ഷീണം കുറഞ്ഞില്ലേ?

കുറഞ്ഞു…. എന്നാലും ആകെ ഒരു സുഖമില്ലായ്മയാണ് അച്ഛാ..കിടക്കണം കിടക്കണം എന്നൊരു ചിന്തയെ ഉള്ളൂ..

അത്ര കടുത്ത പനി അല്ലായിരുന്നോ മോളെ, ക്ഷീണം മാറാൻ കുറച്ച് ദിവസം പിടിക്കും.
എന്തായാലും ഓഫീസിൽ വിളിച്ച് ഒരാഴ്ചത്തേക്ക് ലീവ് പറഞ്ഞേക്ക്

ശരി അച്ഛാ…

മോളിവിടെ ഇരിക്ക് അച്ഛൻ ഉണക്കലരി കഞ്ഞി വച്ചിട്ടുണ്ട്. ചെറു ചൂടോടെ അതിച്ചിരി കുടിച്ചിട്ട് പോയി കിടന്നാൽ മതി.

ഉം….

പെട്ടന്നാണ് കാളിങ് ബെൽ ശബ്ദിച്ചത്

ആരാണെന്നു നോക്കട്ടെ , ദേവദത്ത് പോയി വാതിൽ തുറന്നു.

കീർത്തിയുടെ അമ്മ…

അയാൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു.

ആരാടാ വന്നത് …??ഗിരി അങ്ങോട്ട് വന്നു.

സൗമിനിയെ കണ്ടതും അയാൾ തരിച്ചു നിന്നു.

ഞാ… ഞാൻ… മോളെ ഒന്ന് കാണാൻ..
ഓഫീസിൽ പോയിരുന്നു അപ്പോഴാ അറിഞ്ഞത് മോൾക്ക്‌ പനി ആണെന്ന്.

ആരും ഒന്നും മിണ്ടിയില്ല.

ഞാൻ… ഞാനകത്തോട്ട് വന്നോട്ടെ അവർ അറച്ചറച്ച്‌ ചോദിച്ചു.

@@@@@@@

തുടരും.